തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് ഒരു പരമ്പതാഗത ഉത്സവമാണ്. മനുഷ്യര്‍ കാളകളെ മെരുക്കുന്ന ഈ പരമ്പരാഗത കായിക വിനോദം ഇപ്പോള്‍ വിവാദത്തിനു കാരണമായിരിക്കുകയാണ്. കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി 2014ല്‍ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോദിച്ചു.
എന്താണീ ജെല്ലിക്കെട്ട്?
ദ്രവീഡിയൻ സംസ്കാരത്തിന്റേയും തമിഴ് വീര്യത്തിന്റേയും കഥകൾ വിളിച്ചോതുന്ന തമിഴ്‌നാടൻ ഗ്രാമങ്ങൾ. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പേരുകേട്ട ഈ ദ്രവീഡിയൻ ഗ്രാമങ്ങളിൽ അവരുടെ സ്ഥാനം വളരെ ഉയർന്നതായിരുന്നു. അതിനുദാഹരണമാണല്ലോ ചെറിയ പെൺകുട്ടികളെ പോലും 'അമ്മ' എന്നു അഭിസംബോധന ചെയ്യാറുള്ളത്.
പ്രാചീന കാലത്ത് മാതാപിതാക്കൾ തങ്ങളുടെ പെണ്‍മക്കൾക്ക് അനുയോജ്യനായ വരനെ കണ്ടുപിടിക്കുന്നത് ഇന്നത്തെ പോലെ വിദ്യാഭാസം, പദവി, ഉദ്യോഗം എന്നിവ നോക്കി അല്ലായിരുന്നു. ആരോഗ്യവാനും, ധൈര്യശാലിയുമായ വരനെ കണ്ടെത്താൻ അവർ അവലംബിച്ചിരുന്ന രീതി വളരെ കൗതുകമുള്ളതായിരുന്നു. പുരാണങ്ങളിൽ നമ്മൾ കേട്ടിട്ടുള്ള സ്വയംവരങ്ങളോട് ഏകദേശം സാമ്യമുള്ളതാണ് ഒരുകാലത്തു നിലനിന്നിരുന്ന ആചാര രീതി. ഓരോ ഗ്രാമത്തിലും 'ഇളവട്ടക്കല്ല്' എന്ന പേരിൽ ഒരു ഭീമാകാരനായ കല്ല് സ്ഥാപിക്കും. ഗ്രാമത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിനു മുൻപു പ്രതിശ്രുത വരൻ ഈ കല്ല് തോളോളം ഉയർത്തി പിൻഭാഗത്തേക്ക് എറിയണം. ഇതിൽ വിജയിക്കുന്നവർക്ക് മാത്രമേ ആ ഗ്രാമത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിക്കുകയുള്ളൂ. വീരനും, ബലവാനും ആയ പുരുഷന്മാരെ കണ്ടെത്താനുള്ള ഈ ഇളവട്ടക്കല്ല് ഇപ്പോഴും തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ദൃശ്യമാണ്. മൊഹഞ്ചദാരോയിലും ഹാരപ്പയിലും നടന്ന ഖനനങ്ങളും ഈ കായിക മത്സരം പണ്ട് മുതല്‍ക്കേ നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.
മഞ്ജുവിരട്ട് എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താൻ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളിൽ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടായാണ് അറിയപ്പെട്ടിരുന്നത്. പൊങ്കൽ അഘോഷങ്ങളുടെ അവസാന ദിനമായ മാട്ടുപ്പൊങ്കൽ ദിവസത്തിലാണ് സാധാരണ ജെല്ലിക്കെട്ട് ആരംഭിക്കുന്നത്. ഇത് പിന്നെ ജൂലൈ വരെ പല ഭാഗങ്ങളിലും അരങ്ങേറും. ജെല്ലിക്കെട്ട് എന്ന മാരക കായികവിനോദം. പണക്കിഴി എന്നാണ് ജെല്ലിക്കെട്ടിന്റെ അര്‍ത്ഥം. (ജെല്ലി= നാണയം, കെട്ട്= കിഴി) കൂറ്റന്‍കാളയുടെ കൊമ്പില്‍ കെട്ടിവയ്ക്കുന്ന പണക്കിഴി കൈവശമാക്കുന്നവര്‍ക്ക് സ്വര്‍ണവും വെള്ളിയുമൊക്കെ സമ്മാനമായി ലഭിക്കും. അതില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് അങ്ങനെ ധീരപരിവേഷവും ചാര്‍ത്തിക്കിട്ടും.
കഴിഞ്ഞ 400 വർഷങ്ങളായി നടക്കുന്ന ജെല്ലിക്കെട്ടുകളില്‍ മധുര, പാളമേട്, അളകനല്ലൂർ എന്നിവടങ്ങളിൽ നടക്കുന്ന ജെല്ലിക്കെട്ട് ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ജെല്ലിക്കെട്ടിനായി പുലികുലം വർഗ്ഗത്തിൽ പെട്ട കാളകളെയാണ് തിരഞ്ഞെടുക്കുന്നത്. ആകാരത്തിലും മറ്റും വ്യത്യസ്തത പുലർത്തുന്ന ഈ കാളക്കൂറ്റന്മാരും വളരെ ധൈര്യശാലികളാണ്.
രീതിയിലും നടത്തിപ്പിന്റെയും വ്യത്യസ്തതയിലും ജെല്ലിക്കെട്ടുകളെ മൂന്നായി തരംതിരിക്കാം.
വടി മഞ്ജുവിരട്ട്
ഈ രീതിയിലുള്ള ജെല്ലിക്കെട്ട് മധുരയിലെ പാളമേട്, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ദിണ്ടിഗല്‍ എന്നീ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഈ രീതിയനുസരിച്ച് കാളയെ മുൻവശത്തെ വഴിയിലൂടെ (തിട്ടിവാസൽ അഥവാ വടിവാസലിലൂടെ) മത്സര വേദിയിലേക്ക് ഇറക്കിവിടുന്നു. ഈ കാളക്കൂറ്റന്റെ ഉപ്പൂടി (Hump) യിൽ പിടിച്ച് പിടിവിടാതെ വീരറുകള്‍ (മത്സരാര്‍ഥി) 100 മുതൽ 200 മീറ്റര്‍ വരെ ഓടണം. ഈ സമയത്ത് ഉപ്പൂടിയിൽ നിന്ന് പിടിവിടുകയോ കാള ചുഴറ്റി എറിയുകയോ ചെയ്യുകയാണെങ്കിൽ കാള വിജയിക്കുകയും മത്സരത്തിൽ പങ്കെടുത്ത വീരൻ തോൽക്കുകയും ചെയ്യുന്നു. മല്ലന്മാരെപ്പോലും തോൽപ്പിക്കാൻ കഴിവുള്ള ഈ കാളകൾക്ക് പ്രത്യേകം പരിശീലനം നൽകിയാണ് വേദിയിലേക്ക് ആനയിക്കുന്നത്.
വേലിവിരട്ട്
ഈ രീതി കണ്ടുവരുന്നത് ശിവഗംഗ, മധുര ജില്ലകളിലാണ്. തനി നാടൻ രീതിയായാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ കാളക്കൂറ്റനെ മത്സരവേദിയിലേക്ക് അഴിച്ചുവിടുന്നു. മത്സരവേദിയിൽ യഥേഷ്ടം സഞ്ചരിക്കുന്ന ഈ കാളക്കൂറ്റനെ കീഴ്പ്പെടുത്തി മത്സരാർത്ഥി വിജയിക്കേണ്ടതാണ്. ഇതു തീർത്തും അപകടകരമായ രീതിയായി പറയപ്പെടുന്നു .
വടം മഞ്ജുവിരട്ട്
വടം എന്നാൽ തമിഴിൽ കയർ എന്നാണ് അർത്ഥം. ഈ രീതി അനുസരിച്ച് കാളയെ ഉദ്ദേശം 15 മീറ്റര്‍ നീളമുള്ള കയറില്‍ ബന്ധിക്കുന്നു. ഈ 15 മീറ്റര്‍ ചുറ്റളവില്‍ കാളയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഈ മത്സരത്തിൽ ഏഴു മുതൽ ഒന്‍പത് വരെയുള്ള മത്സരാർത്ഥികൾ 30 മിനിറ്റുകൾക്കുള്ളിൽ കാളയെ കീഴ്പ്പെടുത്തണം. ഏറ്റവും സുരക്ഷിതമായ രീതിയായാണ് ഇത് അറിയപ്പെടുന്നത്.
കാളക്കുട്ടികളുടെ പരിശീലനം
ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാളകള്‍ക്ക് പോഷകാഹാരങ്ങളും ധാന്യദ്രവ്യങ്ങളും കൊടുത്ത് വളരെ ആരോഗ്യത്തോടെയാണ് വളർത്തിയെടുക്കുന്നത്. ഈ കാളകളെ നടത്തിയും നീന്തൽ പരിശീലിപ്പിച്ചും ജെല്ലിക്കെട്ടിനായി തയ്യാറെടുപ്പിക്കുന്നു. അമ്പലക്കാളകളുടെ ഗാംഭീര്യമുള്ള ഇവയ്ക്ക് കൃഷിയിടങ്ങളിൽ പോലും യഥേഷ്ടം മേയുവാനുള്ള അനുമതിയുണ്ട്. ഇങ്ങനെ വളർത്തിയെടുക്കുന്ന കാളക്കൂറ്റന്മാരെ നാട്ടുപ്രമാണികളുടെ തോട്ടങ്ങളിൽ മണ്ണുകൾ നിറച്ച ചാക്കുകൾ ഇട്ട് കീഴെ വീണുപോകുന്ന മല്ലന്മാരെ കുത്തിമലർത്താനുമുള്ള പരിശീലനം കൂടി നൽകുന്നു.
ധാരാളം മരണങ്ങള്‍ക്കും അപകടങ്ങൾക്കും കാരണമാകുന്ന ജെല്ലിക്കെട്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചില സന്നദ്ധ സംഘടനകൾ നടത്തി വരുന്ന സമരങ്ങൾ കാരണം ജെല്ലിക്കെട്ടിന്റെ നടത്തിപ്പ് ഒരു ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ വിനോദം നിർത്തലാക്കണമെന്ന ആവശ്യമായി ബ്ലൂ ക്രോസ് തുടങ്ങിയ സംഘടനകൾ രംഗത്തുവന്നതിനാൽ 2006-ൽ തമിഴ്‌നാട്ടിൽ രണ്ടായിരത്തോളം ഇടങ്ങളിൽ സംഘടിപ്പിച്ചിരുന്ന ജെല്ലിക്കെട്ട് ഇപ്പോൾ 13 സ്ഥലത്തേക്ക് ചുരുങ്ങിയിരിക്കുന്നു.
തമിഴ് സംസ്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിന്റെ സുഗമമായ നടത്തിപ്പിനായി തമിഴ്‌നാട് സർക്കാർ 2009-ൽ "ജെല്ലിക്കെട്ട് നിയന്ത്രണ നിയമം തന്നെ പാസാക്കി. ഇതിന്‍ പ്രകാരമുള്ള നിബന്ധനകളോടെ നടത്തപ്പെടുന്നതിനാല്‍ ജെല്ലിക്കെട്ട് അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികാരികൾ അവകാശപ്പെടുന്നു.
നിബന്ധനകൾ
1. ജെല്ലിക്കെട്ടിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടണം.
2. രണ്ട് ലക്ഷം രൂപ ഫീസായി സംഘാടകർ ജില്ലാ ഭരണകൂടത്തിൽ അടക്കേണ്ടതാണ്.
3. വീരരും കാളകളും എറ്റുമുട്ടുന്ന വേദിയുടെ ദൈർഘ്യം 60 അടിയിൽ കുറയരുത്.
4. പ്രവേശന കവാടത്തിൽ നിന്നും (വടിവാസൽ) വേദിയിലേക്ക് വേലി നിർമ്മിച്ചു കാണികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്.
5. കാളകൾക്ക് ലഹരി വസ്തുക്കൾ കൊടുക്കരുത്.
6. കാളയുടെ ഉപ്പൂടിയിൽ എണ്ണ തേക്കരുത്.
7. കാളകളുടെ കൊമ്പുകളുടെ മൂർച്ച പൂർണ്ണമായും ഇല്ലാതാക്കണം.
8. കാളകൾ ആരോഗ്യവാന്മാരാണെന്ന് മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചിരിക്കണം.
9. ഒന്നില്‍ കൂടുതൽ കാളകളെ ഒരേ സമയം വേദിയിൽ അനുവദിക്കരുത്.
10. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വീരന്മാർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളു.
11. മത്സരാർത്ഥികൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്നും ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
12. മത്സരവേദിയിൽ ഒരു സംഘം ഡോക്ടർമാരും ആംബുലൻസുകളും തയ്യറായിരിക്കണം
ദ്രവീഡിയൻ സംസ്ക്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് ഒരു ചൂതാട്ടമൊന്നുമല്ലെന്നും തികച്ചും പരമ്പരാഗതമായ രീതിയിൽ നടത്തുന്ന ഒരു വിനോദം മാത്രമാണെന്നുമാണ് സംഘാടകരുടെ വാദം. എന്നാൽ ഇതു നാടിന്റെ സംസ്കാരത്തിന്റെ ഭാഗമോ, അതല്ല ഒരു ക്രൂരമായ വിനോദമോ എന്ന്‍ പൊതുജനങ്ങളുടെ വിലയിരുത്തല്‍ ആണ് ഇതിന്റെ നിലനില്‍പ്പില്‍ പ്രധാനമാകുക.
എന്നാല്‍ 2011 ല്‍ നിബന്ധനകള്‍ക്ക് കോട്ടം വന്നപ്പോള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പിടിമുറുക്കി. തുടര്‍ന്ന് കോടതി ഇടപെട്ടു. ഇടത്തരക്കാരായ സമ്പന്നരാണ് കാളക്കൂറ്റന്മാരെ ജെല്ലിക്കെട്ടിനു വേണ്ടി സജ്ജമാക്കുന്നത്. വമ്പിച്ച സാമ്പത്തിക ബാധ്യതയുള്ള ഏര്‍പ്പാടാണ് ഇത്. സാധാരണക്കാരായ യുവാക്കള്‍ ഈ വിനോദത്തില്‍ വര്‍ഷാവര്‍ഷം മരിക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാളപ്പോരു നിരോധിക്കണമെന്ന ആവശ്യവുമായി അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുന്നത്. മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയുമായി ബന്ധപ്പെട്ട ചട്ടം (പിസിഎ) ആണ് കോടതി മുഖ്യമായും പരിഗണിച്ചത്.
മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയും കാളക്കുത്തേറ്റ് മരിച്ചപാവങ്ങളുടെ കുടുംബങ്ങളേയും പരിഗണിക്കണമെന്നും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. ജെല്ലിക്കെട്ടിന്റെ പേരില്‍ മൃഗങ്ങളോട് നിഷ്‌ക്കരുണമായാണ് പെരുമാറുന്നത് എന്ന് ബോര്‍ഡ് ഉദാഹരണസഹിതം സ്ഥാപിച്ചു. കാളകളുടെ വാല്‍ മടക്കി ഒടിക്കുക, കണ്ണുകളില്‍ രാസവസ്തുക്കള്‍ ഒഴിക്കുക, ചെവികള്‍ വെട്ടുക, അവയെ ചൊടിപ്പിക്കാന്‍ മൂര്‍ച്ചയുള്ള കത്തികള്‍ പ്രയോഗിക്കുക, വായില്‍ മദ്യം ഒഴിച്ചുകൊടുക്കുക തുടങ്ങിയ പ്രാകൃതമായ ‘വിനോദങ്ങ’ളാണ് ജെല്ലിക്കെട്ടു സംഘാടകര്‍ വര്‍ഷങ്ങളായി നടത്തിയിരുന്നത്. പ്രാണരക്ഷാര്‍ത്ഥം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുന്ന കാളകളുടെ ചവുട്ടേറ്റ നിരവധി കാഴ്ചക്കാരാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കനു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ 2010 നവംബര്‍ 27 നു ചില നിബന്ധനകളോടെ ജെല്ലിക്കെട്ടു നടത്താന്‍ സുപ്രീംകോടതി സമ്മതിച്ചു. . എല്ലാ വര്‍ഷവും ജനുവരി 15 മുതല്‍ അഞ്ചു മാസത്തേക്കാണ് ഈ അനുവാദം. നിബന്ധനകള്‍ ഇതൊക്കെ ആയിരുന്നു: ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളക്കൂറ്റന്മാരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രകടനം വിലയിരുത്താന്‍ പ്രതിനിധികളെ നിയോഗിക്കണം. കൂടാതെ ജെല്ലിക്കെട്ടില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിന്റേയും സംരക്ഷണത്തിനു വേണ്ടി സംഘാടകര്‍ രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണം. പോരില്‍ പങ്കെടുക്കുന്ന കാളകളെ പരിശോധിക്കാനും ജെല്ലിക്കെട്ടിനു ശേഷമുള്ള അവയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ബോധ്യപ്പെടുത്താനും മൃഗഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയോഗിക്കണം. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്യേണ്ടത്.
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് കോടതി കേന്ദ്രത്തോടു ആവശ്യപ്പെട്ടു. ഒടുവില്‍ 2014 മേയ് ഏഴിനു സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചു. സംസ്‌ക്കാര ശൂന്യമായ സംഭവം എന്നാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ജെല്ലിക്കെട്ടിനെ അന്ന് വിശേഷിപ്പിച്ചത്. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇത്തരം കലാപരിപാടികള്‍ പണ്ടേ തന്നെ ഉപേക്ഷിച്ചതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓര്‍ഡിനന്‍സ് വഴി സുപ്രീംകോടതി വിധിയെ മറികടന്നുള്ള നീക്കങ്ങള്‍ അപകടകരമാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കേന്ദ്രസര്‍ക്കാരിനു അന്ന് നിയമോപദേശം നല്‍കുകയും ചെയ്തിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തെ ചേദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പൊങ്കല്‍ മുമ്പ് തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ ഈ വര്‍ഷത്തെ പൊങ്കല്‍ ആഘോഷങ്ങളില്‍ നിന്ന് ജെല്ലിക്കെട്ട് ഒഴിവാക്കപ്പെട്ടു.