ബ്രിട്ടീഷ് ഉദരരോഗ വിഭാഗം ഡോക്ടർ ആയിരുന്നു ഡോ. ആൻഡ്രൂ വേക്ക്ഫീൽഡ്. 1957-ൽ ജനിച്ചു. അച്ഛൻ ന്യൂറോളജി വിഭാഗം ഡോക്ടറും അമ്മ ജിപിയും. ഈംപീരിയൽ കോളജ് ഓഫ് മെഡിസിനിൽ നിന്നും 1981-ൽ ബിരുദധാരിയാണ്. 1985-ൽ റോയൽ കോളേജ് ഓഫ് സർജൻസിൽ അംഗത്വം ലഭിച്ചു.
1998-ൽ ആണ് അദ്ദേഹത്തിന്റെ പഠന റിപ്പോർട്ട് ലാൻസെറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും മികച്ച മെഡിക്കൽ ജേർണലുകളിൽ ഒന്നാണ് ലാൻസെറ്റ്. എംഎംആർ വാക്സിൻ സ്വീകരിക്കുന്ന കുട്ടികളിൽ ഓട്ടിസം ഉണ്ടാവാൻ സാധ്യത ഉണ്ടെന്നായിരുന്നു ലേഖനം. എന്നാൽ ഇതേ വിഷയം പിന്നീട് പഠിച്ചവർക്ക് അദ്ദേഹത്തിന്റെ കണ്ടെത്തലിൽ എത്തിച്ചേരാനായില്ല.
2004-ൽ സൺഡേ ടൈംസ് റിപ്പോർട്ടർ ബ്രയൻ ഡിയർ ആണ് ഇതിനുപിന്നിലെ കള്ളത്തരം കണ്ടുപിടിച്ചത്. ഡോക്ടർ കെട്ടിച്ചമച്ച ലേഖമായിരുന്നത് എന്ന് കണ്ടെത്തി.
ഇതിനെ തുടർന്ന് ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ അന്വേഷണം നടത്തുകയും വേക്ക്ഫീൽഡ് ഭിന്നശേഷിയുള്ള കുട്ടികളെ നൈതിക വിരുദ്ധമായി ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾ നടത്തി പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു എന്ന് കണ്ടെത്തി. ഇതേ തുടർന്ന് ലാൻസെറ്റ് ലേഖനം പിൻവലിക്കുകയും ചെയ്തു. തുടർന്ന് 2015-ൽ ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റിവ് കോടതി വേക്ക്ഫീൽഡിന്റെ ആശയങ്ങൾ തെറ്റായിരുന്നു എന്നും ഓട്ടിസവും വാകിസനും തമ്മിൽ ബന്ധം ഒന്നും കണ്ടെത്താനായില്ല എന്നും വിധിച്ചു.
*****
അപ്പോൾ എന്താണ് ഓട്ടിസം/ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നും കൂടി:
സാമൂഹികമായ ഇടപഴകൽ, ആശയ വിനിമയം എന്നിവയിൽ ഗുരുതരമായ വ്യത്യാസമാണ് ഇവർക്കുള്ളത്. ഐ കൊണ്ടാക്ട്റ്റ് ഇല്ല, വിളി കേൾക്കുന്നില്ല, ബന്ധങ്ങൾ തുടങ്ങുന്നതിനോ നില നിർത്തുന്നതിനോ പറ്റുന്നില്ല, ആവർത്തിച്ചുള്ള, അർത്ഥമില്ലാത്ത പെരുമാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണുന്നത്. സാധാരണയായി ശിശുക്കൾക്ക് ജീവനുളള വസ്തുക്കളോട് അധികമായ താത്പര്യം ഉണ്ടാകും. എന്നാൽ ജീവനുള്ള വസ്തുക്കളെക്കാൾ ജീവൻ ഇല്ലാത്ത വസ്തുക്കളോടാണ് ഇത്തരം കുട്ടികൾക്ക് താത്പര്യം തോന്നുന്നത്.
ജനിതകപരമായ കാരണങ്ങൾ കൊണ്ടാണ് ഓട്ടിസം എന്നാണ് അറിഞ്ഞിരിക്കുന്നത്. തലച്ചോറിന്റെ വികാസ പ്രശ്ങ്ങളാണ് പ്രധാനകാരണങ്ങളിലൊന്ന്.
1943-ൽ ലിയോ കാനർ ആണ് ഓട്ടിസത്തെ പറ്റി ആദ്യമായി പ്രതിപാദിച്ചത്. 1979, 1980 -ൽ പെർവസിവ് ഡവലപ്മേന്റൽ ഡിസോഡർ എന്നും 2013 –ൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നും വിളിപ്പേര് ലഭിച്ചു ഈ അവസ്ഥക്ക്. 1987 -ൽ ഐവർ ലോവാസിന്റെ ചികിത്സ സംബന്ധമായ പഠനങ്ങൾ പ്രസിദ്ധീകരിച്ചു.
1987-ലേതിലും വളരെയധികം വളർച്ച ആധുനിക വൈദ്യശാസ്ത്രത്തിനുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ ഒരു വിഭാഗമാണ് മാനസികാരോഗ്യ വിഭാഗം. സിഗ്മണ്ട് ഫ്രോയ്ഡ് എന്ന പേരാണ് ഇന്നും നമ്മുടെ മനസിൽ മാനസികആരോഗ്യ വിഷയങ്ങളിൽ അടിയുറച്ചുപോയ പേര്. അദ്ദേഹത്തിന്റെ കാലത്തുനിന്നും മാനസികാരോഗ്യ വിഭാഗം ഏറെ വളർന്നിരിക്കുന്നു. ശരീരത്തിലെ ഇൻസുലിന്റെ അളവിലും പ്രവർത്തനത്തിലും വ്യതിയാനം വരുന്നത് മൂലമുണ്ടാകുന്ന അസുഖമാണ് പ്രമേഹമെന്ന് നമുക്ക് മനസിലായിട്ട് കാലങ്ങൾ ആയി. അതുപോലെ തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനം മൂലമാണ് പല മാനസിക രോഗങ്ങളുണ്ടാവുന്നത് എന്ന് കണ്ടുപിടിച്ചുകഴിഞ്ഞു. ഓട്ടിസം അടക്കമുള്ള ചികിത്സകളിൽ ഇപ്പോൾ വിജയശതമാനം ഉയർന്നുകൊണ്ടിരിക്കുകയാണ്.
കൃത്യമായി തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ വളരെയധിയകം മെച്ചമുണ്ടാകുന്ന ഒരവസ്ഥയാണ് ഓട്ടിസം ഇന്ന്. ചികിത്സ വളരെ നേരത്തെ ആരംഭിക്കണം എന്നുമാത്രം. പറ്റിയാൽ രണ്ടോ മൂന്നോ വയസിൽ തന്നെ ആരംഭിക്കണം. അസുഖം തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. അച്ഛനമ്മമാർ കുട്ടികളുടെ സംസാരം സമയത്തിനുണ്ടാവാത്തതിൽ ആശങ്കാകുലരാണെങ്കിലും പലപ്പോഴും ഇതിനായി പ്രത്യേക ശ്രദ്ധ നൽകാൻ അവർ തയ്യാറാവുന്നില്ല. ചിലരെങ്കിലും അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താറുമുണ്ട്.
*****
കേരളത്തിലല്ല വാക്സിൻ വിരുദ്ധത ആരംഭിക്കുന്നത് എന്ന് മനസിലായല്ലോ !
എന്നാൽ ഈ തിയറികളെല്ലാം വിശ്വസിച്ച്, അതിവിടെ പ്രചരിപ്പിക്കുന്ന ചിലപലരുരുമുണ്ടിവിടെ. അവരെ വിശ്വസിക്കുന്ന ചില സാധാരണക്കാരും. അവരുടെ ഒക്കെ പ്രവർത്തനം കൊണ്ട് വാക്സിൻ മൂലം നിയന്ത്രിക്കപ്പെട്ടിരുന്ന ഡിഫ്ത്തീരിയയും വില്ലൻചുമയും ഒക്കെ വീണ്ടും തലപൊക്കി തുടങ്ങി അഭ്യസ്തവിദ്യരുടെ സ്വന്തം കേരളത്തിൽ. ഡിഫ്ത്തീരിയ മൂലം മരണങ്ങളും ഉണ്ടായിത്തുടങ്ങി. ഒരു ശതമാനം പോലും മരണനിരക്കില്ലാത്ത ഡെങ്കിപ്പനി മൂലം നൂറിലധികം മരണങ്ങൾ നടന്ന നാടാണ് കേരളം. അപ്പോൾ കൂടുതൽ മരണ നിരക്കുള്ള ഡിഫ്ത്തീരിയ, വസൂരി ഒക്കെ തിരിച്ചുവന്നാലോ ?
ഇതുപോലുള്ള ഗൂഡാലോചനാ സിദ്ധാന്തക്കാർ മൂലമാണ് പല രാജ്യങ്ങളും വാക്സിനേഷൻ നിയമം മൂലം നിർബന്ധമാക്കുന്നത്. മാതാപിതാക്കളുടെ വിവേചന പരിധിയിലുള്ള കാര്യമാവരുത് വാക്സിൻ; കുഞ്ഞുങ്ങളുടെ അവകാശമാകണം വാക്സിൻ. ജീവിക്കാനും അസുഖങ്ങൾ വരാതിരിക്കുവാനുമുള്ള അവകാശം.