A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രസിദ്ധമായ കലിംഗയുദ്ധത്തിൽ കലിംഗാധിപതി ആരായിരുന്നു??.





ഇന്ത്യാ ചരിത്രത്തിൽ എന്തുകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്ന്നല്ലോ BC 262-61 കാലഘട്ടത്തിൽ നടന്ന കലിംഗ യുദ്ധം.പ്രാചീന ചരിത്രത്തിലെ രക്തരൂഷിതമായ യുദ്ധങ്ങളിൽ ഒന്ന്.സാമ്രാട്ട് അശോകന് മന:പരിവർത്തനം ഉണ്ടാക്കിയ യുദ്ധം തുടങ്ങിയ കാരണങ്ങളാൽ കലിംഗയുദ്ധം എന്നും ചർച്ചചെയ്യപ്പെടുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തിൻറ കിഴക്കൻ തീരത്തോട് ചേർന്ന് തെക്ക് ഗോദാവരി മുതൽ വടക്ക് വൈതരണി വരെയും പടിഞ്ഞാറ് അമർഖണ്ഡക് മലനിരകൾ വരെയും വ്യാപിച്ചിരുന്ന ഫലഭൂയിഷ്ഠമായ ഭൂഭാഗമായിരുന്നു കലിംഗരാജ്യത്തിൽ ഉൾപ്പെട്ടിരുന്നത്.(അതിർത്തി പലപ്പോഴും മാറിവരുന്നുണ്ട്).അതായത് പ്രധാനമായും ഇന്നത്തെ ഒഡിഷയുടെയും ആന്ധ്രാ പ്രദേശിൻറയും ഭാഗങ്ങൾ.അന്നത്തെ മൗര്യസാമ്രാജ്യവുമായി തുലനം ചെയ്യുമ്പോൾ ചെറിയ ഒരു രാജ്യം മാത്രം.
മഹാഭാരതം അടക്കമുള്ള കൃതികളിൽ കലിംഗരെകുറിച്ച് ധാരാളം പരാമർശമുണ്ട്.കലിംഗത്തിൻറ വടക്കൻ ഭാഗങ്ങൾ ഉത്കലം എന്നും അറിയപ്പെട്ടിരുന്നു.കുരുക്ഷേത്ര യുദ്ധത്തിൽ കലിംഗം കൗരവ പക്ഷം ചേർന്ന് യുദ്ധം ചെയ്തതായി മഹാഭാരതത്തിൽ കാണാം.
മഗധയിലെ നന്ദവംശത്തിൻറ കാലത്ത് കലിംഗം മഗധയോട് കൂട്ടിച്ചേർത്തതായി പറയപ്പെടുന്നു.പിന്നീട് നന്ദവംശം തകർന്നപ്പോൾ കലിംഗം സ്വതന്ത്രമായതായും.
അതായത്,അവസാനത്തെ നന്ദരാജാവ് ധന നന്ദനെ പരാജയപ്പെടുത്തി മഗധ പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൗര്യൻ മറ്റ് പ്രദേശങ്ങളെല്ലാം മഗധയോട് കൂട്ടിച്ചേർത്ത് സാമ്രാജ്യം വിപുലീകരിച്ചപ്പോൾ,അതിനു വിപരീതമായി കലിംഗം ഒരു സ്വതന്ത്ര രാജ്യമായി ശക്തിപ്പെടുകയാണുണ്ടായത്.കലിംഗത്തെ കുറിച്ച് മെഗസ്തനനീസ് പരാമർശിക്കുന്നുണ്ട്.60,000 കാലാൾ,700ആന,ആയിരത്തിലേറെ കുതിരകളും രഥങ്ങളും അടക്കം ഒരു ലക്ഷം സൈനികർ കലിംഗത്തിന് ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ രാജ്യം ഒരു നാവിക ശക്തി ആയിരുന്നു എന്നും.
ആറ് ലക്ഷത്തിൽ കുറയാത്ത സൈനിക ശേഷി ഉണ്ടായിരുന്ന മൗര്യ സാമ്രാജ്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് വളരെ തുച്ഛമാണ്.അലക്സാണ്ടറുടെ ഏഷ്യൻ മഹാസാമ്രാജ്യത്തിൻറ അധിപതി സെല്യൂക്കസ് നിക്കേറ്റസിനെ പരാജയപ്പെടുത്തി ഹിന്ദുക്കുഷ് വരെയുള്ള പ്രദേശങ്ങളും ദക്ഷിണേന്ത്യൻ ഭാഗങ്ങളുമെല്ലാം വരുതിയിലാക്കിയ ചന്ദ്രഗുപ്ത മൗര്യനോ,അദ്ദേഹത്തിൻറ പുത്രൻ ബിന്ദുസാരനോ എന്തുകൊണ്ട് കലിംഗം മാത്രം കീഴടക്കാൻ കഴിഞ്ഞില്ല?.എന്തുകൊണ്ട് ഒരു ചാണക്യ ബുദ്ധിയും ഇക്കാര്യത്തിൽ ഫലവത്തായില്ല.ചരിത്രത്തിലെ തികച്ചും അവ്യക്തവും ആശ്ചര്യകരവുമായ കാര്യങ്ങളാണിവ..
അതേതായാലും പിന്നീട് അശോക മൗര്യൻ,ഒരു തരത്തിലും വഴങ്ങാത്ത കലിംഗരുമായി നേർക്കുനേർ ഏറ്റുമുട്ടാൻ തന്നെ തീർച്ചയാക്കി.മഗധയുടെ വിളിപ്പാടകലെ കലിംഗം ഒരു സ്വതന്ത്ര ശക്തിയായി തലയുയർത്തി നിൽക്കുന്നത് അശോകന് അരോചകമായി തോന്നിയിരിക്കാം.
കലിംഗം വളരെ മുൻപുതന്നെ ഒരു നാവിക ശക്തിയായിരുന്നു.പല വിദേശരാജ്യങ്ങളുമായും അവർക്ക് വാണിജ്യ ബന്ധമുണ്ടായിരുന്നു.(മലേഷ്യയിൽ ഇന്ത്യക്കാരെ പൊതുവായി സൂചിപ്പിക്കാൻ കിലിംഗ് എന്ന് പറഞ്ഞുവന്നിരുന്നു).അതുകൊണ്ടു തന്നെ രാജ്യം അന്ന് വളരെ സമ്പന്നവുമായിരുന്നു .മഗധയുടെ നാവിക മേധാവിത്വത്തിന് കലിംഗം വരുതിയിലാക്കേണ്ടത് അനിവാര്യമായിരുന്നു.ഇതും അശോകനെ യുദ്ധത്തിന് പ്രേരിപ്പിച്ച ഘടകമായിരിക്കാം.
BCE 262-61 കാലത്താണ് പ്രസിദ്ധമായ കലിംഗയുദ്ധം നടക്കുന്നത്.അശോകൻ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നത് BC 269 ലായിരുന്നു.അതായത് കർക്കശ നിലപാടുകാരനായിരുന്ന അശോകൻ പോലും അധികാരമേറ്റ് എട്ട് ഒൻപത് വർഷത്തിനു ശേഷമേ കലിംഗം ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നുള്ളൂ.അതിന് മാത്രം എന്ത് ശക്തിയാണ് അവർക്ക് ഉണ്ടായിരുന്നത്?.കർക്കശ സ്വഭാവക്കാരനായിരുന്ന അശോകൻറ ആക്രമണം ഉറപ്പായിട്ടും യാതൊരു വിട്ടുവീഴ്ചക്കും കലിംഗം തയ്യാറാവാതിരുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കും?
ഏതായാലും BC 262-61 കാലഘട്ടത്തിൽ മഗധവും കലിംഗവും നേർക്കുനേർ ഏറ്റുമുട്ടി.ദയാ നദിക്കരയിൽ വച്ചു നടന്ന ആ യുദ്ധം അതിഘോരമായിരുന്നു.സാധാരണയായി ഇത്തരം യുദ്ധങ്ങളിൽ ഏതെങ്കിലും പക്ഷം പരാജയത്തിലേക്കു നീങ്ങുകയാണെങ്കിൽ കീഴടങ്ങുകയോ അല്ലെങ്കിൽ സന്ധിചെയ്യുകയോ ആണ് പതിവ്.പ്രത്യേകിച്ചും ഒരു വൻ സാമ്രാജ്യവുമായി ഏറ്റുമുട്ടി പരാജയം ഉറപ്പാവുമ്പോൾ പരമാവധി നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് മുന്നിലുള്ള വഴി.
. . എന്നാൽ കലിംഗത്തിൻറ കാര്യത്തിൽ അങ്ങിനെ ഉണ്ടായില്ല.തങ്ങളുടെ അവസാന നിമിഷം വരെ 'കലിംഗ സാഹസികെ'എന്നറിയപ്പെട്ട ആ ജനത പൊരുതിക്കൊണ്ടേയിരുന്നു. (കലിംഗർ ചില സാഹിത്യ കൃതികളിൽ കലിംഗ സാഹസികെ അഥവാ സാഹസികരായ കലിംഗർ എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു).ഇത് വൻ ആൾനാശത്തിന് വഴിവച്ചു.ദയാനദിക്കര ചുവന്നു...
അശോകൻറ പതിമൂന്നാം പ്രധാന ശിലാശാസനം (13 th major rock edict of Ashoka) ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദേവാനാം പ്രിയ പ്രിയദർശിരാജ തൻറ സിംഹാസനാരോഹണത്തിൻറ എട്ടാം വർഷം കലിംഗം പിടിച്ചെടുത്തതായും ആ യുദ്ധത്തിൽ ഒരു ലക്ഷത്തിലേറെ പേർ കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തോളം പേർ തടവിലാവുകയോ നാടുകടത്തപ്പെടുകയോ ചെയ്തതായും ഇതിൽ പറയുന്നു.
യുദ്ധം നേരിട്ടു നയിച്ച അശോക ചക്രവർത്തിയെ പിന്നീട് യുദ്ധമുഖത്തെ കാഴ്ചകൾ അലോസരപ്പെടുത്തി.കൊല്ലപ്പെട്ട അസംഖ്യം സൈനികർ,മാരകമായി പരിക്കേറ്റവരും അംഗഭംഗം സംഭവിച്ചവരും അതിലേറെ.അവരുടെ ദയനീയ വിലാപം എവിടെ നിന്നും കേൾക്കാം.വിധവകളായിത്തീർന്ന പരസഹസ്രം സ്ത്രീകളുടെ കൂട്ടക്കരച്ചിലും ശാപ വചനങ്ങളും.അനാഥരായി തീർന്ന കുട്ടികളും വൃദ്ധരും മറ്റും....
യുദ്ധത്തിൻറ ഭീകരത അതിൻറ പരമാവസ്ഥയിൽ അനുഭവവിച്ചറിഞ്ഞ അശോകന് മന:പരിവർത്തനം സംഭവിച്ചതും ധർമ്മ പ്രവർത്തനത്തിലേക്കു തിരിഞ്ഞതുമെല്ലാം പിന്നീടു പറഞ്ഞു കേൾക്കുന്ന ചരിത്രങ്ങൾ.

***** ***** ***** *****
വമ്പിച്ച ആൾ നാശം കൊണ്ടും ചരിത്രഗതിയെ മാറ്റിമറിച്ച ഒന്ന് എന്ന നിലയിലും കലിംഗയുദ്ധം വളരെയേറെ ചർച്ചചെയ്യപ്പെടുന്നു.ഇത്രയേറെ പ്രാധാന്യമുള്ള ആ യുദ്ധം നയിച്ച കലിംഗ നായകൻ ആരായിരുന്നു.ആശ്ചര്യകരമെന്നു പറയട്ടെ,ചരിത്രം ഇക്കാര്യത്തിൽ ഏറെക്കുറെ മൗനം പാലിക്കുന്നു എന്നതാണ് സത്യം.
പറഞ്ഞു കേൾക്കുന്ന ഒരു പേര് രാജാ അനന്ത പദ്മനാഭൻറതാണ്.മറ്റൊരു പേരാണ് ഗുഹ ശിവ.അധികാരത്തിലുണ്ടായിരുനനത് ഒരു വനിതയാണെന്ന അഭിപ്രായവും ഇല്ലാതല്ല.എന്നാൽ ഇതിനൊന്നും വ്യക്തമായ സൂചനകൾ ഇല്ല തന്നെ.
അശോകൻറ ശിലാശാസനത്തിൽ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല.കലിംഗരെ പരാജയപ്പെടുത്തി എന്നേ പറയുന്നുള്ളൂ.
പ്രബലമായ മറ്റൊരു അഭിപ്രായമാണ്,കലിംഗം അക്കാലത്ത് ഒരു റിപ്പബ്ളിക് ആയിരുന്നു എന്നത്. അതായത് ഭരണാധികാരം നിയന്ത്രിച്ചിരുന്നത് തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖൻമാരുടെ സഭയായിരിക്കും.അധികാരം ഈ അസംബ്ളിയിൽ (സംഘ) നിക്ഷിപ്തമായിരിക്കും.
പുരാതന ഭാരതത്തിൽ ഇത്തരം റിപ്പബ്ളിക്കുകൾ ധാരാളമുണ്ടായിരുന്നു.പ്രാചീന മഹാജനപദങ്ങളിൽ പെട്ട(ancient sixteen mahajanapadas) വജ്ജി,മല്ല എന്നിവ റിപ്പബ്ളിക് സ്റ്റേറ്റുകളായിരുന്നു.ലിച്ഛാവികളും വൃഷ്ണികൾ അന്ധകർ തുടങ്ങിയ യാദവ വിഭാഗക്കാരുമെല്ലാം ഇത്തരം ഭരണ വ്യവസ്ഥ പിന്തുടർന്നു പോന്നിരുന്നു.ഗണരാജ്യങ്ങൾ അഥവാ ഗണസംഘങ്ങൾ എന്നറിയപ്പെട്ട ഈ ഭരണവ്യവസ്ഥ പ്രകാരം ചിലപ്പോൾ ഒരു സഭാ നായകനെ തിരഞ്ഞെടുക്കാറുമുണ്ട്.ഇദ്ദേഹം സേനാപതിയെന്നോ ചിലപ്പോൾ രാജാ എന്നു തന്നെയോ അറിയപ്പെട്ടിരുന്നു.എങ്കിലും അധികാരം പൊതു സഭയിൽ നിക്ഷിപ്തമായിരിക്കും.ചില ഗണരാജ്യങ്ങൾ അനേകം ഭരണാധിപൻമാരുടെ കോൺഫിറസികളുമായിരുന്നു.
കലിംഗം ഇത്തരത്തിലുള്ള ഒരു ഭരണ വ്യവസ്ഥ പിന്തുടർന്നിരിക്കാം.മൗര്യ സാമ്രാജ്യവുമായി യാതൊരുതര വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരുന്നത് പൊതു സഭയുടെ തീരുമാനപ്രകാരം ആകാം.സമ്പൽ സമൃദ്ധവും സ്വയം പര്യാപ്തവുമായ രാജ്യം മൗര്യ സാമ്രാജ്യത്തിന് മുന്നിൽ അടിയറ വയ്ക്കുന്നത് കലിംഗർക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.യുദ്ധം വൻ നാശം വിതച്ചിട്ടും കീഴടങ്ങാൻ താമസം നേരിട്ടത് ഇതുകൊണ്ടു തതന്നെയാവാം.
. സാധാരണയായി നായകൻ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ പിടിയിലാവുകയോ ചെയ്താൽ യുദ്ധം പരിസമാപ്തിയിലേക്കു നീങ്ങുകയാണ് പതിവ്.എന്നാൽ അശോകൻറ ശിലാശാസന പ്രകാരം അങ്ങനെ ഒരു രാജാവിൻറ പേര് എവിടെയും പറയുന്നില്ല.മാത്രമല്ല അനേകായിരം ജനങ്ങൾ പിടിയിലായതായാണ് പറയുന്നത്.ഇതെല്ലാം വിരൽ ചൂണ്ടുന്നത് കലിംഗം അന്ന് ഒരു റിപ്പബ്ളിക് സ്റ്റേറ്റ് ആയിരുന്നു എന്നതിലേക്കാണ്.