A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കടലിന്നടിയിൽ പ്രാചീന നിഗൂഢ വനം; പ്രവചിക്കുമോ വരാനിരിക്കുന്ന ദുരന്തം?



മെക്സിക്കൻ ഉൾക്കടലിന്റെ അലബാമ തീരത്ത് ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു വാർത്ത പരന്നു. കടലിൽ ഒരു പ്രത്യേക ഭാഗത്ത് വൻതോതിൽ ‘റെ‍ഡ് സ്നാപ്പർ’ മത്സ്യക്കൂട്ടം ഉയർന്നു വരുന്നു. വിലയും രുചിയും ഏറിയ മീനാണിത്. തീരത്തു നിന്ന് ഏകദേശം 10 മൈൽ മാറിയായിരുന്നു ഈ പ്രതിഭാസം. പക്ഷേ ഇത് എല്ലായിപ്പോഴുമില്ല താനും. മേഖലയില്‍ ഭാഗ്യപരീക്ഷണത്തിനു പോയവർക്ക് വല നിറച്ച് മീൻ കിട്ടുകയും ചെയ്തു. ബെൻ റെയിൻസ് എന്ന മാധ്യമപ്രവർത്തകനും ഇതിനെപ്പറ്റി കേട്ടിരുന്നു. സംഗതി അന്വേഷിച്ചു പോയപ്പോൾ സീ ഡൈവിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടയുടെ ഉടമയാണു പറഞ്ഞത്– ‘കടലിൽ ഏകദേശം 60 അടി താഴെയായി ഒരു കാടുണ്ട്. അവിടെ തീറ്റ തേടിയെത്തുന്നതിനിടെയാണ് റെഡ് സ്നാപ്പറുകൾ മുകളിലേക്ക് നീന്തിയെത്തുന്നത്’. കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷേ പ്രസ്തുത സ്ഥലമൊന്നു കാണാനായി മാസങ്ങളോളം ആ കടയുടമയ്ക്കു പിന്നാലെ നടക്കേണ്ടി വന്നു റെയിൻസിന്. ഒടുവിൽ 2011ൽ അദ്ദേഹത്തിന് കടലിന്നടിയിലെ ആ കാട്ടിലേക്ക് പ്രവേശനം ലഭിച്ചു.
ബെൻ കണ്ട അദ്ഭുതലോകം!
മറ്റൊരു ലോകം, ഒരു അദ്ഭുതലോകത്ത്, എത്തിയ അവസ്ഥയിലായിരുന്നു താനെന്നാണ് അതിനെപ്പറ്റി ബെൻ റെയിൻസ് പറഞ്ഞത്. പിന്നീടങ്ങോട്ട് മാസങ്ങളോളം ആ കാട്ടിലും പരിസരത്തുമായിരുന്നു അദ്ദേഹം. കാരണം, അവിടെ കണ്ടത് ലോകത്തിന്റെ ഭാവി തന്നെ പ്രവചിക്കാൻ കെൽപ്പുള്ള ഒരു കാടിന്റെ ശേഷിപ്പുകളായിരുന്നു. അതും ഒന്നും രണ്ടുമൊന്നുമല്ല 60,000 വർഷം പഴക്കമുള്ള മരങ്ങളും മരത്തടികളുമാണ് കാര്യമായ കേടുപാടുകളൊന്നുമില്ലാതെ കടലിന്നടിയിൽ സംരക്ഷിക്കപ്പെട്ടിരുന്നത്.

ഉപ്പുവെള്ളത്തിൽ വളരാത്തവയാണ് സൈപ്രസ് മരങ്ങൾ. ചതുപ്പുപ്രദേശങ്ങളോടാണ് പൊതുവെ താത്പര്യം. പിന്നെയെങ്ങനെ ഇവ കടലിൽ വളർന്നു? പലതും ഇപ്പോഴും അടിത്തട്ടിൽ വേരാഴ്ത്തിയ നിലയിലുമായിരുന്നു. കടലിൽ പലയിടത്തായി ചിതറിക്കിടന്നിരുന്ന മരത്തടികൾ മുകളിലേക്കെടുത്തു റെയിൻസും സംഘവും. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും ഇതിനോടകം അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും സമുദ്രത്തെപ്പറ്റി പഠനം നടത്തുന്നവരുമെല്ലാം സംഭവത്തെപ്പറ്റി കേട്ടറിഞ്ഞെത്തി കൂടെക്കൂടി.
മുദ്ര വച്ച് ‘പെട്ടിയിലാക്കിയ’ കാട്
ശേഖരിച്ച മരത്തടികളിൽ കാർബൺ ഡേറ്റിങ് വഴി പരിശോധന നടത്തിയപ്പോഴാണ് മരങ്ങളുടെ കാലപ്പഴക്കം തിരിച്ചറിഞ്ഞത്. 60,000 വർഷത്തോളം കടലിന്നടിയിൽ ഒരു കാട് സംരക്ഷിക്കപ്പെടുന്നത് ഇന്നേവരെ കേൾക്കാത്ത കാര്യമായിരുന്നു. കാരണം ഹിമയുഗത്തിലെ മഞ്ഞിൽ അക്കാലത്തെ ഒരു വിധത്തിൽപ്പെട്ട കാടുകളൊക്കെ ഇല്ലാതായതാണ്. ശേഷിക്കുന്നവ ഇതുപോലെ കടലിന്നടിയിൽപ്പെട്ട് നശിച്ചു പോയി. അലബാമയിലെ കാടുകൾക്കു മാത്രം എന്തു പറ്റി? ശരിക്കും ചരിത്രാതീത കാലത്തെ മുദ്ര വച്ച് പൂട്ടി കടലിന്നടിയിൽ സൂക്ഷിച്ച അവസ്ഥയിലായിരുന്നു അവിടത്തെ സംഭവവികാസങ്ങള്‍. സമുദ്രജലനിരപ്പ് താഴ്ന്ന പ്രാചീന കാലത്ത്, അലബാമയിലെ കാട് കണ്ടെത്തിയ സ്ഥലം ഒരു താഴ്‌വര ആയിരുന്നുവെന്നാണ് നിഗമനം. സൈപ്രസ് മരങ്ങൾ നിറഞ്ഞ കാട് ഒരു ചതുപ്പിന്റെ ഭാഗമായിരുന്നു. അവയ്ക്കിടയിലൂടെ ഒരു നദി ഒഴുകിയതിന്റെയും അടയാളങ്ങളുണ്ട്.
അക്കാലത്ത് ചതുപ്പിൽ മരങ്ങൾ വേരുറപ്പിച്ച മണ്ണിൽ ഒാക്സിജൻ കുറവായിരുന്നു. അതിനാൽത്തന്നെ മരത്തടികൾ അഴുകാനിടയാക്കുന്ന ബാക്ടീരിയങ്ങളുടെ സാന്നിധ്യവും തീരെ കുറവ്. പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തിലായിരിക്കണം ചതുപ്പ് സമുദ്രത്തിലാഴ്ന്നതെന്നാണ് ഗവേഷകരുടെ നിഗമനം. അവയ്ക്കു മേലെക്കൂടെ വൻതോതിൽ ചതുപ്പിലെ ചെളിയും വന്നു പതിച്ചിട്ടുണ്ടാകണം. അതായത്, ഓക്സിജൻ പുറത്തുകടക്കാൻ പോലും സമ്മതിക്കാതെ ഒരു ശവക്കല്ലറയിൽ മുദ്ര വയ്ക്കപ്പെട്ട അവസ്ഥ. അഴുകാനിടയാക്കുന്ന ബാക്ടീരിയങ്ങളും ഇല്ലാതായതോടെ പതിനായിരക്കണക്കിന് വർഷം കടലിന്നടിയിൽ ചെളിയുടെ ഒൻപത് അടിയോളം കനത്തിലുള്ള ‘പുതപ്പിൽ’ സുഖനിദ്ര. അയർലൻഡിൽ കൽക്കരിയുടെ സാന്നിധ്യം ഏറെയുള്ള ഒരുതരം ചെളിമണ്ണിൽ കുഴിച്ചിടുന്ന മൃതദേഹങ്ങള്‍, ഓക്സിജനില്ലാത്തതിനാൽ, വർഷങ്ങളോളം കേടുകൂടാതെയിരുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ‘പീറ്റ് ബോഗ്’ എന്നറിയപ്പെടുന്ന അതേ പ്രതിഭാസം തന്നെയാണ് കടലിന്നടിയിലും സംഭവിച്ചത്.
2004ൽ സ്ഥിതിമാറി. അലബാമയെ തച്ചുതകർത്തുകൊണ്ട് ഇവാൻ ചുഴലിക്കാറ്റെത്തി. 98 അടി വരെ റെക്കോർഡ് ഉയരത്തിലാണ് അന്ന് തിരകൾ ഉയർന്നത്. അതോടെ ‌കടലിന്റെ അടിത്തട്ടും ഇളകി മറിഞ്ഞു. പ്രാചീനകാലത്തെ കാടിനെ മൂടിക്കിടന്നിരുന്ന എക്കലും ചെളിയുമെല്ലാം വലിച്ചെറിയപ്പെട്ടു. കടലിന്നടിയിൽ ആ പഴയ കാട് പ്രത്യക്ഷമായി. അതിനെ ചുറ്റിപ്പറ്റി മത്സ്യങ്ങളും ഞണ്ടുകളും മറ്റു ജലജീവികളും നിറഞ്ഞു. അതിനിടെയാണ് റെഡ് സ്നാപ്പറെപ്പറ്റിയുള്ള വാർത്ത കേട്ട് റെയിൻസും ഇവിടേക്ക് ആകർഷിക്കപ്പെടുന്നത്. ഇത്രയേറെ കൃത്യമായി സംരക്ഷിക്കപ്പെട്ട പ്രാചീനകാലത്തെ മരങ്ങളുടെ അവശിഷ്ടങ്ങളെ ഇന്നേവരെ കണ്ടിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മരത്തടികൾ പുറത്തെടുത്ത് മുറിച്ചപ്പോൾ അവയ്ക്കുള്ളിൽ നിന്ന് പച്ചമരം മുറിക്കുമ്പോഴുള്ള അതേ ഗന്ധമാണ് ഉയർന്നത്. മാത്രവുമല്ല പശിമയുള്ള മരക്കറയും പുറത്തെത്തി. അതും 60,000 വർഷം പഴക്കമുള്ളത്!! മരത്തിന്റെ തൊലിയിൽ നിന്നും മറ്റുമായി പരാഗരേണുക്കളും ലഭിച്ചു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഇന്ന് നോർത്ത് കരോലിനയിലും വിർജീനിയയിലുമെല്ലാം കാണുന്ന തരം ‘കോസ്റ്റൽ ഫോറസ്റ്റ്’ ആയിരുന്നു ഇവയെന്നും തിരിച്ചറിഞ്ഞത്.
വരാനിരിക്കുന്നത് ദുരന്തം?
ഇനി അറിയാനുള്ളത് കാടിനെ കടലിന്നടിയിലാക്കാൻ തക്കവണ്ണം എങ്ങനെയാണ് ജല നിരപ്പ് പെട്ടെന്ന് ഉയർന്നതെന്നാണ്? വെള്ളപ്പൊക്കം ഉണ്ടായ സമയത്തെ കാലാവസ്ഥ, മഴയുടെ അളവ് എന്നിവയെല്ലാം മരത്തടികളുടെ കാതലിലെ വളയപരിശോധനയിൽ നിന്നു വ്യക്തമാകും. ആഗോളതാപനത്തെ തുടർന്ന് മഞ്ഞുരുകി സമുദ്രജലനിരപ്പ് അപായകരമായ തോതിൽ ഉയരുന്ന ഇക്കാലത്ത് പഴയകാലത്തെ സമാന അവസ്ഥകളെപ്പറ്റിയുള്ള വിവരങ്ങളറിയുന്നത് ഏറെ സഹായകരമാണ്. അത്തരത്തിൽ ലോകത്തിന്റെ തന്നെ ഭാവി പ്രവചിക്കാൻ കഴിവുള്ള ‘ജീവിക്കുന്ന ഫോസിലുകളെ’യാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പണ്ട് സമുദ്രനിരപ്പ് ഒറ്റയടിക്ക് ഉയർന്നിരുന്നോ? എങ്കിൽ എന്താണു കാരണം? അതോ പതിയെപ്പതിയെയാണോ ജലനിരപ്പ് ഉയർന്നിരുന്നത്? അലബാമയിലെ കാട് മുങ്ങിയതു പോലെ ഇന്ന് മറ്റ് തീരപ്രദേശങ്ങളും കടലിന്നടിയിലാകാൻ സാധ്യതയുണ്ടോ? അതെപ്പോൾ സംഭവിക്കാനാണു സാധ്യത? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. അതിന്റെ ഫലം ഒരുപക്ഷേ നമുക്ക് നൽകുക വരാനിരിക്കുന്ന ദുരന്തത്തെപ്പറ്റിയുള്ള സൂചനകളുമായിരിക്കാം