A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആരാൽ :- ഒരു കടൽ ഇല്ലാതാകുന്നു

ഭൂഗോളത്തിലെ വലിയൊരു അത്യാഹിതമായിട്ടാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ഒരു കടല്‍ വറ്റിപ്പോവുക. പകരം മരുഭൂമി പിറക്കുക!! അവിശ്വാസത്താല്‍ പുരികം തെല്ലു വളച്ചല്ലാതെ ആര്‍ക്കാണ് ഇത് കേള്‍ക്കാനാവുക? ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ (മഹാ തടാകം)അന്ത്യം സംഭവിച്ചത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്നുകൂടി അറിയുമ്പോള്‍ അതൊരു ഞെട്ടലായി മാറും.
കേട്ടിട്ടില്ളേ ‘ആരാല്‍’ കടലെന്ന്. ആരാല്‍ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്.
ഇന്നും ആ കടല്‍ മനസ്സില്‍ അലയടിക്കുന്ന ഒരു മീന്‍പിടുത്തക്കാരനുണ്ട് അവിടെ. അതാണ് ഖോജാബെ. ഖോജാബെയെ പോലുള്ള സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാല്‍ മാറിയതെങ്ങനെയെന്ന് അറിയാമോ?
ആരാലിന്‍െറ മാറില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. 1970കള്‍ വരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങള്‍ക്ക് മല്‍സ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവര്‍ കണ്ടത്. 40 വര്‍ഷം പിന്നിട്ടപ്പോഴേക്കും കടലിന്‍റെ നെഞ്ച് കാണാന്‍ തുടങ്ങിയിരുന്നു. 68000സ്ക്വയര്‍ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടല്‍ മരിച്ചു!
40 മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന ആരാലിലെ വെള്ളം ഞങ്ങള്‍ നോക്കി നില്‍ക്കെ നീരാവിയായി ആകാശത്തിലേക്കുയര്‍ന്നു - ആരാല്‍ ഉള്‍പ്പെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാല്‍ കടലിന്‍റെ വടക്കന്‍ തീരത്തെ ഗ്രാമം. ഈ കടലില്‍ ഞങ്ങള്‍ എത്രതവണ മുങ്ങാംകുഴിയിട്ടിരിക്കുന്നു. കുട്ടികള്‍ എത്രതവണ കടല്‍ക്കുളിക്കിറങ്ങിയിരിക്കുന്നു. ഞാന്‍ നില്‍ക്കുന്ന ഇതേ സ്ഥലത്ത് -ഇതുപറയുമ്പോള്‍ 86കാരനായ ഖോജാബെയുടെ കാലിനടിയിലെ മണ്ണ് ചുട്ടുപൊള്ളുകയായിരുന്നു. ഇപ്പോള്‍ നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം ‘മണല്‍കടല്‍’ കാണാം. അവിടെ പണ്ടൊരു നിറകടല്‍ അതിന്‍റെ ഉള്ളില്‍ പലതിനെയും ഒളിപ്പിച്ച് ജീവിച്ചിരുന്നു എന്നതിന് പല അടയാളങ്ങളും. മണ്ണില്‍ ഉറഞ്ഞുപോയതിനാല്‍ ഉടമകള്‍ ഉപേക്ഷിച്ചുപോയ കൂറ്റന്‍ മീന്‍പിടുത്ത ബോട്ടിന്‍െറയും കപ്പലിന്‍റെയും അവശേഷിപ്പുകള്‍ ഒരു പ്രേതഭൂമിയെ അനുസ്മരിപ്പിക്കുന്നു. ഈ ബോട്ടില്‍ 20 മുതല്‍ 40 പേര്‍ വരെ മീന്‍പടിക്കാന്‍ പോവാറുണ്ടായിരുന്നു. വീണ്ടെടുക്കാനാവാത്ത വിധം മണ്ണില്‍ ഉറച്ചുപോയ അവയെ ഉടമകള്‍ കണ്ണീരോടെ ഉപേക്ഷിക്കുകയായിരുന്നു. മണല്‍പുറത്ത് ആഞ്ഞു വീശുന്ന കാറ്റില്‍ അവ പുതഞ്ഞുപോയിരിക്കുന്നു. ‘ദിവസം ഞാന്‍ 400 കിലോഗ്രാം വരെ മീന്‍ പിടിക്കുമായിരുന്നു. എന്നാല്‍, എന്‍റെ അവസാനത്തെ വലയില്‍ ജീവനറ്റ മല്‍സ്യങ്ങള്‍ ആയിരുന്നു.
മരുഭൂമി പിറക്കുന്നു
കടലിന്‍റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് വേദനയോടെ ഖോജാബെ പറയുന്നത് കേള്‍ക്കുക. ആ കാലങ്ങളില്‍ കടലില്‍ ഉപ്പിന്‍െറ അംശം ഘനീഭവിച്ചു. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ മേല്‍ വെളുത്ത പാടയോ പൊടിയോ വന്നു മൂടി. ശരീരം കഠിനമായി വരണ്ടു- ഇതോടെ ഖോജാബെയും ഗ്രാമത്തിലെ മറ്റു മീന്‍പിടിത്തക്കാരും തങ്ങളുടെ സ്വപ്ന ഭൂമിയെ പിറകില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അവരുടെ മുന്നില്‍ ഉള്ള ലക്ഷ്യമാവട്ടെ, 2000ത്തിലേറെ കിലോമീറ്റുകള്‍ക്കപ്പുറത്തെ കിഴക്കന്‍ കസാക്കിസ്താന്‍റെ ബല്‍ഖാഷ് ആയിരുന്നു. ചൈനയുടെ അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശമായിരുന്നു അത്. എന്നിട്ടും അവിടം വിടാന്‍ മനസ്സുവരാതെ വര്‍ഷത്തിന്‍റെ പാതിയോളം ഭീതിജനകമായ അന്തരീക്ഷത്തില്‍ അവര്‍ പിടിച്ചു നിന്നു. എന്നും ഉറക്കമുണരുമ്പോള്‍ കടല്‍ തിരികെയത്തെിയോ എന്ന് വിദൂരതയിലേക്ക് വെറുതേ കണ്ണെറിയുമായിരുന്നു ഖോജാബെ. ഒരിക്കലും അതു സംഭവിക്കില്ളെന്ന് അറിയാമായിരുന്നിട്ടും.

പിന്നീടങ്ങോട്ട് ദ്രുതഗതിയില്‍ ആയിരുന്നു അന്തരീക്ഷത്തിന്‍റെ ഭാവമാറ്റം. വിവിധയിനം ധാന്യങ്ങളും ഫലവര്‍ഗങ്ങളും വിളയിപ്പിച്ചെടുത്ത ഞങ്ങളുടെ മണ്ണ്. തണ്ണിമത്തന്‍ ഇഷ്ടം പോലെ വിളയിക്കുകയും ഭക്ഷണമാക്കുകയും ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തിരുന്നു ഞങ്ങള്‍. ബാര്‍ലിയും ചോളവും ഉണ്ടാക്കി. പൊടുന്നനെ മഴ നിലച്ചു. പുല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. കടലിനോട് ചേര്‍ന്ന ശുദ്ധജലത്തിന്‍റെ കൈവഴികള്‍ മെലിഞ്ഞു നേര്‍ത്തു. പിന്നീട് അവ അപ്രത്യക്ഷമായി. ഈ മേഖലയില്‍ പതിവായിരുന്ന കൃഷ്ണമൃഗങ്ങള്‍ ഇല്ലാതായി. വേനല്‍കാലം അസഹനീയമായ ചൂടോടെ പ്രത്യക്ഷപ്പെട്ടു. തണുപ്പാകട്ടെ അതിനേക്കാള്‍ ഭീകരവും. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് ബോട്ടുകളില്‍ യാത്ര ചെയ്തിരുന്നത് ഓര്‍മയായി. ഇപ്പോള്‍ കാറുകളും ട്രക്കുകളുമാണ് ഈ ‘മണല്‍ കടല്‍’ കടക്കുന്നത് -ഓര്‍മയിലലയടിച്ച കടലിന്‍റെ വരണ്ട മാറിലൂടെ യാത്രികര്‍ കടന്നുപോയി.
ആ കടല്‍ ഇനിയൊരിക്കലും മടങ്ങിവരില്ളെന്ന് അവര്‍ക്കറിയാമായിരുന്നു. അവസാന നിമിഷം വരെ പിടിച്ചു നിന്ന ഖോജാബെയും കൂട്ടുകാരും മറ്റു തൊഴിലുകള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വടക്കന്‍ കസാക്കിസ്താനിലെ മറ്റൊരു കേന്ദ്രത്തിലേക്കത്തെുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും ആ യാത്ര കഠിനതരമായതിനാല്‍ അവര്‍ മടങ്ങി. മീന്‍ പിടിച്ച ‘കടലില്‍’ ഒട്ടകത്തെ മേയ്ച്ച് അവര്‍ ഉപജീവനം തേടി.
കടല്‍ മറഞ്ഞ വഴി
സുപീരിയര്‍,വിക്ടോറിയ,കാസ്പിയന്‍ തടാകങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം കൂടിയായിരുന്നു ആരാല്‍. മധ്യേഷ്യയുടെ ഓമനപുത്രിയായിരുന്നു ഇത്. മധ്യേഷ്യയില്‍ നിന്നുള്ള രണ്ടു വന്‍ നദികള്‍ ആണ് ആരാല്‍ കടലിനെ ജല സമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിര്‍ ദാര്യയും. ഈ നദികള്‍ സോവിയറ്റ് രാജ്യങ്ങളിലെ പരുത്തി കൃഷിയെ ജീവത്താക്കി. ‘വെളുത്ത സ്വര്‍ണം’ എന്നറിയപ്പെട്ടിരുന്ന പരുത്തിയുടെ കയറ്റുമതിയില്‍ വ്യവസായം ഉയര്‍ച്ചയിലത്തെി. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉല്‍പാദകരാജ്യമായി മാറാന്‍ സോവിയറ്റ് മല്‍സരിച്ചു. 1980കളില്‍ ഉസ്ബെക്കിസ്താന്‍ ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും പരുത്തികൃഷിയില്‍ മുന്നില്‍ എത്തിയിരുന്നു. സ്കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ വര്‍ഷത്തിന്‍റെ പാതി കാലയളവില്‍ പരുത്തി കൃഷിയിടങ്ങളില്‍ ചെലവഴിച്ചു.
സോവിയറ്റിന്‍െറ വ്യാവസായിക ആര്‍ത്തിയായിരുന്നു ആരാല്‍ കടലിനെ ഞെക്കിക്കൊന്നത്. മറ്റു തരത്തില്‍ പറഞ്ഞാല്‍ പരുത്തികൃഷിക്കുവേണ്ടിയുള്ള സോവിയറ്റ് പദ്ധതിയില്‍ ഒരു കടല്‍ മരിച്ചൊടുങ്ങി. സിര്‍ ദാര്യയിലെയും അമു ദാര്യയെയും വെള്ളം പരുത്തി കൃഷിക്കായി തിരിച്ചു വിടാന്‍ തുടങ്ങി. അതിനായി അണക്കെട്ട് നിര്‍മിക്കാന്‍ 1960ല്‍ സോവിയറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. 1940ല്‍ കൂറ്റന്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചു. അണക്കെട്ട് യാഥാര്‍ഥ്യമാവുന്നതിന് മുമ്പ് 1960ല്‍തന്നെ ആരാല്‍ കടല്‍ മെലിയാന്‍ തുടങ്ങിയിരുന്നു. ആദ്യത്തെ പത്തു വര്‍ഷം കൊണ്ട് വര്‍ഷത്തില്‍ 20 സെന്‍റീമീറ്റര്‍ എന്ന തോതില്‍ ചുരുങ്ങി. തൊട്ടടുത്ത ദശകങ്ങളില്‍ ഈ ചുരുങ്ങല്‍ വര്‍ഷത്തില്‍ മൂന്നും നാലും ഇരട്ടിയായി. 2000 ആയപ്പോഴേക്കും കൃഷിക്കായി നദികളില്‍ നിന്ന് വെള്ളമെടുക്കുന്നതിന്‍റെ അളവ് മടങ്ങുകളായി വര്‍ധിച്ചിരുന്നു.
2005ല്‍ വടക്ക് ആരാല്‍ എന്നും തെക്ക് ആരാല്‍ എന്നും കുറുകെ മുറിച്ച് ‘കോക്കറാല്‍’ അണക്കെട്ട് ഉയര്‍ന്നുവന്നു. 13 കിലോമീറ്റര്‍ ആയിരുന്നു ഇതിന്‍റെ നീളം. രണ്ടു നില കെട്ടിടത്തിന്‍റെ ഉയരവും. ഇതോടെ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നിടത്തെ ജലത്തിന്‍റെ ഉയരം മൂന്നു മീറ്ററിലേറെ ഉയര്‍ന്നു.
ഈ നദികളിലെ വെള്ളം പിന്നീട് പരുത്തികൃഷിയിടങ്ങള്‍ക്കപ്പുറത്തേക്ക് കുതിച്ചൊഴുകിയില്ല. ആരാല്‍ കടലിലേക്കുള്ള ഒഴുക്ക് ക്രമേണ കുറഞ്ഞു. ഇതോടെ വിശാലമായ ആരാല്‍ കടല്‍ രണ്ടു ഉപ്പ് തടാകങ്ങള്‍ ആയി മാറി. അതിന്‍റെ ദക്ഷിണ ഭാഗം ഉസ്ബെക്കിസ്താനിലും ഉത്തരഭാഗം കസാക്കിസ്താനിലുമായി. മെലിഞ്ഞുകൊണ്ടിരിക്കുന്ന തടാകത്തിലേക്ക് പിന്നീട് വന്‍തോതില്‍ രാസകീടനാശികള്‍ കലരാന്‍ തുടങ്ങി. മല്‍സ്യസമ്പത്തിനെ പ്രതികൂലമായി ബധിച്ചു. കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്‍റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്‍റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ കാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.
അഞ്ചു മാസങ്ങള്‍ക്കു മുമ്പ്, 2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ആരാല്‍ കടല്‍ അര നൂറ്റാണ്ടു തികയുന്നതിനു മുമ്പ് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്‍റെ അപ്രത്യക്ഷമാവല്‍ ഒരുവേള അതിന്‍റെ ഘാതകരായ സോവിയറ്റ് രാജ്യങ്ങളെ പോലും അമ്പരപ്പിച്ചു. സോവിയറ്റിന്‍റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി.
കടലിന് മുകളിലുടെ കാറോടിച്ച് പോവുമ്പോള്‍ ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ‘അരാല്‍ സീ’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ താര ഫിറ്റ്സറാള്‍ഡ് എഴുതി.
എന്നാല്‍, ഒരു കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും ആരാലിലെ കുട്ടികള്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ ആരാല്‍ മടങ്ങി വരും. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ഞങ്ങളുടെ നാട് കാണാന്‍ എത്തും. അവര്‍ക്കായി ഇവിടെ ധാരാളം ഹോട്ടലുകളും താമസകേന്ദ്രങ്ങളും ഉയരും. എന്‍റെ എല്ലാ ശ്രമങ്ങളും അതിനുവേണ്ടി വിനിയോഗിക്കും -ഭാവിയില്‍ എഞ്ചിനീയര്‍ ആവാന്‍ കൊതിക്കുന്ന15കാരന്‍ ഹൈദറിന്‍റെ സ്വപ്നമാണിത്. ‘അസ്താന’യെയും ‘അല്‍മാട്ടി’യെയും പോലെ നിറസമൃദ്ധിയുള്ള ആരാല്‍ നഗരം സ്വപ്നം കാണുന്നവരുടെ കൂട്ടത്തില്‍ ഹൈദറിന്‍റെ കൂട്ടുകാരിയുമുണ്ട്. കസാക്കിസ്താന്‍റെ തലസ്ഥാനമായി ഒരു നാള്‍ ആരാല്‍ മാറുമെന്നുകൂടി അവള്‍ പ്രത്യാശിക്കുന്നു. ഇതു പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരു കടലിളക്കം കാണാമായിരുന്നു.
(മാധ്യമം പത്രം )
Image may contain: outdoor, water and nature