ലോക മഹായുദ്ധങ്ങൾ കഴിഞ്ഞാൽ ഈ ലോകത്തു ഏറ്റവും കൂടുതൽ ചർച്ച ചെയ്‌യപെട്ടത് കുരിശു യുദ്ധങ്ങളെപ്പറ്റിയാണ്. ഇരുണ്ട കാലം (Dark Ages) എന്നറിയപ്പെട്ട മധ്യകാലഘട്ടത്തിൽ ആണ് ലോകത്തിലെ ഏറ്റവും വല്യ രണ്ടു മതങ്ങൾ പരസ്പരം നേരിട്ട് ഏറ്റുമുട്ടുകയും അത് കാരണം പല സാമ്രാജ്യങ്ങളും തളരുകയും വളരുകയും ചെയ്തത്. യേശു ക്രിസ്തു ജനിക്കുകയും പ്രേഷിത പ്രവർത്തനം നടത്തുകയും കുരിശു മരണം വരിക്കുകയും ചെയ്ത ജെറുസലേം ക്രിസ്ത്യാനികളുടെ ഏറ്റവും വല്യ പുണ്യ സ്ഥലം ആയിരുന്നു. മുഹമ്മദ് നബി സ്വർഗത്തിലേക്ക് സന്ദർശനം നടത്തിയെന്നു വിശ്വസിച്ചിരുന്ന ജറുസലേമായിരുന്നു മുസ്ലീങ്ങൾക്ക് മക്കയും മദീനയും കഴിഞ്ഞാൽ തങ്ങളുടെ മൂന്നാമത്തെ വല്യ പുണ്യസ്ഥലം. ഖലീഫ ഉമ്മർ തൻ്റെ പടയോട്ടങ്ങളിൽ ജെറുസലേം കീഴടക്കുകയും അത് തൻ്റെ രാജ്യത്തിൻറെ ഭാഗം ആക്കുകയും ചെയ്‌തെങ്കിലും 7 , 8 നൂറ്റാണ്ടുകളിൽ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും അവിടെ സമാധാനത്തോടെ വസിക്കുകയും ക്രിസ്തുമതത്തിൻ്റെ പ്രധാന കേന്ദ്രമായ യൂറോപ്പിൽ നിന്നും തീർത്ഥാടകർ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജെറുസലേം സന്ദർശിക്കുകയും ചെയ്‌യുമായിരുന്നു. എന്നാൽ പിന്നീട് തുർക്കിയും ഈജിപ്തും ഒക്കെ കീഴടക്കി മുസ്ലിം ഭരണാധികാരികൾ യൂറോപ്പിൻ്റെ പടിവാതിലിൽ എത്തുകയും യൂറോപ്യന്മാർ ശക്തമായി ചെറുക്കുകയും ചെയ്തതോടെ ഈ മതങ്ങൾ തമ്മിൽ ഉരസലുകൾ ആരംഭിച്ചു . ജെറുസലേം സന്ദർശിക്കാൻ എത്തുന്ന തീർത്ഥാടകർ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത് ഈ മത വൈരത്തിന് ആക്കം കൂട്ടി. മുസ്ലിങ്ങൾക്ക് പൊതുവായ ഒരു നേതൃത്വം ഇല്ലായിരുന്നതും പോപ്പിൻ്റെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ സംഘടിച്ചതും കുരിശു യുദ്ധങ്ങളിലേക്കും തുടർന്ന് മുസ്ലിം സാമ്രാജ്യങ്ങൾക്കു മധ്യത്തിൽ ജെറുസലേമും മറ്റു തീര പ്രദേശങ്ങളും ഉൾപ്പെട്ട ഒരു ക്രിസ്ത്യൻ സാമ്രാജ്യം ഉയർന്നു വരുന്നതിനും കാരണമായി. ഒന്നാം കുരിശു യുദ്ധത്തിലും രണ്ടാം കുരിശു യുദ്ധത്തിലും പരസ്പരം പോരടിക്കുന്ന മുസ്ലിം രാജ്യങ്ങളെ എളുപ്പം തോൽപ്പിക്കുകയും ക്രിസ്ത്യാനികൾ വ്യക്തമായ വിജയം നേടുകയും ചെയ്തിരുന്നു. ഈ ക്രിസ്ത്യൻ സമൂഹം പിടിച്ചെടുത്ത പ്രദേശങ്ങളിൽ കോട്ടകൾ ഉണ്ടാക്കി സ്ഥിര താമസമാക്കുകയും കാലക്രമേണ ഫ്രാങ്കുകൾ എന്നറിയപ്പെടുകയും ചെയ്തു .
രണ്ടാം കുരിശുയുദ്ധത്തിലെ പരാജയത്തിനു ശേഷവും തമ്മിലടി തുടർന്ന മുസ്ലിം രാജ്യങ്ങളിൽ സിറിയയും ഈജിപ്തും ആയിരുന്നു പ്രമുഖർ. സിറിയയിലെ ഭരണാധികാരി ആയ നൂറുദിൻ തൻ്റെ ജനറൽ ആയ ശിർക്കുവിന്റെ നേതൃത്വത്തിൽ ഈജിപ്ത് കീഴടക്കാൻ ഒരു സേനയെ അയച്ചു . ശിർക്കുവിന്റെ വലം കൈയായി 26 വയസ്സ് മാത്രം പ്രായമായ ഒരു ബന്ധുവും ഉണ്ടായിരുന്നു - സലാവുദിൻ . ഇന്നത്തെ ഇറാഖിലെ തിക്രിത്തിൽ 1137 ൽ ഒരു കുർദ് കുടുംബത്തിൽ ജനിച്ച സലാവുദീൻ അന്നത്തെ പ്രാദേശികത വച്ച് നോക്കിയാൽ ഒരു വെളിനാട്ടുകാരൻ ആയിരുന്നു. സലാവുദീൻ്റെ സഹായത്തോടെ ഈജിപ്ത് കീഴടക്കിയ ശിർക്കു പിന്നീട് അവിടെ വച്ച് തന്നെ മരണപ്പെടുകയും സലാവുദിൻ ഈജിപ്തിലെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് സിറിയയിലെ നൂറുദിൻ മരണപ്പെടുകയും അനന്തരാവകാശികൾ കഴിവില്ലാത്തവരായതിനാൽ സാമ്രാജ്യം ഛിന്നഭിന്നമായിപ്പോകും എന്ന നിലയിലേക്കാകുകയും ചെയ്തപ്പോൾ സലാവുദിൻ സിറിയയുടെയും ഭരണം ഏറ്റെടുത്തു സലാവുദിൻ അയ്യൂബി എന്ന പേരിൽ അയ്യൂബി സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ തൻ്റെ രണ്ടു രാജ്യങ്ങളുടെ പിൻബലത്തിൽ അറേബ്യൻ ഉപഭൂഖണ്ഡം മുഴുവൻ പിന്നെ സലാവുദിൻ്റെ പടയോട്ടം ആയിരുന്നു . തമ്മിൽ തല്ലുന്ന മുസ്ലിം രാജ്യങ്ങളെയൊക്കെ ഒരു കുടക്കീഴിൽ ഒന്നിച്ചു നിർത്തിയപ്പോഴും ഫ്രാങ്കുകളുമായുള്ള ഏറ്റുമുട്ടലുകൾ തന്ത്ര പൂർവം ഒഴിവാക്കി സലാവുദിൻ. ഈ സമയം കുഷ്ഠ രോഗിയായ ബാൾഡ്വിൻ നാലാമൻ ആയിരുന്നു ജെറുസലേമിൻ്റെ ഭരണാധികാരി . സലാവുദിൻ്റെ ആക്രമണം ചെറുത്തു തോൽപ്പിക്കുന്നതിൽ വിജയിച്ചുവെങ്കിലും ബാൾഡ്വിൻ സലാവുദിനുമായി ഒരു സന്ധിയിലൂടെ സമാധാനം ഉണ്ടാക്കിയിരുന്നു . ജെറുസലേമും സലാവുദിനും തമ്മിലുള്ള യുദ്ധത്തിനിടയിൽ പോലും കുഷ്ഠ രോഗിയായ ബാൾഡ്വിനു പേർഷ്യൻ വൈദ്യന്മാരെ അയച്ചു കൊടുത്ത സലാവുദിന്റെ കാരുണ്യം ഏഷ്യയിലും യൂറോപ്പിലും ആകമാനം ചർച്ചയായി. തന്റെ പടയോട്ടങ്ങൾ എല്ലാം വിജയത്തിൽ അവസാനിപ്പിച്ച് കാരുണ്യവാനും കഴിവുറ്റവനും ആയ ഭരണാധികാരി എന്ന നിലയിൽ സലാവുദിന്റെ കീർത്തി മധ്യേഷ്യയിലെങ്ങും വ്യാപിച്ചു. പക്ഷെ മുസ്ലിം ലോകം ഒന്നടങ്കം സലാവുദിനെ വിമർശിച്ചു .പടയോട്ടങ്ങളും വിജയങ്ങളും എല്ലാം നേടിയെങ്കിലും ജറുസലേമിൽ തുടരുന്ന ക്രൈസ്തവാധിപത്യം സലാവുദിൻ്റെ കഴിവുകേടാണെന്നും സലാവുദിൻ മുസ്ലിം രക്തം വീഴ്‌ത്തുന്നതിൽ മാത്രമാണ് തല്പരനെന്നും ഇസ്ലാമിന് വേണ്ടി ഒന്നും ചെയ്‌യാത്ത സലാവുദിന് പരലോകത്തിൽ യാതൊരു മഹത്വവും കിട്ടില്ല എന്നും ഇസ്ലാമിക പണ്ഡിതന്മാർ പ്രസംഗിച്ചു നടന്നു . ഫ്രാങ്കുകളുമായി ഒരേറ്റുമുട്ടലിനു മടിച്ചു നിന്നെങ്കിലും തൻ്റെ 50 ആം വയസ്സിൽ തനിക്കു ബാധിച്ച ഒരസുഖത്തിൽ നിന്ന് മുക്തി പ്രാപിച്ചതു അല്ലാഹുവിന്റെ കൃപയാലാണെന്നു വിശ്വസിച്ച സലാവുദിൻ ജെറുസലേം പിടിച്ചെടുക്കാനുള്ള ജിഹാദിന് ആഹ്വാനം ചെയ്തു . അപ്പോഴേക്കും ബാൾഡ്വിൻ്റെ മരണ ശേഷം ബാൾഡ്വിൻ്റെ സഹോദരി ഭർത്താവ് ആയ ഗൈ ഓഫ് ലുസിഗ്നൻ ആയിരുന്നു ജെറുസലേം രാജാവ്.
സലാവുദിൻ തൻ്റെ ഈജിപ്തിലേക്കുള്ള പടയോട്ടം ആരംഭിച്ച കാലത്തായിരുന്നു ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തു ഇംഗ്ലണ്ടിലെ രാജാവായ ഹെന്രി രണ്ടാമൻ്റെ മകനായി പിന്നീട് സലാവുദിന്റെ മുഖ്യ വൈരി ആയി മാറിയ റിച്ചാർഡിൻ്റെ ജനനം. ചെറുപ്പത്തിൽ തന്നെ പിതാവിൻ്റെ അപ്രീതിക്കു പാത്രമായ റിച്ചാർഡ് തൻ്റെ ഫ്രഞ്ച് ബന്ധങ്ങൾ ഉപയോഗിച്ച് ഫ്രഞ്ച് കാരെ കൂടെ നിർത്തി പിതാവിനെ അട്ടിമറിക്കാൻ പോലും ശ്രമിച്ചിരുന്നു. ഹെന്രി രണ്ടാമൻ്റെ അവസാന കാലത്തു റിച്ചാർഡിൻ്റെ അനുജൻ ജോണിനെ രാജാവാക്കാൻ ശ്രമിച്ചെങ്കിലും ഫ്രഞ്ചുകാരുടെയും തൻ്റെ അമ്മയുടെയും സഹായത്തോടെ പിതാവിനെ നിയന്ത്രിക്കാൻ റിച്ചാർഡിനു സാധിച്ചു . അധികാരം ഏറ്റെടുത്ത ഉടനെ തന്നെ ജൂത വിരുദ്ധ നിലപാടുകളിലൂടെ പോപ്പിന്റെ പ്രീതി പിടിച്ചു പറ്റിയ റിച്ചാർഡിനെ കുരിശുയുദ്ധവും ജറുസലേമും എന്നും ഭ്രമിപ്പിച്ചിരുന്നു. യുദ്ധ മുന്നണിയിൽ നേരിട്ട് ഇറങ്ങി മുന്നണിയിൽ നിന്ന് പോരാടുന്ന റിച്ചാർഡ് ഒരു തികഞ്ഞ യോദ്ധാവും ആയിരുന്നു.
1187 ൽ സലാവുദിൻ്റെ ജെറുസലേം ആക്രമണം ആരംഭിച്ചു .ബാൾഡ്വിനെ പോലെ ജെറുസലേം കോട്ടയ്ക്കുള്ളിൽ നിന്ന് സുരക്ഷിതമായി ആക്രമണത്തെ ചെറുക്കുന്നതിന് പകരം ചില ഉപജാപകരുടെ ഉപദേശത്തിൽ പെട്ട് ഹാറ്റിൻ എന്ന സ്ഥലത്തു വച്ച് ഗൈ ഓഫ് ലുസിഗ്നൻ സലാവുദിൻ്റെ സൈന്യത്തിനെ കടന്നാക്രമിച്ചു . വിജയം ഉറപ്പിക്കാൻ വേണ്ടി ഗൈ ഓഫ് ലുസിഗ്നന്റെ കുരിശു യോദ്ധാക്കൾ ഒരു അതിബുദ്ധി കാണിച്ചു . ക്രിസ്തുവിനെ തറച്ചിരുന്ന കുരിശിൻ്റെ ഒരു ഭാഗം "യഥാർത്ഥ കുരിശ്" (true cross ) എന്ന പേരിൽ ജറുസലേമിലെ കുരിശു യുദ്ധ യോദ്ധാക്കളുടെ പക്കൽ ഉണ്ടായിരുന്നു. ഇത് കൈയിൽ ഉള്ളവർ അജയ്‌യർ ആണെന്നായിരുന്നു അന്നത്തെ വിശ്വാസം ( ഹിറ്റ്‌ലർ ഈ കുരിശിനു വേണ്ടി നടത്തിയ അന്വേഷണം വളരെ പ്രശസ്തം ആണ് ). വിജയം ഉറപ്പിക്കാൻ ഈ കുരിശും കൊണ്ടാണ് അവർ സലാവുദിൻ്റെ സേനയെ ആക്രമിച്ചത്. കോട്ടയുടെ സുരക്ഷിതത്വത്തിൽ നിന്നും വെളിയിലിറങ്ങിയ കുരിശു യോദ്ധാക്കളെ സലാവുദിൻ തോൽപ്പിക്കുക മാത്രമല്ല യഥാർത്ഥ കുരിശു കൈക്കലാക്കി പിന്നീട് ഉള്ള യുദ്ധങ്ങളിലേക്കായുള്ള ഒരു വിലപേശൽ വസ്തുവായി തൻ്റെ പക്കൽ സൂക്ഷിക്കുകയും ചെയ്തു.അങ്ങനെ 88 വർഷങ്ങൾക്കു ശേഷം ജെറുസലേം പിടിച്ചെടുത്ത മുസ്ലിംങ്ങൾ സലാവുദിൻ്റെ നേതൃത്വത്തിൽ നഗരത്തിലേക്ക് കടന്നു . നഗരവാസികളായ ക്രൈസ്‌തവർ ഭയന്നു വിറച്ചു പോയി. സലാവുദ്ദിൻ്റെ സൈനികർ ബലാൽസംഗം ചെയ്യുമെന്ന് ഭയന്ന അമ്മമാർ പെൺകുട്ടികളുടെ മുടി മുറിച്ചുകളഞ്ഞു ആൺകുട്ടികളെപോലെ തോന്നിക്കാൻ ശ്രമിച്ചു . ക്രൈസ്‌തവരുടെ ഈ ഭയത്തിനു കാരണം 88 വർഷം മുൻപ് കുരിശു യുദ്ധക്കാർ ജെറുസലേം കീഴടക്കിയതിനെ തുടർന്ന് നടത്തിയ വ്യാപക മത പീഡനം ആയിരുന്നു. നഗരത്തിലെ മുസ്ലിങ്ങളെ എല്ലാം കൊന്നൊടുക്കുകയും വ്യാപകമായ തോതിൽ കൊള്ളിവയ്പ്പും ബലാത്സംഗവും മുസ്ലിം, ജൂത പള്ളികളുടെ നശീകരണവും അന്നവർ നടത്തിയിരുന്നു . എന്നാൽ സലാവുദീനാകട്ടെ പള്ളികൾ തകർക്കാനുള്ള തന്റെ പുരോഹിതരുടെ ഉപദേശം തള്ളിക്കളയുക മാത്രമല്ല ഖലീഫ ഉമറിന്റെ മാതൃക പിന്തുടർന്ന് ക്രൈസ്‌തവ പള്ളികളും ആരാധനയും തുടർന്നു കൊള്ളാനുള്ള അനുവാദവും കൊടുത്തു. തൻ്റെ കീഴിൽ ക്രിസ്ത്യൻ ജൂത പ്രജകൾ സുരക്ഷിതർ ആയിരിക്കും എന്ന് പ്രഖ്യാപിച്ച സലാവുദിൻ ഇവരുടെ ആരാധനാ സ്ഥലങ്ങളിലേക്ക് മറുനാടൻ തീർത്ഥാടകർക്ക് തീർത്ഥാടനത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടും എന്ന ഉറപ്പും കൊടുത്തു. പക്ഷെ ജറുസലേമിലെ പള്ളികളിലെ അവകാശം റോമിൽ നിന്നെടുത്തു മാറ്റി തന്നോട് സന്ധിയിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് സഭക്ക് സലാവുദിൻ വിട്ടു കൊടുത്തു.അതേ വർഷം അവസാനം തന്നെ അദ്ദേഹം അക്രെ എന്ന തുറമുഖ നഗരം കൂടെ കുരിശു യുദ്ധക്കാരിൽ നിന്നും പിടിച്ചെടുത്തു തന്റെ നില മെച്ചപ്പെടുത്തി.
ജെറുസലേം മുസ്ലിങ്ങൾ കീഴടക്കിക്കിയതറിഞ്ഞ പോപ്പ് അർബൻ മൂന്നാമൻ ഹൃദയം പൊട്ടി മരിച്ചു. പുതിയതായി ചുമതല ഏറ്റെടുത്ത പോപ്പ് ഗ്രിഗറി എട്ടാമൻ ജെറുസലേമിൻ്റെ പതനത്തിനു കാരണം ക്രിസ്ത്യാനികൾ ചെയ്ത പാപങ്ങൾ ആണെന്നും ഒരു കുരിശു യുദ്ധം മാത്രമേ ഇതിനു പരിഹാരം ഉള്ളു എന്നും അരുളി ചെയ്തു . ഹോളി റോമൻ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ഒന്നാമൻ ബാർബറോസ ഉടൻ തന്നെ തൻ്റെ ഒരു ലക്ഷം വരുന്ന സൈനികരുമായി കുരിശു യുദ്ധത്തിനായി ഇറങ്ങിത്തിരിച്ചു. ഗ്രീക്ക് ഓർത്തഡോൿസ് കാരായ ബൈസന്റിൻ ചക്രവർത്തി ഐസക് രണ്ടാമൻ ഫ്രഡറിക്കിൻ്റെ വഴി തടയും എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സാലാവുദിന്റെ ശത്രുവായ അനറ്റോളിയ സുൽത്താൻ കൊടുത്ത വഴിയായിരുന്നു ഫ്രഡറിക്കിൻ്റെ സഞ്ചാരം. മാർഗ്ഗമധ്യേ കുതിരക്കൊപ്പം സാലേഫ് നദിയിൽ വീണു ഫ്രഡറിക്ക് അന്തരിച്ചു .അതോടെ പോപ്പ് കുരിശു യുദ്ധത്തിന്റെ ചുമതല ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ഏൽപ്പിച്ചു. സലാഡിൻ ദശാംശം ( saladin tithe ) എന്ന പുതിയ നികുതി ജനങ്ങളിൽ ചുമത്തി ഇംഗ്ലണ്ടിലെ റിച്ചാർഡും ഫ്രാൻസിലെ ഫിലിപ് രണ്ടാമനും പടയൊരുക്കം തുടങ്ങി. യൂറോപ്പിലെ പല രാജ്യങ്ങളും ഇവരുടെ കൂടെ കൂടി , ഒപ്പം ഫ്രഡറിക്കിൻ്റെ അവശേഷിച്ച പടയും . ഇവർ എല്ലാവരും ചേർന്ന വൻ സൈന്യം 1189 ൽ അക്രെയിൽ എത്തിയപ്പോഴാണ് സലാവുദിന് താൻ കുടത്തിൽ നിന്ന് തുറന്നു വിട്ട ഭൂതത്തിൻ്റെ യഥാർത്ഥ വലിപ്പം മനസ്സിലായത് . യുദ്ധങ്ങൾ എല്ലാം അവസാനിപ്പിക്കാൻ നടത്തിയ ശ്രമം യഥാർത്ഥത്തിൽ വലിയൊരു ചോരപ്പുഴയൊഴുക്കാൻ പാകത്തിലുള്ള മഹായുദ്ധമായി പരിണമിക്കാൻ പോകുന്നു .
അക്രെയാണ് പോരാട്ടത്തിൻ്റെ ഗതി നിർണയിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കിയ സലാവുദിൻ ശക്തമായി ചെറുത് ചെറുത്തു നിൽക്കുകയും ആദ്യ വിജയങ്ങൾ നേടുകയും ചെയ്തു കൊണ്ടിരുന്നപ്പോഴാണ് യുദ്ധ ഗതി തന്നെ മാറ്റിക്കൊണ്ട് 1191 ൽ റിച്ചാർഡ് അക്രെയിൽ വന്നിറങ്ങുന്നത്. നേരിട്ട് യുദ്ധമുന്നണിയിൽ ഇറങ്ങി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പോരാടുന്ന ഇംഗ്ലണ്ടിലെ വീരശൂര പരാക്രമിയായ രാജാവിന്റെ മുന്നിൽ മുസ്ലിം സൈന്യം ചിതറിയോടി . സാലാവുദിനെ പോലും ഭയപ്പെടുത്തിയ ഈ ധൈര്യം ആണ് റിച്ചാർഡിനു സിംഹഹൃദയൻ ( lion heart ) എന്ന വിശേഷണം നേടിക്കൊടുത്തത്. അക്രെ പൂർണമായും റിച്ചാർഡിനു കീഴടങ്ങുകയും നഗരത്തിലെ മുസ്ലിം പട്ടാളക്കാരെ മുഴുവൻ തടവിലാക്കുകയും ചെയ്തു . ഇതിനിടയിൽ പനി പിടിച്ചു കിടപ്പിലായി പോയ റിച്ചാർഡിനു ഈന്തപ്പഴവും പഴങ്ങളും കൊടുത്തയച്ചു സലാവുദിൻ തൻ്റെ വ്യക്തിത്വത്തിൻ്റെ മഹത്വം വെളിവാക്കി.തൻ്റെ എതിരാളി വെറും കാടനായ ഒരു ഗോത്രവർഗക്കാരൻ അല്ല ഒരു മാന്യനായ ഭരണാധികാരി ആണെന്ന് മനസിലാക്കിയ റിച്ചാർഡ് ചർച്ചകൾക്കായി സാലാവുദിനെ നേരിട്ട് കണ്ടു സംസാരിക്കാനുള്ള അനുവാദം തേടി. തൻ്റെ വാക്‌ചാതുരിയിൽ അമിതമായ ആത്മ വിശ്വാസം ഉണ്ടായിരുന്ന റിച്ചാർഡിനെ പക്ഷെ നേരിട്ടുള്ള ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ചു കൊണ്ട് സലാവുദിൻ ഞെട്ടിച്ചു. താൻ ഭാവിയിൽ വധിക്കാൻ ഉദ്ദേശിക്കുന്ന രാജാവാകുമായി സുഹൃത്താകാൻ ബുദ്ധിമുട്ടാണെന്നും കാരണം സുഹൃത്തുക്കളെ വധിക്കാൻ തൻ്റെ സംസ്കാരം അനുവദിക്കില്ല എന്നും ഉള്ള സലാവുദിന്റെ മറുപടി റിച്ചാർഡിനെ അക്ഷരാർത്ഥത്തിൽ ചകിതനാക്കി.
അപ്പോഴേക്കും അവരുടെ ഇടയിൽ അഴിയാക്കുരുക്കായി അക്രെയിലെ തടവിലാക്കപ്പെട്ട 3000 മുസ്ലിം തടവുകാരുടെ പ്രശ്നം കത്തിനിന്നു. അവരുടെ മോചനത്തിന് പകരമായി സലാവുദിൻ കൈവശപ്പെടുത്തിയ യഥാർത്ഥ കുരിശ് റിച്ചാർഡ് തിരിച്ചവശ്യപ്പെട്ടു . സലാവുദീനാകട്ടെ യഥാർത്ഥ കുരിശിന് കൂടുതൽ വിലപേശൽ ശേഷി ഉണ്ടെന്ന അനുമാനത്തിൽ ചർച്ചകൾ നീട്ടിക്കൊണ്ടു പോയി . പക്ഷെ തടവുകാർ കാരണം അക്രെക്കും ജെറുസലെമിനും ഇടയിൽ കുരുങ്ങിപ്പോയ റിച്ചാർഡ് ഒടുവിൽ അന്നത്തെ യുദ്ധനിയമങ്ങളെല്ലാം തെറ്റിച്ചു കൊണ്ട് തടവുകാരെ കൂട്ടക്കൊല ചെയ്തതിനു ശേഷം തൻ്റെ വിശേഷണങ്ങളിൽ "ക്രൂരനായ റിച്ചാർഡ് " എന്നതും കൂടെ കൂട്ടിച്ചേർത്തു കൊണ്ട് ജെറുസലേമിലേക്ക് മുന്നേറി. ജറുസലേമിലെ ക്രിസ്ത്യാനികൾക്ക് പോറലും പോലും ഏൽക്കാൻ സമ്മതിക്കാത്ത സലാവുദിൻ കോപം കൊണ്ട് വിറച്ചു . യഥാർത്ഥ കുരിശ് ഡമാസ്കസിലേക്കു മാറ്റാൻ സലാവുദിന് കൽപ്പന കൊടുത്തു . അതോടെ യഥാർത്ഥ കുരിശ് ചരിത്രത്തിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായി .അങ്ങനെ പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ രാജാക്കന്മാർ ജറുസലേമിൽ ചോരപ്പുഴ ഒഴുക്കും എന്ന കാര്യം തീർച്ചയായി. ജെറുസലെമിനും അക്രെക്കും ഇടയിലുള്ള ജാഫാ എന്ന തുറമുഖ നഗരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി റിച്ചാർഡിൻ്റെ സൈന്യം അങ്ങോട്ടു തിരിച്ചെങ്കിലും സലാവുദിൻ്റെ സൈന്യം അവരെ വഴിയിൽ തടഞ്ഞു . അക്രെയിലെ കൂട്ടക്കുരുതിയെ മനസ്സിൽ വച്ചിരുന്ന മുസ്ലിം സൈന്യം കുരിശു യോദ്ധാക്കളെ കൂട്ടക്കൊല ചെയ്തു . എങ്കിലും റിച്ചാർഡ് തൻ്റെ അംഗസംഖ്യ കുറഞ്ഞ സൈന്യത്തെ സലാവുദിൻ്റെ സൈന്യത്തിനെതിരെ ജാഫായിൽ അണിനിരത്തി. മുഖാമുഖം നിന്ന സൈന്യത്തോട് ഒന്നിച്ചു നിൽക്കാനും സൈന്യ വിന്യാസം തെറ്റിക്കരുത് എന്നും ആവശ്യപ്പെട്ടെങ്കിലും രക്തസാക്ഷിത്വം ആഗ്രഹിച്ച ചില കുരിശു യോദ്ധാക്കൾ സലാവുദിൻ്റെ സൈന്യത്തിനെ കടന്നാക്രമിച്ചു കൊണ്ട് സൈനിക വിന്യാസം തെറ്റിച്ചു . ഇതു കണ്ട റിച്ചാർഡ് മറ്റു മാർഗങ്ങളൊന്നുമില്ലാതെ പൂർണമായ ആക്രമണത്തിനു ഉത്തരവിട്ടു . എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് റിച്ചാർഡ് തന്നെ മുന്നിൽ നിന്ന് പോരാടിയ യുദ്ധത്തിൽ കുരിശു യോദ്ധാക്കൾ വിജയം വരിച്ചു . അതോടെ സലാവുദിൻ അതു വരെ നേടിയെടുത്ത എല്ലാ സൽകീർത്തിയും റിച്ചാർഡ് എന്ന ഇംഗ്ലീഷ് രാജാവിന് മുന്നിൽ തകർന്നടിഞ്ഞു. യുദ്ധഭൂമിയിൽ മുന്നണിയിൽ നിന്ന് നേരിട്ട് പൊരുതുന്ന റിച്ചാർഡിനു അമാനുഷിക ശക്തി ഉണ്ട് എന്നു പോലും സലാവുദിൻ്റെ സൈനികരുടെ ഇടയിൽ കിംവദന്തികൾ പരന്നു .
ജാഫായിൽ തമ്പടിച്ച റിച്ചാർഡിൻ്റെ സൈന്യം തീർത്തും ക്ഷീണിതരായിരുന്നു. ന്യൂനപക്ഷമായ തൻ്റെ സൈന്യത്തിൻ്റെ കുരിശു യുദ്ധത്തിലെ വിജയ സാധ്യതയെ കുറിച്ച് റിച്ചാർഡിനും സംശയമായിത്തുടങ്ങി . അങ്ങനെ വീണ്ടും സലാവുദിനും റിച്ചാർഡും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിച്ചു. സലാവുദിൻ്റെ പക്ഷത്തെ ഭിന്നതകൾ മുതലെടുത്ത റിച്ചാർഡ് സലാവുദിൻ്റെ അനുജൻ അൽ ആദിനെ തന്നെ വലവീശി പിടിക്കുന്നതിൽ വിജയിച്ചു. തൻ്റെ സഹോദരിയെ അൽ ആദിനു വിവാഹം കഴിപ്പിച്ചു കൊടുക്കാം എന്നും ജെറുസലേമിൻ്റെ ഭരണം കൊടുക്കാം എന്നുമുള്ള വാഗ്ദാനത്തിൽ അൽ ആദിൻ പൂർണമായും വീണുപോയി. പക്ഷെ റിച്ചാർഡിൻ്റെ സഹോദരി മതം മാറ്റത്തിനു വിസമ്മതിച്ചതോടെ ആ ധാരണ പൊളിയുകയും വീണ്ടും യുദ്ധത്തിന് തയ്യാറെടുത്തു റിച്ചാർഡ് ജെറുസലേമിന് നേരെ മുന്നേറുകയും ചെയ്തു.സഭയുടെയും മറ്റു കുരിശുയുദ്ധക്കാരുടെയും നിർബന്ധത്തിനു വഴങ്ങി തൻ്റെ ജെറുസലേം മുന്നേറ്റം തുടർന്ന റിച്ചാർഡ് ജെറുസലേമിന് 6 മൈലുകൾക്കകലെ സൈന്യമുന്നേറ്റം നിറുത്തി വച്ചു . തുടർ യുദ്ധത്തെപ്പറ്റി കുരിശു യുദ്ധക്കാരുടെ ഇടയിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തു . മറ്റു ചില ക്രൈസ്‌തവ സംഘങ്ങൾ അപ്പോഴേക്കും ഈജിപ്ത് ഉൾപ്പടെയുള്ള മുസ്ലിം രാജ്യങ്ങൾ ആക്രമിച്ചു തുടങ്ങിയിരുന്നു . ചില പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയ റിച്ചാർഡ് ജെറുസലേം യുദ്ധം വിജയിക്കുകയാണെങ്കിൽ തന്നെ ജെറുസലേം നിലനിർത്താൻ ബുദ്ധിമുട്ടായിരിക്കും എന്ന സത്യം തിരിച്ചറിഞ്ഞു. തങ്ങളുടെ കൂടെ ഉള്ള കുരിശു യുദ്ധക്കാർ പലരും തീർത്ഥാടനത്തിനായി വന്നിരിക്കുകയാണെന്നും യുദ്ധം കഴിഞ്ഞാൽ അവർക്കു ജറുസലേം നിലനിർത്താൻ അല്ല തിരിച്ചു നാട്ടിലേക്ക് പോകാനാണ് താല്പര്യം എന്നും റിച്ചാർഡ് മനസ്സിലാക്കി. തുടർന്ന് റിച്ചാർഡ് സൈന്യവുമായി ജാഫയിലേക്കു തിരിച്ചു പോയി.
ജെറുസലേമിനുള്ളിൽ സലാവുദിനും ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു . റിച്ചാർഡിൻ്റെ മടക്കം താൽക്കാലികമായ വിജയം ആയി എങ്കിലും വീണ്ടും ഒരാക്രമണം ഉണ്ടായാൽ പിടിച്ചു നിൽക്കാൻ പ്രയാസം ആണെന്ന് സലാവുദിന് മനസ്സിലായി. അതു മാത്രമല്ല അക്രെയിലെ മുസ്ലിം കൂട്ടക്കൊലക്ക് പകരം വീട്ടാൻ ജെറുസലേമിലെ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാനുള്ള നിർദ്ദേശം സലാവുദിൻ തള്ളിക്കളഞ്ഞതിനെ തുടർന്ന് ഉപദേശകർ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു.ജാഫയിൽ റിച്ചാർഡും അതേ അവസ്ഥയിൽ ആയിരുന്നു. ജെറുസലേം പിടിക്കാൻ കഴിയാത്ത അദ്ദേഹത്തിൻ്റെ കഴിവുകേടിനെ കുരിശുയുദ്ധക്കാർ വിമർശിക്കാൻ തുടങ്ങിയതിനോടൊപ്പം തന്നെ ഇംഗ്ലണ്ടിൽ തൻ്റെ സഹോദരൻ ജോൺ അധികാരം പിടിച്ചെടുക്കാൻ ശ്രമങ്ങൾ തുടങ്ങിയ വിവരം റിച്ചാഡിന് കിട്ടിത്തുടങ്ങി .പക്ഷെ വീണ്ടും പുരോഹിതരുടെയും മറ്റു കുരിശു യുദ്ധക്കാരുടെയും യുദ്ധക്കാരുടെയും നിർബന്ധം മാനിച്ചു റിച്ചാർഡ് ജെറുസലേം പിടിച്ചെടുക്കാനുള്ള തൻ്റെ അവസാന ശ്രമത്തിനു വേണ്ടി ജെറുസലേം ലക്ഷ്യമാക്കി നീക്കിത്തുടങ്ങി .രോഗികളും അംഗഭംഗം വന്നവരും ജറുസലേമിൽ എത്തിയാൽ തങ്ങൾ സൗഖ്യം പ്രാപിക്കും എന്ന് വിശ്വസിച്ചു സൈന്യത്തിനെ അനുഗമിച്ചു. റിച്ചാർഡിനു പോലും ജെറുസലേം ഒരു പുണ്യസ്ഥലത്തിനെന്നതിനുപരി ഒരു ജീവിത ലക്ഷ്യവും സ്വപ്‌നസാക്ഷത്കാരവും ആയിരുന്നു . ജെറുസലേമിനുള്ളിയിൽ സലാവുദിനും അവസാന യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നു . മരണം വരെ പോരാടാൻ സലാവുദിൻ ആഹ്വാനം ചെയ്തപ്പോഴും തങ്ങൾ പരാജയപ്പെട്ടാൽ ജറുസലേമിലെ ജനങ്ങളെ റിച്ചാർഡ് കൂട്ടക്കൊല ചെയ്യുമോ എന്ന് ഭയപ്പെട്ടു. പക്ഷെ തൻ്റെ വിജയത്തിൽ കടുത്ത ശങ്ക ഉണ്ടായിരുന്ന റിച്ചാർഡ് വീണ്ടും സൈന്യവുമായി ജാഫയും കടന്നു അക്രെയിലേക്ക് പിൻവാങ്ങി. ഈ പിൻവാങ്ങൽ ദൈവത്തിൻ്റെ ഇടപെടൽ ആയിക്കണ്ട സലാവുദിനും സൈന്യവും ഒരു മിന്നലാക്രമണത്തിലൂടെ വീണ്ടും ജാഫ പിടിച്ചെടുത്തു. ഇത്തവണയും ക്രിസ്ത്യാനികളെ വധിക്കരുത് എന്ന സലാവുദിൻ്റെ അഭ്യർത്ഥന സൈന്യം ചെവിക്കൊണ്ടില്ല അവർ അക്രെയിലെ കൂട്ടക്കൊലക്ക് പകരം വീട്ടാൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കി. ഒരവസരത്തിൽ സ്വയം രക്ഷപ്പെട്ടു കൊള്ളാൻ സലാവുദിന് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യേണ്ട ഗതികേട് പോലുമുണ്ടായി . പക്ഷെ എല്ലാമുപേക്ഷിച്ചു പോയ റിച്ചാർഡിനെ പ്രകോപിപ്പിക്കാൻ മാത്രമേ ഈ പ്രവൃത്തി ഉപകരിച്ചുള്ളൂ . വെറും 2000 ഭടന്മാരുമായി കടൽ മാർഗം ഒരു മിന്നലാക്രമണം നടത്തി അദ്ദേഹം വീണ്ടും വിജയം കൈവരിക്കുകയും ജാഫ തിരിച്ചു പിടിക്കുകയും ചെയ്തു . പക്ഷെ തൻ്റെ അനുജനായ ജോണിൻ്റെ വഞ്ചനയും കുരിശുയുദ്ധത്തിനിടയിൽ വച്ച് തന്നോട് പിണങ്ങി പിരിഞ്ഞു പോയ ഫ്രഞ്ച് രാജാവായ ഫിലിപ്പ് ഇംഗ്ലണ്ട് ആക്രമിക്കാൻ പദ്ധതിയിടുന്നതും അറിഞ്ഞ റിച്ചാർഡിന് മടങ്ങി പോയെ മതിയാകൂ എന്നായി. രണ്ടു പക്ഷവും വിജയിക്കാതാവുകയും പരാജയം സമ്മതിക്കാൻ തയ്യാറാകാത്തതും ആയ സാഹചര്യത്തിൽ അവർ മുഖം രക്ഷിക്കാൻ വേണ്ടിയുള്ള സന്ധിക്ക് തയ്യാറായി. .തീർത്ഥാടകർക്കും കച്ചവടക്കാർക്കും പൂർണ സംരക്ഷണം എന്ന ഒരു ഉപാധിയൊഴിച്ചാൽ ഈ സന്ധിയിൽ കാര്യമായി മറ്റൊന്നും തന്നെ ഇല്ലായിരുന്നു. അങ്ങനെ റിച്ചാർഡിൻ്റെ വിജയങ്ങൾ കുരിശു യുദ്ധക്കാർ വിജയം ആയിക്കണ്ടപ്പോൾ ജെറുസലേം വിട്ടുകൊടുക്കാതെ പിടിച്ചു നിന്നതു മുസ്ലിങ്ങളും വിജയമായി കണ്ടു.റിച്ചാർഡ് വിജയിച്ച ജാഫയും അക്രെയും ഒഴിച്ച് സലാവുദിന് നേരത്തെ പിടിച്ചെടുത്ത സ്ഥലങ്ങൾ ഒക്കെയും മുസ്ലിങ്ങൾക്ക് നിലനിർത്താനായി .1192 ഒക്‌ടോബർ 9 ന് റിച്ചാർഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി .
തൻ്റെ യശസ്സിന് തീരാ കളങ്കം ഏറ്റ സലാവുദിൻ പിന്നീടധികം ജീവിച്ചിരുന്നില്ല .നിരാശനായി ജീവിച്ചിരുന്ന അദ്ദേഹം 6 മാസത്തിനു ശേഷം 56 ആം വയസ്സിൽ മഞ്ഞപിത്തം ബാധിച്ചു മരിച്ചു. ജെറുസലേം പിടിക്കാൻ പറ്റാത്ത നിരാശയിൽ മടങ്ങിയ റിച്ചാർഡിനും വിധി മറ്റൊന്നായിരുന്നില്ല .7 വർഷങ്ങൾക്കു ശേഷം മുന്നണിയിൽ നിന്ന് പോരാടുക എന്ന അദ്ദേഹത്തിൻ്റെ ശീലം തന്നെ അദ്ദേഹത്തിന് വിനയായി . ശത്രുക്കളുടെ അസ്ത്രങ്ങൾ എറ്റു നിലം പതിച്ച അദ്ദേഹം മുറിവുകൾ നൽകിയ അണുബാധ കാരണം 1199 ഏപ്രിൽ 6 ന് മരണമടഞ്ഞു. അങ്ങനെ 3 -ആം കുരിശു യുദ്ധം മതപരമായ പോരാട്ടം എന്നതിലുപരി ലോകം കണ്ട രണ്ടു മഹാരഥന്മാർ തമ്മിലുള്ള പോരാട്ടം ആയിട്ടായിരിക്കും എന്നും ഓർമിക്കപ്പെടുന്നത് .