സലാഹുദ്ദീന് അയ്യൂബിയുടെ ജീവിത മൂല്യങ്ങളും പെരുമാറ്റ രീതികളും അദ്ദേഹം വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. 1187 ല്‍ അദ്ദേഹം കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തി ജറൂസലം തിരിച്ചു പിടിച്ചു. മുസ് ലിംകളുമായുള്ള കുരിശു യുദ്ധക്കാരുടെ പോരാട്ടം, സംഘട്ടനത്തിന്റേതുമാത്രമല്ല, സാംസ്‌കാരിക ബന്ധത്തിന്റേതു കൂടിയായിരുന്നു.
1099 ലാണ് ജറൂസലം കുരിശു യുദ്ധക്കാര്‍ കീഴടക്കിയത്. തദ്ദേശ വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് വാഗദാനം ചെയ്ത കുരിശു യുദ്ധക്കാര്‍ മുസ് ലിംകളും ക്രിസ്ത്യാനികളും ജൂതരുമായ തദ്ദേശവാസികളെ നിഷ്ഠൂരമായി വധിച്ചു കളഞ്ഞു. പ്രായമായ സ്ത്രീകളെയും കുഞ്ഞുങ്ങളെ പോലും അവര്‍ വെറുതെ വിട്ടില്ല. ജറൂസലം ഒരു ചോരപ്പുഴ ഒഴുക്കിയാണ് കുരിശുപട ജറൂസലം കീഴടക്കിയത്. തുടര്‍ന്ന് വന്ന വര്‍ഷത്തില്‍ ലാറ്റിന്‍ രാജഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു. 1187 ല്‍ സലാഹുദ്ദീന്‍ അയ്യൂബി ജറൂസലം തിരിച്ചു പിടിക്കുന്നതുവരെയും അതു തുടര്‍ന്നു.
കുരിശു യുദ്ധക്കാരുടെ നീണ്ട 88 വര്‍ഷത്തെ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍, സലാഹുദ്ദീന്‍ അയ്യൂബി ജറൂസലേമിനെ കീഴടക്കിയ കുരിശു പോരാളികളുടെ പിന്‍തലമുറയെ, അവര്‍ ചെയ്തതു പോലെ, കശാപ്പിനിരയാക്കുന്ന സമീപനം സ്വീകരിച്ചില്ല. ഇസ് ലാമിക മൂല്യങ്ങള്‍ തന്റെ ഭരണ പാടവത്തിലൂടെ പ്രതിഫലപ്പിക്കുകയായിരുന്നു അദ്ദേഹം. സലാഹുദ്ദീന്‍ അയ്യൂബിയുടെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ എതിരാളികളെ പോലും അത്ഭുതപ്പെടുത്തുകയും അവരുടെ ആദരവ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. വിശുദ്ധ നഗരം ജറുസലം തിരിച്ചു പിടിക്കാനായി 1189 ല്‍ മൂന്നാം കുരിശു പടയുമായി വന്ന ഇംഗ്ലണ്ടിലെ രാജാവ് കിംഗ് റിച്ചാര്‍ഡ് സലാഹുദ്ദീനുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടി (എക്കാലത്തെയും മഹത്തായ പോരാട്ടങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒരു പോരാട്ടമായി വിലയിരത്തപ്പെടുന്നു ഈ യുദ്ധം). കുരിശു പട പരാജയപ്പെട്ടുവെങ്കിലും, റിച്ചാര്‍ഡ് രാജാവിനെ തന്റെ ആദരണീയനായ ഒരു യുദ്ധ പ്രതിയോഗിയായി അദ്ദേഹം പരിഗണിച്ചു. തന്റെ ശത്രുക്കളോടു പോലും സലാഹുദ്ദീന്‍ കാണിച്ച ഔദാര്യവും അവരുമായി സമാധാന കരാറിലേര്‍പ്പെടാന്‍ കാണിച്ച ഔചിത്യബോധവും ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുവായും, കുരിശു പോരാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു.
സലാഹുദ്ദീന്‍ അയ്യൂബിയുടെ ജനനം
ഇറാഖിലെ ടൈഗ്രീസ് നദിയുടെ സമീപത്തുള്ള തിക്രിത് നഗരത്തില്‍ 1137 ല്‍ ഒരു കുര്‍ദ് കുടുംബത്തിലാണ് സലാഹുദ്ദീന്‍ അയ്യൂബി ജനിച്ചത്. അബ്ബാസിയ്യാ ഭരണാധികാരിയായിരുന്ന അല്‍ മുസ്തര്‍ശിദ്, ഭരണരംഗത്ത് നിപുണനായ സലാഹുദ്ദീന്റെ പിതാവിനെ തിക്രിത് നഗരത്തിന്റെ ഗവര്‍ണ്ണറായി നിയമിച്ചു.
ബാല്യവും വിദ്യഭ്യാസവും
ബാല്‍ബെക്, ഡമസ്‌കസ് എന്നിവടങ്ങളില്‍ നിന്നാണ് പ്രാഥമിക വിദ്യഭ്യാസം. സലാഹുദ്ദീന് ആറ് വയസ്സുള്ളപ്പോള്‍ 1143 ലാണ് സുല്‍ത്താന്‍ സങ്കി, ബാല്‍ബക്കിലെ ഗവര്‍ണ്ണറായി പിതാവ് അയ്യൂബിനെ നിയമിക്കുന്നത്. സുല്‍ത്താന്‍ സങ്കി 1130 ല്‍ കുരിശു യുദ്ധക്കാരെ ആലപ്പോയില്‍ വെച്ച് പരാജയപ്പെടുത്തി. 1144 ല്‍ അദ്ദേഹം എഡീസ നഗരം കുരിശു പടയില്‍ നിന്ന് തിരിച്ചു പിടിച്ചു. സങ്കി 1146 ല്‍ മരണപ്പെട്ടപ്പോള്‍ പുത്രന്‍ നൂറുദ്ദീന്‍ സങ്കി അധികാരമേറ്റു. നൂറുദ്ദീന്‍ സങ്കി ഇസ് ലാമിക മൂല്യങ്ങള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിച്ച ഒരു അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, നൂറുദ്ദീന്‍ ഡമസ്‌കസ് സൈന്യത്തിന്റെ നേതൃസ്ഥാനത്തേക്ക് അയ്യൂബിനെ തെരഞ്ഞെടുത്തു. അയ്യൂബിന്റെ ചെറിയ സഹോദരന്‍ ശിര്‍ക്കൂഹ്, ആലപ്പോയിലെ സൈനിക കമാന്‍ഡറായും നിയമിക്കപ്പെട്ടു. കുരിശു യുദ്ധവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രാഷ്ട്രീയ സൈനിക തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് സലാഹുദ്ദീന്‍ വളര്‍ന്നുവരുന്നത്. ബാല്‍ബക്കിന്റെയും ഡമസ്‌കസിന്റെയും അന്തരീക്ഷത്തില്‍ ഉയര്‍ന്ന മതബോധത്തോടെയും സംസ്‌കാരത്തോടെ വളര്‍ന്ന അദ്ദേഹം ചെറുപ്പത്തില്‍ തന്നെ അറബി ഭാഷയും ഖുര്‍ആനും ഹദീസും പഠിച്ചു.
യുവത്വം
മദ്ധ്യകാലഘട്ടത്തിലെ ജീവിത ശൈലി തികച്ചും വ്യത്യസ്തമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരു പുരുഷന്റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടിയിരുന്ന അക്കാലത്ത് 14 ാം വയസ്സിലാണ് സലാഹുദ്ദീന്‍ വിവാഹിതനാകുന്നത്. പിന്നീട് തന്റെ അമ്മാവനായ ശിര്‍ക്കൂഹിന്റെ അടുക്കലേക്ക് സൈനിക ശിക്ഷണത്തിനു പോയി. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സലാഹുദ്ദീന്റെ ജീവിതം രൂപപ്പെടുന്നത്. നൂറുദ്ദീന്‍ സങ്കി സലാഹുദ്ദീനിലെ യോദ്ധാവിനെ തിരിച്ചറിയുന്നതും, പിന്നീട് സലാഹുദ്ദീന്റെ രക്ഷാധികാരിയായി മാറുന്നതും ഇവിടെവച്ചായിരുന്നു. നൂറുദ്ദീന്‍ സങ്കി പണ്ഡിതന്‍മാരെയും സാഹിത്യകാരന്‍മാരെയും ആദരിച്ചിരുന്നു. സിറിയയിലെ ഡമാസ്‌കസിനെ ഒരു വിജ്ഞാന നഗരിയായി അദ്ദേഹം മാറ്റിയെടുത്തു. പണ്ഡിതന്‍മാരുടെ സാന്നിദ്ധ്യത്തില്‍ അവരോടുള്ള ആദരസൂചകമായി തന്റെ പാദങ്ങള്‍ ഉയര്‍ത്തുകയും തനിക്കരികില്‍ അവരെ ഉപവിഷ്ഠരാക്കുകയും ചെയ്തിരുന്നു. ഇസ് ലാമിന്റെ മഹിതമായ മൂല്യങ്ങളെ മാനിക്കുകയും വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ രാജ്യഭരണം കൈയ്യാളുകയും ചെയ്തു.
ഭരണ നിര്‍വ്വഹണ മേഖലയിലെ കെടു കാര്യസ്തത ഇല്ലായമ ചെയ്യാന്‍ നൂറുദ്ദീന്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ചു. തന്റെ ഗുരുവായ നൂറുദ്ദീന്‍ സങ്കിയോടൊപ്പം ഈ നീതിന്യായ കോടതിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു സലാഹുദ്ദീന്‍ അയ്യൂബി. ഇസ് ലാമിക നിയമത്തിന്റെ പ്രായോഗികതയും അതിന്റെ നീതി ബോധവും അദ്ദേഹം മനസ്സിലാക്കുന്നത് അവിടെ നിന്നാണ്. ഇസ് ലാമിക രാജ്യങ്ങള്‍ അധിനിവേശം ചെയ്ത കുരിശു യോദ്ധാക്കള്‍ക്കെതിരിലുള്ള ജിഹാദിന്റെ വിജയം, മുസ് ലിം രാജ്യങ്ങളുടെ ഐക്യത്തിലാണ് നിലകൊള്ളുന്നതെന്ന് ആദ്യമായി മനസ്സിലാക്കിയ ഭരണാധികാരിയായിരുന്നു സലാഹുദ്ദീന്‍ അയ്യൂബി. ഈ ഐക്യം പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും അദ്ദേഹം ആരംഭിച്ചു. നൂറുദ്ദീന്‍ സങ്കിയും സലാഹുദ്ദീനുമായി ഈജിപ്തിലെ ചില രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിലും ജനങ്ങളെ ഏകീകരിക്കുന്നതിലും ഇസ് ലാമിക നിയമങ്ങള്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വരുന്നതിലും നൂറുദ്ദീന്‍ സങ്കിയെ മാതൃകയാക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
സൈനിക സേവനം
സൈനിക പാഠങ്ങള്‍ അദ്ദേഹം അഭ്യസിച്ചത് നൂറുദ്ദീന്‍ സങ്കിയുടെ പാഠശാലയില്‍ നിന്നാണ്. 1164 ല്‍ 26 ാം വയസ്സില്‍ തന്റെ അമ്മാവന്‍ ശിര്‍ക്കൂഹിന്റെ സഹായിയായി ജറൂസലം രാജാവ് അമാല്‍ റികിന്റെ ആക്രമണത്തില്‍ നിന്ന് ഈജിപ്തിനെ പ്രതിരോധിക്കുന്ന യുദ്ധത്തില്‍ പങ്കെടുത്തു. ഈ ദൗത്യത്തില്‍ സലാഹുദ്ദീന്‍ തന്റെ വരവറിയിച്ചു. മറ്റൊരു കുരിശു യുദ്ധത്തെ പ്രതിരോധിക്കാനായി 1169 ല്‍ ഈജിപ്തിലേക്ക് നയിച്ച ഒരു പടയിലും സലാഹുദ്ദീന്‍ പങ്കെടുത്തു. പിന്നീട് ഈജിപ്ത് ഭരിച്ച ഫാത്തിമികളെ പരാജയപ്പെടുത്താനും കൈറോ ഭരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിജ്ഞാന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയം സലാഹുദ്ദീന് ലഭിക്കുന്നത് പിതാവില്‍ നിന്നും നൂറുദ്ദീന്‍ സങ്കിയില്‍ നിന്നുമാണ്. 12 വര്‍ഷത്തിനുള്ളില്‍ മെസോപ്പൊട്ടോമിയ, ഈജിപ്ത്, ലിബിയ, തുണീഷ്യ, അറേബ്യന്‍ ഉപഭൂഖണ്ടത്തിലെ പടിഞ്ഞാറന്‍ പ്രവശ്യകളെയുമെല്ലാം ഏകോപിക്കാന്‍ സലാഹുദ്ദീന്‍ അയ്യൂബിക്കായി. പരസ്പരം കലഹിച്ച് ശത്രുക്കളായി കഴിഞ്ഞിരുന്ന ഈ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതില്‍ സലാഹുദ്ദീന്‍ തന്റെ ഭരണപാടവവും നയചാതുരിയും പ്രയോജനപ്പെടുത്തി. തന്റെ ശത്രക്കളുമായി ഉണ്ടാക്കിയ നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താതെ, എല്ലാ രാജ്യങ്ങളെയും ഏകോപിപ്പിക്കുന്നതിലും ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം പെരുമാറി. ലഭിച്ച സമ്പത്തും അധികാരങ്ങളും അദ്ദേഹത്തെ ദുഷിപ്പിച്ചില്ല. അധികാരവും സ്ഥാനമാനങ്ങളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒന്നുമായിരുന്നില്ല. ഈജിപ്തില്‍ നിന്ന് ലഭിച്ച വരുമാനങ്ങളില്‍ നിന്ന് അല്‍പം കരുതിവയ്ക്കാന്‍ ഉപദേശകരില്‍ പലരും നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹമത് ചെവികൊണ്ടില്ല. മരിക്കുമ്പോള്‍ വളരെ കുറഞ്ഞ ദിനാറുകള്‍ മാത്രമേ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്.
ഹെത്തീനിലെ നിര്‍ണ്ണയാക പോരാട്ടം
1187 ല്‍ മുസ് ലിം തീര്‍ത്ഥാടകര്‍ക്കെതിരെ കുരിശു പടയാളികള്‍ നടത്തിയ അക്രമണത്തിന് തിരിച്ചടിയായി സലാഹുദ്ദീന്‍ അയ്യൂബി തന്റെ സൈന്യത്തെയും കൂട്ടി വടക്കന്‍ ഫലസ്തീനിലേക്ക് തിരിക്കുകയും, തങ്ങളേക്കാളള്‍ വലിയ കുരിശു പടയെ പരാജയപ്പെടുത്തുകയും ചെയ്തു. 1187 ല്‍ നടന്ന ഈ യുദ്ധമാണ് ഹെത്തീന്‍ യുദ്ധം. യുദ്ധം കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷം സലാഹുദ്ദീന്‍ ജറൂസലം പിടിച്ചടക്കി. 88 വര്‍ഷങ്ങള്‍ക്കു മുമ്പു കുരിശു യുദ്ധക്കാര്‍ ജറൂസലം കീഴടക്കിയതു പോലെ ചോരപ്പുഴ ഒഴുക്കുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല. മുസ് ലിംകളെ കൊന്നതിനു പ്രതികാരം ചെയ്തില്ല. ജറുസലം അയ്യൂബിക്ക് കീഴടങ്ങുമ്പോള്‍ ഒരു ലക്ഷത്തില്‍ പരം ക്രിസ്ത്യാനികള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം ആരുടെയും ജീവനെടുത്തില്ല. എന്നാല്‍ പുണ്യ ഭൂമി സന്ദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തു. പ്രവാചകന്‍ തിരുമേനി മക്കാ വിജയവേളയില്‍ മക്കയില്‍ പ്രവേശിച്ചതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സലാഹുദ്ദീന്റെ ജറൂസലം പ്രവേശം.
മുസ് ലിംകള്‍ ജറുസലം തിരിച്ചു പിടിച്ചത് പടിഞ്ഞാറിനെ വിറളി പിടിപ്പിച്ചു. അങ്ങനെയാണ് ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് രാജാവിന്റെ നേതൃത്വത്തില്‍ മൂന്നാം കുരിശു യുദ്ധക്കാര്‍ 1189 ല്‍ പടപ്പുറപ്പാടുമായി വരുന്നത്. മൂന്നാം കുരിശു യുദ്ധപ്പട ഫ്രാന്‍സും ഇംഗ്ലണ്ടും ആസ്ട്രിയയും ചേര്‍ന്ന സംയുകത് സേനയായിരുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ ഈജിപ്ത് സിറിയന്‍ തുര്‍ക്കി സംയുക്ത സേന ഫലസ്തീനില്‍ വെച്ചുള്ള പോരാട്ടത്തില്‍ കുരിശു സേനയെ പ്രതിരോധിക്കുകയും അവരുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്തു. അങ്ങനെ ആ സൈന്യത്തിന് ജറൂസലെമിലേക്ക് പ്രവേശിക്കാനായില്ല. ഈ സന്ദര്‍ഭത്തിലാണ് കിംഗ് റിച്ചാര്‍ഡ് സലാഹുദ്ദീനുമായി സമാധാന കരാറില്‍ ഒപ്പു വെക്കുന്നതും രാജാവിന്റെ ആദരവ് പിടിച്ചു പറ്റുന്നതും. സലാഹുദ്ദീന്റെ സൈന്യത്തിന് സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ പോന്ന നഷ്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. സൈന്യം ശക്തവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിനു കീഴില്‍ തന്നെയുമായിരുന്നു. എന്നാല്‍ മൂന്നാം കുരിശു സൈന്യം നന്നേ ക്ഷീണിക്കുകയും റിച്ചാര്‍ഡ് രാജാവ് പിന്തിരിയാന്‍ തയ്യാറുമായിരുന്നു.
ശത്രുക്കളോടു പോലുമുള്ള സലാഹുദ്ദീന്‍ അയ്യൂബിയുടെ വിട്ടു വീഴ്ചാ മനോഭാവവും കരാറിലേര്‍പ്പെടാനുള്ള സന്നദ്ധതയുമാണ് കുരിശു യോദ്ധാക്കള്‍ക്കിടയിലും പാശ്ചാത്യ ലോകത്തും അദ്ദേഹത്തിന് ബഹുമാനവും ആദരവും നേടിക്കൊടുത്തത്.
സലാഹുദ്ദീന്റെ മഹാമനസ്‌കത
1. ക്രിസ്ത്യാനികളുടെ ജീവന് സുരക്ഷ
1187 ല്‍ ജറൂസലം കീഴടക്കിയ സലാഹൂദ്ദീന്‍ അയ്യൂബി, ക്രിസ്ത്യാനികളുമായി ഉണ്ടാക്കിയ സമാധാന കരാര്‍ നിരവധി ക്രിസ്ത്യാനികളുടെ ജീവന്‍ രക്ഷിച്ചു. ഒരു ലക്ഷം ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല, അവരുടെ സമ്പത്തും സാധന സാമഗ്രികളുമായി സുരക്ഷിതമായി തിരികെ പോകാനുള്ള സജ്ജീകരണങ്ങളും അദ്ദേഹം ഏര്‍പ്പാട് ചെയ്തു. ഇപ്രകാരം ഭൂരിപക്ഷം തീര്‍ത്ഥാടകരും സുരക്ഷിതരായി തിരികെ പോയി. മുസ് ലിം തീര്‍ത്ഥാടകരെ വധിച്ച കുരിശു യുദ്ധക്കാര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നിട്ടു കൂടി, ജറൂസലം കീഴടക്കിയ ശേഷം, അദ്ദേഹം പ്രതികാര ചിന്തകള്‍ ഇല്ലാതെ, ക്രിസ്ത്യാനകളുടെ ജീവന് സംരക്ഷണം നല്‍കുന്നതിന് മുന്‍ഗണന നല്‍കി.
2. മോചനദ്രവ്യം നല്‍കാന്‍ കഴിയാത്ത തടവു പുള്ളികളെ സ്വതന്ത്രരാക്കി.
ജറൂസലമിന്റെ കീഴടങ്ങല്‍ കരാറിലെ ഭാഗമായി ഓരോ ജറുസലം നിവാസിയും നിശ്ചിത തുക മോചനദ്രവ്യമായി നല്‍കേണ്ടിയിരുന്നു. ക്രിസ്ത്യാനികളില്‍പെട്ട ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അതിന് കഴിയാതെ വന്നപ്പോള്‍, സലാഹുദ്ദീന്‍ അയ്യൂബിയും തന്റ സഹോദരനും അവരുടെ പക്കലില്‍ നിന്നും പണമടച്ച്, ഈ സ്ത്രീകളെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു.
പാട്രിയാര്‍ക്ക്, ഹെറാക്കുലീസ് പോലുള്ള അതിസമ്പന്നരായ ക്രിസ്ത്യാനികള്‍ ജറൂസലേമിലുണ്ടായിരുന്നു. പാവപ്പെട്ട ക്രിസ്ത്യാനികളുടെ മോചനത്തിന് വേണ്ടി സമ്പന്നരായ ക്രിസ്ത്യാനികളുടെ പണം പിടിച്ചുകെട്ടണമെന്ന ഉദ്യോഗസ്ഥരുടെ ഉപദേശം അദ്ദേഹം ചെവികൊണ്ടില്ല. അവരുടെ സമ്പത്തും പണവുമായി സ്ഥലം വിടാന്‍ അവരെ അദ്ദേഹം അനുവദിച്ചു.
3. നീതിബോധം
പ്രതിയോഗികള്‍ക്ക് ജറൂസലേം വിട്ടുപോകാന്‍ സലാഹുദ്ദീന്‍ 40 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇതിനിടയില്‍ ചില ക്രിസ്ത്യന്‍ സ്ത്രീകള്‍ അദ്ദേഹത്തെ സമീപിച്ച് ചില പരാതികള്‍ ബോധിപ്പിച്ചു. ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരെയും പിതാക്കന്‍മാരെയും മക്കളെയും കാണാതായിരിക്കുന്നതായും തങ്ങളെ സംരക്ഷിക്കാന്‍ ഇനിയാരുമില്ലെന്നും അവര്‍ പരാതിപ്പെട്ടു. അവരുടെ പരാതികള്‍ കേട്ട സഹൃദനായ സലാഹുദ്ദീന്‍ അയ്യൂബി ഉടന്‍ തന്നെ അവരുട ബന്ധുക്കളെ തിരയാന്‍ ഉത്തരവിട്ടു. യുദ്ധത്തില്‍ ഭര്‍ത്താവ് മരിച്ചു പോയ വിധവകള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം നല്‍കാനും അദ്ദേഹം വിധിച്ചു. ഇങ്ങനെ യുദ്ധ വിജയത്തിനിടയിലും ദയയും സൗമ്യതയും കൊണ്ട് പ്രതിയോഗികളുടെ ഹൃദയം കവരാന്‍ അദ്ദേഹത്തിനായി.
1192 സെപ്തംബറില്‍ 'ഏക്കര്‍' ഉപരോധത്തിനിടെയാണ് സലാഹൂദ്ദീന്‍ കിം റിച്ചാര്‍ഡിന്റെ ബഹുമാനാദരവുകള്‍ നേടുന്നത്. റിച്ചാര്‍ഡ് രാജാവ് രോഗാതുരനായപ്പോള്‍ സലാഹുദ്ദീന്‍ തന്റെ സ്വന്തം വൈദ്യനെ അദ്ദേഹത്തെ ചികിത്സിക്കാന്‍ അങ്ങോട്ടയച്ചു. രാജാവിന്റെ രോഗശമനത്തിന് ആവശ്യമായ ഐസും പ്ലംസ് പഴങ്ങളും സലാഹുദ്ദീന്‍ തുടര്‍ച്ചയായി അങ്ങോട്ടയച്ചുകൊണ്ടിരുന്നു. ഈ പ്രവൃത്തിമൂലം തന്റെ ശത്രുവിന്റെ പോലും സ്‌നേഹം പിടിച്ചു പറ്റുകയായിരുന്നു സലാഹുദ്ദീന്‍ അയ്യൂബി. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച പോലെ: 'നിങ്ങള്‍ക്കും അവരില്‍ നിന്ന് നിങ്ങള്‍ ശത്രുത പുലര്‍ത്തിയവര്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു:' (മുംതഹിന 7)
4. സത്യസന്ധത പോരാട്ട ഭൂമിയിലും
സലാഹുദ്ദീന്‍ അയ്യൂബിയുടെ മകന്റെ നേതൃത്വത്തിലുള്ള സൈനിക വിഭാഗവുമായി കിംഗ് റിച്ചാര്‍ഡ് ഏറ്റുമുട്ടിക്കൊണ്ടിരിക്കെ, രാജാവിന്റെ കുതിരക്ക് മുറിവേല്‍ക്കുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു. ഇത് കണ്ട സലാഹുദ്ദീന്‍ അദ്ദേഹത്തിന് മറ്റൊരു കുതിരയെ അയച്ചു കൊടുത്ത് യുദ്ധം തുടരാന്‍ അവസരം നല്‍കി.
ഏക്കറിലെ ഉപരോധത്തിനിടയില്‍ ഒരു ക്രിസ്ത്യന്‍ യുവതി സലാഹുദ്ദീന്റെ ക്യാമ്പില്‍ പരാതി ബോധിപ്പിക്കാന്‍ വന്ന സംഭവും ചരിത്രകാരന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്. അവളുടെ കുട്ടിയെ സലാഹുദ്ദീന്റെ സൈനികര്‍ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു ആ പരാതി. ആ സ്ത്രീയുടെ പരാതി കേട്ടയുടനെ തന്നെ സലാഹുദ്ദീന്‍ തന്നെ തന്റെ സൈനികര്‍ക്കിടയില്‍ നിന്നും കുട്ടിയെ വീണ്ടെടുക്കുകയും അവര്‍ക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു. ശേഷം അവരുടെ ക്യാമ്പില്‍ അവരെ സുരക്ഷിതമായി തിരികെ എത്തിച്ചു.
മതസ്വാതന്ത്ര്യം
യുദ്ധത്തടവുകാരിലോരുത്തരോടും സലാഹുദ്ദീന്‍, ദ്വിഭാഷിയുടെ സഹായത്തോടെ സംസാരിച്ചു. ഏക്കറിലെ ഉപരോധത്തില്‍ കുറെ സൈനികരെ തടവിലാക്കിയിരുന്നു. അവരുടെ കൂട്ടത്തില്‍ ഒരു വൃദ്ധനുമുണ്ടായിരുന്നു. താങ്കള്‍ എന്തുകൊണ്ടിവിടെ എന്ന് അദ്ദേഹം ആ വൃദ്ധനോട് ചോദിച്ചു. ജറുസലമിലെ ക്രിസ്തീയ ദേവാലയത്തിലേക്ക് തീര്‍ത്ഥയാത്രക്ക് വന്നതായിരുന്നുവെന്ന ആ വൃദ്ധന്റെ മറുപടിയില്‍ മനസ്സലിഞ്ഞ സലാഹുദ്ദീന്‍ ജറൂസലേമിലേക്ക് അദ്ദേഹത്തിന് പോകാന്‍ ഒരു കുതിരയെ ഏര്‍പ്പാടാക്കുകയും വൃദ്ധന്റെ സ്വപ്‌നം പൂവണിയാന്‍ അവസരം നല്‍കുകയും ചെയ്തു. മതസ്വാതന്ത്രത്തിന് ഇത്രയും പരിഗണന നല്‍കുന്ന ഉദാഹരണങ്ങള്‍ അധികമൊന്നും ചരിത്രത്തില്‍ കാണുക സാധ്യമല്ല. അതിനാല്‍ തന്നെ, ഇതര മതങ്ങളോടും മതസ്ഥരോടുമുള്ള ഇസ് ലാമിന്റെ സഹിഷ്ണുതാപരമായ സമീപനത്തെ ആര്‍ക്കും ചോദ്യം ചെയ്യാനുമാവില്ല.
ചുരുക്കത്തില്‍, ആദരണീയനായ നേതാവായിരുന്നു സലാഹുദ്ദീന്‍ അയ്യൂബി. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും സ്വഭാവ മഹിമയും കുരിശു യോദ്ധാക്കളെ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുസ് ലിംകളെ സംബന്ധിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും മുസ് ലിംകള്‍ ഉല്‍കൃഷ്ഠ സ്വഭാവ ഗുണങ്ങളുള്ളവരും ഉന്നത മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരാണെന്നും മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ അവരോടുള്ള പെരുമാറ്റം കാരണമായി. സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിനെ പോലുള്ള വിഖ്യാത മധ്യകാല യൂറോപ്യന്‍ എഴുത്തുകാരുടെ രചനകള്‍ക്ക് ഇന്ധനം പകര്‍ന്നതില്‍ യുദ്ധവേളകളിലെ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഈ ഉല്‍കൃഷ്ട മൂല്യങ്ങള്‍ക്കും സ്ഥാനമുണ്ട്
പാരമ്പര്യ സുന്നികളിലെ ആഷ് 'രി അഖീധക്കാരനായിരുന്ന സാലാഹുദീൻ സൂഫിസത്തിൽ താല്പര്യമുള്ള ആളായിരുന്നു ,ഇക്കാരണം കൊണ്ട് തന്നെ സൂഫികളെ കൈ അയച്ചു സഹായിച്ചിരുന്നു, ഈജിപ്തിൽ സൂഫികൾക്കായി വലിയ പർണ്ണ ശാല പണിതു നൽകുകയും മീലാദ് ഷരീഫിനും ,മൌലൂധുകൾക്കും ധന സഹായം നല്കുകയും ചെയ്തു , നബി ദിനം പൊതു ജനവൽക്കരിച്ചതിൽ , സുൽത്താന്റെ സൈനാധിപൻ മുള്ളവർ രാജാവ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്
1193 മാർച്ച് നാലിന് ഡമസ്കസിൽ ആ വെള്ളി നക്ഷത്രം ഈ ലോകത്തോട് വിട പറഞു. ഡമസ്കസിൽ ഉമയ്യാദ് മോസ്കിൽ ആണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം.
കടപ്പാട് - സൽമാൻ ഫാരിസ്