1895 ഡിസംബർ 28-നാണ് ലൂമിയർ സഹോദരന്മാർ പാരീസിലെ ഒരു കഫേയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രൊജക്ഷൻ പ്രദർശനം നടത്തിയത്.ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിൽ ആരംഭിച്ചു. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു ആദ്യ പ്രദർശനം. ഒരു മണിക്കൂറിൽ താഴെ പ്രദർശനസമയം കൊണ്ട് ആറു ഹ്രസ്വചിത്രങ്ങളാണു പ്രദർശിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.1907-ൽ ഈ ബയോസ്കോപ് കാട്ടൂർക്കാരൻ വാറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്സിബിറ്റേർസ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ കീഴിലാണ് പിന്നീട് ആദ്യകാല തിയേറ്ററുകളായ തൃശ്ശൂർ ജോസ്, കോഴിക്കോട് ഡേവിസൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര 1913 മേയ് 3-നാണ് പ്രദർശനത്തിനെത്തിയത്.ഇതിനും 12 വർഷങ്ങൾക്കു ശേഷം, 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത്—കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), തിരുവനന്തപുരം ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്.
1927 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശനത്തിനെത്തി.പിന്നീട് ഒരു വർഷത്തിനു ശേഷം 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ഡാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്ന ശാരദവിലാസത്തിലാണ് സ്റ്റുഡിയോ ഒരുക്കിയത്. നായികയായിരുന്ന റോസിയ്ക്ക് പിന്നീട് സമൂഹത്തിൽ നിന്നു പല മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നു. തിരുവന്തപുരത്ത് ദി കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.ഈ പരാജയത്തോടുകൂടി ഡാനിയേലിന് തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു.
ആദ്യ മലയാളചിത്രത്തിന്റെ അമരക്കാരൻ എന്ന നിലയ്ക്ക് ഡാനിയേലിനെയാണ് മലയാളസിനിമയുടെ പിതാവ് എന്ന് വിളിക്കുന്നത്. മലയാള സിനിമയിലെ പരമോന്നത ബഹുമതി നൽകുന്നത് ജെ.സി ഡാനിയേലിന്റെ പേരിലാണു. ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 2013ൽ സംവിധായകൻ കമൽ സെല്ലുലോയിഡ് എന്ന പേരിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്.
മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശ്ശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കി മദിരാശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ഡാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദർരാജാണ് ചിത്രം നിർമ്മിച്ചത്. കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ചെയ്തത് . നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്.(വിക്കിയിൽ നിന്നും ചീന്തിയെടുത്ത ഒരേട്)