A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജീവനോടെ’ ഒരു ദിനോസർ


ജീവനോടെ’ ഒരു ദിനോസർ


അസ്ഥികൂടവും എല്ലിൻ കഷ്ണങ്ങളും– കേട്ടാൽ ഒരു സിനിമാപ്പേരു പോലെ തോന്നിക്കുമെങ്കിലും കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളെ നാം തിരിച്ചറിഞ്ഞത് ഇവയിലൂടെയാണ്. എല്ലും പല്ലുമടങ്ങിയ ഫോസിലുകളിൽ നിന്ന് ഏകദേശം 20 കോടി വർഷങ്ങൾക്കു മുൻപു വരെയുള്ള ദിനോസറുകൾക്ക് ഉൾപ്പെടെ ഗവേഷകർ ‘രൂപം’ നൽകിയിട്ടുണ്ട്. പക്ഷേ ഈ ദിനോസറുകളുടെയെല്ലാം നിറം സംബന്ധിച്ച് ഭൂരിപക്ഷം പാലിയന്റോളജിസ്റ്റുകൾക്കും ഉത്തരമുണ്ടാകില്ല. പലരും തങ്ങളുടെ ഭാവനയിലെ നിറമാണു നൽകുക പതിവ്. ഇതിനു കാരണമാകുന്നതാകട്ടെ ദിനോസറുകളുടെ ചർമത്തെപ്പറ്റി യാതൊരു വിവരങ്ങളും കിട്ടാത്തതും
പക്ഷേ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ ഫോസിലുകളിൽ നിന്ന് നിറം വേർതിരിച്ചറിയാനുള്ള ശ്രമങ്ങളിൽ ചെറിയ ചില വിജയങ്ങൾ നേടാൻ ഗവേഷകർക്കായിട്ടുണ്ട്. അതിനിടെയാണ് 2011ൽ കാനഡയിൽ നിന്ന് ഒരു പുതിയ തരം ദിനോസറിന്റെ ഫോസിൽ ലഭിക്കുന്നത്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെട്ട ദിനോസർ ഫോസിൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കണ്ണടച്ചുറങ്ങുന്നതു പോലെ തോന്നിപ്പിക്കുന്ന ഈ ദിനോസറിന്റെ ‘നിഗൂഢ’ മുഖഭാവം കാരണം ‘ദിനോസറുകളിലെ മൊണാലിസ’ എന്ന വിളിപ്പേരും വീണുകഴിഞ്ഞു. അഞ്ചു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് Borealopelta markmitchelli എന്ന് പേരിട്ട ‘ദിനോസറിനെ’ പാറയിൽ നിന്ന് വേർതിരിച്ചെടുക്കാനായത്. അതും ഏഴായിരം മണിക്കൂറോളം അതിസൂക്ഷ്മം ശ്രമിച്ചിട്ടും!
ഇങ്ങനെ സൂക്ഷ്മതയോടെ പരിശ്രമിക്കാനും കാരണമുണ്ട്. ഇതാദ്യമായിട്ടാണ് ഒരു ദിനോസറിന്റെ തൊലിയുടെയും ശൽക്കങ്ങളുടെയും ഫോസിൽ കേടുപാടുകളൊന്നും കൂടാതെ ലഭിക്കുന്നത്. അതും 11 കോടി വർഷം പഴക്കമുള്ളത്! അതിനാൽത്തന്നെ ഇവയുടെ നിറത്തെപ്പറ്റിയും കൃത്യമായി മനസിലാക്കാന്‍ സാധിച്ചു. ദേഹത്ത് വ്യാളികളെപ്പോലെ ഒരു പടച്ചട്ട കണക്കെ ശൽക്കങ്ങൾ ഉണ്ടായിരുന്നു ഇവയ്ക്ക്. ഏകദേശം 18 അടി വരും നീളം, 1300 കിലോഗ്രാമിലധികം ഭാരവും. കാഴ്ചയിൽ വമ്പനായിരുന്നു ഈ സസ്യഭുക്കെങ്കിലും മറ്റു ദിനോസറുകളുടെ പ്രധാന ഇരയായിരുന്നു. പടച്ചട്ടയുണ്ടായിട്ടു പോലും ഇവയെ കടന്നാക്രമിക്കാനാകുമെങ്കിൽ അക്കാലത്തെ മാംസഭോജികളായ ദിനോസറുകളുടെ വലുപ്പത്തെപ്പറ്റി ആലോചിക്കാവുന്നതേയുള്ളൂ!
പലതരം നിറങ്ങൾ നിറഞ്ഞിരുന്നതിനാൽത്തന്നെ ‘കൗണ്ടർ ഷേഡിങ്’ എന്നൊരു തന്ത്രവും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഇവ പ്രയോഗിച്ചിരുന്നു. തങ്ങളുടെ ശരീരത്തിലെ വരകളുടെ അതേ നിറത്തിലുള്ള ചെടികളുടെ ഇടയിൽ ഒളിച്ചിരുന്ന് സീബ്രകളും മറ്റും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിക്കുന്ന അതേ തന്ത്രമാണ് ഇതും. പടിഞ്ഞാറൻ കാനഡയിലെ ആൽബെർട്ടയിലെ കൽക്കരി ഖനിയിൽ നിന്ന് ഒരു മെഷീൻ ഓപറേറ്റർക്കാണ് ഈ ദിനോസറിന്റെ ഫോസിൽ ലഭിക്കുന്നത്. മുഖം മുതൽ അരക്കെട്ട് വരെയുള്ള ഭാഗത്തിന് യാതൊരു കുഴപ്പവുമില്ലാത്ത വിധത്തിലൊരു ഫോസിൽ. മരിച്ച് നദിയിലേക്കു വീണ ദിനോസർ ഒഴുകി സമുദ്രത്തിലെത്തുകയും അടിത്തട്ടിൽ ഉറച്ചു പോവുകയും ചെയ്തതായിരിക്കാമെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ മേയിൽ പൊതുജനങ്ങൾക്ക് മുന്നില്‍ പ്രദർശിപ്പിച്ചിരുന്നു ഈ ഫോസിൽ. പക്ഷേ ഏറെ പഠനത്തിനു ശേഷമാണ് പേരിട്ടത്. ഇന്നേവരെ കണ്ടെത്താത്ത സ്പീഷീസിൽപ്പെട്ട ദിനോസറാണ് ഇതെന്നും കണ്ടെത്തി. അവസാനമായി കഴിച്ച ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടം വരെ ഇതിന്റെ വയറ്റിലുണ്ടായിരുന്നു. അവ ഉൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് ഗവേഷകർ. ഈ ‘ദിനോസർ മൊണാലിസ’ ഒളിച്ചു വച്ചിരിക്കുന്ന ജീവരഹസ്യങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്ന് ചുരുക്കം!