A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പാശ്ചാത്യലോകത്തെ അന്ധവിശാസങ്ങള്‍.

പാശ്ചാത്യലോകത്തെ അന്ധവിശാസങ്ങള്‍.

ഏത് രാജ്യത്തുമുണ്ടാകും കാരണമോ കാര്യമോ അറിയില്ലെങ്കിലും പിന്‍തുടരുന്ന ചില വിശ്വാസങ്ങളും കീഴ്വഴക്കങ്ങളും.അത്തരത്തില്‍ പാശ്ചാത്യലോകത്ത് നിലവിലുള്ള 9 വിശ്വാസങ്ങളേയും കാരണങ്ങളേയും പരിചയപ്പെടാം..
ഏറ്റവും പ്രചാരത്തിലുള്ള ഒന്നു തന്നെ ആദ്യം പറഞ്ഞു തുടങ്ങാം..
[1] 13- നിര്‍ഭാഗ്യ സംഖ്യ
★★★★★★★★★★
പലവുരി കേട്ട കാര്യങ്ങള്‍ തന്നെയാണ് 13ന്‍റെ ചീത്തപ്പേര്.നിര്‍ഭാഗ്യ നമ്പര്‍ എന്ന ലേബല്‍ വീണതു കൊണ്ട് ഒഴിവാക്കപ്പെടാനാണ് ഈ സംഖ്യയുടെ വിധി.ഹോട്ടലുകളില്‍ പതിമൂന്നാം നമ്പര്‍ ഇല്ലാതിരിക്കുക,ബഹുനില കെട്ടിടങ്ങളില്‍ പതിമൂന്നാം നമ്പര്‍ നിലകള്‍ക്ക് നല്‍കാതിരിക്കുക,സ്പോര്‍ട്ട്സ് ജേഴ്സികളിലെ നമ്പരുകളില്‍ നിന്ന് ഒഴിവാക്കുക ഇങ്ങനെ തുടങ്ങി സര്‍വ്വ മേഖലകളിലും 13 ഒരു ദുഃശകുനമായാണ് കണക്കാക്കിയിട്ടുള്ളത്.
പതിമൂന്നും വെള്ളിയാഴ്ചയും ചേര്‍ന്നു വരുന്ന ദിവസങ്ങളില്‍ നല്ല കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാറില്ല പാശ്ചാത്യലോകങ്ങളില്‍.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ 1993ല്‍ ലണ്ടനിലെ M25 ഹൈവേയില്‍ എകദേശം 2 വര്‍ഷത്തോളം നീണ്ട പഠന പ്രകാരം വെള്ളിയാഴ്ചയും 13ഉം ചേര്‍ന്നു വരുന്ന ദിവസങ്ങളില്‍ ട്രാഫിക്കിന്‍റെ തോത് പോലും കുറയാറുണ്ടത്രേ.
13 നെ ദൗര്‍ഭാഗ്യ നമ്പരായി കാണുന്നതിനുള്ള കാരണങ്ങള്‍ അനവധി എണ്ണം പറയപ്പെടുന്നു.അതില്‍ പ്രചുര പ്രചാരം ലഭിച്ച ഒന്ന് യേശുവിന്‍റെ അവസാന അത്താഴം സംബന്ധിച്ചാണ്.അന്ത്യ അത്താഴത്തില്‍ യേശുവും ശിഷ്യരും ഉള്‍പ്പടെ 13 പേര്‍ ആയിരുന്നല്ലോ.
മറ്റൊരു വാദമുള്ളത് പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ഫിലിപ്പ് നാലാമന്‍ 'നൈറ്റ്സ് ഓഫ് ടെപ്ളാര്‍സ്' നെ കൂട്ടക്കുരുതി നടത്തിയതും അവരുടെ നേതാവിനെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയതും ഒരു പതിമൂന്നാം തീയതി വെള്ളിയാഴ്ചയാണ്,അന്നു മുതല്‍ ആ ദിവസത്തെ ജനങ്ങള്‍ വെറുത്തു തുടങ്ങി എന്നതാണ്.
സ്കാനിഡേവിയന്‍ രാജ്യങ്ങളില്‍ എത്തിയാല്‍ അവരുടെ മിത്തോളജി പ്രകാരം അവരുടെ പതിമൂന്നാമത് ദൈവപുരുഷനായ 'ലോകി' ഒരു ദുഷ്ടശക്തിയായി മാറുകയും മനുഷ്യര്‍ക്ക് ദോഷകരമായി തീരുകയും ചെയ്തു.
ചില രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പിലാക്കുന്ന തീയതി 13 ആയതും ഈ സംഖ്യയോട് ആളുകളില്‍ ഒരു ഭീതി പരത്തി.
ഇങ്ങനെ പല പല നാടുകളില്‍ പല പല കാരണങ്ങളാല്‍ 13 ദൗര്‍ഭാഗ്യ സംഖ്യയായി മാറി.പതിയെ പതിയെ യുക്തമായ ഒരു കാരണം ഇല്ലാതിരുന്നിട്ടു കൂടി ആളുകള്‍ 13നെ അകറ്റി നിര്‍ത്തി തുടങ്ങി.
[2] പക്ഷികളുടെ മലവിസര്‍ജ്ജനം-ഭാഗ്യം
★★★★★★★★★★★★★★★★★
പല യൂറോപ്യന്‍ രാജ്യങ്ങളിലും പക്ഷികള്‍ സ്വന്തം ശരീരത്തിലോ വാഹനത്തിലോ താമസ സ്ഥലത്തോ മലവിസര്‍ജ്ജനം ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.കൂടുതല്‍ പക്ഷികള്‍ മലവിസര്‍ജ്ജനം ചെയ്താല്‍ അത്രയും കൂടുതല്‍ ഭാഗ്യമാണത്രേ.. :-)
ഇതിന് പ്രത്യേകിച്ച് കാരണങ്ങള്‍ പറയുവാനില്ലെങ്കിലും നിര്‍ഭാഗ്യത്തിനു പുറകേ ഭാഗ്യം എത്തും എന്ന വിശ്വാസമാണത്രേ ഇതിന് പുറകില്‍.
[3] കറുത്ത പൂച്ച കുറുകെ കടന്നാല്‍..
★★★★★★★★★★★★★★★★
:-) അതേ കറുത്ത പൂച്ചകള്‍ പാശ്ചാത്യ ലോകത്തും വില്ലന്‍മാരാണ്.കുറുകേ കടന്നാല്‍ ദൗര്‍ഭാഗ്യം ഉറപ്പെന്ന് പലരും വിശ്വസിക്കുന്നു.
ദുര്‍മന്ത്രവാദത്തിന്‍റേയും നീചശക്തികളുടേയും പരിവേഷമാണ് പാവം കറുത്ത പൂച്ചകളെ വില്ലന്‍മാരാക്കുന്നത്.ഇവ ആരുടെയെങ്കിലും കുറുകേ കടന്നാല്‍ ദുര്‍ശക്തികള്‍ ആ വ്യക്തിയെ നോട്ടമിട്ടിട്ടുണ്ട് എന്നാണ് വിശ്വാസം.
ഇതിന് ഒരല്‍പ്പം യുക്തിസഹമായ കാരണം കണ്ടെത്തിയിട്ടുണ്ട്.പണ്ട് കാലങ്ങളില്‍ രാത്രിസമയങ്ങളിള്‍ കാടുമൂടിയ വിജനമിയ വഴികളിലൂടെ കുതിര വണ്ടിയിലും മറ്റും സഞ്ചരിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്നമുണ്ടായിരുന്നു.പൊന്തക്കാടുകളില്‍ പതുങ്ങി നില്‍ക്കുന്ന കടുവകള്‍,കുറുനരികള്‍ തുടങ്ങി മാര്‍ജ്ജാര ഫാമിലിയില്‍ പെട്ടതും അല്ലാത്തതുമായ ജന്തുക്കളുടെ കണ്ണുകള്‍ തീക്കട്ട പോലെ തിളങ്ങും.ഇത് കാണുന്ന കുതിരകള്‍ വിരണ്ടോടി അപകടങ്ങള്‍ ഉണ്ടാകാറുമുണ്ടായിരുന്നു.
കാലം കഴിഞ്ഞപ്പോഴേക്ക് കടുവയ്ക്കും പുലിക്കുമെല്ലാം ക്ളീന്‍ചിറ്റ് കിട്ടി.പക്ഷെ ആയ്യോപാവി പൂച്ചകളുടെ തലയില്‍ നിന്നും ചീത്തപ്പേര് ഒഴിഞ്ഞു പോയില്ല.കൂട്ടത്തിലെ കറുത്തപൂച്ചകള്‍ പ്രതിക്കൂട്ടിലുമായി.
[4] തുമ്മല്‍ ഭാഗ്യം
★★★★★★★★
തുമ്മിയാല്‍ അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്ന വിശ്വാസത്തിന് പുറകില്‍ ഒരു കഥയുണ്ട്.
590 ADയില്‍ ഇറ്റലിയില്‍ പ്ളേഗ് പടര്‍ന്നു പിടിച്ച സമയം..പ്ളേഗിന്‍റെ ലക്ഷണങ്ങളില്‍ ഒന്നായ കടുത്ത പനി ഉള്ളവരില്‍ പലരും തുമ്മും,രോഗം കാരണം മരണപ്പെടുകയും ചെയ്യും.വൈദ്യശാസ്ത്രം അത്രയൊന്നും പുരോഗമിക്കാത്ത ആ കാലത്ത് ഇങ്ങനെ തുമ്മുന്നവര്‍ ഒന്നും അധികകാലം ജീവിച്ചിരിക്കില്ല എന്നൊരു വിശ്വാസം പടര്‍ന്നു പിടിച്ചു.പുറകേ പോപ്പിന്‍റെ പ്രത്യേക ആഹ്വാനം വന്നു,എല്ലാവരും രോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണം,ഒപ്പം അവരെ പോപ്പ് പ്രത്യേകമായി അനുഗ്രഹിക്കുന്നുവെന്നും അറിയിപ്പുകള്‍ വന്നു.കാലം കഴിഞ്ഞ് വന്നപ്പോഴേക്ക് ഫ്രഞ്ച് ജനതയ്ക്കിടയില്‍ തുമ്മല്‍ സൗഭാഗ്യത്തിന്‍റെ അടയാളമായി.
[5] ഫിംഗര്‍ ക്രോസിംഗ്
★★★★★★★★★★
വാട്സാപ്പ് ഉപയോഗിക്കുന്നവരോട് ഈ അടയാളം പ്രത്യേകിച്ച് പറയേണ്ടതില്ല.വലതു കൈയ്യിലെ ചൂണ്ടുവിരലും നടുവിരലും തമ്മില്‍ പിണച്ച് വച്ച് കൈ ഉയര്‍ത്തി കാട്ടുന്നത് ഭാഗ്യദായകമാണെന്ന് പാശ്ചാത്യലോകം വിശ്വസിക്കുന്നു.
ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. പണ്ട് ഫ്രാന്‍സും ഇംഗ്ളണ്ടും തമ്മില്‍ പലപ്പോഴായി യുദ്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന സമയം..യുദ്ധഭൂമിയില്‍ അമ്പെയ്ത്തുകാര്‍ വില്ലില്‍ അമ്പ് തൊടുക്കുന്ന നേരത്ത് ഒപ്പമുള്ളവര്‍ വിരലുകള്‍ പിണച്ച് കാട്ടുമായിരുന്നത്രേ,അമ്പുകള്‍ എല്ലാം കൃത്യലക്ഷ്യത്തിലെത്താനുള്ള ആശംസയായിരുന്നു അത്.പിന്നീട് ചില രഹസ്യസംഘടനകളും ശുഭസൂചനയുടെ കോഡ് ആയി ഈ അടയാളം ഉപയോഗിച്ചിരുന്നു.
[6] മൂന്നാം വട്ടം തീപ്പെട്ടി/സിഗരറ്റ് ലാമ്പ് കത്തിച്ചാല്‍- നിര്‍ഭാഗ്യം.
★★★★★★★★★★★★★★★★★
സിഗരറ്റോ മറ്റെന്തെങ്കിലുമോ കത്തിക്കുമ്പോള്‍ 3 തവണ തീപ്പെട്ടി/സിഗ് ലാമ്പ് ഉപയോഗിക്കേണ്ടി വരുന്നത് വലിയ ദൗര്‍ഭാഗ്യത്തിന്‍റെ ശകുനമാണ് പല പാശ്ചാത്യര്‍ക്കും.
ഇതിനു പിന്നിലും ഉണ്ട് ഒരു കഥ..
ഒന്നാം ലോകമഹായുദ്ധകാലത്ത് രാത്രി സമയങ്ങളില്‍ ഇരു പക്ഷത്തുമുള്ള സൈനികര്‍ അവരവരുടെ സ്വാധീനമേഖലകളില്‍ അംബുഷ് (കാവലിരുപ്പ്) നടത്തും.കൂട്ടത്തില്‍ സ്നൈപ്പര്‍മാരും ഉണ്ടാകും.
രാത്രിയില്‍ ശത്രുവിന്‍റെ മേഖലയിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന സ്നൈപ്പര്‍മാര്‍ ഒരു ചെറിയ തീപ്പൊരിയില്‍ നിന്നു പോലും തങ്ങളുടെ ലക്ഷ്യം കണ്ടെത്തി കൃത്യമായി വെടിയുതിര്‍ത്തിരുന്നു.
രാത്രി നേരത്ത് സിഗരറ്റ് കത്തിക്കുന്ന സൈനികരായിരുന്നു മിക്കവാറും ഇതിനിരയായിക്കൊണ്ടിരുന്നത്.പക്ഷേ സ്നൈപ്പര്‍മാര്‍ക്ക് വെടിയുതിര്‍ക്കുവാന്‍ ലക്ഷ്യം കണ്ടെത്തണമെങ്കില്‍ ഒന്നിലധികം തവണ തീനാളം കണ്ട് ലക്ഷ്യം നിര്‍ണ്ണയിച്ചാലേ മതിയാകുമായിരുന്നുള്ളൂ.
ആദ്യ തവണ തീപ്പെട്ടി കത്തിക്കുന്ന നാളം സ്നൈപ്പര്‍മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കും,രണ്ടാം തവണയും കണ്ടാല്‍ അവര്‍ ഇരുട്ടില്‍ നാളം കണ്ട സ്ഥലത്തിനെ ലക്ഷ്യമാക്കി തങ്ങളുടെ തോക്കുകളെ സജ്ജീകരിക്കും.മൂന്നാം തവണയും നാളം കണ്ടാല്‍ സെക്കന്‍റിന്‍റെ ചെറിയൊരു അംശം കൊണ്ട് ഉന്നം പിടിച്ച് വെടിയുതിര്‍ക്കും.
തുറസായ യുദ്ധമേഖലകളില്‍ ഈ കാരണത്താല്‍ സൈനികര്‍ മൂന്നാം വട്ടം തീപ്പെട്ടി കത്തിച്ച് സിഗരറ്റ് കത്തിക്കുവാന്‍ ഒരുമ്പെട്ടിരുന്നില്ല.
[7] കോണിക്ക് കീഴേ കുറുകെ നടന്നാല്‍-നിര്‍ഭാഗ്യം.
★★★★★★★★★★★★★★★★★
ഇംഗ്ളണ്ടിലും മറ്റു ചില രാജ്യങ്ങളിലും ഏണികള്‍ക്കു ചുവട്ടിലൂടെ കുറുകേ നടന്നാല്‍ ദോഷമാണെന്ന ഒരു വിശ്വാസമുണ്ട്.
ഇതിന് പിന്നില്‍ രസകരമായ ഒരു സംഗതിയുണ്ട്.വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡരികിലെ സൈന്‍ബോര്‍ഡുകളും ബില്‍ബോര്‍ഡുകളും പെയിന്‍റ് ഉപയോഗിച്ച് എഴുതി പുതുക്കുവാന്‍ കുറേ തൊഴിലാളികളെ ഗവണ്‍മെന്‍റ് നിയമിച്ചു.ഇവര്‍ പണികളിലൊക്കെ മിടുക്കരായിരുന്നെങ്കിലും ഒരു പ്രശ്നമുണ്ടായിരുന്നു.ഉച്ചഭക്ഷണ സമയത്ത് ഇവരില്‍ പലരും ഭക്ഷണത്തിനേക്കാളധികം ബിയര്‍ കുടിക്കുമായിരുന്നു.ബിയറിന്‍റെ നേരിയ ലഹരിയും നിറഞ്ഞ വയറുമായി വീണ്ടും കോണിപ്പുറത്ത് പണികള്‍ക്കായി കയറുമ്പോള്‍ പലരും ഉറക്കം തൂങ്ങിയാകും ജോലികള്‍ ചെയ്യുക.ഇതിന്‍റെ ഫലമായി പലപ്പോഴും ആവരുടെ പെയിന്‍റ് ബക്കറ്റുകളും മറ്റ് സാധനങ്ങളും ഒക്കെ ഇടയ്ക്ക് തറിലേക്ക് വീഴും,തലയിലും ദേഹത്തും പെയിന്‍റില്‍ മുങ്ങിയവര്‍ തൊഴിലാളികളോട് കയര്‍ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
ഈ പെയിന്‍റ് മഴ പേടിച്ച് കോണിക്ക് ചുവട്ടിലൂടെയുള്ള പോക്ക് ഒഴിവാക്കപ്പെട്ടു.ക്രമേണ അതൊരു വിശ്വാസമായി മാറി.
[8] കണ്ണാടി ഉടഞ്ഞാല്‍ 7 വര്‍ഷം ദൗര്‍ഭാഗ്യം
★★★★★★★★★★★★★★★★★★★
പത്തൊന്‍പതാം നൂറ്റാണ്ടില്‍ കണ്ണാടികള്‍ വളരെ വിലയേറിയ വസ്തുവായിരുന്നു.അക്കാലത്ത് രാജകൊട്ടാരങ്ങളിലും മറ്റും കണ്ണാടി വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത് കേടുപാടുകള്‍ ഉണ്ടാക്കുന്ന ജോലിക്കാരെ 7 വര്‍ഷം തടവിന് വിധിച്ചിരുന്നു.കാലക്രമേണ കണ്ണാടി ഉടയല്‍ ദൗര്‍ഭാഗ്യം ഉണ്ടാക്കുമെന്ന വിശ്വാസമുണ്ടായി.
[9] ഉപ്പ് തൂകിപ്പോയാല്‍- ദൗര്‍ഭാഗ്യം.
★★★★★★★★★★★★★★★
റോമന്‍ കാലഘട്ടത്തില്‍ സൈനികര്‍ക്ക് ഉപ്പ് വാങ്ങാനായി പ്രത്യേക അലവന്‍സുകള്‍ നല്‍കിയിരുന്നു.അക്കാലത്ത് ഉപ്പ് ഒരു വില പിടിച്ച ചരക്കായിരുന്നു.ആ ഉപ്പ് ഒരു തരി പോലും തൂകി പോകുന്നത് നഷ്ടമായിരുന്നു.കാലം കഴിഞ്ഞപ്പോള്‍ ഇതും ഒരു വിശ്വാസത്തിന്‍റെ ഭാഗമായി മാറി.
കൂടാതെ 'സാലറി' എന്ന വാക്കിന്‍റെ ഉത്ഭവവും ഉപ്പ് (salt) വാങ്ങാനുള്ള ഈ അലവന്‍സ് വഴി ആണെന്ന് പറയപ്പെടുന്നു.
-----------------------------------------------------------------
വാല്‍ക്കഷ്ണം: അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായ നമ്മുടെ നാട്ടിലിരുന്ന് പാശ്ചാത്യലോകത്തെ കാണുമ്പോള്‍ ഓര്‍ക്കുക..അവിടേയും ഉണ്ട് ഇങ്ങനെ ചിലത്.ചുരുക്കം ചിലതേ പറഞ്ഞിട്ടുള്ളൂ..അന്ധവിശ്വാസം വന്ന വഴി കൂടി മനസിലാക്കാന്‍ സാധിച്ചവയും ചുരുക്കത്തില്‍ പറയുവാന്‍ സാധിക്കുന്നവയും പലപ്പോഴായി നമുക്ക് പരിചിതമായവയും മാത്രം..
ഇനിയും ഏറെയുണ്ടാകാം.
ഇന്ത്യയേയും മറ്റ് ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളേയും പരിഗണിച്ചിട്ടില്ല.കാരണം തമ്മില്‍ ഒരു തുലനം അല്ല ഉദ്ദേശിച്ചത്.പാശ്ചാത്യലോകം എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന പ്രധാനരാജ്യങ്ങളെ മാത്രം കണക്കിലെടുത്തതാണ്.
-ഇതില്‍ പറയാത്തവ അറിയുന്നവര്‍ പങ്കു വയ്ക്കുമെന്ന് വിശ്വസിക്കുന്നു.
*Knights of templars - ചേര്‍ച്ചയുള്ള ഒരു മലയാളം വാക്ക് കണ്ടെത്താനായില്ല.വേണമെങ്കില്‍ ആത്മീയ യോദ്ധാക്കള്‍ എന്നു വിളിക്കാം.