തൃശൂര്‍ ജില്ലയിലെ ഒരു താലൂക്കാണ് മുകുന്ദപുരം. ഈ താലൂക്കിന്റെ കേന്ദ്രമായ ഇരിങ്ങാലക്കുടക്ക് ഏകദേശം നാലു കി മി തെക്കുമാറി ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂര്‍ റോഡില്‍ നടവരമ്പിന് കിഴക്കുഭാഗത്തായി മുകുന്ദപുരം എന്ന പ്രദേശം കിടക്കുന്നു. ഇവിടം കേന്ദ്രമാക്കി ഒരു (ചെറുമ) പുലയ രാജവംശം രാജ്യം ഭരിച്ചിരുന്നു. ആദിചേരന്മാരുടെ വംശത്തില്‍പ്പെട്ട ചെറുമര്‍ തന്നെയായിരുന്നു ഇവരെന്ന് തോന്നുന്നു. ചേരരാജാക്ക ന്മാരുമായി ഇവര്‍ക്ക് വല്ല ബന്ധവുമുണ്ടോ എന്നറിഞ്ഞുകൂടാ. പുലയരാജവംശങ്ങള്‍ കേരളത്തില്‍ ചോരവംശ രാജാക്കന്മാര്‍ക്കു ശേഷവും നിലനിന്നിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാം. അഞ്ചുമന, കോഴിമല, പുലയനാര്‍ കോട്ട എന്നിവിടങ്ങളില്‍ അവരുടെ ഭരണകൂടം കാണുന്നു. മുകുന്ദപുരവും അതിലൊന്നുതന്നെ. ഈ വംശത്തിലെ ഏറ്റവും ഒടുവിലത്തെ രാജാവായിരുന്നു അയ്യന്‍ ചിരുകണ്ടന്‍. എ ഡി 1205 ല്‍ ചേരരാജവംശം കൊടുങ്ങല്ലൂരില്‍ നിന്നും കൊല്ലത്തുള്ള മാങ്കാവില്‍ കൊട്ടാരത്തിലേക്ക് ഭരണകേന്ദ്രം മാറ്റിയപ്പോള്‍, ഭാരതപ്പുഴ മുതല്‍ അഷ്ടമുടിക്കായല്‍ വരെ നീണ്ടുകിടന്നിരുന്ന പ്രദേശങ്ങളുടെ ഭരണാധികാരം വന്നേരി കേന്ദ്രമാക്കിയിരുന്ന കൊച്ചി രാജകുടുംബത്തിനാണ് ലഭിച്ചത്. കൊച്ചി രാജകുടുംബമാണ് ഭരണമേധാവിയെങ്കിലും ഓരോ പ്രദേശത്തും പ്രത്യേക ഭരണാധികാരികളുമുണ്ടായിരുന്നു. അപ്രകാരം മുകുന്ദപുരത്തെ ഭരണാധികാരികളായിരുന്നു അയ്യന്‍ ചിരുകണ്ടന്റെ കുടുംബം. കൊച്ചി രാജാവ് അധികാരിയായപ്പോള്‍ ഈ പുലയ രാജാവും അദ്ദേഹത്തിന്റെ അനുയായിയായിത്തീര്‍ന്നു. അദ്ദേഹം കൊച്ചി രാജാവിന് ടി താലൂക്കില്‍പ്പെട്ട കല്ലേറ്റുംകര വില്ലേജില്‍ പന്തലിപ്പാടത്ത് വെച്ച് (ഇന്ന് അവിടെ ഒരു കാലിത്തീറ്റ ഫാക്ടറി നില്‍ക്കുന്നു) ഒരു സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചു. പാടം മുഴുവന്‍ വെറ്റില കൊണ്ട് പന്തലിട്ട് അലങ്കരിച്ചു. നിലവിളക്കു കൊളുത്തി, സ്വര്‍ണം കൊണ്ട് പറനിറക്കാന്‍ പുറപ്പെട്ട പുലയരാജാവ് കുമ്പിട്ടു പറ നിറച്ചുകൊണ്ടിരിക്കുമ്പോള്‍, വെറ്റില പന്തലും സ്വര്‍ണവും കണ്ട കൊച്ചിരാജാവ് (ചെറുമ) പുലയ രാജാവിന്റെ പ്രൗഢിയും പ്രതാപവും കണ്ട് അസൂയാലുവാകുക യാണുണ്ടായത്. തന്റെ ശക്തിക്ക് ഇയാള്‍ കോട്ടം സംഭവിപ്പിക്കും എന്നു ഭയപ്പെട്ട്, കുമ്പിട്ടു പറനിറച്ചുകൊണ്ടിരുന്ന പുലയ രാജാവിന്റെ കഴുത്ത് ഉടന്‍ വെട്ടിമാറ്റി.
ജനം അന്ധാളിച്ചു നാലുപാടും ചിന്നിച്ചിതറി. കൊച്ചിരാജാവ് അതിന് തൊട്ടു വടക്കുഭാഗത്തു ഇളമുയൊടു വില്ലേജിലെ കുന്നത്തറക്കല്‍ ക്ഷേത്രത്തില്‍ച്ചെന്ന് അതിന്റെ അരികില്‍ക്കൂടി ഒഴുകിയിരുന്ന പുഴയില്‍ കുളിച്ചു. ക്ഷേത്രദര്‍ശനം നടത്തി. അമ്പലത്തോടനുബന്ധിച്ചുണ്ടായിരുന്ന ക്ഷേത്രക്കെട്ടിടത്തില്‍ വിശ്രമിച്ചു. (ഇന്നത്തെ കുറുമാലി പുഴയുടെ ഒരു ശാഖ അന്ന് ആ ക്ഷേത്ര പരിസരത്തുകൂടി ഒഴുകിയിരുന്നു) പെരുമ്പടപ്പു നമ്പൂതിരി കുടുംബത്തിന്റെ സന്തതിപരമ്പരയില്‍പ്പെട്ട കൊച്ചി രാജകുടുംബം, പുലയജാതിയില്‍പ്പെട്ട ഒരാളെ കൊന്നതിനാല്‍ രാജകൊട്ടാരത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ, കുറേക്കാലം മുരിയാടു ക്ഷേത്ര കെട്ടിടത്തില്‍ താമസിക്കുകയുണ്ടായി. രാജാവിന്റെ അമ്മ ഭ്രഷ്ടനായ മകനെ കാണുന്നതിന് പുഴയുടെ മറുകരയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വരികയും, അതേസമയത്ത്, എതിര്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചേരുന്ന മകനെ പുഴയിലെ വെള്ളത്തില്‍ക്കൂടി കാണുകയുമാണ് ചെയ്തിരുന്നത്. രാജാവ് രാജ്യം വെട്ടിപ്പിടിച്ചു. പക്ഷെ മനഃസമാധാനമില്ലാത്തവനായി. രാത്രികാലത്ത് സര്‍പ്പം കടിക്കാന്‍ വരുന്നതായി രാജാവിന് തോന്നി. ഉറങ്ങാന്‍ കഴിയാത്ത രാജാവ് ഒടുവില്‍ അതിന് പ്രതിവിധി തേടി ചെന്നത്, മുന്‍ ഇരിങ്ങാലക്കുട എം എല്‍ എ യായ ലോനപ്പന്‍ നമ്പാടന്റെ പൂര്‍വികനായിരുന്ന ഒരു മാന്ത്രികന്റെ അടുത്തേക്കാണ്. അദ്ദേഹം രാജാവിന്റെ ബാധ ഒഴിപ്പിക്കുകയും രാജാവ് പ്രതിഫലമായി 200 പറക്ക് നിലം കരമൊഴിവായി അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. അതിനും പുറമേ പുലയരാജാവിനെ കൊല്ലാന്‍ ഉപയോഗിച്ച വാള്‍ അവിടെനിന്നും എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളുവാന്‍ കല്പ്പിക്കുകയും ചെയ്തു. ഈ വാള്‍ ഇപ്പോള്‍ കൈമറിഞ്ഞ് നമ്പാടന്‍ മാസ്റ്ററുടെ കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. നിലത്തിന്റെ കുറേഭാഗം വെളിയനാട് പള്ളിക്കാരുടെ കൈവശവും കുറച്ചുഭാഗം നമ്പാടന്‍ മാസ്റ്ററുടെ കുടുംബത്തിന്റെ കൈവശവും ഉണ്ടത്രേ.
കേരളം അക്കാലത്ത് ജൈനമതത്തിന്റെ പിടിയിലായിരുന്നു. ഈ പുലയരാജാവും ആ മതത്തിന്റെ അനുയായിയായിരുന്നു. ഈ ഭരണകൂടത്തിന്റെ ആസ്ഥാനത്തിനടുത്തുള്ള ഇരിങ്ങാലക്കുട ക്ഷേത്രം ഒരു ജൈനമത ക്ഷേത്രമായിരുന്നുവെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പ്രസിദ്ധ ജൈനസന്യാസിയായിരുന്ന ഭരദ്വാജമുനിയായിരുന്നു അവിടത്തെ പ്രതിഷ്ഠ. ശങ്കരാചാര്യര്‍ക്കുശേഷം ഹിന്ദുമതം കേരളത്തെ കീഴ്‌പ്പെടുത്തിയപ്പോഴാണ് ഈ ക്ഷേത്രം ഹിന്ദുക്ഷേത്രമായത്. ഭരദ്വാജന്‍ ഭരതനായി, ജൈനക്ഷേത്രം ഹിന്ദുക്ഷേത്രവുമായി. ഭൂതന്മാര്‍ എന്നാണ് ഹിന്ദുക്കളുടെയിടയില്‍ ജിനമതക്കാന്‍ അറിയപ്പെട്ടിരുന്നത്. അവര്‍ കെട്ടിയതാണ് ഇരിങ്ങാലക്കുട ക്ഷേത്രമതില്‍ എന്ന് ഇവിടത്തുകാര്‍ ഇന്നും വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിലെ പഴയ റിക്കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഈ പുലയരാജകുടുംബവും ക്ഷേത്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാകുന്നതാണ്.
പുലയരാജാവിന്റെ മരണത്തിനിശേഷമാണ് അറിനാട്ടില്‍ പ്രഭുക്കന്മാര്‍ കൊച്ചിരാജാവിന്റെ കീഴില്‍ ഈ താലൂക്കിന്റെ ഭരണം ഏറ്റെടുത്തത്. മുരിയാട് നമ്പ്യാര്‍, മാടായിക്കോണം പ്രഭു, വൈലോസ് നമ്പ്യാര്‍ (വെളിയനാട്), കുന്നത്തോരി, ചങ്ങകോത, ചങ്ങരന്‍ കണ്ട എന്നിവര്‍ ഭരണ കര്‍ത്താക്കന്മാരായിരുന്നു. അയ്യനേഴി പടനായര്‍, കോടശ്ശേരി കര്‍ത്താവ്, കൊരട്ടി തമ്പാന്മാര്‍ എന്നിവരുടെ നാടുകള്‍ പിന്നീട് മുകുന്ദപുരം താലൂക്കില്‍ ചേര്‍ത്തതാണ്. ഇതില്‍ പടനായര്‍ കുലശേഖരന്മാരുടെ മന്ത്രിയും പടനായകനുമായിരുന്നവരുടെ കുടുംബക്കാരാണ്. ഇന്നത്തെ അന്നമനടയാണ് അവരുടെ കേന്ദ്രം. അന്ന് അത് അടൂര്‍ എന്ന പേരിലാണ് അറിഞ്ഞിരുന്നത്. അവിടെ ഒരു മജിസ്ട്രട്ട് കോടതിയുണ്ടായിരുന്നു. ആ കോടതിയാണ് പിന്നീട് ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയായത്. ഇന്ന് മുകുന്ദപുരം താലൂക്കിന്റെ ഭാഗമായി കിടക്കുന്ന കോടശ്ശേരി, കോടനാടുകര്‍ത്താക്കന്മാരുടെ അധികാരപരിധി യില്‍പ്പെട്ട പ്രദേശമാണ്. അവര്‍ കോടശ്ശേരിയിലേക്ക് കോടനാടുനിന്നും താമസം മാറ്റുകയാണുണ്ടായത്. പിന്നീടാണ് മുകുന്ദപുരത്തിന്റെ ഭാഗമായി കോടശ്ശേരി ചേര്‍ത്തത്. ഇന്നത്തെ ചാലക്കുടിപ്പുഴ പടിഞ്ഞാറേ ചാലക്കുടിയുടെ പടിഞ്ഞാറു ഭാഗത്തുകൂടി തെക്കോട്ട് ഒഴുകി, പാറക്കടവില്‍ ചെന്ന് പെരിയാറുമായി യോജിച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞ് കൂഴൂര്‍, ഐരാണിക്കുളം വഴി മാളയില്‍ എത്തിച്ചേരുകയാണ് ചെയ്തിരുന്നത്. അന്ന് അതിന് പെരുന്ന നദിയെന്നും വിളിച്ചിരുന്നു. മാളയാണ് പഴയകാലത്തെ പ്രസിദ്ധമായ മാന്തായി തുറമുഖം. മഹോദയപുരവും അവിടെത്തന്നെ. അതിനടുത്താണ് നമ്പൂതിരിമാരുടെ കേന്ദ്രമായ ഐരാണിക്കുളവും പ്രധാന വേദപാഠശാലകളും ഉയര്‍ന്നുവന്നത്. ശാലകളുടെ നാട്ടില്‍ക്കൂടി ഒഴുകിയ പുഴ ശാലക്കുടിയായി. പിന്നെ ചാലക്കുടിയായി. പ്രസിദ്ധമായ തോലന്റെ നാട് ഈ ഐരാണിക്കുളം തന്നെ. ഇതുകൂടാതെ ഇന്ന് മുകുന്ദപുരത്തിന്റെ ഭാഗമായ കൊരട്ടി, പാലക്കാട് രാജകുടുംബത്തിലെ ഒരു ശാഖയില്‍പ്പെട്ടവരുടെ ഭരണപ്രദേശമായി മാറി. ഇതും കോടശ്ശേരി കര്‍ത്താക്കന്മാരുടേതായിരുന്നു. അത് കൊച്ചി പിടിച്ചെടുത്ത് അവര്‍ക്ക് കൈമാറുകയാണ് ചെയ്തത്. കോടനാടിന്റെ ബാക്കിഭാഗത്താണ് ആലങ്ങാട് രാജാക്കന്മാര്‍ കൈവശമെടുത്തത്. ആലങ്ങാട് പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായിത്തീരുകയും ചെയ്തു. അവകാശങ്ങളും അവകാശികളും മാറിയെങ്കിലും, മുകുന്ദപുരം ഇന്നും പഴയ പുലയരാജാവിന്റെ പേരില്‍ കുറച്ചു വിപുലമായി നിലനില്‍ക്കുന്നു.
'ഭാഷാതിലകം' മാസികയുടെ ആറാം ലക്കത്തിലെ ചരിത്രത്താളുകളിലൂടെ എന്ന പംക്തിയില്‍ നിന്നും പകര്‍ത്തിയത്. ഫോട്ടോ കോപ്പിയാണ് ലഭ്യമായത്. അതില്‍ ചില അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നു.
അഡ്വ. കെ എസ് മേനോന്‍, എറണാകുളം