A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മൃഗങ്ങള്‍ അതീന്ദ്രീയ ശക്തികളെ കാണുന്നുണ്ടോ?

മൃഗങ്ങള്‍ അതീന്ദ്രീയ ശക്തികളെ കാണുന്നുണ്ടോ?

നമ്മുടെ വീട്ടിലെ പൂച്ചകളെ നിരീക്ഷിച്ചവര്‍ക്കറിയാം ചില സന്ദര്‍ഭങ്ങളില്‍ അവ മുന്നിലോ പരിസര പ്രദേശത്തോ ആരുമില്ലെങ്കിലും മറ്റൊരു ജീവികളേയും നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും വാലൊക്കേ വിശറിപോലെയാക്കി "റ" ആകൃതിയില്‍ നില്‍ക്കുന്നതും ചിലപ്പോള്‍ ചീറ്റുന്നതും കാണാം. അല്ലെങ്കില്‍ ചുവരിലേക്കോ ശൂന്യതയിലേക്കോ ചിലപ്പോള്‍ നമ്മുടെ പുറകിലേക്കോ സീലിംഗിലേക്കോ കണ്ണെടുക്കാതേ നോക്കുന്നതും കാണാം. പട്ടികള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകതരം കൂവല്‍ പുറപ്പെടുവിക്കുന്നതും കേട്ടിട്ടുണ്ടോ?
കാലങ്ങളായി മനുഷ്യരെ കുഴപ്പിക്കുന്ന കാര്യങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. മിക്ക നാടുകളിലും വിശ്വസിച്ചു പോരുന്നത് നമുക്ക് കാണാന്‍ കഴിവില്ലാത്ത പല കാഴ്ചകളും അതിന്ദ്രീയ ശക്തികളേയും രൂപങ്ങളേയും കാണാന്‍ അവയ്ക്ക കഴിവുണ്ടെന്നാണ്. ഒരുപാട് പരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ഇനി നമുക്ക് മൃഗങ്ങള്‍ക്കു സവിശേഷമായ എന്നാല്‍ നമുക്കില്ലാത്ത പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. മൃഗങ്ങള്‍ക്ക് പൊതുവെ മനുഷ്യരേക്കാള്‍ കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഘ്രാണശക്തിയും കൂടുതലാണ്. കാട്ടുമൃഗങ്ങള്‍ കിലോമീറ്ററുകള്‍ക്കകലെ നിന്നും നമ്മുടെ സാന്നിധ്യം മനസിലാക്കുന്നതും ഇരുട്ടില്‍പ്പോലും അവ ഇരപിടിക്കുന്നതും ശത്രുക്കളില്‍ നിന്നും രക്ഷനേടുന്നതും എല്ലാം ഈ പ്രത്യേകതകള്‍ കാരണമാണ്. നമ്മുടെ കണ്ണില്‍ കുറഞ്ഞ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന പ്രകാശ സംവേദക കോശങ്ങളാണ് റോഡ് കോശങ്ങള്‍. മനുഷ്യരിലേക്കാള്‍ എട്ട് മടങ്ങോളം കൂടുതല്‍ റോ‍ഡ് കോശങ്ങള്‍ പൂച്ചകളില്‍ കാണപ്പെടുന്നുണ്ട്. അതായത് കടുത്ത ഇരുട്ടിലും അവ കാണുന്നത് നല്ല നിലാവുള്ളതുപോലുള്ള അവസ്ഥയിലായിരിക്കും. മറ്റൊരു പ്രത്യേകത നമുക്ക് വര്‍ണങ്ങള്‍ കാണാനും തീഷ്‍ണ വെളിച്ചത്തില്‍ കാണാനും സഹായിക്കുന്ന കോണ്‍ കോശങ്ങള്‍ പൂച്ചകളില്‍ നമ്മളേക്കാള്‍ 10 മടങ്ങോളം കുറവാണ്. അതായത് അവയ്ക്ക് വര്‍ണങ്ങള്‍ കാണാനുള്ള കഴിവ് തീരേ കുറവോ അല്ലെങ്കില്‍ ഒട്ടും ഇല്ലെന്നു തന്നേയോ പറയാം. എന്നാല്‍ പ്രകൃതി അവയ്‍ക്ക് മറ്റൊരു സവിശേഷ കഴിവ് കൊടുത്തിരിക്കുന്നു. പ്രകാശരാജിയിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കാണാന്‍ അവയ്ക്ക് കഴിവുണ്ട്. അതായത് അള്‍ട്രാവയലറ്റ് മാത്രം പ്രതിഫലിക്കുന്ന വസ്തുക്കള്‍ അവയ്ക്ക് കാണാന്‍ കഴിയുമെന്നര്‍ത്ഥം. മിക്ക പൂച്ചകളും പട്ടികളും ശത്രുക്കളെ അകറ്റി നിര്‍ത്താനും ഇണകളെ ആകര്‍ഷിക്കാനും തങ്ങള്‍ ജീവിക്കുന്ന പ്രദേശത്തെ ചില പ്രത്യേക അതിരുകളില്‍ മൂത്രമൊഴിച്ച് മാര്‍ക്ക് ചെയ്യാറുണ്ട്. ഇതിനെ ടെറിറ്ററി മാര്‍ക്കിംഗ് എന്ന് പറയുന്നു. പൂച്ചയുടെ കാര്യത്തില്‍ ഇത്തരം ശരീര സ്രവങ്ങള്‍ മണത്തു നോക്കേണ്ട കാര്യമില്ല, അത് അള്‍ട്രാവയലറ്റായി കാണാന്‍ സാധിക്കും. ഫോറന്‍സിക് മെഡിസിനില്‍ കൊലപാതക രംഗത്തുള്ള ശരീര സ്രവങ്ങള്‍ ഒഴുകിയത് തിരിച്ചറിയാന്‍ അള്‍ട്രാവയലറ്റ് ലൈറ്റുകള്‍ (Black Light) ഉപയോഗിക്കാറുണ്ട്. ഇതൊന്നും കൂടാതെ ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യര്‍ ഇണക്കി വളര്‍ത്തുകയാണെങ്കിലും ജീവികളിലെ ഉറക്കത്തെയും ഉണര്‍വ്വിനേയും നിയന്ത്രിക്കുന്ന സിര്‍ക്കാഡിയന്‍ ക്ലോക്ക് ഇപ്പോഴും അവ കാട്ടില്‍ ജീവിക്കുന്നതിനു സമമാണ്. അതായത് രാത്രി ഇരപിടുത്തവും പകല്‍ മയക്കവും. അതിനാല്‍ രാത്രി കാലങ്ങളിലാണ് അവ കൂടുതല്‍ പ്രസരിപ്പോടെയിരിക്കുന്നത്. അതിനാല്‍ത്തന്നെ സ്പിരിറ്റ്, ഗോസ്റ്റ് എന്നിവയുണ്ടെങ്കില്‍, അവ രാത്രിയിലാണ് കൂടുതല്‍ സാന്നിധ്യമറിയിക്കുന്നതെങ്കില്‍, പൂച്ചകള്‍ക്കും പട്ടികള്‍ക്കും നമ്മളേക്കാള്‍ അവയെ കാണാനുള്ള അവസരങ്ങളുണ്ട്.
പട്ടികളുടെ കാര്യത്തില്‍ അവയ്ക്ക് ഒരു ആറാമിന്ദ്രിയം ഉള്ളതുപോലെ ഗവേഷകര്‍ക്ക് തോന്നിയിട്ടുണ്ട്. 2004ല്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമിയ്ക്കുമുന്‍പ് പട്ടികള്‍ കുരച്ച് ബഹളം വെയ്ക്കുകയും വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ വിസമ്മതിയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീട്ടിലില്ലാത്ത കുടുംബനാഥന്‍ അപ്രതീക്ഷിതമായി തിരിച്ചു വരുമ്പോള്‍ അവയ്ക്ക് അല്‍ഭുതമൊന്നും തോന്നാറില്ല, മറിച്ച് അവ യജമാനനേ കാത്തിരിക്കുകയായിരുന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികളുടെ മണം പിടിയ്ക്കാനുള്ള കഴിവ് മനുഷ്യരേക്കാള്‍ ആയിരം മുതല്‍ പതിനായിരം മടങ്ങ് വരേ കൂടുതലാണ്. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നതിനേക്കാള്‍ (20 ഹെര്‍ട്സ് മുതല്‍ 20000 ഹെര്‍ട്സ് വരെ) ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനവയ്ക്ക് കഴിവുണ്ട്. ഇത്തരം കഴിവുകള്‍ അവയെ മനുഷ്യരിലുണ്ടാവുന്ന ചിലതരം ക്യാന്‍സറുകള്‍ കണ്ടുപിടിയ്ക്കാനായി പരിശീലിപ്പിച്ചെടുത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്. അപസ്മാര രോഗികളില്‍ അസുഖം വരുന്നതിനുമുന്‍പ് ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ -കൃഷ്ണമണികള്‍ ചെറുതാവുന്നതും ശരീരം ദുര്‍ബലമാവുന്നതും തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് തരുന്നതിനായും അവയെ പരിശീലിപ്പിക്കുന്നു.
2009ല്‍ പെഗ്ഗി സ്മിഡ്റ്റ് എന്ന ഗവേഷക ഒരു പുസ്തകമെഴുതി. മരണാനന്തര ജീവിത കഥകള്‍ (tails of the afterlife) എന്ന പുസ്തകത്തില്‍ വിശദീകരിക്കാനാവാത്ത പല സംഭവങ്ങളും പറയുന്നുണ്ട്. അതിലൊന്നാണ് ഡെല്‍ ജോണ്‍സണ്‍ എന്ന സ്ത്രീയുടെ കഥ. മൃഗങ്ങളെ സ്നേഹിച്ചിരുന്ന അവർ മരിച്ചപ്പോള്‍ ഏഴു പട്ടികളും ആറ് പൂച്ചകളും ആ വീട്ടിലുണ്ടായിരുന്നു. ദിവസവും ഇവയെല്ലാം വീട്ടിലെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തു ചേരുന്നതും പൂച്ചകള്‍ വളഞ്ഞു നിന്നു കുറുകല്‍ ശബ്ദം പുറപ്പെടുവിക്കുന്നതും. പട്ടികള്‍ സന്തോഷത്തോടെ വാലാട്ടി വായുവില്‍ മുന്‍കാലുകള്‍ പൊക്കി നില്‍ക്കുന്നതും ഇവയെല്ലാം വായുവിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് കുറേ സമയം നോക്കിയിരിക്കുന്നതും പിന്നീട് പിരിഞ്ഞുപോവുന്നതും ഒരുപാട് ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രേ. പ്രേതാത്മാവ് തന്‍റെ ഓമനകളേക്കാണാന്‍ മരിച്ചതിനുശേഷവും സന്ദർശിക്കുന്നതാണെന്ന് പറയപ്പെടുന്നു.
എന്തായാലും പുരാതന കാലം മുതല്‍ പൂച്ചകളേയും പട്ടികളേയും കണ്ടിട്ടുള്ളതും രേഖപ്പെടുത്തിയിട്ടുള്ളതും മരണാനന്തര ജീവിതവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന ഏജന്‍റുമാരായാണ്. ഈജിപ്റ്റുകാരും റോമാക്കാരും പട്ടികളേയും പൂച്ചകളേയും ആരാധിച്ചിരുന്നു. മരണാനന്തര ലോകത്തേയ്ക്കുള്ള വഴികാട്ടികളാവ എന്നും വിശ്വസിച്ചിരുന്നു.
പക്ഷേ മറ്റൊരു ചോദ്യമുയരുന്നത്, ഇതുപോലെ സ്പിരിറ്റ് അല്ലെങ്കില്‍ പ്രേതങ്ങള്‍ ഉണ്ടെങ്കില്‍, അവയ്ക്ക് പൂച്ചകളേയും പട്ടികളേയും കാണാന്‍ കഴിയുന്നുണ്ടോ? അല്ലെങ്കില്‍ നമ്മുടെ ഓമനകളേ അവയ്ക്ക് പേടിയായിരിക്കുമോ? പ്രേതങ്ങളില്‍ നിന്നും ഇവര്‍ നമ്മളേ കാത്തുരക്ഷിക്കുന്നുണ്ടോ? അവയുള്ളപ്പോള്‍ പ്രേതങ്ങള്‍ അടുത്തുവരാന്‍ മടിയ്ക്കുന്നുണ്ടോ? ഒരുപാട് ഉത്തരം ലഭിയ്ക്കാത്ത ചോദ്യങ്ങള്‍ ബാക്കിയാവുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അവയ്ക്കുള്ള ഉത്തരങ്ങളും നാം കണ്ടെത്തുമായിരിക്കും.
(ഈ ലേഖനത്തിലുള്ള വിവരങ്ങളുമായി യോജിക്കാത്തവര്‍ ദയവായി ഈ ഗ്രൂപ്പിന്‍റെ സ്പിരിറ്റിനു യോജിക്കാത്ത കമന്‍റുകളുമായി വരരുത്, അത്തരക്കാര്‍ക്കുള്ളതല്ല ഈ ഗ്രൂപ്പ്, ഇതിലെ വിശദാംശങ്ങള്‍ വിവിധ പുസ്തകങ്ങളില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്. എന്‍റെ കണ്ടെത്തലുകളല്ല)