A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഉസൈൻ ബോൾട്ട് - കായികലോകത്തിന്റെ കോസ്മിക് സെന്റർ

ഉസൈൻ ബോൾട്ട് - കായികലോകത്തിന്റെ കോസ്മിക് സെന്റർ
2008 മുതൽ ഓരോ നാലുവർഷങ്ങൾ കൂടുമ്പോഴൊക്കെയും ആ മനുഷ്യൻ ലോകത്തെ മുഴുവൻ തന്നിലേക്ക് സന്നിവേശിപ്പിച്ചു. ഏറ്റവും സമ്മർദം നിറഞ്ഞ നൂറുമീറ്റർ ഓട്ടമത്സരത്തിന്റെ സ്റ്റാർട്ടിങ് ബ്ലോക്കിലേക് അയാൾ നമ്മെ കൂട്ടിക്കൊണ്ടുപോയി, പിന്നെ വെറൂമൊരു ഒൻപതു സെക്കന്റുകളിലേക്കു ലോകത്തെ അയാൾ ചുരുക്കിനിർത്തി. സമ്മർദം തിളച്ചുയരുന്ന നിമിഷാര്ധങ്ങളിലൊക്കെയും അയാൾ ക്യാമെറ കണ്ണുകളിലേക്കു നോക്കി വികലമായി ചിരിച്ചു, കൈകൾ മേലോട്ടുയർത്തി ' ഞാൻ നിങ്ങളോടു കൂടെത്തന്നെയുണ്ടെന്നു' പറയാതെ പറഞ്ഞു, തന്റെ ജയത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടങ്ങൾക്കു മുന്നിലേക്ക് സെൽഫി പോസിൽ നിന്ന് ചൂണ്ടു വിരൽ ഉയർത്തി 'താൻ തന്നെയാണ് മിശിഹാ' എന്ന് ആത്മവിശ്വാസത്തോടെ വിളിച്ചു കൂവി..
ഉസൈൻ ബോൾട്ട്.. ലോകത്തെ ഏറ്റവും വേഗം കൂടിയ മനുഷ്യൻ... ഏറ്റവും വില കൂടിയ കായികതാരം... ഏറ്റവും ആരാധിക്കപ്പെടുന്ന മനുഷ്യന്മാരിൽ ഒരാൾ... അതിന്റെയൊക്കെ അപ്പുറത്ത് അയാൾ ഒരു പ്രതീക്ഷയായിരുന്നു, ആരെയും മോഹിപ്പിക്കുന്ന വസന്തമായിരുന്നു അയാൾ...... സാക്ഷാൽ ബോബ് മാർലി കൊണ്ടുവന്ന റെഗ്ഗെ സംഗീതത്തിന്റെ ചൂടും ചൂരും താന്പോരിമയും അയാൾക്കുണ്ടായിരുന്നു...സൂഫിസംഗീതത്തിന്റെ മനം മയക്കും താളവും ഉന്മാദവും അയാൾക്കുണ്ടായിരുന്നു, അതുകൊണ്ടാണ് അയാളുടെ ഓട്ടപന്തയത്തിന്റെ നിമിഷങ്ങളിൽ സ്റ്റേഡിയങ്ങളിലും ബാറുകളിലും തെരുവോരങ്ങളിലും, പള്ളിക്കൂടങ്ങളിലും ആൾക്കൂട്ടങ്ങൾ കൈകൾ മുറുക്കെപ്പിടിച്ചും, ഇമചിമ്മാതെയും ബോൾട്ട് എന്ന മഹാമേരുവിനെ നോക്കിക്കൊണ്ടേയിരുന്നത്... അയാളുടെ മുഖത്തെ സമ്മർദങ്ങൾ തന്റെ സമ്മർദങ്ങൾ തന്നെയാണെന്നും അയാൾ ജയിക്കുമ്പോഴെക്കെ ജയിക്കുന്നതു താൻ തന്നെയാണെന്നും ലോകത്തെ അയാൾ വിശ്വസിപ്പിച്ചു. ആൾക്കൂട്ടങ്ങൾ ആ ഒമ്പതോളം നിമിഷങ്ങളിൽ ഹിസ്റ്റീരിയ ബാധിച്ചപോലെ ഉന്മാദം പൂണ്ടു... അനിർവചനീയമായ സന്തോഷം അയാൾ നമുക്ക് നൽകി.. അയാൾ ജയിക്കുമ്പോഴൊക്കെയും അയാളുടെ വിജയം നാം നമ്മുടേതായി കണ്ടു.. അതിൽ ഊറ്റം കൊണ്ടു..തെല്ലൊന്നു അഹങ്കരിച്ചു... 'മ്മ്‌ടെ ചെക്കനാ..ഓൻ ' എന്ന് വിളിച്ചു പറഞ്ഞു..
പച്ചക്കറികടക്കാരൻ വെല്ലെസ്‌ലിയുടെയും ജെന്നിഫർ ബോൾട്ടിന്റെയും മൂന്നുമക്കളില് ഒരാളായിരുന്നു 1986ൽ ജനിച്ച ഉസൈൻ ലിയോ ബോൾട്ട്. ക്രിക്കറ്റും ഫുട്ബോളും കളിച്ചു നടന്ന പയ്യന്റെ സ്വാഭാവിക വേഗത ശ്രദ്ദിച്ച ബോൾട്ടിന്റെ ക്രിക്കറ്റ് കോച്ച് ആണ് അവനെ അത്ലറ്റിക്സിലേക്കു വഴിതിരിച്ചു വിടുന്നത്. 2002 ലോക ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ് ജമൈക്കയിൽ വെച്ച് നടന്നപ്പോഴാണ് ബോൾട്ട് ആദ്യമായ് വെള്ളിവെളിച്ചത്തിൽ വരുന്നത്. സ്വന്തം നാട്ടിലെ മത്സരമായത് കൊണ്ട് തന്നെ കാണികളുടെ വൻപിന്തുണയായിരുന്നു ബോൾട്ടിന്. കാണികളുടെ ആർപ്പുവിളിയിൽ പേടിച്ചുപ്പോയി, കാലിലെ ഷൂ വരെ മാറിയിട്ട ഉസൈൻ ബോൾട്ടെന്ന 15 കാരൻ പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച സ്പ്രിന്റര് ആയിമാറിയത് ചരിത്രം. ആ ചാമ്പ്യൻഷിപ്പിലെ 200 മീറ്റർ സ്വർണനേട്ടമായിരുന്നു അയാളുടെ കരിയറിലെ ആദ്യനേട്ടം. ബീജിംഗ് ഒളിംപിക്സിൽ ബോൾട്ട് 100 , 200, 4*100 റിലേ മത്സരങ്ങളിൽ റെക്കോർഡ് സമയത്തോടെ ജേതാവായി. ലണ്ടൻ ഒളിംപിക്സിലും, റിയോ ഒളിംപിക്സിലും ഈ മൂന്നിനങ്ങളിലും അയാൾക്കു എതിരാളികളെ ഇല്ലായിരുന്നു. 11 തവണ ലോകചാമ്പ്യൻ ആയ ബോൾട്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2009 മുതൽ 2015 വരെ മേല്പറഞ്ഞ ഇനങ്ങളിൽ ചാമ്പ്യൻ ആയി..(2011 ലെ 100 മീറ്റർ ഒഴിച്ച് നിർത്തിയാൽ). ആറു തവണ വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡും നാലു തവണ ലോറസ് വേൾഡ് സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡും അയാളെ തേടിയെത്തി.
പറയാൻ ഏറെയുണ്ട്.. അതൊന്നും പൂർണമാവില്ല എന്നുമറിയാം.. കായിക ലോകം ഒന്നടങ്കം പ്രതിസന്ധിയിലാർന്ന ഒരു ചരിത്രസന്ദര്ഭത്തിലായിരുന്നു ഉസൈൻ ബോൾട്ടെന്ന മിശിഹായുടെ പിറവി... ടിം മോണ്ട്ഗോമറിയുടെയും ജസ്റ്റിൻ ഗാറ്റലിന്റെയും ലോകറെക്കോർഡ് ഉത്തേജകമരുന്നടിയുടെ പേരിൽ തിരിച്ചുവാങ്ങിയ സമയം , എക്കാലത്തെയും വലിയ വനിതാ അത്ലറ്റ് ആവാനുള്ള മോഹവുമായി വന്ന അമേരിക്കക്കാരി മറിയോൺ ജോൺസ് അതേ ഉത്തേജക മരുന്നിന്റെ കാരണത്താൽ ജയിലിൽ അടക്കപ്പെട്ട സമയം...മൗറിസ് ഗ്രീൻ എന്ന ഓട്ടക്കാരന് സംശയ നിഴലിൽ ആയ സമയം, തത്യാന ലേബദോവ പോലുള്ള റഷ്യക്കാരികൾ മരുന്നടിക്കു വിലക്ക് നേരിട്ട സമയം...അവിടെയായിരുന്നു കായികലോകത്തെ മുന്നോട്ടു നയിക്കാൻ അയാൾ ഉദിച്ചുയർന്നത്... .മരുന്നടി കായികലോകത്തു അതിഭീകരമാണ്‌.. നൂറുമീറ്ററിലെ ബോൾട്ട് അല്ലാതെയുള്ള ലോകത്തെ ഏറ്റവും മികച്ച ആറ് ലോകറെക്കോർഡ് ഉടമകൾ മരുന്നടിക്കു ഒരിക്കലെങ്കിലും പിടിക്കപ്പെട്ടവർ ആണ്, അതിവേഗക്കാരിലെ മരുന്ന് മണമില്ലാത്ത അത്ലറ്റുകളുടെ ലിസ്റ്റിൽ ട്രിനിനാടിന്റെ റിച്ചാർഡ് തോംസണും അമേരിക്കയുടെ നിക്കോൾ കോൾമാനും മാത്രമേ ബോൾട്ടിന് പുറത്തുള്ള പേരുകളായിട്ടുള്ളു... 1996 ലെ ഡൊണോവൻ ബെയ്‌ലിയും ബോൾട്ടും കഴിഞ്ഞാൽ മരുന്നടിക്കാതെ ഒളിമ്പിക് ചാമ്പ്യൻ ആരെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞാൽ 1980ലെ അല്ലൻ വെൽസ് എന്ന അത്ലെറ്റിലേക്കായിരിക്കും നാം എത്തുക...
നൂറു മീറ്ററിൽ ലോകം കണ്ട ഏറ്റവും മികച്ച മുപ്പതു സമയങ്ങൾ എടുത്താൽ അത് സ്ഥാപിച്ചവരിൽ ബെൻ ജോൺസൻ, കാൾ ലെവിസ്, മൗറിസ് ഗ്രീൻ, അസഫാ പവൽ, തുടങ്ങിയ വമ്പന്മാർ ഉള്ളതായി കാണാം...ആ മുപ്പതു സമയങ്ങളിൽ 21 എണ്ണവും മരുന്നടിക്കു ഒരിക്കലെങ്കിലും പിടിക്കപ്പെട്ടവർ ആണ് എന്നത് അതിഭീകരമായ ഉത്തേജകമരുന്നടിയെ സൂചിപ്പിക്കുന്നു.. വെറും 9 സമയങ്ങൾ ആണ് അതിൽ മരുന്നു മണം തെല്ലുപോലുമില്ലാത്തത്.. ആ ഒൻപതു സമയത്തിന്റെയും ഉടമ ഒരേയൊരാളാണ്... അയാളുടെ പേര് ഉസൈൻ സെന്റ് ലിയോ ബോൾട്ട് എന്നാണത്രെ...!!!!!
വെറുമൊരു ഓട്ടക്കാരൻ മാത്രമല്ല ബോൾട്ട്. ജമൈക്ക എന്ന കൊച്ചു രാജ്യത്തിൻറെ അഭിമാനവും തുറുപ്പുചീട്ടും, എന്തിനേറെ പിടിവള്ളി പോലും ചിലപ്പോൾ ബോൾട്ട് ആയിരിക്കാം... അയാൾ ഒളിമ്പിക് ജേതാവായ നിമിഷം മുതൽ ലോകത്തിന്റെ വിവിധരാജ്യങ്ങളിൽ നിന്നും ജമൈക്ക എന്ന ദ്വീപിലേക്കുള്ള വിദേശസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കൂടിയതായി അവരുടെ പ്രധാനമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. അസന്തുഷ്ടമായ സമൂഹസാഹചര്യങ്ങളിൽ നിന്നും കഞ്ചാവിന്റെയും, ഗ്യാങ് വാറുകളുടെയും ക്രിമിനൽ പശ്ചാത്തലങ്ങളിലേക്ക് വഴിമാറിയൊഴുകിയേക്കാവുന്ന ഒന്നിലധികം തലമുറകളുടെ പ്രചോദനമാവാൻ അയാൾക്ക്‌ പറ്റിയുണ്ട്. പള്ളിക്കൂടങ്ങളിലും മറ്റും കുട്ടികൾ മറ്റൊരു ബോൾട്ടാവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. അങ്ങനെ സാമ്പത്തികമായും, സംസ്കാരികമായും ജമൈക്കയടങ്ങിയ കരീബിയൻ രാജ്യങ്ങളുടെ അത്താണിയാണിയാൾ...
ഹാമെലിനിലെ മാന്ത്രിക കുഴലൂത്തുകാരനെ പോലെയായിരുന്നു അയാൾ. അയാൾ - " വന്നു, കണ്ടു, കീഴടക്കി". കായികലോകത്തിനു കൈമോശം വന്ന കാണികളെ തിരിച്ചുനൽകിയതാണ് ബോൾട്ട് നൽകിയ ഏറ്റവും വലിയ സംഭാവന..അതിന്റെ കൂടെ ഒരു രാജ്യത്തിൻറെ നട്ടെല്ല് കൂടിയാണ് ആ നീളം കൂടിയ "അമ്മക്കുട്ടി". തന്റെ പതിവ് ഓട്ടമത്സരങ്ങൾ പോലെ പതിയെ തുടങ്ങി , ആർത്തിരമ്പി ഒടുവിൽ മാനുഷികമായ അലസതയോടെയാണ് അയാൾ കായികലോകത്തോട് വിടപറയുന്നത്...അതിവേഗക്കാർ ഇനിയുമുണ്ടാവും, മികച്ച പ്രതിഭകൾ അവതരിക്കുകയും ചെയ്യും, എന്നാലും അവർക്കാർക്കും ബോൾട്ടിനെ പോലെ തന്റെ വിജയം ലോകത്തിന്റെ വിജയമാക്കാൻ പറ്റിയെന്നു വരില്ല, ഓട്ടമത്സരങ്ങളിൽ ഇത്രയും ലാളിത്യവും സന്തോഷവും പകർന്നു നല്കാൻ ഇനിയൊരാൾക്കും പറ്റിയെന്നും വരില്ല.... അയാളെ പോലെ കണ്ണും മനസ്സും ഒരേപോലെ നിറയ്ക്കാൻ കഴിഞ്ഞെന്നും വരില്ല...