യോഗികളുടെ മതപ്രകാരം നട്ടെല്ലിനുള്ളില്‍ ഇഡയെന്നും പിംഗളയെന്നും രണ്ടു നാഡീധാരകളും നട്ടെല്ലിലെ നാഡീപാശത്തിലൂടെ പോകുന്ന സുഷുമ്‌നയെന്ന ഒരു ഒഴിഞ്ഞ നാളവുമുണ്ട്. ആ നാളത്തിന്റെ താഴത്തെ അറ്റത്താണു യോഗികള്‍ പറയുന്ന കുണ്ഡലിനീ പദ്മം. അതിനെ ത്രികോണാകൃതിയായിട്ടാണ് അവര്‍ വര്‍ണ്ണിക്കുന്നത്. അതിനുള്ളില്‍, യോഗികളുടെ വ്യംഗ്യഭാഷയില്‍, ‘കുണ്ഡലിനി’ എന്ന ശക്തി ചുരുണ്ടു കിടക്കുന്നുണ്ട്. ആ കുണ്ഡലിനി ഉണര്‍ന്നാല്‍ അത് ഈ ഒഴിഞ്ഞ നാളത്തില്‍ക്കൂടെ തള്ളിക്കയറാന്‍ ശ്രമിക്കുന്നു. അതു പടിപടിയായെന്നപോലെ ഉയരുമ്പോള്‍ മനസ്സിന്റെ അടുക്കുകള്‍ ഓരോന്നോരോന്നായി തുറക്കുന്നു, പലവിധ ദര്‍ശനങ്ങളും അദ്ഭുതസിദ്ധികളും യോഗിക്കു കൈവരുന്നു. അതു ശിരസ്സില്‍ (തലച്ചോറില്‍) എത്തുമ്പോള്‍ യോഗിക്കു ശരീരത്തോടും മനസ്സിനോടുമുള്ള ബന്ധം തീരെ വിട്ടുപോകുന്നു. ആത്മാവു തന്നെ സ്വയം മുക്തനെന്നു കാണുന്നു. നട്ടെല്ലിലെ നാഡീപാശത്തിന്റെ നിര്‍മ്മാണം ഒരു പ്രത്യേകമാതിരിയിലാണെന്നറിയാമല്ലോ. എട്ട് എന്ന അക്കം എടുത്തു വിലങ്ങനെ വെച്ചാല്‍ (ഠഠ) അതിനു നടുക്കു കൂടിച്ചേരുന്ന രണ്ടു ഭാഗങ്ങളുണ്ട്. ഈ എട്ടുകളെ മീതേയ്ക്കുമീതെ അടുക്കിവെച്ചാല്‍ നാഡീപാശത്തിന്റെ സ്വരൂപമാകും. ഇടത്തുഭാഗം ഇഡയും വലതുഭാഗം പിംഗളയും ഇടയില്‍ നെടുനീളത്തില്‍ കിടക്കുന്ന പൊള്ളയായ നാളം സുഷുമ്‌നയുമാകും. ഈ നാഡീപാശം അരക്കെട്ടിലുള്ള നട്ടെല്ലിന്റെ ചില എല്ലുകളില്‍ അവസാനിക്കുന്നിടത്തുനിന്ന് ഒരു നേരിയ തന്തു പുറപ്പെട്ടു പിന്നെയും അടിയിലോട്ടു പോകുന്നുണ്ട്. അതിനുള്ളില്‍ക്കൂടിയും മേല്‍പ്പറഞ്ഞ നാളം പോകുന്നുണ്ട്: അതു വളരെ സൂക്ഷ്മമാണെന്നുമാത്രം, നാളത്തിന്റെ അടി മൂടിയിരിക്കും. ഇതവസാനിക്കുന്നതു മൂലഗ്രന്ഥി എന്നു പറയുന്ന സ്ഥാനത്തിനടുത്താണ്. ഈ ഗ്രന്ഥി ത്രികോണാകൃതിയാണെന്ന് ആധുനിക ശരീരശാസ്ത്രജ്ഞന്മാര്‍ വിവരിക്കുന്നു. നട്ടെല്ലിലെ നാഡീ പാശത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന നാഡീഗ്രന്ഥികള്‍ യോഗികള്‍ പറയുന്ന ആധാരപദ്മങ്ങള്‍ക്കു പ്രതിവര്‍ത്തിക്കുന്നവയാവാം.
അടിയില്‍ മൂലാധാരം മുതല്‍ ശിരസ്സില്‍ സഹസ്രാരമെന്ന സഹസ്രദളപദ്മംവരെ പല കേന്ദ്രങ്ങള്‍ ഉണ്ടെന്നു യോഗി സങ്കല്പിക്കുന്നു. മേല്പറഞ്ഞ നാഡീഗ്രന്ഥികള്‍ യോഗികളുടെ പദ്മങ്ങള്‍ക്കു പ്രതിവര്‍ത്തിക്കുന്നതായി വിചാരിച്ചാല്‍ ഇന്നത്തെ ശരീരശാസ്ത്രത്തിന്റെ ഭാഷയില്‍ത്തന്നെ യോഗിയുടെ ആശയം വളരെ എളുപ്പം മനസ്സിലാക്കാം. ഈ നാഡീപ്രവാഹങ്ങളില്‍ രണ്ടുതരം വ്യാപാരങ്ങളാണല്ലോ നടക്കുന്നത്; ഒന്ന് അന്തര്‍വാഹി, മറ്റേതു ബഹിര്‍വാഹി: ഒന്നു ബോധകം, മറ്റേതു കാരകം: ഒന്നു കേന്ദ്രാന്വയി, മറ്റേതു കേന്ദ്രവിശ്ലേഷി. ഒന്ന് ഇന്ദ്രിയവേദനങ്ങളെ തലച്ചോറിലേക്ക് എത്തിക്കുന്നത്, മറ്റേതു തലച്ചോറില്‍നിന്നു പുറമെ ശരീരത്തിലേക്കു പ്രേരണകളെ അയയ്ക്കുന്നത്. ഈ സ്പന്ദങ്ങളെല്ലാം ഒടുവില്‍ തലച്ചോറിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഇനി, ഇതിനപ്പുറം വിവരിപ്പാന്‍ പോകുന്നതു വെളിവാകാന്‍ വേറെ പല സംഗതികളും ഓര്‍മ്മ വെയ്‌ക്കേണ്ടതുണ്ട്. ഈ സിരാപാശം മജ്ജാമയമായ ഒരു കന്ദത്തില്‍ അവസാനിക്കുന്നു. കന്ദമാകട്ടെ തലച്ചോറിലുള്ള ഒരു ദ്രാവകത്തില്‍ പൊങ്ങിക്കിടക്കുകയാണ്, തലച്ചോറിനോടു ബന്ധിക്കുന്നില്ല. അങ്ങനെയായതുകൊണ്ട്, തലയ്‌ക്കൊരടിയേറ്റാല്‍ അടിയുടെ ശക്തി ആ ദ്രാവകത്തില്‍ ചിതറി ലയിക്കുകയല്ലാതെ കന്ദത്തെ ബാധിക്കില്ല. ഇത് ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന സംഗതിയാണ്. രണ്ടാമത്, ഒരു കാര്യംകൂടി അറിഞ്ഞിരിക്കണം; എല്ലാ പദ്മങ്ങളിലുംവെച്ച് അടിയിലുള്ള മൂലാധാരം, ശിരസ്സിലുള്ള സഹസ്രാരം, നാഭിക്കെതിരെയുള്ള മണിപൂരം ഇവ മൂന്നും മുഖ്യമായി ഓര്‍മ്മവെയ്ക്കണം. ഇനി ഭൗതിക ശാസ്ത്രത്തില്‍നിന്നൊരു വസ്തുതയെടുക്കാം. വിദ്യുച്ഛക്തിയെയും അതിനോടു സംബന്ധിച്ച മറ്റു പല ശക്തികളെയും പറ്റി നാമെല്ലാം കേള്‍ക്കുന്നുണ്ട്. വിദ്യുച്ഛക്തിയെന്താണെന്ന് ആര്‍ക്കുമൊട്ടറിഞ്ഞുംകൂടാ. പക്ഷേ അറിഞ്ഞിടത്തോളം അത് ഒരുവക ചലനമാണെന്നുമാത്രം പറയാം.
ജഗത്തില്‍ വേറെയുമുണ്ടല്ലോ നാനാചലനങ്ങള്‍. അവയ്ക്കും വിദ്യുച്ഛക്തിക്കും തമ്മില്‍ വ്യത്യാസമെന്ത്? ഈ മേശ ചലിക്കുന്നു എന്നു വിചാരിക്കുക – അതായത് മേശയുടെ ഘടകാണുക്കള്‍ ഒരേ വഴിക്കല്ല പല വഴിക്കാണ് ചലിക്കുന്നതെന്നു വിചാരിക്കുക. അവയെയെല്ലാം ഒരേ വഴിക്കു ചലിപ്പിച്ചാല്‍ അതു വിദ്യുച്ഛക്തി വഴിയായിരിക്കും. വൈദ്യുതചലനം ഒരു പദാര്‍ത്ഥത്തിലെ അണുക്കളെയെല്ലാം ഒരേ വഴിക്കു ചലിപ്പിക്കുന്നു. ഒരു മുറിയിലുള്ള വായുവിലെ അണുക്കളെയെല്ലാം ഒരേ വഴിക്കു ചലിപ്പിക്കാമെങ്കില്‍ അത് ആ മുറിയെ ഒരു ഗംഭീരവൈദ്യുതകൂടമാക്കും. ഇനി ശരീരശാസ്ത്രത്തില്‍നിന്ന് ഒരു സംഗതികൂടി നാം ഓര്‍ക്കേണ്ടതുണ്ട്; ശ്വാസോച്ഛ്വാസങ്ങളെ ക്രമപ്പെടുത്തുന്ന കേന്ദ്രത്തിനു നാഡീജാലത്തിന്‌മേലാകെ നിയാമക വ്യാപാരമുണ്ട്.
ഇപ്പോള്‍ എന്തിനാണു ശ്വാസാഭ്യാസം പരിശീലിക്കുന്നതെന്നു കാണാം. ഒന്നാമത്, ശ്വാസം ഒരേ ക്രമത്തിലാകുമ്പോള്‍ ശരീരത്തിലെ ഘടകാണുക്കള്‍ക്ക് എല്ലാറ്റിനും ഒരേ വഴിക്കു ചലിക്കാനുള്ള വാസനയുണ്ടാകുന്നു. മനസ്സ് ഇച്ഛാരൂപത്തിലാകുമ്പോള്‍ നാഡീധാരകള്‍ വൈദ്യുതധാരയ്കയ്ക്കു തുല്യമായി പരിണമിക്കുന്നു. നാഡികള്‍ക്കു വൈദ്യുതധാരയിലെ ഏകധ്രുവപ്രവണത ഉണ്ടെന്നു വെളിവായിട്ടുണ്ട്. അതുകൊണ്ട് ഇച്ഛാശക്തി നാഡീധാരയായി പരിണമിക്കുമ്പോള്‍ അത് ഏതാണ്ട് വിദ്യുച്ഛക്തിപോലായിത്തീരുമെന്ന് ഇതു തെളിയിക്കുന്നു. ശരീരത്തിലെ സര്‍വ്വാണുക്കളുടെയും ചലനം ഒരേ ക്രമത്തിലാകുമ്പോള്‍ ശരീരം ഇച്ഛാശക്തിയുടെ ഒരു ഗംഭീര വൈദ്യുതകൂടം പോലെയായിത്തീരുന്നു. ഈ വമ്പിച്ച ഇച്ഛാശക്തിയാണു യോഗിക്കു വേണ്ടത്. അങ്ങനെ ഇതാണു ശ്വാസാഭ്യാസത്തിന്റെ ശരീരശാസ്ത്രക്രമത്തിലുള്ള വ്യാഖ്യാനം. ഇതു ദേഹത്തില്‍ ക്രമചലനമുണ്ടാക്കി ശ്വാസ(നിയമന)കേന്ദ്രം വഴി മറ്റു കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കുന്നു. ഇവിടെ പ്രാണായാമത്തിന്റെ ഉദ്ദേശ്യം മൂലാധാരത്തില്‍ ചുരുണ്ടു കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തുകയുമാകുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 4. പേജ് 194-197]
കുണ്ഡലിനി
കുണ്ഡലിനി സുഷുമ്‌നയുടെ അടിഭാഗത്തുള്ള മൂലാധാര ചക്രത്തില്‍ തലകീഴായി മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന നിദ്രാശക്തിയുള്ള സര്‍പ്പമാണ്. യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം ഈ ശക്തി നിദ്രയില്‍ നിന്നുണര്‍ന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തില്‍ ലയിച്ച് യോഗി നിര്‍വികല്‍പ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നു.മഇ
ഇഡ, പിംഗല
മൂലാധാരമൊഴിച്ചുള്ള മറ്റ് നാല് ആധാരചക്രങ്ങള്‍ സുഷുമ്‌നയിലാണ് സ്ഥിതിചെയ്യുന്നത്. ആറാമത്തെ ചക്രമായ ആജ്ഞ പുരികമദ്ധ്യത്തിലാണ്. സുഷുമ്‌നയെ ചുറ്റി ഇടവും വലവുമായി ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികള്‍ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്‌നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ശിവന്റെ രണ്ടു നേത്രങ്ങള്‍ സൂര്യചന്ദ്രന്മാരും നെറ്റിയിലെ നേത്രം അഗ്നിയുമാണ്. ഇഡയില്‍ക്കൂടി ചന്ദ്രപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ശീതളമാണ്. പിംഗളയില്‍ക്കൂടി സൂര്യപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ഊഷ്മളമാണ്. ഇഡ ഇടതു നാസികയില്‍ക്കൂടിയും പിംഗള വലതു നാസികയില്‍ക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണ്. ഇഡ അമൃതപ്രവാഹിയും പിംഗള വിഷപ്രവാഹിയുമാണ്.
സുഷുമ്‌ന
കുണ്ഡലിനിയില്‍ നിന്ന് 72000 നാഡികള്‍ ഉത്ഭവിക്കുന്നു. അവയില്‍ 72 എണ്ണം പ്രധാനപ്പെട്ടതും അവയില്‍ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവകളുമാണ്. തന്നിമിത്തം പ്രാണന്‍, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവ അവയുടെ ദേവതകളാകുന്നു. പ്രാണന്‍ സുഷുമ്‌നയില്‍ക്കൂടി ചലിക്കുമ്പോള്‍ അഗാധമായ ധ്യാനവും ക്രമേണ സമാധ്യവസ്ഥയുമുണ്ടാകുന്നു.
കുണ്ഡലിനി വര്‍ത്തുളമായി, ഓജശ്ചക്തിയായി സുഷുമ്‌നയില്‍ക്കൂടി സഞ്ചരിച്ച് ഓരോ ചക്രങ്ങളെയും മറികടക്കുമ്പോള്‍ യോഗിക്ക് പലപല അനുഭൂതികളുണ്ടാകുകയും ശക്തിയാര്‍ജിക്കുകയും അയാള്‍ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.
പ്രാണായാമത്തിലെ കുംഭകം ചെയ്യുമ്പോള്‍ ഊര്‍ജ്ജമുണ്ടാവുകയും തന്നിമിത്തം കുണ്ഡലിനി ഉണരുകയും സുഷുമ്‌നാനാഡിയിലൂടെ മേലോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ആറ് ഷഡാധാരചക്രങ്ങളെയും കടന്ന് സഹസ്രാരപത്മത്തിലെത്തി അതിന്റെ കര്‍ണികയ്ക്കുളളില്‍ കുടികൊള്ളുന്ന ശിവനുമായി ചേരുകയും ചെയ്യുമ്പോള്‍ യോഗി സച്ചിദാനന്ദസുഖം അനുഭവിക്കുന്നു. ആ യോഗി സര്‍വസ്വാതന്ത്ര്യവും സര്‍വൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു.
ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തില്‍ നിഭൃതമായിരിക്കുന്ന ആത്മീയ ഊര്‍ജ്ജമാണ്. പ്രാണായാമത്തിന്റെ ശീലനംകൊണ്ട് നാഡികള്‍ സംശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തില്‍ ലാഘവത്വം, ശരീരവര്‍ണത്തില്‍ തിളക്കം, ആമാശയാഗ്നിയുടെ വര്‍ദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികള്‍ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.
-------=======///-------------
യോഗയും ധ്യാനവും കൊണ്ട് ഓരോ മനുഷ്യനും സ്വന്തം കഴിവുകളെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ജീവിതത്തിന്‍റെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ സാധിക്കും. ഏറെപ്പറയുകയാണെങ്കില്‍ ജനനമരണങ്ങള്‍ പോലും നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുത്താന്‍ കഴിയും.
ഇതെങ്ങനെ സാധിക്കുന്നു? അതെ, അതിനുള്ള ശക്തി നമുക്കുണ്ട്. നമ്മുടെ ശരീരം ആ രീതിയിലാണു രൂപവല്ക്കരിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിലുള്ള ശക്തിയെ അല്ലെങ്കില്‍ പ്രാപ്തിയെ സ്വയം മനസ്സിലാക്കുവാന്‍ ഈ പരിശീലനങ്ങള്‍ നമ്മെ സഹായിക്കുന്നു. നാമറിയാതെതന്നെ നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന അപരിമിതമായ ശക്തിയെ നമുക്കു സ്വയം തിരിച്ചറിയാനുള്ള അത്ഭുതകരമായ പരിശീലനങ്ങളാണവ. അങ്ങനെ അനുഭവിച്ചറിയാന്‍ സാധിക്കുമോ എന്നു ചോദിച്ചാല്‍, സാധിക്കും എന്നുതന്നെയാണുത്തരം; നമ്മെക്കൊണ്ടതിനു കഴിയും.
അതിനുവേണ്ടി പരിശ്രമിക്കുന്നതിനു മുമ്പ് ആ ശക്തിയെപ്പറ്റി നമുക്കു മനസ്സിലാക്കാം. അടിസ്ഥാനപരമായ ജീവശക്തിയെ കുണ്ഡലിനി എന്നു വിളിക്കുന്നു. ഇത് ഓരോ മനുഷ്യന്‍റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. യോഗാ, ധ്യാനം തുടങ്ങിയവയുടെ സഹായത്തോടെ ആന്തരിക പ്രയാണം (inward journey) ചെയ്യുന്നവര്‍ കുണ്ഡലിനി ശക്തിയുടെ മഹത്വത്തെക്കുറിച്ചു മനസ്സിലാക്കും. ആ അറിവു ലഭ്യമാകുന്നതോടെ പരമാനന്ദമെന്തെന്നുള്ളതും മനസ്സിലാകും.
ഈ കുണ്ഡലിനി എന്തു ചെയ്യുന്നു? ഒരു പാമ്പ് അനങ്ങാതെ ഒരിടത്ത് ഒതുങ്ങിക്കിടക്കുകയാണെങ്കില്‍ അതവിടെ കിടക്കുന്നതുപോലും നാമറിയില്ല. പക്ഷേ അതേ പാമ്പ് വളഞ്ഞ് പുളഞ്ഞ് ഓടിപ്പോകുമ്പോഴാണ് നാമത് ശ്രദ്ധിക്കുന്നത്. മനുഷ്യ ശരീരത്തില്‍ നട്ടെല്ലിന്‍റെ താഴെ സുഷുപ്‌തിയിലാണ്ടു കിടക്കുന്ന കുണ്ഡലിനി ശക്തിയും ഈ പാമ്പിനെപ്പോലെത്തന്നെയാണ്. യോഗ, ധ്യാനം തുടങ്ങിയവ മൂലം ഉത്തേജിതമാകുമ്പോള്‍ കുണ്ഡലിനി ശക്തി മുകളിലേയ്ക്കുളള സഞ്ചാരം തുടങ്ങും.
നട്ടെല്ലിന്‍റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതല്‍ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ഏഴു ചക്രങ്ങളെയും അവയുടെ മുഴുവന്‍ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയില്‍ കുണ്ഡലിനി പ്രാവര്‍ത്തികമാക്കുന്നു. മനുഷ്യന്‍റെ പ്രവൃത്തികള്‍, നേട്ടങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത് ഈ ഏഴു ചക്രങ്ങളാണ്.
മനുഷ്യന്‍റെ പ്രവൃത്തികള്‍, നേട്ടങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത് ഈ ഏഴു ചക്രങ്ങളാണ്.
മൂലാധാരചക്രം ഉണര്‍ന്ന അവസ്ഥയില്‍ ഉള്ള ഒരു മനുഷ്യന് ഭക്ഷണം, ഉറക്കം തുടങ്ങിയവയില്‍ കൂടുതല്‍ താല്‍പര്യമുണ്ടാകും. അനുഭവം, വിവരശേഖരണം തുടങ്ങിയവയുടെ അടിസ്ഥാന ഉറവായിരിക്കുന്ന ഈ ചക്രമാണ് മനുഷ്യന്‍റെ വളര്‍ച്ചയുടെ ചാലകശക്തി. പഞ്ചഭൂതങ്ങളില്‍ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ചക്രമാണിത്. ജനനേന്ദ്രിയത്തിനു അല്‍പ്പം മുകളിലായി സ്ഥിതി ചെയ്യുന്നതാണ് സ്വാധിഷ്‌ഠാനം. ജലതത്വത്തിന്‍റെ ഉദാഹരണമാണ് ഈ ചക്രം. ഇഹലോക ജീവിതത്തിന്‍റെ സുഖങ്ങള്‍ക്കുള്ളതാണ് ഇത്. നമ്മുടെ പൊക്കിളിനരികിലായി മണിപ്പൂരകം കാണപ്പെടുന്നു. അഗ്നിതത്വത്തെ പ്രതിഫലിക്കുന്ന ഈ ചക്രം ഉത്തേജിതാവസ്ഥയിലിരിക്കുമ്പോള്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനായി മാറുന്നു. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ വളരെ ശോഭിക്കും.
ഹൃദയ മദ്ധ്യേ സ്ഥിതി ചെയ്യുന്ന അനാഗതചക്രം വായുതത്വത്തിന്‍റെ പ്രതീകമാണ്. സൃഷ്‌ടി, സ്‌നേഹം തുടങ്ങിയവയുടെ ആത്മചക്രമാണിത്. തൊണ്ടയിലുള്ള വിശുദ്ധി ചക്രം ആകാശതത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിന്മകളെ തടയുന്ന ചക്രമാണിത്. പുരികമദ്ധ്യേ ഉള്ള ആഗ്നാചക്രം ഉയര്‍ന്ന തലത്തിലുള്ള വിജ്ഞാന സമ്പാദനത്തിനു കാരണഭൂതനാകുന്നു. അവസാനമായി, നിറുകയില്‍ സ്ഥിതിചെയ്യുന്നതാണ് സഹസ്രഹാരം. സ്വയം മറന്ന്‍ സ്വാതന്ത്ര്യത്തിന്‍റെ ആനന്ദം പകരുന്ന ചക്രമാണിത്. ശിവന്‍ ശിരസ്സില്‍ സര്‍പ്പത്തെ ധരിച്ചുകൊണ്ട് നൃത്തം ചെയ്യുന്നില്ലേ; കുണ്ഡലിനി ശക്തി ശിരസ്സിലുള്ള സഹസ്രഹാര ചക്രത്തെ ഉണര്‍ത്തിയ അവസ്ഥയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടാകന്ന സംശയം സാധാരണ മനുഷ്യന് ഈ ഏഴു ചക്രങ്ങളെയും ചലിപ്പിക്കാനുള്ള കഴിവുണ്ടാകുമോ എന്നതാണ്. തീര്‍ച്ചയായും ഉണ്ടാകും. എങ്ങിനെ?
ഇന്ന് അറിയപ്പെടുന്ന യോഗ ശാസ്ത്രം പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് താന്ത്രീയ സംസ്‌കാരത്തില്‍നിന്നു രൂപംകൊണ്ടതാണ്. പുരാവസ്തു ഗവേഷണത്തിലൂടെ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്ന ഹാരപ്പ- മോഹന്‍ജോദാരോയില്‍നിന്നു ധാരാളം യോശില്‍പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതിലധികവും ശിവപാര്‍വതിമാരുടെ ആസനങ്ങളുടെയും ധ്യാനത്തിന്റെയും ശില്‍പങ്ങളായിരുന്നു. പൗരാണിക കാഴ്ചപ്പാടില്‍ ആദിഗുരു ശിവനും ആദിശിഷ്യ പാര്‍വതിയുമാണ്. യോഗവിദ്യ ആദ്യമായി ശിവന്‍, പാര്‍വതിക്ക് ഉപദേശിച്ചതാണെന്നാണു വിശ്വാസം.
യോഗശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ശിവസങ്കല്‍പം ഉയര്‍ന്ന ബോധാവസ്ഥയാണ്. പാര്‍വതി അറിവിന്റെ പാരമ്യതയും. യോഗയിലൂടെ സംഭവിക്കുന്നത് ശിവശക്തി ഐക്യമാണ്. എല്ലാ സൃഷ്ടികളുടെയും കാരണം ഇതാകുന്നു. ഇതുതന്നെ കുണ്ഡലിനി ശക്തി. എല്ലാ ജീവജാലങ്ങളിലും ഈ ശക്തി ഉറങ്ങിക്കിടക്കുന്നു.
മനുഷ്യശരീരത്തില്‍ നട്ടെല്ലിന്റെ താഴെ പെരിണിയം എന്ന സ്ഥാനത്തു മൂലാധാര ചക്രത്തിലാണ് കുണ്ഡലിനി ശക്തിയുടെ സ്ഥാനം. നിരന്തര സാധനകളിലൂടെ, അഭ്യാസത്തിലൂടെ ഈ ശക്തിയെ യഥാക്രമം ഉണര്‍ത്തി ഉയര്‍ത്തി സ്വാധിഷ്ഠാനം (sexual chakra), മണിപൂരം (navel chakra), അനാഹതം (heart chakra), വിശുദ്ധി (throat chakra), ആജ്ഞ (forehead chakra) എന്നീ ചക്രങ്ങളിലൂടെ ശിവസ്ഥാനമായ പരമാത്മാവസ്ഥയില്‍ അഥവാ ബ്രഹ്മാവസ്ഥയായ സഹസ്രാരപത്മത്തില്‍ വിലയം പ്രാപിക്കുന്നു. ഇതാണു യോഗാവസ്ഥ. അതു തന്നെ സമാധി; അതു തന്നെ മോക്ഷവും.
മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാണല്ലോ. ഒരു നദി ഒഴുകിയൊഴുകി സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നതുപോലെ ജീവാത്മാവായി യാത്രചെയ്തു പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു. അതുതന്നെ മോക്ഷം
നട്ടെല്ലിന്‍റെ കീഴറ്റത്തായി മനുഷ്യ ശരീരത്തി ല്‍ സ ര്‍പ്പ രൂപത്തിലുള്ള കുണ്ഡലിനി എട്ടു ചുറ്റായി ചുരുണ്ട് കിടക്കുന്നതായി യോഗശാസ്ത്രം. (മൂന്നര, മൂന്ന് ചുറ്റുകള്‍ എന്നും വിശ്വാസമുണ്ട്). നിദ്രാവസ്ഥയിലുള്ള ഈ ശക്തി , യമം, നിയമം, ആസനം,പ്രാണായാമം തുടങ്ങിയ യോഗാനുഷ്ഠാനങ്ങളെ കൊണ്ട് ഉണ ര്‍ത്തു മ്പോ ള്‍ നട്ടെല്ലിനു സമാന്തരമായുള്ള ഇഡ, പിംഗള , നാഡികള്‍ സുഷുമ്ന വഴി മേല്‍ പ്പോ ട്ട് സഞ്ചരിച്ച് ശിരസ്സിലെ സഹസ്രാര പത്മത്തി ല്‍ (ആയിരം ഇതളുള്ള താമര)എത്തുന്നു. ഇതോടെ യോഗി സര്‍വ്വജ്ഞനും, സിദ്ധനും, മുക്തനുമാവുന്നു.
ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ‘ കുണ്ഡലിനി ’പ്പാട്ടിന്‍റെ വ്യാഖ്യാനം ഈ പ്രക്രിയയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ശിവനെ ഒരേ സമയം സാകാരനായും നിരാകാരനായും ഇതില്‍ വര്‍ ണ്ണിക്കുന്നു. ഈ കൃതിയുടെ ആന്തരികാര്‍ത്ഥം ഗ്രഹിക്കാന്‍ ശിവകഥകള്‍ മനസ്സിലാക്കിയിരിക്കണമെന്ന് നടരാജഗുരു അഭിപ്രായപ്പെടുന്നു.
കുണ്ഡലിനിപ്പാട്ട്
ആടു പാമ്പേ, പുനം തേടു പാമ്പേ, യരു –
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ.
തിങ്കളും കൊന്നയും ചൂടുമീശന്‍ പദ-
പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ.
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ.
ആയിരം കോടിയനന്തന്‍ നീയാനന-
മായിരവും തുറന്നാടു പാമ്പേ.
ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞു കൊണ്ടാടു പാമ്പേ.
പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമെനിയെ-
ന്നുള്ളത്തില്‍ കളിക്കുമെന്നാടു പാമ്പേ.
പേയും പിണവും പിറക്കും ചുടുകാടു
മേയും പരം പൊരുളാടു പാമ്പേ.
പൂമണക്കും കുഴലാലകം പൂകുമാ-
ക്കോമള മേനി കണ്ടാടു പാമ്പേ.
നാദത്തിലുണ്ടാം നമശ്ശിവായ പ്പൊരു -
ളാദിയായുള്ളതെന്നാടു പാമ്പേ.
പൂമലരോനും തിരുമാലുമാരും പൊന്‍ -
പൂമേനി കണ്ടില്ലെന്നാടു പാമ്പേ.
കാമനെ ചുട്ട കണ്ണുള്ള കാലാരി തന്‍ -
നാമം നുകര്‍ന്നു നിന്നാടു പാമ്പേ.
വെള്ളി മലയില്‍ വിളങ്ങും വേദപ്പൊരു –
ളുള്ളില്‍ കളിക്കുമെന്നാടു പാമ്പേ.
എല്ലാമിറക്കിയെടുക്കുമേകന്‍ പദ –
പല്ലവം പറ്റിനിന്നാടു പാമ്പേ.
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ.
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടുനിന്നാടു പാമ്പേ.
ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ.
ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ.
നാടും നഗരവുമൊന്നായി നാവില്‍ നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ.
ദേഹവും ദേഹിയുമൊന്നായി വിഴുങ്ങിടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ.
പേരിങ്കല്‍ നിന്നു പെരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ.
ചേര്‍ന്നു നില്‍ക്കും പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!
* --------------------------------*
ആധാരചക്രങ്ങ ള്‍
1 -മൂലാധാരം, 2-സ്വാധിഷ്ഠാനം, 3-മണിപൂരകം
4- അനാഹതം 5- വിശുദ്ധി 6- ആജ്ഞ എന്നിങ്ങനെ ആറെണ്ണം.
മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഃഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നീ ഷഡാധാരങ്ങളിലൂടെ കുണ്ഡലിനിയുടെ യാത്ര. ഈ യാത്രയിൽ യോഗികൾക്ക് ആനന്ദം ലഭിക്കുന്നു. ഡാകിനി ,രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കല്‍പ്പിച്ച് ദർശിക്കുന്നത്. വ്യത്യസ്ഥമായ വര്‍ണ്ണം , വസ്ത്രം, ആയുധം എന്നിവ ഓരോ ദേവതയ്ക്കുമുണ്ട്.
സാധാരണക്കാരെ സംബന്ധിച്ച് ഈ അനുഭവങ്ങൾ മിഥ്യയോ വിഭ്രാന്തിയോ ആണെങ്കിലും സാധകനെ സംബന്ധിച്ച് ഇവ മറ്റേതൊരു കാര്യങ്ങൾ പോലെയും അനുഭവവേദ്യമാണ്. സഹസ്രാരത്തി ല്‍ ശിവനുമായി ഐക്യപ്പെടുകയാണ് കുണ്ഡലിനീ യോഗത്തിന്‍റെ പരമകാഷ്ഠ. സാധകന്‍റെ ലൌകികഭാവങ്ങളായ മൂലാധാരത്തിലെ ബ്രഹ്മഗ്രന്ഥിയും (രജസ്), അനാഹതത്തിലെ വിഷ്ണുഗ്രന്ഥിയും (സത്വം), ആജ്ഞാ ചക്രത്തിലെ രുദ്രഗ്രന്ഥിയും (തമസ്) ഭേദിക്കപ്പെടുന്നതോടെ മനസ് ശമനീഭാവം കൈക്കൊള്ളുന്നു. ആജ്ഞാചക്രം കഴിഞ്ഞാൽ കുണ്ഡലിനി ബ്രഹ്മരന്ധ്രം വഴി സഹസ്രാരത്തിലേക്കു കടക്കുന്നു. ശരീരം വിസ്മൃതവും മനസ്സ് മാത്രം നിലനിൽക്കുകയും (ലയവും ഉണ്മയും) ചെയ്യുന്ന അവസ്ഥയാണിത്.
ഈ വീഡിയോ കണ്ട് നോക്ക്
https://m.youtube.com/watch?v=uGephMn4dUs
+4