A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കര്‍ക്കിടകം


വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്.
കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.
രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.
കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്‌നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.
കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.
രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്. രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്‌കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.
കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.
കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍.