A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സുലവെസി എന്ന വിചിത്ര ദ്വീപ്

Image may contain: sky, mountain, cloud, outdoor and nature
ഭൂമിയിലെ പതിനൊന്നാമത്തെ വലിയ ദ്വീപാണ് ഇന്തോനേഷ്യയുടെ കീഴിലുള്ള Sulawesi . മറ്റു പല ഇന്തോനേഷ്യന്‍ ദ്വീപുകളേയും പോലെ തന്നെ സുലവെസിയിലും സജീവ അഗ്നിപര്‍വ്വതത്തിന്‍റെ സാന്നിധ്യമുണ്ട് . പക്ഷെ ഭൂമിയിലെ മറ്റെല്ലാ ദ്വീപുകളില്‍ നിന്നും സുലെവെസിയെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് . ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് Wallacea മേഖലയിലാണ് . ഇത് ഒരു ജൈവ-ഭൂമി ശാസ്ത്രപരമായ മേഖലയാണ് . ആസ്ത്രേലിയന്‍ വന്‍കരയ്ക്കും ഏഷ്യന്‍ ജൈവമണ്ഡലത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ് വാല്ലസ് മേഖലയില്‍ വരുന്നത് . ഈ മേഖലയുടെ ഏഷ്യന്‍ അതിര്‍ത്തിയില്‍ ബോര്‍ണിയോ ദ്വീപുകളും ആസ്ത്രേലിയന്‍ അതിര്‍ത്തിയില്‍ ന്യൂ ഗിനിയായും ആണ് ഉള്ളത് . ഈ മേഖലയുടെ ഒത്ത നടുക്ക് ഏറ്റവും വലിയ ദ്വീപായാണ് സുലവെസി നിലകൊള്ളുന്നത് . അതുകൊണ്ട് എന്താണ് ഇത്ര പ്രത്യേകത ?
അത് തന്നെയാണ് ഇതിന്‍റെ പ്രത്യേകത . സുലെവസി ദ്വീപില്‍ ആസ്ത്രേലിയന്‍ വന്‍കരയില്‍ മാത്രം കാണുന്ന ചില മൃഗങ്ങളും എഷ്യയില്‍ മാത്രം കാണപ്പെടുന്ന ചില മൃഗങ്ങളും ഒരുമിച്ചാണ് കഴിയുന്നത്‌ ! ഭൂമിയില്‍ രണ്ട് ജൈവ മണ്ഡലങ്ങളില്‍ കാണപ്പെടുന്ന ജീവികള്‍ പ്രകൃതിയില്‍ തന്നെ ഒരുമിച്ച് കഴിയുന്നത്‌ ഈ ദ്വീപില്‍ മാത്രമാണ് ! Wallacea മേഖലയുടെ ഒരു വശത്ത് ആസ്ത്രേലിയന്‍ ജീവികളും മറ്റൊരു ഭാഗത്ത്‌ ഏഷ്യന്‍ മൃഗങ്ങളും ! നടുക്കുള്ള സുലെവസി ദ്വീപിലാകട്ടെ ഇവരണ്ടും ഒരുമിച്ചും ! ( രണ്ട് ഭൂഖണ്ഡങ്ങള്‍ ഒരുമിക്കുന്ന കാടുകളും നഗരങ്ങളും മറ്റും ഈ വകുപ്പില്‍ പെടില്ല , ഇവിടെ biogeographical മേഖലയാണ് ഉദ്യേശിക്കുന്നത് ) . ഇങ്ങനെ ഒരുമിച്ചു ജീവിക്കുന്ന ജീവികളില്‍ പ്രമുഖര്‍ ഏഷ്യന്‍ കുരങ്ങുകളും ആസ്ത്രേലിയന്‍ സഞ്ചിമൃഗങ്ങളും ആണ് . ആസ്ത്രേലിയയില്‍ കുരങ്ങുകള്‍ ഇല്ലാത്തതിനാല്‍ ഭൂമിയില്‍ ഏഷ്യന്‍ കുരങ്ങുകളും സഞ്ചിമൃഗങ്ങളും ഒരുമിച്ചു വസിക്കുന്ന ഒരേയൊരു സ്ഥലമാണ് സുലെവസി .
ഏഷ്യന്‍- ആസ്ത്രേലിയന്‍ മൃഗങ്ങള്‍ കണ്ടുമുട്ടുന്ന സ്ഥലം എന്നതില്‍ കവിഞ്ഞ് മറ്റനേകം പ്രത്യേകതകള്‍ ഉണ്ട് സുലെവസിയിലെ കാടുകള്‍ക്ക് . ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നതായി ചില ഗുഹകളില്‍ നിന്നും കിട്ടിയ തെളിവുകള്‍ സൂചന നല്‍കുന്നു . എന്നാല്‍ ഹോമോ ഇറക്റ്റസ് ഇവിടെ എത്തിയിരുന്നതായി തെളിവുകള്‍ ഒന്നും തന്നെ ലഭ്യമല്ല . ചരിത്രാതീതകാലത്ത് എഷ്യക്കും ആസ്ത്രേലിയയ്ക്കും ഇടയിലുണ്ടായിരുന്ന ഇടനാഴിയായിരുന്നു ഈ ദ്വീപുകള്‍ ( സമുദ്രജലവിതാനം കുറഞ്ഞിരുന്ന കാലം ) . പിന്നീട് ജലവിതാനം ഉയര്‍ന്ന് ദ്വീപ് വന്‍കരകളില്‍ നിന്നും ഒറ്റപ്പെട്ടു പോയതിനാല്‍ ഇവിടെ ഇപ്പോള്‍ കാണുന്ന സസ്യ - ജീവി വര്‍ഗ്ഗങ്ങളില്‍ പകുതിയില്‍ കൂടുതലും ഭൂമിയില്‍ ഇവിടെ മാത്രം കാണപ്പെടുന്ന എന്‍ഡമിക് വര്‍ഗ്ഗങ്ങള്‍ ആണ് . ഇവയില്‍ നമ്മുക്ക് രസകരമായ രണ്ടു വര്‍ഗ്ഗത്തെ കൂടി പരിചയപ്പെടാം .....
1 . മാലിയോ (Macrocephalon maleo)
അഗ്നിപര്‍വ്വത്തിന്റെ ചൂടുകൊണ്ട് സ്വന്തം മുട്ട വിരിയിച്ചെടുക്കുന്ന പക്ഷിയാണ് മാലിയോ ! പര്‍വ്വതത്തിന്റെ താഴവരയിലെ ചൂട് മണ്ണ് വകഞ്ഞു മാറ്റി അതില്‍ എട്ടോ പത്തോ മുട്ടകള്‍ ഇടും . ഓരോന്നിനും കോഴിമുട്ടയുടെ അഞ്ചിരട്ടി വലിപ്പം ഉണ്ടാവും . മുട്ടകളുടെ മുകളില്‍ ചൂട് മണല്‍ കൊണ്ട് മൂടിയ ശേഷം സ്ഥലം വിടുന്ന തള്ളപക്ഷി പിന്നീടൊരിക്കലും മക്കളെ കാണാന്‍ തിരികെ വരില്ല ! മണലിന്റെ ചൂടില്‍ മുട്ട വിരിഞ്ഞിറങ്ങുന്ന കൊച്ചു മാലിയോകള്‍ സ്വയം തുരന്നു മണ്ണിനു മുകളില്‍ എത്തും ! സംരക്ഷിക്കാന്‍ ആരുമില്ലാത്ത കുട്ടി മാലിയോ പക്ഷികള്‍ മണിക്കൂറുകള്‍ക്കകം സ്വയം ആഹാരം തേടാനും പറക്കാനും തുടങ്ങും ! ഇന്നീ പക്ഷി പക്ഷെ വംശ നാശ ഭീഷണിയില്‍ ആണ് .
2. അനോവ എന്ന കുള്ളന്‍ പോത്ത് (Anoa)
ഇത് രണ്ട് വര്‍ഗ്ഗമുണ്ട് . അതില്‍ Mountain anoa (Bubalus quarlesi) എന്നയിനം ഭൂമിയിലെ കാടുകളില്‍ കാണപ്പെടുന്ന കന്നുകാലി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ചെറുതാണ് . ഇരുന്നൂറു കിലോ മാത്രം വരുന്ന ഈ ചെറു പോത്തിനെ കണ്ടാല്‍ പക്ഷെ ഒരു മാന്‍ ആണെന്നേ കരുതൂ . വടക്കേ ഇന്ത്യയില്‍ അന്യം നിന്നുപോയ സിവാലിക് ഒക്സ് (Siwalik Ox) ഇതിന്‍റെ ബന്ധുവാണ് .
ഇത്തരം കൗതുകം ജനിപ്പിക്കുന്ന അനേകം തരം ജീവിവര്‍ഗ്ഗങ്ങളുടെ തറവാടാണ് സുലെവസി .
Image Credit >> Vivien Cumming
By Julius Manuel