A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആലീസിന്റെ താജ്മഹൽ.

ആലീസിന്റെ താജ്മഹൽ.
ആഗ്രയിലെ താജ്മഹൽ കേൾക്കാത്തവരുണ്ടാവില്ല,ലോക പ്രശസ്തവും ഭൂമിയിലെ ഏഴ്‌ അത്ഭുതങ്ങളിൽ ഒന്നും നമ്മുടെ നാടിന്റെ അഭിമാനമുദ്രയുമായ വെണ്ണക്കല്ലിൽ തീർത്ത താജ്.
എന്നാൽ ചുവന്ന മണൽ കല്ലിൽ ( Red Sand Stone ) തീർത്ത മറ്റൊരു പ്രണയ കുടീരം കൂടിയുണ്ട്‌ ഇന്ത്യയിൽ , അതും താജ്മഹലിന്റെ അരികിൽ തന്നെ. ആഗ്രയിലാണ് പ്രണയത്തിന്റെ കഥകൾ പറഞ്ഞുതരാൻ വെമ്പുന്ന ഈ ചെന്താജ്മഹൽ നിലകൊളളുന്നത്‌.
മുഗൾ സാമ്രാട്ട്‌ ഷാജഹാൻ തന്റെ പ്രണയിനിയുടെ അകാലമൃത്യുവിൽ ദു:ഖിതനായിരിക്കുമ്പോഴാണ് അവളുടെ ഓർമ്മക്കായി വെണ്ണക്കല്ലിൽ തീർത്ത താജ്മഹലെന്ന മഹാസൗധം തീർത്തതെങ്കിൽ , തന്റെ പ്രാണേശ്വരന്റെ ഓർമ്മക്കായാണ് ഒരു യൂറോപ്യൻ വനിത പളളി സെമിത്തേരിയിൽ ചുവന്ന മണൽ കല്ലിൽ വെളള മാർബിൾ കൊണ്ട്‌ ചിത്രപ്പണി ചെയ്ത് ഈ സ്മാരകം നിർമ്മിച്ചത്‌.
താജ്മഹൽ ഷാജഹാന്റേയും മുംതാസിന്റേയും പ്രണയ സാഫല്യമാണെങ്കിൽ ഈ ചുവന്ന താജിന് പറയാനുളളത്‌ ജോണിന്റേയും ആലീസിന്റേയും പ്രണയകഥയാണ്.
Image may contain: sky, outdoor and nature
ജോൺ വില്യം ഹെസ്സിംഗ്‌ ( എ. ഡി 1740 - എ. ഡി 1803 ) ഡച്ച്‌ വ്യാപാരിയും സൈനികനുമായിരുന്നു. അദ്ദേഹത്തിന്റെ പത്നി ആലീസ്‌ ആണ് തന്റെ പ്രിയതമനു വേണ്ടി താജ്മഹലിന്റെ ഈ കുഞ്ഞു പതിപ്പ്‌ നിർമ്മിച്ചത്‌. ഹെസ്സിംഗ്‌ ഒരു വ്യാപാരിയായാണ് ഇന്ത്യയിലെത്തിയിരുന്നതെങ്കിലും അദ്ദേഹം ഒരു സൈനികൻ കൂടിയായിരുന്നു. ബ്രിട്ടീഷുകാർക്കും ഹൈദ്രാബാദിലെ നൈസാമിനുമെതിരെ നടന്ന മറാത്തരുടെ യുദ്ദങ്ങളിൽ, മറാത്താ സൈനിക ദളത്തിന്റെ നേതൃത്വം വഹിക്കുവാനുളള നിയോഗവും അദ്ദേഹത്തിനുണ്ടായി.
എ. ഡി 1795ൽ മറാത്താ സൈന്യവും ഹൈദ്രാബാദിലെ നൈസാമിന്റെ സൈന്യവും തമ്മിൽ നടന്ന കർദ്ദല യുദ്ദത്തിൽ 3000 പട്ടാളക്കാർ ഉൾകൊളളുന്ന ഒരു മറാത്താ സൈനിക വിഭാഗത്തിന്റെ ഓഫീസറായിരുന്നു ജോൺ ഹെസ്സി.
1801ൽ ഉജ്ജൈനിനു സമീപം മറാത്താ സേനയും ബ്രിട്ടീഷ്‌ സേനയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്റോറിലെ മറാത്താ ഭരണാധികാരിയായിരുന്ന യശ്വന്ദ്‌ റാവു ഹോൾക്കർ , ജോണിന്റെ കീഴിൽ നാല് ബറ്റാലിയൻ സൈന്യങ്ങളെ അണിനിരത്തുകയുണ്ടായി. എന്നാൽ ആ യുദ്ദത്തിൽ വിജയം ബ്രിട്ടീഷ്‌ പക്ഷത്തായിരുന്നു.
രണ്ടാം ആംഗ്ലോ മറാത്താ യുദ്ദത്തിൽ പങ്കെടുത്ത ഹെസ്സി പിന്നീട്‌ തന്റെ അറുപത്തിമൂന്നാം വയസ്സിൽ 1803 ജൂലൈ 21നു മരണപ്പെട്ടു.
അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്ന പത്നി ആലീസ്‌ സമ്പാദ്യമായി തന്റെ കയ്യിലുണ്ടായിരുന്ന ഒരു ലക്ഷത്തി ചില്ല്വാനം നാണയങ്ങൾ കൊണ്ട്‌ പേർഷ്യൻ-മുഗൾ ശൈലിയിൽ ആഗ്രയിലെ റോമൻ കത്തോലിക്കാ ചർച്ചിനോടനുബന്ധിച്ച്‌ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊളളുന്ന ഹെസ്സിയുടെ കുഴിമാടത്തിനു മുകളിൽ താജിന്റെ ഈ കുഞ്ഞു പതിപ്പ്‌ നിർമ്മിക്കുകയായിരുന്നു.
എന്നാല്‍ ആലീസ് താജിന്റെ പണി തുടങ്ങി വെച്ചു എങ്കിലും തന്റെ സ്വപ്നം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന് കാരണം പണത്തിന്റെ അഭാവം തന്നെയായിരുന്നു. അങ്ങിനെ ഇനിയൊരിക്കൽ തന്റെ കയ്യിൽ പണം വരുമ്പോൾ പാതിവഴിയിൽ നിർത്തി വെച്ച നാലു മിനാരങ്ങളുടെ പണി കൂടി പൂർത്തിയാക്കാൻ അവർ കാത്തിരുന്നു.
ആ കാത്തിരിപ്പിന് പക്ഷെ പണവും കാലവും അവർക്ക്‌ കൂട്ടിരുന്നില്ല. തന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച്‌ മരണം ആലീസിനേയും കൊണ്ടുപോയി. കണ്ണുനീരിന്റെ സ്പർശ്ശമുളള പാതിപണിതീർത്ത ആ മിനാരങ്ങളുടെ അടിത്തറ ഇന്നും നമുക്കവിടെ കാണാം.
അവർ ഇന്ത്യയിൽ വെച്ചാണ് മരണപ്പെട്ടതെന്നും അതല്ല അവരുടെ ജന്മനാടായ ഹോളണ്ടിൽ വെച്ചായിരുന്നെന്നും വാമൊഴി ചരിതങ്ങളുണ്ട്‌.
ഹെസ്സിയെ പോലെ തന്നെ ആലീസിനെ പറ്റിയും അപൂർവ്വമായ ചരിത്ര പരാമർശ്ശങ്ങളൊഴിച്ച്‌ രേഖകളൊന്നും തന്നെ അധികം ലഭ്യമല്ല.
താജിന്റെ പ്രഭയിൽ പക്ഷെ, അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന ഹെസ്സിയെ പോലെ തന്നെ ആലീസിന്റെ താജ്മഹലും സെമിത്തേരിയുടെ മതിൽ കെട്ടിനകത്ത്‌ ശോകമൂകമായ അന്തരീക്ഷത്തിൽ നിലകൊണ്ടു. എന്നെങ്കിലും വിരുന്നെത്തുന്ന സന്ദർശ്ശകരെ കാത്ത്‌ വിസ്മൃതിയിലാണ്ട ചരിത്രം പങ്ക്‌ വെക്കാനായി ആലീസിന്റെ പ്രണയ സാഫല്യം ചുവന്ന മകുടവും തലയിൽ ചൂടി കാതോർത്ത്‌ നിൽക്കുന്നു , ഒരു പതനിസ്വനത്തിന്നായ്‌....
കടപ്പാട്.