A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബ്രഹ്മോസ് ക്രൂയിസ് മിസൈൽ - ഒരു ഇൻഡോ റഷ്യൻ വിജയ കഥ

ഇന്ന് നമ്മുടെ രാജ്യത്തിന്റെ ആയുധശേഖരത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിൽ ഒന്നാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ .ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ മിസൈലിനെ ഇപ്പോൾ ലോകത്തിലെ ഒരു മുൻനിര ക്രൂയിസ് മിസൈൽ ആയാണ് കരുതുന്നത്
. മിസൈലുകൾ പൊതുവെ ബാലിസ്റ്റിക് മിസൈൽ എന്നും ക്രൂയിസ് മിസൈൽ എന്നും രണ്ടു തരങ്ങളായാണ് വേരിതിരിച്ചിട്ടുള്ളത് .ബാലിസ്റ്റിക് മിസൈലുകൾ .വളരെ ഉയരത്തിലേക്ക് വിക്ഷേപിക്കപ്പെട്ടതിനു ശേഷം ഒരു പരാബോളിക് പഥത്തിലൂടെ സഞ്ചരിച് ലക്ഷ്യ സ്ഥാനത്തെത്തുകയാണ് ചെയുന്നത് .വളരെ ഉയരത്തിൽ എത്തുന്നതുകൊണ്ട് ഇവയെ ആയിരക്കണക്കിന് കിലോമീറ്റര് ദൂരെയുള്ള ശക്തമായ റഡാറുകൾ കൊണ്ടുതന്നെ കണ്ടുപിടിക്കാൻ പറ്റും .ബാലിസ്റ്റിക് മിസൈൽ പ്രതിരോധം വികസിച്ചുവരുന്ന ഒരു മേഖലയാണ് ..ഹൃസ്വ ,മധ്യദൂര ബാലിസ്റ്റിക് പ്രതിരോധ സംവിധാനങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട് .ക്രൂയിസ് മിസൈലുകൾ ഭൗമോപരിതലത്തിനു ഏതാനും മീറ്ററുകൾ മുകളിലൂടെ സഞ്ചരിച്ചു ലക്ഷ്യങ്ങളിൽ എത്താൻ പ്രാപ്തമാണ് .അതിനാൽ തന്നെ ഭൗമ റഡാറുകൾ കൊണ്ട് അവയെ കണ്ടെത്താൻ പ്രയാസമാണ് ..അഥവാ കണ്ടെത്തിയാൽ തന്നെ വളരെ അടുത്തെത്തിയതിനു ശേഷമായിരിക്കും അതിനു സാധിക്കുക .ക്രൂയിസ് മിസൈലുകൾക്ക് വ്യത്യസ്തമായ പാതകളിലൂടെയും ഗതിമാറ്റം വരുത്തിയും സഞ്ചരിക്കാൻ കഴിയും .അതിനാൽ തന്നെ ക്രൂയിസ് മിസൈലുകൾ പ്രതിരോധിക്കുന്നത് സാങ്കേതികമായി പ്രയാസമേറിയതാണ് .ലുക്ക് ഡൌൺ -ഷൂട്ട് ഡൌൺ കഴിവുള്ള യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള പ്രതിരോധമാണ് ക്രൂയിസ് മിസൈലുകൾക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം
.
തൊണ്ണൂറുകളിലാണ് നമ്മുടെ രാജ്യം ക്രൂയിസ് മിസൈലുകളുടെ നിര്മാണത്തെപ്പറ്റി ഗൗരവമായി ആലോചിക്കുന്നത് ..ഇന്ത്യയുമായി ശക്തമായ പ്രതിരോധ ബന്ധങ്ങൾ ഉള്ള റഷ്യയെത്തന്നെയാണ് സ്വാഭാവികമായും നാം അതിനു വേണ്ടി സമീപിക്കുന്നത് .ഇത്തരം മിസൈലുകൾ രാജ്യങ്ങൾ അവയുടെ ഏറ്റവും പ്രധാനമായ പ്രതിരോധ രഹസ്യങ്ങളായാണ് സൂക്ഷിക്കുന്നത് .അതിനാൽ തന്നെ റഷ്യ അല്ലാതെ മറ്റൊരു രാജ്യത്തിൽനിന്നും സാങ്കേതിക വിദ്യ ലഭ്യവും ആയിരുന്നില്ല ..അക്കാലത്തു റഷ്യൻ ആയുധ ശേഖരത്തിൽ ഉള്ള ഏറ്റവും ശക്തമായ ക്രൂയിസ് മിസൈലുകൾ P-500,P-700,P-800, എന്നവയായിരുന്നു .P-700 ആയിരുന്നു ഇവയിൽ ഏറ്റവും ശക്തമായത് ..P-700 ആധാരമാക്കി ഒരു നൂതനമായ ക്രൂയിസ് മിസൈൽ ആയിരുന്നു ലക്ഷ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത് .എന്നാൽ അക്കാലത്തു ഇന്ത്യ MTCR കരാറിൽ അംഗമായിരുന്നില്ല .അതിനാൽ തന്നെ ദീർഘദൂര പരിധിയുള്ള P-700 ഇന്റെ സാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറുന്നതിൽ റഷ്യക്ക് നിയമ തടസ്സങ്ങളും ഉണ്ടായിരുന്നു .അതിനാലാണ് താരതമ്യേന ചെറിയ P-800 ക്രൂയിസ് മിസൈലിനെ അടിസ്ഥാനമാക്കി നൂതനമായ ഒരു പുതിയ ക്രൂയിസ് മിസൈൽ നിർമിക്കാനുള്ള പദ്ധതിയിൽ ഇന്ത്യയും റഷ്യയും പങ്കാളികൾ ആകുന്നത് .ബ്രഹ്മപുത്ര നദിയുടെയും മോസ്കാവ നദിയുടെയും പേരുകൾ യോജിപ്പിച്ചാണ് പുതിയ മിസൈലിന് ബ്രഹ്മോസ് എന്ന പേരുനൽകിയത്.
.
ബ്രഹ്മോസ് വികസിപ്പിച്ചത് ഇന്ത്യയിലെ DRDO യും റഷ്യിലെ NPOM ഉം സംയുക്തമായാണ് .ആദ്യ ബ്രഹ്മോസ് പരീക്ഷമണം 2001 ലാണ് നടക്കുന്നത് .വളരെ ചെറിയ കാലയളവിൽ തന്നെ ബ്രഹ്മോസിനെ പലവിധ ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന ഒരു മിസൈലായി വികസിപ്പിച്ചെടുത്തു .കരയിൽ നിന്നും കരയിലേക്കും കരയിൽ നിന്നും കടലിലേക്കും .കടലിൽ നിന്നുംകടലിലേക്കും കടലിൽ നിന്നും കരയിലേക്കും തൊടുക്കുന്ന ബ്രഹ്മോസ് മിസൈലുകൾ ഇപ്പോൾ തന്നെ പ്രവർത്തന ക്ഷമമാണ്.വിമാനങ്ങളിൽ നിന്നും കരയിലേക്കും കടലിലേക്കും തൊടുക്കാനാവുന്ന ബ്രഹ്മോസ് മിസൈലുകൾ ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നു എന്നാണ് കേൾക്കുന്നത് .ഒരു പക്ഷെ ഇത്രയുമധികം വകഭേദങ്ങളുള്ള മറ്റൊരു മിസൈലും ഉണ്ടാകാനിടയില്ല .
.
അടിസ്ഥാന പരമായി ബ്രഹ്മോസ് ഒരു ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ആണ്.ബ്രഹ്മോസിന്റെ പരമാവധി വേഗത മാക് 2.8 ആയാണ് കണക്കാക്കപ്പെടുന്നത് .റാം ജെറ്റ് എൻജിൻ ഉപയോഗിച്ചാണ് ബ്രഹ്മോസ് മിസൈൽ മാക് മൂന്നിനടുത്ത വേഗത ആർജിക്കുന്നത് .റാം ജെറ്റ് എഞ്ചിനുകൾക്ക് സ്ഥിരാവസ്ഥയിൽ നിന്നും പറക്കാൻ കഴിയില്ല .അതിനാൽ തന്നെ ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ഘട്ടമായി ഒരു ഖര ഇന്ധന റോക്കറ്റ് ഉപയോഗിക്കുന്നു .ഈ ഖര ഇന്ധന റോക്കറ്റ് ആണ് വിക്ഷേപണ സമയത് മിസൈലിന്റെ ചലിപ്പിക്കുന്നത് .മിസൈലിന്റെ വേഗത മാക് 0.5 ആകുമ്പോൾ ഖര ഇന്ധന റോക്കറ്റ് ജ്വലിച്ചു തീരുകയും റാം ജെറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്യും .പിന്നീടുള്ള മിസൈലിന്റെ സഞ്ചാരം റാം ജെറ്റിന്റെ പ്രവർത്തനം മൂലമാണ് ..ഭൗമോപരിതലത്തിനു ഏതാനും മീറ്ററുകൾ മുകളിലൂടെയും പത്തുമുതൽ പതിനഞ്ചു കിലോമീറ്റര് വരെ ഉയരത്തിലും സഞ്ചരിക്കാൻ പ്രാപ്തമാണ് ബ്രഹ്മോസ് മിസൈൽ .വളരെ താഴ്ന്ന് പറക്കുന്ന മിസൈൽ ഭൂമിയിലോ കപ്പലിലോ സ്ഥാപിച്ചിട്ടുള്ള റഡാറുകൾക്ക് അഗോചരമായിരിക്കും .റഷ്യയുടെ GLONASS സംവിധാനത്തെയോ നമ്മുടെ തന്നെ IRNSS ഉപഗ്രഹ ഗതി നിർണായ സംവിധാനത്തെ ഉപയോഗിച്ചാണ് ബ്രഹ്മോസ് ലക്ഷ്യ സ്ഥാനത് എത്തുന്നത് .ഒരു മീറ്റർ വരെ കൃത്യമായി ലക്ഷ്യത്തിൽ എത്താനുള്ള കഴിവ് ഈ മിസൈലിനുണ്ട് .2016 ഇൽ ഇന്ത്യ MTCR കരാറിൽ അംഗമായി .അതിനാൽ തന്നെ 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈൽ നിർമിക്കുന്നതിനുള്ള നിയമ തടസ്സവും നീങ്ങിക്കിട്ടി .അതിനാൽ തന്നെ ദീർഘദൂര പരിധിയുള്ള ബ്രഹ്മോസിന്റെ നൂതനമായ പതിപ്പുകളുടെ നിര്മാണത്തിലേക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടാവാം .വരും ദശകങ്ങളിൽ നമ്മുടെപ്രതിരോധത്തിന്റെ കുന്തമുന തന്നെയാകും ബ്രഹ്മോസ് മിസൈലും അതിന്റെ വകഭേദങ്ങളും
--
ചിത്രങ്ങൾ :ബ്രഹ്മോസ് മിസൈൽ ,പി-800 മിസൈൽ ബ്രഹ്മോസ് വിക്ഷേപിക്കുന്ന ഡിസ്ട്രോയർ ചിത്രങ്ങൾ കടപ്പാട് വിക്കിപീഡിയ കോമൺസ്
--
NB:This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S



Ref:
1. https://en.wikipedia.org/wiki/BrahMos
2. https://en.wikipedia.org/wiki/P-800_Oniks