A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പത്മനാഭസ്വാമി ക്ഷേത്രത്തേക്കാളും നിധിശേഖരം കാവലിന് രഹസ്യസൈന്യം വിഷം ചീറ്റുന്ന പാമ്പുകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തേക്കാളും നിധിശേഖരം; കാവലിന് ‘രഹസ്യസൈന്യം’ ; വിഷം ചീറ്റുന്ന പാമ്പുകള്‍: പുറത്തുവരുന്നത് വിശ്വസിക്കാനാകാത്ത കാര്യങ്ങള്‍

ലോകത്തെ തന്നെ ഇപ്പോളും അമ്പരപ്പിക്കുന്ന ഒന്നാണ് പത്മനാഭ ക്ഷേത്രത്തിലെ നിധി ശേഖരം . ലോകത്തു കണ്ടെടുത്തിയിട്ടുള്ള സ്വര്‍ണനിധികളെയെല്ലാം കവച്ചു വയ്ക്കുന്നതാവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ് നിലവില്‍ കരുതപ്പെടുന്നത്. എന്നാല്‍ ആ നിധി ശേഖരത്തിന്റെ ഇരട്ടിയിലധികം വരുന്ന നിധി ശേഖരത്തെ സംബന്ധിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മംഗോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ജെങ്കിസ്ഖാന്‍ ചക്രവര്‍ത്തിക്ക് പാശ്ചാത്യര്‍ ചാര്‍ത്തി നല്‍കിയ ഒരു പട്ടമുണ്ട്- കണ്‍കെട്ടു വിദ്യയില്‍ അഗ്രഗണ്യനാണെന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ യുദ്ധതന്ത്രങ്ങളില്‍ പകച്ചു പോയ ശത്രുരാജ്യങ്ങള്‍ക്ക് തോന്നിയ കാര്യമാണ് കണ്‍കെട്ടുവിദ്യയെന്ന പേരില്‍ നിസ്സാരവത്കരിച്ച് പ്രചരിപ്പിക്കപ്പെട്ടത്. വന്‍ രാജ്യങ്ങള്‍ക്കു നേരെ തന്റെ അശ്വസേനയും കാലാള്‍പ്പടയുമായെത്തുന്ന ജെങ്കിസ്ഖാന്‍ അതിര്‍ത്തിയിലെത്തിയ ശേഷം പേടിച്ച് പിന്‍വാങ്ങിയെന്ന തോന്നലുണ്ടാക്കാന്‍ മിടുക്കനായിരുന്നു. കൂടാതെ സ്വന്തം ഭാര്യയെപ്പോലും ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ചരിത്രവും. അങ്ങനെ ശത്രുവിന്റെ രഹസ്യങ്ങളും ശക്തിയും ദൗര്‍ബല്യവുമെല്ലാം കൃത്യമായി മനസിലാക്കിയിട്ടായിരുന്നു ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തുള്ള അദ്ദേഹത്തിന്റെ ആക്രമണം. എവിടെ നിന്നെന്നു പോലും അറിയാതെ മംഗോളിയന്‍ സൈന്യം ഇരച്ചു കയറിയപ്പോള്‍ ശത്രുക്കള്‍ കരുതിയത് ജെങ്കിസ്ഖാന്റെ മാന്ത്രികവിദ്യയാല്‍ അദൃശ്യരായാണ് അവര്‍ കടന്നുകയറിയതെന്നാണ്!
1162ല്‍ ജനിച്ച് തന്റെ അറുപത്തിയഞ്ചാം വയസ്സില്‍ മരിക്കുന്നതു വരെ പ്രധാന ശക്തികളായ രാജ്യങ്ങളെയെല്ലാം വിറപ്പിച്ച് തന്റെ വരുതിക്കുള്ളിലാക്കി ജെങ്കിസ് ഖാന്‍. മധ്യേഷ്യയുടെയും ചൈനയുടെയും ഭൂരിഭാഗവും കീഴടക്കിയ ജെങ്കിസ്ഖാന്റെ സൈന്യം ഇന്ത്യയിലും കൊള്ള ചെയ്യാനെത്തിയിട്ടുണ്ട്. പസഫിക് സമുദ്രത്തിനും കാസ്പിയന്‍ കടലിനുമിടയിലുള്ള പ്രദേശങ്ങളെല്ലാം ഈ മംഗോളിയന്‍ രാജാവിന്റെ കൈവശമായിരുന്നു. പക്ഷേ ചൈനയിലെ ‘ഷി ഷിയ’ രാജവംശത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ 1227ല്‍ അദ്ദേഹം മരണമടഞ്ഞെന്നാണു കരുതുന്നത്. അതല്ല അദ്ദേഹം ഇല്ലാതാക്കിയ രാജ്യങ്ങളിലെ രാജ്ഞിമാരിലൊരാള്‍ വിഷം കൊടുത്ത് ചതിയില്‍ കൊലപ്പെടുത്തിയതാണെന്നും പറയുന്നു. യുദ്ധത്തിനിടെ കുതിരപ്പുറത്ത് നിന്നു വീണ് പരുക്കേറ്റ് മരിച്ചതാണെന്ന വാദമാണു പക്ഷേ മുന്‍പന്തിയില്‍. മരണശേഷം ഷി ഷിയയെ അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ കീഴ്‌പ്പെടുത്തിയെന്നു മാത്രമല്ല രക്തരൂക്ഷിതമായ പടയോട്ടം വര്‍ഷങ്ങളോളം തുടരുകയും ചെയ്തു.
മരണത്തിലും അവസാനിക്കാതെ
ജീവിച്ചിരിക്കുമ്പോള്‍ തന്റെ ചിത്രം വരയ്ക്കാനോ ശില്‍പമുണ്ടാക്കാനോജെങ്കിസ് ഖാന്‍ സമ്മതിച്ചിട്ടില്ല. മരണശേഷമാണ് നാണയങ്ങളില്‍ പോലും അദ്ദേഹത്തിന്റെ രൂപം കൊത്തിത്തുടങ്ങിയത്. മരണത്തിലും അവസാനിച്ചിരുന്നില്ല ആ വീരചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങള്‍. ലോകത്ത് ഏറ്റവുമധികം വെട്ടിപ്പിടിക്കലുകള്‍ നടത്തിയ ജെങ്കിസ് ഖാന്റെ ശവകുടീരം എവിടെയാണെന്നത് കഴിഞ്ഞ എണ്ണൂറോളം വര്‍ഷങ്ങളായി അജ്ഞാതമാണ്. നിധിവേട്ടക്കാരും ആര്‍ക്കിയോളജിസ്റ്റുകളും ഉള്‍പ്പെടെ വര്‍ഷങ്ങളായി അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നു. സാറ്റലൈറ്റ് ഇമേജ് ഉപയോഗിച്ച് വരെ അന്വേഷണം നടന്നു. പക്ഷേ വിലമതിക്കാനാകാത്തത്രയും നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു കരുതുന്ന ആ ശവകുടീരം കണ്ടെത്താല്‍ മംഗോളിയക്കാര്‍ തന്നെ സമ്മതിക്കില്ല. അജ്ഞാതമായൊരു ‘രഹസ്യ സൈന്യം’ അത് തടയാന്‍ വേണ്ടി നിലകൊള്ളുന്നതായി ഇന്നും പലരും വിശ്വസിക്കുന്നു. ജെങ്കിസ് ഖാന്റെ നിധി തേടിയുള്ള യാത്രയുമായി ബന്ധപ്പെട്ട കഥകള്‍ പരിശോധിച്ചാലും ആ സംശയം ബലപ്പെടും.
ലോകത്തിലെ ഏറ്റവും അമൂല്യനിധി
ലോകത്തു കണ്ടെടുത്തിയിട്ടുള്ള സ്വര്‍ണനിധികളെയെല്ലാം കവച്ചു വയ്ക്കുന്നതാവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ് നിലവില്‍ കരുതപ്പെടുന്നത്. അതിന്റെ മൂല്യം ഇന്നേവരെ തിട്ടപ്പെടിത്തിയിട്ടില്ല എന്നതു തന്നെ കാരണം. തിരുപ്പതി ക്ഷേത്രത്തിന്റെ മതിപ്പ് മൂല്യമനുസരിച്ചു 32,000 കോടിയോളം രൂപയുടെ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. ഈജിപ്തിലെ തൂത്തന്‍ഖാമന്‍ ഫറോവയുടെ പിരമിഡ് തുറന്നപ്പോള്‍ 2000 കിലോ സ്വര്‍ണമാണു കിട്ടിയത്. അതേസമയം നേരത്തേ മംഗോളിയയിലെ ഗുലാന്‍ബത്തോറില്‍ ഒരു രാജാവിന്റെ ശവകുടീരം തുറന്നപ്പോള്‍ 3000 കിലോ സ്വര്‍ണം കിട്ടിയിരുന്നു. ഇതാണ് ജെങ്കിസ് ഖാന്റെ ശവകുടീരത്തിലേക്ക് നിധിവേട്ടക്കാരെയും പാശ്ചാത്യരെയും ആകര്‍ഷിക്കുന്നത്. കാരണം അത്രയേറെ പ്രാധാന്യമില്ലാത്ത ഒരു രാജാവിന്റെ കുടീരത്തില്‍ നിന്ന് 3000 കിലോ സ്വര്‍ണം കിട്ടിയെങ്കില്‍, കീഴ്‌പ്പെടുത്തിയ രാജ്യങ്ങളെല്ലാം കൊള്ളയടിച്ച് തനിക്കൊപ്പം കൂട്ടിയ ജെങ്കിസ്ഖാന്റെ കുടീരത്തിലെ അവസ്ഥ പറയേണ്ടതില്ലല്ലോ!
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവയായതിനാല്‍ ചരിത്രപരമായ മതിപ്പുമൂല്യം കണക്കാക്കുമ്പോള്‍ തന്നെ കണ്ണഞ്ചിക്കുന്ന കോടികളുടെ കണക്കായിരിക്കും അതിനു പറയാനുണ്ടാവുകയെന്നത് ഉറപ്പ്. എന്നാല്‍ മരണശേഷം തന്റെ ‘ഉറക്ക’ത്തെ ആരും ശല്യപ്പെടുത്താന്‍ പാടില്ലെന്ന് ജെങ്കിസ് ഖാന്‍ ആവശ്യപ്പെട്ടതായി രേഖകളുണ്ട്. ഇതുള്‍പ്പെടെ മംഗോള്‍ രാജവംശത്തെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഏകരേഖ ‘ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ദ് മംഗോള്‍സ് (124) എന്ന പുസ്തകമാണ്. കൂടാതെ 2004ല്‍ ജാപ്പനീസ്- മംഗോളിയന്‍ സംഘം ജെങ്കിസ് ഖാന്റെ കൊട്ടാരം കണ്ടെത്തിയപ്പോള്‍ അവിടെ നിന്നു ലഭിച്ച രേഖകളില്‍ രാജകൊട്ടാരത്തില്‍ നിന്ന് രാജാക്കന്മാരുടെ കുടീരങ്ങളില്‍ അതിരാവിലെ പോയി ചെയ്യേണ്ട ചടങ്ങുകളെപ്പറ്റിയുള്ള വിവരങ്ങളുണ്ടായിരുന്നു. അതില്‍ പോലും ജെങ്കിസ് ഖാന്റെ കുടീരത്തെപ്പറ്റി മാത്രം യാതൊരു വിവരവുമില്ല.
ആയിരം പേരുടെ ചോരയില്‍…!
ജെങ്കിസ് ഖാന്റെ മൃതശരീരം ഒരു രഹസ്യകേന്ദ്രത്തിലേക്ക് ആയിരം ഭടന്മാരാണ് എത്തിച്ചതെന്ന് പറയപ്പെടുന്നു. മൃതദേഹം അടക്കം ചെയ്യാന്‍ പോകും വഴി കണ്ടവരെയെല്ലാം കൊന്നൊടുക്കിയെന്നാണ് കഥ. അടക്കം ചെയ്ത ശേഷമാകട്ടെ അവിടെ ആയിരത്തോളം കുതിരകളെ അഴിച്ചു വിടുകയും ‘ഉഴുതുമറിച്ച്’ ഒരടയാളവും ബാക്കിവയ്ക്കാതിരിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് മടങ്ങി വരും വഴി ശവസംസ്‌കാരത്തിനു നിന്ന 1000 സേനാംഗങ്ങളെയും കൊന്നൊടുക്കി. ആ കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയവരെ പലയിടത്തേക്കായി പറഞ്ഞയച്ചു. ശവകുടീരത്തിനു മുകളില്‍ ഒരു വനം തന്നെ വച്ചുപിടിപ്പിച്ചതായും അതല്ല നദികളിലൊന്ന് ഗതി മാറ്റി കുടീരത്തിനു മുകളിലൂടെ ഒഴുക്കിയതായും പലരും പറയുന്നുണ്ട്.
ജെങ്കിസ് ഖാന്റെ മൃതദേഹം സംസ്‌കരിച്ചെന്നു ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന ബര്‍ഖന്‍ ഖാല്‍ദൂണ്‍ പര്‍വത നിരകള്‍ വിശുദ്ധ പര്‍വതമായാണ് മംഗോളിയക്കാര്‍ കാണുന്നത്. ഇവിടെ ഒരു ഭാഗത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനവുമില്ല. യുനെസ്‌കോ പൈതൃക പദവി നല്‍കി അംഗീകരിച്ച ഇടവുമാണ്. പക്ഷേ അന്വേഷണത്തിനു വിലങ്ങുതടിയാകും വിധം വിസ്തൃതിയിലാണ് പര്‍വതനിരകളുള്ളത്. എന്നിട്ടും അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റായ മൗറി ക്രാവിറ്റ്‌സ് 40 വര്‍ഷത്തോളം ജെങ്കിസ്ഖാന്റെ കുടീരത്തിനു വേണ്ടി ഇവിടെ പര്യവേക്ഷണം നടത്തി. പക്ഷേ ഒപ്പമുണ്ടായിരുന്നവര്‍ കൊടുംവിഷമുള്ള ഒരു തരം അണലിയുടെ ദംശനമേറ്റ് മരിച്ചു തുടരെത്തുടരെ മരിച്ചു വീണു. സംഘത്തിന്റെ കാറുകള്‍ തനിയെ ഉരുണ്ട് താഴേക്ക് വീണു തകരുന്ന സംഭവങ്ങള്‍ കൂടിയായതോടെ കുടീരത്തെ ചുറ്റിപ്പറ്റി ജെങ്കിസ് ഖാന്റെ ശാപമുണ്ടെന്ന കഥകളും പരന്നു. എന്നിട്ടും 2012ല്‍, എണ്‍പതാം വയസ്സില്‍ ഹൃദയാഘാതം കാരണം മരിക്കും വരെ ക്രാവിറ്റിസ് തന്റെ പര്യവേക്ഷണം തുടര്‍ന്നു. മംഗോളിയയുടെ പ്രധാനമന്ത്രി ഉള്‍പ്പെടെ ഈ ഗവേഷണത്തിനെതിരെ ഒരു ഘട്ടത്തില്‍ തിരിഞ്ഞിരുന്നു. നാഷനല്‍ ജ്യോഗ്രഫിക്കിന്റെ ‘വാലി ഓഫ് ഖാന്‍സ്’ പ്രോജക്ട് പ്രകാരം സാറ്റലൈറ്റ് ഇമേജറി വഴിയും കുടീരത്തിനു വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ട്. റഡാറും തെര്‍മല്‍ ഇമേജറിയുമെല്ലാം ഉപയോഗിച്ചുള്ള ഗവേഷണങ്ങളും ഇപ്പോള്‍ പര്‍വത പ്രദേശത്ത് നടക്കുന്നുണ്ട്.
ഞാന്‍ തിരിച്ചു വരും…
മരിക്കുമ്പോള്‍ ആത്മാവ് വിട്ടു പോകുമെന്നാണ് മംഗോളിയക്കാര്‍ വിശ്വസിക്കുന്നത്. പക്ഷേ ബാക്കിയാകുന്ന എല്ലും മാംസവും നിറഞ്ഞ ശരീരത്തിലേക്ക് ദുഷ്ടശക്തികള്‍ കടന്നുകയറുമെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ മരിച്ചാല്‍പ്പോലും ശവശരീരങ്ങളില്‍ തൊടരുതെന്ന് വിശ്വസിക്കുന്ന വിഭാഗക്കാരുമുണ്ട് മംഗോളിയയില്‍. അങ്ങനെ ചെയ്താല്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും. ജെങ്കിസ്ഖാന്റെ ‘ഉറക്കത്തെ’ ശല്യം ചെയ്യരുതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതും അതിനാലാണ്. അതേസമയം മംഗോളിയയില്‍ മാത്രമല്ല ചൈന, റഷ്യ, കസാഖ്സ്ഥാന്‍ തുടങ്ങി ഏത് രാജ്യത്തും ജെങ്കിസ് ഖാന്റെ കുടീരമുണ്ടാകാമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ തന്റെ രാജ്യത്തില്‍ തന്നെ അന്തിയുറങ്ങണമെന്നായിരുന്നു ജെങ്കിസ് ഖാന്റെ ആഗ്രഹമെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
കുട്ടിക്കാലത്ത് പിതാവിനെ ശത്രുഗോത്രം വിഷം കൊടുത്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ജെങ്കിസ് ഖാനും അമ്മയും സഹോദരങ്ങളും ഒളിച്ചു താമസിച്ചത് ബര്‍ഖന്‍ ഖാല്‍ദൂണിലായിരുന്നു. ചിതറിക്കിടന്നിരുന്ന മംഗോളിയന്‍ ഗോത്രത്തെ ഒന്നിച്ചു ചേര്‍ത്ത് യുദ്ധത്തിനിറങ്ങിയപ്പോള്‍ അന്ന് ജെങ്കിസ് ഖാന്‍ വാക്കു കൊടുത്തതാണ് താന്‍ തിരിച്ച് ആ പര്‍വതനിരകളിലേക്കു തന്നെ എത്തുമെന്ന്. ചരിത്രം രേഖപ്പെടുത്തിയ ഈ വാക്കുകളും ആര്‍ക്കിയോളജിസ്റ്റുകള്‍ അദ്ദേഹത്തിന്റെ കുടീരത്തിലേക്കുള്ള വഴിസൂചകമായി കാണുന്നു.
ആഴങ്ങളില്‍ കാത്തിരിക്കുന്നത്…
മധ്യ മംഗോളിയയില്‍ 2000 വര്‍ഷം മുന്‍പുണ്ടായിരുന്ന ‘ക്‌സയങ്‌നു’ രാജവംശത്തിന്റെ ശവകുടീരങ്ങളില്‍ ജെങ്കിസ് ഖാന്റെ കുടീരത്തിലേക്കുള്ള വഴിയുടെ സൂചന ഒളിഞ്ഞിരിപ്പുണ്ടെന്ന ധാരണയില്‍ 2001 മുതല്‍ പര്യവേക്ഷണം നടക്കുന്നുണ്ട്. മംഗോളിയന്മാരുടെ പൂര്‍വികരാണ് ക്സയ്ങ്‌നുക്കള്‍. ഇക്കാര്യം ജെങ്കിസ് ഖാന്‍ തന്നെ പ്രജകളോട് പറഞ്ഞിട്ടുള്ളതായി രേഖകളിലുണ്ട്. അവരുടെ പല ആചാരങ്ങളും അദ്ദേഹം പിന്തുടര്‍ന്നു. അതിനാല്‍ത്തന്നെ ഈ രാജാക്കന്മാരുടെ ശവകുടീരങ്ങളുടെ അതേ മാതൃകയിലായിരിക്കും ജെങ്കിസ് ഖാന്റെ കുടീരമെന്ന നിഗമനത്തിലാണ് ഗവേഷണം. മരപ്പേടകത്തിലാക്കി 20 മീറ്ററെങ്കിലും ആഴമുള്ള കുഴിയിലാണ് ക്സയ്ങ്‌നു രാജാക്കന്മാരെ അടക്കിയിരുന്നത്. ഇതിനു മുകളില്‍ കല്ലു കൊണ്ട് ചതുരാകൃതിയില്‍ ഒരടയാളവും വയ്ക്കും. കാലക്രമേണ കൊള്ളക്കാര്‍ ഈ ‘ചതുരസ്മാരകം’ കണ്ടെത്തി മോഷണം നടത്തിയിരുന്നു.
എന്നിട്ടും ഒരിക്കല്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ക്ക് ഒരു കുടീരത്തില്‍ നിന്നു ലഭിച്ചത് ചൈന, റോം തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള വിലയേറിയ വസ്തുക്കളായിരുന്നു! കുതിരകളെയും രാജാക്കന്മാര്‍ക്കൊപ്പം അടക്കിയിരുന്നു. യുണികോണും പുലിയുമായിരുന്നു ക്സയ്ങ്‌നു വംശത്തിന്റെ രാജകീയ അടയാളങ്ങള്‍. അതു തന്നെയാണ് ജെങ്കിസ് ഖാനും ഉപയോഗിച്ചിരുന്നത്. ആ അടയാളങ്ങള്‍ തേടിയും ഗവേഷണം ശക്തമാണ്. ശവസംസ്‌കാരത്തില്‍ കുതിരകളെ കുഴിച്ചിട്ടിട്ടുള്ള കുടീരം കണ്ടെത്തിയാലും ഉറപ്പിക്കാം ഖാന്‍ വംശത്തിന്റെയാണെന്ന്. ജെങ്കിസ് ഖാന്‍ സ്വന്തമാക്കിയ കോടികളുടെ സ്വത്തിന്റെ ഒരു ഭാഗമെങ്കിലും ശവകുടീരത്തില്‍ ചേര്‍ത്താല്‍ തന്നെ വിലമതിയ്ക്കാനാകാത്തതായിരിക്കുമെന്നതും ഉറപ്പ്.
നാസികളും ലോകനാശവും…
ശവകുടീരത്തിന്റെ ഈ രഹസ്യസ്വഭാവം കാരണം കൊണ്ടുതന്നെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ജെങ്കിസ് ഖാന്റെ കുടീരം തുറന്നാല്‍ ലോകം നശിക്കുമെന്നതായിരുന്നു അത്. ഇതിനോടൊപ്പം ഒരു യഥാര്‍ഥ സംഭവം കൂടി പലരും പറയുന്നു. പതിനാലാം നൂറ്റാണ്ടിലെ മംഗോളിയന്‍ രാജാവായിരുന്ന താമര്‍ലെയ്‌ന്റെ കുടീരം 1941ല്‍ സോവിയറ്റ് ആര്‍ക്കിയോളജിസ്റ്റുകള്‍ പൊളിച്ചുമാറ്റി. തൊട്ടുപുറകെയാണ് നാസികള്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വലിയ ൈസനീക വിന്യാസം നടത്തിയാണ് ജൂണ്‍ 22ന് നാസികള്‍ ‘ഓപറേഷന്‍ ബാര്‍ബറോസ’യിലൂടെ സോവിയറ്റ് യൂണിയനെ കീഴ്‌പ്പെടുത്തിയത്. മംഗോളിയന്‍ രാജാവിന്റെ ‘ഉറക്കം’ ശല്യപ്പെടുത്തിയ ശാപമാണിതെന്നും അതോടെ കഥകള്‍ പരന്നു; മാധ്യമ റിപ്പോര്‍ട്ടുകള്‍ വരെയുണ്ടായി. അപ്പോള്‍പ്പിന്നെ മംഗോളിയയിലെ അതിശക്തനായ രാജാവിന്റെ കുടീരം തുറന്നാലുള്ള അവസ്ഥ പറയണോ!
കഥകളെന്തായാലും ഇന്നേവരെ ഒരാള്‍ക്കു പോലും ജെങ്കിസ് ഖാന്റെ കുടീരത്തെപ്പറ്റി യാതൊരു സൂചനയും ലഭിച്ചിട്ടില്ല. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മംഗോളിയയിലെ സാധാരണക്കാരിലൊരാള്‍ പോലും ഇക്കാര്യത്തില്‍ സഹകരിക്കില്ലെന്നതാണ്. കൂടാതെ ഗവേഷകരെ മുഴുവന്‍ പലതും പറഞ്ഞ് വഴിതെറ്റിച്ച് വര്‍ഷങ്ങളോളം അവരുടെ സമയം കളയിപ്പിക്കുന്നവരും ഏറെ. തങ്ങളുടെ രാജാവ് രാജ്യത്തിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളെല്ലാം അവരുടെ മനസിലുണ്ട്. കോടിക്കണക്കിനു പേരുടെ തലയറുത്ത് സ്വത്തുക്കള്‍ കുന്നുകൂട്ടിയെങ്കിലും മംഗോളിയയില്‍ ജെങ്കിസ്ഖാന്റെയും പിന്മുറക്കാരുടെയും കാലത്ത് പുരോഗതിയുടെ നാളുകളായിരുന്നു. ലോകത്തിലെ ആദ്യ മികവുറ്റ തപാല്‍ സംവിധാനം ജെങ്കിസ് ഖാന്റെ സംഭാവനയാണ്. വ്യാപാരത്തിലായി സില്‍ക് റൂട്ട് പരിഷ്‌കരിക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു.
ലോകത്തിന്റെ അധിപനായി വിലസിയിരുന്ന തങ്ങളുടെ രാജാവിന്റെ അവസാന ആഗ്രഹമെന്നത് മരണശേഷം ആരും ശല്യം ചെയ്യാതെയുള്ള ‘വിശ്രമ’മാണ്. ആ ആഗ്രഹം എന്തുവില കൊടുത്തും രക്ഷിക്കാന്‍ വിശ്വാസത്തിന്റെ കൂട്ടുപിടിച്ചാണെങ്കിലും ജനം ഒറ്റക്കെട്ടാണ്. അതിനിടയിലാണ് ആധുനിക സാമഗ്രികളും ഉപയോഗിച്ചുള്ള ഗവേഷണങ്ങളുടെ വരവ്. ജെങ്കിസ് ഖാന്റെ കുടീരം എന്നെങ്കിലും കണ്ടെത്തിയാലും അക്കാര്യം പുറംലോകമറിയും മുന്‍പേ ആ വ്യക്തി കൊല ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും ഒരു വിശ്വാസമുണ്ട്. ജെങ്കിസ് ഖാന്റെ ആയിരത്തോളം പടയാളികളെ കൊന്ന് കുടീരത്തിന്റെ രഹസ്യസ്വഭാവം കാത്തവരുടെ തലമുറയാണ് ഇതിനു പിന്നിലെന്നും കഥകള്‍. എന്തു തന്നെയായാലും രഹസ്യത്തിന്റെ മേലാപ്പണിഞ്ഞു കിടക്കുന്ന ആ ചോരക്കൊതിയനായ ചക്രവര്‍ത്തിയുടെ കുടീരം ഒരുനാള്‍ ലോകത്തിനു മുന്നിലേക്കെത്തുമെന്നു തന്നെയാണ് പ്രതീക്ഷ. നിലവില്‍ ഒരു കഥയും അതിനായുള്ള ശ്രമങ്ങളില്‍ നിന്ന് ഗവേഷകരെ പിന്തിരിപ്പിക്കുന്നുമില്ല.