A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആചാരങ്ങളുടെ പിന്തുടർച്ച (കർക്കിടക വാവുബലി)


കർക്കിടക വാവുബലിയുടെ അർത്ഥതലങ്ങളെ വ്യാഖ്യാനിച്ചും ശാസ്ത്രീയത "വെളിപ്പെടുത്തിയും" ചില പോസ്റ്റുകൾ അടുത്തിടെ പ്രചരിക്കുന്നതു കണ്ടു. സാമാന്യയുക്തിക്കു നിരക്കാത്ത പലതുമാണ് അവയിലൊക്കെയുമുള്ളത്. പരമ്പരാഗതവിശ്വാസങ്ങളെയും ആചാരങ്ങളെയും ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ടു വിശദീകരിക്കുന്ന ഒരുതരം അസുഖം കുറേക്കാലമായി രൂപപ്പെട്ടുവരികയാണ്. ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിൽ ഇവയൊക്കെയും പിൻതലമുറകൾ തള്ളിക്കളഞ്ഞെങ്കിലോ എന്ന ആശങ്ക വെച്ചു പുലർത്തുന്നവരാകാം ഒരു പക്ഷേ ഇതിനു പിന്നിൽ.
ജനിതകശാസ്ത്രത്തെയും ജ്യോതിശാസ്ത്രത്തെയുമൊക്കെ ന്യായീകരണത്തിനായി കൂട്ടുപിടിക്കുന്നുണ്ട്. വ്യക്തമായി വിശദീകരിക്കാനുള്ള " വിവര"മൊട്ടു പോര താനും. കഷ്ടമെന്നു പറയട്ടെ, നിലവിളക്ക് തെളിക്കുന്നതിലെ വരെ ശാസ്ത്രീയതത്വം മനസിലാക്കിയെടുക്കാൻ വളരെക്കാലം നീണ്ടുനിന്ന ഗവേഷണങ്ങൾ നടത്തിയ ഇക്കൂട്ടർക്ക് കാതോർക്കാനും തലയാട്ടാനും ആൾക്കൂട്ടം ഒത്തുചേരുന്നത് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. ഇല്ലാത്ത ആചാരങ്ങൾ പുതുതായി കടന്നുവരുന്നുമുണ്ട്!
പൂർവ്വികാരാധനയെ അംഗീകരിക്കുകയും ആചരിക്കുകയും ചെയ്യുന്ന സമൂഹത്തിൽ അതോടു ചേർന്നുനിൽക്കുന്ന ആളെന്ന നിലയിൽ എന്റെ അറിവിൽപ്പെട്ട ചിലതു കുറിക്കട്ടെ....
വാവുബലിയിടുന്നത് പൂർവ്വികാരാധനയുടെ ഭാഗമാണ്. അതിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്നത് ശുദ്ധഅസംബദ്ധവും. അതിന് ചരിത്രവും സാംസ്കാരികവുമായ അടിസ്ഥാനമാണുള്ളത്. ആരെങ്കിലും അതിന്റെ ശാസ്ത്രീയമായ ഗുണഗണങ്ങൾ പറഞ്ഞിട്ടും അതു മൂലമുള്ള നേട്ടങ്ങൾ കരുതിയിട്ടുമാകരുത് അത് ആചരിക്കാൻ പ്രേരിപ്പിക്കപ്പെടേണ്ടത്.
പൂർവ്വികാരാധന കേരളത്തിലെ എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ട്, നേരിയ ഏറ്റക്കുറിച്ചിലുകളോടെ, ആചാര വ്യത്യാസങ്ങളോടെ! ഇതിന്റെ പഴക്കം ചരിത്രാതീതകാലത്തോളം എത്തുന്നു. 3000 വർഷങ്ങൾക്ക് മുമ്പ് മഹാശിലായുഗ സംസ്കാരം നിലനിന്ന ഇരുമ്പുയുഗത്തിലെ അവശേഷിപ്പുകളായി കണ്ടെടുക്കപ്പെട്ട സ്മാരകശില (Menhir), മുനിയറ (Dolman) തുടങ്ങിയവയൊക്കെയും ആദിമമനുഷ്യ സംസ്കാരത്തിൽ പൂർവ്വികാരാധനയുടെ കാണപ്പെട്ട തെളിവുകളാണ്.
അക്കാലത്ത് മരണപ്പെട്ട ഗോത്രത്തലവൻമാരുടെയോ മറ്റു ബഹുമാനിത വ്യക്തികളുടെയോ ഓർമ്മയ്ക്കായാണ് ഈ സ്മാരകങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നത്. ഇവയുടെ മുന്നിൽ ദീപങ്ങൾ തെളിച്ചോ പന്തങ്ങൾ ഉഴിഞ്ഞോ വിവിധ ആചാരങ്ങൾ നടന്നിട്ടുണ്ടാകാം. മരിച്ചവരുടെ ആത്മാവിന്റെ പ്രീതിക്കായി അവർ ഇഷ്ടപ്പെട്ടിരുന്ന ആഹാരവസ്തുക്കൾ ഒരുക്കി സമർപ്പിച്ചിട്ടുണ്ടാകാം. അതിനുള്ള തെളിവുകൾ ലഭ്യമാണ്.
കാട്ടിനുള്ളിൽ ജനവാസമില്ലാത്ത ഒരിടത്ത് മരം കൊണ്ട് ഉയർന്ന ഒരു തട്ടുണ്ടാക്കി ശവശരീരം അവിടെ കെട്ടിവയ്ക്കുന്നു. മൃഗങ്ങളും പക്ഷികളും കീടങ്ങളുമൊക്കെ ഭക്ഷിച്ച ശേഷം ജീർണ്ണിച്ച് അവശേഷിക്കുന്ന അസ്ഥിഖണ്ഡങ്ങൾ ശേഖരിച്ച് പിൻമുറക്കാർ മൺകലങ്ങളിൽ സൂക്ഷിക്കുന്നു.
ഈ മൺകലങ്ങളാണ് ആചാരങ്ങളുടെ അകമ്പടിയോടെ കാവുകളിലെ മുനിയറകളിൽ നിക്ഷേപിക്കുന്നത്. ഒരടിക്കുമേൽ കനം വരുന്ന കരിങ്കൽപാളികൾ ചതുരത്തിൽ ചേർത്തുവച്ച അറയിൽ മൺകലവും പരേതൻ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കല്ലിലുള്ള ആഭരണങ്ങളും ഉണങ്ങിയ പഴങ്ങളും ധാന്യങ്ങളുമൊക്കെ നിക്ഷേപിച്ചശേഷം മറ്റൊരു കൽപ്പാളി കൊണ്ട് മൂടുന്നു. ഈ മുനിയറയുടെ ഒരു വശത്തായി വൃത്തത്തിൽ ഒരു ദ്വാരവുമുണ്ടാകും പരേതന്റെ ആത്മാവിന് സൗകര്യം പോലെ പുറത്തുപോകാനും വരാനും!
ഇത്തരം സ്മാരകങ്ങൾ ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായി ലോകത്തെമ്പാടും കാണപ്പെടുന്നുണ്ട്. ഈജിപ്തിലെ പിരമിഡുകളിൽ ഇതേ രീതി കാണുന്നു. മെസപ്പെട്ടോമിയൻ സംസ്കാരം നിലനിന്ന പശ്ചിമേഷ്യയിൽ പല ഭാഗത്തും സമാനമായത് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ തന്നെ ഇടുക്കി ജില്ലയിലെ മറയൂരും കോട്ടയം ജില്ലയിലെ രാമപുരത്തെ കുറിഞ്ഞി ക്കാവിലും മുനിയറകൾ കാണാൻ കഴിയും.
ഇതൊക്കെയും തെളിയിക്കുന്നത് ദേവതാ സങ്കല്പങ്ങൾ ഉരുവപ്പെടുന്നതിനും മുമ്പ് മരണപ്പെട്ട മാതാപിതാക്കളുടെ ആത്മാവിനെ പ്രീതിപ്പെടുത്താൻ അവരുടെ ഭൗതിക അവശേഷിപ്പുകൾ സൂക്ഷിച്ചുവെച്ച് അതിനു മുന്നിൽ ആരാധന നടന്നിരുന്നു എന്നതാണ്.
അതിന്റെ പരിഷ്ക്കരിച്ച ലഘുരൂപമാണ് തറവാടുകളുടെ മുന്നിൽ ഇന്നും കാണുന്ന അസ്ഥിത്തറകൾ! അനാദികാലം മുതൽ പിന്തുടർന്നു പോരുന്ന ഈ സങ്കല്പം പിതൃസ്മരണയ്ക്കായി നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ സാംസ്കാരിക അടയാളമാണ്.
വിവിധ ഗോത്രങ്ങളുടെ ഇടയിൽ ആചാരങ്ങളിൽ വൈവിധ്യം നിലനിന്നിട്ടുണ്ടാകും. വടക്കുനിന്നുള്ള -വൈദികമതത്തിന്റെ കടന്നുവരവോടെ പുരാതന ദ്രാവിഡരുടേതായ ഈ ആചാരങ്ങളൊക്കെയും പരിഷ്കരിക്കപ്പെടുകയും ഇവയ്ക്കൊക്കെയും പുത്തൻ വ്യാഖ്യാനം ചമയ്ക്കപ്പെടുകയും ചെയ്തു. മാത്രമല്ല വൈദേശിക ബ്രാഹ്മണമതം ഒരു പരിധി വരെ ഈ സംസ്കാരത്തെ ഉൾക്കൊള്ളുകയും ചെയ്തു. നാടോടിക്കഥകളായി നിലനിന്ന വീരന്മാരുടെ ജീവിതകഥകൾ പുരാണവുമായി ബന്ധിപ്പിക്കപ്പെട്ടു. ഗോത്രങ്ങൾ ജാതികളായി പരിണമിക്കപ്പെട്ടു. കാവുകൾ ക്ഷേത്രാരാധനകൾക്ക് വഴിമാറി. ആചാരങ്ങളെല്ലാം അധീശവർഗ്ഗം നിശ്ചയിച്ച രീതികളോടെ അനുഷ്ഠിക്കേണ്ടതായി വന്നു.
കൂടുതൽ സ്വതന്ത്രരായിരുന്ന ചില ഗോത്ര സമൂഹങ്ങൾ വലിയ കലർപ്പുകൾ കൂടാതെ പഴയ രീതി നിലനിർത്തി. പിൽക്കാലത്ത് പൂർവ്വികാരാധനയിൽ വലിയ മാറ്റങ്ങൾക്ക് വിധേയരായ പഴയ ജാതിസമൂഹമാണ് നസ്രാണികൾ. വൈദേശികമായ പറങ്കി അടിമത്തത്തിൽ പെട്ടുപോയ കാലത്ത് പുലകുളി അടിയന്തിരങ്ങളുടെ രീതി അവർക്കിടയിൽ മാറ്റിമറിക്കപ്പെട്ടു. പ്രോട്ടസ്റ്റൻറ് സ്വാധീനത്താൽ ചില വിഭാഗങ്ങളിൽ മരിച്ചവരുടെ സ്മരണ ഉണർത്തുന്ന ആചാരങ്ങളൊക്കെയും പടിക്കു പുറത്തായി.
ഹിന്ദു ആചാരങ്ങൾ പിന്തുടരുന്ന മറ്റു വിവിധ ജനവിഭാഗങ്ങൾ നേരിയ വ്യത്യാസങ്ങളോടെ ആണ്ടുശ്രാദ്ധങ്ങളും കർക്കിടകവാവ് ബലിതർപ്പണം നടത്തിയും പൂർവ്വികരുടെ സ്മരണ പുതുക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ കഴിഞ്ഞ നാളുകളെ ഓർക്കാനും പിതൃക്കളുടെ ആത്മാവ് തരുന്ന സംരക്ഷണം തങ്ങൾക്കുണ്ടാകുമെന്ന് സ്വയം ആശ്വസിക്കാനും ഇന്നും ഈ ആചാരം നിലനിൽക്കുന്നു.
Image may contain: food
Image may contain: outdoor and nature