കേരളത്തിലെ പ്രശസ്തമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കുമാരനല്ലൂർ ശ്രീകാർത്ത്യായനീക്ഷേത്രം പുരാതനമായ ഗ്രാമക്ഷേത്രമായി നിലകൊള്ളുന്നു. ഐതിഹ്യപരമായി മധുരമീനാക്ഷിയുടെ തത്ഭാവമാണ് ഇവിടുത്തെ ദേവി എന്നാണ് സൂചന. രാമവർമ്മ കുലശേഖരൻ എന്ന ചേരമാൻ പെരുമാൾ ആണ് ക്ഷേത്രം സ്ഥാപിച്ചത് എന്നു കരുതപ്പെടുന്നു."കൊമ്പനും കോലോത്തും പാടില്ല " എന്നാണ് ഇവിടുത്തെ നിബന്ധന; അതായത് കൊമ്പനാന എഴുന്നള്ളത്തും ക്ഷത്രിയാധികാരവും പാടില്ല എന്നത്.
പുരാതനകേരളത്തിലെ 64 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് തിങ്കൾക്കാട് എന്നറിയപ്പെട്ടിരുന്ന കുമാരനല്ലൂർ. ഗോകർണ്ണം മുതൽ ചന്ദ്രഗിരിപ്പുഴ വരെ തുളുനാട്ടിൽ 32 ഗ്രാമങ്ങളും ചന്ദ്രഗിരിപ്പുഴ മുതൽ കന്യാകുമാരി വരെ 32 ഗ്രാമങ്ങളും. അതിൽ പഴയ ആയ്നാട് ഒഴിവാക്കി തെക്കേ ഭാഗത്തുള്ളതും അവസാനത്തേതും വെൺമണി ആണെന്നു കരുതുന്നു. പെരിഞ്ചല്ലൂർ, പന്നിയൂർ, പറവൂർ, ചെങ്ങന്നൂർ എന്നീ ഗ്രാമങ്ങൾക്ക് മേലധികാരങ്ങളും ഉണ്ടായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് നിയോഗിക്കപ്പെടുന്ന തളിയാർമാർ എന്ന ശാസ്ത്ര-വേദപണ്ഡിതർ ചേർന്നുള്ള സഭകളായിരുന്നു തളികൾ. അഷ്ടആഢ്യന്മാർ എന്നറിയപ്പെട്ടിരുന്ന എട്ടു ഉന്നതകുടുംബങ്ങളിൽ നിന്നുള്ള ബ്രാഹ്മണർ ഓരോ തളിയുടെയും നാഥന്മാരായ തളിയാതിരിമാരായിരുന്നു.
കൊടുങ്ങല്ലൂരിനു സമീപമുള്ള മേൽത്തളി, കീഴ്ത്തളി, നെടിയതളി, ചിങ്ങപുരത്തു തളി എന്നിങ്ങനെ പെരുമാൾവാഴ്ച ആരംഭിക്കുന്ന ഒമ്പതാം നൂറ്റാണ്ടിൽ നാങ്കുതളികൾ ആണുണ്ടായിരുന്നതെങ്കിൽ പെരുമാൾവാഴ്ച അവസാനിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടോടെ കേരളമാകെ പതിനെട്ടര തളികൾ സ്ഥാപിക്കപ്പെട്ടു. പ്രാദേശിക നാടുവാഴികളുടെ മേൽ അധികാരം ഉറപ്പിക്കുന്നതിനും നമ്പൂതിരി കേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥ നടപ്പിലാക്കുന്നതിനുമുള്ള ഭരണ സ്ഥാപനങ്ങളായിരുന്നു തളികൾ.
പഴയ വെമ്പൊലിനാട്ടിൽ വടക്കുംകൂറിലെ കടുത്തുരുത്തിയിൽ ഒരു തളിയും തെക്കുംകൂറിൽ കോട്ടയത്ത് ഒരു തളിയും സ്ഥാപിതമായത് പത്ത് - പതിനൊന്നു നൂറ്റാണ്ടുകൾക്കിടയിലാണ്. കുമാരനല്ലൂർ, കാടമുറി എന്നീ ബ്രാഹ്മണഗ്രാമങ്ങളെ പ്രതിനിധീകരിച്ചുള്ളതായിരുന്നു കോട്ടയത്തെ തളിയെങ്കിൽ ഏറ്റുമാനൂർ, കിടങ്ങൂർ ഗ്രാമങ്ങളിലെ തളിയാർമാർക്ക് പ്രാധാന്യമുള്ളതായിരിക്കാം കടുത്തുരുത്തിയിലെ തളി. പട്ടത്താനമായിരുന്നു തളികളുടെ പ്രധാന സമ്മേളനങ്ങൾ. ഈ രണ്ടു തളികളോടും ചേർന്നുള്ള ശിവക്ഷേത്രങ്ങൾ മാത്രം ഇന്നു നിലനിൽക്കുന്നു.
കുമാരനല്ലൂർ ഗ്രാമത്തിൽപെട്ട ഇരുപത്തെട്ട് ഇല്ലങ്ങൾക്കായിരുന്നു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാണ്മ ഉണ്ടായിരുന്നത്. പാഴൂർ പടുതോട് നമ്പൂതിരിക്കും വട്ടപ്പള്ളി മൂസതിനും പ്രത്യേക അധികാരങ്ങൾ ഉണ്ടായിരുന്നു. മൂന്നുശ്ശേരി ആയിരം എന്ന നാട്ടുകൂട്ടത്തിനും ചില അധികാരങ്ങൾ ഉണ്ടായിരുന്നു. പെരുമ്പായിക്കാട്ടുശ്ശേരി, മള്ളൂശ്ശേരി, നട്ടാശ്ശേരി എന്നീ ചേരിയ്ക്കൽ കരകളിലെ ആയിരം നായന്മാർ ആയിരുന്നു മൂന്നുശ്ശേരി ആയിരം.
ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ വടക്കേശാലയുടെ പുറത്തേ ഭിത്തിയിൽ ഉൾവശത്ത് 115 സെൻറീമീറ്റർ നീളവും 45 സെൻറീമീറ്റർ വീതിയുമുള്ള ഒരു ശിലാശാസനം കാണപ്പെടുന്നു. ഇതിലെ ലിഖിതം വട്ടെഴുത്തിലാണ്. നിരന്തരമായി ശാസനത്തിനു ഉപരിതലത്തിൽ കുമ്മായം പൂശിയതിനാൽ ശാസനം ഇപ്പോൾ വായിച്ചെടുക്കാനാവുന്നില്ല. പ്രമുഖ ചരിത്രകാരനായ യശശ്ശരീരനായ തിരുവല്ലാ പി ഉണ്ണികൃഷ്ണൻ നായർ മുൻകാലത്ത് രേഖപ്പെടുത്തി പഠനവിധേയമാക്കിയ ലിഖിതം ലഭ്യമായത് ഇവിടെ കൊടുക്കുന്നു.
സ്വസ്തിശ്രീ കന്നിയുൾ വിയാഴനിന്റെയാണ്ട് കുമാരനല്ലൂർ ഊരകർ മുക്കാൽവട്ടത്തു കൂടി അവിരൊത്തതാൽ ചെയ്ത കച്ചമാവിതു. മുക്കാൽവട്ടത്തു വച്ചുകൂട്ടവും കലയ്ക്കമും പെറാർ മുക്കാൽ. വട്ടത്തുപ്പതിനാറുമാർ പചത്തും ചെൻറു കൊയ്ത്താലെത്തുതു ചൊല്ലിക്കൊള്ളക്കടവിയർ, ഊരാർ അകനാഴികൈ ചെലവു വിലക്കവും പെറാർ. കായത്താനത്താലൊടു ഒറ്റൈപ്പടിച്ചെയ്യിടൈയ് മെർപടിയൂർച്ചിറൈയിടൈയുമനൈ വെലിയ കത്തുചെൻറു അതരഞ്ചുയപ്പെറാർ. വെവ്വേറ്റു വകൈയാലവരും വിരതത്തിനുക്കു എല്ലാരുഞ്ചെല്ലക്കടവിയർ പുരൈയിടത്തുൾചെൻ റു അതഞ്ചെയ്യുമവകളും. ഞായമില്ലാതെ പൂമി വിലക്കുമവർകളും അവർക്ക് അനുപന്ത ഞ്ചെയ്യുമവർകളും താനമും പരടൈയും അറമും പെറാർ. ഊർക്കിടൈയിയിടുങ്കൊടുവിതു. ഊരകത്തു കുടിയിരുക്കും ചൂത്തിരർ പിരാമണരൈ തുർവായകം പറൈകിൽ പന്തിരണ്ടുകാണം പൊൻകടുപ്പിതു. ചരെതൻടഞ്ചെയ്കിൽ ഇരുപത്തിനാലുകണം പൊൻ കടുപ്പിതു. ചൂത്തിരൻ ചൂത്തിരനൈ ക്കുറൈക്കിൽ ആറു കഴഞ്ചു പൊൻ കടുപ്പിതു. കൊൽകിൽ പന്തരു കഴൈഞ്ചു പൊൻ കടുപ്പിതു. ഇപ്പൊൻ പടാരിയാർ കൊൾവിതു വെൺപൊലി നാടുവാഴുമവർകൾ മാറിടം ഊരകത്തു ചെൻറൊരു നൻറുതിങ്കുചെയ്കിൽ തെൻടങ്കൊള്ളും ഊരാളർ ഇരുകൂറു പറയപ്പെറാർ. ഇക്കച്ചം പിഴൈപ്പിച്ചവരില്ലത്തുപിച്ചൈ പുകപ്പെറാർ. ഇക്കച്ചം വിതൈച്ചവർ മൂഴിക്കളത്തൊഴുക്കവിച്ചൻറാരൈ പിഴൈച്ചൊരിൾപ്പടുവിതു ഇക്കച്ചം പിഴൈച്ചവരും പിഴൈച്ചവർക്കനുപതഞ്ചെയ്യുവോർകളും വെവ്വേറ്റു വകയാൽ പ്പെരുമാനികൾക്ക് നൂറ്റിക്കഴൈഞ്ചു ചെയ്തു പൊൺതണ്ടം കടുക്ക കടവിയർ ഊരാൺമൈയില്ലാത്തവിരാൾ ഇക്കച്ചം പിഴൈപ്പൊർയിലങ്കളുടൈയ ഇടൈയിട്ടു അകനാഴിയൈച്ചെലവിനൊടൊക്കും.
സാരാംശം:-
മംഗളം ഭവിക്കട്ടെ.കന്നിയിൽ വ്യാഴം നിന്ന വർഷം കുമാരനല്ലൂർ ഗ്രാമത്തിലെ നാട്ടുകൂട്ടം ക്ഷേത്രസങ്കേതത്തിൽ കൂടി ഐകകണ്‌ഠ്യേന കൈക്കൊണ്ട തീരുമാനമാണിത്. ക്ഷേത്രസങ്കേതത്തിനുള്ളിൽ കൂട്ടം കൂടി വക്കേറ്റവും ഒച്ചപ്പാടും ഉണ്ടാക്കുവാൻ പാടില്ല. കൊയ്ത്തു കഴിഞ്ഞാൽ വിളവിന്റെ കണക്കുകൾ ഊരാളന്മാരായ പതിനാറുവരെ അറിയിക്കണം. നാട്ടാർ ശ്രീകോവിലിനുള്ളിലെ ചിലവുകൾ മുടക്കിക്കൂടാ. അവർ ഗ്രാമത്തിലെ കുളക്കരകളിലുള്ള വസ്തുക്കളിലോ വീടുകളിലോ പ്രവേശിച്ച് തടസ്സമുണ്ടാക്കുവാൻ പാടില്ല. ക്ഷേത്രത്തിലെ അടിയന്തിരങ്ങളിൽ എല്ലാവരും പങ്കെടുക്കണം, കാരാളരുടെ നിലംപുരയിടങ്ങളിൽ പ്രവേശിച്ച് അന്യായമായി വിലക്കുകയും അവരെ പുറത്താക്കുകയും ചെയ്യുന്നവരെയും അവർക്ക് കൂട്ടുനിൽക്കുന്നവരെയും ഊരാളസഭ, പട്ടത്താനം മുതലായ ഔദ്യോഗികസ്ഥാനങ്ങൾ, നാട്ടുകൂട്ടം, തറ മുതലായവയിൽ നിന്നും പുറത്താക്കേണ്ടതാണ്. ഇടയീടായി അവർ അനുഭവിച്ചുവരുന്ന വസ്തുക്കളും അവരുടെ പക്കൽനിന്നും തിരിച്ചെടുക്കേണ്ടതാണ്. സങ്കേതത്തിൽ വസിക്കുന്ന ശൂദ്രൻ (നായർ ) ബ്രാഹ്മണനെ അസഭ്യം പറഞ്ഞാൽ അവർ പന്ത്രണ്ട് കാണം പൊന്ന് പിഴയടയ്ക്കണം. ശരം കൊണ്ട് മുറിവേൽപ്പിച്ചാൽ പിഴ ഇരുപത്തിനാലുകാണം പൊന്നാണ്. ഒരു ശൂദ്രൻ മറ്റൊരു ശൂദ്രനെ അസഭ്യം പറഞ്ഞാൽ അവൻ ആറു കഴഞ്ച് പൊന്ന് പിഴയൊടുക്കണം. കൊല ചെയ്താൽ പന്ത്രണ്ടുകഴഞ്ചു പൊന്നും. പിഴയായി ലഭിക്കുന്ന പൊന്ന് ദേവസ്വത്തിലേയ്ക്ക് മുതൽക്കൂട്ടേണ്ടതാണ്. ഗ്രാമാതിർത്തിക്കുള്ളിൽ പ്രവേശിച്ച് ന്യായാന്യായങ്ങൾ പ്രവർത്തിക്കുന്നതിന് വെമ്പൊലിനാട്ടരചൻ പിഴ ഈടാക്കുമ്പോൾ ഊരാൺമക്കാർ തടസം നില്ക്കാൻ പാടില്ല. ഈ തീരുമാനം ലംഘിക്കുന്നവരുടെ ഇല്ലങ്ങളിൽനിന്ന് ഭോജനം പാടില്ല. ഈ കരാർ ലംഘിച്ചവർ മൂഴിക്കളം കച്ചത്തിനു വിപരീതമായി പ്രവർത്തിച്ചതായി കണക്കാക്കപ്പെടും. ഈ കരാർ ലംഘിച്ചവരും അവർക്ക് കൂട്ടുനിൽക്കുന്നവരും പ്രത്യേകം പ്രത്യേകം നൂറു കഴഞ്ച് നല്ല മാറ്റ് പൊന്ന് ചക്രവർത്തിയ്ക്ക് പിഴയൊടുക്കണം. ഊരാൺമയില്ലാത്തവരാണ് ഈ കരാർ ലംഘിക്കുന്നതെങ്കിൽ അവരുടെ ഇടൈയീടു വസ്തുക്കൾ ദേവസ്വത്തിലേയ്ക്ക് പിടിച്ചെടുക്കേണ്ടതാണ്.
ഗ്രാമക്ഷേത്രമെന്നതിലുപരി അധികാര കേന്ദ്രമെന്ന നിലയിൽ ക്ഷേത്രത്തിന്റെ പങ്ക് ഈ ശാസനത്തിൽനിന്ന് വ്യക്തമാകും. പെരുമാളെപ്പറ്റി പറയുന്നതിൽ ചേരവാഴ്ചക്കാലത്തു തന്നെ (ഒമ്പത് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുവരെ) നടപ്പിലായതാവാം ഈ ശാസനം. ഭാഷാരീതിയും അത് സൂചിപ്പിക്കുന്നു. നാടുവാഴി വെമ്പൊലിനാട് വാഴുന്നവർ ആണെന്നും സൂചന ലഭ്യമാകുന്നു.
ഗ്രാമത്തിലെ ബ്രാഹ്മണേതര ജനവിഭാഗങ്ങളുടെ മേൽ രാജാധികാരം ഉറപ്പുവരുത്തുന്നതായി ഈ ശാസനത്തിൽ നിന്ന് മനസിലാക്കാം. ബ്രാഹ്മണരുടെ അത്തരത്തിലുള്ള അധികാരത്തെ പരിമിതപ്പെടുത്തുന്നതിന് ആധാരമായി എന്തെങ്കിലും സംഭവം അക്കാലത്തുണ്ടായിരിക്കാം.
നാടുവാഴിത്തവും ബ്രാഹ്മണാധികാരവും പലപ്പോഴും കലഹിച്ചിരുന്നതിനും ലക്ഷ്യങ്ങൾ ചരിത്രത്തിൽ നിന്നും ലഭ്യമാണ്. കുമാരനല്ലൂർ ഗ്രാമത്തിലെ ഊരാണ്മയിൽനിന്നും പുറത്താക്കപ്പെട്ട പുളിക്കൽ ചെമ്പകശ്ശേരിയിലെ ദേവനാരായണൻ എന്ന ഉണ്ണിനമ്പൂതിരി പ്രാചീന ബുദ്ധമതഗ്രാമമായിരുന്ന കുടമാളൂരിലെ നായന്മാരുടെ പിന്തുണയോടെ തെക്കുംകൂറിനെ സമീപിച്ച് ആ ദേശത്തെ നാടുവാഴിയായി. പിൽക്കാലത്ത് നീരേറ്റുപുറം മുതൽ പുറക്കാട് വരെയുള്ള കുട്ടനാട് തെക്കുംകൂറിൽനിന്ന് ദാനമായി ലഭിച്ചതോടെ ചെമ്പകശ്ശേരി രാജാവുമായി. തെക്കുംകൂറും ചെമ്പകശ്ശേരിയും കുമാരനല്ലൂരിലെ ബ്രാഹമണരുടെ അധികാരശക്തിയെ ലഘൂകരിക്കുന്നതിന് എക്കാലത്തും ഒരുമിച്ചുനിന്നിരുന്നു.
AD 1664 ജൂലൈ 16ന് ഡച്ചുക്യാപ്റ്റനായ ജേക്കബ്സ് ഹ്യൂസ്റ്റാർട്ട് തളിക്കോട്ടയിലെത്തി അന്നത്തെ തെക്കുംകൂർരാജാവായ കോതവർമ്മയുമായി ആദ്യത്തെ വ്യാപാരക്കരാർ ഒപ്പുവച്ചു. ആ കരാറിനൊപ്പം ഒരു നിബന്ധനയും മുന്നോട്ടുവച്ചു. തെക്കുംകൂറിലെ ക്രൈസ്തവ ദേവാലയങ്ങളിൽ കത്തോലിക്കാ പുരോഹിതന്മാരെ കയറ്റരുത് എന്നത്. ഡച്ചുകാർ പോർച്ചുഗീസ് വിരോധികളായ പ്രൊട്ടസ്റ്റൻറു കാരായതിനാലാണ് അത്തരമൊരു നിബന്ധന വച്ചത്. രാജാവ് സ്വന്തം തട്ടകത്തിൽ തൽക്കാലം അതു പാലിച്ചു എന്നു കരുതാം.
പത്തുവർഷം കൂടുമ്പോൾ ഈ വ്യാപാരക്കരാർ പുതുക്കുമായിരുന്നു. AD1694 ൽ പുതുക്കിയ കരാറിലെ വ്യവസ്ഥ ശ്രദ്ധേയമാണ്. കൊച്ചിയിലെ ഡച്ചുകോട്ടയിൽ കടന്ന് ഡച്ചുകാരെ വധിച്ച ഒരു അക്രമിസംഘം കുമാരനല്ലൂർ സങ്കേതത്തിൽ ഒളിച്ചുകഴിയുന്നുവെന്നും അവരെ പിടിച്ച് കൊടുക്കണമെന്നുമായിരുന്നു അത്. ഊരാണ്മക്കാരുടെ എതിർപ്പ് നേരിട്ട് മേൽപ്പറഞ്ഞ അക്രമിസംഘത്തെ പിടികൂടി രാജാവ് ഡച്ചുകാർക്ക് കൈമാറിയതായി ഒരു ലക്ഷ്യവും ചരിത്രത്തിൽനിന്നും ലഭ്യമല്ല എന്നുകൂടി സൂചിപ്പിക്കട്ടെ.
(ചിത്രത്തിൽ കുമാരനല്ലൂർ തൃക്കാർത്തിക വിളക്കിന്റെ ദൃശ്യം)