130 വര്‍ഷങ്ങള്‍ക്ക് മുന്‍പ്..1888ല്‍ ഓസ്ട്രേലിയയിലെ പ്രിന്‍സസ് തീയറ്റര്‍ എന്ന പ്രശസ്തമായ ഒപ്പേറ ഹൗസ്.
''അടുത്ത രംഗത്തോടുകൂടി ഈ നാടകം അവസാനിക്കുകയാണ്..''
അറിയിപ്പു കേട്ടതും കാണികള്‍ ശ്വാസമടക്കി വേദിയിലേക്ക് നോക്കി.ആ അതിഗംഭീര നാടകത്തിലെ ക്ളൈമാക്സില്‍ ഇനി എന്തു സംഭവിക്കും എന്നറിയാന്‍ ആകാംക്ഷയോടെ ശ്വാസമടക്കി കാത്തിരിക്കുകയാണ് കാണികള്‍..
വില്ലന്‍ നരകത്തിലെ തീയിലേക്ക് വീണുപോകുന്നതായിരുന്നു നാടകത്തിന്‍റെ ക്ളൈമാക്സ്.വില്ലന്‍ കഥാപാത്രത്തിന്‍റെ പ്രകടനം കണ്ട് കാണികള്‍ കോരിത്തരിച്ചു.അസാമാന്യ അഭിനയപാടവത്തോടെ നൊടിയിടയില്‍ ആ കഥാപാത്രം സ്റ്റേജില്‍ ഒരുക്കിയിരുന്ന നരകത്തീയില്‍ പതിക്കുന്ന രംഗം അഭിനയിപ്പിച്ചു ഫലിപ്പിച്ചു.
ഇറ്റലിയില്‍ ജനിച്ച പ്രശസ്തനായ ബ്രിട്ടീഷ് കലാകാരനായ ഫ്രെഡറിക് ഫെഡറിസിആയിരുന്നു ആ നടന്‍.കാണിളുടെ ആര്‍പ്പു വിളികള്‍..കൈയ്യടികള്‍..ആ ഒാപ്പറ ഹൗസ് ശബ്ദമുഖരിതമായി.
പക്ഷേ സ്റ്റേജിന് പിന്നില്‍ ഈ സമയം ആ നാടകത്തിന്‍റെ പ്രവര്‍ത്തകരും സംഘാടകരും ഒരു ജീവന്‍മരണ പോരാട്ടത്തിലായിരുന്നു.ആ രംഗത്തിനവസാനം ഒരു അപകടം പറ്റി.നരകത്തീയിലേക്ക് വില്ലന്‍ വീഴുമ്പോള്‍ ഒരു രഹസ്യവാതിലിലൂടെ സ്റ്റേജിന്‍റെ ബേസ്മെന്‍റിലേക്ക് ആ നടന് ഊര്‍ന്നിറങ്ങാന്‍ കഴിയുന്ന ഒരു സംവിധാനമായിരുന്നു ഒരുക്കിയിരിക്കുന്നത്.ദൗര്‍ഭാഗ്യവശാല്‍ അവിടേക്ക് ചാടുന്ന സമയം ആ വാതില്‍ തകര്‍ന്നു,സ്റ്റേജിന്‍റെ ബേസ്മെന്‍റിലേക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രെഡറീക് ഫെഡറിസി മുഖമടച്ച് വീണു.സഹായികളിലൊരാള്‍ ബേസ്മെന്‍റിലേക്ക് നൂണ്ടു കയറി അദ്ദേഹത്തെ രക്ഷിക്കാനെത്തി വളരെ പണിപ്പെട്ട് പുറത്ത് ഗ്രീന്‍റൂമില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ആ ശരീരം ചലനമറ്റിരുന്നു.
വീഴ്ചയുടെ ആഘാതം കൊണ്ട് പെട്ടന്നുണ്ടായ ഹൃദയസ്തംഭനത്താല്‍ 37 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന , ഫ്രഡറിക് അവിടെ വച്ചു തന്നെ മരണമടഞ്ഞു.
കാണികളോ ഒപ്പം അഭിനയിച്ചവരോ ആരും ഈ ദാരുണാന്ത്യം അറിഞ്ഞില്ല.നാടകാവതരണത്തിനു ശേഷം അഭിനേതാക്കള്‍ എല്ലാവരും സ്റ്റേജില്‍ അണിനിരന്നു കാണികളെ അഭിവാദ്യം ചെയ്ത് കാണികളുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി.
തിരികെ ഗ്രീന്‍ റൂമില്‍ എത്തിയ അഭിനേതാക്കള്‍ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിത്തരിച്ചു പോയി.കാരണം കാണികളുടെ അഭിനന്ദനം ഏറ്റു വാങ്ങുവാനായി അവരോടൊപ്പം അത്രനേരം ഫ്രഡറിക്കും വേദിയില്‍ ഉണ്ടായിരുന്നു.ഒരേ സമയം ജീവനറ്റ ശരീരം ഗ്രീന്‍ റൂമിലും..ചിരിച്ച് ഉല്ലസിച്ച് വേദിയില്‍ അവരോടൊപ്പവും..!!
1854ല്‍ പണി തീര്‍ന്ന 1886ല്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട,ഒരുപാട് വലിയ നാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയിട്ടുള്ള ആ കൂറ്റന്‍ തിയേറ്ററിലെ ആദ്യത്തെ അപകട മരണം.അതും ഒരു നടന്‍ അഭിനയിച്ചുകൊണ്ടിരിക്കെ!
ഈ അപകടത്തിനു ശേഷം ചില അതിവിചിത്ര സംഭവങ്ങള്‍ പ്രിന്‍സസ് തീയറ്ററില്‍ നടക്കുവാന്‍ തുടങ്ങി.അപകടത്തില്‍ മരിച്ച ഫ്രഡറിക് ഫെഡറിസിയെ രാത്രിസമയങ്ങളില്‍ പലരും തീയറ്ററില്‍ കണ്ടു തുടങ്ങി.ആ തീയറ്ററില്‍ ഏതു നാടകം നടക്കുമ്പോഴും ഫ്രെഡറിക്കിന്‍റെ ആത്മാവ് അതു കാണാന്‍ എത്തുന്നുണ്ടെന്ന കഥ പ്രചരിച്ചു തുടങ്ങി.
തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയില്‍ ഫ്രഡറിക് ഫെഡറിസി നില്‍ക്കുന്നത് പലരും കണ്ടു !
പല തവണ..പല വേഷത്തില്‍..സ്റ്റേജിലേക്ക് സാകൂതം കണ്ണും നട്ട്..!!
ആത്മാവാണെങ്കില്‍ക്കൂടി ആ മഹാനായ നടനെ ഇങ്ങനെ നിര്‍ത്തുന്നത് തെറ്റല്ലേ?ഒടുവില്‍ തീയറ്റര്‍ ഉടമകള്‍ ഒരു വഴി കണ്ടെത്തി.പ്രിന്‍സസ് തീയറ്ററില്‍ ഏതു നാടകം നടക്കുമ്പോഴും മുന്‍നിരയിലെ ഒരു സീറ്റ് ആ ആത്മാവിനായി ഒഴിച്ചിടുവാന്‍ തുടങ്ങി.പാതിയില്‍ വീണു പോയ ആ അഭിനയ പ്രതിഭയ്ക്കുള്ള ആദരവായി വര്‍ഷങ്ങളായി പ്രിന്‍സസ് തീയറ്ററിലെ ഡ്രസ് സര്‍ക്കിളിലെ മൂന്നാം നിരയിലെ ഒരു സീറ്റ് ഒഴിഞ്ഞു തന്നെ കിടന്നു.
അവലംബം- https://en.m.wikipedia.org/wiki/Frederick_Federici
