A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഡെത്ത് ഇൻ പാരിസ് - ഡയാനാ രാജകുമാരിയുടെ മരണം.

1997 ഓഗസ്റ്റ് 30. സമയം വൈകുന്നേരം 4.00 മണി.
അന്നു പാരിസിൽ നല്ല ചൂടായിരുന്നു. വേനലിന്റെ മൂർധന്യം. നഗരത്തിന്റെ ഹൃദയഭാഗത്താണ് ഹോട്ടൽ റിറ്റ്സ്. ആഡംബരത്തിന്റെ കാര്യത്തിൽ ലോകത്തെ തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്നവയിൽ ഒന്നാണു ആ ഹോട്ടൽ. അതിസമ്പന്നരും ലോകത്തെ എണ്ണം പറഞ്ഞ നേതാക്കളും മാത്രം താമസിയ്ക്കുന്ന സ്ഥലം. ഈജിപ്ഷ്യൻ അറബ് വംശജനായ മുഹമ്മദ് അൽ ഫയാദ് ആണു അതിന്റെ ഉടമസ്ഥൻ. ഹോട്ടലിന്റെ വിശാലമായ ഫ്രണ്ട് യാർഡിന്റെ പുറത്തെ അതിരിൽ നീളൻ ടെലിസ്കോപ്പിക് ലെൻസുകൾ പിടിപ്പിച്ച ക്യാമറകളുമായി പതിനഞ്ചോളം പേർ അവിടവിടെയായി നിൽക്കുന്നുണ്ട്. അവരിൽ ചിലർ ചെടികളുടെ മറവ് പറ്റി കഴിയാവുന്നിടത്തോളം മുന്നോട്ട് നീങ്ങാൻ ശ്രമിയ്ക്കുന്നു. ഹോട്ടലിലെ സെക്യൂറിറ്റി ജീവനക്കാർ പക്ഷെ ആരെയും മുന്നോട്ട് വിടാതെ തടയുന്നുണ്ട്. വിവിധ പത്രസ്ഥാപനങ്ങളുടെ ഫോട്ടോ ജേർണലിസ്റ്റുകളാണു ക്യാമറകളുമേന്തി അക്ഷമരായി നിൽക്കുന്ന ആ കൂട്ടർ. പാപ്പരാസികൾ എന്ന അപരനാമത്തിലാണു ഇവർ അറിയപ്പെടുന്നത്. ഹോട്ടലിലേയ്ക്കു വരാനുള്ള ചില വിശിഷ്ടാതിഥികളെ ക്യാമറയിലൊപ്പിയെടുക്കാനാണു അവരിങ്ങനെ കാത്തു നിൽക്കുന്നത്.
നാലരയായപ്പോൾ റിറ്റ്സിന്റെ ഗേറ്റിലൂടെ ഒരു മെർസിഡസ് കാർ കയറിവന്നു. അതു ഹോട്ടലിന്റെ എൻട്രൻസിലെത്തി നിന്നു. കാത്തു നിന്നിരുന്ന പാപ്പരാസികൾ ലെൻസ് സൂം ചെയ്ത് കിട്ടാവുന്നിടത്തോളം ദൃശ്യങ്ങൾ പകർത്തി തുടങ്ങി.
മെർസിഡസിൽ നിന്നും പുറത്തിറങ്ങിയത്, സ്വർണമുടിയുള്ള, വെള്ളാരം കണ്ണുകളുള്ള സുന്ദരിയായ ഒരു യുവതിയായിരുന്നു. പ്രിൻസസ് ഓഫ് വെയിൽസ് ഡയാന. ബ്രിട്ടീഷ് രാജകുടുംബത്തിലെ അടുത്ത അവകാശിയായ ചാൾസ് രാജകുമാരന്റെ മുൻ ഭാര്യ. സെക്യൂരിറ്റി ഗാർഡുമാരുടെ അകമ്പടിയോടെ അവർ അതിവേഗം ഉള്ളിലേയ്ക്കു നടന്നു. മെർസിഡസിൽ നിന്നും പിന്നീട് ഇറങ്ങിയത് മധ്യവയസ്സുള്ള ഒരാൾ. ദോദി അൽ ഫയാദ്. റിറ്റ്സ് ഹോട്ടൽ ഉടമയുടെ മൂത്ത മകൻ. അയാളും അതിവേഗം ഉള്ളിലേയ്ക്കു പോയി.
പാപ്പരാസികളെ സംബന്ധിച്ചിടത്തോളം ഇനി അവർ പുറത്തേയ്ക്കിറങ്ങിയാലേ ജോലിയുള്ളു. അതു വരെ കാത്തിരിയ്ക്കുക തന്നെ.
ലോകത്ത് ഏറ്റവും ഡിമാൻഡുള്ള മുഖങ്ങളിലൊന്നാണു ഡയാന രാജകുമാരിയുടേത്. അപൂർവമായൊരു നിമിഷം ക്യാമറയിൽ പതിഞ്ഞു കിട്ടുന്ന ഫോട്ടോഗ്രാഫർ ഭാഗ്യവാനാണ്, ലക്ഷങ്ങൾ വിലകൊടുത്തു വാങ്ങാൻ പ്രസിദ്ധീകരണങ്ങളുണ്ട്. അതു തന്നെയാണു അവരുടെ ഈ കാത്തിരിപ്പിന്റെ കാരണവും.
6.00 മണിയായപ്പോൾ ദോദി അൽഫയാദും അയാളുടെ ബോഡിഗാർഡുകളും വെളിയിലേയ്ക്കു വന്നു. പാപ്പരാസി ക്യാമറകൾ ചലിച്ചു. പക്ഷേ അവർ പ്രതീക്ഷിച്ചിരുന്ന മുഖം പിന്നാലെയുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ ദോദി, ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയുള്ള റിപ്പൊസ്സി ജൂവലറിയിലേയ്ക്കാണു പോയത്. അവിടെ അയാളൊരു മോതിരത്തിനു ഓർഡർ കൊടുത്തിരുന്നു. അതു വാങ്ങുകയായിരുന്നു ഉദ്ദേശം. അധികം വൈകാതെ ദൊദി ഹോട്ടലിലേയ്ക്കു തിരികെ പോയി.
ഹോട്ടലിന്റെ ഇമ്പീരിയൽ സ്യൂട്ടിലായിരുന്നു ഡയാന ഉണ്ടായിരുന്നത്. ഇറ്റലിയിലെ സാർഡിനിയ ദ്വീപിൽ നിന്നും അന്നുച്ചയ്ക്കാണു അവരും ദോദിയും പാരിസിലേയ്ക്കു ദൊദിയുടെ സ്വകാര്യ വിമാനത്തിൽ പറന്നത്. കുറെ ദിവസങ്ങളായി അവർ അവിടെ ഒന്നിച്ചു ചിലവഴിയ്ക്കുകയായിരുന്നു. ഈ രാത്രി ദോദിയോടൊപ്പം പാരിസിൽ കഴിഞ്ഞ ശേഷം രാവിലെ ലണ്ടനിലേയ്ക്കു തിരികെ പോകാനാണു ഡയാനയുടെ പ്ലാൻ. അവിടെ തന്നെ കാത്ത് രണ്ട് കുട്ടികൾ ഇരിപ്പുണ്ടെന്ന് അവർക്കറിയാം.
ഭക്ഷണത്തിനു സമയമായിരുന്നു. ദൊദി ഡയാനയുടെ കൈപിടിച്ച് ഗ്രൗണ്ട് ഫ്ലോറിലുള്ള റസ്റ്റാറന്റിലേയ്ക്കു നടന്നു. അവരോടൊപ്പം, റിറ്റ്സ് ഹോട്ടൽ സെക്യൂരിറ്റി അസി. മാനേജർ ഹെൻട്രി പോൾ, ദോദിയുടെ ബോഡി ഗാർഡുകളായ കെസ് വിങ്ഫീൽഡ്, ട്രെവർ റീസ് ജോൺസ് എന്നിവരുമുണ്ട്. ഭക്ഷണ ശേഷം ഡയാനയും ദോദിയും, ചാംസ് എലിസീസിലുള്ള അയാളുടെ അപാർട്ട്മെന്റിലേക്കു പോകും. രാത്രി അവിടെ കഴിയും.
വിടാതെ പിന്തുടരുന്ന പാപ്പരാസികളുടെ ശല്യം ദോദിയേയും ഡയാനയേയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. സാർഡിനിയയിൽ സ്വന്തം ആഡംബര നൗകയിലായിരുന്നു പ്രണയ ജോഡികൾ കഴിഞ്ഞത്. എന്നിട്ടും കടലിൽ പോലും പാപ്പരാസികൾ പിന്തുടർന്നിരുന്നു. തങ്ങളുടെ അപാർട്ട്മെന്റിലേയ്ക്കുള്ള യാത്ര പാപ്പരാസികളുടെ കണ്ണിൽ പെടാതെ രഹസ്യമായിരിയ്ക്കണമെന്ന് ദോദി ഹെൻട്രി പോളിനോട് ആവശ്യപ്പെട്ടു.
റസ്റ്റാറന്റിലെത്തിയ ദോദിയ്ക്കും ഡയാനയ്ക്കും അവിടെ സ്വൈര്യമായിരുന്നു ഭക്ഷണം കഴിയ്ക്കാനായില്ല. ടെലിസ്കോപ്പിക് ക്യാമറകൾ അവരുടെ ഓരോ ചലനവും പുറത്തു നിന്നു പകർത്തിക്കൊണ്ടിരുന്നു. അസ്വസ്ഥയായ ഡയാന ഭക്ഷണം കഴിയ്ക്കാതെ എഴുനേറ്റു. അവർ സ്യൂട്ടിലേയ്ക്കു തന്നെ പോയി, ഒപ്പം ദോദിയും. സ്യൂട്ടിലിരുന്നാണവർ ഭക്ഷണം കഴിച്ചത്. പിന്നീട് രണ്ടു മണിക്കൂറോളം അവർ സ്വകാര്യമായി കഴിച്ചു കൂട്ടി.
പാപ്പരാസികളുടെ കണ്ണിൽ പെടാതെ എങ്ങനെ ഡയാനയെയും ദോദിയേയും പുറത്തു കടത്തും? പോളും ബോഡി ഗാർഡുകളും കൂടി ആലോചിച്ചു. ഒരു മെർസിഡസും ഒരു റേഞ്ച് റോവറുമാണു അവരുടെ യാത്രയ്ക്ക് ഒരുക്കിയിരുന്നത്. മുൻ വശത്തു നിന്നു പോളും ബോഡി ഗാർഡുകളും ഇരു വാഹനങ്ങളിലുമായി കയറി ഓടിച്ചു പോകുക, അതേ സമയം പിൻ വശത്തെ ഗേറ്റ് വഴി ദൊദിയും ഡയാനയും വെളിയിൽ ഇറങ്ങുക, പോൾ ഓടിയ്ക്കുന്ന മെർസിഡസ് പിന്നിലെത്തി അവരെ കയറ്റി ഉടൻ സ്ഥലം വിടുക. ഇതായിരുന്നു അവരുടെ പ്ലാൻ.
റൊമോൾഡ് രാറ്റ്, ഒരു പാരീസ് പത്രത്തിന്റെ ഫോട്ടോ ഗ്രാഫറാണ്, റിറ്റ്സ് ഹോട്ടലിനു മുന്നിൽ കാത്തുകെട്ടികിടക്കുന്ന പാപ്പരാസിക്കൂട്ടത്തോടൊപ്പം അയാളുമൂണ്ട് ഉച്ച മുതൽ. സാർഡിനിയയിൽ നിന്നും ഡയാന പുറപ്പെട്ട ഉടൻ തന്നെ ഫോൺ എത്തിയിരുന്നു, പ്രണയ ജോഡികൾ റിറ്റ്സ് ഹോട്ടലിലേയ്ക്കു വരുന്നുണ്ട് എന്ന്.
റിറ്റ്സ് ഹോട്ടലിനു, പിൻ ഭാഗത്ത് ഒരു ഗേറ്റുള്ള കാര്യം പാപ്പരാസികൾക്കുമറിയാം. ചിലപ്പോൾ മുൻഭാഗം ഒഴിവാക്കി അവർ പിന്നിലൂടെ പോകാനുള്ള സാധ്യതയുണ്ടെന്ന് അവരിൽ ചിലർ കണക്കു കൂട്ടി. അതിൻ പ്രകാരം, മൂന്നു പേർ പിൻ ഗേറ്റിനു സമീപത്തായി സ്ഥാനം പിടിച്ചു. റൊമോൾഡ് രാറ്റ് ഹോട്ടലിന്റെ മുൻ വശത്താണുണ്ടായിരുന്നത്.
സമയം രാത്രി 11.00 മണിയായി. ഹെൻട്രി പോൾ ഹോട്ടലിനു വെളിയിൽ വന്നു. പുറത്തുള്ള ആരെയോ നോക്കി കൈ വീശി. പിന്നീട് ദോദിയുടെ ബോഡി ഗാർഡുകളും ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ചു കൊണ്ട് അകത്തേയ്ക്കു പോയി.
രാത്രി 12.19 ആയപ്പോൾ ഡയാനയും ദോദിയും ഹോട്ടലിന്റെ അടുക്കള ഭാഗത്തു കൂടി പുറകുവശത്തെ ഗേറ്റിലേയ്ക്കു നടന്നു. അതേ സമയം തന്നെ മുൻ വശത്തു കിടന്ന മെർസിഡസ് കാറിന്റെ ഡ്രൈവർ സീറ്റിലേയ്ക്ക് ഹെൻട്രി പോൾ കടന്നു. തൊട്ടടുത്ത സീറ്റിൽ ബോഡി ഗാർഡ് ട്രെവർ റീസ് ജോൺസും ഇരുന്നു. പാപ്പരാസികൾക്ക് പിടികൊടുക്കാതെ കാർ അതിവേഗം പുറത്തേയ്ക്കു പോയി.
ഡയാനയുടെ ഒരു സ്നാപ് പോലും കിട്ടാത്തതിൽ രാറ്റിനും കൂട്ടർക്കും നിരാശ തോന്നി. പിൻ വശത്തെ ഗേറ്റിൽ ഒന്നു പോയി നോക്കാമെന്ന് രാറ്റിനു തോന്നി. അയാൾ അങ്ങോട്ട് ഓടിച്ചെന്നു. അവിടെ ഉണ്ടായിരുന്ന മൂന്നു പാപ്പരാസികളെയും കാണാനില്ല. ദോദിയും ഡയാനയും ഇതു വഴി പൊയ്ക്കഴിഞ്ഞു എന്നയാൾക്ക് മനസ്സിലായി. ഉടൻ തന്നെ തന്റെ ബൈക്ക് സ്റ്റാർട്ടാക്കി അവർ പോയ വഴിയെ അയാൾ കുതിച്ചു പാഞ്ഞു.
ആ വഴി കടന്നു പോകുന്നത് “പോണ്ടെ ഡി അൽമ“ ടണൽ ഭാഗത്തേയ്ക്കാണ്. ടണലിൽ കൂടി 30 മൈൽ വേഗതയിൽ മാത്രമേ പോകാവൂ എന്നാണു നിയമം. കുതിച്ചു പോയാൽ തനിയ്ക്കവരുടെ ഒപ്പം എത്താനാവും.
ഏതാനും കിലോമീറ്റർ കഴിഞ്ഞതോടെ മുന്നിലായി സ്പീഡിൽ പോകുന്ന മെർസിഡസ് കാർ അയാൾ കണ്ടു. അതു ടണലിലേയ്ക്കു പ്രവേശിയ്ക്കുകയാണ്.
പെട്ടെന്ന് ടണലിനുള്ളിൽ എന്തോ ഒന്നു മിന്നലും വലിയ ശബ്ദവും അയാൾ കേട്ടു. ടണലിൽ വൺവേയാണു. ഇരു വശത്തെയും പാതകളിൽ കൂടി വാഹനങ്ങൾ പോകുന്നു. മധ്യഭാഗത്തായി നിരയായി കോൺക്രീറ്റ് തൂണുകൾ. ടണലിലേക്ക് രാറ്റിന്റെ ബൈക്ക് എത്തി. പതിമൂന്നാമത്തെ തൂണിൽ ഇടിച്ച് തകർന്നുകിടക്കുന്ന മെർസിഡസ് കാറാണു അയാൾ കണ്ടത്..! അല്പം അകലത്തായി അയാൾബൈക്ക് നിർത്തി. തൊട്ടു മുമ്പിലുണ്ടായിരുന്ന കാറിൽ ഏതാനും പാപ്പരാസികൾ ഉണ്ടായിരുന്നു. അവരും വെളിയിലിറങ്ങി.
നടുക്കത്തിന്റെ മരവിപ്പിലായിരുന്നു എല്ലാവരും. തകർന്നു കിടക്കുന്ന കാറിൽ നിന്നും ഞരക്കം കേൾക്കാം.. ചുടുചോര റോഡിൽ പരന്നുകൊണ്ടിരിയ്ക്കുന്നു. കാറിന്റെ ഭാഗങ്ങൾ അവിടവിടെയായി ചിതറിക്കിടക്കുന്നു.ഇരു വശത്തെയും റോഡിൽ വാഹനങ്ങൾ പൊയ്കൊണ്ടേയിരിയ്ക്കുന്നു. അപ്പോൾ ആ കാറിനുള്ളിൽ നിന്നും മൊബൈൽ ഫോൺ റിങ്ങ് ചെയ്തു. അല്പസമയത്തിനകം അതു നിലയ്ക്കുകയും ചെയ്തു.
മനസ്സാന്നിധ്യം വീണ്ടെടുത്ത രാറ്റ് കാറിനടുത്തേയ്ക്കു ചെന്നു. പ്രഥമ ശുശ്രൂഷ ചെയ്യുന്നതിൽ അയാൾ പരിശീലനം നേടിയിട്ടുണ്ട്. ആരെങ്കിലും ജീവനോടെയുണ്ടെങ്കിൽ രക്ഷപെടുത്തണം.
ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ഹെൻട്രി പോൾ തൽക്ഷണം മരിച്ചിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന ബോഡി ഗാർഡിനു പരിക്കുകളുണ്ടായിരുന്നെങ്കിലും മാരകമായിരുന്നില്ല. പക്ഷേ അയാൾ ബോധ രഹിതനായിരുന്നു. സീറ്റ് ബൽട്ട് ഇട്ടിരുന്നതാണു അയാളുടെ ജീവൻ രക്ഷിച്ചത്.
പിൻസീറ്റിൽ, ഹെൻട്രിക്കു പിന്നിലായിരുന്ന ദോദിയുടെ ശരീരം ഛിന്നഭിന്നമായിരുന്നു. തൽക്ഷണം മരിച്ചിരുന്നു. കാറിൽ നിന്നു കേട്ട ഞരക്കം ഡയാനയുടേതായിരുന്നു. തലക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റ അവർ രക്തത്തിൽ കുളിച്ചാണു കിടന്നിരുന്നത്. രാറ്റ് ഡയാനയുടെ പൾസ് നോക്കി. ജീവനുണ്ട്.. ഞരക്കത്തോടെ ആ മുഖം ഒന്നു ചലിച്ചു..
രാറ്റ് തിരിഞ്ഞു നോക്കുമ്പോൾ മറ്റു പാപ്പരാസികൾ ഫോട്ടോയെടുക്കുന്നു തിരക്കിലായിരുന്നു..
“ആരെങ്കിലും ആംബുലൻസ് വിളിയ്ക്കൂ..“ അയാൾ അലറി.
ഈ സമയം മറ്റൊരു കാർ അവിടെ വന്നു നിർത്തി. എമർജൻസി ഡോക്ടർ ഫ്രെഡറിക്ക് മെല്ലീസ് ആയിരുന്നു അത്. ജോലി ശേഷം തിരികെ പോകുന്ന വഴി ഒരു ആക്സിഡന്റ് കണ്ട് അവിടെ നിർത്തിയതാണു.ഓടിയെത്തിയ അദ്ദേഹം അപകടത്തിൽ പെട്ടവരെ പരിശോധിച്ചു. ഉടൻ തന്നെ സഹായത്തിനായി എമർജൻസി സർവീസിൽ വിവരമറിയിച്ചു.
മിനിട്ടുകൾക്കകം രണ്ടു പൊലീസ് ഓഫീസർമാർ അപകട സ്ഥലത്തെത്തി. അവരെത്തുമ്പോൾ കാണുന്നത് ചുറ്റും നിന്നു ഫോട്ടോയെടുത്തുകൊണ്ടിരിയ്ക്കുന്ന പാപ്പരാസിക്കൂട്ടത്തെയാണ്. അവർ നിയന്ത്രിയ്ക്കാൻ ശ്രമിച്ചെങ്കിലും പാപ്പരാസികൾ വഴങ്ങിയില്ല. തങ്ങൾ സ്വന്തംജോലിയാണു ചെയ്യുന്നതെന്നാണ് അവർ പറഞ്ഞത്. നിസ്സഹായരായ പൊലീസുകാർ കൂടുതൽ ഫോഴ്സ് എത്താൻ മെസേജയച്ചു.
ഏതാനും മിനിട്ടുകൾക്കുള്ളിൽ ഫയർ എഞ്ചിനും അംബുലൻസും കൂടുതൽ പൊലീസും എത്തി. എട്ടു പാപ്പരാസികളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേയ്ക്കയച്ചു.
അപകടം നടന്ന് ഒരു മണിക്കൂറോളം ഡയാന അവിടെ തന്നെ കിടന്നു. അവർക്ക് ഹൃദയാഘാതം ഉണ്ടായതിനാൽ അപ്പോൾ ആംബുലൻസിൽ കയറ്റാൻ പാടില്ലായിരുന്നത്രേ.
രാത്രി 1.25 ആയി ഡയാനയെ കയറ്റിയ ആംബുലൻസ് ആശുപത്രിയിലേയ്ക്കു നീങ്ങുമ്പോൾ. വളരെ സാവകാശമാണു അതു നീങ്ങിയത്. അടുത്തായി അഞ്ചോളം ആശുപത്രികൾ ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് സൗകര്യമില്ല എന്ന കാരണത്താൽ അരമണിക്കൂറോളം ഓടി പിറ്റീ സാല്പെട്രിയർ ഹോസ്പിലിലേയ്ക്കാണു പോയത്. ആശുപത്രിയിലെത്തുന്നതിനു മുൻപായി 10 മിനുട്ട് ഒരിടത്ത് നിർത്തിയിട്ട്, ഡയാനയ്ക്ക് അഡ്രിനാലിൻ ഇഞ്ചെക്ഷൻ നൽകി.
2.06 മണി ആയി ആശുപത്രിയിലെത്തുമ്പോൾ. അവിടെ വിദഗ്ധ ഡോക്ടർമാർ ആവരെ പരിശോധിച്ചു. ഡയാനയുടെ ഹൃദയധമനി തകർന്നിരുന്നു. രക്ഷപെടാനുള്ള സാധ്യത വിരളം.
വെളുപ്പിനെ 4.00 മണിയ്ക്ക് ഡയാന രാജകുമാരി മരണത്തെ പുൽകി.
ബ്രിട്ടനും, ലോകമെങ്ങും ഞെട്ടലോടെയാണു ആ മരണ വാർത്ത കേട്ടത്. ലോകമെങ്ങും പ്രശസ്തയായ്യിരുന്നു അവർ.
രാവിലെ 8.00മണിയ്ക്ക് ഹെൻട്രി പോളിന്റെ ബോഡി ഓട്ടോപ്സിയ്ക്കായി ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കോ ലീഗലിൽ എത്തിച്ചു. പ്രൊഫസർ ഡൊമിനിക് ലെക്കോംറ്റെയാണു പോസ്റ്റ് മോർട്ടംചെയ്തത്.
പിറ്റേന്ന്, സെപ്തംബർ 1നു രക്തപരിശോധന റിപ്പോർട്ട് ലഭ്യമായി. പോൾ അമിതമായി മദ്യപിച്ചിരുന്നു എന്ന് ആ ടെസ്റ്റുകൾ വെളിവാക്കി. വാഹനമോടിയ്ക്കാവുന്ന പരിധിയുടെ മൂന്നിരട്ടിയോളം അയാൾ അകത്താക്കിയിരുന്നു. അതിലുപരിയായി, അയാളുടെ രക്തത്തിൽ 20.7% കാർബൺ മോണോക്സൈഡിന്റെ അംശവും കണ്ടെത്തി. “പന്നി കുടിയ്ക്കുന്ന പോലെ“ മദ്യപിച്ചിരുന്നു അയാൾ എന്നാണു പത്രങ്ങൾ എഴുതിയത്.
ജഡ്ജിമാരായ ഹെർവെ സ്റ്റീഫൻ, മേരി ക്രിസ്റ്റീൻ ഡേവിഡൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ ഫ്രഞ്ച് സർക്കാർ നിയോഗിച്ചു. അവർ സംഭവസ്ഥലം പരിശോധിച്ചു. തുടർന്ന് അറസ്റ്റിലായ പാപ്പരാസികളെ ചോദ്യം ചെയ്തു.
പാപ്പരാസികളിൽ നിന്നു രക്ഷപെടാൻ അതിവേഗതയിലാണു പോൾ കാറോടിച്ചത്. അമിത മദ്യപാനം മൂലം അയാൾക്ക് നിയന്ത്രണം ലഭിച്ചില്ല. അങ്ങനെ കാർ കോൺക്രീറ്റ് തൂണിലിടിച്ച് തകരുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ അതായിരുന്നു.
സെപ്തംബർ 5 നു, മുഹമ്മദ് അൽ ഫയാദിന്റെ വക്താവ് മൈക്കിൾ കോൾ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി. ഹെൻട്രി പോൾ അമിതമായി മദ്യപിച്ചിരുന്നു എന്ന കണ്ടെത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞു. തെളിവായി, അപകടം നടന്ന ദിവസം ഹോട്ടലിലെ CCTV ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ കാണിച്ചു. അതിൽ ഹെൻട്രി പോൾ സാധാരണപോലെ തന്നെ പെരുമാറുന്നതാണു കണ്ടത്. മെഡിക്കൽ ടെസ്റ്റിൽ കണ്ടെത്തിയ പ്രകാരം മദ്യപിച്ചിരുന്നെങ്കിൽ ചലനങ്ങളിൽ അസ്വാഭാവികത ഉണ്ടായേനെ. തന്നെയുമല്ല, രക്തത്തിൽ 20% കാർബൺ മോണോക്സൈഡ് ഉണ്ടായാൽ അയാൾക്ക് നേരെ നിൽക്കാൻ പോലുമാവില്ല. പൊലീസിന്റെ നിഗമനങ്ങൾ അവിശ്വനീയമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അന്നേ ദിവസം തന്നെ “ദ ടൈംസ്“ പത്രത്തിൽ, അപകടം നടന്ന സമയം അതു വഴി കടന്നു പോയ ഒരു ഒരു ദൃക്സ്സാക്ഷിയുടെ മൊഴിയുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുണ്ട് താൻ ഒരു മിന്നൽ പ്രകാശം കണ്ടു എന്നായിരുന്നു അത്. ഈ രണ്ട് സംഭവങ്ങളും കൂടി ചേർന്നപ്പോൾ, ഡയാനയുടെ മരണത്തെ പറ്റി ചില സംശയങ്ങൾ ഉയർന്നു തുടങ്ങി.
അടുത്ത ദിവസം, എംബാം ചെയ്ത ഡയാനയുടെ ഭൗതികശരീരം ബ്രിട്ടനിലെത്തിച്ച് വെസ്റ്റ് മിനിസ്റ്റർ ആബിയിൽ സംസ്കരിച്ചു. ബ്രിട്ടൺ കണ്ടതിൽ വച്ചേറ്റവും വലിയ വിലാപയാത്രയായിരുന്നു ഡയാനയെ അനുഗമിച്ചത്. തെരുവുകളിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാർ പോലും പൊട്ടിക്കരഞ്ഞു. ഡയാനയുടെ ചിത്രങ്ങൾക്കു മുൻപിൽ പൂക്കളും മെഴുകുതിരി ദീപങ്ങളും അർപ്പിയ്ക്കപ്പെട്ടു. ജനങ്ങളുടെ ഹൃദയത്തിലെ രാജകുമാരിയായിരുന്നു അവർ.
സെപ്തംബർ 10 നു, ദോദിയുടെ പിതാവ് മുഹമ്മദ് അൽ ഫയാദ്, ഹെൻട്രിയുടെ രക്തപരിശോധന വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡയാനയോടൊപ്പം മരിച്ച തന്റെ മകനെ എല്ലാവരും അവഗണിയ്ക്കുകയാണെന്ന് അയാൾ ആവലാതിപ്പെട്ടു. വീണ്ടും ബ്ലഡ് ടെസ്റ്റ് നടത്താൻ ഫ്രഞ്ച് അധികൃതർ തീരുമാനിച്ചു. അന്വേഷണ മേധാവി സ്റ്റീഫന്റെ സാനിധ്യത്തിലായിരുന്നു പരിശോധന. കൂടാതെ പരിശോധന നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തുകയും ചെയ്തു.
പുതിയ പരിശോധനയിലും ഹെൻട്രി പോൾ അമിതമായി മദ്യപിച്ചിരുന്നു എന്നാണു കണ്ടത്. കൂടാതെ വിഷാദ രോഗത്തിനുള്ള ചില മരുന്നുകളുടെ അംശങ്ങളും രക്തത്തിൽ കണ്ടെത്തി. എന്നാൽ കാർബൺ മോണോക്സൈഡിന്റെ അളവ് 12.8% ആണെന്നാണു കണ്ടെത്തിയത്.
വിവാദങ്ങൾ തുടരവെ, സെപ്തംബർ 18 നു രണ്ട് ദൃക്സാക്ഷികൾ പൊലീസിനെ സമീപിച്ച് ചില മൊഴികൾ നൽകി. ജോർജസ്, സബിൻ എന്നിവരായിരുന്നു അത്. അപകടം കഴിഞ്ഞയുടനെ അവർ ടണലിന്റെ എതിർ ദിശയിൽ നിന്നും ഉള്ളിലേയ്ക്കു പ്രവേശിയ്ക്കുകയായിരുന്നു. ഒരു വെള്ള ഫിയറ്റ് ഊനോ കാർ ടണലിൽ നിന്നും തെന്നിത്തെറിച്ചു വരുന്നുണ്ടായിരുന്നൂ. അതു അവരുടെ കാറിൽ ഇടിയ്ക്കേണ്ടതായിരുന്നു, അതിനു മുൻപേ വെട്ടിച്ചതിനാലാണു രക്ഷപെട്ടത്. അതിന്റെ ബോഡി അല്പം ചളുങ്ങിയും ഉരഞ്ഞുമിരുന്നു. ഡ്രൈവർ റിയർ വ്യൂ മിറ റിലൂടെ പുറകിലുള്ള എന്തോ ശ്രദ്ധിയ്ക്കുന്നതു പോലെ തോന്നി. കാറിനു പിന്നിൽ ഒരു പട്ടിയുമുണ്ടായിരുന്നു. നമ്പർ ശരിയ്ക്കും ശ്രദ്ധിയ്ക്കാനായില്ല. എങ്കിലും ഒരൂഹമുണ്ട്.
അവർ പറഞ്ഞ നമ്പർ പ്ലേറ്റ് പ്രകാരം, പടിഞ്ഞാറൻ പാരീസിന്റെ പ്രാന്തത്തിലെവിടെയോ രജിസ്റ്റർ ചെയ്തതാവണം ആ കാർ. പൊലീസ് അതേപ്പറ്റി അന്വേഷണമാരംഭിച്ചു.
അപകടത്തിൽ പെട്ട മെർസിഡസ് കാർ പൊലീസ് ഫോറെൻസിക് ലാബിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ നടന്ന ടെസ്റ്റുകൾ പ്രകാരം, ഒരു വെള്ള ഫിയറ്റ് ഊനോ കാർ മെർസിഡസിൽ ഇടിയ്ക്കുകയോ ഉരയുകയോ ചെയ്തിട്ടുണ്ട്. 1983 നും 1987 നും ഇടയ്ക്ക് നിർമ്മിച്ച കാർ ആയിരിയ്ക്കണം അത്. ഊനോയൂടെ പെയിന്റിന്റെ അംശം മെർസിഡസിൽ ഉണ്ടായ്യിരുന്നു. അതിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. കൂടാതെ, അപകട സ്ഥലത്തു നിന്നുംകിട്ടിയ അവശിഷ്ടങ്ങളുടെ കൂട്ടത്തിൽ ഫിയറ്റ് ഊനോയുടെ ഒരു ടെയിൽ ലാമ്പുമുണ്ടായിരുന്നു.
അപകടത്തിൽ നിന്നും ജീവനോടെ രക്ഷപെട്ട ബോഡിഗാർഡ്, റീസ് ജോൺസ് ഒക്ടോബർ-3 നു ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കൂടുതൽ വിവരങ്ങൾ അറിയാനായി ഫ്രഞ്ച് പൊലീസ് അയാളുടെ മൊഴിയെടുത്തു. എന്നാൽ അപകടത്തെ തുടർന്നുള്ള ക്ഷതത്താൽ തനിയ്ക്ക് മറവി ബാധിച്ചതിനാൽ ഒരു കാര്യവും ഓർക്കാൻ കഴിയുന്നില്ലെന്ന് അയാൾ പറഞ്ഞു.
ലീ വാൻ താൻ എന്നൊരു വിയറ്റ്നമീസ് സെക്യൂരിറ്റി ഗാർഡിനെ ഫ്രഞ്ച് പൊലീസ് കണ്ടെത്തി. അയാൾക്ക് ഒരു വെള്ള ഫിയറ്റ് ഊനോയും കുറച്ച് പട്ടികളുമുണ്ടായിരുന്നു. മെർസിഡസിൽ നിന്നും കണ്ടെത്തിയ സാമ്പിളുകൾ അയാളുടെ കാറിനു യോജിയ്ക്കുന്നതുമായിരുന്നു. എന്നാൽ കൂടുതൽ പരിശോധനയിൽ ആ കാർ ഏതെങ്കിലും അപകടത്തിൽ പെട്ടതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. അയാളെ പൊലീസ് ഒഴിവാക്കി.
മകനെ നഷ്ടമായ, മുഹമ്മദ് അൽ ഫയദ് വെറുതെയിരിയ്ക്കാൻ ഒരുക്കമായിരുന്നില്ല. തന്റെ മകനും ഡയാനയും വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്നും, അതിനായുള്ള എൻഗേജ്മെന്റ് മോതിരം അവർ വാങ്ങിയിരുന്നുവെന്നും അയാൾ പറഞ്ഞു. ഒരു അറബ് മുസ്ലീമിനെ ഡയാന വിവാഹം ചെയ്യുന്നതിനോട് എതിർപ്പുള്ളവരാണ് ഈ അപകടത്തിനു പിന്നിൽ. അയാൾ ഉറപ്പിച്ചു പറഞ്ഞു. ഇത് യാദൃശ്ചികമായുണ്ടായ ഒരു അപകടമല്ല, കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്. ഇതിനുള്ള തെളിവുകൾ ശേഖരിയ്ക്കാൻ താൻ ചില സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ചതായി അൽ ഫയാദ് പ്രഖ്യാപിച്ചു.
1998 ഫെബ്രുവരിയിൽ, ഫയാദിന്റെ ഡിറ്റക്ടീവുകൾ ആ അജ്ഞാത ഫിയറ്റ് ഊനോ കണ്ടെത്തി. പാപ്പരാസി ഫോട്ടോഗ്രാഫർ ജെയിംസ് അൻഡാൻസന്റെ കാർ ആയിരുന്നു അത്. എന്തായാലും ഫ്രഞ്ച് പോലീസ് ആ വഴിയ്ക്ക് കൂടുതൽ അന്വേഷണം കൊണ്ടു പോയില്ല.
അൽ ഫയാദിന്റെ വക്താവ് മൈക്കൽ കോൾ, ബോഡി ഗാർഡുകളായിരുന്ന റീസ് ജോൺസൺ, വിങ് ഫീൽഡ് എന്നിവർ ഓരോരുത്തരായി തങ്ങളുടെ ജോലികൾ രാജിവെച്ചു. ബ്രിട്ടീഷുകാരായിരൂന്നു മൂവരും.
മാധ്യമങ്ങളിൽ വിവാദങ്ങൾ കത്തിപ്പടർന്നുകൊണ്ടിരുന്നു. മരണപ്പെട്ടിട്ടും ഡയാനയും അവരുടെ സ്വകാര്യ വിഷയങ്ങളും നിരന്തരം ചർച്ചയാകുന്നതിൽ ബ്രിട്ടീഷ് രാജകുടുംബം ഖിന്നരായിരുന്നു. തങ്ങളുടെ അമ്മയെ വെറുതെ വിടണമെന്ന് മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും മാദ്ധ്യമങ്ങളോടും മുഹമ്മദ് അൽ ഫയാദിനോടും അപേക്ഷിച്ചു. അതോടെ, ഫയാദ് തന്റെ അന്വേഷണങ്ങൾ അവസാനിപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചു.
1999 ഫെബ്രുവരി 19 നു, ഫ്രഞ്ച് അന്വേഷണ ടീം തലവൻ സ്റ്റീഫൻ, 6800 പേജുള്ള തന്റെ റിപ്പോർട്ട് പ്രോസിക്യൂട്ടർ മൗദ് കൊയാർഡിനു സമർപ്പിച്ചു. സ്റ്റീഫന്റെ അന്വേഷണം സത്യസന്ധമല്ല എന്നൊരു പരാതി അൽ ഫയാദ് കോടതിയിൽ സമർപ്പിച്ചെങ്കിലും തള്ളിക്കളയപ്പെട്ടു.
1999 സെപ്തംബറിൽ സ്റ്റീഫന്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടു. ഹെൻട്രി പോൾ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതു കൊണ്ടുണ്ടായ അപകടമാണിതെന്നായിരുന്നു രത്നച്ചുരുക്കം. ഹെൻട്രി പോളോ ഡയാനയോ ദോദിയോ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ബോഡി ഗാർഡ് റീസ് ജോൺസ് മാത്രമായിരുന്നു ബെൽറ്റ് ധരിച്ചിരുന്നത്. അതുകൊണ്ട് അയാൾ രക്ഷപെടുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പാപ്പരാസി ഫോട്ടോഗ്രാഫർമാർ അവരുടെ ജോലി ചെയ്യുക മാത്രമാണുണ്ടായത്. അവർ ഈ കേസിൽ കുറ്റക്കാരല്ല.
ഇതേ സമയം തന്നെ, ബ്രിട്ടനിലും സമാന്തരമായൊരു അന്വേഷണം നടക്കുന്നുണ്ടായിരുന്നു. റോയൽ കൊറോണർ ബെർഗസിന്റെ കോടതിയിലായിരുന്നു ആ കേസ് നടന്നു കൊണ്ടിരുന്നത്. അപകടത്തിൽ പെട്ട മെർസിഡസ് ലണ്ടനിലേയ്ക്ക് കൊണ്ടു വന്നു ഫോരെൻസിക് ടെസ്റ്റുകൾ നടത്തി.
ഫ്രഞ്ച് പൊലീസിന്റേതിനു സമാനമായ കണ്ടെത്തലൂകളാണു അവരും നടത്തിയത്.
മാധ്യമങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അന്വേഷണ സംഘത്തിനു കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു.
ഡയാനയുടെ ഡ്രൈവർ മദ്യപിച്ചിരുന്നോ?
രണ്ടു തവണ നടത്തിയ രക്തപരിശോധനയിലും ഡ്രൈവർ ഹെൻട്രി പോൾ അമിതമായി മദ്യപിച്ചതായാണു കണ്ടെത്തിയത്. കൂടാതെ ചില ആന്റി ഡിപ്രസന്റ് മരുന്നുകളും അയാൾ ഉപയോഗിച്ചിരുന്നു.
അമിതവേഗത്തിലായിരുന്നോ ഡ്രൈവർ കാർ ഓടിച്ചിരുന്നത്?
അപകടം നടന്ന ടണലിൽ ഫോരെൻസിക് വിദഗ്ധർ ലേസർ ടെസ്റ്റുകൾ നടത്തിയിരുന്നു. റോഡിലുണ്ടായ സ്കിഡ് മാർക്കുകൾ അനലൈസ് ചെയ്ത് അവർ കാറിന്റെ വേഗത കണ്ടെത്തി. 120 മൈൽ വേഗത്തിലാണു അതു പാഞ്ഞിരുന്നത്. തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ഊനോ കാറിനെ വെട്ടിയ്ക്കാനുള്ള ശ്രമത്തിൽ ഹെൻട്രി പോളിനു നിയന്ത്രണം നഷ്ടമായി. ഊനോയിലുരസിയ മെർസിഡസ് 13 നമ്പർ കോൺക്രീറ്റ് തൂണിൽ ഇടിച്ചു തകർന്നു. സീറ്റ് ബെൽറ്റ് ധരിയ്ക്കാതിരുന്ന ഡയാനയും ദോദിയും ഡ്രൈവറും മരണപ്പെടുകയും ചെയ്തു.
ടണലിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നിലും ഈ അപകട ദൃശ്യം പതിഞ്ഞിട്ടില്ല. എന്തു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പാരീസ് ട്രാഫിക് അധികൃതർക്കു മാത്രമേ അറിയൂ.
എന്തുകൊണ്ടാണുഡയാനയെ ആശുപത്രിയിലെത്തിയ്ക്കാൻ ഏറെ വൈകിയത്? എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവർ രക്ഷപെടില്ലായിരുന്നോ?
അപകട ശേഷം ഡയാനയുടെ നില വളരെ ഗുരുതരമായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനാൽ കിടക്കുന്ന നിലയിൽ നിന്നും എടുക്കാനാവുമായിരുന്നില്ല. മരുന്നുകൾ നൽകി ഹൃദയാഘാതത്തെ നിയന്ത്രിച്ച ശേഷം മാത്രമാണു അവരെ ആംബുലൻസിൽ കയറ്റിയത്. ആ അവസ്ഥയിൽ അതിവേഗം പോകാൻ കഴിയില്ലായിരുന്നു. ഏതു സമയവും വീണ്ടും ഹൃദയാഘാതം സംഭവിക്കാം. പോകുന്ന വഴിയിൽ പല ആശുപത്രികളും ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും ഹൃദയചികിൽസ ലഭ്യമായിരുന്നില്ല. പതിനഞ്ചു കിലോമീറ്റർ അകലെയുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിൽ മാത്രമാണു അതിനുള്ള സൗകര്യമുണ്ടായിരുന്നത്.
ബ്രിട്ടനിലെ കേസ് വിചാരണ നീണ്ടു പോയി. 2008 ഏപ്രിൽ മാസത്തിൽ അന്തിമ വിധി പുറത്തു വന്നു. ഡ്രൈവറുടെ പിഴവു കൊണ്ടുണ്ടായ UNLAWFULL KILLING ആണു ഡയാനയുടെയും ദോദിയുടെയും കാര്യത്തിൽ സംഭവിച്ചതെന്നായിരുന്നു വിധി.
Image may contain: 1 person, smiling, closeup