മുന്നറിയിപ്പ്: ഈ ലേഖനം നിങ്ങളില്‍ പലര്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതും, അവഹേളനപരമായി തോന്നുന്നതും, വികാരങ്ങളെ വ്രണപ്പെടുത്തുന്നതായും ഒക്കെയായി പര്യവസാനിക്കാന്‍ സാധ്യതതുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു മുന്നറിയിപ്പ് ആദ്യമേ നല്കിക്കൊള്ളട്ടെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളുടേതായ ദൈവത്തിലും മതത്തിലും വിശ്വസിക്കാന്‍ അവകാശമുണ്ട്, അതുപോലെ അത് പ്രചരിപ്പിക്കാനും; അതുപോലെ തന്നെയാണ് എല്ലാവര്‍ക്കും എന്ന് അംഗീകരിക്കുക, മനസ്സിലാക്കുക. ഈ ലേഖനത്തില്‍ ഞാന്‍ എനിക്ക് ലോജിക്കലായി തോന്നിയ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആരുടേയും ഒന്നിനേയും വ്രണപ്പെടുത്താനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാലാണ് ഈ മുന്നറിയിപ്പ്. നിങ്ങളുടെ വിശ്വാസം എളുപ്പം വ്രണപ്പെടുന്ന ഒന്നാണ് എന്ന് നിങ്ങള്‍ക്ക് സ്വയം തോന്നുന്നുണ്ടെകില്‍ നിങ്ങള്‍ക്കിത് വായിക്കാതെ പോകാം. വായിക്കാതെ പോകുന്നവര്‍ക്കുള്ള നന്ദിയും ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ.
---
മനുഷ്യനുണ്ടായ കാലം മുതല്‍ക്കുതന്നെ മനുഷ്യമനസ്സില്‍ ദൈവങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച് വന്നതല്ല എന്നും, വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ ഉണ്ടായതാണെന്നും നമ്മളിന്ന് മനസ്സിലാക്കുന്നു (പലരും മനസ്സിലാക്കുന്നില്ല എങ്കിലും). അപ്പോള്‍ “മനുഷ്യന്‍” എന്ന ഒരു ഫിക്സഡ് പോയിന്റ് ഇല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. ആദ്യ ജീവകണത്തില്‍ നിന്നും നമ്മള്‍ ഇന്നുകാണുന്ന ആധുനിക മനുഷ്യനായി രൂപാന്തരം സംഭാവിക്കുന്നതിനിടയില്‍ കയറിക്കൂടിയ ഒന്നാണ് അങ്ങനെയെങ്കില്‍ ദൈവവിശ്വാസം.
ഈ ലോകം പല സാമൂഹിക, ഭൂമിശാസ്ത്ര, അതിനുമപ്പുറത്തുള്ള ചില കാരണങ്ങളാല്‍ വിഭജിക്കപ്പെട്ട് കിടക്കുന്നു എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത്തരത്തില്‍ പലയിടത്തും മനുഷ്യന്‍ ജീവിക്കുന്നുണ്ട്, അവിടെ പല മതങ്ങളും, മത വിശ്വാസങ്ങളുമുണ്ട്. അവിടെ മനുഷ്യന്‍ മാത്രമല്ല, മറ്റുജീവികളും അവയുടെ ദൈവങ്ങളും ഉണ്ടാവാം. അതിരുകളില്ലാത്ത ഈ പ്രപഞ്ചത്തിലെ ചെറിയൊരു ഗ്രഹമായ ഭൂമിയിലെ, എട്ടിലൊരു വന്‍കരയില്‍, ഏതോ ഒരു രാജ്യത്ത് ഉത്ഭവിച്ച എന്റെ മതമാണ് സത്യമെന്നും, അതിലെ ദൈവമാണ് ഈ പ്രപഞ്ചം മുഴുവനും ഭരിക്കുന്നതെന്നും എങ്ങനെ ഒരാള്‍ക്ക് പറയാന്‍ കഴിയും?
ചിന്താശേഷിയില്‍ നിന്നാണ് മതവും, ദൈവവിശ്വാസവും ഉടലെടുക്കുന്നത് എന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍ മറ്റ് മൃഗങ്ങള്‍ക്കും അവരുടേതായ ചിന്താ ശേഷിയില്‍ ഉത്ഭവിക്കുന്ന ദൈവം ഉണ്ടാവണം. ഉദാഹരണത്തിന് ഒരുപക്ഷേ ഒരു നായ അവന്റെ ദൈവത്തെ കാണുന്നത് ഒരു പ്രത്യേക നിറമുള്ള, തലയില്‍ തൂവല്‍ വച്ച ഒരു നായായിട്ടാവും. അതുപോലെ ആനകള്‍ ആരാധിക്കുന്ന ഈശ്വരന് ആനയുടെ ശരീരവും, മനുഷ്യന്റെ തലയും ആയിക്കൂടേ? കുറുകേ വച്ച മരത്തടികളില്‍ തറയ്ക്കപ്പെട്ട് കിടക്കുന്ന ഒരു ഒന്തായിരിക്കും ഓന്തുകളുടെ ഈശ്വരന്‍. മനുഷ്യന്റെ പുറത്ത് കയറി വ്യാളിയെ കൊല്ലുന്ന കുതിര, കുതിരകളുടെ ദൈവവും, കാണാന്‍ പറ്റാത്ത ഒരാള്‍ ബാക്റ്റീരിയകളുടെ ഈശ്വരനും ആവാം. അങ്ങനെയെങ്കില്‍ പോലും നമുക്ക് അറിവുള്ളതും ഇല്ലാത്തതുമായ എല്ലാ മതങ്ങളെയും, എല്ലാ ദൈവങ്ങളെയും നമ്മള്‍ അംഗീകരിക്കേണ്ടിയും, ആരാധിക്കേണ്ടിയും വരും.
നമ്മുടെയിടയില്‍ നമ്മള്‍ കാണുന്ന വികസിത മതങ്ങളില്‍ വിശ്വസിക്കുന്ന പലരും പറയുന്ന ഒന്നാണ് എന്റെ ദൈവമാണ് യഥാര്‍ത്ഥ ദൈവം, ബാക്കിയൊക്കെ വെറും അന്ധവിശ്വാസമാണ്, എന്റെ മതത്തിന്റെ വഴിയേ വരൂ എന്ന്. അങ്ങനെയെങ്കില്‍ ഭൂമിയിലെ ആദ്യ ജീവകണം (ഏക കോശമുള്ള ജീവി) വിശ്വസിച്ചിരുന്ന മതം ഏതായിരിക്കും? ഈ പ്രപഞ്ചത്തിലെ ആദ്യ ജീവിയുടെ (ഭൂമിയിലല്ലാതെ ജീവനുള്ളതായി മനുഷ്യന്‍ കണ്ടുപിടിച്ചിട്ട് പോലുമില്ല) ദൈവം ആരായിരിക്കും? അവരുടെയൊക്കെ മതമെന്തായിരിക്കും? അവിടെയാണ് ദൈവം എന്ന വാക്കിന് പ്രസക്തി ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നത്. ദൈവം എന്നൊരു ശക്തിയുണ്ടെങ്കില്‍ ആ ശക്തി ഒരിക്കലും നിങ്ങളുടെ മത വിശ്വാസമോ ഭക്തിയോ ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ ആരാധിച്ചാലും ഇല്ലെങ്കിലും അത് അവിടെത്തന്നെ ഉണ്ടാവും.
ആരാധനയാണ് അടുത്ത വിഷയം. നമ്മള്‍ എന്തിന് ദൈവത്തെ ആരാധിക്കുന്നു? “നമുക്ക് വേണ്ടതൊക്കെ നടത്തിത്തരാന്‍ (ലൌകികവും, ആത്മീയവുമായി)” എന്നാവും പലരുടെയും ഉത്തരം. എങ്കില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ദൈവം നമുക്കായി ഒന്നും പ്രത്യേകമായി ഉണ്ടാക്കിയിട്ടില്ല, ഒന്നും നമുക്ക് മാത്രമായി തരുന്നുമില്ല. നമ്മള്‍ അര്‍ഹിക്കുന്നത് നമ്മളിലേക്ക് വന്നുചേരുകയാണ് ചെയ്യുന്നത്. ഇതിനെ “കര്‍മ്മഫലം” എന്ന് വിളിക്കാം. നിശ്ചലമായിരിക്കുന്ന ഒരു തടാകത്തില്‍ നാം കാലിട്ടിരിക്കുന്നു എന്ന് കരുതുക. നമ്മുടെ കാല്‍ മുഴുവനായി അനക്കിയാലോ, കാല്‍ വിരല്‍ മാത്രം അനക്കിയാലോ, നമ്മള്‍ മുഴുവനായി വെള്ളത്തില്‍ വീണാലോ തത്തുല്യമായ ഒരു അല (ripple / vibration) ഉണ്ടാകുന്നു. അലകളില്‍ ഉള്ളതും എനര്‍ജി തന്നെയാണ്, അതില്‍ നിന്നും വൈദ്യുതി എന്ന എനര്‍ജി വരെയുണ്ടാക്കാം എന്നതിനാലാണ് ഇത് ഉദാഹരണമായി എടുത്തത്. അതുപോലെയാണ് കര്‍മ്മവും. നമ്മള്‍ ചെയ്യുന്ന ഓരോ കാര്യവും തത്തുല്യമായ അലയായി (എനര്‍ജിയായി) പ്രപഞ്ചത്തിലേക്ക് ഗമിക്കുന്നു. ആ ഊര്‍ജ്ജ സരണികളെ പരമപ്രപഞ്ച ഊര്‍ജ്ജം പ്രതിധ്വനിപ്പിച്ച് നമ്മളിലേക്ക് തന്നെ തിരിച്ചുവിടുന്നു. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ആഗ്രഹങ്ങള്‍ നടത്തിക്കിട്ടാത്തത് ശ്രദ്ധിച്ചിട്ടില്ലേ? അതിന് കാരണം നിങ്ങളുടെ അര്‍ഹാതയില്ലായ്മ തന്നെയാണ്, അതുപോലെ തന്നെയാണ് പ്രാര്‍ഥിക്കാതെ കിട്ടുന്ന സൗഭാഗ്യങ്ങളും.
ആരാധനയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. നമുക്ക് കഴിയാത്ത കാര്യങ്ങള്‍ ചെയ്തുതരാന്‍ മറ്റൊരാള്‍ വേണം എന്ന മനുഷ്യചിന്തയാണ് അവിടെ വില്ലന്‍. നിങ്ങള്‍ ശ്രദ്ധിചിട്ടുണ്ടാകും ഒരു ദേശത്തെ മുഴുവന്‍ അടക്കിവാഴുന്ന വില്ലനെ തോല്‍പ്പിക്കാന്‍ ആ ദേശവാസികള്‍ക്ക് അവരെ രക്ഷിക്കാന്‍ ഒരു നായകന്‍റെ ആവശ്യമുണ്ട് എന്ന് കാണിക്കുന്ന സിനിമകള്‍ ഇതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ്. നൂറുകണക്കിന് ആളുകള്‍ ഉള്ള ദേശങ്ങളില്‍പ്പോലും ഒരൊറ്റ ഹീറോ എവിടുന്നോ വന്ന് അയാളുടെ കൈക്കരുത്തില്‍ ദേശത്തെ രക്ഷിക്കുന്ന ആക്ഷന്‍ ഹീറോ സിനിമകള്‍ ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ. എവിടെയെങ്കിലും ഒരു ജനവിഭാഗം കഷ്ടതയനുഭവിക്കുമ്പോള്‍ രക്ഷയ്ക് വരുന്നവനെ അവര്‍ ദൈവമായി കാണുന്നതും അതുകൊണ്ടാണ്. അമ്മാവനായ ദുഷ്ടനെ കൊന്നയാളും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി വാദിച്ച ദൈവപുത്രനായും, സാമൂഹ്യനന്മയ്ക്ക് വേണ്ടി ആശയങ്ങളുണ്ടാക്കിയ മനുഷ്യനും ഒക്കെ ദൈവതുല്യരായത് അവര്‍ ഈ പ്രപഞ്ചം ഭരിക്കുന്നത് കൊണ്ടല്ല, മറിച്ച് അവരെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനുവേണ്ടി അവര്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ടാണ്. ഇത്രയും പറഞ്ഞുവന്നതിന്റെ കാര്യം എന്താണെന്നുവച്ചാല്‍, നമ്മള്‍ പൊതുവേ സങ്കല്‍പ്പിക്കുന്ന ഈശ്വരന്‍ നമ്മുടെ രക്ഷകനാണ് എന്നത് നമ്മുടെ ഒരു ഒളിച്ചോടലിന്റെ ഭാഗമാണ് എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്. ഇനിയെങ്കിലും മനസ്സിലാക്കുക, ദൈവം എന്നത് നാം തന്നെയാണ്, ആരാധന എന്നത് കര്‍മ്മമാണ്, ഒപ്പം അനുഗ്രഹം എന്നത് കര്‍മ്മഫലവുമാണ്.
ചില സംവാദങ്ങളിലൂടെയും, സംസാരങ്ങളിലൂടെയും ഞങ്ങളുടെ ചെറിയ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞുവന്ന ചെറിയൊരു തിയറിയാണ് “ചപ്പാത്തി മാവും ദൈവവും”. അതിനായി കുറേ സമയം നീക്കിവച്ച ഒരു സുഹൃത്താണ് ഈ ഗ്രൂപ്പിലെ തന്നെ അംഗമായ Vedic Sadhana. ഈ തിയറി പറയുന്നതെന്തെന്നാല്‍ ദൈവം എന്ന ശക്തിയെ (എനര്‍ജി) ഒരു കിലോ ഗോതമ്പ് പൊടി കുഴച്ച ചപ്പാത്തിമാവായി സങ്കല്‍പ്പിക്കുക. ആ മാവില്‍ നിന്നും മൂന്നാല് ചെറിയ ഉരുളകള്‍ ചപ്പാത്തി ഉണ്ടാക്കാനായി ഉരുട്ടിമാറ്റുക; ഈ ചെറിയ ഉരുളകളാണ് നമ്മുടെ ഉള്ളിലെ ശക്തി (എനര്‍ജി) എന്നും സങ്കല്‍പ്പിക്കുക. അവിടെ എന്താണ് ഫലം? ആ ചെറിയ ഉരുളകള്‍ ആ വലിയ ഉരുളയുടെ എല്ലാ ഗുണങ്ങളോടും കൂടിയതായിരിക്കും. അതേസമയം അത് പലതായി നിലകൊള്ളുകയും ചെയ്യുന്നു.തിരികെ ഈ ചെറിയ ഉരുളകളെ വലിയ ഉരുളയുമായി കൂട്ടിച്ചേര്‍ക്കാനും കഴിയും. ഇതാണ് പ്രപഞ്ച സത്യമാവാന്‍ ലോജിക്കലായി ഏറ്റവും ശരിയായ വഴി എന്ന് എനിക്ക് തോന്നുന്നു. അതുവഴി നമ്മള്‍ മരിച്ചശേഷം നമ്മുടെ ശക്തി അങ്ങനെതന്നെ പ്രപഞ്ചശക്തിയോട് യോജിക്കുന്നു.
അവിടെയാണ് ദൈവം എന്നതിന്റെ നിര്‍വ്വചനം തന്നെ മാറുന്നത്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് ഒരു എനര്‍ജിയുടെ (ശക്തി) സാന്നിധ്യത്തില്‍ തന്നെയായിരിക്കാം. ആ എനര്‍ജി തന്നെയായിക്കോട്ടെ സൂര്യന് ചൂടും, തേങ്ങയ്ക്ക് വെള്ളവും കൊടുക്കുന്നത്. പക്ഷേ ആ എനര്‍ജിക്ക് ഒരു രൂപമോ, നിറമോ, ഭാരമോ ഒന്നുമില്ല. ഫിസിക്സ് പരമായി നോക്കിയാല്‍ മാസിനെ എനര്‍ജിയാക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ എനര്‍ജിയെ മാസാക്കാനും കഴിയുമായിരിക്കും. അങ്ങനെ നോക്കുമ്പോള്‍ത്തന്നെ നമുക്കൊരൊരുത്തര്‍ക്കും ഓരോ രൂപത്തില്‍, ഓരോ ഭാവത്തില്‍ ആ എനര്‍ജിയെ കാണാന്‍/സങ്കല്‍പ്പിക്കാന്‍ കഴിയും. ഒരു കൂട്ടം ആളുകള്‍ ഞങ്ങള്‍ പറയുന്ന നിറത്തില്‍, രൂപത്തില്‍, ഭാവത്തില്‍ നിങ്ങള്‍ ആ ശക്തിയെ കാണണം എന്ന് ആക്രോശിക്കുമ്പോഴാണ് കാര്യങ്ങള്‍ തകിടംമറിയുന്നത്. നിങ്ങള്‍ നിങ്ങളുടേതായ രൂപത്തിലും ഭാവത്തിലും നിറത്തിലുമൊക്കെ ദൈവത്തെ കണ്ടോളൂ, പക്ഷേ അത് മാത്രമാണ് ദൈവം എന്ന് ആരോടും പറയരുത്, കാരണം നിന്റെ ദൈവമായിരിക്കില്ല അവന്റെ ദൈവം. ഏറ്റവും സംക്ഷിപ്തമായി പറഞ്ഞാല്‍ നീയാണ് നിന്റെ ദൈവം. മുകളില്‍ പറഞ്ഞിരുന്ന ഒരുകാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചോട്ടേ; ദൈവം എന്നത് നാം തന്നെയാണ്, ആരാധന എന്നത് കര്‍മ്മമാണ്, ഒപ്പം അനുഗ്രഹം എന്നത് കര്‍മ്മഫലവുമാണ്.
എന്ന്, ഒരു ദൈവം