അതായത് ഈ ഹിന്ദി ഭാഷയില്‍,ഞാന്‍ ആദ്യമായി 'ബിജലി' എന്ന് കേട്ടപ്പോ,അത് വൈദ്യുതി ആണെന്നും നമ്മുടെ നാട്ടിലുള്ള ബിജലി പടക്കവുമായി അതിനു യാതൊരു ബന്ധവുമില്ലന്നും ഞാന്‍ കുറച്ചു വൈകിയാണ് മനസ്സിലാക്കിയത്. ഞാന്‍ ഇന്ന് ഇവിടെ എഴുതിയിരിക്കുന്നത് ഗ്രീക്ക് മിത്തോലജിയിലെ ഒരു കഥയാണ്. ഇതൊരു നടന്ന സംഭവമല്ല, പക്ഷെ ഇത് ഒരുപാട് നാടക വേദികള്‍ കണ്ട കഥയാണ്. ഈ കഥയ്ക്ക് സൈക്കോളജി യിലെ ഒരു അസുഖവുമായി യും ബന്ധമുണ്ട്. നേര്‍ വരയില്‍ പറയേണ്ട കഥയെ ഞാന്‍ വളച്ചൊടിച്ച് , എഴുതി ചളമാക്കിയോ എന്നൊരു സംശയം ഇല്ലാതില്ല. എന്തായാലും നമുക്ക് നോക്കാം. അപ്പൊ ഞാന്‍ പറഞ്ഞു വന്നത് – നമ്മുടെ രാഷ്ട്രത്തിന്‍റെ അകത്തുള്ള ഒരു ഭാഷയേ എനിക്ക് നേരെ ചൊവ്വേ അറയില്ല,ഗ്രീക്ക് ഭാഷയില്‍ ഇത് അതല്ലേ..അത് ഇതല്ലേ..എന്ന കോനാണ്ടര്‍ ചോദ്യങ്ങള്‍ ചോദിച്ച് എന്നെ വണ്ടര്‍ അടിപ്പിക്കരുതേ എന്ന് ഞാന്‍ ആദ്യമേ അപേക്ഷിക്കുന്നു. !!
ഇനി തന്‍റെ നാട്ടിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നുറപ്പിച്ച് ഈഡിപ്പസ് ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. മൂന്ന് വഴികള്‍ ചേരുന്ന ഒരു സ്ഥലത്ത് എത്തിയപ്പോ (മൂന്ന് മുക്ക്), വഴി മാറാതെ നടക്കുന്നോടാ?! എന്നാരോപിച്ച് , പുറകില്‍ കൂടി വന്ന ഒരു മധ്യ വയസ്കനും അയാളുടെ നാല് സേവകരും ഈഡിപ്പസ്സിനെ കളിയാക്കാനും ഉപദ്രവിക്കാനും തുടങ്ങി. എത്ര നേരമെന്നു വച്ചാ സഹിക്കുക? അവസാനം വഴക്കായി... അടിയായി..പിന്നീട് അത് കൊല വരെയെത്തി. ദേഷ്യം മൂത്ത ഈഡിപ്പസ് ആ മധ്യ വയസ്കനെയും മൂന്ന് പേരെയും അങ്ങ് തട്ടി. അപ്പൊ നാലാമന്‍ എന്ത്യേ എന്ന് ചോദിക്കും.വളരെ നല്ല ചോദ്യം.! കൂടെ നിന്ന് കുറച്ചു പൊരുതി നോക്കിയെങ്കിലും, കാര്യങ്ങള്‍ ചക്കക്കൂട്ടാന്‍ പോലെ കുഴയണ കണ്ടപ്പോ,നാലാമന്‍ നൈസ് ആയിട്ടങ്ങ് വലിഞ്ഞു, ഒരു പാറയുടെ പുറകില്‍ പോയി ഒളിച്ചു. ഇയാളെ ഒന്ന് ഓര്‍ത്തു വച്ചോ...ഹയ് കഴിഞ്ഞ വട്ടം പറഞ്ഞത് പോലല്ല..ശരിക്കും ഒന്നോര്‍ത്ത് വച്ചോ..ആവശ്യം വരും.!
ഈഡിപ്പസ്സിനു ഒരു കൊലയാളി ആകേണ്ടി വന്നതില് വല്യ കുറ്റബോധം ഒന്നും തോന്നിയില്ല..കാരണം അന്നൊക്കെ “ചേട്ടാ അഞ്ഞൂറിന് ചേഞ്ച് ഉണ്ടോ”. ‘ഇല്ല മോനെ’ എന്നാരെങ്കിലും പറഞ്ഞാല്‍ അപ്പൊ കത്തി എടുത്ത് കുത്തുന്ന നാളുകളായിരുന്നു. രണ്ടു മൂന്നു സ്ഥലങ്ങളിലൊക്കെ തങ്ങാന്‍ ശ്രമിച്ചെങ്കിലും ഒന്നും അങ്ങോട്ട് നടപടി ആയില്ല. ഒടുവില്‍ മാസങ്ങള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഈഡിപ്പസ് തീബ്സ് നഗരത്തിലെത്തി. ഈ പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട – എന്ന അവസ്ഥയായിരുന്നു അപ്പൊ അവിടെ. നഗര വാതില്‍ക്കല്‍ 'സ്പിങ്ക്സ്' എന്നൊരു രാക്ഷസി. ആകെ ബഹളം.രാക്ഷസി എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല. അതായത് പരുന്തിന്‍റെ ചിറകുകളും, ചിങ്കത്തിന്റെ ഉടലും സ്ത്രീയുടെ തലയും. മൊത്തത്തില്‍ ഒന്ന് അടിമുടി നോക്കിയാല്‍ - ഒരു വൃത്തികെട്ട രൂപം. അത് വഴി കടന്നു പോകുന്ന ആള്‍ക്കാരുടെ അടുത്ത് ,ഈ സാധനം ഓരോ ഉടായിപ്പ് ചോദ്യങ്ങള്‍ ചോദിക്കും. ശരിയുത്തരം പറഞ്ഞില്ലെങ്കില്‍ അപ്പൊ തട്ടി കറി വച്ച് കഴിക്കും. ഹോ ശോകം..!! നുമ്മ നായകന് നല്ല ഭാഗ്യമുള്ളതു കൊണ്ട് വഴി തെറ്റാതെ കറക്റ്റ് ആയി ആ സാധനത്തിന്റെ മുന്‍പില്‍ തന്നെ എത്തിപ്പെട്ടു. അങ്ങനെ പരുപാടി തുടങ്ങി.
ദേ പോയി ദാ വന്നു.
‘ഉത്തരം പറഞ്ഞില്ലെങ്കില്‍ അമ്മയാണെ നിന്നെ ഞാൻ തിന്നുവേ' - പരുപടിയിലേക്ക് എല്ലാര്‍ക്കും സ്വാഗതം. ഇന്ന് നമ്മുടെ മുന്‍പില്‍ ഇരിക്കുന്നത്,എവിടുന്നോ വലിഞ്ഞു കയറി വന്ന ഈഡിപ്പസ് എന്ന ചെരുപ്പകാരനാന്നു. അപ്പൊ ചോദ്യത്തിലേക്ക്.
ചോ: ഏതു ജീവിയാണ് രാവിലെ 4 കാലിലും..ഉച്ചക്ക് 2 കാലിലും വൈകിട്ട് 3 കാലിലും നടക്കുന്നത്?
ഉ: മനുഷ്യനല്ലേ? കുട്ടി ആയിരിക്കുമ്പോ കൈകാലുകള്‍ ഉപയോഗിച്ച് ഇഴയുന്നു, വലുതാകുമ്പോ 2 കാലില്‍ നടക്കുന്നു,വയസാകുമ്പോ ഊന്നുവടിയും ചേര്‍ത്ത് 3 കാലുകളില്‍ നടക്കുന്നു..എന്താ..അല്ലെ?
സ്പിങ്ക്സ് ആകെ അങ്കോഷി ആയിപ്പോയി. അതെ ഉത്തരം ശരിയായിരുന്നു. ഈഡിപ്പസ്സിനെ ദയനീയമായി ഒന്ന് നോക്കിയതിനു ശേഷം,ആ സാധനം കടലിലേക്ക് എടുത്തു ചാടി. എന്തിനാ ചാടിയത് എന്ന് ചോദിച്ചാല്‍....ആ എനിക്കറിയില്ല പക്ഷെ ചാടി.
പിന്നീടങ്ങോട്ട് ഈഡിപ്പസ്സിന്റെ ശുക്രന്‍ അങ്ങ് തെളിഞ്ഞില്ലേ.അവരുടെ നാടിന്‍റെ രക്ഷകനായിട്ട് നാട്ടുകാര്‍ ഈഡിപ്പസസിനെ കണ്ടു. ലിയോസ് എന്ന അവരുടെ രാജാവ് കൊള്ളക്കാരുടെ ആക്രമണത്തില്‍ മരിച്ചിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഈഡിപ്പസ്സിനെ പിടിച്ചങ്ങ് രാജാവാക്കി. ലിയോസിന്റെ ഭാര്യ – ജൊക്കാസ്ട രാജ്ഞിയെ പിടിച്ചു ഓന്റെ തലയിലും വച്ച് കൊടുത്തു. അങ്ങനെ വല്യ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ കാലം മുന്നോട്ടു പോയി.
കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം....
ഒരു വല്യ പകര്‍ച്ചവ്യാധി തീബ്സ് രാജ്യത്തെ അങ്ങ് വിഴുങ്ങി. എന്തൊക്കെ ചെയ്തിട്ടും ജനങ്ങള്‍ ഇങ്ങനെ വെറുതെ ഫ്രൈയ്മില്‍ കേറി കൊണ്ടിരുന്നു. ഇതിന്‍റെ കാരണവും പ്രതിവിധിയും അറിയാന്‍ വേണ്ടി, ഈഡിപ്പസ് തന്‍റെ ഭാര്യാ സഹോദരനായ (അളിയന്‍..ആയിനാണ്..!) ക്രിയോനിനോട് “ഒറാക്കിള്‍ ഓഫ് ടെല്‍ഫി’യുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഈ ഒറാക്കിള്‍ എന്ന് പറയുമ്പോ മന്ത്രവാദിനിയോ.. ജ്യോതിഷിയോ.. വെളിച്ചപ്പാടോ..അങ്ങനെയെന്തോ ആണ്. തല്‍കാലം നമുക്ക് അവരെ ‘ശാന്തി...എടി ശാന്തിയേ’ എന്ന് വിളിക്കാം. കഴിവും കാര്യവിവരവുമുള്ള ഒരു സ്ത്രീ തന്നെയായിരുന്നു അവര്‍. കാര്യങ്ങളൊക്കെ മനസ്സിലാക്കി ക്രിയോന്‍ തിരിച്ചെത്തി. അതായതു ലിയോസ് രാജാവിന്‍റെ കൊലയാളി തീബ്സില്‍ തന്നെയുണ്ടെന്നും, അയാളെ കണ്ടുപിടിച്ച് ശിക്ഷിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും കുഴയും എന്നോര്‍മിപ്പിച്ചു. ഈഡിപ്പസ് ഭാര്യയെ വിളിച്ചു ലിയോസ് രാജാവിന്‍റെ മരണത്തെ കുറിച്ച് ചോദിച്ചു.
മൂന്ന് വഴികള്‍ ചേരുന്ന ഒരു സ്ഥലത്ത് വച്ചാണ് ലിയോസ് രാജാവിനെ കൊള്ളക്കാര്‍ ആക്രമിച്ചു കൊന്നത്. അവിടെ നിന്നും രക്ഷപ്പെട്ട ഒരു സേവകന്‍ തീബ്സില്‍ ചെന്ന് പറയുകയായിരുന്നു. ആ സംഭവം കഴിഞ്ഞ് ജോലി ഉപേക്ഷിച്ച് പോയ ആ സേവകനെ കണ്ടെത്തി കൊണ്ട് വരാന്‍ ഈഡിപ്പസ് ആളിനെ അയച്ചു. ഇതിനിടെക്ക് എവിടുന്നോ കേറി വന്ന അന്ധനായ ഒരു പുരോഹിതന്‍ , ഈഡിപ്പസ് ആണ് രാജാവിനെ കൊന്നത് എന്ന് പുള്ളിയുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അധികാരത്തിനു വേണ്ടി അളിയന്‍ ഒപ്പിച്ച പണിയാണ് എന്നുറപ്പിച്ച ഈഡിപ്പസ് ക്രിയോനെ ഓടിച്ചിട്ട് തല്ലാന്‍ തുടങ്ങി. സഹോദരനെ എടുത്തിട്ടു ഇടിക്കുന്നത് കണ്ട ജൊക്കോസ്ട രാജ്ഞി ഇടെക്കു കയറി വന്നിട്ട് പറഞ്ഞു – ‘ആ അന്ധനെ വിശ്വസിക്കേണ്ട കാര്യമില്ല ,പണ്ട് ഇതുപോലെ ലിയോസ് രാജാവിനും തനിക്കും ഉണ്ടാകുന്ന കുട്ടി രാജാവിനെ കൊല്ലും എന്ന് ഒരു ശാന്തി പറഞ്ഞിരുന്നു. എന്നിട്ട് എന്തുണ്ടായി? കൊള്ളക്കാരാണ് രാജാവിനെ വധിച്ചത്.!!’
ആ സമയത്ത് തന്നെ ലിയോസ് രാജാവിന്‍റെ കൊലയുടെ ദൃക്സാക്ഷിയായ ആ സേവകനും അവിടെയെത്തി. ഒന്ന് രണ്ടു ചോദ്യങ്ങള്‍ (ചിലപ്പോ മൂന്ന് നാല് ഇടിയും കൊടുത്തിട്ടുണ്ടാകും) ചോദിച്ചപ്പോ,ഉള്ള കാര്യം പുള്ളി തന്നെയങ്ങ് തുറന്നു പറഞ്ഞു. അന്ന് ലിയോസിനെ ആക്രമിച്ചതും കൊന്നതും കൊള്ളക്കാരായിരുന്നില്ല , ഇവിടെ വന്ന് കള്ളം പറഞ്ഞതാണെന്ന് പുള്ളി അങ്ങ് സമ്മതിച്ചു. അദ്ധേഹത്തെ കൊന്നത് ഈ നില്‍കുന്ന ഈഡിപ്പസ് ആണ്.. ദോ ഇതാണ് ലവന്‍..ഹാ..മറ്റേ പാറയുടെ പുറകില്‍ പോയി ഒളിച്ചില്ലേ..അയാള്‍ തന്നെ.!
ഈഡിപ്പസ് തല കറങ്ങുന്നുണ്ടോ?കറങ്ങും..കറങ്ങണമല്ലോ..!ശരിക്കും ഒന്ന് ഞെട്ടിയെങ്കിലും ,കാര്യങ്ങള്‍ ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല. ഒന്ന് രണ്ടു ദിവസത്തെ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവില്‍ ഈഡിപ്പസ് അത് മനസ്സിലാക്കി. – താനാണ് ലിയോസ് രാജവിന്റെയും ജൊക്കാസ്ട രാജ്ഞിയുടെയും മകനാണ് എന്ന സത്യം. അശ്ശെ..സ്വന്തം അമ്മയെ തന്നെ വിവാഹം കഴിക്കേണ്ടി വരുക. അതും വിവാഹം മാത്രോ,ചറ പറാന്നു നാല് പിള്ളേരും. 2 ആണ്മക്കളും 2 പെണ്മക്കളും. ഹൊ എന്താ ഒരവസ്ഥ..ഇല്ലേ.! രാവിലെ എഴുന്നേറ്റു ഒരു ചായ വേണമെങ്കില്‍ ഇനിയങ്ങോട്ട് എങ്ങനെ ചോദിക്കാനാണ്? ‘ പ്രിയതമേ..പോകൂ..പോയി ഒരു ചായ കൊണ്ട് വരൂ” എന്ന് ചോദിക്കണോ അതോ.. “മമ്മി..ഒരു ചായ തരുവോ?’എന്ന് ചോദിക്കണോ?!
ഈ സത്യങ്ങളൊക്കെ മനസ്സിലായപ്പോ ജൊക്കാസ്ട പോയി അങ്ങ് ആത്മഹത്യ ചെയ്തു. സ്വന്തം വിധിയെ പഴിചാരി, ഈഡിപ്പസ് തന്‍റെ കണ്ണുകള്‍ കുത്തി പൊട്ടിച്ചു. പകരച്ചവ്യാധിയില്‍ നിന്നും നാടിനെ രക്ഷിക്കാന്‍, ഈഡിപ്പസ് തന്‍റെ ആണ്മക്കള്‍ക്ക് ഭരണം വിട്ടു കൊടുത്തിട്ട് പെണ്മക്കളെയും കൂട്ടി രാജ്യം വിട്ട് ഏതോ മല മുകളിലേക്ക് പോയി. അധികാര മോഹികളായി വളര്‍ന്ന ആണ്മക്കള്‍ പരസ്പരം അടി കൂടി മരിച്ചു. രണ്ട് പെണ്‍മക്കളെയും ആരോ കൊല ചെയ്തു.(പീഡിപ്പിച്ചു കൊന്നതാകും..അല്ല സാധാരണ അങ്ങനെയാണല്ലോ) എന്തോ ഒച്ച കേട്ട് പുറത്തിറങ്ങിയ ഈഡിപ്പസ്, ഇടിമിന്നലേറ്റ് സ്പോട്ടില്‍ തീര്‍ന്നു.
ഇതാണ് ഈഡിപ്പസ്സിന്റെ കഥ. ആകെ മൊത്തം ശോകമായിപ്പോയി ഇല്ലേ..!
ഒന്നും അങ്ങോട്ട് നേരെ മനസ്സിലായി കാണാന്‍ വഴിയില്ലല്ലോ..? നമുക്ക് കുറച്ചു കാലം പുറകോട്ട് പോകാം..
വര്‍ഷങ്ങള്‍ക്കു മുന്‍പ്..
അതെ..അത്രയ്ക്ക് അങ്ങോട്ട് പോകണ്ടാ..അന്ന് ഭൂമി ഉണ്ടായിട്ടില്ല. ഈഡിപ്പസ് മരിക്കുന്നതിനും ഒരു പത്തു നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ പോയാല്‍ മതി..
തീബ്സിലെ രാജാവായിരുന്ന ലിയോസും ജൊക്കാസ്ട രഞ്ജിയും ആവുന്ന പണി മൊത്തം പയറ്റിയിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ഇതിനൊരു പരിഹാരം കാണാന്‍ വേണ്ടി രാജാവ് നമ്മുടെ പഴയ ശാന്തിയുടെ അടുത്തെത്തി.
ശാ : എനിക്കൊരു നല്ല കാര്യവും ചീത്ത കാര്യവും പറയാനുണ്ട്. നല്ല കാര്യം എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കും.
രാജ: വാവ്..സൂപ്പര്‍. കുപ്പി പോട്ടിക്കട്ടാ?
ശാ: പോഉവ്വാ..ബാക്കി പറയട്ടെ. ഈ മകന്‍ രാജാവിനെ കൊന്നിട്ട് രാജ്ഞിയെ വിവാഹം കഴിക്കും.
രാജ: എന്താണെന്ന്?
ശാ: ഡോ തന്നെ തട്ടി,തന്‍റെ ഓളെ കെട്ടുമെന്ന്.!
അതായതു കുട്ടിയായാല്‍ ഇങ്ങേരു പെട്ടിയില്‍ ആകുമെന്ന് സാരം. ഇത് കേട്ട് ഞെട്ടിയ രാജാവ്. കുട്ടി വേണ്ടായേ എന്നും പറഞ്ഞ് തിരിച്ച് വീടെത്തി.
പക്ഷെ..കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ.
രാജ്ഞി : അതേ രാജാവേ..എനിക്കൊരു കാര്യം പറയാനുണ്ട്.
രാജാവ്: എന്താ..പറയൂ.
രാജ്ഞി : ശ്ശൊ എനിക്ക് നാണം വരുന്നു. രാജാവ് പറയൂ..നോക്കട്ടെ.
രാജാവ്: കിട്ടിപ്പോയി..എന്നോടാ കളി..!!ഇന്ന് ചപ്പാത്തിക്കൊപ്പം ചിക്കന്‍ മാന്ജൂരിയനാ?
രാജ്ഞി : പോ അവിടുന്ന്. ഈ രാജാവിന് ഇപ്പോഴും തീറ്റിയുടെയും ‘ചായ കുടിക്കലിന്റെയും’ ഒറ്റ വിചാരം മാത്രമേയുള്ളൂ. അതേ..റേഷന്‍ കാര്‍ഡില്‍ പുതിയ പേര് ചേര്‍ക്കാറായി കേട്ടോ..
രാജാവ്: ഹൈ...അടിപൊ.... ങേ..എന്താണെന്ന്?
രാജ്ഞി : താങ്കള്‍ ഒരു അച്ഛനാകാന്‍ പോകുന്നു എന്ന്..
പടച്ചോനെ..കുടുങ്ങിയാ?!!
പിന്നെ കാര്യങ്ങള്‍ ശട പടെ ശട പടെ എന്നായിരുന്നു. ഒരു ആണ്‍കുട്ടി ജനിച്ചു. കൊച്ചിനെ എവിടേലും കൊണ്ട് പോയി കളയാന്‍ ഒരു ആട്ടിടയനെ ഏല്‍പ്പിച്ചു. കൊച്ചിനെ കൊടുക്കുന്നതിനു മുന്‍പ് അതിന്‍റെ രണ്ട് കാല്‍ പാദങ്ങളിലും കമ്പി തുളച്ചു കയറ്റി. ഈ പൂച്ചയെ ചാക്കില്‍ കെട്ടി എവിടേലും കൊണ്ട് കളയുമ്പോ മിക്കതും തിരിച്ചു വരാറില്ലേ..അതുപോലെ കൊച്ച് ഇഴഞ്ഞു വരാതിരിക്കാനാണോ? ആ.. പക്ഷെ ആട്ടിടയന്‍ ആളൊരു നൈസ് മ്യാന്‍ ആയിരുന്നു. പുള്ളി ആ കുട്ടിയെ..അങ്ങ് ദൂരെ..കോറിന്ത് എന്ന രാജ്യത്തെ രാജാവിനെയും രഞ്ജിയെയും ഏല്‍പ്പിച്ചു. മക്കളിലാത്ത അവര്‍ ആ കൊച്ചിനെ ഈഡിപ്പസ് (meaning: swollen foot) എന്ന് പേരിട്ടു വളര്‍ത്തി. ‘ഹെയ്സാ..രുദ്രസാ..’ ഇതുപോലൊരു പാട്ടിന്റെ പശ്ചാതലത്തില്‍ ഈഡിപ്പസ് അങ്ങ് വളര്‍ന്ന് വന്നു.
ഒരുനാള്‍..കൊട്ടാരത്തിലേക്ക് മദ്യപിച്ച് പൂസായി വന്ന ഏതോ ഒരു അതിഥിയുടെ നാവില്‍ നിന്ന്, ഇടിപ്പസിന്റെ മാതാപിതാക്കള്‍ കോറിന്ത് രാജാവും രാജ്ഞിയുമല്ല എന്ന് വീഴ്നു പോയി. ഈഡിപ്പസ് നേരെ പോയി അമ്മയോട് ചോദിച്ചു..അമ്മ..ഏയ് അങ്ങനെ ഒന്നുമില്ല..മദ്യപിച്ചിട്ട് പറയുന്നതാണ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാലും സംശയം തീര്‍ക്കാന്‍ പുള്ളി നമ്മുടെ ശാന്തിയുടെ അടുത്ത് പോയി കാര്യം തിരക്കി. സ്വന്തം അച്ഛനെ ഈഡിപ്പസ് കൊല്ലുമെന്നും, അമ്മയെ വിവാഹം കഴിക്കുമെന്നും എന്ന് മാത്രം പറഞ്ഞിട്ട് അവര്‍ ഉറങ്ങാന്‍ പോയി....അല്ല..സോറി...ധ്യാനിക്കാന്‍ പോയി. അപ്പോഴും കോരിന്തിലെ രാജാവും രാജ്ഞിയുമാണ് തന്‍റെ മാതാപിതാക്കള്‍ എന്ന വിശ്വാസത്തില്‍ ആയിരുന്നു ഈഡിപ്പസ്.
#ഇനി തന്‍റെ നാട്ടിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നുറപ്പിച്ച് ഈഡിപ്പസ് ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. മൂന്ന് വഴികള്‍ ചേരുന്ന ഒരു സ്ഥല... ...... ..... ..... .... ..... ....... .
വാല്‍കഷ്ണം.
-മിനിമം ഒരു ഗര്‍ഭം കലക്കാന്‍ കഴിവില്ലാത്ത അങ്ങേരു എന്ത് രാജാവാണ് ഹേ.!
- സൈക്കോളജിയിൽ അമ്മയോട് തോന്നുന്ന അമിതമായ സ്നേഹത്തെ 'ഈഡിപ്പസ് കോമ്പ്ലെക്സ്' എന്നാണു പറയുക.
-ചിലപ്പോ ഇവിടെ നിന്നാകും..പലരുടെയും നിത്യോപയോഗ-ലോക പ്രശസ്ത ഇംഗ്ലീഷ് തെറിയായ മദര്‍ ******* ഉല്‍ഭവം.!!
