A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബിറ്റ് കോയിനെ (Bitcoin)

ബിറ്റ് കോയിനെ (Bitcoin)

പരിചയപ്പെടുത്തലാണ് ഈ പോസ്റ്റ്.
ബിറ്റ് കോയിൻ ഒരു ആധുനിക ഇലക്ട്രോണിക് അധിഷ്ടിത ധനവിനിമയ മാർഗ്ഗമാണ്. ക്രഡിറ്റ് കാർഡ്, ഡബിറ്റ് കാർഡ് മുതലായ നമുക്ക് സുപരിചിതങ്ങളായ ഇലക്ട്രോണിക് ധനവിനിമയങ്ങളിൽ അവയ്ക്ക് പിൻബലമായി ഏതെങ്കിലും കറൻസികൾ ഉണ്ടാവും. നമ്മൾ രൂപയിലോ ഡോളറിലോ ഒക്കെ തന്നെയാണല്ലോ അവിടെ ഇടപാടുകൾ നടത്തുന്നത്. എന്നാൽ ബിറ്റ്കോയിനിൽ നിലവിലുള്ള കറൻസികൾ ഒന്നും പിൻബലമായില്ല. അത് അതിന്റെ രീതിയിൽ തന്നെ ഒരു സ്വതന്ത്ര കറൻസിയാണ്.
എന്നാൽ സാധാരണ കറൻസികളിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ബിറ്റ്കോയിൻ.
ഏറ്റവും പ്രധാനം അത് ഏതെങ്കിലും ഒരു കേന്ദ്രീകൃത ഏജൻസിയാൽ നിയന്ത്രിക്കപ്പെടുന്നില്ല എന്നതാണ്. (ഉദാഹരണം; നമ്മുടെ രൂപ, റിസർവ്വ് ബാങ്കിനാൽ നിയന്ത്രിക്കപ്പെടുന്നുണ്ടല്ലോ.)
നിലവിലുള്ള കറൻസികൾക്ക് മിക്കവാറും തന്നെ ഈടായി സ്വർണ്ണശേഖരം സർക്കാരും റിസർവ്വ് ബാങ്കുകളും സൂക്ഷിക്കാറുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള ഒരു ഈടും ബിറ്റ്കോയിന്റെ കാര്യത്തിലില്ല എന്നതാണ് രസകരം. പിന്നെ ഈ പണത്തിന് എങ്ങിനെ മൂല്യമുണ്ടാവും? ചില ധനതത്വശാസ്ത്രജ്ഞരുടെ ഉത്തരം രസകരമാണ്. “മറ്റെല്ലാ പണത്തിനുമുള്ളതു പോലെ. അവയ്ക്ക് മൂല്യമുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്നു, അതുകൊണ്ട് അവയ്ക്ക് മൂല്യമുണ്ട്. അതുപോലെ തന്നെ ഇതിനും!”
ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക് മറ്റു കറൻസികളിലെ പോലെ ദേശാന്തര പരിമിതികളില്ല. ആർക്കും എവിടേയും ഇത് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. നമ്മളുടെ സേവനദാദാവ് അല്ലെങ്കിൽ വിൽപ്പനക്കാരൻ അവ സ്വീകരിക്കുന്ന ആളായിരിക്കണം എന്നു മാത്രം. കാലം കഴിയും തോറും കൂടുതൽ കൂടുതൽ പേർ അവ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. നമുക്ക് ഇൻഡ്യയിൽ നിന്ന് അമേരിക്കയിൽ പണമടയ്ക്കണം എന്നുണ്ടെങ്കിൽ ഇടനിലക്കാർ ഒന്നുമില്ലാതെ നേരിട്ട് അത് ചെയ്യാൻ പറ്റും.
ഒരിക്കലെങ്കിലും അത് നിലവിലുള്ള മാർഗ്ഗത്തിൽ ചെയ്തവർക്കറിയാം എത്ര പണം കമ്മീഷൻ ഇനത്തിൽ നമുക്ക് നഷ്ടമാണെന്ന്. ആ പണവും നമ്മൾ ലാഭിക്കുകയാണ്.
സതോഷി നകാമോട്ടോ എന്ന പേരിൽ ഒരു അജ്ഞാതൻ/സംഘം ആണ് ആദ്യമായി ബിറ്റ്കോയിന്റെ ആശയം അവതരിപ്പിച്ചത്. 2008ഇൽ. അടുത്ത വർഷം തന്നെ ബിറ്റ്കോയിൻ നെറ്റ്വർക്ക് നിലവിൽ വന്നു. ആദ്യത്തെ 2-3 വർഷങ്ങളിൽ സതോഷി നകാമോട്ടോ അതിന്റെ സോഫ്റ്റ്വേർ നിർമ്മാണത്തിലും ഫോറങ്ങളിലും സജീവമായിരുന്നെങ്കിലും പിന്നീട് പിൻ വലിയുകയാണുണ്ടായത്. വാസ്തവത്തിൽ സതോഷി ആരായിരുന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.
ഇനി, എങ്ങിനെയാണ് നമ്മൾ ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്നത്? അതിന് നമുക്ക് ഒരു കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ കൂടിയേ കഴിയൂ.. (ഇതൊരു ഇലക്ട്രോണിക് ധനവിനിമയമാണന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നല്ലോ?) അതിൽ നമ്മൾ ഒരു
"വാലറ്റ് ആപ്ലിക്കേഷൻ" ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഈ പ്രോഗ്രാമാണ് നമ്മുടെ കയ്യിലുള്ള ബിറ്റ്കോയിനുകളുടെ കണക്ക് സൂക്ഷിക്കുന്നത്. ഇനി നമ്മൾ ബിറ്റ്കോയിനുകൾ വാങ്ങിക്കണം. അത് നമുക്ക് നിലവിലുള്ള കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ തികച്ചും സ്വകാര്യമായി പണമുപയോഗിച്ചോ നിർദ്ദിഷ്ട ഏജന്റുമാരിൽ നിന്നും വാങ്ങാം.
ഒരിക്കൽ വാങ്ങിച്ചു കഴിഞ്ഞാൽ നമ്മുടെ വാലറ്റ് ആപ്ലിക്കേഷൻ വളരെ സൂക്ഷ്മമായ ഒരു രഹസ്യാലേഖന സങ്കേതം വഴി നമ്മുടെ പേരിൽ വരവു വെയ്ക്കും.
കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ബിറ്റ്കോയിന്റെ കാര്യത്തിലില്ല എന്നു പറഞ്ഞു. അപ്പോൾ പിന്നെ നമ്മുടെ ഇടപാടുകൾ എങ്ങിനെയാണ് സാധൂകരിക്കുന്നത്?
നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും എതിർ കക്ഷിയുടെ കമ്പ്യൂട്ടറുമുൾപ്പടെ ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്ന സകല കമ്പ്യൂട്ടറുകളും ഉൾപ്പെടുന്ന ഒരു നെറ്റ്വർക്കാണ് ഇത് ചെയ്യുന്നത്. എല്ലാ ഇടപാടുകളും ഓരോ അതുല്യമായ ബിറ്റ്കോയിൻ വിലാസത്തിൽ ആണ് നടക്കുന്നത്. ഉദാഹരണത്തിന് സുരേഷ് രമേഷിനോട് ഒരു സാധനം വാങ്ങുന്നു എന്നു കരുതുക. വിലയായി രമേഷിന്റെ അക്കൗണ്ടിൽ സുരേഷ് പണം അടയ്ക്കണം. ബിറ്റ്കോയിൻ ഇടപാടാണെങ്കിൽ രമേഷിന്റെ കമ്പ്യൂട്ടർ ഒരു പ്രത്യേക വിലാസം നിർമ്മിച്ച് അത് സുരേഷിന്റെ കമ്പ്യൂട്ടറിലേയ്ക്ക് അയയ്ക്കും.
തുടർന്ന് സുരേഷിന്റെ വാലറ്റ് പ്രോഗ്രാം ഈ വിലാസത്തിലേയ്ക്ക് കൈവശമുള്ള കോയിനിൽ നിന്ന് ആവശ്യമുള്ള തുക കൈമാറും. ഈ ഇടപാടിന്റെ വിശദാംശങ്ങൾ അതായത് വിലാസങ്ങൾ, ബിറ്റ്കോയിൻ തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നെറ്റ്വർക്കിലുള്ള എല്ലാ കമ്പ്യൂട്ടറുകൾക്കും കൈമാറും. ഈ വിവരങ്ങൾ "ബ്ലോക്ക് ചെയിൻ" എന്ന പേരിൽ രേഖപ്പെടുത്തി വെയ്ക്കും. ഇതൊരു തുടർച്ചയായ പ്രക്രിയയാണ്.
നെറ്റ്വർക്കിലുള്ള എല്ലാ സർവറുകളും ഇതിൽ ഭാഗഭാക്കാവുന്നു. ഇങ്ങിനെ പലയിടത്ത് തുടർച്ചയായി രേഖപ്പെടുത്തൽ നടക്കുന്നതിനാൽ ഇടപാടുകളിലെ കള്ളത്തരങ്ങൾക്കും പിശകുകൾക്കും സാധ്യത ഇല്ലതന്നെ.
ശരാശരി പത്തു മിനിറ്റ് കൂടുമ്പോൾ അതുവരെയുള്ള വിവരങ്ങൾ ഒരു "ബ്ലോക്ക്"
ആയി ഉറപ്പിക്കും. ഈ ഒരു ബ്ലൊക്കിൽ നിന്നാണ് അടുത്ത ബ്ലോക്കിനുള്ള നിർമ്മാണം ആരംഭിക്കുന്നത്. അതിനാൽ കോയിനുകളുടെ ഒഴുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. കള്ള നാണയങ്ങൾ ഇടയ്ക്ക് കയറാതിരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഇങ്ങിനെ ഉറപ്പിക്കൽ നടക്കുമ്പോൾ കുറച്ച് ബിറ്റ്കോയിനുകൾ നിർമ്മിക്കപ്പെടുന്നു.
ഇതിന് സാങ്കേതികമായി
"മൈനിങ്ങ്" (ഖനനം) എന്നാണു പറയുന്നത്.
ആദ്യം ഇത്തരം ഉറപ്പിക്കൽ കൃത്യമായി പൂർത്തിയാക്കുന്ന സർവറിന്റെ ഉടമയ്ക്ക്ക്കാണ് ഈ കോയിനുകളുടെ അവകാശം. അയാൾക്ക് അത് സൂക്ഷിക്കാനോ വിൽക്കാനോ അവകാശമുണ്ട്. മൈനിങ്ങ് നടത്താൻ പ്രത്യേക പ്രോഗ്രാമുകൾ വേണം എന്നല്ലാതെ പ്രത്യേക അനുമതി ഒന്നും ആവശ്യമില്ല. ആർക്കും മൈനിങ്ങ് ശ്രമിക്കാം.
സത്യത്തിൽ ഇത് സ്വർണ്ണഖനനത്തിനു സമാനമാണ്. സ്വർണ്ണമാണല്ലോ മിക്കവാറും കറൻസികളിലെ ഈട്.
എന്നാലിവിടെ അത് കമ്പ്യൂട്ടർ കണക്കുകൂട്ടലുകളാണ്. മറ്റൊരു സാമ്യം ലഭ്യതയിലാണ്.
സ്വർണ്ണഖനനത്തിലെന്നപോലെ തുടക്കത്തിൽ ബിറ്റ്കോയിൻ ഖനനവും എളുപ്പമായിരുന്നു. എന്നാൽ കൂടുതൽ കൂടുതൽ ഖനനം ചെയ്ത് എടുക്കുംതോറും പിന്നീടുള്ള ലഭ്യത കുറയും. കണക്കുകൂട്ടലുകൾ കൂടുതൽ ദുഷ്കരമാക്കിയാണ് ഇത് സാധിക്കുന്നത്. ഈ ഘട്ടത്തിൽ ഖനനം മെച്ചപ്പെടുത്താൻ കമ്പ്യൂട്ടറുകളുടെ ശേഷി ഉയർത്തുക എന്നതാണ് മാർഗ്ഗം. അതിനാൽ ഒരു വാശി പോലെ പലരും കൂടുതൽ കൂടുതൽ ശക്തിയേറിയ കമ്പ്യൂട്ടറുകൾ ഇതിനായി ഉപയോഗിക്കുന്നു. വലിയ കോർപ്പറേറ്റ് കമ്പ്യൂട്ടറുകളിൽ നെറ്റ്ബോട്ടുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറി രഹസ്യമായി മൈനിങ്ങ് നടത്തുന്ന വിരുതന്മാരുമുണ്ട്. അടുത്തിടെ നടന്ന ഒരു വിശകലനത്തിൽ കണ്ടത് ലോകത്തിലെ ആദ്യത്തെ 500 സൂപ്പർ കമ്പ്യൂട്ടറുകൾ മൊത്തം ചേർന്നാൽ ഉള്ളതിൽ അധികം ശക്തി മൈനിങ്ങിനുവേണ്ടി ബിറ്റ്കോയിൻ സർവറുകൾ ഉപയോഗിക്കുന്നു എന്നാണ്.
അതുപോലെ അമേരിക്കയിലെ 32000
വീടുകൾക്ക് വേണ്ടിവരുന്ന വൈദ്യുതിയാണ് ഒരു ദിവസം മൈനിങ്ങിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്.
(ഒരു ആധുനിക ബിറ്റ്കോയിൻ റിഗ്ഗ്)
ഇത്രമാത്രം കഷ്ടപ്പെടുമ്പോൾ എത്ര കോയിനുകൾ നിർമ്മിക്കപ്പെടുന്നുണ്ട്?
ഇപ്പോൾ ശരാശരി 25 കോയിനുകൾ 10
മിനിറ്റിൽ മൈൻ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ
"പണപ്പെരുപ്പം" ഉണ്ടാകാതിരിക്കാൻ കോയിനുകളുടെ ഉത്പാദനം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. നിലവിലുള്ള ഉത്പാദനം 4
വർഷം കൂടുമ്പോൾ പകുതിയാക്കും. അതായത്
2017 ആകുമ്പോൾ 10 മിനിറ്റിൽ 12.5
കോയിനുകളേ മൈൻ ചെയ്യാനാവൂ. 2140 ഇൽ ഏകദേശം 21 മില്യൺ കോയിനുകൾ ആകുമ്പോൾ മൈനിങ്ങ് നിഷ്ഫലമാകും. 21
മില്യൺ എന്ന ലക്ഷ്യത്തിന്റെ പകുതിയും
2012 നവംബറോടെ മൈൻ ചെയ്തു കഴിഞ്ഞു.
ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ഒരു ബിറ്റ്കോയിന്റെ വിനിമയ നിരക്ക് എത്രയാണെന്ന് അറിയാൻ താല്പര്യം ഉണ്ടാവും. 2009 ഇൽ ആദ്യം ഇറങ്ങുമ്പോൾ ഏതാനും സെന്റുകൾ മാത്രമായിരുന്നു ഇതിന്റെ മൂല്യം. ഇതിനിടെ അത്യധികം കയറ്റിയിറക്കങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മാത്രം 100 നും 260 നും ഇടയ്ക്ക് ഡോളർ മൂല്യം ഉണ്ടായിരുന്നു. അതു പ്രകാരം ഇപ്പോൾ ഒരു ബില്യൺ ഡോളറിനു തുല്യമായ ബിറ്റ്കോയിനുകൾ വിനിമയത്തിലുണ്ട്.
ചെറിയ ഇടപാടുകൾക്കായി ഒരു ബിറ്റ്കോയിന്റെ പത്തുകോടിയിൽ ഒരു ഭാഗം വരുന്ന ചെറിയ യൂണിറ്റുകളുണ്ട്. അവയ്ക്ക്
'സതോഷി' എന്നാണ് പേര്. നമ്മുടെ രൂപയും പൈസയും പോലെ.
ബിറ്റ്കോയിൻ ഇടപാടുകളുടെ അതീവ രഹസ്യസ്വഭാവമാണ് ഇതിന്റെ പ്രധാന ഗുണവും ദോഷവും. കോയിനുകൾ കൃത്യമായി പിന്തുടരപ്പെടുന്നുണ്ടെങ്കിലും അവ കൈമറിയുന്ന വിലാസങ്ങൾ ഗൂഢാലേഖനസങ്കേതത്താൽ സുരക്ഷിതമാണ്.
നമ്മൾക്ക് ഒരു വാലറ്റേയുള്ളുവെങ്കിലും പല ഇടപാടുകൾ പല വിലാസങ്ങളിൽ നടത്താൻ സാധിക്കും. സത്യത്തിൽ അങ്ങിനെ ചെയ്യുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതും.
ഇടപാടുകൾക്ക് ഇടനിലക്കാർ ആവശ്യമില്ല എന്നതാണ് അടുത്ത പ്രധാന ഗുണം. കമ്മീഷൻ ഇനത്തിൽ ധാരാളം പണം ഇടപാടുകാർക്ക് ലാഭിക്കാൻ സാധിക്കും. വേഗതയേറിയ ഉറപ്പാക്കലിന് അപൂർവ്വം അവസരങ്ങളിൽ ചെറിയ കമ്മീഷൻ വല്ലതും വേണ്ടി വന്നാലായി.
ഇടപാടുകളുടെ രഹസ്യസ്വഭാവം കൊണ്ടു തന്നെ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അധികമാണ്. മയക്കുമരുന്നുകൾ,
ആയുധങ്ങൾ, നിയമ വിരുദ്ധ പണഇടപാടുകൾ മുതലായവയ്ക്ക് ഒക്കെ ഇപ്പോൾ തന്നെ ബിറ്റ്കോയിനുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വെട്ടിപ്പിനും വലിയ സാധ്യതകളാണ് ഉള്ളത്.
അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ബിറ്റ്കോയിൻ ഇടപാടുകളെ നിയന്ത്രിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇടപാടുകാരെ വെറുതെ വിട്ടെങ്കിലും മൈനിങ്ങ്കാരെ "മണി ലോണ്ടറിങ്ങ് ആക്റ്റ്" നിർവചനത്തിനുള്ളിലാക്കിയിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒരു കുമിള ആയാണ് പല ധനതത്വശാസ്ത്രജ്ഞരും ബിറ്റ്കോയിനെ കാണുന്നത്. വിശ്വാസം ഉള്ളവർ പോലും തൽക്കാലം ചെറിയ തുകകൾ മാത്രം നിക്ഷേപിക്കുന്നതാവും ബുദ്ധി എന്ന പക്ഷക്കാരാണ്.
ബിറ്റ്കോയിൻ ഇടപാടുകൾ അത്യധികം സുരക്ഷിതമായാണ് സംവിധാനം ചെയ്തിരിക്കുന്നതെങ്കിലും വിരലിലെണ്ണാവുന്ന വീഴ്ചകൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ബിറ്റ്കോയിനും 100% കുറ്റമറ്റതാണെന്നു പറയുക വയ്യ.
ബിറ്റ്കോയിൻ ഭാവിയുടെ കറൻസി ആകുമോ?
കാത്തിരുന്നു തന്നെ കാണണം.