A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സൂര്യൻ മരിക്കും- THE DEATH OF SUN-

ഞാൻ സൗരകാരണവർ അല്ലെങ്കിൽ സൗരയൂഥത്തിന്റെ അധിപൻ! അതുമല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയ ഊർജ സ്രോതസായ സൂര്യൻ!. നിങ്ങളിലെ കവികളും കഥാകാരന്മാരും എന്നെ പല പേരുകളിലും വിളിക്കാറുണ്ട്, പലതിനോടും ഉപമിക്കാറുണ്ട്. എന്റെ ഒൻപതു മക്കളിൽ ഒരുവനാണ് നിങ്ങളുടെ ഭൂമിയും . ഒന്പതാമനെ കുള്ളനെന്ന പേരിൽ നിങ്ങൾ മാറ്റി നിർത്തിയെങ്കിലും അവനും എനിക്ക് മകൻ തന്നെയാണ്. അവൻ മാത്രമല്ല എനിക്ക് ചുറ്റും കറങ്ങുന്ന ഉൽക്കാ-ധൂമ കേതുക്കളുടെ ശിലകൾ പോലും എനിക്ക് മക്കളാണ്. എന്റെ മക്കളിൽ എനിക്ക് പ്രിയങ്കരനായ ഭൂമിയിലെ നിവാസികളായ നിങ്ങളോടു ഞാൻ എന്റെ കഥ പറയാം, കാരണം എന്റെ കഥ കേൾക്കുവാൻ ജീവനുള്ളത് ഭൂമിയിൽ മാത്രമാണ്. നിങ്ങൾ ഭൂമിയിൽ നിന്നു മുകളിലേക്ക് നോക്കുമ്പോൾ അനേകായിരം നക്ഷത്ര ഗണങ്ങളെ കാണാം, അവരെപ്പോലെ ഒരാളാണ് ഞാനും. ഞങ്ങൾക്കിടയിലും വലിയവനും, ചെറിയവനുമുണ്ട്. വലിയവർക്ക് അധികം ആയുസ് ഉണ്ടാകില്ല,. അവരുടെ കൂട്ടത്തിലെ ചെറിയവനാണ് ഞാൻ. ഓരോ ജനനത്തിനും ഓരോ മരണമുണ്ട്‌ എന്നു നിങ്ങൾ വിശ്വസിക്കുന്ന ആ നഗ്നസത്യം ഞങ്ങളും വിശ്വസിക്കുന്നു. നിങ്ങളുടെ ശാസ്ത്ര പുസ്തകങ്ങളിൽ ഞങ്ങളുടെ ജനനം മുതൽ മരണം വരെ നിങ്ങൾ കുറിച്ച്‌ വച്ചിട്ടുണ്ട്.
സൗരയൂഥമെന്നു നിങ്ങൾ വിളിക്കുന്ന ഇവിടം അനന്തകോടി വർഷങ്ങൾക്ക് മുൻപ് എന്തായിരുന്നു?!, എങ്ങനെയായിരുന്നു?!. ഏകദേശം 4.57 ബില്യൺ വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചാൽ ഏതോ ഒരു നക്ഷത്ര ധൂളിപടലം കൊണ്ടുണ്ടാക്കിയ വലിയൊരു മേഘമായിരുന്നു ഇവിടെ. അങ്ങു അകലെയുള്ള ഏതോ നക്ഷത്രത്തിന്റെ സൂപ്പർനോവ സ്ഫോടനത്തിന്റെ ഫലമായുള്ള ഊർജ തരംഗങ്ങൾ ആ മേഘത്തിൽ വന്നിടിച്ചു. മേഘപടലത്തിന്റെ കേന്ദ്രഭാഗം ഗുരുത്വാകർഷണ സങ്കോചത്തിന് വിധേയമായി(Gravitational Collapse). മേഘത്തിലെ സർവ്വ ധൂളി പടലങ്ങളും, വാതകങ്ങളും സാന്ദ്രതയേറിയ ആ കേന്ദ്രഭാഗത്തേക്ക് ക്രമീകരിക്കപ്പെട്ടു. ആ ഭാഗം ചുറ്റുമുള്ള ദ്രവ്യ വസ്തുക്കളെ കൂടുതൽ കൂടുതൽ ആകര്ഷിച്ചെടുത്തു. അതോടെ ആ ദ്രവ്യവും ധൂളി വസ്തുക്കളും ഉരുണ്ടുകൂടി ഗോളാകൃതിയിൽ ഭ്രമണം ചെയ്യാൻ തുടങ്ങി. ഊർജവും, ആവേഗവും സംരക്ഷിക്കപ്പെട്ടു. ഉന്നതമായ സമ്മർദ്ദത്താൽ(High Pressure) താപ നിലയും ഉയർന്നു. അതിനാൽ പ്രഭയോടെ അതൊരു ഗോളമായി രൂപപ്പെട്ടു. ആ ഗോളമായിരുന്നു സൂര്യനെന്ന ഞാൻ! ഒരു നവജാത ശിശുവിനെപ്പോലെ ഒരു നക്ഷത്രകുഞ്ഞായി ഞാൻ പിറന്നു വീണ നിമിഷം! . എനിക്കു ചുറ്റും ദൃശ്യ ദ്രവ്യ ജ്യോതിർ വസ്തുക്കൾ വലം വയ്ക്കാൻ തുടങ്ങി. എന്റെ ശൈശവ ഘടനയെ പ്രോട്ടോസ്റ്റാർ(Protostar) അഥവാ സങ്കോച നക്ഷത്രം എന്നാണ് നിങ്ങൾ പറയുന്നത്. ഞാൻ നിങ്ങളുടെ ഭാക്ഷ കടമെടുത്താണ് സംസാരിക്കുന്നത്. ഏകദേശം ആയിരം വര്ഷങ്ങളോളം ഒരു സങ്കോച നക്ഷത്രമായി ഞാൻ നിലകൊണ്ടു. ആ കാലയളവിൽ എപ്പോഴോ എനിക്ക് ചുറ്റും കറങ്ങിയ ജ്യോതിർ വസ്തുക്കളിൽ നിന്നു ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ ജനനമെടുത്തു.
ഞാൻ ജനിച്ചിട്ട് ഇന്നേക്ക് 4.57 ബില്യൺ വർഷങ്ങൾ കഴിഞ്ഞു. എന്നിലെ നിരന്തരമായുള്ള ഹൈഡ്രജൻ-ഹീലിയം ഫ്യൂഷനിലൂടെ 600 മില്യൺ മടങ്ങു ഊർജം കൈമാറ്റം ചെയ്ത് ന്യൂട്രിനോകളായും, സൗര വികിരണങ്ങളായും ബാക്കിയുള്ളത് 4×10^27 വാട്ട് ഊർജമായും ഞാൻ മാറ്റുന്നു. അതിൽ കുറച്ചു ശതമാനം നിങ്ങൾക്ക് തരുന്നു. നിങ്ങളത് വിനിയോഗിക്കുന്നു. ദൈനംദിനം എന്റെ ഊർജ്ജമില്ലെങ്കിൽ നിങ്ങൾക്ക് ജീവിക്കാനാകില്ല. അവിടെ ഭൂമിയിലെ നിങ്ങളുടെ നിലനിൽപ്പിന്റെ ചിതയെരിഞ്ഞു തുടങ്ങും. എന്റെ വരാനിരിക്കുന്ന ആ കാലത്തേക്ക്, എന്റെ ജീവിത ചക്രത്തിന്റെ പര്യവസാന നാളുകളിലേക്ക് ഞാൻ നിങ്ങളെ കൊണ്ടു പോകാം. രണ്ടായിരത്തിപതിനേഴാമാണ്ടിൽ നിന്ന് ചിന്തകളിലൂടെ, സങ്കല്പങ്ങളിലൂടെ, എന്റെ വാക്കുകളുടെ കൈ പിടിച്ച് എന്നോടൊപ്പം വരിക. നിങ്ങൾക്കറിയുമോ ഓരോ നൂറു മില്യൺ വർഷങ്ങൾ കഴിയുന്തോറും എന്റെ തിളക്കത്തിന്റെ പ്രഭ 1% വച്ച് കൂടിക്കൊണ്ടിരിക്കും. ജനിച്ച കാലയളവ് മുതൽ ഇന്നു വരെ എന്റെ ആകെ പ്രഭയുടെ 30% മാത്രമേ ഞാൻ തിളങ്ങിയിട്ടുള്ളു. 2017 ൽ നിന്നു ഒരു നൂറു മില്യൺ വർഷങ്ങൾ കൂടി കഴിയുന്തോറും പ്രഭയുടെ ശതമാനം 31% ആയിട്ട് ഉയരും. 31 ലേക്ക് ഉയരുന്ന ആ കാലയളവിൽ എന്റെ വികിരണങ്ങളാൽ ഭൂമിയിലെ താപ നിലയും വർദ്ധിച്ചു തുടങ്ങും. മരങ്ങളും, ചെടികളും, കരിഞ്ഞുണങ്ങി പോകും, മഴ ചരിത്രം മാത്രമാകും, നദികൾ വറ്റി വരണ്ടു പോകും. അതോർത്തു നിങ്ങൾ വ്യാകുലരാവേണ്ട മനുഷ്യരെ ആ കാലം വരെ നിങ്ങൾ ഭൂമിയിൽ ഉണ്ടാകുമെന്നു എനിക്ക് ഉറപ്പില്ല. സ്വന്തം ചെയ്തികളാൽ നിങ്ങൾ തന്നെ നിങ്ങളുടെ കുലത്തെ നശിപ്പിച്ചേക്കാം. ഒരു പക്ഷെ നിങ്ങൾ ഭൂമിയുടെ പരിസ്ഥിതിയെ സംരക്ഷിച്ചു വന്നാലും അന്നത്തെ എന്നിൽ നിന്നുള്ള താപത്തെ തടയാൻ മരങ്ങൾക്കോ മറ്റോ സാധിക്കില്ല. 31% എത്തി നിൽക്കുന്ന ചൂടിനെ തടയാൻ നിങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് കഴിഞ്ഞെന്നു വരില്ല. ഭൂമിയിൽ നിന്നു മനുഷ്യൻ ഉൾപ്പടെയുള്ള സർവ്വ ജീവ ജാലങ്ങളും അപ്രത്യക്ഷമാകും. ഒരു 3.5 ബില്യൺ വർഷങ്ങൾ കൂടി കഴിയുമ്പോൾ എന്റെ പ്രഭ 31 ൽ നിന്നു 40% ലേക്ക് എത്തിച്ചേരും. പുറന്തള്ളപ്പെട്ട ഹരിത ഗൃഹ വാതക(Green House gas) പ്രഭാവത്തിൽ ഭൂമിയിൽ കാർബൺ വാതകത്തിന്റെ സാനിധ്യമേറും. ഓക്സിജൻ വാതകം എങ്ങോ പോയി മറയും. അത്യധികമായ താപത്താൽ മഹാ സമുദ്രങ്ങൾ തിളയ്ക്കുവാൻ തുടങ്ങും. അവ തിളച്ച് ആവിയായി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുo. ഇന്നു കാണുന്ന ഭൂമിയിലെ പച്ച നിറത്തിലുള്ള കരഭാഗങ്ങൾ അന്നു കറുത്തിരിക്കും. മരുഭൂമിയിലെ സിലിക്കേറ്റ് മണൽ തിളച്ചു ദ്രവ രൂപത്തിലാക്കി മാറുന്നു. ശുക്രനെപോലെ ഭൂമി തിളച്ചു മറിയുന്ന ഇരുണ്ട ഗോളമായി മാറും.
3.5 ബില്യൺ വർഷത്തിൽ നിന്നു ഒരു 200 മില്യൺ വർഷം കൂടി കഴിയുമ്പോൾ ഞാൻ എന്റെ ഹൈഡ്രജൻ -ഹീലിയം ഫ്യൂഷൻ അവസാനിപ്പിക്കും. കാരണം എന്നിലെ മുഴുവൻ ഹൈഡ്രജനും കത്തി തീർന്നു ഹീലിയമാകും. എന്റെ അന്തർഭാഗത്തുള്ള കോർ അലസ സ്വഭാവമുള്ള ഹീലിയത്താൽ നിർമ്മിതമാകും, ആ കോറിലെ ഹീലിയം ആറ്റങ്ങൾ തമ്മിൽ പരസ്പരം സംയോജിക്കാൻ തുടങ്ങും അതിന്റെ ഫലമായുള്ള ഉന്നതമായ താപ മർദത്താലും ഗ്രാവിറ്റിയാലും എന്നിലെ പുറംപാളികൾ(Outer Layers) വികസിച്ച് വലിപ്പം വർദ്ധിച്ച് ഞാനൊരു രാക്ഷസീയ ഘടനയിലേക്ക് എത്തിചേരും. ആ ഘടനയാണ് റെഡ് ജെയ്ന്റ്( Red Giant) അല്ലെങ്കിൽ അരുണ ഭീമൻ. വലിപ്പം വർദ്ധിച്ച് ഞാനൊരു അരുണ ഭീമനായി മാറും. ഞാൻ ആ അരുണഭീമനാകുമ്പോൾ അത്രയും വർഷക്കാലം എന്നെ വലം വച്ചു കൊണ്ടിരുന്ന ബുധന്റേയും ശുക്രന്റെയും ചിലപ്പോൾ ഭൂമിയുടെയും ഭ്രമണപഥങ്ങളിലേക്ക് എന്റെ തീ ഗോളങ്ങൾ എത്തും. വൈകാതെ ഞാൻ അവരെ വിഴുങ്ങും. ഏകദേശം 120 മില്യൺ വർഷക്കാലം ഞാൻ അരുണ ഭീമനായി തന്നെ നിലകൊള്ളും. അത് കഴിഞ്ഞു എന്റെ കോറിൽ നിന്നും ഹീലിയം വാതകം നിശ്ലേഷിക്കാൻ(Exhaust) തുടങ്ങും. അതോടെ എന്നിലെ 40% മാസും കാർബണായി പരിണമിക്കും. എന്റെ അരുണഭീമാവസ്ഥയിൽ എനിക്കിത്ര പ്രഭ ഉണ്ടാകില്ല. കാഴ്ചയിൽ എന്റെ പുറം പാളികൾ ചുവന്നു തുടുത്തിരിക്കും. അരുണഭീമനായി നിലകൊള്ളുമ്പോൾ തന്നെ എന്റെ പ്രഭയിൽ നിന്നു 50 മടങ്ങു തിളക്കം കുറയുന്നു, പത്തു മടങ്ങു ഉള്ളിലേക്ക് ചുരുങ്ങുന്നു. അതിന്റെ ഫലമായുള്ള ഉന്നത താപ സമ്മർദ്ദത്താൽ എന്റെ കോറിലെ ഹീലിയം കത്താൻ തുടങ്ങുന്നു. ഉള്ളിലേക്ക് ചുരുങ്ങിയ 10 മടങ്ങു വീണ്ടും വികസിച്ച് അരുണഭീമാവസ്ഥയിലേക്ക് ഞാൻ വീണ്ടും എത്തിച്ചേരും. നിങ്ങളുടെ ജ്യോതി ശാസ്ത്ര പുസ്തകങ്ങളിൽ ഈ പ്രക്രിയയെയും ദശാകാലയളവിനെയും AGB-Phase അഥവാ Asymptotic Giant Branch Phase എന്നാണ് പറയുക. ഒരു 20 മില്യൺ വർഷങ്ങൾ കൂടി ഞാൻ ഭീമാവസ്ഥയിൽ നില കൊള്ളും.
ആ കാലയളവിൽ എന്നിലെ കുറെയൊക്കെ ഊർജം തെർമൽ പൾസുകളായി നഷ്ടപ്പെടും. എനിക്കിനി ഊർജം ഉത്പാദിപ്പിക്കുവാൻ കഴിയില്ല, ഞാൻ അന്ത്യത്തോടെ അടുക്കുകയാകും. എന്റെ പുറം പാളികൾ ശൂന്യാകാശത്തേക്ക് വ്യാപിച്ച് ഗ്രഹാന്തരീയ നെബുലയായി(Planetary Nebula) മാറാൻ തുടങ്ങും. അപ്പോൾ എന്റെ ഉള്ളിലെ താപം 30000 k ആയിരിക്കും. പിന്നീട് എന്റെ ഉള്ളിലെ ചൂട് സാവധാനം കുറയുവാൻ തുടങ്ങും കുറഞ്ഞു കുറഞ്ഞു 30000 k ൽ നിന്നു 10000 k ലേക്ക് എത്തിച്ചേരും. ഏകദേശം അൻപതിനായിരം വർഷങ്ങൾ കൊണ്ട് എന്റെ പുറം പാളികൾ പൂർണമായും ബഹിരാകാശത്തേക്ക് വ്യാപിച്ചിട്ടുണ്ടാവും. അതോടെ ഞാൻ 'വെള്ളകുള്ളൻ' അഥവാ (White Dwarf) എന്ന ഘടനയിലേക്ക് മാറും. വെള്ളകുള്ളനായി മാറുന്നതോടെ എന്റെ ജീവിത ചക്രം അവിടെ അവസാനിക്കും. വെള്ളകുള്ളൻ എന്നത് എന്റെ മൃതശരീരം മാത്രമാണ്. വെള്ളകുള്ളൻ മൃതശരീരം മാത്രമല്ല എന്റെ സ്മാരകം കൂടിയാണ്. ട്രില്യൺ കണക്കിന് വർഷങ്ങൾ ആ സ്മാരകം അവിടെയുണ്ടാകും. സൂര്യതേജസ് അതോടെ ഈ പ്രപഞ്ചത്തിൽ വെറും ഓർമ്മ മാത്രമാകും. എന്റെ അന്ത്യകാലയളവിൽ എന്നിൽ നിന്നും പുറപ്പെടുന്ന അതി ശക്തമായ ഷോക്ക് തരംഗങ്ങൾ സൗരയൂഥത്തിന്റെ ഘടന തന്നെ മാറ്റിക്കളയും. ശനിയും, വ്യാഴവുമടക്കമുള്ള ഗ്രഹങ്ങൾ നശിച്ചു പോകും. ഇവിടം ഒരു നീല നീഹാരികയായി കാണപ്പെടും ക്രാബ് നെബുലയെപ്പോലെ. നിങ്ങൾ മണ്മറഞ്ഞു പോയവരെ ഓർമ്മകളിലൂടെ ജീവിക്കുന്നു എന്നു പറയാറില്ലേ. അത് പോലെ ഞാനും എന്റെ തേജസും ഇവിടെ നിന്നും പുറപ്പെട്ട പ്രകാശ കിരണങ്ങളിലൂടെ ജീവിക്കും. സൗരയൂഥത്തിൽ നിന്നു നോക്കിയാൽ കാണാവുന്ന അകലെയേതോ നക്ഷത്രത്തിന്റെ മറ്റൊരു സൗരയൂഥത്തിൽ ജീവനുണ്ടെങ്കിൽ മിഥ്യയാകുന്ന ചെറു നക്ഷത്രം പോൽ അവരെന്നെ കാണും, മിഥ്യ മാത്രം.
NB: സൂര്യന് ഇപ്പോൾ 4.5 ബില്യൺ വർഷങ്ങൾ പ്രായമുണ്ട് . ഇത് വരെയുള്ള തന്റെ ജീവിത ചക്രത്തിനിടയിൽ ന്യൂക്ലിയർ എനർജിയുടെ ഏറെക്കുറെ പകുതി ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നു. അടുത്ത പകുതി 5 ബില്യൺ വർഷങ്ങൾ കൊണ്ട് ഉപയോഗിച്ച് തീർക്കും. 5 ബില്യൺ വർഷങ്ങൾ കഴിഞ്ഞാൽ സൂര്യൻ മരിക്കും-5 ബില്യൺ വർഷങ്ങൾ കഴിഞ്ഞാൽ സൂര്യൻ മരിക്കും-