പണ്ടൊക്കെ കുടിയേറ്റഗ്രാമങ്ങളില്‍ കാട്ടുപന്നിയെ കിട്ടിയാല്‍ തൂക്കി വില്‍ക്കാറില്ല. പങ്കിട്ട് എടുക്കുകയാണ് പതിവ്. കാരണം അതാരുടേയും സ്വന്തമല്ലല്ലോ! പടക്കം കടിച്ച് തലപോയതായാലും കുഴിയില്‍ വീണ് ചത്തതായാലും അറിഞ്ഞ് എത്തുന്നവരെല്ലാം അവകാശികളാണ്. ത്രാസും കട്ടിയുമില്ലാതെ എല്ലാവരും ചേര്‍ന്ന് വീതിക്കുമ്പോള്‍ തര്‍ക്കവുമുണ്ടാകാറില്ല. കിട്ടിയ പങ്ക് വട്ടയിലയില്‍ പൊതിഞ്ഞ് വാഴവള്ളികൊണ്ട് കെട്ടിവരിഞ്ഞ് ഭദ്രമാക്കി സ്ഥലം വിടും.
1884 ലെ ബര്‍ളില്‍ കോണ്‍ഫറന്‍സില്‍ വച്ച് കറുത്തവരുടെ ഭൂഖണ്ഡം അമേരിക്കയും പതിമൂന്നു യൂറോപ്പ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് പങ്കിട്ടെടുത്തപ്പോള്‍ ഒരു ഭിന്നസ്വരവും ഉണ്ടായിരുന്നില്ല. ആഫ്രിക്കക്കാരോട് ആരും ചോദിച്ചതുമില്ല. അവകാശബോധമില്ലാതിരുന്ന ജനവിഭാഗങ്ങളുടെ മണ്ണിന്റെ അതിരുകള്‍ മറ്റൊരു ഭൂഖണ്ഡത്തില്‍ വച്ച് നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു. അതിരുകള്‍ പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ എല്ലാവര്‍ക്കും വീതം കിട്ടുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ വീതംവയ്പ്പില്‍ റുവാണ്ട, ടാങ്കനിക്ക, ബെറുണ്ടി പ്രദേശങ്ങള്‍ ജര്‍മ്മനിക്ക് അവകാശമായി കിട്ടി.അങ്ങനെ, അറുന്നൂറ്റി ഇരുപത് പട്ടാളക്കാരുമായി മേജര്‍ ഗസ്റ്റഫ് അഡോഫ് വോണ്‍ 1894ല്‍ റുവാണ്ടയില്‍ എത്തി. റുവാണ്ടയില്‍ എത്തുന്ന രണ്ടാമത്തെ വെള്ളക്കാരനായിരുന്നു അദ്ദേഹം. പട്ടാളക്കാര്‍ മാത്രമായിരുന്നില്ല ജര്‍മ്മന്‍ സംഘത്തിലുണ്ടായിരുന്നത്, ഒരു കൂട്ടം പാതിരിമാരും ഉണ്ടായിരുന്നു. റുവാണ്ട – ഉറുണ്ടി (ഇപ്പോഴത്തെ റുവാണ്ട) പ്രദേശങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുവാനും മതപരിവര്‍ത്തനം നടത്തുവാനും എത്തിയ ജര്‍മ്മനി വലിയ എതിര്‍പ്പുകളൊന്നും കൂടാതെ അവിടുത്തെ ഭരണത്തിലിടപെട്ടു തുടങ്ങി. നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഉപദേശകരെ നിയമിച്ചുകൊണ്ടും നീതിനിര്‍വ്വഹണത്തില്‍ ഇടപെട്ടുകൊണ്ടും ജര്‍മ്മനി കറുത്തവരുടെ നാട് കാലാന്തരത്തില്‍ അധീനതയിലാക്കി. കോളനി ഭരണം ആദ്യകാലത്തെ ഫ്യൂഡല്‍ ഭരണം നടത്തിരുന്ന ടുട്‌സി എന്ന ന്യൂനപക്ഷ വംശജര്‍ക്കും ജര്‍മ്മനിക്കും ഒരുപോലെ ഗുണം ചെയ്യുന്നതായിരുന്നു. 1916-ല്‍ ബെല്‍ജിയം റുവാണ്ടയെ ജര്‍മ്മന്‍ഭരണത്തില്‍ നിന്നും ഏറ്റെടുക്കുന്നതോടെ റുവാണ്ട ഒരു ഇരുണ്ടകാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ഏറെക്കുറെ സമാധാനപരമായി കഴിഞ്ഞിരുന്ന ജനതയുടെ ഹൃദയത്തില്‍ വംശീയതയുടെ വിത്തുകള്‍ പാകി മുളപ്പിച്ച് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും ഹീനമായ വംശഹത്യയിലേക്ക് നയിക്കുന്നതില്‍ ബെല്‍ജിയത്തിന്റെ പങ്ക് ചെറുതായിരുന്നില്ല.
റുവാണ്ട – ഉറുണ്ടി പ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന ഭൂരിപക്ഷ വിഭാഗമായ ഹുടുവും (85 ശതമനം) രണ്ടാമത്തെ വിഭാഗമായ ടുട്‌സിയും (14 ശതമാനം) തമ്മില്‍ വൈജാത്യങ്ങളില്ലാതിരുന്നില്ല. പശുക്കളുടെ ഉടമസ്ഥരായിരുന്ന ടുട്‌സികള്‍ ന്യൂനപക്ഷമായിരുന്നെങ്കിലും കര്‍ഷകരായ ഹുടുവിനേക്കാള്‍ ആഭിജാത്യമുള്ളവരായി കരുതപ്പെട്ടിരുന്നു. എങ്കിലും ഒരേ ഭാഷ സംസാരിക്കുകയും ഭൂരിപക്ഷമതമായ ക്രിസ്തുമതത്തില്‍ വിശ്വസിക്കുകയും ഒരേ തരം ആചാരാനുഷ്ടാനങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ഹുടുവിനേയും ടുട്‌സിയേയും എളുപ്പം തിരിച്ചറിയാനുകുമായിരുന്നില്ല. ഹുടുവിന് അല്പം കറുപ്പ് കൂടും, ടുസ്ടിക്ക് അല്പം ഉയരവും. മിശ്രവിവാഹവും വസ്ത്രധാരണത്തിലെ സാമ്യവും ഇവര്‍ തമ്മിലുള്ള അന്തരം കുറച്ചു വന്നു. പത്ത് പശുക്കള്‍ സ്വന്തമാക്കിയാല്‍ ഒരു ഹുടുവിന് എളുപ്പം ടുട്‌സി ആകാന്‍ കഴിയുമായിരുന്നു. അല്‍പം ഉയരക്കൂടുതല്‍ ഉണ്ടെങ്കില്‍ ഒരു തടസ്സവുമില്ല, അത്രയ്ക്കും നേരിയതായിരുന്നു വേര്‍തിരിവിന്റെ അതിരുകള്‍.പക്ഷേ, പണം കൊടുത്ത് ഹുടുവിനെ ടുട്‌സി ആക്കുന്ന വിദ്യ തുടങ്ങിയത് ബെല്‍ജിയത്തിന്റെ കോളനി ഭരണം ആരംഭിച്ചതോടെയാണ്. ഹുടുവിനേയും ടുറ്റ്‌സുവിനും വെവ്വേറേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരു രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ അവര്‍ക്ക് സമര്‍ത്ഥമായി കഴിഞ്ഞു. ന്യൂനപക്ഷമായിരുന്ന ടുറ്റ്‌സിന് ഉന്നത വിദ്യാഭ്യാസവും അധികാര സ്ഥാനങ്ങളില്‍ ഉയര്‍ന്ന പദവിയും നല്‍കി സമൂഹത്തില്‍ പിളര്‍പ്പ് വളര്‍ത്തി. വംശീയത്യുടെ അതിരുകള്‍ പുനര്‍ നിര്‍ണ്ണയിച്ചു.വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും അധികാരസ്ഥാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയും ചെയ്ത ഹുടു വിഭാഗം ക്രമേണ അടിമകളായി പരിഗണിക്കപ്പെട്ടു. ആരോഗ്യമുള്ള ഹുടു ചെറുപ്പക്കാര്‍ നിത്യവും രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് പത്ത് അടി വാങ്ങണമായിരുന്നു. കാര്യക്ഷമതയ്ക്കും അനുസരണയ്ക്കും ഇത് ഗുണം ചെയ്യുമെന്ന കിരാതനിയമവും ബെല്‍ജിയം പാസാക്കി.
കുശാഗ്രബുദ്ധികളായ വെള്ളക്കാര്‍ അടിമകളെ വഞ്ചിക്കാന്‍ പതിവു തന്ത്രമായ മതം ഉപയോഗിച്ചു. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടേ കൂലിപ്പട്ടാളക്കാരനായിരുന്ന ജോണ്‍ ഹാനിംഗ് പടച്ചുവിട്ട ഹാമിറ്റിക് സിദ്ധാന്തം പാതിരിമാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
പഴയനിയമ കഥാപാത്രമായിരുന്ന നോഹ മദ്യപിച്ച് ലക്ക് കെട്ട് നഗ്‌നനായി കിടന്നുറങ്ങിയപ്പോള്‍ രണ്ടാമത്തെ മകന്‍ ഹാം സഹോദരങ്ങളെ വിളിച്ച് അപ്പന്റെ നഗ്‌നത കാണിച്ചുകൊടുത്തു എന്ന കാരണത്താല്‍ നോഹ, ഹാമിന്റെ ഇളയ മകന്‍ കാനാനെ ശപിച്ചു എന്ന് ഉല്‍പത്തി പുസ്തകം പറയുന്നു. കാനാന്റെ സന്തതി പരമ്പകളാണ് മധ്യ ആഫ്രിക്കയിലുള്ള ഹുടു വംശജര്‍ ഉള്‍പ്പെടുന്ന ജനവിഭാഗം എന്ന മണ്ടന്‍ സിദ്ധാന്തം ബെല്‍ജിയംകാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുപോന്നു. കാനാന്റെ സന്തതികള്‍ മറ്റു സഹോദരന്മാരെ സേവിക്കും എന്നായിരുന്നു നോഹയുടെ ശാപം. ടുട്‌സികള്‍ യൂറോപ്യന്‍ വേരുകളുള്ള കൊക്കേഷ്യന്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നും അതുകൊണ്ടു ഹുടു വംശജരെ അടിമകളായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും കത്തോലിക്കാ പള്ളികള്‍ വഴി പാതിരിമാര്‍ (വൈറ്റ് ഫാദേഴ്‌സ്) പ്രചരിപ്പിച്ചു.മതവും വെള്ളക്കാരും ചേര്‍ന്ന് നടത്തിയ പീഡനവും ചൂഷണവും വിവേചനവും ടുട്‌സിയേയും ഹുടുവിനേയും കൊടിയ ദാരിദ്ര്യത്തിലേക്കും വംശീയവൈരത്തിലേക്കും തള്ളിവിട്ടു. കത്തോലിക്കാ മതം സ്വീകരിച്ച് മോമോദീസ മുങ്ങാത്തതുകൊണ്ട് യൂഹി മുസിംഗ രാജാവിനെ 1931-ല്‍ സ്ഥാനഭ്രഷ്ടനാക്കി നാട് കടത്തി.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം റുവാണ്ട – ഉറുണ്ടി പ്രദേശങ്ങള്‍ ബെല്‍ജിയത്തിന് ഭരണാനുമതിയുള്ള യുഎന്‍ ട്രസ്റ്റ് ടെറിട്ടറി ആയി പ്രഖ്യാപിക്കപ്പെട്ടു. റുവാണ്ട – ഉറുണ്ടി ഒരു സ്വതന്ത്ര രാജ്യമാകണമെന്നും ബെല്‍ജിയം വിട്ടുപോകണമെന്നുമുള്ള ആവശ്യം ക്രമേണ ഉയര്‍ന്നു വന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അക്കാലമായപ്പോഴേക്കും ആര്‍ക്കും പരിഹരിക്കാനാകത്തവിധം ഹുടുവും ടുട്‌സിയും തമ്മില്‍ വൈര്യത്തിലായി മാറിക്കഴിഞ്ഞിരുന്നു. 1962-ല്‍ റുവാണ്ട എന്ന സ്വതന്ത്ര രാജ്യം പിറക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷവിഭാഗമായ ഹുടു വംശജര്‍ ഭരണം കൈയ്യേല്‍ക്കുന്ന വിധം ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി മാറി. അര നൂറ്റാണ്ട് കാലം ബെല്‍ജിയത്തിന്റെ ഒത്താശയോടെ നടന്ന പീഡനങ്ങള്‍ക്ക് പകരം വീട്ടാന്‍ ഹുടു വശജര്‍ കൈകോര്‍ത്തു. ലക്ഷക്കണക്കിന് ടുട്സികള്‍ നാടുവിട്ടു, പതിനായരങ്ങള്‍ കൊല ചെയ്യപ്പെട്ടു, പകുതിയിലേറെപ്പേര്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി. ഹുടു വംശജരുടെ ഇടയിലെ മിതവാദികളേയും ടുട്‌സികളേയും ഹുടു തീവ്രവാദികള്‍ ശത്രുക്കളായി പ്രഖ്യാപിച്ചു. യുഎന്‍ നേതൃത്വത്തില്‍ നടന്ന പൊതു അഭിപ്രായ വോട്ടെടുപ്പില്‍ റുവാണ്ടയില്‍ രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യസര്‍ക്കാര്‍ നിലവില്‍ വന്നു. സ്വാഭാവികമായും ഭൂരിപക്ഷ വിഭാഗമായ ഹുടു അധികാരത്തിലെത്തി. അന്നുവരെ നിലനിന്നിരുന്ന ഭരണക്രമം തലകീഴായി മറിക്കപ്പെട്ടു, എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ടുട്‌സികള്‍ നീക്കം ചെയ്യപ്പെട്ടു. അവര്‍ നടത്തിയ എല്ലാ ചെറുത്തു നില്‍പ്പുകളും പരാജയപ്പെട്ടുകൊണ്ടിരുന്നു. ഹുടു വംശജരാകട്ടെ സര്‍ക്കാര്‍ സഹായത്തോടെ സായുധസംഘം രൂപീകരിക്കുകയും ടുട്‌സികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു..
രാജ്യത്തെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന അകാസു എന്ന എലീറ്റ് പൊളിറ്റിക്കല്‍ ഗ്രൂപ്പാണ് ഈ കലാപത്തിനു ചുക്കാന്‍ പിടിച്ചത്.. പട്ടാളത്തില്‍ നിന്നും പോലീസില്‍ നിന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന മിലീഷ്യകളില്‍ നിന്നും നിരവധി പേർ കലാപത്തില്‍ പങ്കെടുത്തു !
റുവാണ്ടയിലെ വംശഹത്യ നടക്കുന്നത് ഹുടു ഭൂരിപക്ഷം നയിക്കുന്ന സര്‍ക്കാരും ആര്‍പിഎഫും (Rwandan Patriotic Front ) തമ്മില്‍ കാലങ്ങളായി നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ പാശ്ചാതലത്തിലാണ് .. ആര്‍പിഎഫില്‍ ഭൂരിപക്ഷവും മുന്പ് ടുട്സികള്‍ക്കെതിരെ ആഭ്യന്തര കലാപങ്ങളില്‍ ഉഗാണ്ടയില്‍ അഭയം പ്രാപിച്ച ടുട്സി കുടുംബങ്ങളില്‍ പെട്ടവരാണ്.
കലാപങ്ങള്‍ നിര്‍ത്താനും ടുട്സികളുമായി അധികാരം പങ്കിടാനും 1993 ല്‍ അന്നത്തെ ഹുടു വിഭാഗത്തില്‍ പെട്ട പ്രസിടന്റിനുമേല്‍ (Juvénal Habyarimana) ഉണ്ടായ അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിനു ഫലമായി റുവാണ്ടന്‍ പ്രസിഡന്റ് ഹബിയാരിമാന അധികാരം പങ്കുവയ്ക്കാന്‍ തയ്യാറായി. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ടുട്‌സി വംശജയായ അഗാതെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി പരിമിതമായ അധികാരത്തോടെ ചുമതലയേറ്റു. ഇത് തീവ്രവാദികളായ ഹുടു വംശജരെ ചൊടിപ്പിച്ചു
ഉണ്ടായ പുതിയ അധികാര നിര്‍വചനങ്ങളില്‍ നിരവധി ഹുടു തീവ്രവാദികളും അകാസു അംഗങ്ങളും അങ്ങേയറ്റം അതൃപ്തരായിരുന്നു.ആര്‍പിഎഫ് കൂടെ അധികാരത്തില്‍ പങ്കാളി ആയതോട് കൂടെ ഹുടു വിഭാഗകാര്‍ക്കിടയില്‍ "ഹുടു പവര്‍" എന്ന ആശയം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. റുവാണ്ടയില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ ഹുടു ആധിപത്യം ആയിരുന്നു ഹുടു പവര്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത്.. ടുട്സികളെ പൂര്‍ണ്ണമായും വേര്‍തിരിച്ച് മാറ്റി നിര്‍ത്തുകയും വേണം. ഏതെങ്കിലും ഒരു ഹുടു, ഒരു ടുട്സി സ്ത്രീയെ സുഹൃത്ത് ആക്കുകയോ, കല്യാണം കഴിക്കുകയോ, സെക്രട്ടറി ആയി ജോലി നല്‍കുകയോ ഒക്കെ ചെയ്‌താല്‍ അവരെ ഹുടു വഞ്ചകര്‍ ആയി കണക്കാക്കപ്പെടും.. !
അടിസ്ഥാനപരമായി മേല്‍ക്കോയ്‌മയും, വംശീയ ഉന്മൂലനം തന്നെ ലക്‌ഷ്യം.
ആര്‍പിഎഫ് എന്നാല്‍ ഒരു വൈദേശിക ശക്തിയാണെന്നും അവര്‍ ടുട്സി ആധിപത്യം കൊണ്ടുവന്ന് ഹുടു വിഭാഗക്കാരെ അടിമകള്‍ ആക്കാനുള്ള പദ്ധതി ആണെന്നും പ്രചരിപ്പിക്കുന്നതിലൂടെ മുന്പ് പലരും തഴഞ്ഞിരുന്ന ഹുടു പവര്‍ എന്നാ ആശയത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു
1994-ല്‍ അജ്ഞാതര്‍ ഹബിയാരിമാനയുടെ വിമാനം വെടിവച്ച് തകര്‍ത്തു. വിമാനത്തിലുണ്ടായിരുന്ന ഹബിയാരിമാനയും ബെറുണ്ടി പ്രസിഡന്റും അപകടത്തില്‍ കൊല്ലപ്പെട്ടു. ഹുടു തീവ്രവാദികള്‍ കൊലപാതകത്തിന്റെ കുറ്റം ടുട്‌സികളില്‍ ആരോപിച്ചു. പിറ്റേന്ന് രാവിലെ മുതല്‍ റുവാണ്ടന്‍ റേഡിയോയിലൂടെ വംശഹത്യക്കുള്ള ആഹ്വാനം പ്രക്ഷേപണം ചെയ്തു തുടങ്ങി. ഉയരമുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നായിരുന്നു പരോക്ഷമായ യുദ്ധാഹ്വാനം. ടുട്‌സികള്‍ ഹുടുവിനേക്കാള്‍ ഉയരക്കൂടുതല്‍ ഉള്ളവരായിരുന്നു.
പിറ്റേന്ന് മുതല്‍ റുവാണ്ടന്‍ ഗ്രാമങ്ങള്‍ കൊലക്കളമായി മാറി. മിതവാദികളായ ഹുടു വംശജരേയും ടുട്‌സികളേയും കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ തുടങ്ങി. കൊലപാതകത്തിന്റെ നിരക്ക് (റേറ്റ്) കൊണ്ടും കൊല ചെയ്ത രീതിവച്ചും റുവാണ്ടന്‍ വംശഹത്യ, നാസി വംശഹത്യയെക്കാള്‍ ക്രൂരവും പൈശാചികവുമായിരുന്നു. ഒരു ദിവസം ശരാശരി എണ്ണായിരം പേരെയാണ് കൊന്നു തള്ളിക്കൊണ്ടിരുന്നത്. കത്തിയും വാളുമായിരുന്നു പ്രധാന ആയുധങ്ങള്‍. ടുട്‌സി വംശം നശിക്കുന്നതിന് കുട്ടികളെ കൊന്നൊടുക്കണം എന്ന് റേഡിയോയിലൂടെ പരോക്ഷമായി നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു.
വംശഹത്യയുടെ നൂറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എട്ടു ലക്ഷം ടുട്‌സികളും മിതവാദികളായ ഹുടുവംശജരും കൊല ചെയ്യപ്പെട്ടു. രണ്ടര ലക്ഷം സ്ത്രീകള്‍ ബാലാത്സംഗം ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം അജ്ഞാതമായി അവശേഷിക്കുന്നു. പള്ളികളില്‍ അഭയം തേടിയ ആയിരങ്ങളെ വെട്ടിയും കുത്തിയും കൊന്നൊടുക്കിയപ്പോള്‍ അവര്‍ വിശ്വസിച്ച ദൈവം പോലും സഹായിക്കാനുണ്ടായില്ല.
ഈ സമയമെല്ലാം യുണൈറ്റഡ് നേഷന്‍സ് എന്ന് നോക്കു കുത്തി സംഘടന മൗനം അവലംബിക്കുകയായിരുന്നു. പ്രാകൃതമായ ആയുധങ്ങള്‍ക്കൊണ്ട് നിസ്സഹായരായ ഗ്രാമീണര്‍ ക്രൂരമായി കൊല ചെയ്യപ്പെടുമ്പോള്‍ അതിനെ വംശഹത്യ എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അമേരിക്ക വിലക്കി. റുവാണ്ട അതിന്റെ വിധി നേരിടട്ടെ എന്ന് യു എന്‍ തീരുമാനിച്ചു. അതിന് ഒരു കാരണമുണ്ടായിരുന്നു. റുവാണ്ടന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് പ്രധാനമന്ത്രി അഗാതെയുടേ അംഗരക്ഷകരായിരുന്ന പത്ത് ബെല്‍ജിയം ഗാര്‍ഡുകളെയും പ്രധാനമന്ത്രിയേയും കുടുംബത്തേയും ഹുടു തീവ്രവാദികള്‍ കൂട്ടത്തോടെ വധിച്ചു. അതോടെ നിരീക്ഷകരായി റുവാണ്ടയില്‍ ഉണ്ടായിരുന്ന രണ്ടായിരത്തിലധികം സൈനികരെയും യുഎന്‍ തിരികെ വിളിച്ചു. ഹീനമായ കൊലപാതകങ്ങള്‍ റുവാണ്ടയില്‍ അരങ്ങേറുമ്പോള്‍ ഇരുന്നൂറില്‍ താഴെ യു.എന്‍ സൈനികര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് വെള്ളപ്പട്ടാളക്കാര്‍ക്ക് എട്ടു ലക്ഷം ‘പ്രാകൃതരായ’ റുവാണ്ടന്‍ ജനതേയേക്കാള്‍ വിലയുള്ളതായി യു എന്‍ കരുതിയതില്‍ അത്ഭുതമില്ല. ഏത് നിര്‍ണ്ണായക തീരുമാനവും ഒരൊറ്റ രാജ്യത്തിന് വീറ്റോ ചെയ്യാന്‍ കഴിയുന്നവിധം രൂപകല്‍പ്പന ചെയ്ത ജനാധിപത്യരഹിതമായ ഒരു സംഘടനയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമില്ല.
വംശഹത്യക്ക് ശേഷം സ്വീഡിഷ് പ്രധാനമന്ത്രി ഇങ്വാര്‍ കാള്‍സണ്‍ നയിച്ച യു എന്‍ കമ്മറ്റി നിര്‍ണ്ണായകമായ ചില കണ്ടെത്തലുകള്‍ നടത്തി. റുവാണ്ടയില്‍ സമാധാന നിരീക്ഷണ ചുമതല ഉണ്ടായിരുന്ന കനേഡിയന്‍ പട്ടാളക്കാരന്‍ ലഫ്. ജനറല്‍ റോമിയോ ഡല്ലയര്‍ ജനുവരി 11-ന് വംശഹത്യയ്ക്കുള്ള സാധ്യതകള്‍ അന്നത്തെ യുഎന്‍ പ്രസിഡന്‍റ് ബുത്രോസ് ഹാലിയെ അറിയിക്കുന്നതിനും സുരക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി കോഫി അന്നാനെ അറിയിച്ചിരുന്നു. പക്ഷേ, ഈ വിവരം സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിക്കാതെ കോഫി അന്നാന്‍ മറച്ചുവച്ചു. ആയിരക്കണക്കിനു ടുട്‌സികള്‍ ആത്മരക്ഷാര്‍ത്ഥം ഒളിച്ചു താമസിച്ചിരുന്ന ഒരു സ്‌കൂളില്‍ നിന്നും സംരക്ഷണ ചുമതലയുണ്ടായിരുന്ന യുഎന്നിന്റെ പട്ടാളക്കാര്‍ കള്ളം പറഞ്ഞ് റുവാണ്ടയില്‍ നിന്നും മടങ്ങിപ്പോന്നത് ക്രൂരമായ പ്രവര്‍ത്തിയായി അന്താരാഷ്ട്ര സമൂഹം വിലയിരുത്തി. വികസിത രാജ്യങ്ങളുടെ ഹീനമായ അവഗണന വംശഹത്യയുടെ തീവ്രത വര്‍ധിപ്പിച്ചതായും കണ്ടെത്തി.
ഈ കൂട്ടക്കൊലയില്‍ RTLM റേഡിയോ വഹിച്ച പങ്ക് വളരെ വലുതാണ്.. നിരന്തരം ടുട്സികള്‍ക്ക് എതിരെയുള്ള ആഹ്വാനങ്ങളും കൊല നടത്താനുള്ള നിര്‍ദേശങ്ങളും എല്ലാം നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരുന്നു.. എവിടെയൊക്കെ ആണ് ടുട്സികള്‍ അഭയം പ്രാപിച്ചിട്ടുള്ളത് എന്നാ വിവരങ്ങള്‍ വരെ അക്രമാരികള്‍ക്ക് റേഡിയോ വഴി വ്യാപകമായി എത്തിച്ചു കൊണ്ടിരുന്നു.. കൊക്രോചുകള്‍ (കൂറ) എന്നായിരുന്നു ടുറ്സികളെ RTLM വിശേഷിപ്പിച്ചത്.. making acts of violence against them seem less inhumane !
അന്താരാഷ്‌ട്ര ഇടപെടുകള്‍ കാര്യമായി ഉണ്ടായില്ല, ഉണ്ടായത് തന്നെ ഫലവത്തായുമില്ല.. അവസാനം ടുട്സി ആധിപത്യമുള്ള റിബല്‍ ഗ്രൂപ്പ് ആയ ആര്‍പിഎഫ് ഹുടു അധികാരികളെ കീഴ്പ്പെടുത്തി പ്രസിടന്റ്റ് പോള്‍ കഗാമെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ആണ് അക്രമങ്ങള്‍ അവസാനിച്ചത്
സമാധാനപരമായി ജീവിച്ചിരുന്ന ജനതയുടെ ഉള്ളില്‍ വെള്ളക്കാര്‍ ചൂഷണത്തിനുവേണ്ടി വിതച്ച വംശീയ വൈര്യത്തിന്റെ പരിണിതഫലവും അതിനെ ന്യായീകരിക്കാന്‍ ബൈബിള്‍ കഥയുടെ അടിസ്ഥാനത്തില്‍ പടച്ച ഊഹസിദ്ധാന്തവും എട്ടു ലക്ഷം മനുഷ്യരുടെ കൂട്ടക്കുരുതിയില്‍ എത്തിച്ച നടുക്കുന്ന കഥയാണ് റുവാണ്ടയില്‍ 1994-ല്‍ നടന്ന വംശഹത്യ.
ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന റുവാണ്ട ഇന്ന് വികസത്തിന്റെ പാതയിലാണ്. വംശഹത്യ നടന്നിട്ട് ഇരുപത്തി മൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞു. ലോകത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം നൂതനമായ ഒരു സമാധാന ദൗത്യം റുവാണ്ടയില്‍ നടന്നു കൊണ്ടിരിക്കുന്നു. തങ്ങളുടെ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മുന്നിട്ടിറങ്ങിവരെ വിവാഹം കഴിക്കാന്‍ ടുട്‌സി സ്ത്രീകള്‍ തയ്യാറായി. വംശീയ വൈര്യത്തില്‍ അന്ധരായിപ്പോയ ഗൃഹനാഥന്മാര്‍ കുറ്റബോധത്തോടെ കുടുംബത്തെ സ്‌നേഹിച്ച് മക്കളെ വളര്‍ത്തുന്നു. വംശീയവിഷം അടുത്ത തലമുറയിലേക്ക് പകരാതെ, ഹുടു ആരെന്നും ടുട്‌സി ആരെന്നും തിരിച്ചറിയാനാകാതെ കുട്ടികള്‍ തെരുവില്‍ വളരുന്നു.
ദാരിദ്ര്യമാണ് ഇന്ന് അവരുടെ പ്രധാന ശത്രു. റുവാണ്ടയിലെ 64 ശതമാനം പാര്‍ലമെന്റ് അംഗങ്ങള്‍ സ്ത്രീകളാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ന് റുവാണ്ടയ്ക്കുണ്ട്.
വലിയ വില കൊടുത്തവരാണ്, വലിയ നേട്ടം കൊയ്യുമെന്ന് ആശിക്കാം. വര്‍ഗ്ഗീയതയും വംശീയതയും വിതക്കുന്നവര്‍ ഹൃസ്വദൃഷ്ടികളായ സാമൂഹിക ദ്രോഹികളാണ്, സ്വദേശികളായാലും വിദേശികളായാലും. ഇവര്‍ കുടം തുറന്നുവിടുന്ന ദുര്‍ഭൂതങ്ങള്‍ അത്യന്തം വിനാശകാരികളാണ്. വിഭാഗീയത വളര്‍ത്തുന്ന അധികാരസ്ഥാനങ്ങളെ തിരിച്ചറിയാന്‍ എല്ലാ സമൂഹങ്ങള്‍ക്കും കഴിയട്ടെ. റുവാണ്ടയില്‍ വീണ നിരപരാധികളുടെ ചോര എല്ലാ സമൂഹത്തിനുമുള്ള മുന്നറിയിപ്പാണ്