മാടൻ, യക്ഷി എന്നിങ്ങനെയുള്ള മനുഷ്യഇതര ശക്തികൾ അടക്കി വാണിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് മുത്തശ്ശികഥകളിലൂടെയും മറ്റും നാം കേട്ടറിഞ്ഞതാണ്. കാരണം അന്ന് ശാസ്ത്രീയമായ അറിവുകൾ പരിമിതമായിരുന്നു. , നിരക്ഷരരായ ജനങ്ങൾ കൂടുതലായിരുന്നു. പിന്നീട് കാലം ശാസ്ത്രത്തോടൊപ്പം വളർന്നപ്പോൾ യക്ഷിയും മാടനുമൊക്കെ എങ്ങോ പോയി മറഞ്ഞു. എന്നിരുന്നാലും ഈ നൂറ്റാണ്ടിലും അമാനുഷിക ശക്തികളിൽ ഭയമർപ്പിച്ചു ജീവിക്കുന്നവരുണ്ട്, കാരണം അവരുടെയൊക്കെ മനസ്സിൽ പണ്ടു മുതലേ ഡീകോഡ് ചെയ്യപ്പെട്ട മനുഷ്യഇതര ശക്തികളോടുള്ള ഭയം അർദ്ധരാത്രിയിൽ ഒരു ഇല അനങ്ങിയാൽപ്പോലും അവനിൽ ഭീതി ഉളവാക്കുന്നു. സമ്പൂർണ സാക്ഷരത നേടിയെന്നു അഭിമാനിക്കുന്ന നമ്മൾ പ്രബുദ്ധരായ മലയാളികൾ പോലും ഇത്തരം വിശ്വാസങ്ങളെ പിന്തുടരുന്നു. ഒരു വീട്ടിലോ പ്രദേശത്തോ ആർക്കെങ്കിലും ഒരു അസാധാരണ അനുഭവം നേരിട്ടാൽ അത് പ്രേതം പോലെയുള്ള അദൃശ്യശക്തികൾ ചെയ്യുന്നതാണെന്ന് വിശ്വസിക്കും. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ എത്രയെത്ര ജീവനുകളാണ് മന്ത്രവാദക്കളങ്ങളിൽ പൊലിഞ്ഞുപോയത്!!. ദൈവ വിശ്വാസികളുണ്ടാവാം, മിതമല്ലാത്ത രീതിയിലാണെങ്കിൽ അതൊരു നല്ല വിശ്വാസമാണെന്നു കരുതാം, പക്ഷെ ഈ പ്രേതത്തിലൊക്കെ വിശ്വസിച്ചിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുക?. അദൃശ്യ ശക്തികളിൽ അർപ്പിച്ചിരിക്കുന്ന ഭയം സ്വന്തം മനസിനെ ദുർബ്ബലപ്പെടുത്തുകയല്ലാതെ മറ്റു പ്രയോജനങ്ങളൊന്നും ലഭിക്കില്ല. പ്രേതാനുഭവങ്ങളെന്നു കരുതുന്ന ചില അനുഭവങ്ങളുടെ ശാസ്ത്രീയ വിശദീകരണങ്ങളിലേക്ക് നമുക്ക് കടക്കാം.
ചുരുളഴിഞ്ഞ ഓജോ ബോർഡ്: വിദ്യാര്ഥികള്ക്കിടയിലും മറ്റും ഒരുപോലെ പ്രസിദ്ധിയും കുപ്രസിദ്ധിയുമാർജ്ജിച്ച ഒന്നാണ് ഓജോ ബോർഡ് എന്ന സംഗതി. ഹോസ്റ്റലുകളിലും മറ്റും അർധരാത്രി ഓജോ ബോർഡ് പരീക്ഷിച്ചിട്ടുള്ളവരും ചില്ലറയല്ല. പലരും വിശ്വസിക്കുന്നത് ആത്മാവുമായി സംവദിക്കാൻ പറ്റിയ മഹാസംഭവമാണെന്നാണ് , ഇരുട്ടിൽ മെഴുകുതിരി കൊളുത്തിവച്ച് ഓജോ ബോർഡിൽ ആത്മാവിനെ വിളിച്ചാൽ ആത്മാവ് വരികയും, നാണയം വഴി ഓജോബോർഡിലെ ഇംഗ്ലീഷ് അക്ഷരമാലയിലൂടെ സ്വയം പരിചയപ്പെടുത്തുകയും കളിതമാശകൾ പറഞ്ഞു അവസാനം ടാറ്റ ബൈ പറഞ്ഞു പോവുകയും ചെയ്യുന്നെന്നാണ് കേട്ടുകേഴ്വി. ചിലരൊക്കെ ഓജോ പരീക്ഷിച്ച് പേടിച്ചരണ്ട് ഭ്രാന്ത് വരെയായ സംഭവങ്ങൾ കേട്ടിട്ടുണ്ട്. അത് കൊണ്ടാണ് കുപ്രസിദ്ധിയാര്ജിച്ചതെന്നുകൂടി പറഞ്ഞത്. എന്നാൽ ശാസ്ത്രം ഓജോ ബോർഡ് എന്ന വ്യാജക്കളിയുടെ ചുരുളഴിച്ച് കൊടുത്തിട്ടുണ്ട്. നമ്മുടെ ഉപബോധമനസ്(Unconscious Mind) ഉണ്ടാക്കുന്ന 'ഇഡിയോമോട്ടോർ എഫക്ട്' അല്ലെങ്കിൽ' ഇഡിയോമോട്ടോർ റെസ്പോൺസ്'(Ideomotor Effect) എന്ന പ്രതിഭാസമാണ് നാം ഓജോബോർഡിൽ വിരലുകൾ ചലിപ്പിക്കുന്നതിനു പിന്നിൽ. ഓജോബോർഡ് ഉപയോഗിക്കുമ്പോൾ ഉപബോധപരമായി ചില രൂപങ്ങളും ചിന്തകളും നമ്മുടെ തലച്ചോർ സൃഷ്ടിക്കുന്നു. ബോധമനസ് അറിയാതെ തലച്ചോറിൽ നിന്നു നേരിട്ട് ആവേഗങ്ങൾ കൈകളിലേക്കെത്തി കൈവിരലുകളെ നാണയത്തിനൊപ്പം ചലിപ്പിക്കുന്നു. അല്ലാതെ ഒരു അമാനുഷിക ശക്തിയുമല്ല അവിടെ നമ്മെ നിയന്ത്രിക്കുന്നത്. ഓജോബോർഡിലെ ശാസ്ത്ര രഹസ്യം ഏറെക്കുറെ പുറത്തായതാണ്. ഓജോബോർഡ് പരീക്ഷിക്കാൻ പ്ലാൻ ചെയ്തിരുന്നവർ കണ്ണു കെട്ടിയും ഒന്നു പരീക്ഷിക്കുക. വ്യത്യാസം കണ്ടറിയാലോ.
ഭയപ്പെടുത്തുന്ന ഇൻഫ്രാസോണിക്: " ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അപ്പുറത്തെ പൂട്ടിക്കിടന്ന മുറിയിൽ നിന്നു അവ്യക്തമായ സംസാരശകലങ്ങൾ കേൾക്കുന്നു, ഇത് ദിനവും കേൾക്കാറുണ്ട് ' ചില അനുഭവസ്ഥരുടെ അഭിപ്രായമാണിത്. രാത്രികാലങ്ങളിൽ ഉറക്കം അലോസരപ്പെടുത്തി ഭയം സമ്മാനിക്കുന്ന ചില അവ്യക്ത ശബ്ദവീചികൾ. Spooky Sounds അഥവാ ദുഷ്ശബ്ദങ്ങൾ എന്നാണ് പൊതുവെ ഇത്തരം ശബ്ദങ്ങൾക്ക് പറയുന്നത്. അതെന്തുമാകാം കരച്ചിലാകാം, ചിരിയാകാം, സംസാരശകലങ്ങളോ കാൽപെരുമാറ്റമോ ആകാം. മനുഷ്യ സാനിധ്യമില്ലാത്തൊരിടത്തു നിന്നും ഇത്തരം ശബ്ദങ്ങൾ കേൾക്കാനിടവരുന്ന സാധാരണക്കാരന് എന്താ ചിന്തിക്കുക എന്നറിയാല്ലോ!!. 20Hz-20Khz ആവൃതിയിൽ വരുന്ന ശബ്ദതരംഗങ്ങളെ അവനു കേൾക്കുവാൻ കഴിയുകയുള്ളു. 20Hz താഴെയുള്ള ശബ്ദതരംഗങ്ങളെ ഇൻഫ്രാസോണിക് സൗണ്ടെന്നും, 20Khz ൽ മുകളിലുള്ള ശബ്ദതരംഗങ്ങളെ അൾട്രാസോണിക് സൗണ്ടെന്നും പറയുന്നു. 20Hz ൽ താഴെയുള്ള ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങളെ മനുഷ്യ കര്ണത്തിന് കേൾക്കുവാൻ കഴിയില്ലെങ്കിലും ഒരു 16hz വരെ തിരിച്ചറിയുവാൻ സാധിക്കുന്നു. അവ കമ്പനങ്ങളുടെ രൂപത്തിലാണ് നാം അറിയുന്നത്(vibrations). മനുഷ്യന്റെ കണ്ണ്, വയർ എന്നീ ഭാഗങ്ങളിലാണ് ഇവ വൈബ്രേഷന്സ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ കണ്ണിൽ ഒരു 17hz ആവൃതിയിലുള്ള ഒരു ഇൻഫ്രാസോണിക് വൈബ്രേഷൻ ഉണ്ടായെന്നു കരുതുക, അത് ന്യൂറോൺ വഴി നേരിട്ട് തലച്ചോറിലേക്ക് എത്തുകയും നിങ്ങളിൽ ഒരു തരം നെഗറ്റീവ് എഫക്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഒരിക്കലും ഇത്തരം വൈബ്രേഷൻ നമ്മൾക്ക് തിരിച്ചറിയുവാൻ സാധിക്കുകയില്ല. പ്രധാനമായും നമ്മുടെ നേത്രഗോളങ്ങളെയും, കര്ണപുടത്തിനെയും നല്ലരീതിയിൽ സ്വാധീനിക്കാൻ ഇത്തരം ഇൻഫ്രാസോണിക് വൈബ്രേഷൻ കൊണ്ട് സാധിക്കും. ഏതാണ്ട് 16-19hz ആവൃതിയിലുള്ള ശബ്ദതരംഗങ്ങൾ നമ്മുടെ നേത്രഗോളത്തെ വൈബ്രേറ്റ് ചെയ്യിപ്പിച്ച് ചില അവ്യക്തരൂപങ്ങൾ കാണുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഫാൻ വഴിയോ, ചില ഇലക്ട്രിക് ഉപകരണങ്ങൾ വഴിയോ, നമ്മുടെ അന്തരീക്ഷത്തിലെ തന്നെ മറ്റു തരംഗങ്ങൾ വഴിയോ ഇത്തരം ഇൻഫ്രാസൗണ്ട് ഉണ്ടാകാം. എവിടുന്നെങ്കിലും വല്ല അസാധാരണ ശബ്ദമോ മറ്റോ കേട്ടാൽ അത് പ്രേതമുണ്ടാക്കുന്നതാണെന്നു തെറ്റിദ്ധരിക്കേണ്ട.
ആ തണുപ്പിന്റെ രഹസ്യം: മനുഷ്യഇതര ശക്തികളുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന പല വീടുകളിലും മറ്റും ഒരു തരം തണുപ്പ് അനുഭവപ്പെടുന്നതായി പറയാറുണ്ട്. സാധാരണയിൽ നിന്നു അസാധാരണായി ഊഷ്മാവ് നില കുറഞ്ഞ ഏരിയകളെ പാരനോർമൽ ഗവേഷകർ കോൾഡ് സ്പോട്ട്(Cold Spot) എന്നാണ് പറയുക. ആത്മാവിന്റെ സാന്നിധ്യമുണ്ടാകുമ്പോൾ ആ ഭാഗത്തെ ഊഷ്മാവ് നില അസാധാരണമായി കുറയുന്നു, അതായത് നാട്ടുകാരെ പേടിപ്പിക്കാൻ പ്രേതം കുറഞ്ഞ ഊഷ്മാവ് ഉപയോഗിക്കുന്നുവെന്ന്. ശാസ്ത്രം ഏതാണ്ട് ആ വാദവും പൊളിച്ചുകൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ആത്മാവിന്റെ സാന്നിധ്യമുണ്ട് എന്നു കരുതുന്ന ഒരു വീട് സങ്കൽപ്പിക്കുക. പകലിനെ അപേക്ഷിച്ച് രാത്രി ഊഷ്മാവ് നില കുറഞ്ഞിരിക്കുമല്ലോ. രാത്രി ആ വീട്ടിലെ ജനാലകൾ മുഴുവൻ അടച്ചാലും ചിമ്മിനി വഴിയോ വെന്റിലേറ്റർ വഴിയോ വായു ഉള്ളിലേക്ക് കടക്കാം. ആ വീട്ടിലെ എല്ലാവസ്തുക്കൾക്കും അതിന്റെതായ ഊഷ്മാവ് നിലയുണ്ട്. ഒന്നിന്റെ ഊഷ്മാവ് മറ്റൊന്നിനെ അപേക്ഷിച്ച് ഏറിയുംകുറഞ്ഞുമിരിക്കും. നോർമൽ room temperature വിലയുമായി(20°C or 300 k) ഏകീകരിക്കുവാൻ വേണ്ടി ആ വസ്തുക്കൾ താപസംവഹനം(Convection) എന്ന പ്രക്രിയയിലേർപ്പെടുന്നു. ഏകദേശം അതുപോലെയാണ് മേല്പറഞ്ഞ പ്രവർത്തനവും, ഈർപ്പമുള്ള മുറിയിലേക്ക് ചിമ്മിനി വഴിയോ മറ്റോ കടന്നു വരുന്ന വരണ്ട വായു( dry Air) മുറിയിലെ ഈർപ്പം കാരണം തറയിലേക്ക് നിർഗമിക്കുന്നു. തൽഫലമായി ഈർപ്പമേറിയ തണുത്ത വായു തറയിൽ നിന്നും ബഹിർഗമിച്ച് ഒരു തരം തണുപ്പ് അനുഭവപ്പെടുന്നു. അല്ലാതെ അത് പ്രേതം വന്നു തണുപ്പിക്കുന്നതല്ല. പ്രേത ഗവേഷകരുടെ കോൾഡ് സ്പോട്ട് വാദവും അതോടെ പൊളിഞ്ഞു.
കാർബൺ മോണോക്‌സൈഡ് എന്ന വില്ലൻ : മിക്ക പ്രേതാനുഭവങ്ങളിലെയും പ്രധാനവില്ലനാണ് കാർബൺ മോണോക്‌സൈഡ്(CO)എന്ന മണവും നിറവുമില്ലാത്ത വാതകം. മിക്ക അനുഭവങ്ങളിലെയും പ്രേതത്തിന്റെ റോൾ വഹിക്കുന്നത് ഈ വാതകമാണ്. സാധാരണയിൽ നിന്നു വളരെ ഭീതിയേറിയ പ്രേതാനുഭവങ്ങൾ വരെയുണ്ടാക്കുവാൻ ഈ വാതകത്തിനു കഴിയുമെന്ന്. അമേരിക്കൻ സ്കെപ്റ്റിക് ഗവേഷകനും ഒഫ്താൽമോളജിസ്റ്റുമായ വില്യം വിൽമർ പറയുന്നു. അദ്ദേഹത്തിന്റെ American Journal Of Ophthalmology എന്ന പ്രസിദ്ധീകരണത്തിൽ ഇതിനെക്കുറിച്ച് സൂചനയുണ്ട്. കാർബൺ മോണോക്‌സൈഡ് മനുഷ്യനിൽ ഉണ്ടാക്കുന്ന ചില അനുഭവങ്ങളെക്കുറിച്ച് തെളിവ് സഹിതം അതിൽ വിശദീകരിക്കുന്നുണ്ട്. വാതിലുകൾ അസാധാരണമായി അടയുന്ന ശബ്ദം കേൾക്കുക, ഫർണീച്ചറുകൾ നിരക്കുന്ന ശബ്ദം കേൾക്കുക, വിജനമായ മുറിയിൽ കാൽപ്പെരുമാറ്റം കേൾക്കുന്നത് പോലെ തോന്നുക, രാത്രിയിൽ വീടിനുള്ളിൽ അപരിചിതരായ മനുഷ്യരൂപങ്ങൾ കാണുക. ഇവയൊക്കെ കാർബൺ മോണോക്‌സൈഡ് ഉണ്ടാക്കുന്ന അനുഭവങ്ങളിൽ ചിലതാണ്. പ്രേതഭീതിയിൽ അകപ്പെട്ട് കഴിഞ്ഞിരുന്ന ഒരു കുടുംബം വിൽമറെ ഒരിക്കൽ സമീപിച്ചിരുന്നു. ആ വീട്ടിലെ ഗൃഹനാഥ പറഞ്ഞത് താൻ രാത്രിയിൽ അടുക്കള ജോലി കഴിഞ്ഞു മുറിയിലേക്ക് പ്രവേശിക്കുമ്പോൾ അപരിചിതരായ രണ്ടു സ്ത്രീ-പുരുഷ രൂപങ്ങൾ തന്റെ കിടപ്പുമുറിയിൽ നിൽക്കുന്നതായിട്ടു കാണുകയും. സെക്കന്റുകളോളം ആ ചിത്രം തന്റെ കണ്മുന്നിൽ നിൽക്കുകയും പെട്ടന്ന് മായുകയും ചെയ്യുന്നു. അവരുടെ കുട്ടികൾ രാത്രിയിൽ കസേരയിലിരിക്കുന്ന ഒരു രൂപം കണ്ടു പതിവായി ഭയന്ന് നിലവിളിക്കാറുണ്ടത്രെ. ഇങ്ങനെയുള്ള പല ഭീതിയുളവാക്കുന്ന അനുഭവങ്ങളാൽ പൊറുതിമുട്ടിയാണ് ആ കുടുംബം വിൽമറെ സമീപിച്ചത്. വിൽമറും സംഘവും ആ വീട്ടിൽ നടത്തിയ അന്വേഷണ നിരീക്ഷണത്തിലൂടെ കാർബൺ മോണോക്‌സൈഡാണ് ഈ അനുഭവങ്ങളുടെയെല്ലാം ഹേതുവെന്നു മനസിലായി. ആ വീട്ടിലെ ചിമ്മിനിയോട് ചേർന്നുള്ള കേടായ ഒരു ഫർണ്ണസ് അവർ കണ്ടെടുത്തിരുന്നു. അതിൽ നിന്നുയരുന്ന പുകയിൽ കുറച്ചൊക്കെ വീടിനുള്ളിലേക്ക് ബഹിർഗമിക്കുകയും ചെയ്തിരുന്നു. ആ പുകയിലടങ്ങിയ കാർബൺ മോണോക്‌സൈഡാണ് അനുഭവങ്ങൾക്ക് കാരണം. ഫർണ്ണസിന്റെ തകരാർ പരിഹരിച്ചപ്പോൾ വീട്ടുകാരുടെ അനുഭവങ്ങൾക്ക് ശമനമുണ്ടായി. കാർബൺ മോണോക്‌സൈഡ് നമ്മളിൽ എങ്ങനെ പ്രവർത്തിച്ച് ഇത്തരം അനുഭവങ്ങളുണ്ടാക്കുന്നതെന്നു നോക്കാം. കാർബൺ മോണോക്‌സൈഡ് മണമോ നിറമോ ഇല്ലാത്തൊരു വാതകമാണ്, പെട്ടന്ന് തിരിച്ചറിയാനും പ്രയാസമാണ്. നമ്മുടെ രക്തത്തിലെ അരുണ രക്താണുക്കൾ(Red Blood Cells) ഓക്സിജൻ ആഗിരണം ചെയ്യുന്നതിനേക്കാൾ വേഗതയിൽ കാർബൺ മോണോക്‌സൈഡ് ആഗിരണം ചെയ്യുന്നു. തൽഫലമായി രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. ഓക്സിജന്റെ അധസ്ഥിതത്വം കാരണം നമ്മളിൽ ക്ഷീണം, തളർച്ച,ചില നെഗറ്റീവ് അനുഭവങ്ങൾ മായകാഴ്ചകൾ എന്നിവയൊക്കെ ഉണ്ടാക്കാമെന്ന് ശാസ്ത്രം കണ്ടെത്തിയതാണ്. ചില പഴയ മോഡൽ വീടുകളിലെ തടികൾ ദ്രവിക്കുന്നതുമൂലമോ ഈർപ്പം കയറുന്നത് മൂലമോ കാർബൺ മോണോക്‌സൈഡ് ഉണ്ടാകാമെന്നു കണ്ടെത്തിയിട്ടുള്ളതാണ്. നാലുകെട്ട് പോലെയുള്ള വീടുകളിൽ തടി കൊണ്ടുണ്ടാക്കിയ പട്ടികകളും, ഉത്തരങ്ങളും ധാരാളം കാണുവാൻ സാധിക്കും. ഇത്തരം ചില വീടുകളിൽ(എല്ലാം ഇല്ല) പ്രേതാനുഭവങ്ങൾ നേരിട്ടതായി അവിടെ താമസിക്കുന്നവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വ്യവസായ വത്കരിച്ച നമ്മുടെയൊക്കെ നാടുകളിൽ കാർബൺ മോണോക്‌സൈഡ് സാനിധ്യം അല്ലാതെയും ഉണ്ടാകാം.
മാസ്സ് ഹിസ്റ്റീരിയ: ഗ്രാമത്തെ അപേക്ഷിച്ച് നഗരം കുറച്ചു പോപ്പുലേറ്റഡ് ആണ്. ഗ്രാമവാസികളെ അപേക്ഷിച്ച് നഗര വാസികളിൽ കൂടുതൽ കണ്ടു വരുന്ന ഒരു സൈക്കോളജിക്കൽ പ്രതിഭാസമാണ് മാസ്സ് ഹിസ്റ്റീരിയ. ജോലി സംബന്ധമായും പഠനസംബന്ധമായും തിരക്കേറിയ ജീവിതം നയിക്കുന്നവരിലാണ് ഈ അവസ്ഥ കണ്ടു വരുന്നത്. സൈക്കോളജിക്കലായി ഒരാളിലുണ്ടാകുന്ന മിഥ്യാബോധം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുക. സൈക്യാട്രിയിൽ പറയുകയാണെങ്കിൽ ശരീരം പെട്ടെന്നുണ്ടാകുന്ന ചില രാസവസ്തുക്കളും-ഹോർമോണുകളും കാരണം അയാളിൽ ഭയം ജനിപ്പിച്ച് ഇല്ലാകാഴ്ചകൾ കാണിക്കുന്നു. [ Spontaneous production of Chemicals in human body of same or Similar hysterical physical symptoms by more than one persons] . പലരും പറയാറില്ലേ ഞങ്ങൾ എല്ലാവരും പ്രേതസാമീപ്യം അനുഭവിച്ചു എന്നൊക്കെ. അതായത് ഒന്നിച്ചു സഹവസിക്കുന്നവരിലോ മറ്റോ ഒരാൾക്ക് ഉണ്ടാകുന്ന അനുഭവം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഒരാൾ കാണുന്ന കാഴ്ച അയാളോടൊപ്പമുള്ള മറ്റുള്ളവരിലേക്കും പകരപ്പെടാമെന്നുള്ള അവസ്ഥ. അന്ന് പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഇക്കഴിഞ്ഞ 2016 വരെ 35 ഓളം മാസ്സ് ഹിസ്റ്റീരിയൽ അനുഭവങ്ങൾ ലോകത്തിന്റെ നാനാകോണിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2001 ൽ ഡൽഹിയിൽ കണ്ടെന്നു പറയുന്ന മനുഷ്യകുരങ്ങു രൂപം മാസ്സ് ഹിസ്റ്റീരിയയുടെ ഫലമാണെന്ന് സംശയിക്കുന്നു. തിരക്കും കർക്കശ്യ സ്വഭാവവുമുള്ള തൊഴിലുകൾ ചെയ്യുന്നവർ, അച്ചടക്ക നിലപാട് കൂടിയ സ്കൂൾ/കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, ധാരാളം തിരക്കുള്ളവർ മുതലായവരിൽ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. എന്തെങ്കിലും അസാധാരണ കാഴ്ച കണ്ടാലുടൻ ഭയപ്പെട്ടു പ്രേതമാണെന്നു വരുത്തിതീർക്കാതെ സ്വന്തം മനസുണ്ടാക്കുന്ന ഇത്തരം സൈക്കിക്ക് വൈബ്രേഷനുകളെ തിരിച്ചറിയുക.
അയോണുകളുടെ കളി: എന്താണ് അയോൺ? വൈദ്യുത ചാർജുള്ള ആറ്റങ്ങളോ മോളിക്യൂളുകളോ ആണല്ലോ അയോണുകളെന്നു വിളിക്കുന്നത്. ഒരു ആറ്റം ഇലക്ട്രോണുകളെ സ്വീകരിക്കുകയാണെങ്കിൽ നെഗറ്റീവ് അയോണുകളെന്നും, ഇലെക്ട്രോണുകൾ വിട്ടുകൊടുക്കുകയാണെങ്കിൽ പോസിറ്റീവ് അയോണെന്നും പറയുന്നു. പ്രേതചിന്തകരുടെ അഭിപ്രായത്തിൽ അമാനുഷിക ശക്തികൾ മനുഷ്യനെപ്പേടിപ്പിക്കാൻ അയണീകരണ ഊർജം(Ionic Energy) ഉപയോഗിക്കുന്നുവെന്നാണ്. മിക്ക പാരനോർമൽ ഗവേഷകരും അയോൺ കൗണ്ടറുകൾ കൊണ്ട് നടക്കുന്നത് ഇതിനു വേണ്ടിയാണു. പക്ഷെ ശാസ്ത്രമിതൊക്കെ പാടെ തിരസ്കരിക്കുകയാണ്, എന്തിനാണ് അയോൺ കൗണ്ടറുകൾ? അമാനുഷിക ശക്തിയും അയണീകരണ ഊർജവും തമ്മിൽ യാതൊരു ബന്ധവുമില്ല. മേല്പറഞ്ഞ പോസിറ്റീവ് അയോണുകൾക്കും നെഗറ്റീവ് അയോണുകൾക്കും നമ്മുടെ മൂഡ് അല്ലെങ്കിൽ അവസ്ഥയെ സ്വാധീനിക്കാൻ കഴിവുള്ളവയാണ്. പോസിറ്റീവ് അയോണുകളാണ് പ്രശ്നക്കാർ, ചിലരിൽ പോസിറ്റീവ് അയോണുകൾ ക്ഷീണം, തളർച്ച, ഉത്കണ്ഠ, മിഥ്യാ ബോധം, ഉന്മാദം എന്നിവയൊക്കെ ഉണ്ടാക്കാം. നമ്മുടെ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും തരംഗങ്ങളാൽ മൂലകങ്ങൾ അയണീകരിക്കപ്പെടാമല്ലോ. അല്ലാതെ ഇല്ലാത്ത പ്രേതം മൂലകങ്ങളെ അയണീകരിക്കുന്നുവെന്നു പറയുന്നത് ശുദ്ധ വിഡ്ഢിത്തരമല്ലേ.
മിത്രങ്ങളെ പ്രേതം/ആത്മാവ് എന്നിവ അസ്തിത്വമില്ലാത്ത വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണ്. പണ്ടാരൊക്കെയോ കെട്ടിച്ചമച്ച് ഇപ്പോൾ ചില സിനിമകളിലൂടെയോ കഥകളിലൂടെയോ ജീവിക്കുന്ന വെറും കഥാപാത്രങ്ങൾ മാത്രം. ഹൊറർ സിനിമകളും കഥകളുമൊക്കെ നമ്മൾ നല്ല രീതിയിൽ ആസ്വദിക്കുക തന്നെ വേണം. പക്ഷെ റിയൽ ലൈഫിലേക്ക് ഇത്തരം ഇല്ലാ സത്യങ്ങളെ കൂട്ടിക്കൊണ്ട് വരേണ്ട ആവശ്യകതയുണ്ടോ?. ചില അവിശ്വാസികളും നാസ്തികന്മാരും വരെ പറഞ്ഞിട്ടുണ്ട് തങ്ങൾക്കും നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്. പക്ഷെ ഇക്കാര്യങ്ങളിൽ നല്ല രീതിയിൽ ശാസ്ത്ര അവബോധമുള്ളവർ നാസ്തികനായാലും സാധാരണക്കാരനായാലും നെഗറ്റീവിനെസ്സ് അവരെ അഘട്ടുകയില്ല. ഭയമില്ലാത്തവരുടെ ഉപബോധ മനസുകളിൽ ഭയം എവിടെയോ ഉറങ്ങിക്കിടപ്പുണ്ട്. അസ്തിത്വരഹിതമായ നെഗറ്റീവ് ശക്തികളോടുള്ള ബോധ-ഉപബോധ മനസ്സുകളിലെ ഭയം നമുക്ക് ഇല്ലാതാക്കുവാൻ കഴിയും. അതിനുള്ള ഒരേയൊരു പോംവഴി ഇപ്പറഞ്ഞ സാങ്കൽപ്പിക ശക്തികൾ ഉണ്ടാക്കുന്നു എന്നുപറയുന്ന അനുഭവങ്ങളുടെ യഥാർത്ഥ കാരണം ശാസ്ത്രീയമായി കണ്ടെത്താനും, അറിയാനും ശ്രമിക്കുക. ശാസ്ത്രത്തെ കൂടുതലറിയുക, ശാസ്ത്ര ചിന്താഗതി വളർത്തുക. ഇക്കാര്യങ്ങളിലുള്ള ശാസ്ത്രീയമായ അറിവുകൾ നമ്മുടെ ഭയത്തെ ഇല്ലാതാക്കും.