സർദാർ കെ.എം. പണിക്കർ എന്ന മഹാൻറ്റെ പേര് കേട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. മികച്ച ഭരണാധികാരി, കറതീർന്ന ദേശീയവാദി, നയതന്ത്രജ്ഞപ്രതിനിധി, ചരിത്രകാരൻ, സാഹിത്യകാരൻ, ബഹുഭാഷാപണ്ഡിതൻ, മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെയും അനേകം ഉപന്യാസങ്ങളുടെയും ഉപജ്ഞാതാവ്, അർത്ഥരാത്രി സ്വാതന്ത്ര്യത്തിനു മുഹൃത്തം കുറിച്ച മഹാൻ തുടങ്ങി ബഹുമുഖ രംഗങ്ങളിൽ ഒരുപോലെ പ്രതിഭ വിളങ്ങിയതു പലർക്കും അറിയും. (കാവാലം നാരായണ പ്പണിക്കരുടെ കൊച്ചമ്മാവനുമത്രെ). എന്നാൽ മെട്രികുലേഷൻ പരീക്ഷക്ക് തോറ്റുപോയതുമൂലം ആത്മഹത്യക്കു ശ്രമിച്ചതും, വെറും മെട്രിക്കുലേഷൻ മാത്രമുള്ള അദ്ദേഹത്തിന് ലോകപ്രശസ്ത ഓസ്‌ഫോർഡ് സർവ്വകലാശാലയിൽ അഡ്മിഷൻ ലഭിച്ചതും, ഒന്നാം ലോകമഹായുദ്ധത്തിൽ ടോർപിഡോ ആക്രമണത്തിൽ മുങ്ങിപ്പോയ കപ്പലപകടത്തിൽനിന്നും അതിശയകരമായി രക്ഷപ്പെട്ടതും, ആ സംഭവത്തിൽ വിലമതിക്കാനാവാത്ത രണ്ടായിരത്തോളം ഗ്രന്ഥങ്ങൾ കടൽ വിഴുങ്ങിയതും തുടങ്ങിയ സംഭവപരമ്പരകൾ പലരും അറിഞ്ഞിരിക്കണ മെന്നില്ല.
=='നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കുട്ടനാടൻ നെൽവയലുകൾ. തേക്കുപാട്ടും കൊയ്ത്തുപാട്ടും തുള്ളിത്തുളുമ്പി ഇളംകാറ്റിൽ ആടിയുലയുന്നു. ആയിരപ്പറപ്പാടങ്ങളും, പുന്നെല്ലുനിറഞ്ഞ പത്തായം പേറുന്ന തറവാടുകളുമായിരുന്നു കുട്ടനാടിൻറ്റെ ജീവതാളം നിയന്ത്രിച്ചത്.' തിരുവിതാംകൂറിലെ കാവാലം ഗ്രാമത്തിൽ 1894ൽ മാധവപ്പണിക്കാരുടെ ജനനം. ചാലയിൽ തറവാട്ടിൽ കരപ്രമാണിയായ ഇരവികേശവപ്പണിക്കരുടെ കൊച്ചനന്തരവൻ. അച്ഛൻ കാസർകോട് പെരിയമന പുതിയില്ലത്തു പരമേശ്വരൻ നമ്പൂതിരി. അമ്മ കുഞ്ഞിക്കുട്ടിയമ്മ.
==പ്രാഥമിക വിദ്യാലയങ്ങൾ പോലും വിരളമായിരുന്ന ആ കാലത്തു തിരുവിതാംകൂറിൽ ആകെയുള്ളത് രണ്ടു കോളേജുകൾ മാത്രം. ഒന്ന് കോട്ടയത്തെ സി.എം.എസ് കോളേജും മറ്റേതു തിരുവനന്തപുരത്തെ മഹാരാജാസ് കോളേജും. കോട്ടയം കോളേജിൽ പോലും ഇന്റെർമീഡിയറ്റിനു തുല്യമായ എഫ്.എ വരയുള്ളൂ തിരുവനന്തപുരം കോളേജിൽ അപൂർവ്വം ചില വിഷയങ്ങൾക്ക് മാത്രം മദ്രാസ് സർവ്വകലാശാലയുടെ ബിരുദപഠനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളു. ഉപരിപാനത്തിനു ആഗ്രഹിച്ചാൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കണം.
==നാലഞ്ചുദിവസത്തെ കെട്ടുവള്ളത്തിലെ യാത്രകൊണ്ടേ ആ കാലത്തു തിരുവനന്തപുരത്തെത്തു കയുള്ളു. ആഘോഷമായ ആ യാത്ര കഴിഞാണു മാധവപ്പണിക്കർ പ്രാഥമികവിദ്യാഭ്യാസത്തിനു അവിടെയെത്തിച്ചേർന്നത്. ഇളയമ്മാവനും ജേഷ്ടനുമൊപ്പം താമസം. മഹാരാജാസ് കോൾളേജിനോട് ചേർന്ന സ്കൂളിൽ പഠനം. അഞ്ചാം ക്‌ളാസ്സുവരെ പഠിച്ചെങ്കിലും പരീക്ഷക്കു വിജയിച്ചില്ല. കണക്കിൻറ്റെ ഉത്തരക്കടലാസ് തിരിച്ചുനൽകാൻ മറന്നുപോയതാണ് കാരണം. കവാലത്ത് മടങ്ങിയെത്തി തലവടിയിയിലെ അരീപ്പറമ്പ് സ്കൂളിൽ ചേർന്നു. അധികം വൈകാതെ ആ സ്കൂൾ നിർത്തൽ ചെയ്തതോടെ കോട്ടയം സി.എം.എസിനെ അഭയം പ്രാപിച്ചു. പഠിച്ചും കളിച്ചും കവിതചൊല്ലിയും രണ്ടു വർഷം ഹിന്ദു ഹോസ്റ്റലിൽ താമസം. സയൻസ് മാധവന് ബാലിച്ചുകേറാമല. മെട്രികുലേഷൻ പരീക്ഷക്ക് തോൽവി. തിരുവനന്തപുരത്തും അഡ്മിഷൻ കിട്ടിയില്ല. ഒന്നിനും കൊള്ളാത്ത ആർക്കും പ്രയോജനമില്ലാത്ത ജീവിതംതന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു കുപ്പി ക്ലോറോഫോമാണ് ഒറ്റയടിക്ക് അകത്താക്കിയത്. വിധി മാധവപ്പണിക്കരെ മരണത്തിനു വിട്ടുകൊടുത്തില്ല.
== മാധവ പണിക്കർ നേരെ മദ്രാസിനു വച്ചുപിടിച്ചു. സെന്റ്റ് പോൾസ് സ്കൂളിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി മെട്രികുലേഷൻ പരീക്ഷക്കു പഠനം. ഭാഗ്യത്തിന് ഒരുവിധം കഷ്ടിച്ച് പരീക്ഷ പാസ്സായി. മദ്രാസിലെ പഠനകാലത്തുതന്നെ 'ഭാഷാ വിലാസ'ത്തിലും 'ദീപിക'യിലുമൊക്കെ ധാരളം ലേഖനങ്ങളും കവിതകളും പ്രസിദ്ധികരിച്ചു വന്നു.
== ലോകപ്രശസ്തമാണ് ഓക്സ്ഫോഡ് സർവ്വകലാശാല. ഡിഗ്രി സമ്പാദിച്ചവർക്കുപോലും അവിടെ അഡ്മിഷൻ ലഭിക്കുക അന്നും ഇന്നും അപൂർവ്വമാണ്. ഒരു സാദാ മെട്രികുലേഷൻകാരന് അവിടെ പഠിക്കാൻ അവസരം ലഭിക്കുകയെന്നാൽ അത്ഭുതം. പണിക്കരുടെ സഹോദരൻ അന്ന് ഇംഗ്ളണ്ടിൽ ഉപരി പഠനം നടത്തിവന്നിരുന്നു. മാധവപ്പണിക്കരെയും ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിക്കുവാൻ വീട്ടുകാരും അത്യധികം ആഗ്രഹിച്ചുമിരുന്നു. പരീക്ഷണമെന്ന നിലയിൽ ഒരു കൈനോക്കാമെന്നു കരുതി ക്രൈസ്റ്റ് കോളേജിലേക്ക് ഒരപേക്ഷ അയച്ചു. അതിശയം! അഡ്മിഷനും ലഭിച്ചു. അദ്ദേഹത്തിൻറ്റെ അപേക്ഷ പരിശോധിച്ച ആൾ കൈയക്ഷരം കണ്ട് എടുത്ത ഒരു തീരുമാനമായിരുന്നുവത്രേ അത്. എന്തയാലും ആ തീരുമാനം വൃഥാവിലായില്ല. ഒരു കൈവിരലിൽ എണ്ണാവുന്ന മലയാളികൾ മാത്രമേ അക്കാലത്തു ഇംഗ്ളണ്ടിൽ പഠിക്കുവാൻ അവസരം ലഭിച്ചവരായുള്ളുവെന്നും നാമോർക്കണം.
നാല് വർഷത്തെ കഠിനാധ്വാനം കൊണ്ട് ചരിത്രത്തിൽ ബിരുദം സമ്പാദിച്ചുവെന്നുമാത്രമല്ല പരന്ന വായനയിലൂടെ ആംഗല സാഹിത്യത്തിലും മറ്റനവധി വിഷയങ്ങളിലും അഗാധപാണ്ഡിത്യം നേടിയെടുത്തു. ഗവേഷണബുദ്ധിയും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായിരുന്ന അദ്ദേഹം ഉന്നതങ്ങളുടെ പടവുകളിലെത്തിത്തുടങ്ങിയിരുന്നു.
===ടോർപിഡോ ആക്രമണം കപ്പൽ മുങ്ങുന്നു നാലുവർഷത്ത വിദേശവാസത്തിനുശേഷം ഉറ്റവരെ കാണുവാനുള്ള ഉൽക്കടമായ ആഗ്രഹാം നാട്ടിലേക്കു മടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സുഹൃത്തുക്കളുടെ ഉപദേശം പോലും വകവെക്കാതെ ഒന്നാം ലോകമഹായുദ്ധത്തിൻറ്റെ മൂർദ്ധന്യതയിൽ 1918 സെപ്‌റ്റംബർ 11 നു അദ്ദേഹം എസ്.എസ്. ടാസ്‌മെൻ എന്ന കപ്പലിൽ ഇന്ത്യയിലേക്ക് തിരിച്ചു. കൊടുങ്കാറ്റിലും അലറിയടിക്കുന്ന തിരമാലയിലും ആടിയുലയുന്ന കപ്പലിലെ യാത്ര പലപ്പോഴും അതിദുർഘടമായിരു ന്നു. അഞ്ചു ദിവസം തരണംചെയ്തു സെപ്റ്റമ്പർ 17 നു വൈകിട്ട് ഏകദേശം നാലുമണിയോടടുത്ത സമയം കതിനാവെടിപോലെ കാതടപ്പിക്കുന്ന ഇടിമുഴക്കം. കപ്പലിനുള്ളിലും ഭയങ്കര ബഹളം, നിലവിളി. നിമിഷനേരംകൊണ്ട് കൂറ്റൻ കപ്പൽ ഒരുവശത്തേക്കു ചരിഞ്ഞു. അല്പസമയത്തിനകമാണ് മനസ്സിലായത് ശത്രുവിൻറ്റെ ടോർപിഡോ ആക്രമണമാണെന്നു . കേട്ടുവെള്ളംപോലുള്ള അഞ്ചാറു തോണികൾ പെട്ടന്ന് കടലിലേക്കിറക്കി. രണ്ടരനാഴിക ആഴമുള്ള കടൽ, അലമുറയിട്ടുകൊണ്ടാഞ്ഞടിക്കുന്ന പർവ്വതങ്ങൾ പോലെയുള്ള തിരമാലകൾ, വായും പൊളിച്ചിരിക്കുന്ന തിമിംഗലങ്ങൾ; കടലിലേക്ക് ചാടാൻ ഉത്തരവ്. എല്ലാവരും ചാടുന്നതുപോലെ പണിക്കരും ചാടി. മഞ്ഞുപോലെ കൊടുംതണുപ്പിലും ഉപ്പുവെള്ളത്തിലും നീന്തിത്തുടിച്ചു നിൽക്കുക ഏറെ ശ്രമകരം. ഏറെനേരത്തെ സാഹസത്തിനൊടുവിൽ ഒരു ചെറുതോണി അദ്ദേഹത്തെ രക്ഷപെടുത്തി. വള്ളത്തിൽ മുട്ടോളം വെള്ളം, കൂട്ടിനു കുറ്റാകുറ്റിരുട്ടും പേമാരിയും. കൊടുംതണുപ്പിൽ ഛർദ്ദിയും തലവേദനയും പനിയും ജ്വരവും പിടിച്ചു ഷീണിതനായി തളർന്നുപോയെങ്കിലും ധൈര്യം വെടിഞ്ഞില്ല. സർവ്വ ഇശ്വരന്മാരെയും തറവാട്ടുപരദേവത പള്ളിയറക്കാവിൽ ഭഗവതിയെയും ധ്യാനിച്ച് സമയം കഴിച്ചുകൂടിയെന്ന് പറയാം. പിറ്റേദിവസം ഏതാണ്ടതേസമയത്തോട ടുത്താണ് ഒരു അമേരിക്കൻ കപ്പൽ രക്ഷക്കെത്തിയത്. വഞ്ചിയിൽ കഴിഞ്ഞവരെ വലിച്ചു കപ്പലിൽ കയറ്റി. കപ്പലിലെ ജോലിക്കാരുടെ പരിചരണവും ചൂടും ആശ്വാസാം ലഭിച്ചുവെങ്കിലും ക്ഷീണിതനായി കരയിലെത്തിചേർന്നു. കപ്പലിലുണ്ടായിരുന്ന 273 പേരിൽ രക്ഷപെട്ടത് വെറും 56 പേർ മാത്രം.
==അക്ഷരസ്നേഹിയും രാജ്യസ്നേഹിയു മായിരുന്ന പണിക്കർ ഇംഗ്ലണ്ടിലെ വാസക്കാലത്തു സമ്പാദിച്ചുകൂട്ടിയത് വിലമതിക്കാനാവാത്ത രണ്ടായിരത്തോളം പുസ്തകങ്ങളായിരുന്നു. ആ ഗ്രന്ഥശേഖരവും സ്വന്തം പുസ്തകങ്ങളും കൈയ്യെഴുത്തുപ്രതികളും, മഹാന്മാരുടെ കത്തുകളും, വിലപിടിപ്പുള്ള സമ്മാനങ്ങളും, വസ്ത്രങ്ങളും മറ്റുമെല്ലാം കടൽ വിഴുങ്ങി. ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും അപൂർവ്വമായിരുന്ന ആ കാലത്തെ ഈ നിധിശേഖരം നമ്മെ സംബന്ധിച്ചു ഒരു തീരാനഷ്ടംതന്നെ. സംഭവം നടന്നു അധികം വൈകാതെ കൈരളി എന്ന പത്രത്തിൽ അനുഭവക്കുറുപ്പും പ്രസിദ്ധിരിച്ചു.
===വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാടൻ ജീവിതാനുഭവവും പരിചയവും, കരയിലെ നടപ്പും വെള്ളത്തിലെ നീന്തും അദ്ദേഹത്തിന് ഒരുപോലെയാ ണെന്ന് അവകാശപ്പെടുന്നു. ഒപ്പം അസാമാന്യ ധിരതയും ഭാഗ്യദേവത കനിഞ്ഞതും കേരളത്തിനും ഭാരതത്തിനും വിലമതിക്കാനാവാത്ത ഒരു മഹാത്മാവിനെ നഷ്ടമാക്കിയില്ല. അഞ്ചിലും പത്തിലും തോറ്റ ഒരാൾ; അടങ്ങാത്ത വിജ്ഞാനദാഹം, ഇച്ഛാശക്തി, ആപത്തിലും ധൈര്യം വെടിയാത്ത പ്രത്യാശ, ഇത്തരം അപൂർവ്വ മാതൃക തലമുറകൾക്കു പ്രചോദനാമാകട്ടെ!
(കടപ്പാട്: 'Auotbiograpy' Sardar K. M. Panikkar, (മലയാളത്തിലും ലഭ്യമാണ്). 'സർദാർ കെ.എം. പണിക്കർ' ജീവചരിത്രം, ഡോ. അനിൽകുമാർ വടവാതൂർ )