A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരു മുസ്ലീം സ്ത്രീയിലെ ഗന്ധർവ്വ ബാധ! (ഒരു മനശാസ്ത്ര വായന)

പ്രേതങ്ങൾ പലവിധം - ഒരു മനശാസ്ത്ര വായന
കേസ് - ഒന്ന്
ഒരു മുസ്ലീം സ്ത്രീയിലെ ഗന്ധർവ്വ ബാധ!
മൂന്നു മാസം മുമ്പ് ക്ലിനിക്കിൽ ഒരു കൗൺസലിംഗ് ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു ഭാര്യയും ഭർത്താവും വന്നു. 35 വയസ്സായിരുന്നു ഭാര്യയ്ക്ക് ഭർത്താവിന് 42. ഭാര്യയ്ക്ക് ശരീരത്തിൽ എവിടെ തൊട്ടാലും അസഹനീയമായ വേദന. ഒരു പാട് മരുന്നു കഴിച്ചു നോക്കി രക്ഷയില്ല. ആയുർവേദം അലോപ്പതി, ഹോമിയോപതി തുടങ്ങി എല്ലാ ചികിത്സകളും പരീക്ഷിച്ചു രക്ഷയില്ല. ഒടുവിൽ ജോത്സ്യന്റെ അടുത്തെത്തി പ്രശ്നം. അയാൾ പ്രശ്നം വെച്ച് പ്രശ്നക്കാരനെ കണ്ടു പിടിച്ചു. ഇത് ഗന്ധർവ്വൻ കൂടിയതാണ് ! പോംവഴി ഒന്നു മാത്രം മന്ത്രവാദം!
ഇസ്ലാം മത വിശ്വാസികളായ അവർക്ക് മന്ത്രവാദം ചെയ്യാൻ മത ഭയം ഉണ്ടായിരുന്നു. എന്താണൊരു പോംവഴി എന്നറിയാൻ പള്ളിയിലെ സാമാന്യം അറബി മന്ത്രവാദം ഒക്കെ പിടിയുളള ഒരു മുസലിയാരെ ചെന്നു കണ്ടു. അദ്ദേഹം അറബി മാന്ത്രിക പ്രകാരം ഒരു ഉറുക്ക് ജപിച്ച് അരയിൽ കെട്ടാൻ കൊടുത്തു. കെട്ടി. ഗന്ധർവ്വൻ മൊഴി ചൊല്ലി പോയ്! എവിടെ, രണ്ടു മാസം കഴിഞ്ഞപ്പോൾ പോയ ഗന്ധർവ്വനതാ അതേ സ്പീഡിൽ തിരിച്ച് വന്നിരിക്കുന്നു. തുടങ്ങിയില്ലേ വേദന...
ഒടുവിൽ മറ്റൊരു ജ്യോത്സ്യനെ ചെന്നു കണ്ടു. ഭാഗ്യത്തിന് അദ്ദേഹം ഞങ്ങളുടെ 'ബേസിക്ക് കൗൺസലിംഗ് ക്ലാസ് ' കേട്ട ആളായിരുന്നു പുള്ളി പറഞ്ഞു ഇത് ആളു ഗന്ധർവ്വൻ തന്നെയാണ്, ഒഴിപ്പിക്കാൻ പറ്റിയ ആൾക്കാരുണ്ട്! അങ്ങനെയാണ് അവർ ക്ലിനിക്കിലെത്തുന്നത്.
മന്ത്രവാദവും മനശാസ്ത്രവും സമന്വയിപ്പിക്കാവുന്ന ഇടങ്ങളിൽ സമന്വയിപ്പിക്കാം എന്ന് കരുതുന്ന വ്യക്തിയാണ് ഡോ: ശ്രീനാഥ് കാരയാട്ട്, അതു തന്നെയാണ് എന്റെയും അഭിപ്രായം. എന്തായാലും ഞങ്ങൾ രണ്ടു പേരും കേസ് നോക്കാം എന്ന് തീരുമാനിച്ചു.
വേദനയുള്ള സ്ത്രീ ഒട്ടും സഹകരിക്കുന്നമട്ടില്ല എന്തു ചോദിച്ചാലും ഒരു ക്ഷീണം ഉറക്കചടവ് തീവ്ര വേദന അനുഭവിക്കുന്ന മുഖഭാവം. ഭർത്താവിനോട് ചോദിച്ചു എന്താണ് യഥാർത്ഥ പ്രശ്നമെന്ന്? അയാൾ പറഞ്ഞു തുടങ്ങി. "പ്രശ്നം ഓൾക്ക് പണ്ടേ ഇണ്ട് ,കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോൾ പിന്നെ ഒന്നിനും താൽപര്യല്യാണ്ടായി, ന്ന് ച്ചാൽ ഈ ബന്ധപ്പെടാനൊന്നും. ഓളങ്ങനെ ചത്ത പോലെ കെടക്കും, ആദ്യൊക്കെ ഞാൻ ഇന്റെ കാര്യം കഴിഞ്ഞ് കെടക്കും. പിന്നെ പിന്നെ ഇനിക്കും താൽപര്യലാണ്ടായി. ഞങ്ങളത് കൂട്ടു കുടുംബാണ്. ഉപ്പ, ഉമ്മ അനിയൻ ഒക്കെണ്ട് വീട്ടിൽ. ഇനി ഓരൊക്കെ ഇളോണ്ടാണോ ന്നറിയില്ല! (ഭാര്യ ഇടം കണ്ണിട്ട് ഭർത്താവിനെ നോക്കി അയാളത് കണ്ടു ) ങാ .... ഇവള് വീടു മാറണന്ന് പറയേന് അന്ന്. ന്നാ പിന്നെ ആയിക്കൊട്ടെന്ന് വച്ച്.
ഞമ്മള് വീട് മാറി. അയിനു ശേഷാണ് ആകെ അൽ കുൽത്തായത്. ഓള് രാത്രിയായാൽ തൊടങ്ങും മോങ്ങാൻ, അവെടെ വേദന ഇവെടെ വേദന അങ്ങനെ. ഒരീസം ഓളൊറൊങ്ങുമ്പോ ഞാൻ പോയി ഓളെ കൈ ഞെക്കി നോക്കി. ഒരൊറ്റ നെലോളിയാണൊള്. അള്ളോ ജീവ് കത്തിപ്പോയിന്റെ ( ഭാര്യ അeപ്പാൾ ഊറി ചിരിക്കുന്നുണ്ടായിരുന്നു) ഓൾക്ക് ചിരി ഇനിക്കാണെല്ലാ വേജാറും ! അയിനു ശേഷാണ് ഞാനറിയണത് ഈ പൊര നിന്ന സ്ഥലത്ത് ഹിന്ദുക്കളെ ഒരു കാവായിന് പോലും. ഇയിന്റെ മൊയലാളി അതൊക്കെ വെട്ടീട്ടാണ് ഈ പൊര കെട്ടിയത്. ഓര്ക്ക് ഇവിടെ നിന്ന് നിവൃത്തിയില്ലാഞ്ഞിട്ടാണിത് വാടയ്ക്കൊടുത്ത് പോയത്.
അങ്ങനെയാണ് മറ്റെ മുപ്പെരെടുത്ത് പോയപ്പോ ഇത് കന്ധർവ്വൻ കൂടിയാതാണ്ന്ന് പറഞ്ഞത്. പള്ളിക്കലെ മുസ്ലിയാര് അരമ്മേല് കെട്ടാൻ ഒരു ഏലസ്സ് തന്ന് കൊറെ ദിവസം ഓൾക്ക് നല്ല സുഖണ്ടായിരുന്ന് "
ഞാനിടയടയ്ക്കിടപ്പെട്ട് ചോദിച്ചു " ആ സമയത്ത് നിങ്ങൾ ബന്ധപ്പെട്ടോ?" ഉത്തരം പറഞ്ഞത് ഭാര്യയായിരുന്നു " ഓ അപ്പോ നല്ല റാഹത്തായിന്'' ( ഒരു നിമിഷം ഭർത്താവിനെ മറന്ന് പുറത്ത് ചാടിയ വാക്കുകൾ. മുഖത്ത് മൂന്ന് ഭാവങ്ങൾ മിന്നി മറഞ്ഞു സന്തോഷം, നാണം, മ്ലാനത. പിന്നെയവരൊന്നും പറഞ്ഞില്ല ) സാറെ ഇതെന്തെങ്കില്ലെന്നാക്കി തരി. പണിക്കും പോവാൻ പറ്റണില്ല്യ. ഇയിന് ചെലവാക്കാൻ പൈസയയുല്യ. ആ മനുഷ്യൻ ഞങ്ങളെ നോക്കി പറഞ്ഞു. നമ്മുക്ക് വഴിയുണ്ടാക്കാം ഗന്ധർവ്വന്റെ ആവശ്യമെന്താണന്നൊന്നു നോക്കട്ടെ.
ഞങ്ങളെ മുന്നിലൊരുപാട് സമസ്യകളുണ്ടായിരുന്നു!
1.ആരാണീ ഗന്ധർവ്വൻ?
2. ഗന്ധർവ്വനെന്താ ഈ വീട്ടിൽ കാര്യം?
3. ഈ അസുഖം വൈദ്യശാസ്ത്രത്തിന് അതീതമാകുന്നതെങ്ങനെ?
4. എലസ്സ് കെട്ടിയാൽ തത്ക്കാലത്തേക്കെങ്കിലും ഗന്ധർവ്വൻ പോകുമോ?
എന്തായാലും ഈ വിഷയത്തിന് ഗഹനമായ ഒരു സമീപനമാവശ്യമുണ്ടെന്ന് മനസ്സിലായി. ഗന്ധർവ്വൻ മന്ത്രവാദത്തിലാരാണ്? എന്താണ് പുള്ളിയുടെ സ്വഭാവസവിസേഷത? എന്നൊക്കെ പഠിച്ചാൽ മാത്രമേ ഇവരുടെ ഉപബോധത്തിൽ പതിഞ്ഞ ഗന്ധർവ്വ ബിംബത്തെ കുടിയിറക്കാൻ സാധിക്കുകയുള്ളു എന്നു മനസ്സിലായി. അടുത്ത ഒരു ദിവസത്തേക്ക് കേസ് മാറ്റി വെച്ചു.
ഇനി ഗന്ധർവ്വനാരെന്ന് നമ്മുക്ക് പരിശോധിക്കാം.
അടുത്ത ഭാഗം - കേസ് - ഒന്ന്
ഗന്ധർവ്വാന്വേഷണ പരീക്ഷണങ്ങൾ!
ഞാൻ ഗന്ധർവ്വൻ എന്ന പത്മരാജൻ സിനിമയിലൂടെ മലയാളിയുടെ പൊതു ബോധത്തിലേക്ക് കടന്നു വന്ന ഒരു സുന്ദരനാണ് ഗന്ധർവ്വൻ. തന്ത്ര സാഹിത്യ പ്രകാരം അറുപത്തിനാലു കലകളായി ലോകം ചമച്ചു എന്നാണ് പറയുന്നത് മനുഷ്യൻ 16 മത് കലയാണ്. മനുഷ്യനു താഴെയായി പറക്കുന്നതും, നടക്കുന്നതും, ഇഴയുന്നതും, നീന്തുന്നതുമായി അനവധി ജീവികൾ ഉണ്ട്. അത്ഭുതമെന്ന് തോന്നും തന്ത്രയുടെ 'കാമ കലാ വികാസ ചക്രം' ( ചിത്രം ലഭിച്ചാൽ ഉടനെ ചേർക്കാം) കാണുമ്പോൾ. പരിണാമ സിദ്ധാന്തത്തിനോട് വളരെ അധികം ബന്ധമുണ്ട് ഇതിന്.
മനുഷ്യ കലയ്ക്ക് മുകളിലേയ്ക്കുള്ളതാണ് യക്ഷന്മാർ, കിന്നരന്മാർ, കിം പുരുഷന്മാർ, ഗന്ധർവ്വന്മാർ, ദേവന്മാർ അങ്ങനെ സദാശിവൻ വരെ എത്തും ഈ ചക്രം.
ജീവികളുടെ ശാരീരിക പരിണാമത്തെക്കുറിച്ച് ഡാർവിൻ പറഞ്ഞു. തന്ത്ര അവരുടെ മാനസിക പരിണാമത്തെക്കുറിച്ചാണ് പറയുന്നത് ആ അർത്ഥത്തിൽ മനുഷ്യനു മുകളിലേക്കുള്ള എല്ലാ കലയും ഉയർന്ന മാനസികാവസ്ഥകളാണ്.
ഗന്ധർവ്വൻ ഉയർന്ന ഒരു മാനസിക അവസ്ഥയാണ് തന്ത്രത്തിന്റെ തത്വം പറയുന്നത്. എന്നാൽ ആളുകളുടെ ശരീരത്തിൽ കയറുന്ന ഗന്ധർവ്വൻ എന്ന് മന്ത്രവാദം വിളിക്കുന്നത് ഒരു ആധി മാനസിക (supramental being) അവസ്ഥയെ ആണ്. ചില യഥാസ്ഥിക മന്ത്രവാദികൾ അതിനെ ഒരു ' വ്യക്തിയെ ' പോലെ കണക്കാക്കിയാണ് മന്ത്രവാദം ചെയ്യാറ്. എന്നാൽ ചില പുരോഗമനവാദികളും തത്വം ഗ്രഹിച്ചവരും ആയവർ ഈ മാനസികാവസ്ഥയെ ആണ് ചികിത്സിക്കാറ്. (ഉദ: സൂര്യൻ സുബ്രമണ്യൻ ഭട്ടതിരി സൂര്യകാലടി മന മനശാസ്ത്ര പ്രകാരം വളരെ ശാസ്ത്രീയമായി മന്ത്രവാദത്തെ കാണുന്ന ആളാണ്) നേരത്തെ സൂചിപ്പിച്ച വിഭാഗം ചികിത്സ താത്ക്കാലികമായെങ്കിലും ഫലിച്ചേക്കും. മുസ്ലിയാര് കെട്ടി കൊടുത്ത ഏലസ്സ് ഫലിച്ചത് ഇങ്ങനെയാണ്. എന്നാൽ തത്വമറിഞ്ഞ് കുറച്ചു കൂടെ ആഴത്തിലായിരുന്നു സമീപനമെങ്കിൽ ഗന്ധർവ്വൻ പിന്നെ തിരിച്ചു വരില്ലായിരുന്നു.
മന്ത്രവാദം ബാധകളെ പ്രധാനമായും മൂന്നായി തരം തിരിക്കുന്നു. ബാധിച്ച വ്യക്തിയെ 'പിണിയാളെന്ന്'വിളിക്കുന്നു. കാരണം ബാധാ ദോഷങ്ങളെയും മറ്റും മന്ത്രവാദം പിണി ദോഷം എന്നാണ് പറയാറ്. പിണി ബാധിച്ചയാൾ പിണിയാൾ!
ബാധകൾ മൂന്നു വിധം
1. ഹന്തുകാമൻ - പിണിയാളെ കൊല്ലെണമെന്ന് ഉദ്ദേശിച്ച് കൂടുന്ന ബാധ.
2. രന്തു കാമൻ -പിണിയാളുമായി രമിക്കണമെന്നു കരുതുന്ന ബാധ.
3. ഭോക്തു കാമൻ -പിണിയാളെ തിന്നണമെന്നാണ് ഉദ്ദേശം.?
" കൊല്ലുവാനും രമിപ്പാനും
ബലികൊൾവതിനും പുന:
ദുർഗ്രഹം പീഢ ചെയ്യുന്നോ-
രിങ്ങനെ മൂന്നു ജാതിയാം"
ബാധയുണ്ടോ എന്ന് ജ്യോത്സ്യന്മാർ ബാധാ നിരൂപണം നടത്തിയാണ് കണ്ടു പിടിക്കുക. (ചില ശാസ്ത്രീയതയും ഒരുപാട് വിശ്വാസാന്ധതയും ഇതിൽ ഉണ്ട് എന്ന് പറയട്ടെ) ഇങ്ങനെ നിരൂപിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 'ഒഴിപാട് കാണുക ' എന്നാണ് പറയുക.
ഓരോ ബാധകൾക്കും ഓരോ തരത്തിലാണ് മന്ത്രവാദ പരിഹാരം.
ഗന്ധർവ്വൻ ആരെയൊക്കെ ബാധിക്കും?
രന്തുകാമൻ പൊതുവേ ഗർഭിണികളെയാണ് ബാധിക്കാറ്. ഭോക്തു കാമനും അങ്ങനെ തന്നെയാണെന്ന് പറയാം.
ഈ ബാധകളെ തടയാൻ ഗന്ധർവ്വൻ പാട്ട് എന്ന അനുഷ്ടാന കർമ്മം നടത്താറുണ്ട്. കെന്ത്രോൻ പാട്ടെന്നാണിതിനെ വണ്ണാന്മാർ വിളിക്കാറ്. കാമൻ, ഭൂതം, മാഞ്ഞാൾ, ഗന്ധർവ്വൻ, പിളളതിനി, കരുക്കലക്കി, രുധിരമോഹിനി തുടങ്ങിയ ബാധകളെ നീക്കുവാൻ ഈ പാട്ട് ഉപയോഗിക്കാറുണ്ട്.
പാട്ട് ശ്രദ്ധിക്കൂ
"ചായ്ച്ചു കെട്ടും തലമുടിമലെ
ബാധിച്ച ദേവത പോന്നൊഴിക
ചന്ദനം ചാർത്തും നെറ്റീമലെ
ബാധിച്ച ദേവത പോന്നൊഴിക "
ഇങ്ങനെ എല്ലാ ശരീര ഭാഗങ്ങളിൽ നിന്നും ദേവതകളെ കുടിയിറക്കുന്നു.
*മന്ത്രവാദവും മനശാസ്ത്രവും
മന്ത്രം എന്ന വാക്കിന് മനസ്സ് കൊണ്ട് സാധിക്കാവുന്നത് എന്നാണ് അർത്ഥം. മനസ്സിന്റെ വ്യാധികൾ മാറ്റാൻ മനസ്സ് കൊണ്ട് തന്നെ സാധിക്കും എന്നതായിരിക്കണം മന്ത്രവാദത്തിന്റെ യുക്തി. ആ അർത്ഥത്തിൽ ആദിമ കൗൺസലിംഗ് ആണ് മന്ത്രവാദം. അത് അനുഷ്ഠാനപരമായി ചുരുക്കി കാണുമ്പോൾ മന്ത്രവാദത്തിന്റെ പൊരുൾ നഷ്ട്ടപ്പെടുന്നു.
മനശാസ്ത്ര പ്രകാരം ആരാണീ ഗന്ധർവ്വൻ?
ആധുനിക മനശാസ്ത്രം ഗന്ധർവ്വനെ പരിഗണിക്കുമോ? പരിഗണിക്കും പക്ഷേ രന്തുകാമനെ Mania എന്നും ഭോക്തു കാമനെ Bulimia Nervosa എന്നും ഹന്തുകാമനെ Paranoid delusion എന്നുമൊക്കയാണ് വിളിക്കാറ് എന്ന് മാത്രം ഇവയൊക്കെ പല കാരണങ്ങൾ കൊണ്ടുണ്ടാവുന്നതാണ്. ഒരോ കേസ് ഡയറി പരിശോധിക്കുമ്പോഴും ഇവ ഏതൊക്കെയണെന്ന് നോക്കാം.
അവലംബം: 1.മാന്ത്രിക വിജ്ഞാനം
2. മന്ത്രവാദം കേരളത്തിൽ
3. Text Book on psychiatry
ഈ കേസിൽ കൂടിയ ബാധ രന്തു കാമനായിരുന്നു എന്ന് ഹിപ്പ്നോട്ടൈസ് ചെയ്തപ്പോൾ മനസ്സിലായി.
ഹിപ്പ്നോട്ടിക്ക് നിദ്രയിൽ അവർ പറഞ്ഞ കാര്യങ്ങൾ ഈ വിഷയത്തിൽ വളരെ അറിവു നൽകുന്നതായിരിന്നു. അതെക്കുറിച്ചെഴുതാം
കേസ് - ഒന്ന് തുടർച്ച
Disclaimer:
1. ഈ കേസ് ഡയറി പുർണ്ണമായും സത്യസന്ധമാണ്. എന്നാൽ ഒരു കാരണവശാലും രോഗിയെ ഈ വിവരങ്ങൾ വെച്ച് കണ്ടു പിടിക്കാൻ സാധ്യമല്ല. കൗൺസലിംഗ് എത്തിക്ക്സ് പരമാവധി പാലിച്ചിട്ടുണ്ട്.
2. ഘട്ടം ഘട്ടമായി മാത്രമേ ഈ ലേഖനം എഴുതാൻ സാധിക്കുകയുള്ളൂ. സമയ ദൗർലഭ്യം, ആശയ സ്വീകാര്യത എന്നിവയാണ്‌ അതിനു കാരണം.
ഗന്ധർവ്വൻ ഹിപ്നോട്ടിസത്തിലൂടെ പുറത്തു വരുന്നു.
മുൻ നിശ്ചയിച്ച പോലെ ഗന്ധർവ്വനെയും കൊണ്ട് അവർ വന്നു. അവർ പർദ്ദ ധരിച്ചിരുന്നു ( ഒരു കാരണമുണ്ട് അതിന്). ഭർത്താവിനോട് പുറത്തിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഹിപ്പ്നോട്ടൈസ് ചെയ്യാൻ പോകുകയാണ് തയ്യാറാണോ എന്ന് ചോദിച്ചു? അവർ അർദ്ധ സമ്മതാവസ്ഥയിൽ തല കുലുക്കി. ശരി ഈ ചാരു കസേരയിലേക്ക് ചാരി ഇരിക്കൂ. അവർ എഴുന്നേറ്റ് ചാരു കസരയിൽ ചാരി ഇരുന്നു എന്റെ മുഖത്തേക്ക് നോക്കി. ഞാൻ മുറിയിൽ തീവ്ര പ്രഭയോടെ കത്തുന്ന ബൾബ് ചൂണ്ടി പറഞ്ഞു 'തല കുറച്ചുയർത്തി ആ വെളിച്ചത്തിലേക്ക് നോക്കി കിടക്കുക ' അവർ അതനുസരിച്ചു. കണ്ണു നന്നായി തുറന്നു പിടിക്കുക, ശ്വാസഗതിയെ ശ്രദ്ധിക്കുക....(2) ദീർഘമായി ശ്വസിക്കുക .... ( 3-4) ഞാൻ പറയുന്നത് കേൾക്കുക.... (2)ഞാൻ പറയുന്നത് മാത്രം കേൾക്കുക.... (4) ഞാൻ പറയുന്നത് മാത്രമേ നിങ്ങളിപ്പോൾ കേൾക്കുന്നുള്ളു.... (5) ഇങ്ങനെ പല വിധം സജഷനുകൾ ആവർത്തിച്ചു കൊണ്ടേയിരുന്നു... അവരുടെ കണ്ണുകളിൽ ഭാരം അനുഭവപ്പെട്ടു തുടങ്ങി, കൺ പോളകൾ പതുക്കെ അടഞ്ഞു തുടങ്ങി... മോഹ നിദ്രയിലേക്ക് വഴുതി വഴുതി വീഴുന്നത് ശരീര ഭാഷ കൊണ്ടറിയാം: മോഹ നിദ്ര നിദ്രയ്ക്കും ബോധത്തിനുമിടയിലെ ഒരു നൂൽപ്പാലമാണ് ശ്രദ്ധിച്ചിലെങ്കിൽ ഉറങ്ങി പോകും അലെങ്കിൽ ബോധത്തിൽ നിന്നു സംസാരിക്കും രണ്ടായാലും പരാജയമാണ്. മോഹനിദ്രയിയിൽ തന്നെ ആണോ എന്നറിയാൻ ചില പൊടികൈകൊളൊക്കെ ഉണ്ട്! ഒന്ന് - രണ്ടെണ്ണം നോക്കിയപ്പോൾ ശരിയാണ് മോഹ നിദ്രയിലാണെന്ന് ഉറപ്പിക്കാൻ സാധിച്ചു.
പൊതുവിൽ Freudian Psychoanalyst (അങ്ങനെ ഒരു പ്രത്യേക വിഭാഗം ഇപ്പോൾ ഇല്ല) കൾ ചെയ്യുന്ന Free association അഥവാ സ്വതന്ത്ര കഥനം ആണ് എനിക്കിഷ്ടമുള്ള രീതി (ഫ്രോയിഡ് പക്ഷേ ഹിപ്പ്നോട്ടിസത്തിന്റെ സങ്കേതം ഇതിന് ഉപയോഗിക്കാറില്ലായിരുന്നു.)
അവരോട് പറയാൻ ആവശ്യപ്പെട്ടു:
അവരുടെ കുട്ടിക്കാലത്തെപ്പറ്റി:
അവ്യക്തമായി പറഞ്ഞ് തുടങ്ങിയ വാക്കുകൾ വ്യക്തമായി തുടങ്ങി....
" കുട്ടിയാവുമ്പോ... പൊരെല്ല് ഒക്കെ നല്ലതായിന് ബാപ്പ, ഉമ്മ, രണ്ടനിയന്മാര്. നല്ല കാലായിന് അത്. ബുദ്ധിമുട്ടൊന്നും ബാപ്പേം ഉമ്മേം: ഞമ്മളെ അറിയിച്ചില്ല. ഒക്കെ സുഖായിന്. ബാപ്പ പണിക്ക് പോവും വൈന്നേരം വരും, ഉമ്മ പൊരെല്ലെ പണിയെടുക്കും, ഞങ്ങളെല്ലാരും കൂടെ ചോറൊ കറിയൊക്കെ ഒരുമിച്ചിരുന്നു തിന്നും അങ്ങനെ നല്ലതായിന്''....
ഞാൻ: നിങ്ങൾ എത്ര വരെ പഠിച്ചു?
" ഞാൻ ഒമ്പേല്ല് നിർത്തിക്കണ്, തൊറ്റ് ട്ടൊന്ന്വല്ലാ, നിർത്തിയതന്യാ.... "
ഞാൻ: ശരി, പഠിക്കുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളാരൊക്കെയായിരുന്നു? പറയൂ...
" സുബൈദ, ഷബീറ, സുൽഫത്ത് ........ (ആലോചിച്ച ശേഷം ) ഉബൈദ് .... ( ദീർഘ നിശ്വാസം) ...."
ഞാൻ :- ഉബൈദിനെ കുറിച്ച് പറയൂ...
" ഉബൈദ് ന്റെ ഒരു ചങ്ങായിയായിന്".... (ഒന്നും പറയുന്നില്ല നെടുവീർപ്പുകൾ മാത്രം....)
ഞാൻ :- ഉബൈദുമായി നിങ്ങൾ ഇഷ്ട്ടത്തിലായിരുന്നു ല്ലേ?
" ങും... ഓനിന്നെ കെട്ടണന്ന്ണായിന് ഇന്റെ ബാപ്പ സമ്മയിച്ചില്ല " ഇന്നെ കൊ ണ്ടിയാളെ കല്യാണം കയിപ്പിച്ച് ' ഇനി ക്കന്ന് പയിനഞ്ച് വയസ്സേ ഇളളൂ. മൂപ്പർക്ക് 22 ഉം "
" ഇനിക്ക് മുപ്പരെ ആദ്യഷ്ടല്ലായിന്, പോരാത്തതിന് മുപ്പരെ പൊരക്കാരയും " (മുഖത്ത് ഒരു വിമ്മൽ ഉണ്ടായിരുന്നു അപ്പോൾ )
ഞാൻ.. - എന്താ ഭർത്താവിന്റെ വീട്ടുക്കാരുമായി?
" പ്രശ്നൊന്നില്ല" ( പ്രശ്നം എന്ന വാക്ക് വന്നിരിക്കുന്നു, ഇല്ല എന്ന് കുട്ടി ചേർത്തെങ്കിലും)
ഞാൻ: പറയൂ...
" മൂപ്പരെ പൊരക്കാരൊക്കെ നല്ലത് തന്നെ " ബാപ്പേം അനിയനുമൊക്കെ നല്ലോരാ (തോമാ സാർ പാവാ... എന്ന മുഖഭാവ.. പല്ലിറുമുന്നു )
ഞാൻ: ഭർത്താവിന്റെ അച്ഛനെ കുറിച്ച് പറയൂ..
" ( മൗനം ) "
ഞാൻ: പറയൂ...
" (വിക്കൽ, വിഷമം കണ്ണീരായി ഒഴുകി തുടങ്ങി .. കവിൾ കുതിർന്നു ) മൂപ്പരെ ബാപ്പ ... ഒരീസം ന്റെ കാലുളുക്കിയ അന്ന് കാലു തിരുമ്മി തന്ന്.
എന്നിട്ട്?
" ഉമ്മണ്ടായപ്പോക്കെ നല്ലമ്പോലെ ആയിന് ഉമ്മ ഉമ്മറത്തേക്ക് പോയപ്പം മുപ്പരെ സ്വഭാവം മാറി മൂപ്പര് അവിടെം ഇവിടേം ഒക്കെ ഞക്കാനൊക്കെ തുടങ്ങി ഞമ്മള് മൂപ്പരെ കൈ തട്ടി അകത്തേക്ക് പോയി.... (ആലോചിക്കുന്നു) പിന്നെയൊരീസം ഞമ്മള് ഒറങ്ങുമ്പോൾ മുപ്പരിന്റടുത്ത് വന്ന് കെടന്ന്. ഞമ്മളാകെ വേജാറായി പോയി അന്ന് "
ഇത് പോലെ തന്നെയാ ഓരെ ( ഭർത്താവിന്റെ ) അനിയനും ഞമ്മളോട്. മൂപ്പരിതൊന്നും പറഞ്ഞാ വിശ്വസിക്കൂല്ല. അങ്ങന്യാ ഞമ്മള് വീട് മാറാൻ പറഞ്ഞ് മാറിയെ.
എന്നിട്ടെന്തുണ്ടായി പറയൂ....
" ഒക്കെ നല്ലമ്പോലെയായിന് ഒരീസം അടുക്കളമ്മാരത്ത് നിക്കുമ്പോ ഒരു വെളിച്ചം പാഞ്ഞു വന്ന് ന്റെ മേലിടിച്ച്, ഞമ്മക്ക് തല ചുറ്റി, ചൊമര് പിടിച്ച് പതുക്കെ കുത്തിരിന്ന് നെലത്ത് , കൊറച്ച് കഴിഞ്ഞപ്പൊ അത് ആക്കായി. പിന്നെ എവടെ തൊട്ടാലും വേദനയാണ്. ഞാൻ തൊടുമ്പോല്യ മൂപ്പര് തൊടുമ്പോ; പണിക്കര് പറഞ്ഞ് ഹിന്ദുക്കളെ കന്ദർവനാണ്ന്ന്. അങ്ങനാ പള്ളിക്കലെ മുപ്പര് ഏലസ്സ് കെട്ടി തന്നത്. കൊറച്ചീസം സുഖനായിരിന്നു പിന്നെ അത് പിന്നെം വന്ന്. ഇപ്പോ പഴേലും വേദനയാണ്."
കൂടുതൽ വേദന എവിടെയാണ്?
" മേല് മുഴുമനും ഇണ്ട് പക്ഷെ കൂടുതലും നെഞ്ചിന്റെ മേലും അരമ്മലും ആണ്".
ഇനിക്കറിയാ ഇനിക്ക് പ്രശ്നൊന്നു ല്യാന്ന് ന്റെ മുപ്പര് വിചാരിച്ചാ മാറും ഒക്കെ . ഈ ചതില്ലൊന്നും ഞമ്മള് പോയിപെടുല്ലായിന്" (അവർ പൊട്ടി കരയാൻ തുടങ്ങി , കണ്ണീര് വീണ് ചാരു കസേര കുതിർന്നു )
1. ദേഹത്ത് വന്നിടിച്ച വെളിച്ചമാണൊ ഗന്ധർവ്വൻ?
2. എന്തിനാ ഇവരുടെ ശരീരത്തിൽ ഗന്ധർവ്വൻ വേദനയുണ്ടാക്കുന്നത്?
തുടങ്ങിയ ചോദ്യങ്ങളെ ഉത്തരമാണ് ഈ കേസിലെ ഗന്ധർവ്വനെ കണ്ടു പിടിക്കുന്നത്.
1.2.1 ഗന്ധർവനൊരു മനശാസ്ത്ര പരിഹാരം.
Disclaimer: 1. അടുത്ത ഭാഗത്തിൽ ഇതിന്റെ, പരിഹാരവും, പ്രശ്നഹേതുവും ചർച്ച ചെയാം.
2. ഒന്നര മണിക്കൂർ എടുത്ത ഈ മോഹ നിദ്രയിലെ പ്രധാന കാര്യങ്ങൾ മാത്രമേ ചേർത്തിട്ടുള്ളൂ.
3 .കൗൺസലിംഗ് എത്തിക്ക്സിന്റെ ഭാഗമായി ചില വ്യക്തിപരമായ കാര്യങ്ങൾ മറച്ചു വെച്ചിട്ടുണ്ട്.
1.2.1 ഗന്ധർവനൊരു മനശാസ്ത്ര പരിഹാരം.
ഈ കേസ് വ്യക്തമാക്കി തരുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. മോഹ നിദ്രയിൽ പറയുന്ന ഓരോ വാക്കും വളരെ ശ്രദ്ധിച്ച് മനസ്സിലോക്കേണ്ടതാണ്. ഈ കേസിലും വാക്കുകൾ, അതനുബന്ധിച്ച് വരുന്ന ഭാവങ്ങൾ ഒക്കെ ശ്രദ്ധാപൂർവ്വം കുറിച്ചിരുന്നു.
നമ്മുക്കൊരോന്നായി നോക്കാം
1. മനശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ് Early foundations are critical എന്നത്. ബാല്യത്തിൽ മനസ്സിൽ പതിയുന്ന അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താം. എന്നാൽ ഈ കേസിൽ ശ്രദ്ധേയമായ ഒരു സംഭവ വികാസവും ഉണ്ടായതായി കാണുന്നില്ല. എന്നാൽ യൗവ്വനത്തിൽ ആഗ്രഹിച്ച ഒരു ബന്ധം വീട്ടുക്കാർ വിവാഹം നടത്തി കൊടുത്തില്ല.
2. വിവാഹം ഇഷ്ട്ടപ്രകാരമല്ലായിരുന്നു അത് കൊണ്ട് പൊരുത്തക്കേട് ഉണ്ടായിരുന്നു. എന്നാൽ അവരുടെ ഇഷ്ടം മാനിക്കാതെ ഭർത്താവ് ആദ്യ രാത്രി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. ( വേദനാജനകവും ഒപ്പം ഭർത്താവിനോട് ഒരു നീരസം തോന്നുന്നതുമായിരുന്നു ഇത് )
3. പുതിയ ചുറ്റിപ്പാടിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥ, ആയിടയ്ക്കാണ് ഭർത്താവിന്റെ അച്ഛനും, അനിയനും നടത്തിയ കടന്നുകയറ്റം. മാനസികമായി ആകെ തളർന്നിരുന്നു അവർ. ആരോട് പറയും രതിയ്ക്ക് മാത്രം തന്നെ സമീപിക്കുന്ന ഭർത്താവിനോടൊ? ഒടുവിൽ വീട് മാറിയാൽ പ്രശ്നം പരിഹരിക്കപ്പെടും എന്ന് തോന്നി.
4. പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല കൂടുതൽ വഷളായി. ഗന്ധർവ്വന്റെ വിളയാട്ടം!
5. ഇവിടെയാണ് ഇവരുടെ മനസ്സിൽ ഗന്ധർവ്വൻ കടന്നു കയറിയ സംഭവം നമ്മൾ ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടത്.
5.1. ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള മാറ്റം. ആശ്വാസപ്രദമായിരിന്നു. എന്നാൽ പഴയ വീട്ടിലെ സാഹചര്യം കൊണ്ട് ഭർത്താവിനോട് തോന്നിയ നീരസം ലൈംഗീക താത്പര്യമില്ലായ്മയായി ഭർത്താവ് കണക്കുകൂട്ടി. അദ്ദേഹവും ഇവരെ ശ്രദ്ധിക്കാതെയായി.
5.2. മോഹ നിദ്രയിൽ ഇവർ ഒരു വാക്ക് പ്രയോഗിച്ചു. "ചതി '' ( ഇനിക്കറിയാ ഇനിക്ക് പ്രശ്നൊന്നു ല്യാന്ന് ന്റെ മുപ്പര് വിചാരിച്ചാ മാറും ഒക്കെ . ഈ 'ചതി'ല്ലൊന്നും ഞമ്മള് പോയിപെടുല്ലായിന്" ) എന്താണീ ചതി? ആരാണിവരെ ചതിച്ചത്? മോഹനിദ്രയിൽ അവർ പറഞ്ഞ ഉത്തരം ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ആ ചതി ചെയ്തത് എന്നായിരുന്നു. ഭർത്താവിനാൽ തിരസ്ക്കരിക്കപ്പെട്ട സ്വന്തം ലൈംഗീകത, അത് മനസ്സിലാക്കി സുഹൃത്ത് ചൂഷണം ചെയ്തു എന്നതാണ് ശരി.
5.3. അതിൽ പിന്നീട് ഇവർക്ക് അതിയായ കുറ്റബോധമായി. ഈ പ്രശ്നത്തെ ഉപബോധമനസ്സ് മറി കടന്നത് അടുക്കള ഭാഗത്ത് നിന്ന് ഒരു വെളിച്ചം ശരീരത്തിൽ ഇടിച്ചു അതിനാൽ ശരീരമാസകലം വേദനയാണെന്ന് പറഞ്ഞു കൊണ്ടാണ്. ( ഭർത്താവിന് തന്റെ അശുദ്ധമായ ശരീരം കൊടുക്കുന്നത് തെറ്റാണ് എന്ന കുറ്റബോധമാണിവിടെ)
5.3. അപ്പോൾ പണിക്കരെങ്ങനെ രാശി വെച്ചു പറഞ്ഞു ഗന്ധർവ്വ കഥ? ഈ പ്രശ്നം ഇവർ പറഞ്ഞു തുടങ്ങിയതു തന്നെ വെളിച്ചം വന്നിടിച്ച കഥയിലാണ്. ശേഷം രാശി പലകയിയിൽ കാണുമെല്ലോ.
5. 4. മുസ്ലിയാർ കെട്ടിയ ഏലസ്സ് താൽകാലികമായി ഉപബോധമനസിനെ തൃപ്തിപ്പെടുത്തി. ആ സമയത്ത് ശാരീരിക ബന്ധവും നടന്നു. അത് പറഞ്ഞ സമയത്തെ വാക്ക് ശ്രദ്ധിക്കുക , " ഓ അപ്പോ നല്ല റാഹത്തായിന്''. മുസ്ലിയാരുടെ ഏലസ്സ് തന്നെ ശുദ്ധമാക്കി എന്നാണ് അവർ ധരിച്ചത്. എന്നാൽ ഇവിടെ അടിസ്ഥാന പ്രശ്നം അടിയുറച്ച കുറ്റബോധമാണ്. അത് ഉണ്ടാവുന്നത് ഭർത്താവിന്റെ അവഗണന മൂലം സംഭവിച്ച 'തെറ്റിൽ ' നിന്നാണ്.
5. 5. അവഗണിക്കപ്പെട്ട ലൈംഗികത, നിഷേധിക്കപ്പെട്ട സ്നേഹം, സമൂഹം അടിച്ചേൽപ്പിച്ച സദാചാരബോധം ഇവ അവർ ജീവിച്ചിരുന്ന സ്ഥലത്തെ വിശ്വാസവുമായി കുട്ടിച്ചേർത്താണ് ഇവരെ ബാധിച്ച ഗന്ധർവ്വനാവുന്നത്.
6. ഗന്ധർവ്വൻ ഇല്ല എന്നാണോ? അങ്ങനെ ഞാൻ പറഞ്ഞില്ല. പറയുകയമില്ല ഗന്ധർവ്വൻ എന്ന് നമ്മുടെ പൂർവ്വികർ ഇതിനെ വ്യക്തമായി പഠിച്ചാണ് പേരിട്ടത്.
7. ഒരു അമേരിക്കക്കാരിക്ക് ഇത് പോലെ ഗന്ധർവ്വൻ കൂടില്ല. അവരുടെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട ഭ്രമ കൽപനയാണ് അവർക്കുണ്ടാവുക.
8. ഈ കേസ് 3 കൗൺസലിംഗ്- സിറ്റിംഗിലൂടെ പരിഹരിക്കപ്പെട്ടു. ഇന്നവർ സുഖമായി ശരീര വേദനയില്ലാതെ ദാമ്പത്യ ജീവിതം നയിക്കുന്നു.
മന്ത്രവാദവും ഈ പ്രശ്നത്തെ മനശാസ്ത്രപരമായി തന്നെയാണ് പരിഹരിക്കുക. എങ്ങനെയെന്നാൽ.
'കുരുത്തോല കൊണ്ടലംഗരിച്ച പന്തലിൽ, യന്ത്രമെഴുതി, പടിഞ്ഞാറ് വശം തളിരും പുഷ്പവും കൊണ്ട് കെട്ടിയ 'ശര കൂടത്തിൽ ' പിണിയാളെ ഇരുത്തും. അഷ്ടമംഗല്യമെടുത്ത ഏഴു കന്യകമാരോടൊപ്പം കരിമ്പു വില്ലമെടുത്ത് കൊണ്ടാണ് പിണിയാൾ പന്തല്ലിൽ പ്രവേശിക്കുക. ഒരു കന്യക വന്ന് പിണിയാളെ ദേഹ പൂജ ചെയ്ത് ഇടതു കൈയിൽ കാപ്പു കെട്ടും. മന്ത്രവാദികൾ പാട്ടുകൾ പാടാൻ തുടങ്ങും പിണിയാൾ ഇളകിത്തുള്ളി തളർന്നു വീഴുന്നതോടെ ഗന്ധർവ്വൻ സ്വാഹാ: ' (വളരെ മനശാസ്ത്ര സങ്കേതങ്ങൾ ഉൾച്ചേർന്ന ഒരു കർമ്മമാണിത് )
ഗന്ധർവ്വൻ കുടിയെന്നു പറയുന്നവരെ അങ്ങനെ തന്നെ വേണം ചികിത്സിക്കാൻ, അല്ലാതെ യുക്തി വെച്ച് പ്രബോധനം ചെയ്യാൻ പോകരുത്!
ഗന്ധർവ്വൻ ആർക്കും കൂടാം, മനോബലമില്ലാത്ത ആർക്കും ...
പക്ഷെ പരിഹാരമുണ്ട്.

 Ramanand Kalathingal