A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കൊലപാതകത്തിന് സാക്ഷിപറയുന്ന തത്ത


മൃഗങ്ങൾ കൊലപാതകത്തിന് സാക്ഷിയാകുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഭൂമിയിൽ നടന്നിട്ടുള്ള ഒട്ടനവധി ദുരന്തങ്ങൾക്ക് പക്ഷിമൃഗാദികൾ സാക്ഷികളാണ്. പക്ഷെ അവരാരും നമ്മോടു വന്ന് ഒന്നിനും സാക്ഷ്യം പറഞ്ഞിട്ടില്ല. പക്ഷെ അമേരിക്കയിലെ മിഷിഗണിൽ അതും സംഭവിച്ചു. വധിക്കപ്പെട്ടയാളുടെ വളർത്തു പക്ഷിയായിരുന്ന ബഡ് (Bud) എന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ് (Psittacus erithacus) ആണ് തന്റെ യജമാനന്റെ കൊലപാതകത്തിന് സാക്ഷി പറയുന്നത്.
പോലീസ് ആദ്യം വിചാരിച്ചത് Glenna Duram മരിച്ചെന്നാണ് . അഞ്ച് വെടിയുണ്ടകൾ പാഞ്ഞുകയറിയ ഭർത്താവിന്റെ ശരീരത്തിനടുത്തായിരുന്നു ഗ്ലെനെയും കിടന്നിരുന്നത് ( മെയ് 2015 ). ചെവിയോട് ചേർന്നുള്ള ആഴമേറിയ മുറിവിൽ നിന്നും രക്തവും ഒഴുകുന്നുണ്ടായിരുന്നു . ഒരു ആക്രമണം നടന്ന എല്ലാ ലക്ഷണങ്ങളും ആ മുറിയിൽ ഉണ്ടായിരുന്നു . ഹോസ്പിറ്റലിൽ എത്തിച്ച ഗ്ലെന പതുക്കെ സുഖംപ്രാപിച്ചു വന്നു . തന്നെയും ഭർത്താവിനെയും ആരോ ആക്രമിച്ചു എന്ന അവരുടെ മൊഴി , പോലീസ് വിശ്വസിക്കുക തന്നെ ചെയ്തു . എന്നാൽ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഭാര്യതന്നെയാണ് ഭർത്താവിനെ കൊന്നത് എന്ന് പൊലീസിന് പിടികിട്ടി . എന്നാൽ തെളിവുകൾ പരിമിതമായിരുന്നു . എന്നാൽ അന്തരിച്ച ഭർത്താവ് മാർട്ടിന്റെ (Martin Duram) ആദ്യഭാര്യയുടെ മൊഴി കാര്യങ്ങൾ ആകെ കുഴപ്പത്തിലാക്കി . ആദ്യം മരിച്ചെന്നും , പിന്നീട് ഇരയാണെന്നും പോലീസ് കരുതിയിരുന്ന ഗ്ലെന ഇപ്പോൾ കേസിലെ ഒന്നാം പ്രതിയായി മാറി . ഗ്ലെനക്കെതിരെ മൊഴികൊടുത്തിരിക്കുന്നത് സംഭവം നടന്ന ദിവസം അതെ മുറിയിൽ ഉണ്ടായിരുന്ന ബഡ് എന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ് ആണ് . തന്റെ യജമാനൻ മരിക്കുന്നതിന് മുൻപ് തുടർച്ചയായി ഉറക്കെ നിലവിളിച്ച അതെ വാചകം മിമിക്രിയിൽ അഗ്രഗണ്യനായായ ബഡ് അതെ ടോണിലും ആവൃതിയിലും അനുകരിക്കുന്നതാണ് കേസിനെ അടിമുടി മറിക്കുന്ന മഹാ സംഭവമായി മാറിയത് . "Shut up,....... Get your (expletive) over here ......Don't F_ shoot." എന്നാണ് ബഡ് യജമാനന്റെ അതെ സ്റ്റൈലിൽ അനുകരിക്കുന്നത് . ഭാര്യയും ഭർത്താവും തമ്മിൽ നടന്ന വാക്കുതർക്കത്തിനിടയിൽ മാർട്ടിൻ ഉരുവിട്ട വാചകമാണിത് എന്ന് ഊഹിക്കാൻ പൊലീസിന് അധികസമയമൊന്നും വേണ്ടി വന്നില്ല . ദുരന്തത്തിന് ശേഷം ബഡിനെ വളർത്തുന്ന , മാർട്ടിന്റെ ഒന്നാം ഭാര്യയാണ് സംഭവം പൊലീസിന് വെളിപ്പെടുത്തിയത്. കൂട്ടത്തിൽ ഗ്ലെനെയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന അറിവ് കൂടുതൽ ബലമേകി . അവസാനം ഗ്ലെന നേരത്തെ എഴുതിയിരുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കൂടി കണ്ടെടുത്തതോടെ ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചതാണ് ഗ്ലെന എന്ന് പോലീസ് തീർച്ചപ്പെടുത്തി .
തത്തയുടെ മൊഴി പൊലീസിന് സഹായകമായി എന്നതൊഴിച്ചാൽ കോടതിയിൽ ഇതിനു വലിയ പ്രാബല്യമൊന്നും ഉണ്ടാവില്ല . ഏതെങ്കിലും ടിവി ഷോയിലെ വാചകമാണ് തത്ത അനുകരിക്കുന്നത് എന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചേക്കാം . എങ്കിലും ഈ മാസം നടന്ന വിചാരണയിൽ ഗ്ലെന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട് . പക്ഷെ ചരിത്രം പരിശോധിച്ചാൽ അനുകരണകലയിൽ ആഫ്രിക്കൻ ഗ്രെ പാരറ്റുകൾ തത്തകളിലെ പുലികളാണെന്ന് കാണാം . നൂറ്റിഅമ്പതോളം ഇഗ്ളീഷ് വാക്കുകളും , താൻ സ്വയം വികസിപ്പിച്ചെടുത്ത വേറെ കുറെ വാക്കുകളും നന്നായി പറഞ്ഞിരുന്ന അലക്സ് എന്ന ആഫ്രിക്കൻ ചാര തത്ത ലോക പ്രശസ്തനാണ് (2007 ൽ മരണപ്പെട്ടു, https://en.wikipedia.org/wiki/Alex_(parrot) ) . ഇത്തരം തത്തകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതിന് ലോജിക്കൽ റീസണിങ് പ്രകടമാക്കുന്ന പ്രൈമേറ്റുകളല്ലാത്ത ഏക ജീവികളാണ് ഇവറ്റകൾ എന്ന് ചില ഗവേഷകർ കരുതുന്നു . ഇക്കാര്യത്തിൽ നാല് വയസുള്ള ഒരു മനുഷ്യക്കുട്ടിക്കൊപ്പമാണ് തത്തകളുടെ സ്ഥാനം . കൂട്ടിൽ നിന്നും പുറത്തു ചാടി വഴിതെറ്റി അലഞ്ഞ Yosuke എന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ് , യജമാനൻ പഠിപ്പിച്ചു വിട്ട വീടിന്റെ അഡ്രസ്സ് ഉച്ചരിച്ച് പോലീസ് സഹായത്തോടെ വീട്ടിൽ തിരികെയെത്തിയ കഥ ബിബിസി ഒരിക്കൽ റിപ്പോർട്ട് ചെയ്തിരുന്നു (http://news.bbc.co.uk/1/hi/world/asia-pacific/7414846.stm). എന്തായാലും മാർട്ടിൻ, ബഡിനു കൊടുത്ത സ്നേഹവും പരിചരണവും വെറുതെയായില്ല എന്നാണ് പലരും കരുതുന്നത് .