A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഉടമകളുടെ ‘ചോര കുടിക്കുന്ന’ ദുരൂഹരത്‌നം

ഉടമകളുടെ ‘ചോര കുടിക്കുന്ന’ ദുരൂഹരത്‌നം..............

പ്രകൃതിദത്തമായി ഭൂമിയിൽ ഇന്നു കാണപ്പെടുന്ന ഏറ്റവും കാഠിന്യമേറിയ വസ്തു– വജ്രക്കല്ലുകൾക്ക് അതാണ് വിശേഷണം. വജ്രത്തെ വജ്രം കൊണ്ടേ മുറിക്കാനാകൂ. ഭൂമിക്കടിയിൽ വർഷങ്ങളോളം ചൂടും സമ്മർദവുമേറ്റ് കാർബണിന് രൂപമാറ്റം സംഭവിക്കുന്നതാണിത്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 100 മൈൽ താഴെയായി രൂപപ്പെടുന്ന ഇവ അഗ്നിപർവത സ്ഫോടനങ്ങളിലൂടെയാണ് സ്വാഭാവികമായി മുകളിലേക്കെത്തുന്നത്. പക്ഷേ ഇവയുടെ വിപണിമൂല്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലുൾപ്പെടെ വൻതോതിൽ ഖനനം ചെയ്തെടുക്കാൻ ആരംഭിക്കുകയായിരുന്നു.
ഇന്നുപക്ഷേ പല അമൂല്യവജ്രങ്ങൾക്കും രക്തത്തിന്റെ ഗന്ധവും കണ്ണീരിന്റെ നനവുമുണ്ട്. ആഭ്യന്തര യുദ്ധങ്ങളിൽ ആയുധശേഖരണത്തിനായി പണമുണ്ടാക്കാൻ റിബൽ ഗ്രൂപ്പുകളും ഏകാധിപതികളുമെല്ലാം തേടുന്ന പ്രധാന വഴി വജ്രവിൽപനയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇതേറെയും. ജനങ്ങളെ അടിമകളാക്കി വജ്രഖനികളിൽ പണിയെടുപ്പിച്ച്, അവ വിറ്റ് കിട്ടുന്ന കാശുകൊണ്ട് ആയുധങ്ങളും ലഹരിവസ്തുക്കളുമെല്ലാം വാങ്ങിക്കൂട്ടുന്ന സംഘങ്ങൾ ഇന്നും പല രാജ്യങ്ങളിലുമുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച് വിൽപന നടത്തുന്ന വജ്രങ്ങൾക്ക് ‘ബ്ലഡ് ഡയമണ്ട്’ എന്നാണ് വിളിപ്പേര്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലെ ആഭ്യന്തരകലാപം പശ്ചാത്തലമാക്കി 2006ൽ ‘ബ്ലഡ് ഡയമണ്ട്’ എന്ന ഹോളിവുഡ് ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
ബിസി നാലാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയിൽ വജ്രവ്യാപാരം നടന്നിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നു. രാജാക്കന്മാരുടെ ആഘോഷങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായിരുന്നു വജ്രങ്ങൾ. ക്ഷേത്രവിഗ്രഹങ്ങളുടെ കണ്ണുകളിൽ തിളങ്ങുന്ന വജ്രം പതിപ്പിക്കുകയാണു പതിവ്. ആ വിഗ്രഹങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ വജ്രം കാക്കുമെന്നാണു വിശ്വാസം. പക്ഷേ ബ്രിട്ടിഷുകാർ കോഹിനൂർ രത്നം ഉൾപ്പെടെയാണ് ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയത്. അക്കൂട്ടത്തിൽ പെടുത്താനാകില്ല ‘ഹോപ് ഡയമണ്ടി’നെ. ബ്രിട്ടിഷുകാരെത്തും മുൻപേ ഇത് ഇന്ത്യ കടന്നു.
തുത്തൻഖാമന്റെ മമ്മിയെപ്പറ്റിയുള്ള കഥ പോലെ ലോകത്ത് ഏറ്റവുമധികം ശാപഗ്രസ്തമായ രത്നക്കല്ല് എന്നാണ് ‘ഹോപ്’ അറിയപ്പെടുന്നത്. ധരിക്കുന്നവരെ ഇല്ലാതാക്കുന്ന, പലരെയും സ്വത്തും ബന്ധുബലവും നഷ്ടപ്പെടുത്തി പാപ്പരാക്കിയ ഈ രത്നക്കല്ലിനെപ്പറ്റി അത്രയേറെയുണ്ട് കഥകൾ.
Hope Diamond
ഈ നീലക്കല്ല് എവിടെ നിന്നു വന്നു എന്നതിന് വ്യക്തമായ ഉത്തരമില്ലെങ്കിലും ഇന്ത്യയിലെ ഒരു വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ചെടുത്തതാണെന്ന കഥയ്ക്കാണ് പ്രചാരമേറെയുള്ളത്. ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിയ നീലവജ്രമാണ് ‘ഹോപ്’. സാധാരണ വജ്രത്തിൽ ബോറോൺ എന്ന മൂലകം കുടുങ്ങുമ്പോഴാണ് നീലനിറമുണ്ടാകുന്നത്. അതെല്ലാം അവിടെ നിൽക്കട്ടെ, ഹോപ് വജ്രത്തിന്റെ കഥ തുടങ്ങുന്നത് 1668-69 കാലത്താണ്. ആദ്യമേ പറയാം ‘ഹോപ് ഡയമണ്ട്’ സ്വന്തമാക്കിയവരിൽ ഭൂരിപക്ഷം പേർക്കും ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് അതിനെ ശാപക്കഥയിലെ നായകനാക്കിയത്. പക്ഷേ കുഴപ്പങ്ങളൊന്നും പറ്റാതെ രക്ഷപ്പെട്ടവരുമുണ്ട്.
ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയും വ്യാപാരിയുമായ ഴാങ്–ബാപ്റ്റിസ്റ്റെ ടവെർനിയെയാണ് ഒരു പുരോഹിതനിൽ നിന്ന് ആദ്യം ഈ രത്നം വാങ്ങുന്നത്. ഗോൽക്കൊണ്ട ഖനിയിൽ നിന്നുള്ളതാണ് ഇതെന്നാണ് കരുതുന്നത്. വാങ്ങുന്ന സമയത്ത് പ്രാകൃതമായി ‘കട്ട്’ ചെയ്ത് ഏകദേശം ത്രികോണാകൃതിയിലായിരുന്നു വജ്രം. ‘അതിസുന്ദരമായ വയലറ്റ്’ എന്നായിരുന്നു അതിന്റെ നിറത്തെ ടവെർനിയെ വിശേഷിപ്പിച്ചത്. മോഷ്ടിക്കപ്പെട്ട വജ്രമായിരുന്നു അതെന്ന സൂചനയും ടവെർനിയ നൽകുന്നുണ്ട്. പിന്നീട് ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് ഇതു വാങ്ങി. 112 3/16 കാരറ്റ് തൂക്കമുണ്ടായിരുന്ന ആ വജ്രം ലൂയി രാജാവ് കൊട്ടാരം രത്നവിദഗ്ധരെക്കൊണ്ട് പിന്നെയും മിനുക്കിയെടുത്തു. ഭാരം 67 1/8 കാരട്ടായി കുറഞ്ഞു. വെട്ടിയൊതുക്കലിനൊടുവിൽ ഹൃദയാകൃതി കൈവരിച്ച ആ രത്നത്തിന്റെ നിറം അതോടെ കടുംനീലയുമായി. ബ്ലൂ ഡമണ്ട് ഓഫ് ദ് ക്രൗൺ, ഫ്രഞ്ച് ബ്ലൂ തുടങ്ങിയ പേരുകൾ അതിന് ലഭിക്കുന്നത‌ും അങ്ങനെയാണ്. വിശേഷാവസരങ്ങളിൽ ധരിക്കുന്ന മാലയിലാണ് രാജാവ് ഈ രത്നക്കല്ല് പതിപ്പിച്ചത്. 1749ൽ ലൂയി പതിനഞ്ചാമൻ ആ വജ്രം പിന്നെയും രാകിമിനുക്കി. 1791ൽ ലൂയി പതിനാറാമന്റെയാകട്ടെ രാജകീയ ആഭരണങ്ങളുടെ ഭാഗമായിരുന്നു ഈ വജ്രം. പക്ഷേ രാജാവും പത്നി മേരി അന്റോണിറ്റയും ഫ്രഞ്ച് വിപ്ലവത്തിനിടെ പലായനത്തിനു ശ്രമിക്കുമ്പോൾ പിടിക്കപ്പെട്ട് ശിരച്ഛേദം ചെയ്യപ്പെട്ടു. ‘ഹോപ് വജ്ര’ത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് തുടക്കം കുറിക്കുന്നതും ഇവിടെ നിന്നാണ്.
രാജകീയ ഖജനാവിൽ നിന്നു പിടിച്ചെടുത്ത് സർക്കാർ ട്രഷറിയിലേക്കു മാറ്റിയവയിൽ ഹോപ് വജ്രവുമുണ്ടായിരുന്നു. പക്ഷേ 1792 കലാപകാലത്ത് അതും മോഷണം പോയി. പിന്നീട് 1812ൽ ലണ്ടനിലാണ് കഥ തുടരുന്നത്. അവിടെ ഏകദേശം 45.5 കാരട്ട് തൂക്കമുള്ള ഒരു നീലവജ്രം വിൽപനയ്ക്കെത്തി. പലതലത്തിൽ രാകിമിനുക്കി ‘ഹോപ് വജ്ര’ത്തിന്റെ തൂക്കം അത്രയും എത്തിയിരുന്നു. പക്ഷേ ഫ്രഞ്ച് രാജാവിന്റെ ‘തലയറുത്ത’ വജ്രമാണതെന്ന് ആരും അറിഞ്ഞില്ല. കറങ്ങിത്തിരിഞ്ഞ് 1813ൽ ഹെൻറി ഫിലിപ് ഹോപ് എന്ന രത്നവ്യാപാരിയുടെ പ്രശസ്തമായ രത്ന ശേഖരത്തിലും ഇതെത്തി. അങ്ങനെയാണിതിന് ‘ഹോപ് ഡയമണ്ട്’ എന്ന പേരുവീഴുന്നത്. (ഫ്രാൻസിൽ നിന്ന് ബ്രിട്ടന്റെ ജോർജ് നാലാമൻ രാജാവിനാണത്രേ ഈ വജ്രം കിട്ടിയത്. വൈകാതെ അദ്ദേഹം കടം കയറി പാപ്പരായി. അദ്ദേഹത്തിൽ നിന്നാണ് ഹെൻറി തോമസ് ഹോപ് ഇതു വാങ്ങിയതെന്നും ഒരു കഥയുണ്ട്)
അതിനിടെ രത്നം പരിശോധിച്ച ചാൾസ് ബാർബോട്ട് എന്ന വിദഗ്ധൻ ഇത് ‘റീ കട്ട്’ ചെയ്യപ്പെട്ട ‘ഫ്രഞ്ച് ബ്ലൂ’ ആണെന്ന നിഗമനം പുറത്തുവിട്ടു. 1858ലായിരുന്നു അത്. ഫിലിപ് ഹോപിന്റെ മരണശേഷം രത്നം പേരക്കുട്ടി ഫ്രാൻസിസ് ഹോപിനു ലഭിച്ചു. പക്ഷേ പ്രഭുവായി വിലസിയിരുന്ന ഫ്രാൻസിസ് വൈകാതെ കടം കയറി പാപ്പരാകാരായി. നഷ്ടം നികത്താൻ വജ്രം വിൽക്കേണ്ട അവസ്ഥയിലെത്തി. 1901ൽ വജ്രം വിൽപനയ്ക്കു വച്ചു. അങ്ങനെ വജ്രവ്യാപാരികളുടെ കൈമറിഞ്ഞ് ‘ഹോപ്’ എത്തിയത് ന്യൂയോർക്കിൽ. അവിടെ ജോസഫ് ഫ്രാൻകെൽസ് സൺസ് ആൻഡ് കമ്പനി ഈ വജ്രം വാങ്ങി. അവരത് വിറ്റതാകട്ടെ സലിം ഹബീബ് എന്ന കച്ചവടക്കാരനും. അദ്ദേഹം 1909 വരെ അത് കൈവശം വച്ചു. പക്ഷേ സലിമിന്റെ കച്ചവടങ്ങളെല്ലാം നഷ്ടത്തിലായി. ഒരു സുപ്രഭാതത്തിൽ കടലിൽ അദ്ദേഹത്തിന്റെ മൃതശരീരം പൊങ്ങി. കടം വീട്ടാൻ സ്വത്ത് ലേലത്തിനു വച്ചപ്പോൾ ഫ്രഞ്ച് രത്നവ്യാപാരക്കമ്പനി കാർട്ടിയെ ‘ഹോപി’നെ സ്വന്തമാക്കി.
അതിനോടകം തന്നെ ‘ഹോപി’നെ ചുറ്റിപ്പറ്റിയുള്ള കഥകൾ പത്രങ്ങളിൽ വൻവാർത്തയായി മാറിയിരുന്നു. ശാപഗ്രസ്തമായ വജ്രമെന്നാണ് അതിനെ പലരും വിശേഷിപ്പിച്ചത്. അതിന് കൂട്ടായി ഉടമകൾക്കുണ്ടായ ദുരനുഭവ കഥകളും നിറഞ്ഞു. ഉടമയുടെ കൊലപാതകം, ആത്മഹത്യ, ഭ്രാന്തു പിടിക്കൽ, കച്ചവടം നഷ്ടമാകൽ, നിക്ഷേപം ഇല്ലാതാകൽ, പാപ്പരാകല്‍, കല്യാണം നടക്കാതെയാകൽ, മക്കൾ മരിക്കുന്നത്, ലഹരിക്ക് അടിമയാകുന്നത് തുടങ്ങി ഒട്ടേറെ ദു:സ്സൂചനകൾ നിറഞ്ഞ കഥകൾ! ലക്ഷാധിപതികളായ നെഡ്, ഇവാലിൻ വാൽഷ് മക്‌ലീൻ ദമ്പതികള്‍ക്കാണ് കാർട്ടിയെ ‘ഹോപ്’ വിറ്റത്. അതും അന്നത്തെ 1.80 ലക്ഷം ഡോളറിന്. വിശേഷാവസരങ്ങളിലെല്ലാം ഇവാലിൻ പ്രഭ്വി ‘ഹോപ്’ ധരിക്കാൻ മറന്നിരുന്നില്ല. അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി അത്. 1947ൽ ഇവാലിൻ ന്യുമോണിയ ബാധിച്ച് മരിച്ചു. അതിനോടകം സ്വത്തുക്കൾ നഷ്ടപ്പെട്ട് കടവും കയറിയിരുന്നു.
അങ്ങനെയാണ് പ്രശസ്ത രത്നവ്യാപാരി ഹാരി വിൻസ്റ്റണിന്റെ കയ്യിൽ ‘ഹോപ്’ എത്തുന്നത്. അദ്ദേഹമാകട്ടെ 1953 വരെ അമേരിക്കയിൽ പലയിടത്തും തന്റെ ശേഖരത്തിലെ രത്നങ്ങൾക്കൊപ്പം ‘ഹോപ്പും’ പ്രദർശിപ്പിച്ചു. ഒടുവിൽ 1958ൽ വാഷിങ്ടണിലെ സ്മിത്ത്സോണിയൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലേക്ക് രത്നം സംഭാവന ചെയ്തു. ‘ഹോപി’നെ ഒരു വിൽപനവസ്തു എന്ന നിലയിൽ കൈകാര്യം ചെയ്തവരെയാണ് അത് വേട്ടയാടിയതെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന കഥകളിലുള്ളത്. ‘നിർമലമായ’ ഹൃദയമുള്ളവർക്ക് അതിന്റെ ശാപമേൽക്കില്ലെന്നും പറയപ്പെടുന്നു. ‘നിർമല’മെന്നാൽ വ്യാപാരമനോഭാവത്തോടെയല്ലാതെ ‘ഹോപി’നെ സമീപിക്കുന്നവർ എന്നർഥം. അതിനാലാണ് ഹാരി വിൻസ്റ്റണിനെ ‘ഹോപ്’ വെറുതെവിട്ടതെന്നും അഭ്യൂഹങ്ങൾ.
എന്തായാലും ഇന്ന് മ്യൂസിയത്തിലെ ‘ജെം ഹാളി’ലെ ഏറ്റവും പ്രധാന ആകർഷണമാണ് ‘ഹോപ്’. 45.52 കാരറ്റ് തൂക്കമുള്ള അതിനു വരുന്ന മതിപ്പുവിലയാകട്ടെ 35 കോടി ഡോളറും! സ്മിത്ത്സോണിയൻ മ്യൂസിയത്തിൽ നിന്ന് പല വസ്തുക്കൾക്ക് നേരെയും മോഷണശ്രമമുണ്ടായിട്ടും ഇത്രയേറെ മൂല്യമുള്ള ഹോപ് ഡയമണ്ടിനെ കള്ളന്മാർ ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. രത്നത്തേക്കാൾ മൂർച്ചയേറിയ കൊടും ശാപം അതിന്മേൽ ഒളിച്ചിരിക്കുന്നുണ്ടെന്ന ഭീതി മോഷ്ടാക്കളെയും പിടികൂടിയിട്ടുണ്ടാകുമോ?