നരവംശശാസ്ത്രത്തില്‍ മനുഷ്യന്റെ ആദിമ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള
മുഴുവന്‍ സിദ്ധാന്തങ്ങളെയും വെല്ലുവിളിക്കുന്ന ഒരു കണ്ടുപിടുത്തമാണ്
തുര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന ഗൊബെക്ലി ടെപെ.പുരാതനമായ ചില സ്തൂപങ്ങളുടെ
അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഇത്. വൃത്തങ്ങളില്‍
അണിനിരത്തിയിരിക്കുന്ന ഈ കൂറ്റന്‍ തൂണുകള്‍-20 അടിയോളം ഉയരവും 20 ടണ്‍
ഭാരവുമുള്ള 200ഓളം എണ്ണം- ആരാധനയുടെ ഭാഗമായി നിര്‍മ്മിച്ചതാണെന്നാണ് അവയുടെ
രൂപപ്രകൃതം കൊണ്ട് മനസ്സിലാവുന്നത്. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന വസ്തുത
ഇതൊന്നുമല്ല. സാമൂഹിക വ്യവസ്ഥിതിയും മതങ്ങളുടെ സംവിധാനവും ഒട്ടും
തന്നെയില്ലെന്ന് കരുതിയിരുന്ന, മനുഷ്യന്‍ നായാടിയായി ജീവിച്ചിരുന്ന ഒരു
കാലഘട്ടത്തിലാണ് ഈ സ്തൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്-13000
വര്‍ഷങ്ങള്‍ക്കു മുന്‍പ്. അങ്ങനെയാണെങ്കില്‍ കൃഷി കണ്ടുപിടിച്ച മനുഷ്യന്‍
ഓരോ സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കി എന്നും അതില്‍ നിന്ന് മതം ഉടലെടുത്തു
എന്നുമുള്ള പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തം കീഴ്മേല്‍
മറിക്കപ്പെടും. കാരണം കൃത്യമായി വിഭാവന ചെയ്ത ഒരു മതസംവിധാനത്തിലേക്കും
ഇത്രയും രൂപങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ തൊഴില്‍ വിഭജനത്തിലേക്കുമാണ് ഈ
സ്തൂപങ്ങള്‍ വിരല്‍ ചൂണ്ടുന്നത്