യുക്‌തിവാദിയുടെ ഘാതകനെ കണ്ടെത്താന്‍ പോലീസ് മന്ത്രവാദം നടത്തി
Story Dated: Wednesday, February 25, 2015 05:54
Story Dated: Wednesday, February 25, 2015 05:54
ന്യൂഡല്‍ഹി: യുക്‌തിവാദിയുടെ കൊലപാതകിയെ കണ്ടെത്താന്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്‌ഥന്‍ മന്ത്രവാദം നടത്തിയെന്ന റിപ്പോര്‍ട്ടിന് സ്‌ഥിരീകരണം. പ്രസിദ്ധ യുക്‌തിവാദി നരേന്ദ്ര ദബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ച മുന്‍ പോലീസ് കമ്മീഷണര്‍ ഗുലാബ് റാവു പോലിനെതിരേ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ആരോപണത്തിന് സ്‌ഥിരീകരണം നല്‍കിയിട്ടുള്ളത് മഹാരാഷ്‌ട്രയിലെ കഴിഞ്ഞ ഉപ മുഖ്യമന്ത്രി അജിത് പവാറാണ്.
കഴിഞ്ഞ വര്‍ഷം മുംബൈ പോലീസ് നിഷേധിച്ച വാര്‍ത്ത പക്ഷേ ശരിയായിരുന്നെന്ന് അജിത്‌പവാര്‍ വ്യക്‌തമാക്കി. ഗുലാബ് റാവു പോല്‍ പൂനേയിലെ പോലീസ് കമ്മീഷണറായിരിക്കെ ആയിരുന്നു സംഭവം. ആജീവനാന്തം അന്ധവിശ്വാസങ്ങളെ എതിര്‍ത്തിരുന്ന ദബോല്‍ക്കറിന്റെ ആത്മാവിനെ വിളിച്ചുവരുത്തി കൊലയാളിയെ ചൂണ്ടിക്കാണിക്കാന്‍ പോല്‍ ഓജോബോര്‍ഡ് ഉപയോഗിച്ചെന്നാണ് ആരോപണം. മന്ത്രവാദം പോലിന്റെ ഓഫീസിലാണ് നടന്നതെന്നും വാര്‍ത്ത പുറത്തുവിട്ട മാധ്യമം അന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ എല്ലാം പോലീസ് നിഷേധിച്ചു. പിന്നാലെ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരും ഇക്കാര്യത്തില്‍ നിഷേധക്കുറിപ്പ് ഇറക്കി.
എന്നാല്‍ വാര്‍ത്തയ്‌ക്ക് അജിത്ത് പവാര്‍ ഇന്ന് സ്‌ഥിരീകരണം നല്‍കുകയായിരുന്നു. 2013 ആഗസ്‌റ്റ് 20 നായിരുന്നു പൂനെയിലെ വീടിന് അടുത്തുവെച്ച് ദബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകം തെളിയിക്കാന്‍ പോല്‍ പോലീസില്‍ നിന്നും വിരമിച്ച ശേഷം മന്ത്രവാദം ജീവിതചര്യയാക്കി മാറ്റിയിട്ടുള്ള ഒരു മുന്‍ കോണ്‍സ്‌റ്റബിളിന്റെ സഹായം തേടിയെന്നും ഇരുവരും ചേര്‍ന്ന് പോലിന്റെ ഓഫീസില്‍ ഓജോബോര്‍ഡ് വെച്ച് ആത്മാവിനെ വിളിച്ചു വരുത്താന്‍ ശ്രമിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍.
പോലീസ് ഉന്നതന്‍ മന്ത്രവാദം നടത്തിയെന്ന പവാറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചെന്ന് ദബോല്‍ക്കറിന്റെ മകന്‍ ഹമീദ് പറഞ്ഞു. അങ്ങിനെയാണെങ്കില്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ അജിത് പവാര്‍ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും പോലീസ് എന്തിന് ഇയാള്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയെന്നും ബിജെപി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹമിദ് പറഞ്ഞു.