ഉറുമ്പുകളെപ്പറ്റി നമുക്ക് ഒരുപാട് നല്ലകാര്യങ്ങള്‍ പറയാറുണ്ട്. അവയുടെ ഒത്തൊരുമയും അച്ചടക്കവും ഒക്കെ കണ്ടുപഠിയ്ക്കേണ്ട ഗുണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇന്ന് പുതിയ ഇനം ഉറുമ്പുകള്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കാകെ ഭീക്ഷണി ആയിരിക്കുകയാണ്.
ഫ്ളോറിഡയില്‍ കണ്ടുവരുന്ന റ്റവ്നി ക്രേയ്സി ഉറുമ്പുകളാണ് ഇന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. നൈലാന്‍ഡ്രിയ ഫ്യുല്‍വ എന്നാണ് ശാസ്ത്രലോകത്ത് ഈ കുഞ്ഞുവിരുതന്‍ അറിയപ്പെടുന്നത്. ഇവയെ 2002ലാണ് ആദ്യമായി കണ്ടെത്തിയത്. ജന്‍മദേശമായ അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇവ മനുഷ്യരോടൊപ്പം ആക്സമികമായി ടെക്സാസിലും ഫ്ളോറിഡയിലുമൊക്കെ എത്തിച്ചേര്‍ന്നു.
ഒരു ഇഞ്ചിന്റെ എട്ടില്‍ ഒരു ഭാഗം മാത്രം വലിപ്പമുള്ള ഈ ഉറുമ്പുകള്‍ ആക്രമണകാരികളാണ്. ഇവയുടെ പാതയില്‍ വീണുകിടക്കുന്ന വസ്തുക്കള്‍ , അത് ലാപ്ടോപ്പ് ആയാലും സ്മാര്‍ട്ട് ഫോണ്‍ ആയാലും ഇവ വെറുതെ വിടില്ല. ഭക്ഷ്യശൃംഖലയില്‍ വളരെ താഴെയാണെങ്കിലും ഈ കുഞ്ഞന്‍ ഉറുമ്പുകള്‍ സസ്യങ്ങളേയും മൃഗങ്ങളേയും ഇല്ലാതെയാക്കാന്‍ കെല്പ്പുള്ളവയാണ്.
ഇത് കൂടാതെ ഇവയുണ്ടാക്കുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. ഇലക്ട്രിക്കല്‍ വയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ഇവയ്ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. സ്വിച്ചിലും മറ്റും കയറിക്കൂടുന്നതിനിടയില്‍ വൈദ്യുതഷോക്ക് ഏറ്റ് ചത്തുവീഴുന്ന ഉറുമ്പുകള്‍ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ഗന്ധം തിരിച്ചറിഞ്ഞ് അനേകയിരം ഉറുമ്പുകള്‍ അവിടേയ്ക്ക് പാഞ്ഞെത്തുന്നു. അവയും ഷോക്ക് ഏറ്റ് വീഴുന്നു. ഈ പ്രക്രിയ തുടരുന്നതോടെ ഉറുമ്പുകളെകൊണ്ട് നിറയുന്ന സ്വിച്ച് പിന്നീട് പ്രവര്‍ത്തിപ്പിക്കാനാകാതെ വരുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് പോലെയുള്ള ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
ആവാസവ്യവസ്ഥിതിയ്ക്ക് തന്നെ ഭീക്ഷണിയായ ഈ ഉറുമ്പുകള്‍ മനുഷ്യരുടെ ബാഗിലും മറ്റും കയറിക്കൂടിയാണ് മറ്റ് രാജ്യങ്ങളിലേക്ക് എത്തുന്നത്. വളരെ വേഗം തന്നെ കാലവസ്ഥയുമായി ഇഴുകിച്ചേരുകയും പെറ്റുപെരുകുകയും ചെയ്യുന്ന ഇവയെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം.