A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാനിബൾ ഹോളൊകോസ്റ്റ്



1980ലാണ് ഇറ്റലിയിൽ ‘കാനിബൾ ഹോളൊകോസ്റ്റ്’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. പ്രദർശനം ആരംഭിച്ച് വൈകാതെ തന്നെ ഈ സിനിമ പലയിടത്തും തിയേറ്ററുകളിൽ നിന്നു പിൻവലിക്കാൻ കോടതി ഇടപെട്ട് ഉത്തരവെത്തി. ഇറ്റലിയിലും ഓസ്ട്രേലിയയിലും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചു. അത്രയേറെ ക്രൂരവും ബീഭത്സവും ലൈംഗികാതിപ്രസരവുമുള്ള ചിത്രമായിരുന്നു അത്. സിനിമ പറഞ്ഞതാകട്ടെ ആമസോൺ കാടുകളിലെ ഒരു പ്രത്യേക ഗോത്രവിഭാഗത്തെപ്പറ്റി ഡോക്യുമെന്ററി തയാറാക്കാൻ പോകുന്നവരുടെ കഥയും. ഡോക്യുമെന്ററിസംഘത്തിലെ ആരും തന്നെ ആ ദ്വീപിൽ നിന്നു തിരികെയെത്തിയില്ല. ഇവരെ അന്വേഷിച്ചുപോയവർക്കാകട്ടെ ആകെക്കിട്ടിയത് ഒരു വിഡിയോ ക്യാമറ മാത്രം. അതിനകത്തുണ്ടായിരുന്നു ദ്വീപിൽ എന്താണ് സംഭവിച്ചതെന്ന കാര്യങ്ങൾ. നരഭോജികളുടെ ദ്വീപായിരുന്നു അത്. തോക്കുയർത്തി ആധുനിക മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളും അവിടെക്കാണിച്ച ഡോക്യുസംഘത്തിലെ യുവതിയെ ഉൾപ്പെടെ ഗോത്രസംഘം ക്രൂരമായി വെട്ടിക്കീറി പച്ചയ്ക്ക് ഭക്ഷിക്കുന്ന കാഴ്ചകളായിരുന്നു ടേപ്പിൽ! നരഭോജിക്കഥകളിൽ ഇന്നും പ്രതീകാത്മകചിത്രമായി നൽകുന്നത് കാനിബൾ ഹോളൊകോസ്റ്റിലെ ദൃശ്യങ്ങളാണ്.
അതു വെറും സിനിമയെന്നു പറഞ്ഞ് തള്ളിക്കളയാം. പക്ഷേ സിനിമയെയും വെല്ലുന്ന കഥകളാണ് കെനിയയിലെ ടെർക്കാന തടാകത്തിലെ അനേകം ദ്വീപുകളിലൊന്നായ എൻവായ്റ്റേനെറ്റിനെപ്പറ്റിയുള്ളത്. ഒരിക്കൽ ആ ദ്വീപിലെത്തിയവർക്കു പിന്നെയൊരു തിരിച്ചു പോക്കില്ല. അതിനാൽത്തന്നെ എൽ മോലോ ഗോത്രഭാഷയിൽ എൻവായ്റ്റേനെറ്റ് എന്നാൽ ‘നോ റിട്ടേൺ ഐലന്റ്’ എന്നാണർഥം. ദ്വീപിന്റെ ദുരൂഹത കാരണം സമീപപ്രദേശങ്ങളിലെ ഗോത്രങ്ങള്‍ നൽകിയിരിക്കുന്ന അർത്ഥവത്തായ പേര്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്കു മുന്നിൽ ദുരൂഹതയുടെ ചോദ്യചിഹ്നമുയർത്തി നിൽക്കുന്ന എൻവായ്റ്റേനെറ്റ് ദ്വീപിന്റെ കഥയാണിനി...
കാണാതായ ആ രണ്ടു പേർ!
റുഡോൾഫ് തടാകമെന്ന പേരുമുണ്ട് ടെർക്കാനയ്ക്ക്. ക്ഷാരസ്വഭാവമുള്ള വെള്ളം നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ തടാക‌മാണിത്. അതിൽ സ്ഥിതി ചെയ്യുന്ന ചെറുദ്വീപുകളിലൊന്നാണ് എൻവായ്റ്റേനെറ്റ്. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ ദ്വീപിലേക്ക് പക്ഷേ സമീപദ്വീപുവാസികളൊന്നും പോകാൻ പോലും തയാറല്ല. ശാപം പിടിച്ച ദ്വീപാണതെന്നാണ് അവരുടെ വിശ്വാസം. വെറുതെ വിശ്വസിക്കുന്നതല്ല ദ്വീപുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹ സംഭവവികാസങ്ങൾ അത്രയേറെയുണ്ട്.
എൽ മോലോ ഗോത്രവിഭാഗക്കാരെപ്പറ്റി പഠിക്കാൻ 1935 ലാണ് വിവിയൻ ഫ്യൂക്സ് എന്ന ബ്രിട്ടിഷ് പര്യവേക്ഷകൻ ടെർക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളിലെത്തുന്നത്. മാസങ്ങളോളം നീളുന്നതായിരുന്നു പഠനം. എല്ലാ ദ്വീപുകളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എൻവായ്റ്റേനെറ്റിലേക്കും ഫ്യൂക്സ് തന്റെ രണ്ട് സഹപ്രവർത്തകരെ പറഞ്ഞയച്ചു– മാർട്ടിൻ ഷെഫ്‌ലിസും ബിൽ ഡേസണും. എല്ലാ ദിവസവും വൈകിട്ട് ദ്വീപിൽ നിന്ന് തീ കത്തിച്ചായിരുന്നു ‘എല്ലാം ഭംഗിയായി നടക്കുന്നു’ എന്നതിന്റെ അടയാളം ഇരുവരും ഫ്യൂക്സിനു നൽകിയിരുന്നത്. ഏതാനും ആഴ്ച കഴിഞ്ഞു. ഒരു നാൾ തീഅടയാളം കാണാതായി. പിന്നെയുള്ള ദിവസങ്ങളിലും അങ്ങനെത്തന്നെ!
അതോടെ പര്യവേക്ഷകസംഘത്തിലെ ഏതാനും പേരെ ഫ്യൂക്സ് ദ്വീപിലേക്കയച്ചു. അപ്പോഴും ഗോത്രവിഭാഗക്കാരിൽ ആരും അങ്ങോട്ട് പോകാൻ തയാറായിരുന്നില്ല. ദ്വീപിൽ പലയിടത്തും അന്വേഷിച്ചും ഷെഫ്‌ലിസിന്റെയും ഡേസണിന്റെയും പൊടി പോലും കണ്ടുപിടിക്കാനായില്ല. മാത്രവുമല്ല അവിടെ ഒരാഴ്ചയിലേറെയായി രണ്ടു പേർ താമസിച്ചിരുന്നു എന്നതിന്റെ പോലുമില്ല അടയാളം. എൻവായ്റ്റേനെറ്റ് ദ്വീപിനെപ്പറ്റി ആദ്യമായി പൊലീസിൽ രേഖപ്പെടുത്തുന്ന പരാതിയും അതായിരുന്നു. പ്രാദേശിക ഭരണകൂടം ഹ്യൂക്സിന് ഒരു ചെറുവിമാനവും വിട്ടുകൊടുത്തു. അതിൽ ദ്വീപിനു മുകളിലൂടെ പോയി തിരഞ്ഞിട്ടും ജീവന്റെ യാതൊരു അടയാളവും കണ്ടെത്താനായില്ല. (ഫ്യൂക്സുമായി ഹാം റേഡിയോ വഴി ഷെഫ്‌ലിസും ഡേസണും ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പക്ഷേ അവർ പറയുന്നതെല്ലാം അവ്യക്തമായിരുന്നു. തങ്ങളുടെ കണ്ണുകൾക്ക് പോലും വിശ്വസിക്കാനാകാത്ത കാഴ്ചയ്ക്കാണിപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നു പറഞ്ഞതിനെ പുറകെയാണ് ഇരുവരെയും കാണാതായതെന്നും റിപ്പോർട്ടുണ്ട്)
നിന്നനിൽപിൽ അപ്രത്യക്ഷരായവർ!
ദ്വീപിനെപ്പറ്റി ഗോത്രവിഭാഗക്കാരോട് കാര്യമായിത്തന്നെ അന്വേഷിച്ചു ഫ്യൂക്സ്. അപ്പോഴാണദ്ദേഹം ആ രക്തമുറയിക്കുന്ന കഥ കേൾക്കുന്നത്. ഇതാദ്യമായിട്ടായിരുന്നില്ല ആ ദ്വീപിലെത്തുന്നവരെ കാണാതാകുന്നതെന്ന സത്യവും. വർഷങ്ങൾക്കു മുൻപേ എൻവായ്റ്റേനെറ്റ് ദ്വീപുവാസികളെ മുഴുവൻ ഒറ്റയടിക്ക് കാണാതായ സംഭവമുണ്ടായിട്ടുണ്ട്. അതിനു ശേഷം ആ ദ്വീപിലേക്ക് മനുഷ്യരാരും പോകാറില്ല. ഫ്യൂക്സിന്റെയും സംഘത്തിന്റെയും കയ്യിലെ ആധുനിക ഉപകരണങ്ങളും മറ്റും കണ്ടപ്പോൾ ആപത്തൊന്നും വരില്ലെന്നു കരുതിയാണ് ഗോത്രവർഗക്കാർ ഒന്നും മിണ്ടാതിരുന്നത്. എൻവായ്റ്റേനെറ്റിനെപ്പറ്റിയുള്ള പരമാവധി കഥകൾ ശേഖരിച്ചു ഫ്യൂക്സ്. അതിൽ തലമുറകളായി പറഞ്ഞുകേട്ടതും പ്രചരിക്കുന്നതുമായ സകല വിവരങ്ങളുമുണ്ടായിരുന്നു.
ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എൻവായ്റ്റേനെറ്റിലേത്. അതിനാൽത്തന്നെ അവിടേക്ക് ആദ്യമായെത്തിയ ഗോത്രവിഭാഗക്കാർ താമസവും കൃഷിയുമെല്ലാമായി സുഖജീവിതമായിരുന്നു. എന്നാൽ മറ്റു മൃഗങ്ങളെയോ പക്ഷികളെയോ ദ്വീപിൽ കാണാത്തതിൽ അവർക്ക് ആശങ്കയുണ്ടായിരുന്നു. മാത്രവുമല്ല തിളങ്ങുന്ന മരതകപ്പച്ച നിറത്തിലായിരുന്നു അവിടത്തെ സസ്യജാലങ്ങൾ. തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളാകട്ടെ പോളിഷ് ചെയ്തതു പോലെ മിനുസമുള്ളതും. ദ്വീപിന്റെ ഒരു പ്രത്യേകഭാഗത്തേക്ക് മനുഷ്യർക്ക് കടന്നുചെല്ലാൻ പോലും പറ്റില്ല. മരങ്ങളുടെ ശാഖകൾ പരസ്പരം കെട്ടിപ്പിണഞ്ഞ് കരിങ്കല്ലിനേക്കാൾ കരുത്തുറ്റ പ്രകൃതിദത്ത ‘മതിലുകളാ’യിരുന്നു അവിടെ തീർത്തിരുന്നത്. ദ്വീപുനിവാസികൾ പലപ്പോഴും ചുറ്റുമുള്ള ഗോത്രങ്ങളിലെ ബന്ധുക്കളെ കാണാനായി എത്തുന്നതും പതിവായിരുന്നു. അവരുമൊത്ത് കച്ചവടവും നടത്തിപ്പോന്നു. അതിനിടെ കൈമാറിയിരുന്ന വിശേഷങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു:
രാത്രികാലങ്ങളിൽ ചിലപ്പോൾ പുകപോലുള്ള ചില രൂപങ്ങൾ വീടുകൾക്ക് മുന്നിൽ വരും. മനുഷ്യന്റെ രൂപമായിരിക്കും അവയ്ക്ക്. ദ്വീപിൽ പലയിടത്തും അവയെ കാണുന്നതും പിന്നീട് പതിവായി. ഈ ‘പുകമനുഷ്യരെ’ തൊടുന്നവർ പെട്ടെന്ന് അതിനൊപ്പം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാകുമെന്നു വരെയായി കഥകൾ. കുട്ടികളായിരുന്നു ഇതിലെ പ്രധാന ഇരകൾ. ഫ്യൂക്സ് പക്ഷേ ഇതൊക്കെ വെറും കഥകളായിത്തന്നെയാണ് േരഖപ്പെടുത്തിയത്. പതിയെപ്പതിയെ മറ്റു ദ്വീപുകളിൽ നിന്ന് എൻവായ്റ്റേനെറ്റിലേക്കുള്ള ഗോത്രനിവാസികളുടെ വരവും കുറഞ്ഞു. അതിന് കാരണവുമുണ്ട്. അകാലമരണങ്ങൾ അവിടെ ഏറിത്തുടങ്ങിയിരുന്നു.
ചെറിയൊരു മരക്കുറ്റിയിൽ നിന്നേൽക്കുന്ന പോറലുകൾ പോലും വലിയ മുറിവായി മാറുന്ന അവസ്ഥ. പലർക്കും അംഗവൈകല്യം സംഭവിച്ചു. ശുദ്ധമായ മത്സ്യത്തിൽ നിന്നു പോലും വിഷബാധ ഏൽക്കുന്നു. ശരീരത്തിൽ ചെറുമുറിവുണ്ടായാൽ അണുബാധയേറ്റ് മരണം ഉറപ്പ്. നല്ലപോലെ നീന്തലറിയാവുന്ന ദ്വീപുനിവാസികളുടെ മൃതശരീരം തടാകത്തിൽ തുടരെ പ്രത്യക്ഷപ്പെടാൻ കൂടി തുടങ്ങിയതോടെ ഒരിക്കൽ സ്വർഗമായിരുന്നു എൻവായ്റ്റേനെറ്റ് ദ്വീപ് ശാപഭൂമിയെന്ന് കുപ്രസിദ്ധി നേടി. മാത്രവുമല്ല അമാവാസി നാളുകളിൽ ദ്വീപിൽ നിന്ന് അസാധാരണമായ അലറിക്കരച്ചിലുകളുടെ അലയൊലികളും സമീപഗോത്രഗ്രാമങ്ങളിലേക്കെത്താൻ തുടങ്ങി. ചിലപ്പോൾ മിനിറ്റുകൾ അല്ലെങ്കിൽ ഒരു മണിക്കൂറോളം നീളുന്നതായിരുന്നു മനുഷ്യനാണോ മൃഗമാണോ പുറപ്പെടുവിക്കുന്നത് എന്നുപോലും മനസിലാകാത്ത വിധമുള്ള ആ അലർച്ച. ഇതോടെ മറ്റു ദ്വീപുകളിൽ നിന്നുള്ളവരുടെ വരവ് പൂർണമായും നിലച്ചു. പതിയെപ്പതിയെ എൻവായ്റ്റേനെറ്റ് ദ്വീപുകാരും യാത്ര കുറച്ചു.
നാളുകൾ കടന്നു പോയി. എൻവായ്റ്റേനെറ്റിലുള്ള ഏതെങ്കിലും ഒരാളെ പരിസരദ്വീപുകളിലുള്ളവർ കണ്ടിട്ടുതന്നെ ദിവസങ്ങളേറെയായെന്ന അവസ്ഥയെത്തി. അതോടെയാണ് ഒരു ചങ്ങാടത്തിലേറി ഏതാനും പേർ ദ്വീപിലെത്തിയത്. പക്ഷേ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും. ഉപേക്ഷിക്കപ്പെട്ട വീടുകൾ. തീ അണഞ്ഞുപോയ വിറകുകൂനകൾക്കു സമീപം ചീഞ്ഞളിഞ്ഞു കിടക്കുന്ന മത്സ്യങ്ങൾ. തൊഴിൽ ഉപകരണങ്ങളെല്ലാം വീട്ടിൽ ഒരു മൂലയ്ക്ക് ഭംഗിയായി ചാരി വച്ചിരിക്കുന്നു. തികച്ചും ശാന്തമായ അന്തരീക്ഷം. പക്ഷേ ഒരൊറ്റ മനുഷ്യൻ പോലുമില്ല. നിന്ന നിൽപിൽ എല്ലാവരും അപ്രത്യക്ഷമായ അവസ്ഥ. ജീവനും കൊണ്ട് തിരികെപ്പായുകയായിരുന്നു അന്വേഷിച്ചെത്തിയവർ. അവർ പറഞ്ഞതും പണ്ടുമുതലേ കേട്ടതുമായ കഥകളൊക്കെച്ചേർന്ന് എൻവായ്റ്റേനെറ്റ് ദ്വീപിന് ഒരു ദുരൂഹദ്വീപിന്റെ സകല പരിവേഷങ്ങളും ചാർത്തിക്കിട്ടി.
island-Envaitenet
തീരാത്ത ശാപം!
ആധുനികകാലത്തെ യുഎഫ്ഒ തിയറികൾ കൂടി ഇതോടൊപ്പം ചേർന്നതോടെ അന്യഗ്രഹജീവികളാണ് ഈ ദ്വീപിലെ വില്ലന്മാരെന്നും കഥകൾ പരന്നു. പക്ഷേ ഇത്രയേറെ വർഷങ്ങളായിട്ടും ഒരാളു പോലും പിന്നീട് ദ്വീപിലേക്ക് കടന്നിട്ടില്ല. ഇന്ന് ഇന്റർനെറ്റിൽ പോലും ആകെ ലഭ്യമായിട്ടുള്ളത് ചില ആകാശദൃശ്യങ്ങൾ മാത്രം. കെനിയയിലെ ഒരു ചെറുദ്വീപ് എന്നതിൽക്കവിഞ്ഞ് ഗവേഷകരും ഇതിന് വലിയ പ്രാധാന്യം നൽകുന്നില്ല. ഗോത്രവാസികൾ പക്ഷേ എൻവായ്റ്റേനെറ്റ് ദ്വീപുപേടിയിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. അതിനു കാരണവുമുണ്ട്–ഒരുസമയത്ത് എൻവായ്റ്റേനെറ്റിനു ചുറ്റുമുള്ള ദ്വീപുകളിൽ ജനിക്കുന്ന കുട്ടികൾക്ക് വിചിത്രമായ ഒരു രോഗം പിടിപെട്ടു. പലരും ജനിച്ചയുടനെ ശ്വാസം കിട്ടാതെ മരിക്കാൻ തുടങ്ങി. മാത്രവുമല്ല ഏതാനും സമയം കഴിയുന്നതോടെ കുട്ടികളുടെ ശരീരത്തിലെ ജലാംശമില്ലാതായി ‘മമ്മി’കളെപ്പോലെയാകുന്ന അവസ്ഥ. തണുത്ത കാലാവസ്ഥയിലാണിതെന്നോർക്കണം. അതോടെ തടാകത്തിന്റെ തീരത്തോടു ചേർന്നുള്ള ഭാഗം വിട്ട് കാടുമായി ചേർന്ന ഭാഗത്തേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു ഇവർ. ആ ശാപം പിടിച്ച ദ്വീപ് തങ്ങളുടെ കാഴ്ചവെട്ടത്തു പോലും വരാതിരിക്കുകയെന്ന ലക്ഷ്യത്തോടെ...!