A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രേതം അനുഭവ കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്.



അന്ന് ഞാന്‍ കോളേജില്‍ നിന്ന് ചാടി, ചില event management വര്‍ക്കുകളുമായി കറങ്ങി നടക്കുന്ന സമയം. ചെറിയ തോതില്‍ ഒരു ഭാരതപര്യടനം നടത്തി വന്നത് കൊണ്ട്, അതും ഭൂരിഭാഗവും hitchhike ചെയ്ത്, പേടി എന്ന സാധനം വളരെ വളരെ കുറവാണ്. തിരുവനന്തപുരത്ത് ഒരു പുതിയ മൊബൈല്‍ നെറ്റ്വര്‍ക്കിന്‍റെ ലോഞ്ചിങ്ങ് പരിപാടിക്ക് വന്നതാണ് ഞാന്‍, കേരളം മൊത്തമുള്ള പരിപാടിക്ക് എനിക്ക് കിട്ടിയ ഏരിയ അനന്തപുരിയായിരുന്നു. അങ്ങിനെ അവിടെ താമസിച്ച് വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഈ സംഭവം നടക്കുന്നത്.

ഒരു ദിവസം എനിക്കൊരു കോള്‍ വന്നു, എന്‍റെ ഒരു സഹപ്രവര്‍ത്തകനായിരുന്നു വിളിച്ചത്. അവനും കുടുംബവും, തിരുവനന്തപുരത്തെ ഒരു പ്രമുഖ മുസ്ലിം തീര്‍ഥാടനകേന്ദ്രത്തില്‍ വന്നിരിക്കുന്നു. അവരുടെ കുടുംബത്തിലെ ആര്‍ക്കോ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്, അത് മാറ്റാനായി വന്നതാണ്. അങ്ങിനെ ഞാനവരെ കാണാന്‍ ചെന്നു. അവിടെ ഞാന്‍ കണ്ട കാഴ്ച്ചകള്‍ വിവരിക്കുന്നില്ല, കാരണം പലരുടെയും 'അസുഖം' കാണുമ്പോള്‍ത്തന്നെ അറിയാം വളരെ വളരെ റിയലിസ്റ്റിക്ക് ആണെന്ന്. ഇവരുടെ കുടുംബം അല്പം ഭക്തിമാര്‍ഗ്ഗം ആയതിനാല്‍ പറഞ്ഞിട്ട് കാര്യമില്ല, അവര്‍ അവിടന്ന് ഒരു തീരുമാനം ആക്കിയിട്ടേ പോകൂ. അങ്ങിനെ അവരെ കണ്ട് ഞാന്‍ വൈകീട്ട് പിരിഞ്ഞു.

പിറ്റേന്ന് രാവിലെ അവന്‍റെ അമ്മയുടെ കോള്‍ കണ്ടാണ്‌ ഞാന്‍ എഴുന്നേല്‍ക്കുന്നത്, ഏകദേശം ആറു മണിയോട് അടുത്ത്. അത്യാവശ്യമായി അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ചെല്ലണം. ഞാനവിടെ എത്തുമ്പോള്‍ അവന്‍റെ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു സുഹൃത്ത് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്നപ്പോള്‍ ആരും ഒന്നും പറയുന്നില്ല, എന്തോ സംഭവിച്ച പോലെ എല്ലാവരും ഭയങ്കര സീരിയസ്, വളരെ പെട്ടെന്ന് തന്നെ കാര്യം കത്തി. അവന്‍ രാത്രി എന്തോ കണ്ട് പേടിച്ചിരിക്കുന്നു.

ഇനിയുള്ള കാര്യം, അവന്‍റെ വാക്കുകളില്‍ പറയാം.

മൂന്ന് ദിവസത്തേക്കാണ് ഞങ്ങള്‍ തിരുവനന്തപുരം വന്നിരിക്കുന്നത്. മൂന്നോ, അതിലധികമോ ദിവസത്തെ ചടങ്ങുകള്‍ ചെയ്യണമെന്ന് നാട്ടിലെ ആരൊക്കെയോ അമ്മയോട് പറഞ്ഞു വിട്ടതാണ്. വീട്ടുകാര്‍ക്ക് താമസിക്കാന്‍ ഏതോ പരിചയക്കാരുടെ വീട്ടിലാണ് സൗകര്യം ആക്കിയിരിക്കുന്നത്. അവിടെ സ്ഥലം കുറവാണെന്ന പേരില്‍, രാത്രി സുഹൃത്തിന്‍റെ റൂമിലേക്ക് (എന്‍റെ) കിടക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഏകദേശം ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ഇറങ്ങി. ശരിക്കുള്ള ഉദ്ദേശം രണ്ടെണ്ണം അടിക്കുക എന്നതായിരുന്നു. ഏതോ ബാറില്‍ക്കയറി രണ്ടെണ്ണം അടിച്ചശേഷം സുഹൃത്തിനെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി പൂന്തുറ ഭാഗത്ത് എവിടെയോ (കൃത്യമായി ഓര്‍ക്കുന്നില്ല), വണ്ടി ഒതുക്കി, വണ്ടിക്കകത്ത് തന്നെ കിടക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ കുറച്ച് നേരം ഏസിയൊക്കെ ഇട്ട് തണുപ്പിച്ച്, പതുക്കെ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

രാത്രി വളരെ വൈകിയാണ് ഗ്ലാസ്സില്‍ ഒരു മുട്ട് കേട്ട് എഴുന്നേല്‍ക്കുന്നത്. ആദ്യമൊന്നും മുട്ട് കേട്ടപ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നിയില്ല, ഉള്ളിലുള്ള മദ്യത്തിന്‍റെ പവറ്. പക്ഷെ മുട്ടിന് ശക്തികൂടി വന്നപ്പോള്‍ അറിയാതെ കണ്ണ് തുറന്നു. സ്വാഭാവികമായി ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്നതിനാല്‍ മുട്ട് കേള്‍ക്കുമ്പോള്‍ വലത് വശത്തേക്കാണല്ലോ നോക്കുക, അവിടെ ആരും ഇല്ലായിരുന്നു. അത്യാവശ്യം വെളിച്ചം ഉള്ളത് കൊണ്ട് മുന്നിലേക്കും നോക്കി, അവിടെയും ആരും ഇല്ല. കണ്ണടച്ച് ഉറക്കം തുടരാന്‍ ശ്രമിച്ചപ്പോള്‍ പിന്നെയും മുട്ട്, ചാടിപിടഞ്ഞ് എഴുന്നേറ്റപ്പോഴാണ് ഓര്‍ത്തത്, വണ്ടി ഇടത് വശം ചേര്‍ത്താണ് ഇട്ടിരിക്കുന്നത്. ഇടത് വശത്തേക്ക് നോക്കിയപ്പോള്‍ അവിടെയും ആരുമില്ല, വെളിച്ചം കുറവായത് കൊണ്ട് അപ്പുറത്തെ പറമ്പിലേക്ക് ശരിക്ക് നോട്ടവും കിട്ടുന്നില്ല. പെട്ടെന്നതാ വീണ്ടും മുട്ട് കേള്‍ക്കുന്നു, ഇത്തവണ മനസ്സിലായി, പുറകില്‍ നിന്നാണ് കേള്‍ക്കുന്നത്. തിരിഞ്ഞ് പുറകിലെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ എന്‍റെ സപ്തനാഡികളും തളര്‍ന്ന് പോയി, പര്‍ദ്ദ പോലുള്ള ഒരു വസ്ത്രമണിഞ്ഞ ഒരു രൂപം, തലയും കൈകളും മാത്രമാണ് കാണാനാകുന്നത്, അത് ഗ്ലാസ്സില്‍ കൈവച്ച് തന്നെയും നോക്കി നില്‍ക്കുന്നു.

ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. അതിന്‍റെ മുഖം ഒട്ടും തന്നെ കാണുന്നില്ല, പക്ഷെ ആ കറുത്ത കൈ വളരെ വ്യക്തമാണ്. അത് പതുക്കെ ഗ്ലാസ്സിലൂടെ ഇഴഞ്ഞ് താഴേക്ക് നീങ്ങുന്നുണ്ട്. കാറിനകത്തെ ഫാനിന്‍റെ മുരള്‍ച്ചയല്ലാതെ, പുറത്ത് മറ്റൊരു ഇല അനങ്ങുന്നതായി പോലും തോന്നുന്നില്ല. ആ രൂപത്തിന്‍റെ കൈ പതുക്കെ താഴോട്ട് പോവുകയാണ്, ആ കൈ പോകുന്നത് ഡോറിന്‍റെ ഹാന്‍ഡില്‍ തുറന്ന് അകത്ത് കയറാനാണെന്ന് മനസ്സ് പറയുന്നു. പെട്ടെന്ന് തന്നെ കീ തിരിച്ച് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചു, അറിയാതെ പിന്നോട്ട് തിരിച്ചപ്പോള്‍ ഓഫിലേക്കാണ് പോയത്. അപ്പഴാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, ഇത്രയും നേരം കേട്ട ശബ്ദം AC ഫാനിന്‍റെ ശബ്ദമായിരുന്നില്ല, അത് ആ രൂപത്തിന്‍റെ മുരള്‍ച്ചയായിരുന്നു. ഉടന്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട് ആക്കി അവിടന്ന് തിരിഞ്ഞു നോക്കാതെ വിട്ടു, നേരെ ആ തീര്‍ഥാടനകേന്ദ്രത്തിന്‍റെ മുന്നിലേക്ക്. അവിടെ വണ്ടിക്കകത്ത് ഇരുന്ന് ഒരുവിധം നേരം വെളുപ്പിച്ച ശേഷമാണ് വീട്ടിലേക്കുള്ള വരവ്.

ഇതൊന്നും അവന്‍ അമ്മയോട് പറഞ്ഞില്ല. തലേന്ന് എന്‍റെ അടുത്തേക്ക് പോകാന്‍ കഴിഞ്ഞില്ല എന്ന് മാത്രമാണു പറഞ്ഞത്, വീട്ടുകാര്‍ക്ക് പക്ഷെ മനസ്സിലായി എന്നത് വേറെ കാര്യം. അങ്ങിനെ അന്ന് രാത്രി അവന്‍ കിടക്കാനായി എന്‍റെ റൂമിലെത്തി. ഏകദേശം പത്ത് മണിക്ക് ഞങ്ങള്‍ ഫുഡ് കഴിക്കാന്‍ തമ്പാനൂര് പോയി, അവിടന്ന് റൂമിലെത്തി ഒരു സിഗരറ്റും കൊളുത്തി നില്‍ക്കുന്നതിനിടെയാണ് അവന്‍ പറഞ്ഞത്.

"നിനക്കിതൊക്കെ തമാശയായിരിക്കും, പക്ഷെ ഞാന്‍ കണ്ടതാണ്."

ഞാന്‍ ഒന്നും മിണ്ടിയില്ല, സമ്മതിക്കാനും നിഷേധിക്കാനും പോയില്ല. എന്‍റെ അവഗണന കണ്ടപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു.

"എന്‍റെ സ്ഥാനത്ത് നീയാണെങ്കിലും പേടിക്കും."

"ശരി".

ഞാന്‍ പതുക്കെ ഒരു തലയിണ എടുത്തു, എന്‍റെ ഫ്ലാസ്സ്ക്കും, ഫോണും, സിഗരറ്റും ഒക്കെയെടുത്ത് ബാഗിലാക്കിയിട്ട് പറഞ്ഞു.

"പോവാം"

ആദ്യം അവന്‍ മിഴിച്ച് നിന്നു, പിന്നെ ഒരാള് കൂടെയുള്ളതിന്‍റെ ധൈര്യത്തില്‍ ചെന്ന് വണ്ടിയെടുത്തു. സത്യത്തില്‍ അന്നവിടെ ഒറ്റയ്ക്ക് പോകാനും എനിക്ക് ധൈര്യം ഉണ്ടായിരുന്നു, പക്ഷെ ഞാനന്ന് വണ്ടി ഓടിക്കില്ല. അല്ലെങ്കില്‍ അവനെ കൂട്ടാതെ തന്നെ പോയേനെ. പോകുന്ന വഴി ആ ഫ്ലാസ്ക്കില്‍ കട്ടനും നിറച്ച് ഏതാണ്ട് പതിനൊന്ന് മണി കൊള്ളിച്ച് ഞങ്ങളവിടെ എത്തി. കൃത്യം സ്പോട്ട് തന്നെ കണ്ട്പിടിക്കാന്‍ ഇച്ചിരി പാടായിരുന്നു, അവന്‍ ആകെ ഒരു തവണ മാത്രമല്ലേ അവിടെ വന്നിട്ടൊള്ളൂ. ഒരുവിധം കണ്ടെത്തി, അവിടെ വണ്ടിയിട്ട് കിടന്നു. കിടന്നു എന്ന് ആലങ്കാരികമായി പറഞ്ഞതാണ്, സത്യത്തില്‍ കുറെ കഥകള്‍ പറഞ്ഞ് കൂടി എന്ന് പറയാം. ഇടയ്ക്ക് സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് ഇറങ്ങും, കൂടാതെ യൂറിനേറ്റ് ചെയ്യാനും. ഏതാണ്ട് മൂന്ന് മണി വരെ ഞങ്ങള്‍ ഉറങ്ങാതെ കാത്തിരുന്നു, ഒന്നും സംഭവിച്ചില്ല. രാവിലെ ആറരയ്ക്ക് എഴുന്നേറ്റ് റൂമിലേക്ക് പോന്നു.

അന്നത്തെ ഒരു ദിവസം കൂടിയേ ഇനി അവന്‍ തിരുവനന്തപുരത്ത് ഒള്ളൂ, പിറ്റേന്ന് തിരികെ പോകും. ഇതിനിടെ അവന്‍, ഇക്കാര്യം ചിലരോടൊക്കെ ചര്‍ച്ച ചെയ്തിരുന്നു. അവര്‍ പറഞ്ഞത്, 'വിശ്വാസമില്ലാത്ത ഒരാള്‍ കൂടെയുള്ളത് കൊണ്ട് കാണാഞ്ഞതാണ്' എന്നാണ്. അതെന്തായാലും കലക്കി, കൂടെവരാന്‍ ധൈര്യമുള്ള ആള്‍ക്ക് വിശ്വാസം ഇല്ല, വിശ്വാസമുള്ള ആളുകള്‍ക്ക് കൂടെവരാന്‍ ധൈര്യവുമില്ല. എന്തായാലും അന്ന് രാത്രി ഒന്നൂടെ അവിടെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇത്തവണ അല്പം കൂടി വൈകിയ ശേഷം മാത്രം പോകാം, അതും ഒരാള്‍മാത്രമാണ് ഉള്ളതെന്ന പോലെ ഞാന്‍ ബാക്കില്‍ സീറ്റ് താഴ്ത്തി കിടന്ന് പോകാമെന്നും തീരുമാനിച്ചു. ഇനി എന്നെ കണ്ടിട്ട് പ്രേതം വരാതിരിക്കണ്ടല്ലോ. അങ്ങിനെ പന്ത്രണ്ടരയോടെ ഞങ്ങള്‍ സ്ഥലത്ത് എത്തി, ഇന്നലത്തെപ്പോലെ തന്നെ ഇന്നും. കിടന്നത് കൊണ്ടായിരിക്കാം, ഇത്തവണ ഞാനാണ് നേരത്തെ ഉറങ്ങിയത്, തലേന്നത്തെ ഉറക്കക്ഷീണവും, ജോലിയുടെ ക്ഷീണവും കാരണം പെട്ടെന്ന് തന്നെ ഡീപ്പ് സ്ലീപ്പിലേക്ക് പോയി. അവന്‍ പക്ഷെ ഉറങ്ങിയില്ല, ഞാന്‍ വാങ്ങിയ കട്ടനും മോന്തി, സീറ്റും ചാരി കിടന്നു.

ഏകദേശം രണ്ടര മണിയോളം ആയിട്ടുണ്ടാകും, കാലില്‍ ശക്തിയായുള്ള തട്ട് കിട്ടിയാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. നോക്കിയപ്പോള്‍, അവന്‍ പരിഭ്രാന്തനായി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട്‌ വീണ്ടും വീണ്ടും എന്നെ തട്ടുകയാണ്. ഞാന്‍ ഉണര്‍ന്ന കാര്യം അവന്‍ അറിഞ്ഞിട്ടില്ല. പതുക്കെ അവന്‍റെ കയ്യില്‍ കടന്ന് പിടിച്ചപ്പോള്‍ ഭയത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി, എന്നിട്ട് പുറത്തേക്ക് നോക്കാന്‍ ആഖ്യം കാണിച്ചു. സത്യമായിട്ടും ഞാന്‍ ഒന്നും കണ്ടില്ല, പക്ഷെ അവിടെ എന്തോ ഉണ്ടെന്ന തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി, ലൈറ്ററിന്‍റെ ടോര്‍ച്ചും തെളിച്ച് ആ പറമ്പിലേക്ക് ചാടി. അപ്പോഴേക്കും അവന്‍ വണ്ടി വളച്ച് ഹെഡ്-ലൈറ്റും അങ്ങോട്ട്‌ അടിച്ച് തന്നു, ആ പറമ്പ് കാലിയായിരുന്നു. അവന്‍ വണ്ടി പതുക്കെ ഓടിച്ച് ചുറ്റും ലൈറ്റ് അടിച്ച് കാണിച്ചു, എവിടയും ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. ഞാന്‍ തിരികെ വണ്ടിക്കകത്ത് വന്ന് കയറിയപ്പോള്‍ അവന്‍ പറഞ്ഞു.

"കിടന്ന കിടപ്പില്‍ ഞാനും ഉറങ്ങിപ്പോയി, പക്ഷെ പാതി മാത്രം. ആരോ പുറത്തുണ്ട് എന്ന തോന്നലില്‍ വെറുതെ കണ്ണ് തുറന്ന് നോക്കിയതാണ്, അപ്പോഴതാ ആ രൂപം ഗ്ലാസ്സിന് പുറത്ത് എന്നെയും നോക്കി നില്‍ക്കുന്നു. കുറച്ച് സമയം അതിനെയും നോക്കി നിന്നശേഷം പതുക്കെ നിന്നെ തട്ടി വിളിച്ചു, ഓരോ തവണ നിന്നെ തട്ടുമ്പോഴും അത് പുറകോട്ട് പോകുന്നപോലെ തോന്നി. അവസാനം നീ എഴുന്നേറ്റപ്പോഴേക്കും അത് ഇരുട്ടിലേക്ക് കയറി രണ്ടും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയിലായി."

എല്ലാം കേട്ടുകഴിഞ്ഞ് ഞാന്‍ അവനെയും കൊണ്ട് വണ്ടിയില്‍നിന്നിറങ്ങി ഇരുട്ടിലേക്ക് പതുക്കെ നടന്നു. കുറച്ചു സമയം ആ ഇരുട്ടില്‍നിന്ന്, രണ്ട് പുക കൂടി അകത്തേക്ക് എടുത്തപ്പോള്‍ അവന് പതുക്കെ കാര്യങ്ങള്‍ ക്ലിയറാകാന്‍ തുടങ്ങി. കുടുമ്പത്തിലെ പ്രശ്നങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ആ തീര്‍ഥാടനകേന്ദ്രത്തില്‍ കണ്ട 'ബാധ' കൂടിയവര്‍, രാത്രി, ഒറ്റപ്പെടല്‍, ഇരുട്ട്, മദ്യം. ഇത്രയും സംഭവങ്ങള്‍ക്ക് ശേഷം പരിചിതമല്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് കിടക്കുന്ന ആ രാത്രിതന്നെ ഒരു പ്രേതത്തെ കണ്ടില്ലെങ്കിലാണ് അത്ഭുദം. നമുക്കിനിയും വേണമെങ്കില്‍ ആ സാധനം വരുമോ എന്ന് വെയിറ്റ് ചെയ്ത് നോക്കാമെന്ന് പറഞ്ഞപ്പോള്‍, ഒരു പുഞ്ചിരിയോടെ 'അതിന്‍റെ ആവശ്യമില്ല' എന്നാണവന്‍ പറഞ്ഞത്. ആ ദിവസത്തിന് ശേഷം ഇന്നേവരെ ആ സ്ഥലത്തേക്ക് ഞങ്ങള്‍ പോയിട്ടില്ല, സത്യത്തില്‍ ആ സ്ഥലം പോലും കൃത്യമായി ഓര്‍മ്മയില്ല.

PS: ഈ പോസ്റ്റില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. റോഡില്‍ക്കണ്ട യാത്രികര്‍, നാട്ടുകാര്‍, കെട്ടുകഥകള്‍, പോലീസുകാര്‍ എന്നിവ ഉള്ളപ്പടെ.