A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വിസ്മയമായി ജടായുപാറ

സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലുള്ള അദ്ഭുതം ; വിസ്മയമായി ജടായുപാറ
‘ജടായുപാറയിൽ നിൽക്കുമ്പോൾ മറ്റേതോ ഭൂമിയിൽ നിൽക്കുന്നതുപോലെയാണു തോന്നുന്നത്. ത്രേതായുഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ ഇത്രയും സ്പഷ്ടമായി കലിയുഗത്തിൽ തെളിവുകൾ സഹിതം കാണുന്നത് വളരെ അപൂർവമാണ്...’ (രുദ്രാക്ഷമാല എന്ന പുസ്തകത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി)
സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലുള്ള ഒരു അദ്ഭുതത്തിലാണ് നാമിപ്പോൾ! പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടാണിത്. മരതകപ്പട്ടണിഞ്ഞ മലമടക്കുകൾ ധാരാളമുണ്ട് ഇവിെട. വ യ്യാനം മല, പാവൂര് മല, ആലത്തറ മല, ഇളമ്പ്രക്കോട് മല, അർക്കന്നൂർമല, തേവന്നൂർമല അങ്ങനെ ഒരുപാടു മലകൾ... ത്രേതായുഗത്തിൽ ഈ മലമടക്കുകൾക്കു മുകളിലുള്ള ആകാശവഴികളിലൂടെയാണ് ഒരു പുഷ്പക വിമാനം പറന്നുപോയത്. അപമാനിക്കപ്പെട്ട സ്ത്രീയുെട നിലവിളി മുഴങ്ങിയതും ഇവിടെ. സ്വന്തം ജീവൻ െവടിഞ്ഞ് ആ പെൺകുട്ടിയുെട മാനം രക്ഷിക്കാൻ പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ചിറകറ്റു വീണതും ഇവിടെത്തന്നെയെന്ന് ഐതിഹ്യം.
അധർമത്തിന്റെ ചന്ദ്രഹാസമേറ്റ് നിലംപതിച്ച ആ പക്ഷി വീണ്ടുമീ കലിയുഗത്തിൽ പുനർജനിക്കുകയാണ് ലോകാദ്ഭുതമാകാനുള്ള തയാറെടുപ്പോടെ. കൊല്ലം ജില്ലയിെല ചടയമംഗലമെന്ന ഗ്രാമത്തിലാണ് ജടായുപക്ഷിക്ക് പുനർജന്മമാകുന്നത്. ചടയമംഗലത്തിനു ചുറ്റുമുള്ള മലകൾക്കൊത്ത നടുവിലാണ് ജടായു പാറയുെട സ്ഥാനം. ആകാശവും ഐതിഹ്യവും അതിരിടുന്ന ഇവിടെ ഓരോ പാറയും ഓരോ ശിൽപം പോലെ. ഒരിക്കൽ കണ്ടവർ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മനോഹാരിതയുണ്ട് ഇവിടെ പ്രകൃതിക്ക്. ആ പാറകളിൽ ഒരു ശിൽപ്പി കണ്ട സ്വപ്നങ്ങളുടെ തുടർച്ചയാണ് ആകാശത്തേക്കുയർന്നു നിൽക്കുന്ന ഈ ജടായു ശിൽപം.
പുരാണങ്ങളിലെ ജടായു
മലയാളികൾ കേട്ടുവളർന്നിട്ടുണ്ട് ആ കഥ. ജടായു എന്ന പക്ഷിയുടെ കഥ. സീതാപഹരണം നടത്തിയ രാവണൻ പുഷ്പക വിമാനത്തിൽ ശ്രീലങ്കയിലേക്കു പറന്നത് ജടായുമംഗലത്തിന് മുക ളിലൂടെയാണെന്നാണു വിശ്വാസം. ‘രക്ഷിക്കണേ’ എന്ന സീതയുെട നിലവിളി കേട്ട ജടായു വാസസ്ഥലമായ പാറയിൽ നിന്ന് പറന്നുയർന്ന് രാവണനെ ആക്രമിച്ചു. ഈ യുദ്ധം നടന്ന സ്ഥലം പോരേടം എന്ന പേരിൽ ഇപ്പോഴുമുണ്ട്. ജടായുവുമായുള്ള യുദ്ധത്തിൽ തോൽവിയോട് അടുത്ത രാവണന് തന്റെ ദിവ്യായുധമായ ചന്ദ്രഹാസം പ്രയോഗിക്കേണ്ടി വന്നു. ശിവഭക്തനായിരുന്ന രാവണൻ ശിവനെ തപസു ചെയ്ത് വരമായി കിട്ടിയ ആയുധമാണ് ചന്ദ്രഹാസം. ഈ ആയുധം നന്മയുള്ളവർക്കു േനരെ പ്രയോഗിക്കരുതെന്ന പരമശിവന്റെ മുന്നറിയിപ്പ് രാവണൻ മറന്നുപോകുന്നു.
ജടായുവിന്റെ ഇടത് ചിറക് ശരീരത്തിൽ നിന്നു േവർപെട്ട് നിലം പതിച്ച സ്ഥലം െവട്ടുവഴി എന്ന പേരിൽ അറിയപ്പെടുന്നു. അർധപ്രാണനായ ജടായു താൻ താമസിച്ചിരുന്ന പാറയിൽ തന്നെ നിലംപതിച്ചു എന്നാണ് വിശ്വാസം. താൻ കാരണം ജീവൻ നഷ്ടപ്പെടാൻ പോകുന്ന ജടായുവിന്റെ അവസ്ഥയിൽ മനമലിഞ്ഞ സീതാദേവി ശ്രീരാമദർശനത്തിനും അതുവഴി മോക്ഷപ്രാപ്തിയും ലഭിക്കട്ടെയെന്ന് ജടായുവിനെ അനുഗ്രഹിച്ചു. സീതാേന്വഷണാർഥം ജടായുപാറയിലെത്തിയ ശ്രീരാമൻ അർധപ്രാണനായി കിടക്കുന്ന ജടായുവിനെ കാണുകയും ജടായുവിന് മോക്ഷം നൽകുകയും െചയ്തു. ജടായുവിന്റെ ചെറുത്ത് നിൽപ്പ് മൂലമാണ് രാവണന് ദിശ മാറ്റേണ്ടി വന്നതെന്നാണ് കഥകൾ.
ചടയമംഗലത്തു നിന്ന് പമ്പാസരസിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പിന്നീട് രാമേശ്വരം, ധനുഷ്കോടി വഴി ശ്രീലങ്കയിലേക്കും രാവണന്റെ പുഷ്പക വിമാനം പറന്നു പോയെന്നാണ് ഐതിഹ്യം. ശ്രീരാമദർശനം വരെ ജീവൻ നിലനിർത്താൻ ചുണ്ട് പാറയിൽ ഉരസി പ്രാണജലപ്രവാഹമുണ്ടാക്കി എന്നാണു വിശ്വാസം. അതിൽ നിന്നു രൂപപ്പെട്ടതാണ് പാറയ്ക്കു മുകളിലുള്ള തീർഥക്കുളമെന്നാണ് വിശ്വാസം. ഈ നീരുറവയെ ഗംഗാ തീർഥമായി നാട്ടുകാർ സങ്കൽപിച്ചു പോരുന്നു.
‘ജടായുവിന്റെ വീരകഥകൾ കൊത്തിവച്ച പാറകളാണിത്. ഇവിടെ കൊക്കരുണിയിലുള്ളത് ഗംഗാതീർഥം. ശ്രീരാമന്റെ പാദം സ്പർശിച്ച അടയാളവുമുണ്ട് ഇവിടെ പാറയ്ക്കു മുകളിൽ. അതുകൊണ്ടാണ് രാമക്ഷേത്രമായി ഇവിടം മാറിയത്.’ ചടയമംഗലത്തുകാരനായ റിട്ട. സബ് കലക്ടറ്റർ ആർ. രാമചന്ദ്രൻ നായർ പറയുന്നത് പാറയുെട ചരിത്രവും ഐതിഹ്യവുമാണ്.
ഒരു ശിൽപിയുടെ ഇടപെടൽ
ത്രേതായുഗത്തിൽ നിന്ന് കലിയുഗത്തിലേക്കുള്ള ഈ യാത്ര യഥാർഥത്തിൽ െകഎസ്ആർടിസി ബസിലൂെടയായിരുന്നു. ശിൽപകലാ വിദ്യാർഥിയായിരുന്ന രാജീവിനെ അഞ്ചലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടയിൽ ആ ചോദ്യം എന്നും പ്രചോദിപ്പിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ആയിരത്തോളം അടി ഉയരത്തിൽ നിൽക്കുന്ന ജടായു പാറയിൽ എന്തുകൊണ്ട് ഒരു ജടായു ശില്പം നിർമിച്ചുകൂടാ? മറുപടിയില്ലാത്ത ചോദ്യമായി ആ സ്വപ്നം രാജീവ് അഞ്ചൽ എന്ന കലാകാരന്റെ മനസിൽ കിടന്നു ഒരുപാടുകാലം.
പിന്നീട് സിനിമയുെട ലോകത്തായി രാജീവിന്റെ യാത്രകൾ. കലാസംവിധായകനും സംവിധായകനുമായി. ‘ഗുരു’ എന്ന മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒാസ്കറിന്റെ സാധ്യതാപ്പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും സിനിമകൾ. ആ സമയത്താണ് സംസ്ഥാന ടൂറിസം വകുപ്പ് ജടായു പാറയ്ക്കു മുകളിൽ ഒരു ശിൽപം നിർമിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ അന്വേഷിക്കുന്നത്.
ഏറ്റവും മികച്ച ശിൽപമാതൃക അവതരിപ്പിച്ച രാജിവ് അഞ്ചലിനെത്തന്നെ സർക്കാർ ആ ഉദ്യമം ഏൽപ്പിച്ചു. അങ്ങനെ റോഡ് നിർമാണത്തിനു വേണ്ട കരിങ്കല്ലായി മാറുമായിരുന്ന ജടായു പാറ കലയുെട പുതിയൊരു മാതൃക തീർത്തു. പ്രോജക്റ്റ് വലുതായി. ശില്പത്തിനോട് അനുബന്ധിച്ച് കേബിൾ കാർ സവാരിയും അഡ്വഞ്ചർ പാർക്കും കേവ് ടൂറിസവും എല്ലാം ഉണ്ടായി. അങ്ങനെ ബി.ഒ.ടി. വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ അനുമതി നൽകുന്ന ഏറ്റവും വലിയ ടൂറിസം പ്രോജക്റ്റായി ജടായു ഇക്കോ ടൂറിസം മാറി.
‘ജടായു ത്രേതായുഗത്തിൽ തുടങ്ങി വച്ച െചറുത്തുനിൽപ്പിന്റെ തുടർച്ചയാണ് ഈ ശിൽപം. സാർഥകമായ ഒരു സന്ദേശം നൽകാൻ കഴിഞ്ഞു എന്നതാണ് ജടായുശിൽപത്തിന്റെ ഏറ്റവും വലിയ സവിേശഷത.’ ശിൽപിയായ രാജീവ് അഞ്ചൽ പറഞ്ഞുതുടങ്ങി. ‘സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായവും ചില നല്ല മനുഷ്യരുെട ഇടപെടലും കൊണ്ടാണ് എനിക്ക് ശിൽപം യാഥാർഥ്യമാക്കാൻ കഴി‍ഞ്ഞത്’ ഭ്രമാത്മകമായ കാഴ്ചകൾ എന്നും ഇഷ്ടമായിരുന്നു രാജീവ് അഞ്ചലിന്. ഓസ്കറിന്റെ പടിവാതിൽക്കൽ വരെ അദ്ദേഹം പോയത് ഇത്തരം കാഴ്ചകളുമായാണ്. ആ കാഴ്ചകളു ടെ മറ്റൊരു ആവിഷ്കരണമാണ് ജടായുവിലൂെട അദ്ദേഹം ലക്ഷ്യമിടുന്നത്.
ജടായുവിന്റെ പുനർജന്മം
വനവും താഴ്‍‍വരകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രകൃതിയുെട ൈനസർഗികത അതുപോലെ നിലനിർത്തിക്കൊണ്ടു നിർമിച്ച ടൂറിസമാണ് ജടായുവിലേത്. 250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ശിൽപത്തിന്റെ ഉൾവശത്ത് പതിനയ്യായിരം ചതുരശ്ര അടിയുള്ള മന്ദിരം പോലെയാണ്. ആധുനിക ഡിജിറ്റൽ ഓഡിയോ വിഷൻ മ്യൂസിയമാണ് ശിൽപത്തിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നത്. രാവണനും ജടായുവും തമ്മിലുള്ള ആകാശയുദ്ധത്തിന്റെ അദ്ഭുതദൃശ്യമാണ് ഇവിടെ ആവർത്തിച്ചു കാണിക്കുന്നത്. ജടായുവിന്റെ വലത്തെ കണ്ണിലൂെട നോക്കിയാൽ ദൂരെ അറബിക്കടലിന്റെ വന്യമായ നീലിമ ദർശിക്കാം. ഇടത്തേകണ്ണിലൂെട നോക്കിയാൽ സമീപ ദ്യശ്യങ്ങൾ ലഭ്യമാകും. ജടായുവിന്റെ ഒരു ശിൽപ ചിറകിൽ രാമായണകഥ അനുഭവവേദ്യമാക്കുന്ന തിയറ്റർ ഒരുക്കിയിരിക്കുന്നു.
പാറയുടെ ഉപരിതലത്തിൽ നിന്ന് വീണ്ടും ഇരുനൂറ്റി അമ്പതടി ഉയരത്തിലാണ് ശിൽപം നിർമിച്ചിരിക്കുന്നത്. രണ്ടു വഴികളിലൂടെയാണ് ശിൽപത്തിനടുത്തേക്ക് എത്താൻ കഴിയുന്നത്. റോപ്പ് വേയും വാക്‌വേയും. െതക്കേ ഇന്ത്യയിലെ അത്യാധുനിക കേബിൾ കാർ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത റോപ് –വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേർക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്. ഒരു മണിക്കൂറിനുള്ളിൽ 500 പേരെ ഈ കാറുകൾ മുകളിലെത്തിക്കും. ഗ്ലാസ് കവർ ചെയ്ത കാറിനുള്ളിൽ ഇരുന്നുള്ള യാത്ര ആകാശത്ത് െതന്നി നടക്കുന്നതുപോലെ തോന്നിക്കും. ‘ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലെ മികച്ച റോപ്പ് വേ എന്ന പേര് ജടായു പാറയ്ക്ക് അവകാശപ്പെടാം’ സംഘാടകരിൽ ഒരാളായ കലാകൃഷ്ണന്റെ വാക്കുകൾ.
ജടായു ശിൽപത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് േവ. ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കൽപ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകൾക്കിടയിലൂെട യാത്ര െചയ്യുമ്പോൾ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കൽപ്പടവുകളാണ്. പണ്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന ‘കുരുക്ക്കെട്ട്’ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ കൽപ്പടവുകൾ പണിതിരിക്കുന്നത്. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയന്ത്രിക്കാതെ, സിമന്റ്്, അൽപം പോലും ഉപയോഗിക്കാതെ ഒരു കല്ലിനെ മറ്റൊരു കല്ലിൽ കുരുക്കിയിട്ട് കെട്ടുന്ന ഈ അപൂർവപടിക്കെട്ടുകൾ എഴുപതുവയസുകാരനായ ബാലൻ പിള്ളയുെട ൈകവിരുതാണ്. അറുപതിനായിരത്തോളം പാറക്കല്ലുകൾ ഒറ്റയ്ക്ക് മിനുക്കിയെടുത്താണ് മൂന്നുവർഷം കൊണ്ട് അദ്ദേഹം ഈ അദ്ഭുതം സാധിച്ചത്. ‘എല്ലാം രാമന്റെ അനുഗ്രഹം, ജടായുവിന്റെ കൃപ’ ബാലൻപിള്ള ഒരു അദ്ഭുതമായി മുന്നിലിരിക്കുന്നു.
പാറവീടുകൾ
ഒരു പാറ പോലും പൊട്ടിക്കാതെയാണ് ജടായു ടൂറിസം നടപ്പാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ധാരാളമുണ്ട് ഇവിടെ. ഈ പാറക്കൂട്ടങ്ങൾക്കകത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വൻഗുഹകളും പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. പ്രകൃതി ഒരുക്കിയ ഈ ഗുഹകളെ അതേപടി നിലനിർത്തിക്കൊണ്ടുള്ള പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ഹിലീംഗ് കേവുകളുണ്ട്. പാറക്കൂട്ടങ്ങളെയാണ് റിസോർട്ടുകളായി മാറ്റിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പേ ഗുഹകൾക്കുള്ളിൽ വച്ചു നൽകിയിരുന്ന ആയുർവേദസിദ്ധ ചികിത്സാരീതികളാണ് ഇവിടെയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കേവ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ‘നമ്മുടെ ആയുർവേദ പാരമ്പര്യത്തിൽ ഇത്തരം ചികിത്സാരീതികൾ നിലവിലുണ്ടായിരുന്നു. പിന്നീട് ഗുഹകളിൽ മനുഷ്യ ർ താമസിക്കാതായതോടെ ഈ രീതികൾ ഇല്ലാതായത്. പല ചികിത്സകളും നല്ല ഫലം കിട്ടുന്നവയാണ്.’ പാരമ്പര്യ ൈവദ്യൻ കൂടിയായ േഡാ. രവീന്ദ്രൻ പറയുന്നു. പലർക്കും പരിചിതമല്ലാത്ത പുതിയൊരു സങ്കൽപമാണ് ഇതുവഴി തുറന്നു വരുന്നത്.
സാഹസികരേ ഇതിലേ ഇതിലേ
‘കഴിഞ്ഞ രണ്ടു ദിവസമായി ശരിക്കും ത്രില്ലടിച്ചു ജീവിക്കുകയായിരുന്നു.’ ടെക്നോപാർക്കിൽ നിന്നെത്തിയ ശർമിളയുെട വാക്കുകൾ. ബാംഗ്ലൂരിെല മെട്രോ സംസ്കാരത്തിൽ നിന്ന് പച്ചപ്പണിഞ്ഞ ജടായുവിലെത്തിയപ്പോൾ ശർമിളയും സുഹൃത്തുക്കളും പറയുന്നത് സ്വർഗത്തിൽ എത്തിയ പ്രതീതിയാെണന്നാണ്. ഇവിടുത്തെ അഡ്വഞ്ചർ ടൂറിസം സോൺ വളരെ ആകർഷ കമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ കിഴ്ക്കാംതൂക്കായ പാറച്ചെരുവുകളിലൂെട സിപ്പ് ലൈൻ യാത്ര, റോക്ക് ക്ലൈംബിങ്, ലോ റോപ്പ് ആക്റ്റിവിറ്റീസ് തുടങ്ങിയ സാഹസങ്ങൾക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ പണിതിരിക്കുന്ന തണ്ണീർപന്തലുകളും വഴിയമ്പലങ്ങളും കോട്ട കൊത്തളങ്ങളും മറ്റും മറ്റേതോ കാലഘട്ടത്തിൽ എത്തിയ പ്രതീതി ഉണ്ടാക്കുന്നു. മെട്രോ നഗരങ്ങളിൽ പരിചിതമായ ‘പെയിന്റ്‍ബാൾ’ എന്ന കായികവിനോദത്തിനുള്ള സൗകര്യം പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. അതുപോലെ കമാൻേഡാ െനറ്റ്, ബർമാ ബ്രിഡ്ജ് തുടങ്ങി നി രവധി സാഹസങ്ങളുമുണ്ട്.
കോദണ്ഡ രാമക്ഷേത്രം
ജടായു ടൂറിസം നിലവിൽ വരുന്നതിനു നൂറ്റാണ്ടുകൾ മുമ്പുതന്നെ ഇവിടെ ആരാധനയുണ്ടായിരുന്നു. ജടായുവിനും ശ്രീരാമനും പ്രത്യേക പൂജകൾ നടത്തിയിരുന്നു. പിന്നീടാണ് കോദണ്ഡരാമ വിഗ്രഹം സ്ഥാപിച്ചതും ക്ഷേത്രം ഉണ്ടായതും. ഇപ്പോൾ ക്ഷേത്രം പുനർനിർമാണം പുരോഗമിക്കുന്നു. ജടായുശിൽപം സർക്കാർ അംഗീകൃത ടൂറിസം പദ്ധതിയായി നിൽക്കുമ്പോൾ തന്നെ പാറയ്ക്കു മുകളിലുള്ള കോദണ്ഡ രാമക്ഷേത്രത്തിന്റെ ചുമതല നാട്ടുകാർ ഉൾപ്പെട്ട ഒരു ട്രസ്റ്റിനാണ്. ക്ഷേത്രത്തിലേക്ക് പാറയിടുക്കിനിടയിലൂെട പരമ്പരാഗത വഴിയുണ്ട്.
ലോകത്തിെല ഏറ്റവും വലിയ പക്ഷിശിൽപ്പം എന്ന ബഹുമതിയിലേക്ക് അടുക്കുകയാണ് ജടായുശിൽപം. ലോകടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശിൽപങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജടായുശിൽപമാണ്. കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന പുഷ്പകവിമാനങ്ങൾ ഇവിടെ ഇപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും കാര്യമാക്കാതെ രക്ഷിക്കാനടുക്കുന്ന ജടായു പക്ഷികൾ എത്രയുണ്ട് നമുക്കിടയിൽ?
തിരുവനന്തപുരം –കൊട്ടാരക്കര എം. സി. റോഡിലാണ‍് ചടയമംഗലം. എൻ. എച്ച് വഴി വരുന്നവർക്ക് കൊല്ലം– തിരുവനന്തപുരം റോഡിൽ പാരിപ്പള്ളിയിൽ നിന്നു ച ടയമംഗലത്തേക്കു തിരിയണം. െകാച്ചിയിൽ നിന്നു 177 കി ലോമീറ്റർ ദൂരം. വർക്കലയാണ് തൊട്ടടുത്ത െറയിൽവേ സ്റ്റേഷൻ. നാൽപതു കിലോമീറ്റർ ദൂരം. തിരുവനന്തപുരം െതാട്ടടുത്ത വിമാനത്താവളം. ചടയമംഗലത്ത് കെ. എസ്. ആർ.ടി.സിയുെട ബസ് സ്റ്റാൻഡ് ഉണ്ട്. ജടായുപാറയിലേക്ക് ഒന്നരകിലോമീറ്റർ ദൂരം. ചടയമംഗലം, കൊട്ടാരക്ക ര, നിലമേൽ, കിളിമാനൂർ തുടങ്ങിയവ തൊട്ടടുത്ത പട്ടണങ്ങൾ. ഇവിടെ താമസസൗകര്യങ്ങളുണ്ട്. കൂടുതൽ വി വരങ്ങൾക്ക് 94004 47864 എന്ന നമ്പറിൽ ബന്ധപ്പെടാം.