A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഉറങ്ങിപ്പോയ പറങ്കിയുടെ മേല്‍ പതിച്ച ഇടിത്തീ.

ഉറങ്ങിപ്പോയ പറങ്കിയുടെ മേല്‍ പതിച്ച ഇടിത്തീ.



കേരളക്കരയിൽ പറങ്കികൾ അഴിഞ്ഞാടിയ ചരിത്രം കുപ്രസിദ്ദമാണല്ലോ. പ്രത്യേകിച്ച് അവര്‍ മലബാറിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക്‌ അതിരില്ലായിരുന്നു. കോഴിക്കോട്ടെ സാമൂതിരിയും മാപ്പിളമാരും നായർ പടയാളികളുമായിരുന്നു അവരുടെ മുഖ്യശത്രുക്കൾ. പിന്നെ മലങ്കര നസ്രാണികളും.
നിരവധി ആക്രമണങ്ങൾ കോഴിക്കോടിന് നേരെ അവർ നടത്തിയിരുന്നെങ്കിലും സാമൂതിരിയുടെ നായർ പടയും മാപ്പിളമാരും അതിനെതിരെ ശക്തമായ പ്രതിരോധങ്ങളും തിരിച്ചടികളും നൽകിക്കൊണ്ടിരുന്നു.

കോഴിക്കോട്‌ , പൊന്നാനി നഗരങ്ങൾ തകർത്ത്‌ തരിപ്പണമക്കിയ പറങ്കികൾക്ക്‌ പക്ഷെ, സാമൂതിരിയുടെ കോവിലകം ആക്രമിക്കാൻ ഒരു അവസരവും ഒത്തു വന്നില്ല, എന്നല്ല ആക്രമ്രണ ശ്രമങ്ങളെയെല്ലാം കോഴിക്കോടൻ സൈന്യം ചെറുത്ത്‌ തോൽപ്പിക്കുകയായിരുന്നു.

അങ്ങിനെയിരിക്കെയാണ് 1508 ഡിസംബര്‍ ആദ്യവാരത്തിൽ അഫോൻസോ ഡി അൽബുക്കർക്ക്‌ പോർച്ചുഗീസ്‌ വൈസ്രോയിയായി സ്ഥാനമേറ്റത്‌. കാടത്തത്തിന്റെ കാര്യത്തിൽ അയാൾ ഗാമ , കബ്രാൾ എന്നിവരിൽ നിന്ന് ഒട്ടും മോശമായിരുന്നില്ല. 1510ൽ ഹൊർമൂസ് ( ഇറാനിലെ തുറമുഖ പട്ടണം ) ലക്ഷ്യമാക്കി ആക്രമണം നടത്താൻ അയാൾ പദ്ദതിയിട്ടു. ഹൊർമൂസും കോഴിക്കോടും ആക്രമിക്കാനുള്ള രാജകീയ ഉത്തരവുമായാണ് കുട്ടിൻഹോ ലിസ്ബണിൽ നിന്നും കപ്പലേറി കേരളത്തിൽ എത്തിയത്. ഹൊർമൂസിലേക്ക് പോകുന്ന വഴിക്ക്‌ സാമൂതിരിയെ ഒന്ന് തോണ്ടാനും വിചാരിച്ചിരുന്നു. അങ്ങനെ ഒരു വെടിക്ക് രണ്ടു പക്ഷി. ആ യാത്രയിൽ കോഴിക്കോടൻ കടലിലൂടെ ഹൊർമൂസ് ലക്ഷ്യമാക്കി നീങ്ങുമ്പോഴായിരുന്നു ബുക്കർക്കിന് സാമൂതിരി കോഴിക്കോട്ടെ കോവിലകത്തില്ലാ എന്നും ഒരു യാത്രയിലാണെന്നുമുളള രഹസ്യവിവരം കിട്ടിയത്‌.
അച്ചനിച്ചിച്ചതും പാല് വൈദ്യര് കൽപ്പിച്ചതും പാല് എന്ന് പറഞ്ഞപോലെ ബുക്കർക്കിന്റേയും കുട്ടിൻഹോയുടേയും നേതൃത്വത്തിലുളള പറങ്കിപ്പട കോഴിക്കോട്‌ ലക്ഷ്യമാക്കി നീങ്ങി.

കടലിൽ വെച്ച്‌ ചില മുക്കുവ തോണികളും മാപ്പിള കപ്പലുകളും പിടിച്ചെടുത്ത അവര്‍ തങ്ങളുടെ സ്ഥിരം കലാപരിപാടി നടത്തി, അഥവാ അതിലുളളവരെ യമപുരിക്ക്‌ അയച്ച്കൊടുത്തു.

1510 ജനുവരി 4ന് കരയിലേക്ക്‌ ഇറങ്ങിയ അവർക്ക്‌ അധികം എതിർപ്പൊന്നും കൂടാതെ സാമൂതിരിയുടെ കോവിലകത്തെത്താൻ കഴിഞ്ഞു. കോവിലകത്തേക്ക്‌ പോകുന്നവഴിക്ക്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ സാമൂതിരി പിടിച്ചടക്കിയ പോർച്ചുഗീസ്‌ കോട്ട ബുക്കർക്ക്‌ തിരിച്ച്‌ പിടിക്കുകയും പ്രദേശത്ത്‌ ഒരു കൂട്ടക്കുരുതി നടത്തുകയും ചെയ്തു.

ആ സമയം കുന്നലക്കോനൻ ( സാമൂതിരിയുടെ സ്ഥാനപ്പേരാണ് കുന്നലക്കോനൻ ) അവിടെയുണ്ടായിരുന്നില്ല. കൊട്ടാരത്തിന്റെ ചുമതലയുണ്ടായിരുന്ന നായർ തലവനും രണ്ട് മുഖ്യന്മാരും കുറച്ച്‌ ഉദ്യോഗസ്തരും കുറച്ച്‌ നായർ ഭടന്മാരുമുണ്ടായിരുന്നു. അവരിൽ ചിലരെ വാളിനും തോക്കിനും ഇരയാക്കി. ബാക്കിയുളളവരെ തങ്ങളുടെ പാരമ്പര്യ കലാപരിപാടിക്ക്‌ വിധേയരാക്കി. കുന്തങ്ങളിൽ ജീവനോടെ കോർത്ത്‌ നായന്മാരേയും ക്ഷേത്ര പൂജാരിയേയും ജീവനോടെ വേവിച്ചു. അവിടെ താണ്ഢവമാടിയ പറങ്കിപ്പട കൊട്ടാരം മുച്ചൂടും കൊളളയടിച്ചു. പോരാത്തതിന് സാമൂതിരിമാരുടെ കുടുംബ ക്ഷേത്രവും കൊട്ടാരത്തിന് സമീപത്തെ മറ്റൊരു ക്ഷേത്രവും കൊളളയടിക്കുക മാത്രമല്ല , വിഗ്രഹങ്ങളിൽ ചാർത്തിയിരുന്നതും പതിച്ച് വെച്ചിരുന്നതുമായ അമൂല്യ രത്നങ്ങൾ ( കോവിൽഹൊ എന്ന പോർച്ചുഗീസുകാരൻ എഴുതിരിക്കുന്നത്‌ വിഗ്രഹത്തിന്റെ നെറ്റിയിൽ ഒട്ടിച്ചിരുന്ന അമൂല്യ രത്നം പോലുളള ഒന്ന് പോർച്ചുഗീസ് അധിപൻ ഇമ്മാനുവൽ രാജാവ്‌ പോലും കണ്ടിട്ടുണ്ടായിരിക്കില്ല എന്നാണ്. അത്രക്കും വിലപിടിപ്പുളളവയായിരുന്നുവത്രെ പറങ്കികൾ ക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്തത്‌ ) ഒട്ടിച്ചു വെച്ചിരുന്ന രത്നങ്ങൾ വിഗ്രഹങ്ങൾ തകർത്ത ശേഷമാണ് എടുത്തത്‌.

മൂന്ന് മണിക്കൂറോളം നീണ്ട ഈ പരാക്രമണങ്ങൾ തീർന്നപ്പോൾ ക്യാപ്റ്റൻ കുട്ടിൻഹോക്കും വൈസ്രോയി ബുക്കർക്കിനും മറ്റും നല്ല ക്ഷീണം തോന്നി. കോവിലകത്തെ വിശാലമായ അകത്തളത്തിൽ സുഖമായൊന്ന് അൽപ്പനേരം തലചായ്ക്കാൻ അവർ തീരുമാനിച്ചു. സാമൂതിരിയും സംഘവും പൊന്നാനിയിലേക്ക്‌ പോയിരിക്കുകയാണെന്ന തെറ്റായ വിവരമായിരുന്നു അവർക്ക്‌ ചാരന്മാർ മുഖേന ലഭിച്ചിരുന്നത്‌. അതറിയാതെയാണവർ ഒന്ന് വിശ്രമിക്കാൻ ഒരുങ്ങിയതും. ആ വിശ്രമം നീണ്ട രണ്ടുമണിക്കൂർ നേരത്തെ ഉറക്കിലേക്ക്‌ വഴിമാറുകയായിരുന്നു. കോവിലകത്തെ അകത്തളത്തിൽ കുട്ടിൻഹോയും ബുക്കർക്കും കൂട്ടരും ആസ്വദിച്ചുറങ്ങി.

ഉറക്ക്‌ രണ്ട്‌ മണിക്കൂറോളം നീണ്ടു. ഇതിനിടയിലാണ് പുറത്തുനിന്ന് കനത്ത കൊലവിളിയും കോലാഹലങ്ങളും കേട്ടാണ് അവർ ഞെട്ടിയുണർന്നത്‌. അപ്പോഴേക്കും തിരികെ എത്തിയ സാമൂതിരിയുടെ നായർ പട പണി തുടങ്ങിയിരുന്നു. കൊട്ടാരം വളഞ്ഞ്‌ പറങ്കിപ്പടയെ അരിഞ്ഞ്‌ തളളുന്ന ആരവമാണ് കൊട്ടാരത്തിനകത്ത്‌ ഉറങ്ങിപ്പോയ ബുക്കർക്കും കുട്ടിൻഹോയും സംഘവും കേട്ടത്‌. പുറത്തേക്ക്‌ ചാടിയ കുട്ടിൻഹോയെ ഒരു നായർ ഭടൻ വെട്ടിക്കൊന്നു.
ഇതിനിടെ ബുക്കർക്ക്‌ ലിസ്ബണിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന 'അത്യാധുനിക തോക്കുകൾ' രണ്ടെണ്ണവും സാമൂതിരീ ഭടന്മാരുടെ കൈകളിലായി. ഇത്‌ തിരികെ പിടിക്കാൻ ബുക്കർക്ക്‌ ഒരു വിഫലശ്രമം നടത്തി നോക്കിയെങ്കിലും നടക്കില്ല എന്ന് കണ്ടപ്പോൾ അവശേഷിച്ച പറങ്കി സൈനികരുമായി തീരത്ത്‌ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്താൻ ദിശയറിയാതെ തോപ്പുകളിലൂടെ ഓടാൻ തുടങ്ങി.

അതിനിടയിൽ ബുക്കർക്കിന്റെ കാലിൽ വെടിയും കൊണ്ടു. പിന്നീട്‌ നൊണ്ടി നൊണ്ടി ഓടുന്നതിനിടയിൽ ഒരു നായർ ഭടൻ എറിഞ്ഞ കല്ല് കൃത്യമായി അയാളുടെ തലയിൽ കൊളളുകയും ബോധം നഷ്ടപ്പെട്ട് താഴെ വീഴുകയും ചെയ്തു. ഒരു പലകയിൽ കിടത്തി അദ്ദേഹത്തേയും ചുമന്ന് അവർ ജീവനുംകൊണ്ട്‌ പാഞ്ഞ്‌ ഒരു വിധം കപ്പലിൽ എത്തിപ്പെട്ടു. തുടർന്ന് കൊച്ചിയിലേക്ക്‌ പോയ ആ കപ്പലിൽ പരിക്കു പറ്റാത്തവരായി കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ റെബല്ലോയും കുറച്ച്‌ പറങ്കി സൈനികരും മാത്രമേ അവശേഷിച്ചിരുന്നൊളളൂ. ബുക്കർക്കിനും കൂട്ടർക്കും കപ്പലിലെത്താൻ കഴിഞ്ഞത്‌ തന്നെ കപ്പലിൽ നിന്ന് ക്യാപ്റ്റന്‍ റെബല്ലോയും സംഘവും കരയിലേക്ക്‌ തുരുതുരാ പീരങ്കി വെച്ചത്കൊണ്ട്‌ മാത്രമായിരുന്നു. കൂട്ടം തെറ്റിയ 100 പറങ്കികളെ സാമൂതിരിയുടെ നായർ പട പിടിച്ചുകെട്ടി തുറങ്കിലിടുകയും ചെയ്തു. ഈ ആക്രമണത്തിൽ 80ലധികം പോർച്ചുഗീസ്‌ ഭടന്മാർ കൊല്ലപ്പെടുകയുണ്ടായി.