1950കളുടെ മദ്ധ്യം.
ടെക്സസിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബമായ കൂപ്പര്‍ കുടുംബം, അവര്‍ പുതുതായി വാങ്ങിയ ഒരു പഴയ വീട്ടിലേക്ക് ചേക്കേറുന്ന ദിവസമായിരുന്നു അന്ന്. പുതിയ വീട്ടിലെ ആദ്യ ദിവസം ആഘോഷമാക്കി മാറ്റിയ കൂപ്പര്‍ കുടുംബം, ആ ദിവസത്തിന്‍റെ ഓര്‍മ്മയ്ക്കായി ഒരു ഫോട്ടോയെടുത്ത് വയ്ക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെ ഗൃഹനാഥനായ കൂപ്പര്‍, തന്‍റെ ക്യാമറ റെഡിയാക്കി. ലിവിങ്ങ് റൂമില്‍ ഡൈനിങ്ങ് ടേബിളിന് അരികിലായി രണ്ട് കസേരയും ഇട്ടു, വെളിച്ചത്തിനായി ടേബിളില്‍ മെഴുകുതിരികളും കൊളുത്തി. കൂപ്പറുടെ ഭാര്യയും അമ്മയുമാണ് കസേരകളില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്, ഇരുവരുടെയും മടിയിലായി കൂപ്പറുടെ രണ്ട് ആണ്മക്കളും ഇരുന്നു. അങ്ങിനെ ഒരു സന്തോഷമയമായ കുടുംബചിത്രം പകര്‍ത്തി, കൂപ്പര്‍, ഫോട്ടോ ഡെവലപ്പ് ചെയ്യാനായി അടുത്തുള്ള സ്റ്റുഡിയോയില്‍ കൊടുത്തു. എന്നാല്‍ ഫോട്ടോ ലഭിച്ചപ്പോള്‍ അതില്‍ കൂപ്പര്‍ കുടുംബം മാത്രമായിരുന്നില്ല, എന്നെന്നേയ്ക്കുമായി അവരുടെയൊക്കെ സമാധാനം കെടുത്താനായി വന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.
ഫോട്ടോയില്‍ ഇരിക്കുന്നവരുടെ പിന്നിലായി, അമ്മയുടെ സൈഡിലെ മൂലയില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു രൂപം. ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം അതൊരു മനുഷ്യരൂപം തന്നെയാണ്. പക്ഷെ ഫോട്ടോ എടുക്കുന്ന സമയം അവിടെയൊന്നും ഇല്ലാതിരുന്ന ആ രൂപം ഫോട്ടോയില്‍ മാത്രം എങ്ങിനെ വന്നു? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ പാവം കൂപ്പറിനും, കുടുംബത്തിനും ആയില്ല. പോരാത്തതിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂപ്പറുടെ മക്കള്‍, ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ട് ഞെട്ടി ഉണരാന്‍ തുടങ്ങി. ആ വീട്ടില്‍ മറ്റൊരാളുടെ സാമീപ്യവും അവര്‍ അറിഞ്ഞ് തുടങ്ങി. വൈകാതെ തന്നെ അവര്‍ തിരിച്ചറിഞ്ഞു, വീടിന്‍റെ പഴയ ഉടമകളില്‍ ആരോ ആണ് ആ ഫോട്ടോയിലും, തങ്ങളുടെ ജീവിതത്തിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്.
2013ലാണ്, കൂപ്പര്‍ കുടുംബത്തിന്‍റെ, പേടിപ്പെടുത്തുന്ന അനുഭവങ്ങളുടെ അകമ്പടിയോടെ ഈ ഫോട്ടോ നെറ്റില്‍ ഫ്ലാഷ് ആകാന്‍ തുടങ്ങുന്നത്. സംഭവം വായിച്ച എല്ലാവരും ഒരേ സ്വരത്തില്‍ത്തന്നെ ചോദിച്ചു; "കൂപ്പര്‍ കുടുംബത്തിന് പിന്നീട് എന്ത് സംഭവിച്ചു?" ആരുടെ കയ്യിലും അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല, പക്ഷെ സംശയത്തോടൊപ്പം ദിനംപ്രതി ഫോട്ടോ കയറി ഹിറ്റായിക്കൊണ്ടിരുന്നു. അതിനുള്ള ഉത്തരം തേടി ചിലരൊക്കെ മിനക്കെട്ട് ഇറങ്ങുകയും ചെയ്തു. വിചാരിക്കുന്ന പോലെ അത്ര ഈസിയായിരുന്നില്ല ആ ദൗത്യം. 'കൂപ്പര്‍' എന്നത് അമേരിക്കയില്‍ വളരെ common ആയ ഒരു പേരാണ്. ടെക്സസിലെ ഒരു കൗണ്ടിയില്‍ത്തന്നെ അനേകം കൂപ്പര്‍മാര്‍ ഉണ്ടാകും, അവര്‍ക്കിടയില്‍ നിന്ന് നമ്മുടെ കൂപ്പറെ തിരയുക എന്ന് പറഞ്ഞാല്‍, വൈക്കോല്‍ത്തുറുവില്‍ സൂചി തിരയുന്നത് പോലുണ്ടാകും. അപ്പോള്‍ ആ വഴിക്കുള്ള അന്വേഷണമല്ല പ്രായോഗികം, ആ ഫോട്ടോയും കഥയും വന്ന വഴിയാണ് തിരച്ചില്‍ തുടങ്ങേണ്ടത്. പക്ഷെ ആ തിരച്ചില്‍ തുടങ്ങുന്നത് തന്നെ ഒരു ഭയങ്കര ട്വിസ്റ്റില്‍ നിന്നാണ്.
ഇങ്ങിനെ ഒരു സംഭവം നടന്നു എന്ന കഥ നെറ്റില്‍ പൊങ്ങി വരുന്നത് 2013ലാണ്, പക്ഷെ ഫോട്ടോ അതിനും മുന്‍പേ നെറ്റില്‍ ഹാജരുണ്ടായിരുന്നു. അതായത് ഫോട്ടോ വന്നതിന് ശേഷമാണ് കഥ വന്നത്. ഇനി ഫോട്ടോയുടെ കഥ നോക്കാം; 2009ല്‍, ഒരു പ്രമുഖ ഹൊറര്‍ എഴുത്തുകാരനായ തോമസ് ലിഗോട്ടിയുടെ ഫാന്‍ സൈറ്റിലാണ് ആദ്യമായി ഈ ഫോട്ടോ അപ്‌ലോഡ് ആകുന്നത്. Family Gathering എന്ന ടൈറ്റിലോടെ, സാം കോവന്‍ എന്നയാളാണ് ഈ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. 1_familywithhangingman.jpg
കഥയിങ്ങനെ ഓടി നടക്കുന്നതിനിടെയാണ് ചിലര്‍ ഈ ചിത്രം സൂക്ഷ്മമായി പരിശോധിക്കുന്നത്, അങ്ങിനെ അവര്‍ വളരെ രസകരമായ ഒരു കാര്യം കൂടെ കണ്ടെത്തി. അതായത്, ചിത്രത്തില്‍ മിസ്സിസ് കൂപ്പര്‍ അണിഞ്ഞിരിക്കുന്ന ഫ്രോക്ക്, അത് കൃത്രിമമായി കളര്‍ ചെയ്തെടുത്തതാണ്. ചിത്രത്തിലെ മറ്റു പിക്സലുകളുമായി ഈ ഒരെണ്ണം മാത്രം മാച്ച് ആകുന്നില്ല. കൂടാതെ അവരുടെ മടിയിലിരിക്കുന്ന കുഞ്ഞിന്‍റെ കാലുകള്‍ക്ക് ഇടയിലായി കഷ്ടപ്പെട്ട് കുത്തിക്കയറ്റി വച്ചിരിക്കുന്ന പോലെയാണ് ആ ഫ്രോക്ക് ഇരിക്കുന്നത്, ചുരുക്കിപ്പറഞ്ഞാല്‍ സംഭവം എഡിറ്റ് ചെയ്തതാണ്.
ഫോട്ടോയിലെ 'പ്രേതം' എഡിറ്റ് ചെയ്തതാണെന്ന് നേരത്തേ തന്നെ വാദങ്ങള്‍ ഉണ്ടായിരുന്നു, അതിന്‍റെ പ്രധാന കാരണം പ്രേതത്തിന്‍റെ നിഴലാണ്, കൂടാതെ ചിത്രത്തിന്‍റെ ലൈറ്റിങ്ങും. പിന്നെ ചിത്രം സെറ്റ് ചെയ്തിരിക്കുന്ന രീതി നോക്കിയാല്‍ ഒരു കാര്യം കൂടെ മനസ്സിലാകും, പ്രേതത്തിനായി ഒരു ഭാഗം ഒഴിച്ചിട്ട ശേഷം ചിത്രത്തിന്‍റെ വലത് ഭാഗത്തേക്ക് ആളുകളെ ഒതുക്കിയാണ് ഇരുത്തിയിരിക്കുന്നത്. ഇടതുഭാഗത്തെ ടേബിള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല, സ്വന്തമായി ക്യാമറയുള്ള ഒരാള്‍, മുന്നില്‍ ഇരിക്കുന്നവരെ ഫ്രെയിമിന്‍റെ നടുക്കോട്ട് (പ്രൊ അല്ല) കൊള്ളിക്കാനാണ് നോക്കുക. ഒന്നുകില്‍ കൂപ്പര്‍ ഒരു മോശം ഫോട്ടോഗ്രാഫറാണ്, അല്ലെങ്കില്‍ ചിത്രത്തിന്‍റെ വലത് വശത്തെ സ്ഥലം, എഡിറ്റ് ചെയ്തവര്‍ വെട്ടി മാറ്റിയതാണ്.
അങ്ങിനെ സ്കിറ്റ് ഏതാണ്ട് പൊളിഞ്ഞെങ്കിലും, ഇത് സത്യമായിരിക്കും എന്ന് വിശ്വസിക്കാന്‍ പിന്നെയും ധാരാളംപേര്‍ ഉണ്ടായിരുന്നു. അവര്‍ക്കുള്ള ഷോക്കായിരുന്നു 2015ല്‍ നടന്ന ഒരു വെളിപ്പെടുത്തല്‍. 2015ലെ ഒരു സുപ്രഭാതത്തില്‍, ചിത്രത്തിലെ കുട്ടികളില്‍ ഒരാള്‍ ഫോട്ടോ നെറ്റില്‍ കണ്ട ശേഷം പബ്ലിക്കായി പുറത്ത് വന്ന് സത്യം വെളിപ്പെടുത്തി. ആദ്യം തന്നെ അദ്ദേഹം തിരുത്തിയത് പ്രേതത്തിന്‍റെ കാര്യമല്ല, സ്വന്തം പേരായിരുന്നു. ഇത്രയും നാള്‍ 'കൂപ്പര്‍' എന്നറിയപ്പെട്ടിരുന്നത് യഥാര്‍ഥത്തില്‍ 'കോപ്പര്‍' കുടുംബമായിരുന്നു. ഫോട്ടോ എടുത്ത വര്‍ഷം 1959 ആണ്, അന്ന് ഫോട്ടോ എടുത്തപ്പഴോ, ഡെവലപ്പ് ചെയ്തപ്പഴോ അതില്‍, അവരുടെ കുടുംബമല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ ഫോട്ടോ എങ്ങിനെയോ കയ്യില്‍ക്കിട്ടിയ ആര്‍ക്കോ തോന്നിയ ഒരു കുസൃതി മാത്രമായിരുന്നു അതിലെ പ്രേതം. അങ്ങിനെ പ്രേതത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി, പക്ഷെ ഇതിലെ കോമഡി ഇതൊന്നുമല്ല. 2015 കഴിഞ്ഞ് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും, ഇപ്പോഴും പല സൈറ്റുകളിലും ഇതൊരു ചുരുളഴിയാത്ത രഹസ്യം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ കൂപ്പര്‍ കുടുംബത്തിന് നടന്ന സംഭവമാണെന്ന തരത്തില്‍ ഈ കഥ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വന്നിട്ടില്ല.
പക്ഷെ ഇന്നും അറിയാത്ത ചില സത്യങ്ങളുണ്ട്.
1. ഫോട്ടോ എഡിറ്റ് ചെയ്തത് ആരാണ്?
2. ആരാണ് ഈ കഥകള്‍ക്ക് തുടക്കമിട്ടത്?
3. ഫോട്ടോയില്‍ കാണുന്ന രൂപം, ശരിക്കും അത് ആരുടേതാണ്?
4. സ്ത്രീയോ, പുരുഷനോ?
എന്തായാലും കെട്ടുകഥകള്‍ക്ക് വിരാമമായ സ്ഥിതിക്ക് ഇനി ഭാവിയില്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടി ലഭിക്കും എന്ന് പ്രതീക്ഷിക്കാം.