A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അനിതാ മൂർജാനി....ഒരു പുനർജന്മത്തിന്റെ കഥ..

അനിതാ മൂർജാനി....ഒരു പുനർജന്മത്തിന്റെ കഥ..
 
ഏതാനും മണിക്കൂറുകൾ മാത്രം ഇനി ജീവിക്കുമെന്ന് ഹോംഗ്കോങ്ങിലെ വിദഗ്ദരായ ഡോക്‌ടർമാർ 2006 ഫെബ്രുവരി മാസം രണ്ടാം തിയതി വിധിയെഴുതി കാത്തിരുന്നിടത്തുനിന്ന്, ലോകത്തിനുമുന്നിൽ ഒരു വിസ്മയമായി ഇന്നും ജീവിക്കുന്ന അനിതാ മൂർജാനിയുടെ പുനർജന്മത്തിന്റെ കഥ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത ഒരു സമസ്യയാണ്.
ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് 1959-ൽ സിംഗപ്പൂരിലാണ് അനിത മൂർജാനി ജനിച്ചത്. അനിതയ്ക്ക് ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഹോംഗ്കോങ്ങിലേക്ക് കുടിയേറി. കോർപറേറ്റ് മേഖലയിൽ ജോലി നോക്കിയിരുന്ന അനിതയ്ക്ക് 2002 ഏപ്രിൽ മാസത്തിലാണ് ലസികാ വ്യൂഹത്തെ (lymph nodes) ബാധിക്കുന്ന ഗുരുതരമായാ ലിംഫോമ എന്ന കാൻസർ പിടിപെടുന്നത്.. 2002 ഏപ്രിൽ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട രോഗം 2006 ഫെബ്രുവരി ആയപ്പോഴേക്കും അതീവ ഗുരുതരമായ അവസാനഘട്ടത്തിലേക്ക് എത്തിയിരുന്നു. ഒടുവിൽ ആ ദിവസമെത്തി....അനിതയ്ക്കു ഈ ലോകത്തോട് വിടപറയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം...ദുഃഖാർത്തരായ ഭർത്താവിനോടും ബന്ധുക്കളോടും അവസാനയാത്ര പറയാനുള്ള നേരം...
ഇനിയുള്ള അനുഭവങ്ങൾ അനിതാ മൂർജാനിയുടെ വാക്കുകളിലൂടെ തന്നെയാകട്ടെ...
"ഞാൻ ഇന്ന് ഏറ്റവും സന്തോഷവതിയായിരിക്കുന്നതിനു കാരണം ഞാനിന്നു ജീവനോടെ ഇരിക്കേണ്ടവളല്ല എന്ന യാഥാർഥ്യമാണ്. 2006 ഫെബ്രുവരി മാസം രണ്ടാം തിയതി ഞാൻ മരിക്കേണ്ടതായിരുന്നു...ഈ ഭൂമിയിലെ എന്റെ അവസാന ദിവസമെന്നു കണക്കാക്കിയിരുന്നത് .അന്നായിരുന്നു... എനിക്ക് ചികിത്സ നിൽകിയ ഡോക്റ്റർമാർ എന്റെ ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞത് എനിക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ ..എന്നാണ്...അന്തിമഘട്ടത്തിലെത്തിയ ലസികാ വ്യൂഹത്തെ ബാധിക്കുന്ന ലിംഫോമ എന്ന കാൻസർ...നാലു വർഷമാണ്‌ ഈ കാൻസറിനോട് ഞാൻ പോരാടിയത്...എന്റെ ലസികാവ്യൂഹത്തിലൂടെ പടർന്നുകയറി ഈ കാലമത്രയും ഈ രോഗം എന്നെ കാർന്നു തിന്നുകയായിരുന്നു... കഴുത്തിലെ ഒരു ചെറിയ മുഴയായിട്ടാണ് ഇത് തുടങ്ങിയത്...തുടർന്ന് ഇത് എന്റെ ലസികാവ്യൂഹത്തെ മുഴുവൻ ആക്രമിച്ചു...ഈ രോഗം ബാധിച്ചു നാലു വർഷമായപ്പോഴേക്കും ചെറുനാരങ്ങയുടെ വലുപ്പമുള്ള കാൻസർ മുഴകൾ കഴുത്തിന്റെ മുകൾഭാഗത്തുനിന്നും നെഞ്ചിലേക്കും, കൈകളിലേക്കും, വയറിലേക്കുമെല്ലാം വ്യാപിച്ചിരുന്നു....രോഗം മൂർച്ഛിച്ച സമയത്തു എന്റെ ശ്വാസകോശങ്ങളിൽ ദ്രാവകം നിറഞ്ഞു...കിടക്കാൻ പറ്റാതായി...കിടന്നാലുടൻ ശക്തിയായുള്ള ചുമ...പിന്നെയും ദ്രാവകം ശ്വാസകോശത്തിലേക്കു കയറും...എന്റെ മസിലുകളെല്ലാം ശോഷിച്ചു...ശരീരഭാരം 40 കിലോയിലേക്കു താഴ്ന്നു...ഒരു അസ്ഥിപഞ്ജരമായി ...മുഴകളെല്ലാം പൊട്ടിയൊലിക്കാൻ തുടങ്ങി...ഒരു ഭക്ഷണവും കഴിക്കാൻ പറ്റാത്ത അവസ്ഥ...നിരന്തരമായ പനി....ഇരിക്കാനോ, നടക്കാനോ വയ്യ...സ്ഥിരം കിടപ്പ് ....അല്ലെങ്കിൽ വീൽചെയറിൽ....ഓക്സിജൻ മാസ്കില്ലാതെ ശ്വസിക്കാൻ ആകാത്ത അവസ്ഥ.....അങ്ങനെ ഒടുവിൽ 2006 ഫെബ്രുവരി മാസം രണ്ടാം തിയതി രോഗം മൂർച്ഛിച്ചു ഞാൻ കോമയിലേക്കു വഴുതി...എന്റെ അവസാന മണിക്കൂറുകൾ...എന്റെ അവയവങ്ങളെല്ലാം തിരിച്ചുകയറാനാകാത്തവിധം പണിമുടക്ക് തുടങ്ങിയിരിക്കുന്നു...പതിവുപോലെ ഡോക്ർമാരുടെ മുന്നറിയിപ്പ്....പ്രിയപ്പെട്ടവർക്ക് കാണാനുള്ള അവസരം കൊടുത്തോളൂ......
അവിടെയാണ് ഈ അഭുതത്തിന്റെ തുടക്കം....
ജീവിതത്തിന്റെ അവസാന മണിക്കൂറിൽ കോമയിൽ കിടക്കുന്ന എനിക്ക് ചുറ്റും നടക്കുന്ന ഈ സംഭവങ്ങളെല്ലാം കാണാൻ കഴിയുന്നു...അതീവ ദുഃഖിതനെങ്കിലും എന്റെ കൈ പിടിച്ചു എന്നെ നോക്കിയിരിക്കുന്ന എന്റെ ഭർത്താവ്....ശരീരത്തിലേക്ക് പലതരം ട്യൂബുകൾ ഘടിപ്പിക്കുന്ന ഡോക്റ്റർമാർ...എനിക്ക് എളുപ്പത്തിൽ ശ്വസിക്കാൻ അവർ ശ്വാസകോശത്തിൽ നിന്നും ദ്രാവകം നീക്കം ചെയ്യുന്നു...ചുറ്റും നടക്കുന്ന ഓരോ ചെറിയ സംഭവം പോലും എനിക്ക് കാണാനാകുന്നു....360 ഡിഗ്രിയിൽ കാഴ്ചകൾ കാണാവുന്ന അഭുതകരമായ അനുഭവം...ചുറ്റും നടക്കുന്നതെല്ലാം ഒരേ സമയം എനിക്ക് കാണാം...വിസ്മയമെന്നു പറയട്ടെ...ഈ കാഴ്ച ഞാൻ കിടക്കുന്ന ഈ മുറിയിൽ മാത്രമല്ല...ഞാൻ എന്റെ ശരീരത്തിൽ നിന്ന് പുറത്തുകടന്നതുപോലെ....ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്റെ ശരീരത്തെ എനിക്ക് കാണാം...പക്ഷെ, ഞാൻ ആ ശരീരത്തിലല്ല...ഒരേ സമയം എനിക്ക് എല്ലായിടത്തും പോകാം...എവിടേക്കു ഞാൻ എന്റെ ബോധത്തെ നയിക്കുന്നോ, ഞാൻ അവിടെ എത്തുന്ന വിസ്മയം...ഹോങ്കോങ്ങിലാണ് എന്റെ ശരീരമെങ്കിലും ഞാനിപ്പോൾ ഇന്ത്യയിൽ നിന്ന് എന്നെക്കാണാൻ തിടുക്കത്തിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന എന്റെ സഹോദരന്റെ അടുത്തെത്തിയിരിക്കുന്നു...അവന്റെ കൂടെ വിമാനത്തിൽ ഞാനുണ്ട്.....
വിസ്മയമെന്നു പറയട്ടെ....വളരെക്കാലം മുൻപ് മരിച്ചുപോയ എന്റെ അച്ഛനും എന്റെ കൂട്ടുകാരിയും എന്റെ അടുത്തുണ്ട്...എന്നോട് സംസാരിക്കുന്നുണ്ട്...ശരീരത്തിൽ നിന്നുള്ള അത്ഭുതകരമായ ഈ വേർപെടലിൽ ഒരു കാര്യം കൂടി എനിക്ക് വ്യക്തമാകുന്നു...എല്ലാക്കാര്യങ്ങളെക്കുറിച്ചും ഉള്ള ഉത്തരങ്ങൾ എനിക്ക് മുന്നിൽ തെളിഞ്ഞുവരുന്നു....എല്ലാം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നു...എന്തുകൊണ്ട് എനിക്കീ മാരക രോഗം പിടിപെട്ടു....ഞാൻ അറിഞ്ഞതിനേക്കാൾ എത്രയോ അധികം ശക്തയാണ് ഞാൻ എന്ന് എനിക്ക് മനസ്സിലാകുന്നു...എല്ലാവരോടും ഞാൻ ബന്ധപ്പെട്ടിരിക്കുന്നു....എല്ലാവരുടെയും അവബോധത്തിലേക്കു ഞാനും ഉൾച്ചേർന്ന പോലെ...ഞാൻ ബന്ധപ്പെടുന്നവരുടെ വികാരങ്ങൾ എന്റേതും കൂടി ആയിത്തീരുന്നു...പക്ഷെ അവരുടെ ദുഃഖങ്ങൾ എന്നെ ബാധിക്കുന്നില്ല...പക്ഷെ എനിക്കറിയാം അവരുടെ വേദനയും വികാരങ്ങളും....മനസ്സുകൾ ഒന്നുചേർന്നപോലെ...നിന്റെ സമയം ഇനിയും ആയിട്ടില്ലെന്ന് എന്റെ അച്ഛൻ എന്നോട് പറയുന്നുണ്ട്.....ഞാൻ എന്റെ ശരീരത്തിലേക്ക് തിരിച്ചുപോകണമെന്ന് ...പക്ഷെ ഈയൊരു അതീവ സന്തോഷകരമായ അവസ്ഥയിൽനിന്ന് തിരികെ പോകാൻ എനിക്ക് മടി...കുടുംബത്തിന് ഒരു ഭാരമായി രോഗാതുരമായ ആ ശരീരത്തിലേക്ക് എന്തിനു ഞാൻ തിരികെ പോകണം...? പക്ഷെ....ഞാൻ ഇപ്പോൾ അറിയുന്നു എന്തുകൊണ്ട് എനിക്കീ മാരക രോഗം വന്നു എന്ന്...അതുകൊണ്ടുതന്നെ, ഞാൻ ശരീരത്തിലേക്ക് തിരികെചെന്നാൽ ആ ശരീരം അതിവേഗം സുഖപ്പെടും....ആ നിമിഷത്തിൽ എന്റെ ശരീരത്തിലേക്ക് തിരികെ പോകാൻ ഞാൻ തീരുമാനിച്ചു...."നീ ശരിക്കും ഈ നിമിഷം നിന്നെ മനസ്സിലാക്കിയിരിക്കുന്നു" എന്ന് എന്റെ അച്ഛനും കൂട്ടുകാരിയും എന്നോട് പറയുന്നപോലെ...."തിരിച്ചുപോകൂ....നിർഭയം നിന്റെ ജീവിതം പൂർണമാക്കൂ..." അവരുടെ വാക്കുകൾ എനിക്ക് കേൾക്കാം.....ആ നിമിഷം ആശുപത്രി കിടക്കയിലെ കോമയിൽ നിന്നും ഞാൻ കണ്ണുകൾ തുറന്നു...എന്താണ് സംഭവിച്ചതെന്നറിയാതെ അത്ഭുതസ്തബ്ധരായി നോക്കിനിൽക്കുന്ന ഡോക്‌ടർമാരും കുടുംബാംഗങ്ങളും....രോഗം .ഭേദമാകാനോ, കോമയിൽ നിന്ന് പുറത്തുകടക്കാനോ ഒരു സാധ്യതയും അവർ കണ്ടിരുന്നില്ല...എന്റ സമയം ഇനിയും ആയിട്ടില്ലെന്നും പൂർണ്ണ സൗഖ്യത്തിലേക്കാണ് ഞാൻ ഉണർന്നു എണീറ്റിരിക്കുന്നതെന്നും, പക്ഷെ എനിക്ക് അറിയാമായിരുന്നു...വെറും അഞ്ചു ദിവസം കൊണ്ട് എന്റെ ശരീരത്തിലെ കാൻസർ മുഴകളെല്ലാം ചുരുങ്ങി...അഞ്ചു ആഴ്ചകൾക്കുശേഷം ആശുപത്രി വിടാൻ ഒരുങ്ങി....കാൻസർ പൂർണ്ണമായും സൗഖ്യമായിരിക്കുന്നു....എനിക്ക് വീട്ടിൽ പോകാം...
എന്റെ ജീവിതം ആകെ മാറിയിരിക്കുന്നു...ലോകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറിയിരിക്കുന്നു....ലോകത്തിലേക്കു ഉൾച്ചേരാൻ പണ്ടത്തെപ്പോലെ ആകുന്നില്ല....എങ്ങനെ ഞാനെന്റെ ആ കാഴ്ചപ്പാട് .വിശദീകരിക്കും.....എളുപ്പത്തിൽ മനസ്സിലാക്കാൻ ഞാനൊരു ഉപമ പറയാം....വളരെ വലിയൊരു ഗോഡൗൺ...നിങ്ങൾ അതിനുള്ളിലാണ്.....വെളിച്ചമില്ല...കൂറ്റാക്കൂറ്റിരുട്ട്....ഒന്നും നിങ്ങൾക്ക് കാണാനാവുന്നില്ല...പക്ഷെ നിങ്ങളുടെ കയ്യിൽ ഒരു ചെറിയ ടോർച്ചുണ്ട്....നിങ്ങൾ അത് ഓണാക്കി...നിങ്ങൾ മുന്നോട്ടു നോക്കുന്നു...ഇവിടെ നിങ്ങൾക്ക് കാണാനാവുന്നത് ആ ചെറിയ ടോർച്ചിന്റെ വെട്ടത്തിനുള്ളിലുള്ളത് മാത്രമാണ്...ബാക്കിയെല്ലാം ഇരുട്ടിലാണ്...എങ്ങോട്ടു ടോർച്ചു തിരിക്കുന്നോ അവിടെ മാത്രം നിങ്ങൾക്ക് കാണാം......പക്ഷെ പെട്ടെന്ന് ആ ഗോഡൗണിൽ നിറയെ ഫ്ലഡ് ലൈറ്റുകൾ തെളിഞ്ഞാലോ...വിശാലമായ ആ ഗോഡൗൺ മുഴുവൻ നിങ്ങൾക്ക് കാണാം....നിങ്ങൾ സങ്കൽപ്പിച്ചതിനേക്കാൾ വലിയ ഒരു ഇടമാണ് അതെന്നു നിങ്ങൾ അറിയുന്നു....ഉള്ളിൽ നിറയെ അലമാരകൾ...അവ നിറയെ നിങ്ങളുടെ സങ്കൽപ്പത്തിലുള്ളതും അല്ലാത്തതുമായ വ്യത്യസ്തങ്ങളായ വസ്തുക്കൾ...എല്ലാം അവിടെയുണ്ട്....നിലനിൽക്കുന്നില്ലെന്നു നിങ്ങൾ വിചാരിച്ചതെല്ലാം അവിടെയുണ്ട്....നിങ്ങളുടെ ടോർച്ചുവെട്ടത്തിൽ നിങ്ങൾ ഒരിക്കലും കാണാത്തവ......അതാ...പെട്ടെന്ന് ആ ഫ്ലഡ് ലൈറ്റുകൾ എല്ലാം അണഞ്ഞിരിക്കുന്നു....വീണ്ടും ആ ചെറിയ ടോർച്ചുവെട്ടം മാത്രം നിങ്ങൾക്ക് ആശ്രയം ....പക്ഷെ വലിയൊരു തിരിച്ചറിവിലേക്ക് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നു....എന്റെ ടോർച്ചു വെട്ടത്തിനു കാണാൻ കഴിയുന്നതിനേക്കാൾ കാര്യങ്ങൾ എനിക്ക് ചുറ്റുമുണ്ട്...എനിക്ക് കാണാനോ അനുഭവിക്കാനോ സാധിക്കുന്നില്ല എന്നതിനാൽ അവ നിലനിൽക്കുന്നില്ല എന്ന് എനിക്ക് പറയാനാകില്ല....അതാണെന്റെ അനുഭവം...നമ്മൾ കാണുന്നതിനേക്കാൾ...ആനുഭവിക്കുന്നതിനേക്കാൾ എത്രയോ അധികമാണ് നമ്മുടെ ചുറ്റും നിലനിൽക്കുന്നത് ...നമ്മുടെ ടോർച്ചുവെട്ടത്തിനു അപ്പുറമാണ് അതെല്ലാം...നിങ്ങളുടെ മൂക്കിന് തൊട്ടു താഴെയായിരിക്കാം...പക്ഷെ ഈ ടോർച്ചുവെട്ടത്തിൽ അല്ലെങ്കിൽ നിങ്ങൾക്ക് അത് കാണാനാകില്ല...അതുകൊണ്ടു നിങ്ങളുടെ കുഞ്ഞു ടോർച്ചിനെ കൂടുതൽ തെളിക്കുക...നിങ്ങളുടെ ജീവിതം നിങ്ങൾക്കു കിട്ടിയ ഒരു സമ്മാനമാണ് എന്നറിയുക.....അത് എനിക്ക് നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ വില എനിക്ക് മനസ്സിലായത്..."
(അനിതാ മൂർജാനി തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ "Dying to Be Me" എന്ന പുസ്തകം ന്യൂ യോർക്ക് ടൈംസ് ബെസ്റ്റ് സെല്ലെർ ആയിരുന്നു).
തോമസ് ചാലാമനമേൽ