ഹോമൊ നലേഡി ആധുനികമനുഷ്യനൊപ്പം ജീവിച്ചതായി ഗവേഷകര്‍
ജൊഹാനസ്ബര്‍ഗ്(ദക്ഷിണാഫ്രിക്ക): മനുഷ്യപരിണാമചരിത്രത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. ആഫ്രിക്കയില്‍ ജീവിച്ചിരുന്ന മുനുഷ്യപൂര്‍വികരുടെ വര്‍ഗത്തില്‍പ്പെട്ട ഹോമോ നലേഡി ആധുനിക മനുഷ്യവര്‍ഗമായ ഹോമൊ സാപിയന്‍സിനൊപ്പം ജീവിച്ചിരുന്നതായാണ് ജേണല്‍ ഇ ലൈഫില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിന് സമീപമുള്ള റൈസിങ് സ്റ്റാര്‍ ഗുഹാ സമുച്ചയത്തില്‍നിന്ന് 2013-ലാണ് പാലിയന്ത്രോപോളജിസ്റ്റ് ലീ ബര്‍ഗറും സംഘവും ഹോമൊ നലേഡിയുടെ ഫോസില്‍ കണ്ടെത്തിയത്. കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ളതാവും ഫോസിലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ശാസ്ത്രീയപരിശോധനയില്‍ ഇവയുടെ പഴക്കം മൂന്നുലക്ഷം വര്‍ഷമാണെന്ന് കണ്ടെത്തി. ഇതോടെ ആധുനികമനുഷ്യനും ഹോമൊ നലേഡിയും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി വ്യക്തമായി. ഏകദേശം അഞ്ചടി (ഒന്നരമീറ്റര്‍)മാത്രം ഉയരവും നാല്‍പ്പത്തഞ്ച് കിലോ തൂക്കവുമുള്ള കുള്ളന്‍ മനുഷ്യവര്‍ഗമാണ് നലേഡി. ഇവയുടെ തലച്ചോറിന് നാരങ്ങയുടെ വലിപ്പം മാത്രമാണുണ്ടായിരുന്നത്. നലേഡി വര്‍ഗം പണിയായുധങ്ങള്‍ നിര്‍മിച്ചിരുന്നതായി ലീ ബര്‍ഗര്‍ അനുമാനിക്കുന്നു. ഇവയുടെ കൈ വിരലുകള്‍ ആയുധനിര്‍മാണത്തിന് യോജിച്ചതരത്തിലുള്ളതാണ്. മൂന്നുലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ആഫ്രിക്കയില്‍ മാത്രം മൂന്ന് സ്പീഷിസിലുള്ള മനുഷ്യവര്‍ഗം ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബര്‍ഗര്‍ പറയുന്നു. മനുഷ്യപരിണാമചരിത്രം പ്രതീക്ഷിച്ചതിലും ഏറെ സങ്കീര്‍ണമാണെന്നാണ് പുതിയ കണ്ടെത്തലും വ്യക്തമാക്കുന്നത്