A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രേതഭയത്തിൽ നിന്നും മോചിതരാവുക

പ്രേതഭയത്തിൽ നിന്നും മോചിതരാവുക


പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് പ്രേതാനുഭവങ്ങളും പ്രേതകഥകളും പരക്കുന്നു. നൂതന ഭാക്ഷയിൽ പറഞ്ഞാൽ 'വൈറൽ' ആകുന്നു. എല്ലാകഥകളും സത്യമാണോയെന്നു അറിയില്ല. എന്നിരുന്നാലും ഏതൊരു പ്രേതാനുഭവങ്ങൾക്ക് പിന്നിലും ഒരു വ്യക്തമായ ശാസ്ത്രീയ അടിസ്ഥാനം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. Certified ഒന്നും അല്ലെങ്കിലും ഇത്തരം പ്രേതാനുഭവങ്ങളുടെയും പ്രേതങ്ങളുടെയും രഹസ്യം തേടി സമൂഹത്തിന്റെ ഇരുളടഞ്ഞ ഒരു കോണിൽ കൂടി സഞ്ചരിക്കുന്ന ചെറിയൊരു പാരനോർമൽ അന്വേഷണ സംഘത്തിന്റെ തലവനാണ് ഞാൻ. 50 ഓളം സ്ഥലങ്ങൾ ഇതിനകം ഞങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സെമിത്തേരികളിൽ തുടങ്ങി കാട്ടിലും മേട്ടിലും ദുർമരണം നടന്ന സ്ഥലങ്ങളിലും ഞങ്ങളുടെ പിടികിട്ടാപ്പുള്ളിയായ പ്രേതത്തെ തേടി നടന്നിട്ടുണ്ട്. എന്തുകൊണ്ട് ഞങ്ങളുടെ മുന്നിലേക്ക് ഇത്തരക്കാർ വരുന്നില്ല?! .ഞങ്ങളെ അവർ ഭയപ്പെടാൻ വഴിയില്ല കാരണം ഞങ്ങൾക്ക് ഒരു അമാനുഷിക ശക്തിയുടെയും സംരക്ഷണകവചമില്ല. ആത്മീയതയുടെയോ ദൈവങ്ങളുടെയോ സഹായം തേടാറുമില്ല. ആകെയുള്ളത് തികഞ്ഞ യുക്തിചിന്താഗതിയും ഭൗതിക വാദവും ,ശാസ്ത്ര വിശകലനങ്ങളുമാണ്. പിന്നെ കുറച്ചു ഉപകരണ സാമഗ്രികളും. മനുഷ്യ നഗ്നനേത്രങ്ങൾ കൊണ്ട് ഈ ഒളിഞ്ഞിരിക്കുന്ന പ്രേതവിദ്വാൻമാരെ കാണുവാൻ സാധിക്കുമോ എന്നറിയാനായിരുന്നു ആദ്യ പരീക്ഷണം. അതിനായി കുറെയധികം പ്രദേശങ്ങൾ ഒറ്റയ്ക്കും കൂട്ടമായും സന്ദർശിച്ചു . രാത്രിയിൽ കുറെ തണുപ്പ് കൊണ്ടെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. ശാസ്ത്രീയമായി ചില ഉപകരണങ്ങളുടെ സഹായത്താൽ ഇത്തരക്കാരുടെ സാനിധ്യം അടുത്തറിയാനാകുമെന്നു ഒരു വാദമുണ്ട് അത് ശരിയാണോയെന്ന് തെളിയിക്കാനായിരുന്നു രണ്ടാമത്തെ പരീക്ഷണം.അതിലൊന്ന് ഞാൻ വിശദീകരിക്കാO.
രണ്ടോളം ദുർമരണങ്ങൾ നടന്ന ഒരു ആൾതാമസമില്ലാത്ത ഒരു വീടായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്.അവിടെ വെളുത്ത വസ്ത്രധാരിയായ ഒരു സ്ത്രീരൂപത്തെ നാട്ടുകാരിൽ ചിലർ രാത്രികാലങ്ങളിൽ വീട്ടുപരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. അവർ തന്നെയാണ് ആ വീടിനു ഒരു കുപ്രസിദ്ധി പട്ടവും നേടിക്കൊടുത്തു. രണ്ടു രാത്രിയായിരുന്നു ഇൻവെസ്റ്റിഗേഷൻ പ്ലാൻ ചെയ്തത്. ആദ്യത്തെ രാത്രി ഉപകരണങ്ങളുടെ സഹായമില്ലാതെ ആ വീട്ടിൽ ഒറ്റയ്ക്ക് കഴിയണം. ഇന്റലിജന്റ് ഹോംഡിങ് അന്വേഷണം എന്നാണ് ഇതിനു ഞങ്ങളുടെ ഭാക്ഷയിൽ പറയാറ്. ഞാൻ തന്നെ മുൻകൈയെടുത്തു ആ രാത്രി വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു. എന്താ സംഭവിക്കുന്നതെന്ന് അറിയാല്ലോ?!! .അപ്രതീക്ഷിതമായ ആക്രമണമായിരുന്നു അത്. എന്തോ മുന്ജന്മത്തിലെ പക തീർക്കുന്നത് പോലെ കൊതുകുകൾ വളഞ്ഞിട്ടു ആക്രമിച്ചു. അല്ലാതെ വെള്ള സാരിയുടുത്ത ഒരു പെണ്ണുമ്പിള്ളയെയും ഞാൻ കണ്ടില്ല.
രണ്ടാം ദിവസം കുറച്ചു ഉപകരണങ്ങളുടെ സഹായത്തോടെ ആ വെള്ള വസ്ത്ര നാരിയെ തേടി ഞാനും സഹ പ്രവർത്തകരും ആ വീട്ടിൽ കടന്നു. ഞങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒന്നു പരിചയപ്പെടുത്താം ഒരു EMF മീറ്റർ, മൾട്ടിമീറ്റർ, EVP, തെർമോമീറ്റർ, ക്യാമറ-വീഡിയോ റെക്കോർഡറുകൾ മുതലായവയാണ ്‌അവ. ഇനി പരീക്ഷണത്തിലേക്ക് കടക്കാം . സാധാരണ മരണങ്ങളിൽ ഊർജം വേഗത കുറഞ്ഞും ആ ഊർജം മരണ ശേക്ഷം കേന്ദ്രീകരിക്കപ്പെടില്ലെന്നും. മറിച്ച് പെട്ടന്നുള്ള മരണങ്ങളിൽ അതായത് ദുർമരണങ്ങളിൽ ഊർജം ശരീരത്തു നിന്നും പെട്ടന്ന് പുറത്തു പോവുകയും അത് മരണം നടന്ന ചുറ്റുപാടിലുള്ള Electromagnetic ഫീൽഡിൽ കേന്ദ്രീകരിക്കപ്പെടുവെന്നും ആ ഊർജമാണ് ആത്മാവ് എന്നാണ് ചിലർ വാദിക്കുന്നത്. പൊതുവെ അത്തരം പ്രദേശങ്ങളിൽ EMF തോത് ഉയർന്നിരിക്കുമെന്നും പറയപ്പെടുന്നു. ആ വാദത്തിന്റെ അടിസ്ഥാനം പരിശോധിക്കുവാൻ വേണ്ടി ആ വീടിനുള്ളിലെ EMF ഞങ്ങൾ അളന്നു ശരിയായിരുന്നു EMF കൂടുതലായിരുന്നു. പക്ഷെ അതൊരിക്കലും ആത്മാവിന്റെ സാനിധ്യം കൊണ്ടുണ്ടാവുന്ന EMF അല്ല. കാരണം വീടിനോടു ചേർന്നുള്ള റോഡിൽ ഒരു ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. ഒരു പക്ഷെ അതിൽ പ്രവർത്തിക്കുന്ന കറന്റിന്റെ പരിണിത ഫലം കൊണ്ടാവാം EMF ഉയർന്നു കാണപ്പെട്ടത്.ഞാൻ ഇത് ഉറപ്പിച്ചു പറയുവാൻ കാരണം അന്വേഷണത്തിനിടയിൽ കറന്റ് പോയിരുന്നു അപ്പോൾ EMF നില സാധാരണ ഗതിയിലും താഴ്ന്നു വന്നു. ഇലൿട്രിഫൈഡ് ആയ നമ്മുടെയൊക്കെ നാട്ടിലെ ഇലക്ട്രിക്ക് ലൈനിൽ കൂടി പ്രവഹിക്കുന്ന കറന്റ് കാരണവും ഇങ്ങനെ സംഭവിക്കാം. ആത്മാവ്-EMF വാദം ശാസ്ത്രലോകം ഇന്ന് പാടെ തിരസ്കരിക്കുന്ന ഒന്നാണ്.
രണ്ടു രാത്രി അവിടെ തങ്ങിയിട്ടും എന്തുകൊണ്ട് ഞങ്ങളുടെ മുന്നിൽ ആ വെള്ള വസ്ത്രധാരി പ്രത്യക്ഷപ്പെട്ടില്ല!? കേട്ടറിവിൽ വച്ച് മിക്ക പ്രേതങ്ങളും വെള്ള വസ്ത്രമാണ് ധരിക്കുന്നത്. മരണാനന്തരം പ്രേതങ്ങൾക്കായി വല്ല റീടൈൽ വസ്ത്ര വ്യാപാര ശാലകളും ഉണ്ടോയെന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഇതാരെങ്കിലും കെട്ടി ചമച്ചതായിരിക്കാം (ഞങ്ങളുടെ പത്തോളം അന്വേഷണങ്ങളിലെ പ്രേതം മനുഷ്യൻ തന്നെയായിരുന്നു) കാരണം സ്വാർത്ഥ താല്പര്യങ്ങൾക്ക് അന്ധവിശ്വാസങ്ങളെയും പ്രേതങ്ങളെയും കെട്ടിച്ചമച്ചാൽ കേസ് ഇല്ലല്ലോ. അല്ലെങ്കിൽ തന്നെ ഇത്തരം പ്രദേശങ്ങളെ ആളുകൾ നെഗറ്റീവ് മൈന്റോടെയാണ് വീക്ഷിക്കുന്നത്. ഒന്നുകിൽ അവന്റെ ഉള്ളിൽ കിടക്കുന്ന ഭയം അവന്റെ ചിന്തകളിലെ അരൂപികളെ അവനു മുന്നിൽ കാണിക്കുന്നതായിരിക്കാം.
ഇത്തരം പ്രേതാനുഭവങ്ങളെ കുറിച്ച് വിക് റ്റാന്റി എന്ന ബ്രിട്ടീഷ് എൻജിനീയർ നടത്തിയ പരീക്ഷണം ഓർമ വരുന്നു. അദ്ദേഹം ഒരു മെഡിക്കൽ ഉപകരണങ്ങൾ രൂപ കൽപ്പന ചെയ്യുന്ന ഒരു എഞ്ചിനീയർ ആയിരുന്നു. ജോലി സംബന്ധമായി അദ്ദേഹത്തിന് ഒരു മെഡിക്കൽ ലാബിൽ ഒറ്റയ്ക്ക് തങ്ങേണ്ടി വന്നു. ആ ലാബിനു അത്ര നല്ല പേരല്ല! പല പ്രേതകഥകളും ആ ലാബിനെ ചുറ്റിപ്പറ്റി പരക്കുന്നുണ്ടയിരുന്നു. ഇതൊന്നും വിശ്വസിക്കാതെ ജോലിയോട് ആത്മാർത്ഥതയുള്ള റ്റാന്റി ഒരു രാത്രി ലാബിൽ തങ്ങി. ആ രാത്രി അദ്ദേഹത്തിന് പല അസാധാരണ അനുഭവങ്ങളും ഉണ്ടായി. കലശലായ ക്ഷീണം തോന്നുക, അവ്യക്ത രൂപങ്ങൾ മിന്നി മറയുന്നത് കാണുക, ഏതോ രൂപം തന്റെ കണ്മുന്നിൽ വന്നിട്ട് പെട്ടന്ന് മിന്നി മറയുക. എന്നിങ്ങനെ പല അനുഭവങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
പക്ഷെ ഈ അനുഭവങ്ങൾക്ക് മുന്നിൽ അടിയറവ് വയ്ക്കാനുള്ള മനസ്സ് അദ്ദേഹത്തിന് ഇല്ലായിരുന്നു. പിറ്റേ ദിവസം രാത്രിയിലും ഒരു പരീക്ഷണമെന്ന പോലെ ആ ലാബിൽ തങ്ങുവാൻ തീരുമാനിച്ചു.ചോർച്ചയുള്ള ഒരു മെഡിക്കൽ ഗ്യാസ് സിലിണ്ടർ അദ്ദേഹം അവിടുന്ന് കണ്ടെടുത്തു. തനിക്ക് ക്ഷീണം വരുത്തിവച്ചത് ഈ സിലിണ്ടറാണെന്നു അദ്ദേഹത്തിന് മനസിലായി. അപ്പോഴാണ് ലാബിലെ കരകരപ്പ് ശബ്ദം പുറപ്പെടുവിക്കുന്ന ഫാൻ ശ്രദ്ധയിൽപെട്ടത് . തന്റെ എല്ലാ അനുഭവങ്ങളുടെയും മൂലസ്ഥാനം ആ ഫാനാണെന്ന് അദ്ദേഹം മനസിലാക്കി.കാരണം AC ഫാൻ പോലെയുള്ള ഉപകരണങ്ങളിൽ നിന്നും മനുഷ്യ കര്ണങ്ങൾക്ക് കേൾക്കുവാൻ കഴിയാത്ത 16HZ ആവൃതിയിലുള്ള ഇൻഫ്രാസോണിക് എന്ന ശബ്ദ തരംഗങ്ങള് ഉണ്ടാകുന്നുണ്ട്. അവയ്ക്ക് നമ്മുടെ നേത്രഗോളങ്ങളെയും കർണപടങ്ങളെയും സ്വാധീനിക്കാൻ കഴിവുള്ളവയാണ്. അവ നമ്മുടെ നേത്രഗോളങ്ങളിൽ കമ്പനം ചെലുത്തുകയും അത് വഴി അവ്യക്ത രൂപങ്ങൾ കാണുവാൻ സാധിക്കുകയും ചെയ്യുന്നു( ജവാൻ ഓഫ് വെള്ളിമല എന്ന മൂവിയിൽ മമ്മുക്ക കാണുന്നത് പോലെയുള്ള രൂപങ്ങൾ) ഇത്തരം ഇൻഫ്രാസൗണ്ട് ഭൂകമ്പം, സുനാമി, തുടങ്ങി പല പ്രകൃതി ദുരന്തങ്ങളുടെയും മുന്നോടിയായി ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികൾ, നായ, പൂച്ച, പക്ഷികൾ എന്നിങ്ങനെയുള്ള ജീവികൾക്ക് ഇത്തരം തരംഗങ്ങളെ തിരിച്ചറിയുവാനാകും.
ഈ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ രാജസ്ഥാനിലെ ഭാൻഗഡ്‌ ഫോർട്ട് എന്ന പ്രേതകോട്ടയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും. നിരവധിയാളുകൾ അവിടെ പ്രേതത്തെ കണ്ടു എന്നു അഭിപ്രായപ്പെടുന്നു. നിങ്ങൾ ആ കോട്ടയുടെ വാസ്തു ഘടന ശ്രദ്ധിച്ചിട്ടുണ്ടോ. രാത്രിയിൽ അവിടെ അകപ്പെടുന്ന ഒരാളെ ഭയപ്പെടുത്തുന്ന രീതിയിലാണ് ആ കോട്ടയുടെ നിർമാണ രീതി തന്നെ. ചില പുരാതന നിര്മിതികൾക്ക് മനുഷ്യ മനസിനെ വേറൊരു തരത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതാണ്.മാത്രമല്ല നിരവധി ദേശാടന പക്ഷികളുടെയും മൃഗങ്ങളുടെയും താവളമാണ് ആ കോട്ട. രാത്രിയാകുമ്പോൾ അവ ഉണ്ടാക്കുന്ന സ്പൂക്കി സൗണ്ട് മനുഷ്യന് ഭയമുണ്ടാക്കുന്ന രീതിയിലാണ്. അന്തരിച്ച സുപ്രസിദ്ധ പാരനോർമൽ അന്വേഷകനായ ഗൗരവ് തിവാരി അവിടെ ഒരു രാത്രി തങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പ്രേതത്തെയും അവിടെ കാണുവാൻ സാധിച്ചില്ല. അവിടെ പ്രേതമില്ലെന്നു തിവാരി ജി ഉറപ്പിച്ചു പറഞ്ഞതാണ്.
NB: സൂര്യനും ഭൂമിയുമൊക്കെ നാം അനുഭവിച്ചറിയുന്ന പ്രപഞ്ച സത്യങ്ങളാണ്. പ്രേതം പ്രപഞ്ചത്തിലെ സത്യമാണെന്നു വിശ്വസിക്കുന്നെങ്കിൽ എന്തുകൊണ്ട് എല്ലാവര്ക്കും കാണുവാൻ സാധിക്കുന്നില്ല. നാമെന്തിന് പ്രേതം എന്ന സാങ്കൽപ്പിക കഥാപാത്രത്തെ ഭയക്കണം. മനുഷ്യൻ ഭയക്കേണ്ടത് മനുഷ്യനെ മാത്രം മതി. എന്തെങ്കിലും അനുഭവo ഉണ്ടായാൽ കണ്ണടച്ചു പ്രേതമാണെന്നു വിശ്വസിക്കാതെ അതിന്റെ ശാസ്ത്രീയ അടിസ്ഥാനം തേടുക.
വിവരണം: Unni Krishnan(