ഈ സംഭവത്തിന് വലിയ പഴക്കമില്ല, ഇത് നടന്നിട്ട് കൂടിപ്പോയാല്‍ മൂന്നോ നാലോ വര്‍ഷം മാത്രമേ ആയിട്ടൊള്ളൂ.
ഇവിടെ, പള്ളുരുത്തിയില്‍ ഒരു ഓട്ടോക്കാരന്‍ ഉണ്ടായിരുന്നു, പുള്ളിയുടെ പേര് എനിക്ക് അത്ര നിശ്ചയമില്ല. ഒരിക്കല്‍ അയാള്‍ ഇവിടന്ന് താമസം മാറിയപ്പോള്‍, ഏതാനും കിലോമീറ്ററുകള്‍ അപ്പുറത്തുള്ള പാമ്പായിമൂല എന്ന സ്ഥലത്താണ് (ആ ഭാഗത്ത് എവിടെയോ) ഒരു വാടക വീട് കിട്ടിയത്. അയാളും, ഭാര്യയും, കുട്ടികളും (?) അടങ്ങുന്ന ഒരു കൊച്ച് കുടുംബം. ഈ വ്യക്തിയുടെ വരുമാനം മാത്രമാണ് ആ വീട്ടിലേക് ഉള്ളത്.
താമസം മാറി കുറച്ചു നാളുകള്‍ക്ക് ശേഷം അയാളില്‍ ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. പലപ്പോഴും അസഹനീയമായ ചൂട് അനുഭവപ്പെടുന്നതായി പറയുക, ഉച്ചത്തില്‍ സംസാരിക്കുക, ദേഷ്യപ്പെടുക, പോകെ പോകെ അത് വഷളായിക്കൊണ്ടിരുന്നു. മിക്കപ്പോഴും ചൂടെന്ന് പറയുമ്പോള്‍ അടുത്ത് ആരാണോ, അവര്‍ ഓടി വന്ന് ദേഹത്ത് വെള്ളം ഒഴിക്കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ കിണറ്റിലോ, ടാങ്കിലേക്കോ ചാടാന്‍ ശ്രമിക്കും. വണ്ടി ഓടുന്ന സമയത്തും ഈ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ എല്ലാവരും കൂടി അതിന് പരിഹാരം അന്വേഷിക്കാന്‍ തുടങ്ങി, അങ്ങിനെയാണ് അയാളുടെ ദേഹത്ത് ഭാധ കൂടിയതാണെന്ന് (?) മനസ്സിലാവുന്നത്.
അയാള്‍ താമസിക്കുന്ന വീട്ടില്‍, അവരുടെ കിടപ്പ് മുറിയില്‍, ഒരു സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ ഭാധയാണ് അയാളുടെ ദേഹത്ത് കയറിയിരിക്കുന്നതെന്ന് (സ്വാമിയാണോ, ഉസ്താദ് ആണോ, അച്ചനാണോ എന്നൊന്നും അറിയില്ല) കണ്ടെത്തി. കൂട്ടുകാരുടെ അന്വേഷണത്തില്‍ ഈ ആത്മഹത്യ കേസ് സത്യമാണെന്നും മനസ്സിലായി. പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്നോണം അയാളുടെ കയ്യില്‍ ഒരു ചരട് കെട്ടിക്കൊടുത്തു, ആ ചരട് ഉള്ളിടത്തോളം യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും, ചരട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് കൊടുത്ത് പ്രശ്നം അവിടെ സോള്‍വ് ആക്കി.
പിന്നീട് കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അയാള്‍ പഴയ പോലെ ജോലിക്ക് പോകാന്‍ തുടങ്ങി, കുടുമ്പത്തിലെ പ്രശ്നങ്ങള്‍ എല്ലാം പതുക്കെ ഒടുങ്ങി. ആ വീട് അപ്പോഴും അവര്‍ക്ക് മാറാന്‍ സാധിച്ചില്ല, അതിന്‍റെ ഉടമയ്ക്ക് അഡ്വാന്‍സ് കൊടുത്ത തുക കിട്ടാഞ്ഞതാണ് പ്രശ്നമെന്ന് പറയുന്നു, അതല്ല മറ്റൊരു വീട് കിട്ടാഞ്ഞതാണെന്നും കേട്ടു. എന്തായാലും കുറച്ചു നാളുകള്‍ കൂടെ അവരവിടെ താമസിച്ചു.
ഒരു ദിവസം രാവിലെ, അയാളുടെ ഭാര്യ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് നോക്കുമ്പോള്‍ അയാള്‍ കിടക്കയിലില്ല. ബാത്രൂമിലും, പുറത്തും നോക്കി, ആളെ കാണുന്നില്ല. ഭയന്നിട്ട് കിണറ്റിലും നോക്കിയെങ്കിലും അവിടെയും ആള്‍ ഇല്ലായിരുന്നു. ഫോണ്‍ എടുത്തിട്ടാണോ പോയതെന്ന് നോക്കാന്‍ വീണ്ടും അകത്തേക്ക് വന്നപ്പഴാണ് അവര്‍ ആ കാഴ്ച്ച കണ്ടത്, കിടക്കയില്‍ അഴിഞ്ഞു കിടക്കുന്ന അയാളുടെ ചരട്.
ഉടന്‍ തന്നെ ഭാര്യ ഫോണെടുത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു, മിനിട്ടുകള്‍ക്കകം തന്നെ അവര്‍ അന്വേഷിച്ചും ഇറങ്ങി. അധികം വൈകാതെ തന്നെ ആളെക്കുറിച്ച് വിവരം കിട്ടി, അരൂര്‍-ഇടക്കൊച്ചി പാലത്തിന് മുകളില്‍ നിന്ന് ചാടി അയാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ സംഭവം സത്യമാണോ, അല്ലയോ എന്നറിയില്ലെങ്കിലും ഇത് കേട്ടത് മുതല്‍ മനസ്സിന് വല്ലാത്തൊരു വിഷമം. അത്കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അന്വേഷിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല, ഇതൊന്നും പൂര്‍ണ്ണമായും സത്യമല്ലെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.
DISCLAIMER
ഇത് ഞാന്‍ പറഞ്ഞു കേട്ട കഥയാണ്. കഥയായിത്തന്നെ വായിക്കുക. ഇതിന്‍റെ നെല്ലും പതിരും ഒന്നും എനിക്ക് വ്യക്തമായി അറിയില്ലെങ്കിലും ഇതിലെ ആളെ ഞാന്‍ കണ്ടിട്ടുണ്ട്, മരിച്ച വാര്‍ത്തയും അറിഞ്ഞതാണ്.