അര്ജുനന്,ഭീഷ്മർ,കര്‍ണ്ണന്‍,ദുര്യോധനന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ കാരണം, നമ്മള്‍ മന:പ്പൂര്‍വം മറന്നുപോയ അതല്ല എങ്കില്‍ വിട്ടുപോയ ഒരു വ്യക്തിയാണ് ആശ്വധാമാവ്. യുദ്ധാവസാനം ട്വിസ്റ്റുകള്‍ കൊണ്ട് നിറച്ച് , ‘ശ്ശെടാ ഈ ചെറുക്കന്റെ ഒരു കാര്യം’ – എന്ന സ്ഥിതിയിലേക്ക് പാണ്ഡവരെ എത്തിച്ചത് ആശ്വധാമാവായിരുന്നു. ആശ്വധാമാവിനെ കുറിച്ച് പറയണമെങ്കില്‍ , ആദ്യം പുള്ളിയുടെ അച്ഛനെ കുറിച്ച് പറയണം – ദ്രോണര്‍. അറിയാമല്ലോ..!! ആയോധനകലകളില്‍ അഗ്രഗണ്യന്‍. പാണ്ഡവരുടെയും കൌരവരുടെയും ഗുരു.!
യുദ്ധത്തിന്റെ പതിനഞ്ചാം നാള്‍ - പാ...
അല്ല ഒരു മിനിറ്റ്..
അതേ..മഹാഭാരത യുദ്ധം മൊത്തം പതിനെട്ട് ദിവസങ്ങള്‍ ആയിരുന്നു. അതറിയാത്തവര്‍ ഇപ്പൊ അറിഞ്ഞുകൊള്ളൂ.
അപ്പൊ..
യുദ്ധത്തിന്‍റെ പതിനഞ്ചാം നാള്‍ -പാണ്ഡവപ്പട ശക്തമായി തന്നെ മുന്നേറാന്‍ തുടങ്ങി.ദ്രോണരെ പോലെയുള്ള അഗ്രഗണ്യന്മാര്‍ ഉണ്ടായിട്ടും, കൌരവര്‍ തോല്‍വിയിലേക്ക് പോകുന്നു.തന്നെ ചതിക്കുകയാണോ എന്ന ദുര്യോധനന്റെ ചോദ്യം കേട്ട്,അരിശം മൂത്ത ദ്രോണര്‍ 2 കപ്പ് ബൂസ്റ്റ്(പാല് കൂട്ടി,വിത്തൌട്ട്) കുടിച്ചപോലത്തെ പരാക്രമങ്ങള്‍ ആയിര്രുന്നു പിന്നീടങ്ങോട്ട് കാട്ടിക്കൂട്ടിയത്. പാണ്ഡവപ്പടയ്ക്കെതിരെ ബ്രഹ്മാദനന്ദ അസ്ത്രം പ്രയോഗിച്ചു. അര്‍ജുനന് ഈ അസ്ത്രത്തെ പറ്റി വല്യ വിവരം ഒന്നുമില്ലായിരുന്നു. അസ്ത്രം ഇങ്ങു വന്നപ്പോഴാണ് - ’ആഹാ..ഇതാണല്ലേ ആ അസ്ത്രം’ എന്ന് പുള്ളിക്ക് മനസ്സിലായത് തന്നെ. അസ്ത്രം പോയ വഴി നോക്കിയ പാണ്ഡവര്‍ അങ്ങ് ഞെട്ടിപ്പോയി. ഏതാണ്ട് ഇരുപതിനായിരത്തില്‍ പരം പടയാളികള്‍ നിന്ന സ്ഥലത്ത്, ഇപ്പൊ ദാ അവരുടെ കുന്തം മാത്രം.! മൊത്തം പോകയായി. അമ്പും വില്ലും കയ്യിലിരിക്കുന്ന കാലത്തോളം,ദ്രോണരെ പൂട്ടാന്‍ ഇമ്മിണി പുളിക്കും എന്ന് ഭഗവാൻ കൃഷ്ണനും പാണ്ഡവർക്കും ഏതാണ്ട് മനസിലായി.
എന്ത് ചെയ്യും?
കൃഷ്ണന്‍ ആണല്ലോ പൊതുവേ..ഈ ‘പെട്ടു’ എന്ന അവസ്ഥയില്‍ നിന്നും പാണ്ഡവരെ സ്ഥിരമായി ഊരിക്കൊണ്ട് വരുന്നേ.. ഇത്തവനെയും പുള്ളി തന്നെ ഒരു ഐഡിയ ഭീമനോട് പറഞ്ഞു.ഇത് കേട്ടപാടെ ഭീമന്‍ നേരെ ദ്രോണരുടെ അടുത്തു ചെന്നു.
ഭീമന്‍:അതേ..അറിഞ്ഞാ?ഞാന്‍ ആശ്വധാമാവിനെ അങ്ങു തട്ടി..
ദ്രോണര്‍:എന്തോ..എങ്ങനെ..ഒന്‍സ് മോര്‍ പ്ലീസ്..
ഭീമന്‍:അല്ലാ..ഞാന്‍ ഈ ആശ്വധാമാവിനെ...........
ദ്രോണര്‍:പിന്നേ..നീ ആശ്വധമാവിനെ തട്ടി എന്ന്..!! ഒന്ന് പോടെര്‍ക്കാ..കോമഡി പറയാതെ പോയെ പോയെ..ദോ ആ വരയ്ക്കു അപ്പുറത്ത് പോയി യുദ്ധം ചെയ്യ്..പോയെ..!!
അശ്ശെ..
ഭീമന്‍ ചമ്മി ഐസ് ആയിപ്പോയി..
നേരെ പാണ്ഡവരുടെ അടുത്ത് ചെന്നിട്ടു.. അതേ..അറിഞ്ഞാ? പ്ലാന്‍ പൊളിഞ്ഞു.. പുള്ളിക്ക് മനസ്സിലായി ഉടായിപ്പ് ആണെന്ന്.!
അങ്ങനെ പ്ലാന്‍ A പൊളിഞ്ഞു..
പ്ലാന്‍ B – കൃഷ്ണനോടാ കളി..അല്ല പിന്നെ..!
ഭീമൻ അവിടെ വെറുതെ സൈഡില്‍ നിന്ന ഒരാനയുടെ അടുത്തെത്തി..
ഭീമന്‍: ആനേ ആനേ..ഞാന്‍ ആനെയ്ക്കൊരു പേരിടട്ടെ?
ആന:പിന്നെന്താ..ഇട്ടോ ഇട്ടോ..(ആന തലകുലുക്കി)
ഭീമന്‍:ഇന്ന് മുതല്‍ നീ ആശ്വധാമാവ് എന്നറിയപ്പെടും.എങ്ങനുണ്ട്?അടിപൊളി പേരല്ലേ?
ആന: പിന്നേ..സൂപ്പര്‍ (വീണ്ടും തലകുലുക്കി)
ഭീമന്‍ ഗദയെടുത്തു ഒറ്റയടി. ഡിം..ആന ദേ കിടക്കുന്നു..അപ്പൊ ചുരുക്കി പറഞ്ഞാല്‍ ആശ്വധാമാവ് മരിച്ചു. ഈ വാര്‍ത്ത വീണ്ടും ദ്രോണര്‍’ടെ അടുത്തെത്തി. എന്തോ പന്തികേട് തോന്നിയ ദ്രോണര്‍ യുധിഷ്ടിരനോട് ചോദിച്ചു. – ‘ആശ്വധാമാവ് മരിച്ചുവോ?’ യുധിഷ്ടിരന്‍ കള്ളം പറയില്ലല്ലോ..അതുകൊണ്ട് കൃഷ്ണന്‍ പറഞ്ഞ പ്രകാരം – ആശ്വധാമാവ് മരിച്ചു.പക്ഷെ അത് ആനയാണോ മനുഷ്യനാണോ എന്നറിയില്ല.! ഇതില്‍, ആശ്വധാമാവ് മരിച്ചു എന്ന വരി പറഞ്ഞു കഴിഞ്ഞതും,പാണ്ഡവപ്പട ഊത്തും ബഹളവും തുടങ്ങി. അതുകാരണം, ദ്രോണര്‍ക്കു അടുത്ത വരി കേള്‍ക്കാനായില്ല. ഇത് വിശ്വസിച്ച ദ്രോണര്‍,അമ്പും വില്ലും താഴെയിറക്കി തന്‍റെ മകനു വേണ്ടി ധ്യാനിക്കാന്‍ തുടങ്ങി. ഈ തക്കത്തിന് ദൃഷ്ടദ്യുമ്നന്‍ ദ്രോണരെ വധിക്കുകയായിരുന്നു. അച്ഛനെ ചതിച്ചു കൊന്നതറിഞ്ഞ ആശ്വധാമാവ്.. വരുന്നവനെയും പോകുന്നവരെയും എല്ലാം എടുത്തിട്ട് അലക്കാന്‍ തുടങ്ങി..
പതിനെട്ടാം നാള്‍ ഭീമന്‍ ദുര്യോധനനെ തുടയില്‍ അടിച്ചു വീഴ്ത്തി. ഒരു റഫറി ഉണ്ടായിരുന്നെങ്കില്‍, അപ്പൊ തന്നെ ഒരു ചുമന്ന കാര്‍ഡ് അടിച്ചു ഭീമന് കൊടുത്തേനെ.! അടിയേറ്റു കിടക്കുന്ന ദുര്യോധനന്‍ - പഞ്ചപാണ്ഡവരെ കൊല്ലണമെന്ന തന്‍റെ അവസാനത്തെ ആഗ്രഹം ആശ്വധാമാവിനെ അറിയിച്ചു. കൂടെ ഇനി കൃപരും കൃതവര്‍മനും മാത്രം. ബാക്കിയുള്ള കൌരവരൊക്കെ ഭിത്തിയില്‍ കയറി. പാണ്ഡവരെ കൊല്ലാന്‍ മൂവരും അന്ന് രാത്രി തന്നെ കച്ച കെട്ടി ഇറങ്ങി.ഇത് എങ്ങനെയോ മനസിലാക്കിയ ഭഗവാൻ കൃഷ്ണന്‍,പാണ്ഡവരെ അവരുടെ കൂടാരത്തില്‍ നിന്നും നേരത്തെ തന്നെ മാറ്റിയിരുന്നു. ആശ്വധാമാവ് നേരെ ആ കൂടാരത്തില്‍ ചെന്ന് കയറി.അപ്പോഴുണ്ട്,ദേ ഒരാള് കൂള്‍ ആയിട്ട് മൂടി പുതച്ചു കിടന്നുറങ്ങുന്നു..
ആരാ?
നുമ്മ ദൃഷ്ടദ്യുമ്നന്‍.!!
‘ഡാ കള്ള ഹിമാറെ..എന്‍റെ അച്ചനെ ചതിച്ച് കൊന്നിട്ട്..നീ ഇവിടെ സുഖമായിട്ട് കിടന്നുറങ്ങുകയാണ് ഇല്ലേ..ദിപ്പോ ശരിയാക്കി തരാം’ – എന്ന് ആശ്വധാമാവ് ഉറപ്പായിട്ടും ചിന്തിച്ചിട്ടുണ്ടാകും. കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല,പുള്ളിയെ ആദ്യം അങ്ങ് തട്ടി. പിന്നെ..ശിഖണ്ടി,പാണ്ഡവര്‍ എന്ന് കരുതി ഉപപാണ്ടവരെയും വധിച്ചു. ആശ്വധാമാവിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട കുറച്ചു പേര്‍,വടക്കേലെ മതിലും ചാടി ജീവനും കൊണ്ടോടി.പക്ഷെ ‘പണി’ കൃപരുടെയും,കൃതവര്‍മന്റെയും രൂപത്തില്‍ ആ ഗേറ്റ് 'ൻറെ അടുത്ത് തന്നെ കുറ്റിയടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
‘എവടെ പോണു?ഇങ്ങോട്ട് വാടാ മക്കളെ’ –
ചറ പറ ചറ പറ’ന്ന് അമ്പ് എയ്ത് അവര്‍ടെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാക്കി.
ആശ്വധാമാവിനു പിന്നീടാണ് മനസ്സിലായത്,താന്‍ വധിച്ചത് പാണ്ഡവരെയല്ല മറിച്ച് ഉപപാണ്ടവരെ ആണെന്ന്. അതില്‍ പുള്ളിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു. അടിയേറ്റു മരിക്കാന്‍ കിടക്കുന്ന ദുര്യോധനന്റെ അടുക്കല്‍ ചെന്നിട്ടു – ‘ഇതാ നിന്നെ ചതിച്ചു വീഴ്ത്തിയ ഭീമന്റെ തല’ എന്ന് പറഞ്ഞ്, ഉപപാണ്ഡവരിൽ ഒരാളുടെ തല ദുര്യോധനന് കാണിച്ചു കൊടുത്തു. ഇരുട്ടല്ലേ..കാണാന്‍ പറ്റിയിട്ടുണ്ടാകില്ല. ദുര്യോധനന്‍ ആ തലയില്‍ ശക്തിയായി ഒന്നടിച്ചു. മണ്‍കലം പൊട്ടി ചിതറുന്നത് പോലെ അതങ്ങ് ചിതറി.അപ്പൊ തന്നെ ദുര്യോധനന് മനസ്സിലായി,അത് ഭീമന്റെ തലയല്ല എന്ന്. ആശ്വധാമാവിനെ ഒന്ന് ദയനീയമായി നോക്കിയിട്ട്, ദുര്യോധനനും മരിച്ചു.
'എന്‍റെ പോക കണ്ടാലെങ്കിലും..നീ ഉടായിപ്പ് നിറുത്തില്ല അല്ലേ..’ എന്നായിരിക്കണം ആ നോട്ടത്തിന്‍റെ അര്‍ത്ഥം.! തെറ്റിദ്ധരിചിട്ടാനെങ്കിലും,ദുര്യോധനന്‍ സമാധാനത്തോടെ മരിക്കട്ടെ-എന്ന ഉദ്ദേശം മാത്രമേ ആശ്വധാമാവിനു ഉണ്ടായിരുന്നുള്ളു.
തിരിച്ചു വന്ന പാണ്ഡവര്‍ കണ്ടതോ? ചേതനയറ്റ തന്‍റെ മക്കളുടെ മൃതശരീരങ്ങള്‍. എന്ത് വിലകൊടുത്തും ആശ്വധാമാവിനെ കൊല്ലണം എന്നവര്‍ ഉറപ്പിച്ചു.പാണ്ഡവരെ കണ്ടതും ആശ്വതാമാവ് ബ്രഹ്മശിരോസ്ത്രം പ്രയോഗിച്ചു. ഇത് കണ്ടപാടെ അര്‍ജുനനും അതു തന്നെ പ്രയോഗിച്ചു.(പാശുപതാസ്ത്രം എന്നും പറയുന്നുണ്ട്) ഇത് തമ്മില്‍ ഏറ്റുമുട്ടിയാല്‍ ലോകാവസാനം വരെ സംഭവിക്കാം എന്നുള്ളതുകൊണ്ട്, രണ്ട് പേരുടെ അടുത്തും ആ അസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ നാരദരും, വ്യാസ മഹര്‍ഷിയും ആവശ്യപ്പെട്ടു. അര്‍ജുനന്‍ അപ്പൊ തന്നെ കൂള്‍ ആയിട്ട് എയ്ത അസ്ത്രം പിന്‍വലിച്ചു തിരിച്ചു ഉറയിലിട്ടു.
‘ആശ്വധാമാവേ..അസ്ത്രം പിന്‍വലിക്കൂ
ആശ്വ: അയ്യോ അങ്ങനെ പറഞ്ഞൂടാ..
‘അതെന്താ അങ്ങനെ പറഞ്ഞാല്?പിന്‍വലിക്കാന്‍.!!
ആശ്വ: അതെ..ഇനി ഞാന്‍ ഒരു സത്യം പറയട്ടെ..എനിക്ക് ഇത് വിടാനേ അറിയുള്ളു.. തിരിച്ചെടുക്കാന്‍ അറിയില്ല.അച്ഛന്‍ അതെന്നെ പഠിപ്പിച്ചിട്ടില്ല.. ദോ ലവന് മാത്രേ പറഞ്ഞു കൊടുത്തിട്ടുള്ളൂ.(അര്‍ജുനന്)
ഞ്ഞഞ്ഞായി..!
പക്ഷെ അതിന്‍റെ ദിശ മാറ്റിവിടാന്‍ ആശ്വധമാവിനു കഴിയുമായിരുന്നു. ഭീഷ്മരെ..കര്‍ണ്ണനെ.. ദ്രോണരെ.. ദുര്യോധനനെ.. ഇവരെയൊക്കെ ചതിച്ചു വീഴ്ത്തിയത്, പുള്ളിയുടെ മനസിലൂടെ ഒരു ഫ്ലാഷ് ബാക്ക് പോലെ പോയിട്ടുണ്ടാകണം..അത് കൊണ്ടാകണം, അസ്ത്രത്തെ ദിശ മാറ്റി ഗര്‍ഭിണി ആയ ഉത്തരയുടെ (അഭിമന്യു’വിന്‍റെ ഭാര്യ) ഉദരത്തിലേക്കു വിട്ടത്. അതോടു കൂടി പാണ്ഡവ കുലം തന്നെ അവസാനിക്കുമല്ലോ.അങ്ങനെ അവസാനിച്ചൊന്നുമില്ല..അതു വേറെ കാര്യം. ആ കുട്ടിയെ കൃഷ്ണന്‍ പിന്നീടു രക്ഷപ്പെടുത്തുകയായിരുന്നു.പരീക്ഷിത്ത് എന്നായിരുന്നു ആ കുട്ടിയുടെ പേര്.
ഈ ഒരു നീച പ്രവര്‍ത്തി ചെയ്തതിനു, ആശ്വധാമാവിനു കൃഷ്ണന്‍ നല്ല ഉഗ്ര ശാപം തന്നെ നല്‍കി. ഭൂത പ്രേത പിശശുക്കളില്‍ നിന്നും, മൃഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന ഒരു രത്നം ആശ്വധാമാവിന്റെ നെറ്റിയില്‍ ഉണ്ടായിരുന്നു. അതങ്ങ് കൃഷ്ണന്‍ ഊരി വാങ്ങി. യുഗങ്ങളോളം ഗതികിട്ടാതെ അലഞ്ഞു നടക്കുമെന്നും,കലിയുഗ അവസാനം കല്‍ക്കിയെ കാണുമ്പോള്‍ മാത്രമേ മോക്ഷം കിട്ടുകയുള്ളൂ എന്നൊക്കെയായിരുന്നു ശാപം.
ഇപ്പോഴും ഒരു ചിരഞ്ജീവിയായി നമ്മോടൊപ്പം കറങ്ങി നടക്കുന്നു എന്നാണ് വിശ്വാസം. ഒരുപാട് പേര്‍ പുള്ളിയെ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് പറയുന്നു. ഒരമ്പലത്തില്‍ നിത്യേനെ പൂജ ചെയ്യുന്നു എന്ന് തെളിവ് സഹിതം ആള്‍ക്കാര്‍ നിരത്തുന്നു. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നൊന്നും എനിക്കറിയില്ല.
ഇപ്പൊ നിങ്ങള്‍ക്ക് ചിലപ്പോ തോന്നുന്നുണ്ടാകും.. എന്തൊരു ചെയ്താണ് ഈ പാണ്ഡവര്‍ കൌരവരോട് ചെയ്തത് എന്ന്. പക്ഷെ മഹാഭാരതം മൊത്തം നോക്കുകയാണെങ്കില്‍, കൌരവരുടെ ചതി പ്രയോഗങ്ങള്‍ എഴുതാന്‍ നിന്നു കഴിഞ്ഞാല്‍ - ഒരു ചെറിയ ഇരട്ടവര നോട്ട് ബുക്ക് എങ്കിലും വേണ്ടി വരും.. അതിന്‍റെ മുന്നില്‍..ഇതൊക്കെ വെറും ജുജുബി..!!
(ഞാന്‍ മനസിലാക്കിയ,ഓര്‍ക്കുന്ന കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത്. എന്നാൽ പല വെര്‍ഷന്സും ഇതിനുണ്ട്. ഇതില്‍ ഏതാണ് നടന്നത് എന്ന് ചോദിച്ചാല്‍.. എനിക്ക് ഒറ്റ ഉത്തരമേയുള്ളൂ – ഞാന്‍ ജനിച്ചിട്ട് വെറും മുപ്പത് വര്‍ഷമേ ആയിട്ടുള്ളൂ..!)