A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മണികർണ്ണികയിലെ അഘോരി ബാബ!

"രാമ നാമ് സത്യ ഹേ ശ്രീ രാമ് നാമ് സത്യ ഹേ ".... ദഹിപ്പിക്കാനുള്ള ഒരു ശവ ശരീരം പട്ടിൽ പോതിഞ്ഞ് മണികർണ്ണികയിലേക്ക് വരികയാണ്. കാശിയിലേ ശ്മശാനമാണ് മണി കർണ്ണിക, ഗംഗാതീരത്തെ ശവ ഭൂമി. ചത്തതും ജീവിക്കുന്നതുമായ ശരീരങ്ങൾ നിലയ്ക്കാതെ ഒഴുകുന്നു. മണികർണ്ണിക ഒരു ത്രിവേണിയാണ് കത്തിക്കാൻ കൊണ്ടു വരുന്ന ശവങ്ങൾ, അത് കൊണ്ടു വരുന്ന മനുഷ്യർ, അണമുറിയാതെ എത്തുന്ന വിറക്, ഇവ മൂന്നും മണികർണ്ണികയിൽ സംഗമിക്കുന്നു.
ഒരു ശവ യാത്രയ്ക്ക് പുറകേ നടന്നു തുടങ്ങി, മൂക്കിലേക്ക് പനിനീരിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം . ഒരിക്കൽ ആരുടെയോ ആരോക്കെയോ ആയിരുന്ന ഒരു ശരീരം, ഇന്ന് ആരാണെന്നു പോലും അറിയാത്ത ആരോക്കയോ ചേർന്ന്, പട്ടിൽ പോതിഞ്ഞ് പട്ടടയിലേക്ക് എടുക്കുന്നു. ശവം പോതിയുന്നവർക്ക് ബനാറസി മീഠാ പാൻ പൊതിയുന്ന ലാഘവം മാത്രം മുഖത്ത്. മരിച്ചയാളുടെ ബന്ധുക്കളോ കൂടെ വന്നവരോ ആയവർക്ക് കണ്ണിൽ ചെറിയ നനവ്, നെടുവീർപ്പ്! കാശിയിലെ മരണം മോക്ഷം എന്നാണല്ലോ. കാലന്റെ കാലനായ കാലഭൈരവൻ കാശിയിൽ വെച്ച് മരിക്കുന്നവർക്ക് ചെവിയിൽ മഹാതാരക മന്ത്രം ചൊല്ലി കൊടുക്കുമെന്നാണ് കേവല വിശ്വാസത്തിനപ്പുറത്തെ ബോധ്യം.
മണി കർണ്ണികയിൽ ശവങ്ങൾ കത്തിയെരിയുന്ന രൂക്ഷ ഗന്ധം. കത്തിയെരിഞ്ഞ ശരീരങ്ങളെ ഏറ്റു വാങ്ങി ഗംഗയൊഴുകുന്നു. ഏകദേശം നൂറു - നൂറ്റമ്പത് മീറ്റർ അപ്പുറത്ത് മാറിയാണ് ദശാശ്വമേധ ഗാട്ട്. എല്ലാ സായാഹ്നങ്ങളിലും മന്ത്രപൂർവ്വം ഗംഗയ്ക്ക് ആരതിയുഴിന്നിടം. പുക്കളും ദീപങ്ങളും ആദരപുർവ്വം ഗംഗയ്ക് അർപ്പിക്കുന്നു ഇവിടെ. മണികർണ്ണികയിൽ നിന്ന് എരിഞ്ഞ ശവ ശകലങ്ങളും, ഇവിടെ നിന്നു പൂക്കളും ... എല്ലാം ഗംഗയ്ക്ക് ഒരു പോലെ. നിർമമ്മയായി ഗംഗ !
ശ്മശാന ഗാട്ടിലെ പതിവു രീതികൾ നോക്കിയിരുന്നു. ഇത് കാശിയിൽ രണ്ടാമത്തെ വട്ടമാണ് കഴിഞ്ഞ തവണയും കൂടുതൽ സമയം ചിലവഴിച്ചത് ഈ ശമശാനത്തിൽ തന്നെയാണ്. മരണം കാണുന്നത് പോലെ ആത്മീയമായ മറ്റൊരു കാര്യമുണ്ടോ എന്ന് സംശയമാണ്. ജീവിതത്തിന്റെ അർത്ഥം ചികഞ്ഞ് നോക്കാൻ പറ്റിയൊരിടം ശ്മശാനം തന്നെയാണ്. ആരെയും തത്വചിന്തകനാക്കുന്നിടം.
അങ്ങനെയിരിക്കുമ്പോളാണ് കുറച്ച് മാറി ഒരു സാധു ഇരിക്കുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ ഒരു നാഗ സന്യാസിയെ പോലെയുണ്ട്. ഒന്നു പരിചയപ്പെടണമെന്നൊരു മോഹം. പക്ഷെ ഭയക്കണം, ധ്യാനത്തിനൊ അവരുടെ സ്വൈര്യത്തിനൊ നമ്മൾ തടസ്സമായാൽ തീർന്നു! ഒരു മുൻകാല അനുഭവം ഓർമ്മയിലേക്ക് വരുന്നു.
ഒരിക്കൽ രാമേശ്വരത്തു വെച്ച് ഒരു ശൈവ സന്യാസിയുടെ കാലു പിടിക്കാൻ ചെന്നതും, കാലുമടക്കി തൊഴിച്ചതും ഒരുമിച്ചായിരുന്നു. വേദനിച്ചില്ലെങ്കിലും അന്നു ഞാൻ ഭയന്നു പോയി. അതിൽ പിന്നെ ഒരുപാട് നാഗ ബാബമാരെ കാണുകയും അവരുടെ സ്നേഹം ലഭിക്കാനുമിടയായിട്ടുണ്ട്! പക്ഷെ ഒരു സുരക്ഷിത അകലം എപ്പോഴും പാലിക്കാറുണ്ട്. എന്തായാലും പതുക്കെ നടന്നു തുടങ്ങി.
ബാബ കണ്ണടച്ചിരിക്കുകയാണ് ഒരു പത്തു മീറ്റർ മാറി ഞാൻ അദ്ദേഹത്തെ നോക്കി നിന്നു. മേലാസകലം തൂവെള്ള ഭസ്മം. നീട്ടിയ മുടി, താടി, പുരിക മധ്യം ചുളിഞ്ഞിരിക്കുന്നത് ഒരു തൃക്കണ്ണിന്റെ പ്രതീതി ജനിപ്പിക്കുന്നു. വസ്ത്രമായി ഒരു കോണകം ഉണ്ടെന്നു തോന്നുന്നു. മുമ്പിലെരിയുന്ന അഗ്നികുണ്ഡം, ചാണക വറളികൾ അട്ടിയട്ടിയായി തൊട്ടെടുത്ത് സൂക്ഷിച്ചിട്ടുള്ളത് കണ്ടാലറിയാം ബാബ കുറച്ചു നാളായി ഇവിടെ താമസം തുടങ്ങിയിട്ട് എന്ന്. വൃത്തിയായി മണ്ണ് കൊണ്ട് നിലം മെഴുകിയിട്ടുണ്ട്. നിലത്ത് ഒരു തൃശൂലം കുത്തി നിർത്തിയിട്ടുണ്ട്. നന്നായി തിളങ്ങുന്ന ഒരു പിച്ചള കമണ്ഡലം കൂടാതെ ഒരു പ്ലാസ്റ്റിക്ക് ബോട്ടിലും ഒരു തുണി സഞ്ചിയും, തീർന്നു ഭൗതിക സമ്പാദ്യം!
ബാബ കണ്ണു തുറക്കുമോ? അറിയില്ല തുറന്നാൽ നന്നായിരുന്നു എന്ന് കരുതി നിൽപ്പു തുടർന്നു. കാലെന്താണ്ട് കഴച്ചു തുടങ്ങിയപ്പോൾ ബാബ കണ്ണു തുറന്നു. ഒരു ചാണക വറളിയെടുത്തു ( ദൈവമേ എറിയാനാണോ? ) നിലത്തടിച്ചു പൊട്ടിച്ചു രണ്ടു കഷ്ണമാക്കി ഒന്നെടുത്തു തീയിൽ വെച്ചു. പതുക്കെ മുഖമുയർത്തി നെറ്റി ചുളിച്ചു നോക്കി. കണ്ണിലേക്ക് തുളച്ചു കയറുന്ന തീക്ഷ്ണത ആ കണ്ണുകൾക്കുണ്ട്. ആ കൃഷ്ണമണിയുടെ ചലനം 'എന്താ വേണ്ടത്?' എന്നു ചോദിച്ചപ്പോലെ. ഞാൻ പതുക്കെ ഒരു പടി ഇറങ്ങി. അടുത്തേക്ക് വന്നോട്ടെ എന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അൽപ സമയം എന്നെയുഴിഞ്ഞൊന്നു നോക്കിയ ശേഷം അടുത്തേക്ക് വരാൻ തലയാട്ടി. അടുത്തേക്ക് ചെന്നു. ഇരിക്കാൻ തുനിഞ്ഞപ്പോൾ സഞ്ചിയിൽ നിന്ന് ബാബ ഒരു തോർത്തെടുത്ത് വലതു ഭാഗത്തായി വിരിച്ചു തന്നു. അവിടിരുന്നു! എന്തു ചോദിക്കണമെന്നറിയാതെ എന്തോക്കയോ ചിന്തിച്ചു.
ആരാണഘോരികൾ? എന്താണിവരിങ്ങനെ? തുടങ്ങി അനവധി ചോദ്യങ്ങൾ. ആ നിശബ്ദ്ദ നിമിഷങ്ങളിൽ മനസ്സ് മുമ്പ് വായിച്ചും കേട്ടും, ചോദിച്ചും അറിഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് തുടങ്ങി.
ശിവനു അഞ്ച് മുഖങ്ങളുണ്ട്, ഓരോ മുഖവും ഓരൊന്നിനെ പ്രതിനിധാനം ചെയ്യുന്നു. പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന മുഖം സൃഷ്ടിയുടെതാണ് സദ്യോജാതനെന്ന് പേര്. വാമദേവനെന്ന് പേരുള്ള മുഖം സ്ഥിതിയാണ് കൈകാര്യം ചെയ്യുന്നത്, വടക്കോട്ട് തിരിഞ്ഞിരിക്കുന്നു. തെക്കോട്ടുള്ള മുഖമാണ് അഘോരം പുനരുജ്ജീവനമാണ് ഈ മുഖത്തിന്റെ ഉദ്ദേശ്യം. കിഴക്കോട്ടും, വടക്കു കിഴക്കോട്ടുമായി തിരിഞ്ഞിരിക്കുന്ന തത്പുരഷനും ഈശാനനും ദൈവീക കൃപയുടെ മുഖങ്ങളാണ്.
ശിവന്റെ അഘോര മുഖമാണ് അഘോരികളുടെത്. അഘോരം എന്ന വാക്കിനർത്ഥം ഘോരമല്ലാത്തത് എന്നാണ് എന്നാൽ അഘോരികളെ കുറിച്ചു പ്രചരിപ്പിച്ചിട്ടുള്ള നിറം പിടിപ്പിച്ച കഥകൾ ഭയമുള്ളവാക്കുന്നവയാണ്. ശവം തിന്നുന്ന അഘോരി, കാണുന്ന വരെ ഉപദ്രവിക്കുന്ന അഘോരി. ശ്മശാനവാസി അഘോരി അങ്ങനെ എന്തെല്ലാം.
എന്നാൽ പരിചയപ്പെട്ടിട്ടുള്ള അഘോരികളെല്ലാം കുട്ടികളുടെ മനസ്സുള്ളവരായിരുന്നു. അല്ലാത്തവരെ അഘോരി എന്നു വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അഘോരം പഠിപ്പിക്കുന്നതതാണ് നിർമ്മലരാവാൻ.
ലജ്ജ, ഭയം, രാഗം, അറപ്പ്, വെറുപ്പ്, കൊതി, മദം, ആർത്തി എന്നീ ഏടാകൂടത്തിൽ നിന്ന് പുറത്ത് കടക്കാനാണ് അഘോര സാധനകൾ. ശ്മശാനത്തിലെ സാധന ഭയമകറ്റും, കിട്ടിയത് ഭക്ഷിച്ചാൽ കൊതിയകലും, നഗ്നത ലജ്ജയകറ്റും ഇങ്ങനെ ഇവരുടെ എല്ലാ പ്രവർത്തികൾക്കും അവരുടെതായ കാരണങ്ങൾ ഉണ്ട്.
എട്ടു കെട്ടു കെട്ടി ബന്ധിച്ച ഒരു കൊച്ചു കുട്ടിയുണ്ട് നമ്മുടെയൊക്കെ ഉള്ളിൽ, ഈ സമൂഹവും, കുടുംബവും, മതവും, രാഷ്ട്രവും എല്ലാം ചേർന്നു കെട്ടിയ ആ കൊച്ചു കുട്ടിയെ തുറന്നു വിട്ടാൽ അത് സദാശിവനായി എന്ന് അഘോരം പഠിപ്പിക്കുന്നു.
ശിവൻ അഘോരികൾക്ക് പാർവ്വതിയുടെ ഭർത്താവും, ഗണപതി, മുരുകന്മാരുടെ അച്ഛനുമായ പുരാണ കഥാപാത്രമല്ല. ഓരോരുത്തരിലും ഉറങ്ങി കിടക്കുന്ന അനന്ത ശക്തിയുടെ പേരാണ്. അതിനെ ഉണർത്തലാണ് അഘോരം. ശരീരം തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചത്തെയറിയണമെങ്കിൽ ശരീരത്തെ അറിഞ്ഞാൽ മതിയെന്നിവർ പറയുന്നു.
രാശി ചക്രങ്ങൾ നോക്കി പ്രകൃതിയിലെ മാറ്റങ്ങളെ അറിയുന്നയിവർ പന്ത്രണ്ട് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മഹാ കുംഭമേളയെ അതിവിശിഷ്ടമായി കരുതുന്നു. കുംഭമേളയുമായി ബന്ധപ്പെട്ട അമൃത് വീണ പുരാണ കഥയല്ല ഇവരുടെ പ്രമാണം. ഈ പ്രകൃതി തന്നെയാണ് പ്രമാണം, അതിലെ ശക്തിയുടെ വേലിയേറ്റങ്ങളിലാണിവരുടെ ശ്രദ്ധ.
വാരാണാസിയിലെ ബാബാ കിനാരാം സ്ഥൽ അഘോരികളുടെ പ്രമുഖ കേന്ദ്രമാണ്. ശ്മശാനമെന്ന എന്ന ആത്മവിദ്യാലയം ഇവർക്ക് ക്ഷേത്ര തുല്യമാണ്. 51 ശക്തി പീഠങ്ങൾക്ക് അടുത്തുള്ള ശ്മശാനങ്ങളാണെങ്കിൽ അതിവിശിഷ്ടമായി.
ചിന്തകൾ ഇങ്ങനെ പുരോഗമിക്കവേ ബാബ മുരടനക്കി. ആകാംഷാപൂർവ്വം ആ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. എന്തെങ്കിലും പറഞ്ഞാൽ കേൾക്കാം ഒന്നും ചോദിക്കാനില്ല ,എനിക്ക്. ബാബ ചോദിച്ചു "കാശി ഇഷ്ട്ടമായോ"? "ആയി" എന്നു പറഞ്ഞു. "കാശി അങ്ങനെയാണ് ആരെയും ആകർഷിക്കും" ബാബ പറഞ്ഞു തുടങ്ങി. "ആത്മീയയത തേടുന്നവർക്ക് ഭൗതികതയും, ഭൗതികത തേടുന്നവർക്ക് ആത്മീയതയും കൊടുക്കുന്ന വിചിത്ര ഭൂമിയാണിത്" (അതെന്താണങ്ങനെ? സംശയം ഉണ്ടായിട്ടും ചോദിച്ചില്ല ) ബാബ തുടർന്നു "വിശ്വനാഥൻ ഈ ഭൂമിയിലാകെ നിറഞ്ഞിരിക്കുന്നു!"
ഇടയ്ക്കൊന്നു നിർത്തി എന്നെ നോക്കി എന്തെങ്കിലും പറയാനുണ്ടോ എന്ന ഭാവം മുഖത്ത്. ഒന്നും ചോദിക്കാനില്ലായിരുന്നു പ്രത്യേകിച്ച് ആത്മീയത, അതു കൊണ്ട് വളരെ അപക്വമായ ഒരു ചോദ്യം ചോദിച്ചു. "അങ്ങയുടെ പൂർവ്വാശ്രമം ( സന്യസിക്കുന്നതിനു മുമ്പ്) എന്താണ്?" 'നദി മൂലം ഋഷി മൂലം ' ആരായരുതെന്ന് ഭാരതത്തിലൊരു പ്രമാണമുണ്ടെന്ന് പറയും. എന്തു ജിജ്ഞാസയാണ് അത്തരമൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല.
ബാബ എന്നെ തുറിച്ച് നോക്കി, കൈയിലിരുന്ന കവണ കൊണ്ട് കനൽ ശരിയാക്കി. (അരുതാത്ത ചോദ്യത്തിനു പൊളളിക്കാൻ ഉള്ള പുറപ്പാട് വല്ലതും ആണോ ഈശ്വരാ? ) ബാബ കനലിൽ നിന്നും തലയുയർത്താതെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു "വീട് സുൽത്താൻപൂർ ആണ്. സർക്കാർ ജോലിയായിരുന്നു. സന്യസിക്കണമെന്ന് തോന്നി അഖാഡയിൽ ചേർന്നു. രാമചന്ദ്രനാഥ് എന്ന് ദീക്ഷാ നാമം സ്വീകരിച്ചു പിന്നെ ഇവിടെ തന്നെ ". (കൂടുതൽ ചോദിക്കാനനുവദിക്കാത്ത ഭാവമായിരുന്നു അപ്പോൾ മുഖത്ത് ).
ഇതു പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ സാമാന്യം നന്നായി വസ്ത്രം ധരിച്ച ഒരു മദ്ധ്യവയസ്ക്കൻ പടിയിറങ്ങി വന്നു. ഒരു പൊതി തുറന്ന് മധുരമുള്ള രണ്ടു പലഹാരമെടുത്ത് ചെറിയ രണ്ടു പൊതികളാക്കി ബാബയ്ക്ക് സമർപ്പിച്ചു. അതിൽ ഒന്ന് ബാബ എന്റെ നേരെ നീക്കി. ഭക്തിപൂർവ്വം സ്വീകരിച്ചു. മദ്ധ്യവയസ്ക്കൻ നമസ്ക്കരിച്ചെഴുന്നേറ്റു. ബാബ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു കാശിയിലെ ഈ ഗാട്ടെല്ലാം വൃത്തിയായപ്പോൾ സമൂഹത്തിലെ മാന്യൻമാർ ഇവിടെ വന്നു നമസ്ക്കരിക്കുന്നു. എന്നാൽ ഇവിടെ അഴുക്കായി വൃത്തിഹീനമായി കിടന്നപ്പോഴും ഞാനിവിടെ ഇരിക്കാറുണ്ട് അന്ന് നമസ്ക്കരിക്കാറുള്ള പാവങ്ങൾ ഇന്നും വരാറുണ്ട്. ഇതു പറഞ്ഞദ്ദേഹം ആകാശത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു. ചിരിക്കിടയിൽ പറഞ്ഞു വിശ്വനാഥൻ പോലും വൃത്തിയില്ലാത്ത സ്ഥലത്തിരുന്നാൽ ഇത്തരക്കാർ വരില്ല. ബാബ പറഞ്ഞത് ശരി വയ്ക്കാനെന്നോണം രണ്ടു പേർ കാഴ്ചയിൽ തന്നെ അറിയാം ഏഴകളാണെന്ന് പതുക്കെ നടന്നു വന്നു വണങ്ങിയവിടെയിരുന്നു. മുഷിഞ്ഞ വസ്ത്രം എന്നാൽ ഭക്തി ത്രസിക്കുന്ന മുഖങ്ങൾ. ബാബ അവരെ ആശിർവദിച്ചു. ഒരാളൊടെന്തോ പറഞ്ഞു അയാൾ എഴുന്നേറ്റു പിരിഞ്ഞു പോയി. മറ്റെയാൾ ബാബയ്ക്കടുത്തേക്ക് നീങ്ങിയിരുന്നു, അനുവാദം ചോദിച്ച് സഞ്ചിയിൽ നിന്നെന്തോ പുറത്തെടുത്തു. അരണ്ട വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു. ഒരു മണ്ണിന്റെ ചില്ലമാണ്. ബാബ സഞ്ചിയിൽ കൈയിട്ട് പച്ച നിറമുള്ള എന്തോ ചെറിയ ഉണ്ടയിൽ നിന്നൊരു നുള്ള് നുളളിയെടുത്ത് സഹായിക്കു കൊടുത്തു. അയാളത് കുടകമ്പി പോലെ ചെറിയ ഒരു ഇരുമ്പു കമ്പിയിൽ ഉരുട്ടി പിടിപ്പിച്ചു. തീപ്പട്ടി കൊണ്ട് ആ ഉണ്ട കത്തിച്ചു. ധുനിയിൽ നിന്ന് ഈ ആവശ്യത്തിന് തീയെടുത്തില്ല എന്നത് എന്നിൽ കൗതുകമുണർത്തി. കത്തിക്കരിഞ്ഞ ആ ഉണ്ട കൈയിൽ കരുതിയ പുകയില പൊടിയുടെ കൂടെ തിരുമ്മി ചില്ലത്തിൽ കരുതല്ലോടെ നിറച്ച് ബാബയ്ക്കു കൊടുത്തു. കൈ ചുരുട്ടി ഒരു പ്രത്യേക രീതിയിൽ ചില്ലം അതിനിടയ്ക്ക് വെച്ച് വീണ്ടും തീപ്പട്ടി കത്തിച്ച് തീകൊളുത്തി ബാബ ആഞ്ഞാഞ്ഞ് വലിച്ചു. ചില്ലത്തിന്റെ അറ്റത്തെ തീ നീറി കത്തുന്നു. ബാബയുടെ മുക്കിലൂടെ രണ്ടു വെളുത്ത കൊമ്പു പോലെ പുക പുറത്തേക്ക്. ചില്ലം, ബാബ എന്റെ നേർക്ക് നീട്ടി. വലിച്ചു പരിചയമില്ലാത്തതു കൊണ്ട് എന്റെ ശ്രമം പാഴായി. ബാബയും സഹായിയും മാറി മാറി വലിച്ച് അതു തീർത്തു. കഷ്ടി രണ്ടു തവണ വലിക്കാനേ അതുണ്ടായിരുന്നുള്ളൂ എന്നതാണ് കൗതുകകരം. അത്രയ്ക്ക് ആഞ്ഞാണ് ബാബ ഒരോ തവണയും വലിച്ചു തീർത്തത്.
ബാബ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ചോദിച്ചു ''അങ്ങയ്ക്ക് ഭാംഗ് വേണോ..?" "നിങ്ങൾ ഭാംഗ് കഴിക്കുമോ" എന്ന് മറു ചോദ്യം. "ഇല്ല, അങ്ങയെ പോലെ ആരെയെങ്കിലും കണ്ടാൽ തരാം എന്നു കരുതി സർക്കാർ ഭാംഗ് വിൽപ്പന കടയിൽ നിന്ന് വാങ്ങിയതാണ് ". ബാഗു തുറന്ന് ഒരു ഉണ്ട ഭാംഗ് ആദരപൂർവ്വം നീട്ടി. അദ്ദേഹം അതു വാങ്ങി സഞ്ചിയിൽ വെച്ചു. എന്നിട്ടു ഉപദ്ദേശമെന്ന മട്ടിൽ പറഞ്ഞു "യോഗികൾ ഭാംഗ് ഉപയോഗിക്കുന്നത് കണ്ടിട്ട് നിങ്ങൾ ഉപയോഗിക്കരുത്. ഭാംഗും, ചരസ്സും, കഞ്ചാവുമൊക്കെ സാധാരണക്കാരുടെ ആത്മശക്തിയെ തളർത്തും. ഞങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങളുടെതായ കാരണങ്ങൾ ഉണ്ട്. വീര്യത്തെ ഉയർത്താനാണ് ഞങ്ങളുടെ ശ്രമം അതു വഴിയാണ് സിദ്ധികൾ ലഭിക്കുന്നത്. സിദ്ധികൾ ലോകർക്കുപയോഗത്തിനാണ് അല്ലാതെ ഞങ്ങളുടെ സ്വാർത്ഥതയ്ക്കല്ല. പക്ഷെ സാധനയില്ലാത്തവർ അതുപയോഗിച്ചാൽ വീര്യം കെടും, കുടുംബ ജീവിതം താറുമാറാവും. അതു കൊണ്ട് മാറി നടക്കുക. ലഹരി വേണ്ടത് ചെയ്യുന്ന കർമ്മത്തിനൊടാണ്. അതിലും വലിയ ലഹരി ഇല്ല എന്നാണ് ഭൈരവൻ പറയുന്നത് ".
"ഈ അമാവാസി ദിവസം നിങ്ങൾ വന്നത് നന്നായി. എന്റെ സഹോദര സന്യാസികളൊക്കെ കാടുകയറി ശിവരാത്രി സാധനയ്ക്ക്. ഞാൻ മാത്രം പോയില്ല. നിങ്ങളെ കണ്ടത് നന്നായി !" : "ഒറ്റ നിറമുള്ള പയ്യിന്റെ പാലും നെയ്യും ആവശ്യത്തിന് കഴിക്കണം മനസ്സിലായോ?" ഇത്രയും പറഞ്ഞ് ആ സാധു എന്റെ മറുപടി കാക്കാതെ കണ്ണുകളടച്ചു. ആ ശാന്ത ഗംഭീരമായ മുഖത്തേയ്ക്ക് നോക്കി ഞാനിരുന്നു....
ഈ ലളിത ജീവികളെക്കുറിച്ചാണല്ലോ ബീഭത്സകഥകളെല്ലാം ... സ്വാമി രാമ ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം എന്ന പുസ്തകത്തിൽ മാംസം ജിലേബിയാക്കിയ അഘോരിയെ കുറിച്ച് പറയുന്നുണ്ട്. മാംസമോ, മധുരമോ, വിഷമോ അമൃതോ ആകട്ടെ അഘോരികൾക്ക് അതിൽ ഭേദമില്ല. നന്മ- തിന്മകൾ എന്ന ദ്വന്ദ്വങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളില്ല. പ്രകൃതിയൊടു ചേർന്നു കുട്ടികളുടെ നിർമ്മലമായ മനസ്സും ശരീരവുമായി, ആരൊടും പരിഭവമില്ലാതെ സ്ഥായിയായ ഈർഷ്യയില്ലാതെ സമ്പൂർണ്ണ പരിത്യാഗികളായി അഘോരികൾ!.....
PC: Sivan Edamana
Image may contain: 1 person, playing a musical instrument and nightImage may contain: one or more peopleImage may contain: 1 person, sittingImage may contain: one or more people and people sitting
Image may contain: 1 person, night
+2