A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരു മലയാളി കഥ..സൈക്കിളില്‍ ലോകം ചുറ്റിയ കഥ..ഒരു യാത്രാ കഥ...



ഒരു മലയാളി കഥ..സൈക്കിളില്‍ ലോകം ചുറ്റിയ കഥ..ഒരു യാത്രാ കഥ...
കുറച്ചു നീളം കൂടുതലാണ്..പക്ഷെ ഒരു യാത്രീകന് കിട്ടുന്ന അറിവായി കൂട്ടുക...
By: കെ.ആർ. സുനിൽ
ഒരു സൈക്കിള്‍ കഥ...
കൊടുങ്ങല്ലൂരിലെ തെരുവുകളിലൂടെ എൺപതിനോടടുത്ത ഈ വൃദ്ധൻ സൈക്കിളിൽ കടന്നുപോകുന്നത് പലരും കണ്ടിട്ടുണ്ടാവും. സൈക്കിളിനുപിന്നിലെ പെട്ടിയിൽ ചില പുസ്തകങ്ങൾ ഇദ്ദേഹം കരുതിയിട്ടുണ്ട്‌. അതെല്ലാം സഞ്ചാരസാഹിത്യമാണ്. അതിൽ ‘സൈക്കിളിൽ ലോകംചുറ്റിയ കഥ’, ‘ജീവിതയാത്ര’ എന്നീ പുസ്തകങ്ങൾ മുൻമുഖ്യമന്ത്രി സി. അച്യുതമേനോൻ അവതാരിക എഴുതിയതും സുകുമാർ അഴീക്കോട് പ്രകാശനം ചെയ്തവയുമാണ്. ലോകം ചുറ്റിസഞ്ചരിച്ച് ആ പുസ്തകങ്ങൾ എഴുതിയ ആൾ ഈ സൈക്കിൾകാരൻ തന്നെ! അദ്ദേഹം ലോകം ചുറ്റിയത് സൈക്കിളിൽത്തന്നെയും!
അപൂർവസഞ്ചാരിയായ ഇദ്ദേഹത്തിന്റെ പേര് എ.കെ. എ. റഹിമാൻ. ധനതത്ത്വശാസ്ത്രത്തിൽ എം.എ. എടുത്തശേഷം നാട്ടിലും വിദേശത്തുമായി പല ജോലികൾചെയ്ത റഹിമാന് സൈക്കിൾസവാരി തലയ്ക്കുപിടിക്കുന്നത് കെനിയയിൽവെച്ച്‌. അധ്യാപകനായി ജോലികിട്ടാൻ എളുപ്പമാണെന്നുകേട്ട് പോയതായിരുന്നു. തലസ്ഥാനനഗരിയായ ​നെയ്‌റോബിയയിലെ വാടകകുറഞ്ഞ ഒരു ലോഡ്ജിൽ താമസം. അവിടെയുള്ള പല സ്കൂളുകളിലും അക്കാദമിക്‌ വർഷാരംഭത്തിൽ മാത്രമേ ജോലിക്ക് സാധ്യതയുള്ളൂ എന്നറിഞ്ഞത് ചെന്നശേഷമാണ്.
സന്ദർശകവിസയിൽ അവിടെയെത്തി ജോലി തിരക്കിനടന്നാൽ ജയിലിൽ പോകേണ്ടിവരുമെന്ന താക്കീതും ചിലർ വെച്ചുനീട്ടുകയുണ്ടായി. ഒടുവിൽ ഒരു മലയാളി ജോലിചെയ്യുന്നുണ്ടെന്നറിഞ്ഞ സ്കൂളിൽ അവസാനശ്രമമെന്നനിലയിൽ കയറിച്ചെന്ന് തന്റെ ദയനീയാവസ്ഥ അദ്ദേഹത്തോട് വിവരിച്ചു. നിരാശയായിരുന്നു ഫലം.
തിരികെയിറങ്ങി ഗേറ്റിലെത്തിയപ്പോൾ യൂണിഫോംധാരികളായ ചിലർ പിടികൂടി നേരേ ജയിലിലേക്കാണ് കൊണ്ടുപോയത്. ദുർഗന്ധംവമിക്കുന്ന തടവറയിൽ കുറ്റവാളികൾക്കൊപ്പമായി അന്നത്തെ താമസം. അടുത്തദിവസം നല്ലവനായ ഒരു പോലീസ് ഓഫീസറോട് കാര്യങ്ങൾ തുറന്നുപറയാനുള്ള അവസരംകിട്ടി. താൻ ജോലിയന്വേഷിച്ചുചെന്ന സ്കൂൾ അവിടത്തെ പ്രസിഡന്റ് മോയിയുടെ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നുവെന്നും അതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്നും ഓഫീസർ വിശദീകരിച്ചു. എത്രയുംവേഗം സ്വന്തം നാട്ടിലേക്ക് തിരികെപൊയ്‌ക്കൊള്ളാനുള്ള ഉപദേശവും നൽകി അദ്ദേഹം റഹിമാനെ സ്വതന്ത്രനാക്കാനുള്ള കാര്യങ്ങൾ ചെയ്തു. ഒന്നുമില്ലാത്തവനായി നാട്ടിലെത്തിയാലുള്ള ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മുഖഭാവങ്ങൾ ഓർത്തപ്പോൾ കെനിയയിൽത്തന്നെ രണ്ടും കൽപ്പിച്ച് തുടരാനാണ് റഹിമാൻ തീരുമാനിച്ചത്.
സിഖുകാരും ഗുജറാത്തികളും വ്യാപാരരംഗത്ത് ധാരാളമായി അവിടെയുണ്ടെന്ന് അതിനകംതന്നെ അറിഞ്ഞിരുന്നു. സിഖുകാരുടെ പ്രാർഥനാലയമായ ഒരു ഗുരുദ്വാരയിൽ താത്‌കാലികമായി താമസവും ഭക്ഷണവും തരപ്പെട്ടത് ഭാഗ്യമായി. അവിടെ താമസിച്ചുകൊണ്ട് നല്ലൊരു പണിതേടി അലയുമ്പോഴാണ് നെയ്‌റോബിയിലെ ‘സുപ്രീം’ എന്ന പേരിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ എത്തിപ്പെടുന്നത്. ഒരു ഗുജറാത്തിയും ഭാര്യയും വർഷങ്ങളായി നടത്തിവരുന്ന സ്ഥാപനമായിരുന്നു അത്.
ഒരുദിവസം അവിടെയിരുന്ന് ചായകുടിച്ചുകൊണ്ട് പത്രം വായിക്കുമ്പോൾ ഒരു കൗതുകവാർത്ത: സൈക്കിളിൽ ലോകംചുറ്റാനിറങ്ങിയ ആന്ധ്ര സ്വദേശിയായ മോഹൻകുമാർ കെനിയയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സൈക്കിൾ ആരോ മോഷ്ടിച്ചിരിക്കുന്നു! പിറ്റേന്ന്, ആ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ച് തിരികെ പോകാനിറങ്ങവെ ‘കെനിയൻ ടൈംസ്’ എന്ന പത്രം കൈയിൽപ്പിടിച്ച് ഒരാൾ എതിരെ വരുന്നതുകണ്ടു. തലേന്ന്‌ പത്രത്തിൽക്കണ്ട സൈക്കിൾ നഷ്ടപ്പെട്ട സഞ്ചാരി! സൈക്കിളിൽ ലോകംചുറ്റുന്ന മോഹൻകുമാർ!
അതൊരു വഴിത്തിരിവായിരുന്നു. തൊഴിൽതേടിയലഞ്ഞ് അവിടെയെത്തിയ റഹിമാന്, യുവത്വത്തിന്റെ തിളപ്പിൽ ലോകം കാണാനിറങ്ങിയ മോഹൻകുമാർ നല്ലൊരു പ്രചോദനമായി. വളരെപ്പെട്ടെന്ന് അവർ സുഹൃത്തുക്കളായി. ഇടയ്ക്ക് മോഹൻകുമാർ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. തന്റെയൊപ്പം മറ്റൊരു സൈക്കി ളിൽ ലോകസഞ്ചാരിയായി പോരുക! സൈക്കിൾ സഞ്ചാരികൾക്ക് എല്ലാ രാജ്യത്തുമുള്ള ഇന്ത്യക്കാർ സാമ്പത്തികസഹായം നൽകാറുണ്ടെന്നും വിസലഭിക്കാൻ എളുപ്പമാണെന്നും തെളിവുകൾ സഹിതം അദ്ദേഹം പറഞ്ഞു. റഹിമാന് മറിച്ചൊന്നും ആലോചിക്കേണ്ടിവന്നില്ല. ഗുജറാത്ത് വംശജനും അവിടത്തെ റോട്ടറി ക്ലബ്ബിന്റെ സെക്രട്ടറിയുമായ ആമു എന്നയാൾ മുഖേന രണ്ടു സൈക്കിളുകളും തുടർയാത്രക്കുള്ള പണവും കിട്ടി. ആമുതന്നെ ഫ്ളാഗ് ഓഫ് ചെയ്ത ആ യാത്ര തുടങ്ങുകയായിരുന്നു.
ഗ്രാമങ്ങളിൽ പോലും സൈക്കിൾ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച്‌ പറഞ്ഞപ്പോൾ അദ്ദേഹം നിശ്ശബ്ദനായി
നെയ്‌റോബിയയിൽനിന്ന് നക്രു, കുസുമു തുടങ്ങിയ കെനിയൻ സ്ഥലങ്ങളിൽ ചുറ്റിത്തിരിഞ്ഞ് റഹിമാനും മോഹൻകുമാറും നേരേ സൈക്കിൾ വിട്ടത് അയൽരാജ്യമായ ഉഗാണ്ടയിലേക്കാണ്. തലസ്ഥാനനഗരമായ കംപാല, മറ്റൊരു നഗരമായ ജിഞ്ച എന്നിവ സന്ദർശിച്ച് അടുത്തരാജ്യത്തേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴാണ് അതിർത്തിയിൽ ഗറില്ലകളുടെ ആക്രമണമുണ്ടെന്നറിഞ്ഞത്. അങ്ങനെ അയൽരാജ്യങ്ങളായ എത്യോപ്യയും സുഡാനും ഉപേക്ഷിച്ച് വിമാനംവഴി അവർ ഈജിപ്ഷ്യൻ തലസ്ഥാനമായ ​കെയ്‌റോയിൽ എത്തിച്ചേർന്നു. ലണ്ടനിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു അവിടെ ഇറങ്ങിയത്. പക്ഷേ, സൈക്കിളടക്കമുള്ള തങ്ങളുടെ ലഗേജുകൾ അവിടെ ഇറക്കാതെ വിമാനം പോയ്ക്കഴിഞ്ഞിരുന്നു. അധികൃതർക്ക് പരാതികൊടുത്ത് ഊണും ഉറക്കവും വിമാനത്താവളത്തിലാക്കി നഷ്ടമായ മുതലുകൾ കൈയിൽ കിട്ടുന്നതുവരെ അവിടെ രണ്ടാളും കാത്തിരുന്നു.
‘കയ്‌റോ കാണാത്തവർ ലോകംകണ്ടിട്ടില്ല’ എന്ന വരികൾ ആലേഖനംചെയ്ത നിരവധി ബോർഡുകൾ ഈജിപ്തിന്റെ തലസ്ഥാനനഗരിയിലൂടെ കടന്നുപോയപ്പോൾ കാണാനായി. എന്നാൽ, ഈജിപ്ത് സന്ദർശനത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും രണ്ടു യാത്രികർക്കിടയിലും ചില അപസ്വരങ്ങൾ രൂപപ്പെട്ടു. സാഹസികതയ്ക്ക് കൂടുതൽ മാനവും അർഥവും കൈവരുന്നത് ഒറ്റയാനായി യാത്രതുടരുമ്പോഴാണ് എന്ന തിരിച്ചറിവ് ഒരു വഴിപിരിയൽ എന്ന തീരുമാനത്തിന് ആക്കംകൂട്ടി. സൈക്കിൾസഞ്ചാരത്തിലെ ആ ഗുരുവും ശിഷ്യനും കൈകൊടുത്ത് പരസ്പരം ആലിംഗനം ചെയ്തശേഷം രണ്ടിടങ്ങളിലേക്കായി വഴിപിരിഞ്ഞു.
പിന്നെ തനിച്ചായി റഹിമാന്റെ യാത്ര. ഗ്രീസിലും ഇറ്റലിയിലുമൊക്കെ കറങ്ങി. വത്തിക്കാനിൽവെച്ച് തന്റെ മട്ടുപ്പാവിൽനിന്ന് ആളുകളെനോക്കി കൈവീശുന്ന മാർപാപ്പയെ ഒരുവട്ടം നേരിൽക്കണ്ടു. പിന്നെ സ്വിറ്റ്‌സർലൻഡ്. സ്വിറ്റ്‌സർലൻഡിൽ എത്തിയശേഷം ജനീവയിലെ യൂത്ത് ഹോസ്റ്റലിൽ താമസിക്കുന്നതിനിടയ്ക്ക് ഒരു ദുര്യോഗം കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടത്തെ ഡോർമെറ്ററിയിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോൾ തന്റെ ബാഗ് മോഷണംപോയിരിക്കുന്നു! മാനേജരുടെ കൈവശമേൽപ്പിച്ചിരുന്നതിനാൽ പാസ്പോർട്ട് മാത്രം ഭാഗ്യത്തിന് കൈയിൽക്കിട്ടി. ലോകത്തിലെ ഏറ്റവും സുന്ദരവും സമ്പന്നവുമായ നാട്ടിൽവെച്ച് നഷ്ടമായ തന്റെ ബാഗിൽ ഇതുവരെയുള്ള യാത്രയിൽ കണ്ടുമുട്ടിയ പലരും സ്നേഹപൂർവം സമ്മാനിച്ച പലതുമുണ്ടായിരുന്നു. ക്ലബ്ബുകളിലും മറ്റു സംഘടനകളിലും അതിഥിയായിച്ചെന്ന് സംസാരിച്ചതിന് പ്രതിഫലമായി ലഭിച്ച പണം ഡോളറാക്കി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. നഷ്ടത്തെക്കുറിച്ചോർത്ത് തളരാൻ എന്നിട്ടും റഹിമാന് മനസ്സുവന്നില്ല.
കലയുടെ തലസ്ഥാനമായ ഫ്രാൻസിലേക്കായിരുന്നു തുടർന്നുള്ള യാത്ര. ആ രാജ്യത്തുനിന്ന് വിവാഹം കഴിച്ച് അവിടെത്തന്നെ താമസിക്കുന്ന മലയാളിയും പ്രശസ്ത ചിത്രകാരനുമായ പാരിസ് മോഹൻകുമാറിനെ പരിചയപ്പെടാനായത് മറക്കാനാവാത്ത ഓർമയാണ്.
തുടർയാത്രകളെക്കുറിച്ചുള്ള ചിന്തകളിൽ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് ഇംഗ്ലണ്ട് ആയിരുന്നു. എത്രയോകാലം നമ്മെ അടക്കിഭരിച്ചിരുന്ന ആ രാജ്യത്തെ യാത്രയിലൂടെയെങ്കിലും ഒരിക്കൽ കീഴടക്കണമെന്നത് മനസ്സിന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നു. അങ്ങോട്ടേക്ക് ബ്രിട്ടീഷ് ചാനൽ വഴി കപ്പൽസർവീസ് ഉണ്ടെന്നറിഞ്ഞു. ഒരുവിധത്തിൽ അങ്ങോട്ടുള്ള കപ്പലിൽ കയറിക്കൂടി. എന്നാൽ, തന്റെ കൈവശം തുടർയാത്രയ്ക്കുള്ള പണമില്ലെന്ന കാരണത്താൽ കപ്പലിൽനിന്ന് മറുകരയിലിറങ്ങാനുള്ള അനുവാദം കിട്ടിയില്ല. ബാഗും പണവും നഷ്ടമായ കഥ പറഞ്ഞിട്ടുപോലും ഒരു കനിവും അവരിൽനിന്നുമുണ്ടായതുമില്ല. നിരാശനായി തിരികെ പാരിസിൽ എത്തിയശേഷം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ അവർ ഒരു കാര്യം ചെയ്തു: നാട്ടിൽച്ചെന്നാൽ അടുത്തുള്ള പാസ്പോർട്ട് ഓഫീസിൽ പണം തിരികെക്കൊടുക്കണം എന്ന ഉറപ്പിന്മേൽ ഇന്ത്യയിലേക്കുള്ള ടിക്കറ്റെടുത്തുകൊടുത്തു. അങ്ങനെ യാത്രകൾ താത്‌കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്കുള്ള വിമാനം കയറി.
ഉള്ളിലെ ലോകസഞ്ചാരി വീണ്ടും ഇനിയും എത്തിച്ചേരേണ്ട സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
യാത്രയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനാകാത്തവിധം പിരിമുറുക്കംനിറഞ്ഞ ആ നാളുകളിൽ പെട്ടെന്നൊരു ഉൾവിളിതോന്നി: പാകിസ്താനിൽ പോവുക! വലിയൊരു കമ്പനിയുടെ ഒരുപാടുയാത്രകൾ ചെയ്യേണ്ടിവരുന്ന റെപ്രസന്റേറ്റീവിന്റെ ഉത്തരവാദപ്പെട്ട ജോലിയാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഭാര്യയോട് കള്ളംപറഞ്ഞ് ഒരു പാകിസ്താനിയുടെ സ്പോൺസർഷിപ്പിൽ ആ രാജ്യത്തേക്ക് യാത്രതിരിച്ചു.
അക്കാലത്തെ കറാച്ചി ഒരു മിനി ബോംബെ പോലെ ആയിരുന്നു എന്ന് റഹിമാൻ ഓർക്കുന്നു. വിഭജനത്തിന് മുൻപും ശേഷവും കുടിയേറിയ ഒട്ടനവധി മലയാളികളെ ആ നഗരത്തിൽ കണ്ടുമുട്ടി. ചെറുതും വലുതുമായ ഹോട്ടലുകളായിരുന്നു അവരിൽ പലരുടെയും വരുമാനസ്രോതസ്സ്. ഒരിക്കൽ തങ്ങളുടേതായിരുന്ന നാട്ടിൽനിന്ന്‌ അവിടേക്ക് എത്തിച്ചേർന്ന ഒരു മനുഷ്യനോടുള്ള എല്ലാ സ്നേഹവും പരിഗണനയും അവരിൽനിന്ന്‌ ലഭിച്ചു. അവിടെനിന്ന്‌ ഇറാഖിലേക്ക് പോകാൻ ശ്രമംനടത്തിയെങ്കിലും തുർക്കിയിലേക്കാണ് വിസ ലഭിച്ചത്.
ഇസ്താംബൂൾ എന്ന തുറമുഖനഗരത്തിലൂടെയുള്ള യാത്ര പലപ്പോഴും സ്വന്തം നാടായ കൊടുങ്ങല്ലൂരിനെ, പഴയ മുസിരിസിനെ, ഓർമിപ്പിച്ചു. ജോർദാനും ഇറാഖുംപിന്നിട്ട്‌ ഒടുവിൽ സൗദി അറേബ്യയിൽ എത്തിച്ചേർന്നു. ആ രാജ്യത്തിലൂടെയുള്ള യാത്രക്കിടെ മക്കയിൽവെച്ച് ഉംറ എന്ന തീർഥാടനകർമം നിർവഹിക്കാനും ഇടവന്നു.
അവിടെനിന്ന് തുടർയാത്രകൾക്കായുള്ള വിസ ലഭ്യമല്ലാത്തതിനാൽ ഇന്ത്യയിലെത്തി. പിന്നീട് ബംഗ്ലാദേശ്, തായ്‌ലൻഡ്‌, മലേഷ്യ എന്നിവിടങ്ങളിലേക്കും യാത്രചെയ്തു. കൊലാലംപൂരിൽവെച്ച് പരിചയപ്പെട്ട ഒരു തിരൂരുകാരൻ അദ്ദേഹത്തിന്റെ ഹോട്ടലിൽ താമസവും ഭക്ഷണവും തരപ്പെടുത്തിക്കൊടുത്തു. എന്നാൽ, അഞ്ചുദിവസം തുടർച്ചയായി പെയ്ത മഴമൂലം ഹോട്ടലിൽനിന്ന്‌ പുറത്തിറങ്ങാനായില്ല എന്നുമാത്രം. സിംഗപ്പൂർ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിൽക്കൂടി കറങ്ങിയശേഷം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു.
സിഡ്‌നിയിൽ കാലുകുത്തിയശേഷം തലസ്ഥാനനഗരമായ കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇന്ത്യയുടെ ഇന്നത്തെ ഉപരാഷ്ട്രപതിയായ ഹമീദ് അൻസാരി അന്നവിടെ ഹൈക്കമ്മിഷണറായിരുന്നു. അദ്ദേഹവും സഹജീവനക്കാരും സൈക്കിൾസഞ്ചാരിയായ തനിക്ക് സ്വീകരണമൊരുക്കുകയും തുടർയാത്രയ്ക്കുള്ള സഹായങ്ങൾ ചെയ്തുതരികയും ചെയ്ത ഓർമകൾ തിളങ്ങുന്ന കണ്ണുകളോടെ റഹിമാൻ പങ്കുവെച്ചു.
പലപ്പോഴും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചില നല്ലമനുഷ്യർ തന്ന സ്നേഹമായിരുന്നു സത്യത്തിൽ തന്റെ യാത്രകൾക്കുള്ള യഥാർഥ ഇന്ധനമായി മാറിയതെന്ന് ഇദ്ദേഹം തറപ്പിച്ചുപറയുന്നു. അഞ്ചുവർഷം നീണ്ടുനിന്ന തന്റെ ലോകസഞ്ചാരം പിന്നീട് ഫിജി, അമേരിക്ക തുടങ്ങി, ഒരിക്കൽ തന്നെ കാലുകുത്താൻ അനുവദിക്കാതിരുന്ന ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലൂടെയും കടന്നുപോയി. നിരന്തരമായ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന സൈക്കിളിനോട് ഒരാത്മബന്ധം പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകസഞ്ചാരത്തിനിടെ ഓരോയിടങ്ങളിൽനിന്നും ലഭിച്ച പണം ചേർത്തുവെച്ച് കൊടുങ്ങല്ലൂരിൽ പണികഴിപ്പിച്ച ‘യാത്ര’ എന്ന വസതിയിലിരുന്ന് തന്റെ അനുഭവങ്ങൾ റഹിമാൻ ഓർത്തെടുത്തു. വാർധക്യത്തിലൂടെ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഈ സഞ്ചാരിയുടെ ഓർമകൾക്ക് ഇപ്പോഴും നന്നേ ചെറുപ്പം! സംസാരത്തിനിടെ അലമാരയിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ചില രേഖകൾ തുറന്നു കാണിച്ചുതന്നു. കടന്നുപോയ ഓരോ രാജ്യത്തെയും എംബസികളിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകളും
ആ രാജ്യങ്ങളുടെ മുദ്രകൾപതിഞ്ഞ, നിറംമങ്ങിയ നിരവധി പാസ്പോർട്ടുകളും അവിടത്തെ പത്രങ്ങളിൽ തന്നെക്കുറിച്ച് വന്നിട്ടുള്ള വാർത്തകളുമായിരുന്നു അത്. കൂട്ടത്തിൽ അപ്രതീക്ഷിതമായി ഒരു സർട്ടിഫിക്കറ്റ്‌, ​എം.എ. ഇക്കണോമിക്സ്‌ വിജയിയുടെ.
ഏറ്റവുമധികം സൈക്കിൾ യാത്രക്കാരെ കണ്ടുമുട്ടിയ ബംഗ്ലാദേശിനെക്കുറിച്ച് പറയവേ നമ്മുടെ ഗ്രാമങ്ങളിൽനിന്നുപോലും സൈക്കിളുകൾ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചോർത്ത് അദ്ദേഹം ഒരുനിമിഷം നിശ്ശബ്ദനായി. ഇനി ഒരു യാത്രകൂടി ബാക്കിയുണ്ട്, അദ്ദേഹം പറഞ്ഞു: മുപ്പത്തിയെട്ടു വർഷങ്ങൾക്കുമുമ്പ് കെനിയയിലെ തന്റെ ഗതികേടിന്റെ നാളുകളിലൊന്നിൽ ഒരു ദൈവദൂതനെപ്പോലെ കടന്നുവന്ന് തന്നെയൊരു ലോകസഞ്ചാരിയാക്കിമാറ്റിയ, മോഹൻകുമാറിനെ ഒരിക്കൽക്കൂടി കാണണം. ആന്ധ്രയിലെ ഏതെങ്കിലുമൊരിടത്ത് തന്നെപ്പോലെ അദ്ദേഹവും ജീവിച്ചിരിപ്പുണ്ടാകുമെന്ന് റഹിമാന്റെ മനസ്സ് പറയുന്നു.
കടപ്പാട്..ഞാന്‍ അറിയാത്ത ഈ കൂട്ടുകാരന്...
കെ.ആര്‍.സുനില്‍...
അറിവിനു വേണ്ടി അനുവാതമില്ലാതെ പോസ്റ്റുന്നു...ക്ഷമിക്കണം കൂട്ടുകാരാ
കൂടുതല്‍ അറിയുന്നവര്‍ പങ്കു വെക്കുക...