ഇങ്ങനെയും ഒരു റയിൽവേയോ ! എന്നു പറയാൻ വരട്ടെ ഇതൊരു സ്വകാര്യ റയിൽവേ ആണ് , അതും ഒരു ബ്രിട്ടീഷ് കമ്പനിയുടെ. മറ്റൊരിടത്തും അല്ലാ. നമ്മുടെ ഭാരതത്തിൽ ! ഇന്ത്യൻ റയിൽവേ ഇപ്പോഴും ഒന്നേകാൽ കോടിയോളം രൂപ ഈ പാതക്കായി വർഷം തോറും നീക്കി വക്കുന്നു.
ഇതു കേട്ടു നമ്മളിൽ കുറച്ചു പേരെങ്കിലും ഞെട്ടികാണും അല്ലേ. ഒരു സ്വകാര്യ സ്ഥാപനം താത്കാലികമായി റെയിൽപാത നിർമ്മിക്കുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്യുക എന്നത് മഹാരാഷ്ട്രയിലെ അകോല ,അമരാവതി ,വാഷിം ,യവാത്മൽ എന്നീ ജില്ലകളിലുള്ളവർക്ക് ഒരത്ഭുതമല്ലാ. കാരണം 183 കിലോമീറ്റർ ദൈർഖ്യമുള്ള മുർതസപുർ ജംഗ്ഷൻ - യവാത്മൽ നാരോഗേജ് പാത 1903 മുതൽ സെൻട്രൽ പ്രൊവിൻസെസ് റയിൽവേ കമ്പനിയുടെ (CPRC )ഏജന്റ് എന്ന നിലയിൽ 1857 ൽ സ്ഥാപിതമായ കിലീക് നിക്സൺ ആൻഡ് കമ്പനി നടത്തിക്കൊണ്ടു പോരുന്നു.
ബ്രിട്ടീഷ് രാജ് കാലത്തു സ്വകാര്യ സ്ഥാനങ്ങളായിരുന്നു റയിൽവേ നടത്തികൊണ്ടിരുന്നത്. യവത്മാൽ നിന്നും പരുത്തി മുംബയിൽ എത്തിച്ചു അവിടന്നു ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റെർലേക്ക് കപ്പൽ മാർഗ്ഗം കൊണ്ടു പോലായിരുന്നു മുർതസപുർ ജംഗ്ഷൻ - യവാത്മൽ റെയിൽപാതയുടെ പ്രധാന ലക്ഷ്യം.
1951 ൽ ഇന്ത്യൻ റയിൽവേ ദേശസാത്കരണം നടത്തിയപ്പോൾ സെൻട്രൽ പ്രൊവിൻസെസ് റയിൽവേ കമ്പനിയുടെ (CPRC ) ധൗണ്ട് - ബരാമതി , പുൽഗൺ - അർവി , പച്ചോര -ജമ്നാർ , ധാർവാ - പുസാദ് എന്നീ പാതകൾ ഇന്ത്യൻ റയിൽവേയുടെ ഭാഗമായെങ്കിലും ശകുന്തള റയിൽവേ മാത്രം അജ്ഞ്ജാതമായ കാരണങ്ങളാൽ മാറി നില്കപ്പെട്ടു.
അക്കാല ഘട്ടത്തിൽ സെൻട്രൽ പ്രൊവിൻസെസ് റയിൽവേ കമ്പനിയുടെ (CPRC ) യും ഇന്ത്യയിൽ റെയിൽവേ നിർമ്മാണം ആദ്യമായി ആരംഭിച്ച ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ (GIPR) യും തമ്മിലുണ്ടായ ധാരണ ഇന്ത്യൻ റയിൽവേ ആയി മാറിയപ്പോഴും തുടർന്നു. CPRC യുടെ പാതകളിൽ GIPR തങ്ങളുടെ ട്രെയിനുകൾ ഉപയോഗിക്കുകയും വാടകയിനത്തിൽ ഒരുതുക നൽകിയിരുന്നു. തുടർന്നു പരുത്തി മാത്രമല്ല യാത്രക്കാരെയും വഹിച്ചു തുടങ്ങി ശകുന്തള റയിൽവേ.
അറ്റകുറ്റപ്പണികളും പരിപാലനവുമാണ് ഇപ്പോൾ ഇന്ത്യൻ റയിൽവേ സ്വകാര്യസ്ഥാപനത്തിന് പ്രതിഫലമെന്ന നിലയിൽ നൽകുന്നത്. ഇന്നും ഈ പാത ഒട്ടനവധി സാധാരണക്കാരുടെ ജീവ സന്ധാരണത്തിനുതകുന്നു.ട്രെയിൻ യാത്രയുടെ ആറിരട്ടിയോളം മറ്റു ഗതാഗത ചിലവുകൾക്കാകും എന്നതിനാൽ ഗ്രാമവാസികൾക്ക് ഈ പാതയില്ലാത്ത അവസ്ഥ ആലോചിക്കാൻ പോലും സാധിക്കില്ല.
ഇംഗ്ലണ്ടിൽ 1921 ൽ നിർമ്മിച്ച AD ആവി എൻജിൻ നീണ്ട 70 വർഷങ്ങളോളം സർവ്വീസ് നടത്തിയ ശേഷം 1994 ൽ പിൻവലിച്ചു പകരം ഡീസൽ എൻജിൻ ഉപയോഗിച്ചു തുടങ്ങി.ബ്രിട്ടീഷ് രാജ് കാലത്തെ സിഗ്നൽ സംവിധാനങ്ങൾ തന്നെ ഇപ്പോഴും തുടരുന്നു. മിക്ക ഉപകരണങ്ങളിലും 'MADEIN LIVER POOL' പതിച്ചിട്ടുണ്ട്.
194 കിലോമീറ്റർ ദൂരം നാലു മണിക്കൂറിൽ താണ്ടുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പരുത്തിപ്പാടങ്ങളും ആധുനികത എത്തി നോക്കിയിട്ടില്ലാത്ത തനിമയാർന്ന ഉൾനാടൻഗ്രാമങ്ങളും ഈ പാതയെ അളവറ്റ് സ്നേഹിക്കുന്ന ഗ്രാമീണരും തന്നെയാണ്