കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഭൗതിക ശാസ്ത്രത്തിൽ ഏറ്റവുമധികം സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് എന്ന ചോദ്യത്തിന് ഏറ്റവും യുക്തമായ മറുപടിയാണ് ഇ സി ജി സുദർശൻ .
ക്വാന്റം ഭൗതികത്തിന്റെയും(Quantum Physics) ക്വാന്റം ഗണിതത്തിന്റെയും ഏറ്റവും ഉന്നതമായ മേഖലയിലാണ് പ്രൊഫ ഇ സി ജി സുദർശൻ വിഹരിച്ചിരുന്നത് . പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിൽ പെടുന്ന എലെക്ട്രോമാഗ്നെറ്റിക് ശക്തിയെയും (Electromagnetic Force ) ബലം കുറഞ്ഞ ശക്തിയെയും ( Weak Force ) സംയോജിപ്പിച്ച ഇലക്ട്രോ - വീക്ക് തിയറിയുടെ (Electro –Weak Theory ) ഉപജ്ഞാതാകകളിൽ ഒരാളാണ് പ്രൊഫ ഇ സി ജി സുദർശൻ. ഇന്നുവരെ അപ്രാപ്യമായ ഒരു യൂണിഫൈഡ് ഫീൽഡ് തീയറിയിലേക്കുള്ള ( Unified Field Theory ) ഏറ്റവും കരുത്തുറ്റ കാൽവയ്പ്പുകൾ നടത്തിയത് അദ്ദേഹമാണെന്ന് നിസംശയം പറയാം .
കോഹെരെന്റ് വിദ്യുത് കാന്തിക വികിരണത്തെ ( ലേസർ ) നിർവചിക്കുന്ന സിദ്ധാന്തമായ സുദർശൻ -ഗ്ലൗബെർ സിദ്ധാന്തം ( Sudarshan -Glauber representation ) വികസിപ്പിച്ചത് പ്രൊഫ ഇ സി ജി സുദർശൻ ആയിരുന്നു . ഈ സിദ്ധാന്തത്തിന്റെ മുഴുവൻ പിതൃത്വവും ഗ്ളാബെർ ( Roy J. Glauber) കൊണ്ടുപോയതും പിന്നീട് ഗ്ളാബറിന് 2005 ൽ നോബൽ സമ്മാനം നല്കപ്പെട്ടതും നോബൽ സമ്മാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വികൃതവും ഇരുണ്ടതുമായ ഏടുകളിൽ ഒന്നായിരുന്നു .
ഒരു പക്ഷെ പ്രൊഫ ഇ സി ജി സുദർശൻ ഏറ്റവുമധികം അറിയപ്പെടുന്നത് പ്രകാശവേഗതക്കു മുകളിൽ സഞ്ചരിക്കുന്ന ''ടാക്കിയോൺ''(Tachyon ) എന്ന അസ്തിത്വത്തിലേക്കു വെളിച്ചം വീശിയതിലൂടെയാണ് . ടാക്കിയോൺ എന്ന അസ്തിത്വം നമ്മുടെ പ്രപഞ്ച ഘടനയിൽ നിലനിൽപ്പിനു സാധ്യതയുള്ളതാണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും പൂർണമായ ഒരുതരം ലഭിച്ചിട്ടില്ലെങ്കിലും ,പ്രകാശവേഗം എന്നത് വേഗതയുടെ ഉപരി പരിധി (Upper Limit ) അല്ലെന്നും ,പ്രകാശവേഗതക്കും അപ്പുറമുളള വേഗതകൾ ഭൗതിക നിയമങ്ങളെ ലംഖിക്കാതെ തന്നെ സംഭവ്യമാണെന്നുമുള്ള ഒരു തിരുത്തലാണ് ഇ സി ജി സുദർശൻ ഭൗതിക ശാസ്ത്രത്തിനു നൽകിയത് .
അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അനുരൂപമായ ആദരവോ പുരസ്കാരങ്ങളോ ഇന്ത്യയിൽപോലുംപ്രൊഫ ഇ സി ജി സുദർശൻ നു ലഭിച്ചില്ല എന്നുള്ളത് ഒരു ദുഃഖ സത്യമാണ് . പക്ഷെ ഒരു തികഞ്ഞ വേദാന്തിയായിരുന്ന പ്രൊഫ ഇ സി ജി സുദർശൻ അവഗണനകളെ തികഞ്ഞ സമചിത്തതയോടെയാണ് നേരിട്ടത് . നോബൽ സമ്മാനത്തിന് പലപ്പോഴും അവഗണിക്കപ്പെട്ടതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി കിട്ടിയിരുന്നെങ്കിൽ ആ പണം തനിക്ക് ഉപകാരപ്പെട്ടേനെ എന്നാണ് . ഇന്ത്യയെയും ,ഇന്ത്യൻ സംസ്കാരത്തെയും തത്വചിന്തയെയും അഗാധമായി സ്നേഹിച്ചിരുന്ന മഹാമനുഷ്യനാണ് പ്രൊഫ ഇ സി ജി സുദർശൻ. ഒരു പക്ഷെ ക്വാന്റം ഭൗതികത്തി ന്റെ മേഖലയിൽ നൽകിയതിനൊപ്പം പ്രഭാഷണങ്ങളും ,പ്രസംഗങ്ങളും ,ഭാരതീയ തത്വ ചിന്തയെപ്പറ്റിയും പ്രത്യേകിച്ച് വേദാന്ത ചിന്തയെപ്പറ്റിയും അദ്ദേഹം നൽകിയിട്ടുണ്ട്.
--
ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്